രാമായണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ, രാമായണം നമ്മൾ വായിക്കാൻ എടുക്കുമ്പോൾ, നമ്മുടെ മനസ്സിൽ കടന്ന് വരേണ്ടത് രാമായണം മനുഷ്യന്റെ മനസ്സിൽ ഉയർത്തേണ്ട ഏറ്റവും വലിയ ഒരു സന്ദേശം, 'അരുത്' എന്ന സന്ദേശമാണ്. എന്തിനോട് അരുത് എന്നാണ്; അത് ഹിംസയോട് അരുത് എന്നാണ്. അരുതേ എന്ന് പറയുന്നത് ഹിംസക്കെതിരായിട്ടാണ്.
എറണാകുളം ശ്രീ പൂർണ്ണത്രയീശ ഉപദേശക സമിതിയുടെ ഫെയ്സ്ബുക്ക് പേജിൽ രാമായണമാസാചരണത്തില്‍ എം.സ്വരാജ് എം.എല്‍.എ നടത്തിയ പ്രഭാഷണം പൂര്‍ണരൂപം
സത്യത്തിൽ മുഖവുരകൾ ഒന്നും ആവശ്യമില്ലാത്ത ഒരു മഹാകൃതിയാണ് രാമായണം. മുഖവുരകൾ ഒന്നും ആവശ്യമില്ലാത്തവിധം ജനങ്ങളുടെ മനസ്സിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള, സ്വാധീനം ചെലുത്തിയിട്ടുള്ള ഒന്നാണ് രാമായണം. മുഖവുരകൾ ഒന്നും ആവശ്യമില്ല എങ്കിലും, ചില മുഖവുരകൾ ഇവിടെ സൂചിപ്പിക്കാം എന്നാണ് ഞാൻ കരുതുന്നത്. ഒരുപാട് പ്രത്യേകതകളും സവിശേഷതകളും രാമായണത്തിനുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് അതിന്റെ വൈവിധ്യമാണ്. ഇത്രമാത്രം വൈവിധ്യമാർന്ന സ്വതന്ത്ര ആവിഷ്ക്കാരങ്ങൾ കൊണ്ട് സമ്പന്നമായ മറ്റേതെങ്കിലും ഒരു മഹാകൃതി ലോകത്തിലുണ്ടാകുമോ എന്ന് സംശയമാണ്. വിവിധ രൂപഭാവങ്ങൾ രാമായണത്തിനുണ്ട്. സാധാരണ ഏറ്റവും കൂടുതൽ നമ്മൾ കേൾക്കുകയും പരിചയപ്പെടുകയും ചെയ്‌തിട്ടുള്ളത് തീർച്ചയായും ആദികാവ്യമായ വാൽമീകി രാമായണവും, മലയാളികളെ സംബന്ധിച്ചു എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണവുമാണ്. എന്നാൽ അതിനപ്പുറം നമ്മുടെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ, വിവിധ ഭാഷകളിൽ, രാമായണത്തിന് എണ്ണിയാലൊടുങ്ങാത്ത സ്വതന്ത്ര ആഖ്യാനങ്ങളുണ്ട്, സ്വതന്ത്രമായ ആവിഷ്ക്കാരങ്ങളുണ്ട്. ഇതെല്ലാം തമ്മിൽ അഭേദ്യമായ ബന്ധമുണ്ടാകുമ്പോഴും, അതിൽ വിഭിന്നതകളുമുണ്ട്, വൈവിധ്യങ്ങളുമുണ്ട്. ഭക്തിപ്രസ്ഥനത്തിന്റെ ആവിർഭാവത്തോടെയാണ് ഇത്രമാത്രം വൈവിധ്യമാർന്ന സ്വതന്ത്ര ആവിഷ്ക്കാരങ്ങൾ രാമായണത്തിനുണ്ടായത്. അതിൽ അദ്ധ്യാത്മ രാമായണം പോലെ തന്നെ പുകഴ് പെറ്റതാണ് 'രാമചരിതമാനസവും'. പിന്നെ ഓരോ ഭാഷയിലും അതിനു അനുപൂരകമായി നമ്മുക്ക് ചൂണ്ടികാണിക്കാവുന്ന ധാരാളം രാമായണങ്ങളുണ്ട്. കമ്പരാമായണം, കണ്ണശരാമായണം, കൃതിവാസരാമായണം, അത്ഭുതരാമായണം, വസിഷ്ഠ രാമായണം, ആനന്ദരാമായണം എന്നിങ്ങനെ പറഞ്ഞാൽ അവസാനിക്കില്ല. നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും രാമായണമുണ്ട്. തായ്‌ലൻഡിൽ, ഫിലിപ്പീൻസിൽ, ശ്രീ ലങ്കയിൽ, ചൈനയിൽ, കംബോഡിയയിൽ, ഇന്തോനേഷ്യയിൽ, എന്നിങ്ങനെ ലോകമാകെ പരന്നു കിടക്കുന്ന വിസ്‌തൃതമായ ഒരു തലം രാമായണത്തിനുണ്ട്.
