സമരത്തിനെതിരെ സര്‍ക്കാരും അദാനിയും തമ്മില്‍ ധാരണ ഉണ്ടാക്കിയിരുന്നോ?, വിഴിഞ്ഞത്ത് സി.പി.എം -ബി.ജെ.പി കൂട്ടുകെട്ട് : വി.ഡി.സതീശൻ

v d satheesan 

v d satheesan 

Published on
Summary

വിഴിഞ്ഞം സമരത്തിൽ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയില്‍ നടത്തിയ പ്രസംഗം

വിഴിഞ്ഞവുമായി ബന്ധപ്പെട്ട പ്രശ്‌നം മൂന്നാം തവണയാണ് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരുന്നത്. നിയമസഭയില്‍ പ്രതിപക്ഷം ഏറ്റവും കൂടുതല്‍ അവതരിപ്പിച്ചിട്ടുള്ളത് തീരപ്രദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളാണെന്നത് അഭിമാനകരമാണ്. ആദിവാസികളെ പോലെ ദുരിതവും കഷ്ടപ്പാടും അനുഭവിക്കുന്നൊരു ജനതയാണ് മത്സ്യത്തൊഴിലാളികള്‍. തീരപ്രദേശങ്ങളിലെല്ലാം പട്ടിണിയാണ്. തീശോഷണവും അതേത്തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെടുന്നതും മത്സ്യലഭ്യതയുടെ കുറവും മണ്ണെണ്ണയുടെ വിലക്കയറ്റവും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട്. മത്സ്യബന്ധന ദിനങ്ങളുടെ എണ്ണത്തില്‍ 46 ശതമാനം കുറവുണ്ടായിരിക്കുകയാണ്. കടലില്‍ പോയില്ലെങ്കില്‍ പട്ടിണിയാകുന്ന അവസ്ഥയാണ്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് വേണം സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ സമരത്തെ സമീപിക്കേണ്ടത്.

മറ്റ് സമരങ്ങളെ നേരിടുന്ന ലാഘവത്തോടെയല്ല മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെ നേരിടേണ്ടത്. പ്രളയകാലത്ത് രക്ഷപ്രവര്‍ത്തനവുമായി ഇറങ്ങിയവരാണ് മത്സ്യത്തൊഴിലാളികള്‍. സമരം തുടങ്ങുന്നതിന് മുന്‍പേ വിഴിഞ്ഞത്തെ പ്രശ്‌നങ്ങള്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. അടിയന്തിര പ്രമേയം അവതരിപ്പിച്ച എം. വിന്‍സെന്റ് കരയുകയാണോയെന്നാണ് ചിലര്‍ ചോദിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ കരഞ്ഞു. സിമെന്റ് ഗോഡൗണില്‍ പോയി കണ്ട കാഴ്ചകള്‍ ഈ നിയമസഭയില്‍ ഞാന്‍ അവതരിപ്പിച്ചതാണ്. രണ്ടാഴ്ചക്കാലം മുന്‍പ് പ്രസവിച്ച കുഞ്ഞ് ഈച്ച പൊതിഞ്ഞ അവസ്ഥയിലായിരുന്നു. ഒരുമാതിരി മനസാക്ഷിയുള്ള ആരും കരഞ്ഞു പോകും. അതുകൊണ്ടാണ് അവരെ പുനരധിവസിപ്പിക്കണമെന്ന് കൈകൂപ്പിക്കൊണ്ട് അന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്.

സമരത്തെ തകര്‍ക്കാന്‍ സി.പി.എം ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുവരെയുണ്ടാക്കി. മന്ത്രിക്കെതിരായ വൈദികന്റെ വര്‍ഗീയ പരാമര്‍ശം വന്നപ്പോള്‍ ശക്തമായി എതിര്‍ത്തത് പ്രതിപക്ഷമാണ്. ദേശാഭിമാനി മാത്രം വായിക്കുന്നത് കൊണ്ടാണ് സി.പി.എമ്മുകാര്‍ ഇതൊന്നും അറിയാത്തത്. ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ പറയേണ്ടത് പറയുന്നതാണ് പ്രതിപക്ഷ നിലപാട്. അല്ലാതെ ആളിക്കത്തിക്കാന്‍ ശ്രമിക്കില്ല. വൈദികന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും അത് ആളിക്കത്തിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കരുത്.

വി.ഡി.സതീശൻ

തുറമുഖ പദ്ധതിയെ തുടര്‍ന്ന് ഭാവിയില്‍ ഉണ്ടായേക്കാവുന്ന തീരശോഷണം ബാധിക്കപ്പെടുന്നവരുടെ പുനരധിവാസത്തിനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഇതിനായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 475 കോടി രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. ഇതില്‍ 350 കോടി രൂപയും പുനരധിവാസത്തിന് വേണ്ടിയാണ് മാറ്റി വച്ചുകൊണ്ടാണ് ഉത്തരവിറക്കിയത്. എന്നാല്‍ തുടര്‍ന്ന് അധികാരത്തിലെത്തിയ സര്‍ക്കാര്‍ അത് നടപ്പാക്കാന്‍ തയാറായില്ല.

