കെ.ജി.ജോർജ്ജിന്റെ ഇരകളും ദിലീഷ് പോത്തന്റെ ജോജിയും ഒക്കെയാണ് അപ്പന്റെ മലയാള സിനിമയിലെ മുൻഗാമികൾ. എന്നാൽ അപ്പൻ അവിടുന്നും മുന്നോട്ടു പോകുന്നു. ഏകാഗ്രതയോടെ, കയ്യടക്കത്തോടെ, ഒരു പാട്ടു പോലും ആവശ്യമില്ലാത്തത് കൊണ്ട് ഒരു പാട്ടും പോലും ചേർക്കാതെ. സംവിധായകൻ മജു മലയാള സിനിമക്ക് തന്നെ ഒരു പ്രത്യാശയാണ്.
എഴുത്തുകാരനും, ചലച്ചിത്രനിരൂപകരുടെ രാജ്യാന്തര സംഘടന ഫിപ്രസി അംഗവുമായ പ്രേംചന്ദ് എഴുതുന്നു
പ്ലാസ്റ്റിക് മണ്ണിൽ അലിയില്ല. പ്ലാസ്റ്റിക് റിയലിസം മനസ്സിലും. അപ്പൻ എന്ന സിനിമ മനസ്സിൽ അലിയും.
പ്ലാസ്റ്റിക്കാണ് കമ്പോളത്തിന്റെ ലഹരി. മുഖ്യധാരാ സിനിമാ കാഴ്ചകളുടെയും താരങ്ങളുടെയും ലഹരിയും അതു തന്നെ. പിന്നിട്ട മൂന്ന് പതിറ്റാണ്ടിൽ (ആഗോളവൽക്കരണത്തിന്റെ അടയാളമായ 1991 മുതൽ ) ഓരോ വർഷത്തെയും സിനിമകൾ എടുത്ത് പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും. നമ്മുടെ ഹൈപ്പർ മാർക്കറ്റുകളിൽ പ്ലാസ്റ്റിക്ക് നിറഞ്ഞിരിക്കുന്നു. പ്ലാസ്റ്റിക്ക് അല്ലാത്ത സിനിമകൾ കണ്ടു കിട്ടാൻ തന്നെ പ്രയാസമാണ്. അഭിരുചികളിലെ മാറ്റം പ്ലാസ്റ്റിക്കിനെ ഒരു സംസ്കാരമെന്ന നിലയിൽ വിപണിയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. സ്വാഭാവികമായും സിനിമയെയും ആ സംസ്കാരം വിഴുങ്ങിയിട്ടുണ്ട്.
മലയാളത്തിന്റെ വെള്ളിത്തിരയിൽ പ്ലാസ്റ്റിക് അല്ലാത്തവ കണ്ടു കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. ചിലത് പ്ലാസ്റ്റിക് അല്ല എന്ന് അഭിനയിക്കും. എന്നാൽ അതൊരു നാട്യം മാത്രമാണ്. ഒന്ന് കീറി നോക്കിയാൽ മതി, ചോര വരില്ല. പകരം അധികാരത്തിന്റെ കത്തി അത് പുറത്തെടുക്കും.
അപ്പനാണ് നായകനെങ്കിൽ അമ്മ വേഷം ചെയ്ത പൗളി വിൽസനാണ് സിനിമയിലെ നായിക. അമ്മ സുകുമാരിയുടെയും കെ.പി.എ.സി.ലളിതയുടെയും അഭാവം നികത്തുന്നു പൗളി.