തായ്‌ലാന്റിന്റെ ദേശീയ കൃതി തന്നെ രാമായണമാണ്. തായ്‌ലൻഡിൽ രാമായണം അറിയപ്പെടുന്നത് ' രാമകീൻ' (Ramakien) എന്നാണ്. 'രാമകീർത്തി' എന്നാണ് മലയാളം. ഞാൻ ഓർമ്മിക്കുന്നു, രണ്ട് വർഷം മുൻപ്, നമ്മുടെ തൃപ്പൂണിത്തുറയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനായി പ്രശസ്‌തനായ സംസ്‌കൃത പണ്ഡിതൻ സത്യവൃത ശാസ്‌ത്രി വരികയുണ്ടായി. അദ്ദേഹം സംസ്‌കൃത സാഹിത്യത്തിൽ ജ്ഞാനപീഠ പുരസ്‌കാരത്തിന് അർഹനായ വ്യക്തിയാണ്. തായ്‌ലൻഡിൽ പ്രചാരത്തിലുള്ള രാമായണത്തിനെ സംസ്‌കൃതത്തിലേക്ക് 'ശ്രീരാമ കീർത്തി' എന്ന പേരിൽ വിവർത്തനം ചെയ്‌തതിനാണ് അദ്ദേഹത്തിന് ജ്ഞാനപീഠം ലഭിച്ചത്. എന്റെ ഓർമ്മ ശരിയാണ് എങ്കിൽ 2006 -ലാണ് അദ്ദേഹം പുരസ്‌കാരത്തിന് അർഹനാകുന്നത്. തായ് രാമായണത്തിന്റെ ഒരു സ്വതന്ത്ര ആഖ്യാനമായിട്ടാണ് അദ്ദേഹം സംസ്‌കൃതത്തിൽ അത് ആവിഷ്ക്കരിച്ചത്. സംസ്‌കൃതത്തിൽ അദ്ദേഹം എഴുതിയ തായ് രാമായണത്തിന്റെ മലയാളം പരിഭാഷ ഒരു പ്രൊഫസർ നിർവഹിച്ചിട്ടുണ്ട്. അത് ഇപ്പോൾ പ്രചാരത്തിലുണ്ട്. ഞാൻ ഇത് സൂചിപ്പിച്ചത്, വിവിധ രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും, ഭാഷകളിലും ഒക്കെ രാമായണമുണ്ട്. ഈ രാമയങ്ങൾക്കൊക്കെ വൈവിധ്യവുമുണ്ട്. തായ് രാമായണം പരിശോധിച്ചാൽ അതിൽ ലവൻ സീതാരാമന്മാരുടെ മകനല്ല. കുശനാണ് സീതാരാമന്മാരുടെ മകൻ. കുശനെ കാണാതെ സീത മാനസികമായി തകർന്നിരിക്കുമ്പോൾ, കുശന്റെ ഒരു ചിത്രം വരച്ചു ആ ചിത്രത്തിന് വാൽമീകി ജീവൻ നൽകിയാണ് ലവൻ ജനിക്കുന്നത്. രാമായണ കഥയുടെ ഭാഗമായി ഇങ്ങനെ വലിയ വ്യത്യസ്‌തതകളും വൈവിധ്യങ്ങളുമുണ്ട്.
