കേരള നിയമസഭയിൽ 2015 മാർച്ച് 13-നു നടന്ന സംഭവങ്ങളിൽ പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നടപടികൾ പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ തള്ളിയ സുപ്രീം കോടതി വിധി വിശാലാർത്ഥത്തിൽ സ്വാഗതാർഹമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 105-ഉം 194 -മാണ് പാര്ലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും നടത്തിപ്പിലേയും അംഗങ്ങളുടെയും അധികാരാവകാശങ്ങൾ പ്രതിപാദിക്കുന്നത്. എന്നാൽ ഇതെല്ലാം തന്നെ സഭയിൽ നിയമനിര്മാണവുമായി ബന്ധപ്പെട്ട ആദ്യന്തമുള്ള നടപടിക്രമങ്ങളുടെ ഭാഗമായി അംഗങ്ങൾക്കും സഭാ നടപടികൾക്കുമുള്ള നിയമപരിരക്ഷയാണ്. അതെല്ലാം ഈ ആർട്ടിക്കിളുകൾ വായിച്ചാൽ വ്യക്തമാകും.
എന്നാൽ പാർലമെന്റ്/നിയമസഭാ അംഗങ്ങൾ നടത്തുന്ന ക്രിമിനൽ കുറ്റങ്ങൾക്ക് ഈ പരിരക്ഷ ലഭിക്കില്ല എന്നതാണ് സുപ്രീം കോടതി ഇപ്പോൾ വ്യക്തമാക്കിയത്. പൊതുമുതൽ നശിപ്പിക്കുക ശിക്ഷാർഹമായ ഒരു കുറ്റമായിരിക്കുന്നിടത്തോളം ആ കൃത്യം ചെയ്ത അംഗങ്ങൾക്ക് ഇത്തരത്തിലൊരു പരിരക്ഷ അവകാശപ്പെടാനാകില്ല. ഇതൊരു ആരോഗ്യകരമായ രാഷ്ട്രീയ ബോധമുള്ള ജനാധിപത്യ സമൂഹത്തിന്റെ നിലപാടാകേണ്ടതാണ്. നിയമസഭയിൽ ചോദ്യം ചോദിക്കുന്നതു, ഉത്തരം ലഭിക്കുന്നതോ ബഹളം കൂടിത്തന്നെ സഭാ നടപടികൾ തടസപ്പെടുത്തുന്നതോ ഒക്കെ സഭയിലെ പെരുമാറ്റച്ചട്ടങ്ങളുടെ ഭാഗമായി സ്പീക്കർ കൈകാര്യം ചെയ്യേണ്ടതാണ്. അതെല്ലാം അഭിപ്രായ സ്വാതന്ത്യത്തിന്റെയും അതിന്റെ നടപടിക്രമ ലംഘനങ്ങളുടെയും ഭാഗമാണ്. അഴിമതിയാരോപണം നേരിട്ടിരുന്ന കെ. എം. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ല എന്ന അന്നത്തെ പ്രതിപക്ഷ നിലപാടും തീർത്തും ന്യായമായ പ്രതിഷേധമാണ്. എന്നാൽ അതിന്റെ പേരിൽ സഭയിലെ ഇരിപ്പിടങ്ങൾ തകർക്കുകയും കംപ്യൂട്ടർ അടക്കമുള്ള സാധന സാമഗ്രികൾ തകർക്കുകയും ചെയ്യുമ്പോൾ അത് കുറ്റകൃത്യമാണ്. പൊതുമുതൽ നശിപ്പിക്കലാണ്. നിങ്ങൾക്ക് യാതൊരു അധികാരവുമില്ലാത്ത ഒരു കുറ്റകൃത്യം പരസ്യമായി ചെയ്യുകയാണ്.
പൊതുമുതൽ നശിപ്പിക്കുക ശിക്ഷാർഹമായ ഒരു കുറ്റമായിരിക്കുന്നിടത്തോളം ആ കൃത്യം ചെയ്ത അംഗങ്ങൾക്ക് ഇത്തരത്തിലൊരു പരിരക്ഷ അവകാശപ്പെടാനാകില്ല. ഇതൊരു ആരോഗ്യകരമായ രാഷ്ട്രീയ ബോധമുള്ള ജനാധിപത്യ സമൂഹത്തിന്റെ നിലപാടാകേണ്ടതാണ്.
തങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച തെറ്റിദ്ധാരണയല്ല മറിച്ച് ബോധപൂർവ്വമുള്ള തെറ്റിദ്ധരിപ്പിക്കലാണ് ഇന്ത്യയിലെ പാർലമെന്റ്/നിയമസഭാ അംഗങ്ങൾ മിക്കപ്പോഴും നടത്തുന്നത്. ഇതിനു മുമ്പ് സുപ്രീം കോടതി തന്നെ ഈ വിഷയത്തിൽ നടത്തിയ തെറ്റായ ഒരു വ്യാഖ്യാനത്തെ മാറ്റുന്നതിനുള്ള സാദ്ധ്യതകൾ പുതിയ വിധിയിലുണ്ട്. 1998-ൽ പി വി നരസിംഹറാവു കേസിൽ പാർലമെന്റിൽ വോട്ടു ചെയ്യുന്നതിനെ സ്വാധീനിക്കാൻ ചില എം പിമാർക്ക് കോഴ കൊടുത്തതും അവരത് വാങ്ങിയതുമായ സംഭവത്തിൽ സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധിയിൽ കോഴ വാങ്ങിയ എം പിമാർക്ക് ഭരണഘടന പാർലമെന്റംഗങ്ങളുടെ പ്രവർത്തനത്തിന് നൽകുന്ന പരിരക്ഷ ലഭിക്കുമെന്നാണ് വിധിച്ചത്. എന്നാൽ ജസ്റ്റിസുമാരായ അഗർവാലയും എ . എസ്. ആനന്ദും നൽകിയ വിയോജനവിധി ഇതിനെതിരായിരുന്നു. ഇത്തരത്തിൽ ശിക്ഷാർഹമായ കോഴ വാങ്ങൽ സംഭവത്തിൽ പാർലമെന്റ് അംഗങ്ങൾക്ക് ഭരണഘടന നൽകുന്ന പരിരക്ഷ നൽകിയാൽ അത് പാർലമെന്ററി ജനാധിപത്യത്തെ അവഹേളിക്കുന്നതിനു തുലയവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനവുമാകുമെന്ന് വിയോജന വിധിയിൽ അവർ പറഞ്ഞു. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന നിയമവാഴ്ചയുടെ അട്ടിമറിയാകും ഇത്തരത്തിൽ ക്രിമിനൽ കുറ്റങ്ങൾക്കും ഭരണഘടന പരിരക്ഷ നീട്ടി നൽകുന്നത് എന്നായിരുന്നു വിയോജനവിധിയുടെ സാരം.
അന്നത്തെ വിയോജനവിധി മറ്റൊരർത്ഥത്തിൽ ഉയർത്തിപ്പിടിക്കുകയാണ് ഇപ്പോൾ സുപ്രീം കോടതി ചെയ്തിരിക്കുന്നത്. നിയമസഭാംഗങ്ങൾക്ക് എല്ലാ വിധ സൗകര്യത്തോടും കൂടെ ഇരിക്കാനും ജീവിക്കാനുമുള്ള ചെലവ് നൽകുന്നതും അതിനുള്ള സാധന സാമഗ്രികൾ വാങ്ങി നൽകിയിരിക്കുന്നതും ഇ നാട്ടിലെ ജനങ്ങളാണ്. എം എൽ എമാർക്ക് ക്ഷോഭം വന്നാൽ അവരതൊക്കെ തല്ലിത്തകർക്കുമെന്നും അടുത്ത സമ്മേളനത്തിന് മുമ്പായി ജനങ്ങൾ അതൊക്കെ വീണ്ടുമവർക്ക് വാങ്ങിനൽകണമെന്നും പറഞ്ഞാൽ അതംഗീകരിക്കാൻ കഴിയില്ല. നിയമസഭ തല്ലിത്തകർക്കൽ ഒരു രാഷ്ട്രീയ പരിപാടിയായി പ്രഖ്യാപിച്ചാൽ അത് ജനങ്ങൾക്ക് മുന്നിൽ ചർച്ച ചെയ്യാവുന്നതാണ്. അതിൽ തെറ്റുമില്ല. എന്നാൽ ഇന്ന് തല്ലിപ്പൊളിക്കുകയും നാളെ അതെ സഭയിൽ പഴയ സൗകര്യങ്ങളെല്ലാം ജനങ്ങളുടെ ചെലവിൽ പുനഃസ്ഥാപിച്ചു വീണ്ടും ആഹ്ളാദഭരിതരായി വരികയും ചെയ്യാനുള്ള വിരോധാഭാസത്തെയും ഔദ്ധത്യത്തെയും ജനാധിപത്യ സമൂഹം അംഗീകരിച്ചുകൂട.
