പോളിയോ വാക്സിനേഷൻ വിതരണത്തിനായെത്തിയ മൂന്ന് വനിത ആരോഗ്യപ്രവർത്തകരെ താലിബാൻ ഭീകരർ ഈ വർഷം മാർച്ച് മാസത്തിൽ വെടിവച്ച് കൊന്നത് മനുഷമന:സാക്ഷിയെ ഞെട്ടിച്ചിരുന്നു. ഡോ.ബി.ഇക്ബാല്‍ എഴുതിയത്
താലിബാൻ അഫ്ഗാനിസ്താനിൽ അധികാരത്തിലെത്തിയത് സാമൂഹ്യ-രാഷ്ട്രീയ-മനുഷ്യാവകാശ-, ലിംഗനീതി പ്രതിസന്ധികളോടൊപ്പം ആരോഗ്യമേഖലയിലും വലിയ വെല്ലുവിളികൾ ഉയർത്തിയിരിക്കയാണ്. പോളിയോ നിർമ്മാർജ്ജനം പൂർത്തീകരിക്കുന്നതും കോവിഡ് മഹാമാരിയുടെ നിയന്ത്രണവും ഇതോടെ അസാധ്യമായിരിക്കയാണ്. പോളിയോ നിർമ്മാർജ്ജനമാണ് വസൂരിക്ക് ശേഷം ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത മഹാമാരി ഉന്മൂലനം. പോളിയോ വൈറസ്. വസൂരി രോഗാണുവിനെപ്പോലെ മനുഷ്യരിൽ മാത്രം കാണപ്പെടുന്ന വൈറസാണ്. അത്കൊണ്ട് വസൂരി രോഗത്തെ പോലെ ഫലവത്തായ വാക്സിനുള്ളതിനാൽപോളിയോയും നിർമ്മാർജ്ജനം ചെയ്യാൻ കഴിയുമെന്ന് ലോകം തെളിയിച്ച് കൊണ്ടിരിക്കയാണ്. താലിബാൻ സ്വാധിനത്തിലുള്ള അഫ്ഗാനിസ്താന്റെയും, പാക്കിസ്താന്റെയും അതിർത്തി പ്രദേശങ്ങളിലാണ് ഇപ്പോൾ പോളിയോ നിലനിൽക്കുന്നത്. ഈ രാജ്യങ്ങളിൽ തുടർന്നും പോളിയോ നിലനിന്നാൽ ലോകവ്യാപകമായി 2 ലക്ഷം പേരെയെങ്കിലും വർഷം തോറും പോളിയോ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കിയിട്ടുണ്ട്.
ഈരണ്ട് രാജ്യങ്ങളിൽ നിന്നും പോളിയോ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ഊർജ്ജിത ശ്രമം നടന്നുവരുമ്പോഴാണ് താലിബാൻ ശക്തികളുടെ വാക്സിൻ വിരുദ്ധ പ്രചാരണം ആരംഭിച്ചത്. 2018 മുതൽ താലിബാൻ പ്രവർത്തകർ വീടുവീടാന്തരമുള്ള പോളിയോ വാക്സിൻ വിതരണത്തെ തടസ്സപ്പെടുത്തി വരികയായിരുന്നു. കിഴക്കൻ നംഗാർഹാർ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലബാദിലെ പോളിയോ വാക്സിനേഷൻ വിതരണത്തിനായെത്തിയ മൂന്ന് വനിത ആരോഗ്യപ്രവർത്തകരെ താലിബാൻ ഭീകരർ ഈ വർഷം മാർച്ച് മാസത്തിൽ വെടിവച്ച് കൊന്നത് മനുഷമന:സാക്ഷിയെ ഞെട്ടിച്ചിരുന്നു. ഏതാണ് 34 ലക്ഷം കുട്ടികൾക്ക് കൂടി അഫ്ഗാനിസ്താനിൽ പോളിയോ വാക്സിൻ നൽകേണ്ടതുണ്ട്. താലിബാൻ പൂർണ്ണ അധികാരത്തിലെത്തിയ സ്ഥിതിക്ക് ഇനി രാജ്യത്ത് പോളിയോ വാക്സിൻ വിതരണം നടക്കില്ലെന്ന് ഉറപ്പാണ്.
കോവിഡ് വാക്സിനേഷനും നിരോധിക്കേണ്ടതാണെന്ന നിലപാടാണ് താലിബാൻ സ്വീകരിച്ച് പോരുന്നത്. കിഴക്കൻ പ്രദേശമായ പാക്തിയായിൽ വാക്സിൻ വിതരണത്തിനെത്തിയവരെ ബലപ്രയോഗിച്ച് തടയുകയും പ്രദേശിക ആശുപത്രിയിലെ കോവിഡ് വാർഡ് അടച്ച് പൂട്ടുകയും ചെയ്തവിവരം കഴിഞ്ഞ ദിവസം അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. താലിബാൻ സർവാധികാരത്തിലെത്തിയ സ്ഥിതിക്ക് വാക്സിൻ വിതരണം പൂർണ്ണമായും നിരോധിക്കപ്പെടുമെന്നുള്ളത് കൊണ്ട് പോളിയോ, കോവിഡ് മഹാമാരികൾ സമീപരാജ്യങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. താലിബാൻ സമ്പൂർണ്ണാധികാരത്തിലെത്തിയത് അഫ്ഗാൻ ജനതക്ക് മാത്രമല്ല ലോകജനതക്കാകെ ഭീഷണിയായി മാറിയിരിക്കയാണ്.