രാമായണത്തിന്റെ സന്ദേശമായി നമ്മൾ എന്താണ് ഉൾക്കൊള്ളുക? അതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു ചിന്താവിഷയം എന്ന് എനിക്ക് തോന്നുന്നത്. രാമായണത്തിൽ ഒരുപാട് സന്ദേശങ്ങൾ ഉണ്ട്. രാജനീതിയുടെ സന്ദേശങ്ങളുണ്ട്, ധാർമികതയെ കുറിച്ചുള്ള മൂല്യ ബോധത്തെ പറ്റിയുണ്ട്, യുദ്ധ നീതിയെ കുറിച്ചുണ്ട്, സത്യത്തിന്റെ കരുത്ത് ബോധിപ്പിക്കുന്ന സത്യത്തിന്റെ സന്ദേശം ഉണ്ട്;
പ്രമുഖനായ കന്നഡ കവി എ.കെ.രാമാനുജൻ 'മൂന്നൂറു രാമായണങ്ങൾ' എന്ന പേരിൽ ഒരു പ്രബന്ധം എഴുതുകയുണ്ടായി. അതിൽ അദ്ദേഹം ഈ വൈവിധ്യത്തെ ചൂണ്ടി കാണിക്കുന്നുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒരു വ്യക്തിത്വം, ഫാദർ കാമിൽ ബുൽക്കെ (Camille Bulcke ) ആണ്. അദ്ദേഹം ബെൽജിയത്ത് നിന്നുള്ള ഒരു പാതിരിയാണ്. അദ്ദേഹം ഇന്ത്യയിലേക്ക് വരുകയും ഇന്ത്യൻ സംസ്‌കാരത്തെ പറ്റി കൂടുതൽ മനസ്സിലാക്കുകയും, രാമായണത്തിൽ ആകൃഷ്ടനായി അതിനെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തുകയും ചെയ്‌തു. അദ്ദേഹം പിന്നീട് പ്രയാഗ സർവകലാശാലയിൽ നിന്ന് പിഎച്ച്.ഡി എടുക്കുന്നത് രാമായണത്തിലുള്ള അദ്ദേഹത്തിന്റെ പഠനത്തിന്റെ പേരിലാണ്. അദ്ദേഹം പിഎച്ച്.ഡി -ക്ക് വേണ്ടി തയ്യാറാക്കിയ തീസിസ് പിന്നീട് പുസ്‌തക രൂപത്തിലിറങ്ങി. ആ പുസ്‌തകത്തിന്റെ പേര് 'രാമകഥ' എന്നാണ്. ലോകമെമ്പാടുമുള്ള രാമകഥയുടെ ഉത്ഭവവും വളർച്ചയും അതിൽ അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം പിന്നീട് ഇന്ത്യൻ പൗരത്വം സ്വീകരിച്ചു. 1974 -ൽ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ഇന്ത്യ ആദരിക്കുകയും ചെയ്‌തു. കാമിൽ ബുൽക്കെയുടെ 'രാമകഥ' ശ്രീരാമ കഥയുടെ വൈവിധ്യത്തെ കുറിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അത് ഉത്ഭവിച്ച കാലഘട്ടങ്ങളെ കുറിച്ച് എല്ലാമുള്ള സമഗ്രമായ പഠനമാണ്. അടുത്തിടയ്ക്ക് വായിക്കുകയുണ്ടായി, അറബിയിൽ ഒരു രാമായണമുണ്ട് എന്ന്. അത് ഈജിപ്‌ത് -ൽ നിന്നുള്ള കാമിൽ കൈലാണി (Kamel Keilany) എന്ന സാഹിത്യകാരനാണ് എഴുതിയിട്ടുള്ളത്. 'ഫിറബാത്ത് ഷായാത്തി' എന്നാണ് അതിന് പേര് കൊടുത്തിട്ടുള്ളത്. കാമിൽ ബുൽക്കെയുടെ പഠനങ്ങൾ പ്രകാരം ആണെങ്കിൽ ക്രിസ്‌തുവിനും മുൻപ് ആയിരത്തോളം വർഷങ്ങൾ മുന്നെയാണ് രാമായണം എഴുതപ്പെട്ടിട്ടുണ്ടാവുക. രാമകഥയുടെ സ്വാധീനം ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. അവിടുത്തെ ജനങ്ങൾക്കിടയിലുണ്ട്. തായ്‌ലൻഡിലെ ജനങ്ങൾ വിശ്വസിക്കുന്നത് ശ്രീരാമൻ ജനിച്ചതും, രാമായണത്തിൽ പരാമർശിക്കപ്പെടുന്ന സംഭവങ്ങൾക്കെല്ലാം വേദിയായതും തായ്‌ലൻഡ് ആണ് എന്നാണ്. പ്രാചീനകാലത്ത് 'അയുധയ്യ' എന്നാണ് തായ്‌ലാന്റിന്റെ തലസ്ഥാനം അറിയപ്പെട്ടിരുന്നത് എന്നും, അതാണ് 'അയോധ്യ' എന്നുമാണ് അവർ വിശ്വസിക്കുന്നത്. അതുപോലെ 'ലവപുരി' അവിടെയുണ്ട് എന്നവർ വിശ്വസിക്കുന്നു. ഓരോ പ്രദേശത്തെയും ജനങ്ങൾ ഇങ്ങനെ വിശ്വസിക്കുന്നുണ്ട്. നമ്മുടെ കേരളത്തിൽ തന്നെ രാമായണവുമായി ബന്ധപ്പെട്ട് പരാമർശിക്കപ്പെടുന്ന വേദിയാണ് ഈ സ്ഥലം എന്ന് ചൂണ്ടിക്കാണിക്കുന്ന പല സ്ഥലങ്ങളുമുണ്ട്. അത് ഒരു കൃതിയെ ജനങ്ങൾ ഹൃദയത്തിലേറ്റു വാങ്ങുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്.
