അന്വേഷണം നിശ്ചലമാകുകയാണ്, അവരുടെ പോരാട്ടം ഇനി നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയാണ്

അന്വേഷണം നിശ്ചലമാകുകയാണ്,  അവരുടെ പോരാട്ടം ഇനി നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയാണ്
Published on

സംവിധായകന്‍ പി ബാലചന്ദ്ര കുമാര്‍ 'തന്റെ ജീവന് ഭീഷണിയുണ്ട്' എന്ന് വ്യക്തമാക്കി റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖം അന്വേഷണ ഉദ്യോഗസ്ഥന്‍മാരെ വധിക്കാന്‍ ശ്രമിച്ച കേസ് ആയി മാറുകയും നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിനെ സഹായിക്കുകയും ചെയ്തു. കേരളത്തിലെ ഏറ്റവും മികച്ച പൊലീസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ ആണ് ഈ കേസ് അന്വേഷിക്കുന്നത്. പൊതുസമൂഹത്തിന്റെ വിശ്വാസം പിടിച്ചു പറ്റുന്ന രീതിയില്‍ കാര്യങ്ങള്‍ നീങ്ങി. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ടെലിവിഷനില്‍ എനിക്ക് ആവുന്ന വിധത്തില്‍ ഇടപെടല്‍ നടത്തി. എന്നാല്‍, ഇനിയത് പോരാ എന്ന് തോന്നുന്ന ചിലകാര്യങ്ങള്‍ നടക്കുന്നു. തുടരന്വേഷണത്തിനായി ക്രൈം ബ്രാഞ്ചിന് അനുവദിച്ച സമയം അവസാനിക്കുന്നു. കേസ് അന്വേഷണം പല രീതിയില്‍ നിശ്ചലമാകുകയാണ്. അതിജീവിതയ്ക്ക് നീതി കിട്ടണമെങ്കില്‍, കുറ്റവാളികളിലേക്ക് കൂടുതല്‍ അടുക്കണമെങ്കില്‍ അന്വേഷണം എത്രയും പെട്ടെന്ന് മുന്നോട്ടുപോകേണ്ടതുണ്ട്. അന്വേഷണം വൈകിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങളാണ് ക്രൈം ബ്രാഞ്ചിന് മുന്നിലുള്ളത്.

കോടതി മുറിയില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പലതവണ 'ആക്‌സസ്' ചെയ്യപ്പെട്ടു. ഫോറന്‍സിക് പരിശോധനയ്ക്കായി ഫോര്‍വേഡിംഗ് നോട്ട് കോടതിയില്‍ ഈ മാസം നാലിന് സമര്‍പിച്ചു എങ്കിലും അതിതുവരെ തിരുവനന്തപുരം എഫ്എസ്എല്ലില്‍ എത്തിയിട്ടില്ല. എഫ്എസ്എല്‍ പരിശോധനയ്ക്ക് ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ട് കേസില്‍ പ്രധാനമാണ്. അതിന്റെ അടിസ്ഥാനത്തില്‍ വേണം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍. ഫോര്‍വേഡിംഗ് നോട്ട് ഫോറന്‍സിക് ലാബില്‍ അയക്കാതെ കാലതാമസം വരുത്തുകയാണ് കോടതി എന്ന ആക്ഷേപം അന്വേഷണ സംഘത്തിനുണ്ട്. ലൈംഗിക കുറ്റകൃത്യം ചിത്രീകരിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തു എന്നും ഹാഷ് വാല്യു മാറി എന്നും കണ്ടെത്തിയിട്ട് മാസങ്ങള്‍ ആയി. 2017 ഫെബ്രുവരി 18നാണ് അവസാനം ദൃശ്യങ്ങള്‍ കണ്ടതെന്നാണ് ഔദ്യോഗിക രേഖയിലുള്ളത്. എന്നാല്‍ 2018 ഡിസംബര്‍ 13നാണ് അവസാനം ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തത് എന്ന നിലയില്‍ ഹാഷ് വാല്യു മാറിക്കിടക്കുന്നു. ഇതിനിടയില്‍ പലതവണ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്യപ്പെട്ടു എന്നാണ് കരുതുന്നത്. ആക്‌സസ് ചെയ്യപ്പെട്ടു എന്ന് പറഞ്ഞാല്‍, കോടതി മുറിയില്‍ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉത്തരവാദപ്പെട്ടവര്‍ അല്ലാത്ത ഒരാളോ ഒരു കൂട്ടം ആളുകളോ ഒറ്റയ്‌ക്കോ ഒന്നിച്ചോ കണ്ടതോ അല്ലെങ്കില്‍ മറ്റൊരു മെമ്മറി കാര്‍ഡിലേക്ക് പകര്‍ത്തിയതോ ആകാം. ദൃശ്യങ്ങള്‍ വിദേശത്ത് എത്തിയിട്ടുണ്ട് എന്നൊക്കെ അഭ്യൂഹമുള്ള കേസാണിത്. 'ആക്‌സസ്' ചെയ്തു എന്ന പൊതുസംജ്ഞ ഉപയോഗിക്കുന്നത് കോടതി രേഖയില്‍ അങ്ങനെ മാത്രമേ ഉള്ളൂ എന്നത് കൊണ്ടാണ്. അതെന്തിനെന്ന് കണ്ടെത്തി കുറ്റക്കാരെ ചോദ്യം ചെയ്യണം എന്നത് ന്യായമായ ആവശ്യമാണ്. കേസിന് അത് അനിവാര്യമാണ്. കോടതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ ഈ മാസം നാലിന് അനുവാദം ലഭിച്ചു, എങ്കിലും ഫോര്‍വേഡ് നോട്ട് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ എത്തിയിട്ടില്ല. അതെന്താണാവോ? ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കിയിട്ടു വേണം കോടതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍.