സൈന്യത്തെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് അദാനി ഹൈക്കോടതിയെ സമീപിക്കുന്നതിന് നാല് ദിവസം മുന്‍പാണ് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പിനും സഹായമെത്രാനും എതിരെ കേസെടുത്തത്. അതിനെതിരായ പ്രതിഷേധമാണ് വിഴിഞ്ഞത്തുണ്ടായത്. നാല് പള്ളിക്കമ്മിറ്റിക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തതും സമരക്കാരെ മനപൂര്‍വം സംഘര്‍ഷത്തിലേക്ക് തള്ളിവിടാനായിരുന്നു. അദാനി സൈന്യത്തെ വിളിക്കണമെന്ന് കോടതിയില്‍ പറഞ്ഞപ്പോഴും ഞങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. കേസ് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ ഞങ്ങള്‍ അതിനുള്ള അന്തരീക്ഷം ഉണ്ടാക്കിത്തരാമെന്ന ധാരണ സര്‍ക്കാരും അദാനിയും തമ്മില്‍ ഉണ്ടാക്കിയിരുന്നോ? ആ ധാരണയുടെ അടിസ്ഥാനത്തിലാണോ കേസും അറസ്റ്റും ഉള്‍പ്പെടെയുള്ളവ ഉണ്ടായത്. മന്ത്രിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള 9 പേര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന വാര്‍ത്ത നല്‍കിയത് സി.പി.എം മുഖപത്രമാണ്. ഇവരില്‍ എത്ര പേര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വേണ്ടി പ്രചരണം നടത്തിയിട്ടുണ്ടെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.

സമരത്തെ തകര്‍ക്കാന്‍ സി.പി.എം ബി.ജെ.പിയുമായി അവിശുദ്ധ കൂട്ടുകെട്ടുവരെയുണ്ടാക്കി. മന്ത്രിക്കെതിരായ വൈദികന്റെ വര്‍ഗീയ പരാമര്‍ശം വന്നപ്പോള്‍ ശക്തമായി എതിര്‍ത്തത് പ്രതിപക്ഷമാണ്. ദേശാഭിമാനി മാത്രം വായിക്കുന്നത് കൊണ്ടാണ് സി.പി.എമ്മുകാര്‍ ഇതൊന്നും അറിയാത്തത്. ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ പറയേണ്ടത് പറയുന്നതാണ് പ്രതിപക്ഷ നിലപാട്. അല്ലാതെ ആളിക്കത്തിക്കാന്‍ ശ്രമിക്കില്ല. വൈദികന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും അത് ആളിക്കത്തിച്ച് വര്‍ഗീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കരുത്.

വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നപ്പോള്‍ കടലിന് കണ്ണീരിന്റെ ഉപ്പെന്നും കടല്‍ക്കൊള്ളയെന്നുമാണ് പാര്‍ട്ടി പത്രം പറഞ്ഞത്. 6000 കോടിയുടെ അഴിമതിയെന്നായിരുന്നു ആരോപണം. സര്‍ക്കാര്‍ സ്ഥലം നല്‍കാതെ ഇന്ത്യയില്‍ എവിടെയെങ്കിലും തുറമുഖം വന്നിട്ടുണ്ടോ? സമരക്കാരുമായി ചര്‍ച്ച നടത്തിയ മന്ത്രിമാര്‍ക്ക് സമരം അവസാനിപ്പിക്കാനുള്ള മാന്‍ഡേറ്റ് മുഖ്യമന്ത്രി നല്‍കിയിരുന്നോ? പണ്ട് ശൈലജ ടീച്ചര്‍ സ്വാശ്രയ കോളജുകളുമായി ചര്‍ച്ച നടത്തി എല്ലാ തീര്‍ന്നെന്ന് പറഞ്ഞിരുന്നു. പിന്നാലെ എവിടെ തീര്‍ന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

സിമെന്റ് ഗോഡൗണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നും മത്സത്തൊഴിലാളികളെ പുനരധിവസിപ്പിക്കുകയെന്നതാണ് ഏറ്റവും പ്രധാന ആവശ്യം. ആദ്യം അവരെ വാടക വീടുകളിലേക്ക് മാറ്റി സ്ഥിരമായി പാര്‍പ്പിക്കാനുള്ള സ്ഥലം കണ്ടെത്തണം. വികസനത്തിന്റെ ഇരകളായവരെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അത് ഏറ്റെടുക്കണം. മണ്ണെണ്ണയ്ക്ക് 46 രൂപ ഉണ്ടായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 25 രൂപ സബ്‌സിഡി നല്‍കിയിരുന്നു. ഇന്ന് 130 രൂപയായിട്ടും സബ്‌സിഡി വര്‍ധിപ്പിക്കാന്‍ തയാറായിട്ടില്ല. തീരശോഷണത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിന് തയാറായില്ല. അവര്‍ നിര്‍ദ്ദേശിക്കുന്ന രണ്ട് ശാസ്ത്രജ്ഞരെ നിയോഗിക്കണമെന്നാണ് സമര സമിതി ആവശ്യപ്പെടുന്നത്. അക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് തടസമാണുള്ളത്? ആ വിഷയങ്ങള്‍ തീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണം. 140 ദിവസമായി സംഘര്‍ഷഭരിതമായ സമരം നടന്നിട്ടും സമരക്കാരുമായി ചര്‍ച്ച ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തിരുത്തണം. സമരം എത്രയും വേഗം തീരണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ പ്രതിപക്ഷം. അല്ലാതെ സംഘര്‍ഷത്തില്‍ നിന്നും ചോര കുടിക്കണമെന്ന് ആഗ്രഹിക്കുന്നവരല്ല. പുനരധിവാസത്തിന് വേണ്ടി സമരം ചെയ്യുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമാണ് യു.ഡി.എഫ്. ജീവന്‍ കൊടുത്തും അവരെ പിന്തുണയ്ക്കുകയും ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യും. സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തോട് യു.ഡി.എഫിന് യോജിപ്പില്ലെന്ന് സമര സമിതിയെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി പരിശ്രമിക്കണമെന്നാണ് പ്രതിപക്ഷത്തിന് ആവശ്യപ്പെടാനുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in