ഉത്തര കൊറിയയിലൊക്കെ സംഭവിക്കുന്നത് പോലുള്ള കാര്യങ്ങളാണ് നമ്മുടെ രാജ്യത്തും നടക്കുന്നത്. ജനാധിപത്യത്തിന് തുരങ്കം വെക്കുന്നതിനായുള്ള പ്രക്രിയകളുടെ ഭാഗമായാണ് ഞാന്‍ ഇതിനെ കാണുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഈ നടപടി ഞെട്ടിപ്പിക്കുന്നു. സാധാരണഗതിയില്‍ ഒരു വാര്‍ത്താ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുന്നത് പോലുള്ള കടുത്ത നടപടികള്‍ക്ക് മുന്നേ സാവകാശം നല്‍കുക എന്നൊരു മര്യാദയുണ്ട്. ഷോ കോസ് നോട്ടീസ് നല്‍കുക പോലുള്ള നടപടിക്രമങ്ങളൊക്കെ കാണില്ലേ. എന്നാല്‍
മീഡിയവണിനെതിരായ ഇപ്പോഴത്തെ നീക്കം തികച്ചും അവ്യക്തവും തിടുക്കത്തിലുള്ളതുമാണ്.
ഒരു ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്ത ഉള്ളടക്കത്തെ ചൊല്ലി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഇത്ര മണിക്കൂറിലേക്ക് സംപ്രേഷണം വിലക്കുന്നത് പോലുള്ള നടപടിയുണ്ടാകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അതൊക്കെ നേരത്തെ മുന്നറിയിപ്പ് നല്‍കി ആ ചാനലിന് കാഴ്ചക്കാരെ അറിയിക്കാനുള്ള സമയം നല്‍കിയാണ് നടക്കാറുള്ളത്.
ഇവിടെ ഒരു വാര്‍ത്താ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കുമ്പോള്‍ അത് എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ആര്‍ക്കും തന്നെ അറിവില്ല. ഓരോ ഊഹാപോഹങ്ങളാണ് ഇതേച്ചൊല്ലി ഉയരുന്നത്. അങ്ങനെ അല്ലല്ലോ സംഭവിക്കേണ്ടത്. കുറേക്കൂടി സുതാര്യമായല്ലേ ഇത്തരം നടപടികള്‍ ഉണ്ടാവേണ്ടത്. പത്ത് വര്‍ഷം മുമ്പ് ഇത്തരമൊരു കാര്യം നടക്കുന്നത് ഇന്ത്യയില്‍ നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും പറ്റുമായിരുന്നോ?.
ഈ ഘട്ടത്തില്‍ മീഡിയവണിന് മറ്റ് മാധ്യമ സ്ഥാപനങ്ങള്‍ പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. എല്ലാവരും ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. ഇതൊരു മാധ്യമ സ്ഥാപനത്തിന്റെ മാത്രം പ്രശ്‌നമല്ലല്ലോ. ജനങ്ങള്‍ക്കും അറിയാനുള്ള അവകാശമുണ്ട്. എന്തുകൊണ്ട് അവര്‍ ഇതുവരെ കണ്ടു കൊണ്ടിരുന്ന ഒരു മാധ്യമം പെട്ടെന്ന് സംപ്രേഷണം നിര്‍ത്തി എന്നുള്ളത് ജനങ്ങളെ അറിയിക്കാന്‍ ബാക്കിയുള്ള മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്.
ഞാന്‍ മീഡിയവണ്‍ കാണുന്നൊരാളാണ് അപ്പോള്‍ എന്തുകൊണ്ട് ചാനലിന്റെ സംപ്രേഷണം നിര്‍ത്തിയെന്ന് എനിക്ക് അറിയാന്‍ അവകാശമുണ്ട്. സുരക്ഷാ കാരണങ്ങളാണ് എന്ന് പറയുമ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിന് കാര്യങ്ങള്‍ വ്യക്തമാക്കാമല്ലോ?. ഒരു പ്രേക്ഷകന്റെ സ്വാതന്ത്ര്യത്തെ കൂടിയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. ഞാനെന്ത് കാണണമെന്ന് സര്‍ക്കാര്‍ എങ്ങനെ നിശ്ചയിക്കും?.
കേരള സര്‍ക്കാരും ഇതില്‍ അടിയന്തര ഇടപെടല്‍ നടത്തണം. എന്തുകൊണ്ട് സംസ്ഥാനത്ത് ഇതുവരെ സംപ്രേഷണം ചെയ്ത മാധ്യമത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്തു എന്ന് ചോദിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് കൂടിയുണ്ട്.