രാമായണത്തിന്റെ സന്ദേശമായി നമ്മൾ എന്താണ് ഉൾക്കൊള്ളുക? അതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു ചിന്താവിഷയം എന്ന് എനിക്ക് തോന്നുന്നത്. രാമായണത്തിൽ ഒരുപാട് സന്ദേശങ്ങൾ ഉണ്ട്. രാജനീതിയുടെ സന്ദേശങ്ങളുണ്ട്, ധാർമികതയെ കുറിച്ചുള്ള മൂല്യ ബോധത്തെ പറ്റിയുണ്ട്, യുദ്ധ നീതിയെ കുറിച്ചുണ്ട്, സത്യത്തിന്റെ കരുത്ത് ബോധിപ്പിക്കുന്ന സത്യത്തിന്റെ സന്ദേശം ഉണ്ട്; അങ്ങനെ ഒരുപാട് ജീവിത മൂല്യങ്ങളെ സംബന്ധിച്ച്, പ്രപഞ്ച മൂല്യങ്ങളെ കുറിച്ച് പരാമർശിക്കുകയും അതിനെ ഉയർത്തി പിടിക്കുകയും ചെയ്യുന്ന സന്ദർഭങ്ങൾ രാമായണത്തിലുണ്ട്. നമുക്കതിൽ ഏത് വേണമെങ്കിലും സന്ദേശമായി ഉൾക്കൊള്ളാം. രാമായണത്തിന്റെ മുഖ്യ സന്ദേശം എന്ത് എന്നത് രാമായണം വായിക്കുന്ന ഓരോരുത്തരും ചിന്തിക്കേണ്ടതാണ്. ഇന്നതാണ് അതിന്റെ മുഖ്യ സന്ദേശം എന്ന് പറയാൻ ഞാൻ ആളല്ല. അത് പണ്ഡിതന്മാരുടെ വിഷയമാണ്. മാത്രമല്ല അത് വായിക്കുന്ന ഓരോത്തരും തിരിച്ചറിയേണ്ട വിഷയമാണ്. ഓരോരുത്തരുടെയും സവിശേഷമായ വിവേചന ബുദ്ധി അവിടെ ഉപയോഗിക്കേണ്ടതാണ്. രാമായണത്തിൽ നിന്ന് അതിന്റെ ഹൃദയ സന്ദേശമായി എന്ത് ഉൾക്കൊള്ളണം എന്നുള്ളത്. എന്റെ ഒരു തോന്നൽ മാത്രം ഞാൻ സൂചിപ്പിക്കാം. എനിക്ക് തോന്നുന്നത് രാമായണത്തിന്റെ എല്ലാ മൂല്യങ്ങളെയും സംബന്ധിച്ച്, അതുയർത്തി പിടിക്കുന്ന മൂല്യബോധത്തെ കുറിച്ച് ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ട്. ഒരുപാട് മഹാന്മാരായ നിരൂപകരും പണ്ഡിതരും അതിനെ സംബന്ധിച്ച് എഴുതിയിട്ടുണ്ട്. രാമായണത്തെ ഉപജീവിച്ച് കൊണ്ട് പല സാഹിത്യ സൃഷ്ടികളും ഉണ്ടായിട്ടുണ്ട്. അവരെല്ലാം അവരുടേതായ കണ്ണിലൂടെ രാമായണത്തെ കാണുകയും വായിക്കുകയും ചെയ്‌തിട്ടുണ്ട്. ഇനിയും ഒരുപക്ഷേ രാമായണത്തെ കുറിച്ച് ഒരുപാട് വായനകളും അന്വേഷണങ്ങളും പഠനങ്ങളും നിഗമനങ്ങളും വരാനിരിക്കുന്നതേയുള്ളൂ എന്ന് നമുക്ക് പറയാം.