ഇനി ഇത്തരത്തിലൊരു വിധി നിയമസഭയുടെ/പാർലമെന്റിന്റെ പ്രവർത്തനങ്ങളിൽ കോടതിയുടെ ഇടപെടലിന് വഴിതെളിക്കുമെന്ന വാദം തത്ക്കാലത്തേക്കെങ്കിലും ഒട്ടും നിലനിൽക്കില്ല. സ്പീക്കറുടെ തീരുമാനമാണ് സഭയെ സംബന്ധിച്ച അന്തിമ തീരുമാനം എന്നിരിക്കെത്തന്നെ ഇക്കഴിഞ്ഞ കാലങ്ങളിൽ ഭരണഘടനയെയും ജനാധിപത്യത്തേയും അട്ടിമറിക്കുന്ന കുതിരക്കച്ചവടത്തിനു തടയിടാൻ കോടതിയുടെ ഇടപെടൽ നടത്താനുള്ള-judicial review - ഭരണഘടനാധികാരം വളരെ സുവ്യക്തമായി കോടതി പ്രസ്താവിച്ചിട്ടുണ്ട്.
നിയമസഭ ആരുടേതാണ് എന്നാണ് യഥാർത്ഥ ചോദ്യം. അത് എം എൽ എമാരുടേതല്ല, ജനങ്ങളുടേതാണ്. നിയമസഭാംഗങ്ങൾ കൂട്ടം ചേർന്ന് നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് ചെല്ലും ചെലവും കൊടുക്കാൻ ജനങ്ങൾക്ക് ബാധ്യതയില്ല. പാർലമെന്റും നിയമസഭകളുമൊക്കെ കേവലം പൊറാട്ടു നാടക വേദികളായി മാറിത്തുടങ്ങിയിട്ട് നാളുകളായി. പാർലമെന്റിൽ നിയമനിർമ്മാണ ചർച്ചകളുടെ സമയം നോക്കിയാൽത്തന്നെ ഇത് മനസിലാക്കാൻ കഴിയും.
ഭീതിയും ആശങ്കയും കൂടാതെ നിയമനിർമ്മാണ ചർച്ചകളിലും സഭാ സംവാദങ്ങളിലും നടപടികളിലും പങ്കെടുക്കാൻ ജനപ്രതിനിധികൾക്ക് ഭരണഘടന പരിരക്ഷ നൽകുന്നുണ്ട് . എന്നാൽ മാറ്റ് പൗരന്മാർക്ക് തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യങ്ങൾ സഭാംഗങ്ങൾ എന്ന നിലയിൽ സഭയ്ക്കകത്ത് ചെയ്യാൻ ഭരണഘടന പരിരക്ഷ നൽകുന്നില്ല. പൗരന്റെ പ്രതിനിധിയാണ് നിയമസഭാംഗം, പൗരനും നിയമവാഴ്ചക്കും മുകളിലുള്ള അതിമാനുഷനല്ല. ഈ വിധി അതൊന്ന് ഓർമ്മപ്പെടുത്തുന്നുണ്ടെങ്കിൽ അത്രയും നന്ന്.