ഉത്തരേന്ത്യന്‍ മാതൃകയില്‍ നിന്ന് വ്യത്യസ്തമല്ല കേരള പൊലീസ്, ദിലീപ് വധഗൂഢാലോചന നടത്തി എന്ന കേസ് മറന്നുള്ള പൊലീസ് നടപടി

ഉത്തരേന്ത്യന്‍ മാതൃകയില്‍ നിന്ന് വ്യത്യസ്തമല്ല കേരള പൊലീസ്, 
ദിലീപ് വധഗൂഢാലോചന നടത്തി എന്ന കേസ്  മറന്നുള്ള പൊലീസ് നടപടി
Published on
Summary

വാർത്താശേഖരണത്തിനു പോകുന്ന മാധ്യമ പ്രവർത്തകരെ അന്യായമായി തടങ്കലിലാക്കുകയും രാഷ്ട്രീയ നേട്ടത്തിനായി രാജ്യ​ദ്രോഹക്കുറ്റം ചുമത്തി പീഡിപ്പിക്കുകയും ചെയ്യുന്ന ഉത്തരേന്ത്യൻ മാതൃകയിൽനിന്നു വ്യത്യസ്തമല്ല ഈ സംഭവവും. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവരും ഇതിനെതിരെ രംഗത്തുവരേണ്ടതുണ്ട്​.

കേരള പത്രപ്രവര്‍ത്തകയൂണിയന്‍ (കെയുഡബ്ലിയുജെ)സംസ്ഥാന പ്രസിഡന്റ് കെ.പി റജി എഴുതിയത്

നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ജനങ്ങളെ അറിയിക്കുക എന്നതു മാധ്യമങ്ങളുടെ ​ജോലിയാണ്​. അതിൽ പലതും പലരും ഒളിച്ചുവെക്കാൻ ആഗ്രഹിക്കുന്ന വിവരങ്ങൾ ആയിരിക്കും. പല സംഭവങ്ങളുടെയും ഗതിതന്നെ മാറ്റിക്കളയുന്നതും ഇങ്ങനെ പുറത്തുവരുന്ന വിവരങ്ങൾ ആയിരിക്കും. ഒരു വിഷയത്തിന്‍റെ ഇനിയും പുറത്തുവരാത്ത തലങ്ങൾ ജനങ്ങളിലേക്ക്​ എത്തിക്കുന്നതാണു മാധ്യമങ്ങളുടെ വിജയവും. ലോകമെങ്ങും മാധ്യമങ്ങൾ ശ്രമിക്കുന്നത്​ അതിനുവേണ്ടിയാണ്​. സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ പോലും മാധ്യമങ്ങൾ പല രൂപങ്ങളിൽ പുറത്തുകൊണ്ടുവരുന്ന കാലത്താണ്​ ജനാധിപത്യ സംവിധാനങ്ങൾ ഏറ്റവും ശക്​തമായി നിലനിൽക്കുന്നു എന്നു നാമേവരും ഊറ്റംകൊള്ളുന്ന കേരളത്തിൽ ഒരു മാധ്യമ ​സ്ഥാപനത്തിനും അതിന്‍റെ അമരക്കാരനും എതിരെ പൊലീസ്​ സ്വമേധയാ കേസെടുത്ത വിവരം പുറത്തുവരുന്നത്​.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വാർത്തകളുടെ പേരിൽ റിപ്പോർട്ടർ ചാനലിനും ചീഫ്​ എഡിറ്റർ എം.വി നികേഷ്​ കുമാറിനുമെതിരെ കേസെടുത്ത പൊലീസ്​ നടപടി അങ്ങേയറ്റം അപലപനീയമാണ്​. വാർത്തകളു​ടെ പേരിൽ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ കേസെടുക്കുന്നത്​ ജനാധിപത്യ വ്യവസ്ഥയ്ക്ക്​ നിരക്കുന്ന പ്രവൃത്തിയല്ല. അറിയാനുള്ള ജനങ്ങളുടെ അവകാശത്തിനും അറിയിക്കാനുള്ള മാധ്യമങ്ങളുടെ അവകാശത്തിനും നേരെയുള്ള കടന്നാക്രമണമാണിത്​. മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളി. കേരളത്തിലെ ഏറ്റവും മുതിർന്ന ദൃശ്യമാധ്യമ പ്രവർത്തകരിലൊരാളായ നികേഷ്​ കുമാറിനെതിരെ കേസെടുത്തത്​ ഉന്നത തലത്തിൽ അറിയാതെയാണ്​ എന്നു വിശ്വസിക്കുക പ്രയാസമാണ്​. അറിഞ്ഞില്ലെങ്കിൽ അതു പൊലീസ്​ സംവിധാനത്തിന്‍റെയും നിയമപാലന നടപടിക്രമങ്ങളുടെയും അക്ഷന്തവ്യമായ വീഴ്ചയാണ്​. അപ്പോഴും ഉത്തരവാദിത്തത്തിൽനിന്ന്​ അധികാരികൾക്ക്​ ഒഴിഞ്ഞുമാറാൻ കഴിയില്ല. വിചാരണ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയം പ്രസ്തുത കോടതിയുടെ അനുമതിയില്ലാതെ ​പ്രസിദ്ധീകരിച്ചാൽ ​കേസെടുക്കാനുള്ള ഐ.പി.സി സെക്​ഷൻ 228 എ(3) അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ്​ റിപ്പോർട്ടറിനെതിരെ കേസെടുത്തിരിക്കുന്നത്​.

അ​ന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന നിർണായക വിവരം പുറത്തുവിട്ട സംവിധായകൻ ബാലചന്ദ്രകുമാറുമായുള്ള അഭിമുഖം അടക്കമുള്ള റിപ്പോർട്ടുകൾ കേസിന്​ ആധാരമായിട്ടുണ്ടെന്നാണു മനസ്സിലാവുന്നത്​. വിചാരണ നടക്കുന്ന കേസിൽ നിലവിൽ ഒരു നിലയ്ക്കും ബന്ധമില്ലാതിരുന്ന ഒരാളുമായുള്ള അഭിമുഖം എങ്ങനെയാണ്​ ഈ വകുപ്പിന്‍റെ പരിധിയിൽ വരിക. അതും പരാതിക്കാരില്ലാതെ സ്വമേധയാ കേസ്​ എടുത്തിരിക്കുന്നു എന്നു പറയുമ്പോൾ പൊലീസ്​ സ്വയം തങ്ങളെത്തന്നെയാണു തള്ളിപ്പറയുന്നത്​; അല്ലെങ്കിൽ പ്രതിക്കുട്ടിൽ നിർത്തുന്നത്​. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലാണ്​ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ദിലീപ്​ വധ ഗൂഢാലോചന നടത്തി എന്ന കേസിന്‍റെ അടിസ്​ഥാനം എന്നതുപോലും മറന്നുകൊണ്ടുള്ളതാണു പൊലീസ്​ നടപടി. വാർത്താശേഖരണത്തിനു പോകുന്ന മാധ്യമ പ്രവർത്തകരെ അന്യായമായി തടങ്കലിലാക്കുകയും രാഷ്ട്രീയ നേട്ടത്തിനായി രാജ്യ​ദ്രോഹക്കുറ്റം ചുമത്തി പീഡിപ്പിക്കുകയും ചെയ്യുന്ന ഉത്തരേന്ത്യൻ മാതൃകയിൽനിന്നു വ്യത്യസ്തമല്ല ഈ സംഭവവും. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവരും ഇതിനെതിരെ രംഗത്തുവരേണ്ടതുണ്ട്​.

Related Stories

No stories found.
logo
The Cue
www.thecue.in