രാമായണത്തിൽ യുദ്ധമുണ്ട്, യുദ്ധകാണ്ഡമുണ്ട്. യുദ്ധധീരതയെ കുറിച്ച് പറയുന്നുണ്ട്. അതൊക്കെ സ്വാഭാവികമായി നമ്മുക്ക് മുന്നിൽ ഇപ്പോൾ വരും. പക്ഷേ അതിനെല്ലാം അതത് സന്ദർഭങ്ങളിൽ ഉള്ള സവിശേഷമായ പ്രാധാന്യവും മൂല്യങ്ങളും എല്ലാം നിലനിൽക്കുമ്പോഴും, എല്ലാ തരം ഹിംസയെയും എതിർക്കുന്ന, എല്ലാ അതിക്രമങ്ങളെയും എതിർക്കുന്ന, സഹിഷ്‌ണുതയുടെ സമാധാനത്തിന്റെ അഹിംസയുടെ ഒരു മഹാസന്ദേശം രാമായണ രചനക്ക് മുന്നേ തന്നെ ഉയർന്നു വരുന്നു എന്നതാണ് എനിക്ക് തോന്നുന്ന ഒരു കാര്യം
രാമായണ രചനയിലേക്ക് കടക്കുമ്പോൾ, ആ സന്ദർഭത്തെ കുറിച്ച് നമ്മൾ എല്ലാവരും മനസിലാക്കിയിട്ടുണ്ട്. അത് താമസാനദിയുടെ തീരത്ത് രണ്ട് ക്രൗഞ്ചമിഥുനങ്ങളിൽ ഒന്നിനെ ഒരു കാട്ടാളൻ അമ്പെയ്‌തു വീഴ്ത്തുന്നത് കാണുമ്പോൾ, വാൽമീകി അതിന് സാക്ഷിയാകുമ്പോൾ ഉണ്ടാകുന്ന അത്യന്തം ഹൃദയഹാരിയായി ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുള്ള ആ കഥാസന്ദർഭമുണ്ട്. അവിടെ പറയുന്നത് "മാ നിഷാദ" എന്നാണ്. 'അരുതേ' എന്നാണ് പറയുന്നത്. എനിക്ക് തോന്നുന്നു, എന്റെയൊരു ചിന്തയാണ്, എല്ലാവരും യോജിച്ചു കൊള്ളണം എന്നില്ല. രാമായണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ, രാമായണം നമ്മൾ വായിക്കാൻ എടുക്കുമ്പോൾ, നമ്മുടെ മനസ്സിൽ കടന്ന് വരേണ്ടത് രാമായണം മനുഷ്യന്റെ മനസ്സിൽ ഉയർത്തേണ്ട ഏറ്റവും വലിയ ഒരു സന്ദേശം, 'അരുത്' എന്ന സന്ദേശമാണ്. എന്തിനോട് അരുത് എന്നാണ്; അത് ഹിംസയോട് അരുത് എന്നാണ്. അരുതേ എന്ന് പറയുന്നത് ഹിംസക്കെതിരായിട്ടാണ്. എല്ലാ അക്രമങ്ങൾക്കും, കൊലയ്ക്കും, അനീതിക്കും, എല്ലാ തിന്മകൾക്കുമെതിരെ 'അരുത്' എന്ന് പറയുന്ന വാക്കാണ് ഏറ്റവും ജീവനുള്ള വാക്ക് എന്ന് ഞാൻ വിചാരിക്കുന്നു. ലോകത്തിലുള്ള എല്ലാ തിന്മകളോടും ഹിംസകളോടും അരുത് എന്ന് പറയാനുള്ള കരുത്ത് നമ്മുടെ ഹൃദയത്തിലേക്ക് കൊണ്ടുവരാൻ രാമായണത്തിന് സാധിക്കണം. അങ്ങനെ സാധിക്കുമ്പോഴാണ് അത് സാർത്ഥകമാകുക എന്നാണ് ഞാൻ വിചാരിക്കുന്നത്. നമ്മുടെ ലോകം ഒരുപാട് തിന്മകളും നിറഞ്ഞ ലോകമാണ്. നന്മകൾ മാത്രം നിറഞ്ഞ ലോകമൊക്കെ അസാധ്യമാണ്. ആ തിന്മകളുടെ മൗനസാക്ഷികളായി ഇരിക്കാൻ നമ്മൾക്ക് അവകാശമില്ല. ആ തിന്മകളെ എതിർക്കാൻ നമ്മൾക്കാവണം. തിന്മകളോട് എതിരിട്ട് പോരാടാൻ എല്ലാവര്‍ക്കും കഴിയണം എന്നില്ല. പക്ഷേ ഉള്ളിന്റെയുള്ളിൽ അരുത് എന്ന് പറയാനുള്ള ആത്മവീര്യം എങ്കിലും ഉണ്ടാകേണ്ടതുണ്ട്. രാമായണത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ നമ്മുടെ മനസിലേക്ക് കടന്ന് വരുന്ന കരുത്തുള്ള ഒരു സന്ദേശം അല്ലെങ്കിൽ ഒരു ആഹ്വാനം 'ഹിംസയോട് അരുത്' എന്ന് പറയുന്ന ഏറ്റവും പ്രാധാന്യമേറിയ ആഹ്വാനം തന്നെയാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്.
മനുഷ്യരെ തമ്മിൽ അടുപ്പിക്കാൻ ഹൃദയങ്ങൾക്കിടയിലുള്ള വന്മതിലുകളെ മായ്ച്ചു കളയാൻ, സ്‌നേഹത്തിന്റെയും കരുണയുടെയും ആർദ്രത മനസ്സിൽ കൂടുതൽ ഉയർത്തികൊണ്ട് വരാൻ ഒക്കെയാവണം നമ്മുടെ രാമായണ വായന സഹായിക്കേണ്ടത്. മനുഷ്യർക്കിടയിൽ വിദ്വേഷത്തിന്റെയോ, സ്പർദ്ധയുടെയോ, വിരോധത്തിന്റെയോ ശത്രുതയുടെയോ ഒരു തലമല്ല സൃഷ്ടിക്കേണ്ടത്. കാരുണ്യത്തോടെ ദയാവായ്‌പോടെ, ഉയർന്ന സ്‌നേഹത്തോടെ എല്ലാ സഹജീവികളെയും സമീപിക്കാൻ നമ്മുക്കാവണം. സഹജീവികൾ എന്ന് പറഞ്ഞാൽ മനുഷ്യരെ മാത്രമല്ല, ഈ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളെയും സ്വന്തം സഹോദരരെ പോലെ കാണാനുള്ള ഒരു മനസ്സ് നമ്മുക്ക് രൂപപ്പെട്ട് വരേണ്ടതായിട്ടുണ്ട്. ഒരു മനുഷ്യനെ അക്രമിക്കുമ്പോഴല്ല 'മാ നിഷാദ' എന്ന് പറയുന്നത്. 'അരുത്' എന്ന് പറയുന്നത്, മനുഷ്യൻ അക്രമിക്കപെടുമ്പോഴല്ല. മനുഷ്യൻ ഒരു പക്ഷിയെ അക്രമിക്കുമ്പോഴാണ്. പക്ഷിയുടെ വേദനയും ഒരു വേദനയാണ്. ആ വേദനയും സ്വന്തം വേദനയായി ഉൾകൊള്ളാൻ കഴിയുന്ന ഒരു മാനസികാവസ്ഥയാണ് നമ്മുക്ക് വേണ്ടത്. അത് എല്ലാ ജീവജാലങ്ങളോടുമുള്ള സ്‌നേഹമായി, കാരുണ്യമായി പരിണമിക്കുമ്പോഴാണ് നമ്മൾ കുറേകൂടി നല്ല മനുഷ്യരായി തീരുക. കുറേകൂടി നല്ല മനുഷ്യരാകാൻ, കുറേകൂടി മനുഷ്യത്വമുള്ളവരാകാൻ, കുറേകൂടി ആർദ്രതയും ദയയും സ്‌നേഹവായ്പ്പും ഉള്ള, എല്ലാ ഹിംസയോടും മുഖം തിരിഞ്ഞ് നില്ക്കാൻ എങ്കിലും കഴിയുന്ന, അതിനെ എതിർക്കാനും എതിർത്തു തോൽപ്പിക്കാനും ഉള്ള കരുത്തില്ലാത്തവർക്ക് പോലും, അതിനെതിരെ ചിന്തിക്കാനും നിലപാട് സ്വീകരിക്കാനും, അഹിംസയിൽ നിന്ന് അണുവിട പോലും തങ്ങൾ മാറില്ല എന്നുറപ്പിക്കാനും ഈ കഥ സന്ദർഭങ്ങൾ സഹായിക്കും എന്നാണ് എനിക്ക് തോന്നുന്നത്.