ഇത് ഭാവുകത്വമാറ്റത്തിന്റെ കൂടി പ്രശ്നമാണ്. സിനിമയിൽ മുതൽമുടക്കുന്ന നിർമ്മാതാക്കൾക്കും ഇൻഡസ്ട്രിയിൽ ആധിപത്യം വഹിക്കുന്ന താരങ്ങൾക്കും അതാണിഷ്ടം. അതാണ് സൗകര്യം. ഈടുനില്പിനും ഉപയോഗിക്കാനുള്ള എളുപ്പത്തിനും പ്ലാസ്റ്റിക് സ്വീകാര്യമാവുന്നത് പോലെ. പ്ലാസ്റ്റിക് നിരോധനം എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും വിപണിയിൽ അത് പൂർവ്വാധികം ശക്തമാവുക തന്നെയാണ്. അത് സിനിമയുടെ സർവ്വസൗഭാഗ്യങ്ങളും ഏതാനും പേർക്ക് കടുംവെട്ട് നടത്താൻ പാകത്തിലുള്ള ഒരു അധികാര സംവിധാനമായി ക്രമീകരിക്കുന്നു. അവിടേക്ക് കടക്കുവാനായി കാത്തു നിൽക്കുന്ന ഈയാംപാറ്റകളുടെ നീണ്ട ക്യൂ തന്നെ അതിന്റെ അധികാരമായി പരിണമിക്കുന്നു.
അവിടെയാണ് റബ്ബർ തോട്ടത്തിന്റെയും റബ്ബർ പാലിന്റെയും ഇടയിലെ ജീവിതങ്ങളിലേക്ക് 'അപ്പൻ' പോലൊരു സിനിമ കടന്നുവരുന്നത്. അപരിമേയമായ ആണഹങ്കാരത്തിന്റെ അശ്ലീലം ഇരുട്ടിലാക്കിക്കളഞ്ഞ വീടകങ്ങളിലെ മനുഷ്യബന്ധങ്ങളിലേക്ക് അത് ഉറ്റുനോക്കുന്നു. മനുഷ്യബന്ധങ്ങളുടെ ആഴം ഒരു സൃഷ്ടിക്ക് തൊടാനോ കാട്ടാനോ ആകുന്നു എന്നതാണ് അതിനെ കലാസൃഷ്ടിയാക്കുന്നത്. മജു സംവിധാനം നിർവ്വഹിച്ച 'അപ്പൻ' മനുഷ്യഹൃദയങ്ങളെ സ്പർശിക്കാനുള്ള അതിന്റെ ശേഷി കൊണ്ട് മലയാള സിനിമയിൽ ആധിപത്യം വഹിക്കുന്ന പ്ലാസ്റ്റിക് സംസ്കാരത്തെ മറികടക്കുന്നു. കലാസൃഷ്ടി എന്ന അനുഭവം പ്രസരിപ്പിക്കുന്നു. അതൊരു ചെറിയ കാര്യമല്ല.
2012-ൽ ശ്രീനാഥ് രാജേന്ദ്രൻ മമ്മൂട്ടിയുടെ മകൻ എന്ന നിലയിലല്ലാതെ ദുൽക്കർ സൽമാനെ അവതരിപ്പിച്ച 'സെക്കന്റ് ഷോ' സണ്ണി വെയിനെയും സിനിമയിൽ കൊണ്ടുവന്നു. ദുൽക്കറേക്കാൾ മുകളിലായിരുന്നു സണ്ണി ആ സിനിമയിൽ. എന്നാൽ ദുൽക്കർ പിന്നീട് എത്രയോ മുകളിലേക്ക് പറന്നു. നടനെന്ന നിലയിൽ 2022-ലെ 'ചുപ്പ് ' ദുൽകറിനെ ഒരു ഗുരുദത്ത് സ്പർശമുള്ള നടനായി ഉയർത്തി. ആ വളർച്ചക്ക് മുന്നിൽ വലിയ പ്രതീക്ഷ ഉയർത്തിയ സണ്ണി വെയിൻ തന്നെ തേടിയെത്തിയ സിനിമകളുടെ തിരഞ്ഞെടുപ്പുകളാൽ അദൃശ്യനായി കിടക്കുകയായിരുന്നു. എന്നാൽ, 'അപ്പൻ' ഒരു നടനെന്ന നിലയിൽ സണ്ണി വെയിനെ മലയാള സിനിമയിലേക്ക് തിരിച്ചു കൊണ്ടുവരുന്നു. പ്രസക്തനാക്കുന്നു. നല്ല വേരുള്ള നടനാണ് സണ്ണി എന്ന് കാട്ടിത്തരുന്നു.