ദിലീപിന്റെ ഫോണില്‍ കോടതി രേഖ കണ്ടെത്തിയത് അന്വേഷണ സംഘത്തെ ഞെട്ടിച്ച കാര്യമാണ്. ഇതില്‍ ശിരസ്തദാറേയും തൊണ്ടി സൂക്ഷിപ്പുകാരനേയും മറ്റും ചോദ്യം ചെയ്യണം എന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ അധികാരം എന്തെന്ന് ബോധ്യപ്പെടുത്തണമെന്നാണ് കോടതി അതിന് മറുപടിയായി ആവശ്യപ്പെട്ടത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജും വിചാരണാ കോടതി ജഡ്ജും ഒരാളാണ്. മെമ്മറി കാര്‍ഡ് അനധികൃതമായി ആക്‌സസ് ചെയ്ത വിഷയത്തില്‍ കോടതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ അനുവദിച്ചു, എന്നാല്‍ ഫോര്‍വേഡ് നോട്ട് മുന്നോട്ടു നീക്കിയില്ല. കോടതി രേഖ ദിലീപിന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത സംഭവത്തില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കാതെ ചോദ്യങ്ങള്‍ ചോദിച്ചു നില്‍ക്കുകയാണ്.

അഡ്വ. രാമന്‍പിള്ളയോട് വ്യക്തിപരമായി ഏറെ ബഹുമാനം പുലര്‍ത്തുന്ന ആളാണ് ഞാന്‍. ഈ കേസില്‍ അല്‍പം കടന്ന് പ്രതികളെ സഹായിച്ചു എന്ന വാദം പ്രോസിക്യൂഷനുണ്ട്. ഇരുപതോളം സാക്ഷികളെ മൊഴി മാറ്റി എന്ന വിഷയത്തില്‍ അഡ്വ. ഫിലിപ്പ് ടി വര്‍ഗീസിന്റെ പേര് ബാലചന്ദ്ര കുമാര്‍ പുറത്തു വിട്ട ഓഡിയോ ക്ലിപ്പില്‍ പോപ് അപ് ചെയ്തു വന്നിട്ടുണ്ട്. 'ലക്ഷ്യ'യില്‍ പോയ സാഗര്‍ എന്ന നിര്‍ണ്ണായക സാക്ഷി 'ഫിലിപ്പച്ചായനെ' കാണാന്‍ പോയോ എന്ന് ദിലീപ് അനൂപിനോട് ചോദിക്കുന്നുണ്ട്. ദിലീപും സംഘവും ഫോണ്‍ ഹാജരാക്കണം എന്ന് ഹൈക്കോടതി ആവശ്യപ്പെടുന്നത് ജനുവരി 29 ന് രാവിലെ പത്തേ കാലിനാണ്. അന്ന് ഉച്ചയ്ക്ക് ദിലീപ് അഡ്വ. രാമന്‍ പിള്ളയുടെ ഓഫീസില്‍ എത്തി ഫിലിപ്പ് ടി വര്‍ഗീസിന്റെ സാന്നിധ്യത്തില്‍ ഇരുന്ന് നാനൂറിലധികം ഡോക്യുമെന്റുകള്‍ നീക്കം ചെയ്തു എന്ന് ഹാക്കര്‍ സായി ശങ്കര്‍ എന്നോട് ടെലിവിഷന്‍ അഭിമുഖത്തില്‍ പറയുകയുണ്ടായി. ദിലീപ് ഓരോ ഫോട്ടോയും ഡോക്യുമെന്റും