ഗാന്ധിജിയുടെ അഹിംസ എന്ന കാഴ്ചപ്പാടിനെ തന്നെ, അദ്ദേഹത്തിന്റെ അഹിംസ എന്ന സമരായുധത്തെ, അഹിംസയിലുള്ള അചഞ്ചലമായ വിശ്വാസത്തെ അദ്ദേഹത്തിൽ ഊട്ടിഉറപ്പിച്ചത് രാമായണത്തിന്റെ സ്വാധീനമാണ് എന്നാണ് എനിക്ക് തോന്നുന്നത്.
മഹാത്മാ ഗാന്ധി രാമായണത്തെ ഏറെ പ്രാധാന്യത്തോടെ കാണുകയും അതിന്റെ മൂല്യങ്ങളെ അദ്ദേഹം സവിശേഷമായി പരിഗണിക്കുകയും ചെയ്‌തിരുന്നു എന്ന് നമ്മുക്ക് അറിയാം. ഗാന്ധിജിയുടെ അഹിംസ എന്ന കാഴ്ചപ്പാടിനെ തന്നെ, അദ്ദേഹത്തിന്റെ അഹിംസ എന്ന സമരായുധത്തെ, അഹിംസയിലുള്ള അചഞ്ചലമായ വിശ്വാസത്തെ അദ്ദേഹത്തിൽ ഊട്ടിഉറപ്പിച്ചത് രാമായണത്തിന്റെ സ്വാധീനമാണ് എന്നാണ് എനിക്ക് തോന്നുന്നത്. രാമായണത്തിൽ യുദ്ധമുണ്ട്, യുദ്ധകാണ്ഡമുണ്ട്. യുദ്ധധീരതയെ കുറിച്ച് പറയുന്നുണ്ട്. അതൊക്കെ സ്വാഭാവികമായി നമ്മുക്ക് മുന്നിൽ ഇപ്പോൾ വരും. പക്ഷേ അതിനെല്ലാം അതത് സന്ദർഭങ്ങളിൽ ഉള്ള സവിശേഷമായ പ്രാധാന്യവും മൂല്യങ്ങളും എല്ലാം നിലനിൽക്കുമ്പോഴും, എല്ലാ തരം ഹിംസയെയും എതിർക്കുന്ന, എല്ലാ അതിക്രമങ്ങളെയും എതിർക്കുന്ന, സഹിഷ്‌ണുതയുടെ സമാധാനത്തിന്റെ അഹിംസയുടെ ഒരു മഹാസന്ദേശം രാമായണ രചനക്ക് മുന്നേ തന്നെ ഉയർന്നു വരുന്നു എന്നതാണ് എനിക്ക് തോന്നുന്ന ഒരു കാര്യം. ലോകമാകെ പ്രഭാവം പ്രസരിച്ച് നിൽക്കുന്ന വൈവിധ്യ സമ്പൂർണമായ ആവിഷ്ക്കാരങ്ങളുടെ, അവിശ്വസനീയതയെ എപ്പോഴും വിളംബരം ചെയ്യുന്ന രാമായണത്തെ കുറിച്ച് എപ്പോൾ സംസാരിക്കുമ്പോഴായാലും ആലോചിക്കുമ്പോഴായാലും ആദ്യം മനസ്സിൽ വരുന്നത് ഹിംസയെ എതിർക്കുന്ന, ഹിംസയോട് അരുത് എന്ന് പറയുന്ന മാനവികതയുടെ ദീപ്‌തമായ ഒരു ഭാവമാണ് എന്ന് ഈ അവസരത്തിൽ ഒരിക്കൽ കൂടി ഓർമ്മ പുതുക്കുന്നു.