സണ്ണിയല്ല അപ്പനിലെ നായകൻ. അലൻസിയറാണ്. ഒരു തിലകൻ മാതൃകക്കപ്പുറത്തേക്ക് തനിക്കു കിട്ടിയ 'പ്രജാപതി'യെ അലൻസിയർ വളർത്തുന്നു. മികച്ച നടനുള്ള ദേശീയ,സംസ്ഥാന പുരസ്കാരങ്ങൾക്ക് വരെ പരിഗണിക്കാവുന്ന ഒരു കഥാപാത്രം.
അപ്പനാണ് നായകനെങ്കിൽ അമ്മ വേഷം ചെയ്ത പൗളി വിൽസനാണ് സിനിമയിലെ നായിക. അമ്മ സുകുമാരിയുടെയും കെ.പി.എ.സി.ലളിതയുടെയും അഭാവം നികത്തുന്നു പൗളി.
'സ്റ്റോക്ക് ഹോം സിൻഡ്രോം' സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം ആഴമേറിയ ചർച്ചക്ക് വിധേയമാകുന്ന കാലമാണ്. കൊടിയ പീഡനങ്ങൾ സഹിച്ചിട്ടും എന്തുകൊണ്ട് മനുഷ്യർ അതേ അവസ്ഥയിൽ തന്നെ അടിമയായി തുടരുന്നു എന്ന ചോദ്യം ഏത് സ്ഥാപനത്തിനകത്തും (സിനിമയിലും-നിയമപരമായ ബാധ്യതയായിരുന്നിട്ടു പോലും ഒരു പരാതി പരിഹാര സമിതി പോലുമില്ലാത്ത സിനിമയിൽ വന്ന് എന്തിന് പീഡനങ്ങൾ സഹിക്കണം, പൊയ്ക്കൂടേ എന്ന ചോദ്യം) ഇന്ന് പ്രസക്തമാണ്. 'മർദ്ദനവും അപമാനവും സഹിച്ച് എന്തിന് തുടരുന്നു, ഇറങ്ങിപ്പൊയ്ക്കൂടായിരുന്നോ' എന്ന ചോദ്യം അപ്പന്റെ ആട്ടും തുപ്പും കൊണ്ടു ജീവിക്കുന്ന ഓരോ സ്ത്രീയും നേരിടുന്നുണ്ട്. അതിന്റെ മറുപടി പൗളി വിൽസൻ ഒരു ഭാവത്തിലൂടെ ആവിഷ്ക്കരിക്കുന്നുണ്ട് സിനിമയിൽ.
ചുരുളിയിലെ കാട് ഒരു രൂപകമാണെങ്കിൽ അപ്പനിലെ റബ്ബർ തോട്ടവും ഒരു രൂപകമാണ്. അധികാരത്തിന്റെ രൂപകം. അവിടുത്തെ പ്രജാപതിയാണ് ഇട്ടി എന്ന അപ്പൻ. വീണു കിടക്കുമ്പോഴും ആണത്തത്തിന്റെ അശ്ലീലം പ്രസരിപ്പിക്കുന്ന എല്ലാ നീചത്വങ്ങളുടെയും മൂർത്തി.
പ്രേംചന്ദ്
മലയാളസിനിമ കണ്ട ഏറ്റവും ഉജ്ജ്വലമായ അഭിനയ മുഹൂർത്തങ്ങളിൽ ഒന്നാണത്. ആ ഒറ്റ രംഗത്തിന്റെ മികവിൽ മാത്രം ആ നടി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അർഹിക്കുന്നു. അത്രമേൽ ആഴമേറിയ ഒരു വ്യാഖ്യാനമാണ് സ്വന്തം അഭിനയ പ്രകടനത്തിലൂടെ പൗളി വിൽസൻ പുറത്തെടുത്തത്. മലയാളസിനിമയുടെ അഭിമാനമാണ് ആ നടി ഇന്ന്. (അതിന് തക്ക പ്രതിഫലം അവർക്ക് കിട്ടുന്നുണ്ടോ എന്നറിയില്ല. ഉണ്ടാവാൻ ഇടയില്ല. അവസാന സിനിമയിൽ പോലും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വരെ കിട്ടിയ, 50 വർഷത്തിലേറെ നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ച ശാന്താദേവിയുടെ ജീവിതം നമുക്കറിയാം) പിന്നെ ഗ്രേസ് ആന്റണി, അനന്യ, വിജിലേഷ് കാരയാട്, രാധിക രാധാകൃഷ്ണൻ, അനിൽ കെ.ശിവറാം, ഉണ്ണിരാജ, ഗീതി സംഗീത..കൊച്ചു കഥാപാത്രങ്ങൾ പോലും മിഴിവോടെ നിൽക്കുന്നു.