അഡ്വ. ഫിലിപ്പ് ടി വര്‍ഗീസിന് കാണിച്ചു കൊടുത്ത് അവ ഓരോന്നായി അഭിഭാഷകന്റെ ഉപദേശ പ്രകാരം നീക്കം ചെയ്തു എന്നും പൊലീസ് ഫോറന്‍സിക് പരിശോധനയില്‍ കിട്ടാനായി ജങ്ക് ഡാറ്റ നിറച്ചു എന്നുമാണ് സായി ശങ്കര്‍ പറയുന്നത്. സായി ശങ്കര്‍ 164 പ്രകാരം രഹസ്യ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം 164ലും പറഞ്ഞു എങ്കില്‍ അഭിഭാഷകനോട് ഇക്കാര്യം അന്വേഷിക്കേണ്ടതല്ലേ? എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ ആണ് ചോദ്യം ചെയ്യേണ്ടത് എന്ന് ചോദിച്ചാല്‍, രാമന്‍ പിള്ള അസോസിയേറ്റ്‌സിന്റെ വൈ ഫൈ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സായി ശങ്കറിന്റെ പണി ആയുധമായ ഐ മാക് ആക്‌സസ് ചെയ്തിട്ടുണ്ട്.

അഡ്വ. രാമന്‍ പിള്ള അസോസിയേറ്റ്‌സിലെ സുജേഷ് മേനോന്‍ ദിലീപിനോട് സംസാരിക്കുന്ന ഓഡിയോ ടേപ്പ് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. 'അവരെ കേള്‍പ്പിക്കാന്‍ വേണ്ടീട്ടാ, അല്ലാതെ നമ്മളൊക്കെ കണ്ടതല്ലേ ...അത് നമ്മള്‍ പല പ്രാവശ്യം കണ്ടതാ' എന്നുമൊക്കെ പറയുന്നത് ദിലീപിന്റെ കയ്യില്‍ ഒറിജിനല്‍ മെമ്മറി കാര്‍ഡ് ഉണ്ട് എന്ന തങ്ങളുടെ വാദം ശരിവെക്കുന്നതാണ് എന്നാണ് പോലീസ് പറയുന്നത്. ഇതിന് അഡ്വ . സുജേഷ് മേനോനെ കണ്ട് ചോദിക്കണം എന്ന ആവശ്യവും പോലീസിനുണ്ട്. അതിലും തടസ്സം വരുന്നു. ഈ വിഷയത്തില്‍ സംശയമകറ്റാന്‍ ഞാന്‍ സമീപിക്കാറുള്ള അഡ്വ. അജകുമാര്‍ പറയുന്നത്, പിണറായി അഭ്യന്തര മന്ത്രിയായത് കൊണ്ടാണ് ഈ കേസ് ആര്‍ജ്ജവത്തോടെ ഇവിടെയെങ്കിലും എത്തിക്കാന്‍ ആയത് എന്നാണ്. അതാണ് ശരിയും. എന്നാല്‍, നേരത്തെ ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റ അടക്കമുള്ളവര്‍ ദുരൂഹമായി കേസില്‍ ഇടപെട്ട കാര്യം മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ആശങ്കാജനകമാണ്. ഇത്തരം ഭൂതങ്ങള്‍ ഇനിയും പോലീസില്‍ ഉണ്ടോ എന്ന് അന്വേഷിക്കപ്പെടണം.