കെ.ജി.ജോർജ്ജിന്റെ ഇരകളും ദിലീഷ് പോത്തന്റെ ജോജിയും ഒക്കെയാണ് അപ്പന്റെ മലയാള സിനിമയിലെ മുൻഗാമികൾ. എന്നാൽ അപ്പൻ അവിടുന്നും മുന്നോട്ടു പോകുന്നു. ഏകാഗ്രതയോടെ, കയ്യടക്കത്തോടെ, ഒരു പാട്ടു പോലും ആവശ്യമില്ലാത്തത് കൊണ്ട് ഒരു പാട്ടും പോലും ചേർക്കാതെ. സംവിധായകൻ മജു മലയാള സിനിമക്ക് തന്നെ ഒരു പ്രത്യാശയാണ്. മജുവിനൊപ്പം തിരക്കഥ രചിച്ച ആർ. ജയകുമാറും. ചുരുളിയിലെ കാട് ഒരു രൂപകമാണെങ്കിൽ അപ്പനിലെ റബ്ബർ തോട്ടവും ഒരു രൂപകമാണ്. അധികാരത്തിന്റെ രൂപകം. അവിടുത്തെ പ്രജാപതിയാണ് ഇട്ടി എന്ന അപ്പൻ. വീണു കിടക്കുമ്പോഴും ആണത്തത്തിന്റെ അശ്ലീലം പ്രസരിപ്പിക്കുന്ന എല്ലാ നീചത്വങ്ങളുടെയും മൂർത്തി. ആ ദുരധികാരത്തിന് കീഴിൽ നിന്ന് ഓടിപ്പോകാനാകാതെ പെട്ടു കിടന്ന് ഉഴന്ന പ്രജകളാണ് സിനിമയിലെ പ്രജകൾ. ഒരു പൊളിറ്റിക്കൽ ത്രില്ലറായും വായിക്കാവുന്ന ഒരബോധഘടന ഈ സിനിമക്ക് വന്നുചേരുന്നുണ്ട്.
'നഗരത്തിൽ ഒരനീതിയുണ്ടായാൽ സന്ധ്യ മയങ്ങും മുമ്പ് അവിടെയൊരു കലാപമുണ്ടാകണം. അല്ലെങ്കിൽ ആ നഗരം കത്തിച്ചാമ്പലാവുന്നതാണ് നല്ലത്' എന്ന് പാടി മഹാകവി ബ്രെഹ്ത്. അപ്പനിൽ നിതാന്തമായി ഒരന്യായം ചൂഴ്ന്നു നിന്നു. അതിനെതിരെ കലാപം നടന്നു. അതാണ് അപ്പനെ വേറിട്ടു നടത്തുന്ന രാഷ്ട്രീയം.
(സോണി ലൈവിലാണ് സിനിമ) . സഹൃദയർ ഈ സിനിമ കാണേണ്ടതുണ്ട്. അതുകൊണ്ട് കൂടുതൽ കഥാസൂചനകൾ ഈ വായനയിൽ നിന്ന് ഒഴിവാക്കുന്നു. സംഘടനകളുടെ പിടിവാശികൾ ഇല്ലായിരുന്നെങ്കിൽ തിയേറ്ററിലും ഒ.ടി.ടി.യിലും ഒരുപോലെ എത്തുകയും വ്യത്യസ്ത തരം പ്രേക്ഷകർക്ക് വ്യത്യസ്ത കാഴ്ചാനുഭവം പകരുകയും ചെയ്യുമായിരുന്ന സിനിമയാണ് അപ്പൻ. അത് ഒ.ടി.ടി.യിൽ മാത്രമായി റിലീസ് ചെയ്തത് കാണികളുടെ നഷ്ടം. തിയറ്ററിൽ വിജയമാകേണ്ടിയിരുന്ന ഒരു സിനിമയാണ് അപ്പൻ.