ഒരുകാര്യം വ്യക്തമായും സ്ഫുടമായും പറയാം. ദിലീപില്‍ കേന്ദ്രീകരിച്ച് ഈ വിഷയത്തെ ചുരുക്കരുത്. ആ നടനോട് അദ്ദേഹത്തിന്റെ പ്രൊഫഷനല്‍ മികവില്‍ വലിയ ബഹുമാനമാണ്. എന്നാല്‍ ഈ കുറ്റകൃത്യത്തില്‍ നീതി നടപ്പാകുന്നില്ല എന്ന തോന്നലുണ്ട്. വിചാരണാ കോടതി മാറണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വരെ പോയി. രണ്ട് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഇതിനിടെ രാജിവെച്ചു. ഇതുവരെ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം അഞ്ചു കേസുകളാണ് എനിക്കെതിരെ എടുത്തത്. ജഡ്ജ് ഹണി വര്‍ഗീസിന്റെ വിചാരണാ കോടതിയിലും ഹൈക്കോടതിയില്‍ ജസ്റ്റിസ് കൌസര്‍ എടപ്പഗത്തിന്റെ ബെഞ്ചിലും കോടതിയലക്ഷ്യവും നിലനില്‍ക്കുന്നു. മലയാള മനോരമ ഇതിനിടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരിക്കുന്നു. ഓണ്‍ലൈന്‍ ചാനലുകളും ദിലീപ് വാദികളും സാമ്പത്തിക ആരോപണവും ഐ എസ് തീവ്രവാദി ബന്ധവും എനിക്കെതിരെ ഉന്നയിക്കുന്നു.

അന്വേഷണത്തിന്റെ ഒന്നാം ഘട്ടത്തില്‍ ഇന്‍ ക്യാമറയുടെ മറവില്‍ പല അട്ടിമറികളും നടന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി ജാഗ്രത പുലര്‍ത്തുന്നുണ്ട്. മാധ്യമ നോട്ടം ഉള്ളതുകൊണ്ട് വിചാരിച്ച പോലെ ചിലര്‍ക്ക് കാര്യങ്ങള്‍ നടക്കുന്നില്ല എന്ന് തോന്നുന്നു. മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ ഹൈക്കോടതിയില്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് വീണ്ടും അപേക്ഷയുമായി എത്തിയിട്ടുണ്ട്. അഡ്വ. ഫിലിപ്പ് ടി വര്‍ഗീസ് അഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പ്രതിഭാഗം അഭിഭാഷകര്‍ അഭ്യന്തര സെക്രട്ടറിയെ സമീപിച്ചത് വെറുതെയാവില്ല. നല്ല രീതിയില്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്ന, അതിജീവിതയ്ക്ക് പൂര്‍ണ്ണ വിശ്വാസം ഉള്ള എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ മാറ്റാനോ സിബിഐ അന്വേഷണത്തിന് ശ്രമിക്കാനോ ഉള്ള അടവാകാനേ സാധ്യത ഉള്ളൂ.

ഈ കേസില്‍ ലഭ്യമായ രേഖകള്‍ എല്ലാം കോടതിയില്‍ സമര്‍പ്പിച്ച് ജാഗ്രത പുലര്‍ത്താന്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുന്നുണ്ട്. സിബിഐ വന്നാല്‍ തെളിവുകള്‍ അട്ടിമറിക്കപ്പെടരുത് എന്നത് കൊണ്ടാകും കിട്ടുന്നതെല്ലാം കോടതിയില്‍ ഇപ്പോഴേ നല്‍കുന്നത്. പുറം ലോകവും ജാഗ്രത പാലിക്കണം എന്ന സന്ദേശവും ഇതിലുണ്ട്. അതിജീവിത അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞു. അവരുടെ പോരാട്ടം ഇനി നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയാണ്. അതിജീവിതയ്ക്ക് വേണ്ടിയല്ല നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി എങ്കിലും നമ്മള്‍ ഒന്നിച്ചു നില്‍ക്കണ്ടേ? വേണം. സമൂഹത്തിന്റെ ജാഗ്രതയായി ഈ സന്ദേശം പടരട്ടെ. ജസ്റ്റിസ് ഫോര്‍ ഭാവന

Related Stories

No stories found.
logo
The Cue
www.thecue.in