പ്രിയ ഹാസ്യാവതാരകരേ, നിങ്ങള്‍ക്ക് മണ്ടേലയെക്കുറിച്ച് കേട്ടുകേള്‍വിയെങ്കിലുമുണ്ടോ?

പ്രിയ ഹാസ്യാവതാരകരേ,
നിങ്ങള്‍ക്ക് മണ്ടേലയെക്കുറിച്ച്
കേട്ടുകേള്‍വിയെങ്കിലുമുണ്ടോ?
Published on
Summary

പ്രിയപ്പെട്ട മലയാളി കോമഡിക്കാരേ നിങ്ങള്‍ക്ക് നെല്‍സണ്‍ മണ്ടേല എന്ന് കേട്ടു കേള്‍വി എങ്കിലും ഉണ്ടോ? മലയാള പൊതുബോധത്തില്‍ നിങ്ങള്‍ ഉണ്ടാക്കി വെക്കുന്ന അഭിനവ അപ്പാര്‍ത്തീഡുകള്‍ ചരിത്രം ചവറ്റു കുട്ടയില്‍ എറിയുക തന്നെ ചെയ്യും.

ഇരുപത്തി ഏഴു വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ നെല്‍സണ്‍ മണ്ടേല വന്‍ ഭൂരിപക്ഷത്തില്‍ സൗത്ത് ആഫ്രിക്കയുടെ പ്രസിഡന്റാകുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകം കണ്ട ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തമായിരുന്നു അത്. ലോകം സമാനതകളില്ലാത്ത ആ രംഗത്തെ ആവേശം പൂര്‍വമാണ് നോക്കികണ്ടത്.

1994 ല്‍ നെല്‍സന്‍ മണ്ടേല സൗത്താഫ്രിക്കയുടെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റായപ്പോള്‍, അദ്ദേഹത്തിനു നേരിടാന്‍ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. കറുത്ത വര്‍ഗക്കാര്‍ പ്രതികാരം ചെയ്യുമെന്ന് ഭയപ്പെട്ട് കഴിയുന്ന വെളുത്ത വര്‍ഗ്ഗക്കാരും, തങ്ങളോട് ഇത്രയും കാലം ചെയ്ത അനീതികള്‍ക്ക് എണ്ണിയെണ്ണി പകരം ചോദിക്കണമെന്നു കരുതുന്ന കരുത്തവര്‍ഗ്ഗക്കാരും. ഈ ജനതയെ ഒന്നിപ്പിക്കുകയെന്നതായിരുന്നു മണ്ടേല നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധി. പരാജയത്തിന്റെ പടുക്കുഴിയിലേക്ക് വീണുകൊണ്ടിരുന്ന സൗത്താഫ്രിക്കന്‍ റഗ്ബി ടീമിനെ കളത്തിലിറക്കി നെല്‍സന്‍ മണ്ടേല ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്തുവെന്ന് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ 'ഇന്‍വിക്ടസ് ' എന്ന ചലച്ചിത്രം പറയുന്നുണ്ട്. 2009 ല്‍ പുറത്തിറങ്ങിയ 'ഇന്‍വിക്ടസ് 'മികച്ച സ്‌പോര്‍ട്‌സ് മൂവികളിലൊന്നായാണ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത്. മോര്‍ഗന്‍ ഫ്രീമാനും, മാറ്റ് ഡെമോനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വരുന്നത്. ഇന്‍വിക്ടസില്‍ മണ്ടേലയായി വേഷമിട്ട മോര്‍ഗന്‍ ഫ്രീമാന്റെ അതുല്യ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്‌കാര്‍ നോമിനേഷനിലും അദ്ദേഹം ഇടം പിടിച്ചു. യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ജോണ് കാര്‍ലിന്‍ രചിച്ച Playing the Enemy: Nelosn Mandela and the Game that Made a Nation എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ഇന്‍വിക്റ്റസ്. അപ്പാര്‍ത്തീഡിനെതിരെ സിനിമ എന്ന മാധ്യമത്തെ ഒരു സംഭവ കഥയെ ആസ്പദമാക്കി ഉപയോഗിച്ചതിനുള്ള ഉദാഹരണമെന്ന നിലക്കാണ് ഈ സിനിമയെ പരാമര്‍ശിച്ചത്.

ആഫ്രിക്കന്‍ വിമോചനത്തിന്റെ അപ്പോസ്‌തോലനായ മണ്ടേലയുടെ ജന്മവാര്‍ഷിക ദിനമായിരുന്നു കഴിഞ്ഞ ദിവസം. വര്‍ണവിവേചനം എന്നത് ഒരു ആഫ്രിക്കന്‍ പ്രശ്‌നമല്ല. അതിന് ചില ആഗോള മാനങ്ങളുണ്ട്. ഇന്ത്യയില്‍ അത് ജാതി വിവേചനമായാണ് പ്രത്യക്ഷപ്പെടുന്നത്. ജാതിയെ ചുറ്റിപ്പറ്റിയാണ് ഇവിടെ വര്‍ണ-വംശ- അവഹേളനങ്ങള്‍ നടക്കുന്നത്. പുരോഗമനവാദികള്‍ എന്ന് മേനിനടിക്കുന്ന മലയാള പൊതുബോധത്തിലും ഈ വിവേചനങ്ങള്‍ ഇന്നും നിര്‍ബാധം തുടരുകയാണ്. ഇന്ത്യന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ എങ്ങനെ ആണ് ജാതിയെയും വര്‍ണവിവേചനത്തെയും കീഴാള വിരുദ്ധതയെയുമെല്ലാം ഉല്പാദിപ്പിക്കയും വിതരണം ചെയ്യുകയും ചെയ്യുന്നതെന്ന് കേരളത്തിലെ മാധ്യമങ്ങളില്‍ നിന്നും തന്നെ പഠിക്കാവുന്നതാണ്. ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍സ് നടക്കുന്നു, ബാഹുബലിയുടെ പാരഡിയാണ്. ദേവസേനയായി വന്നത് കറുത്ത് വണ്ണമുള്ള അമിത മേക്കപ്പ് ചെയ്ത സ്ത്രീയാണ് വന്നപാടെ നിറത്തേയും ശരീരത്തേയും പറ്റി ജിഷയുടെ(പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട) അമ്മ മാധ്യമങ്ങളോട് സംസാരിച്ച രീതിയില്‍ കാര്യങ്ങള്‍ പറയുകയാണ്. ബാക്കി കഥാപാത്രങ്ങള്‍ വെളുത്തിട്ടാണ്. കൂട്ടത്തോടെ വംശീയ അവഹേളനം നടത്തുകയാണ്. അവസാനം കറുത്ത ദേവസേനയെ കെട്ടാന്‍ വെളുത്ത ബാഹുബലി വിസമ്മതിക്കുന്നിടത്തേക്ക് കറുത്ത് ഇരുണ്ട രൂപത്തില്‍ കാലകേയന്‍ എത്തുകയാണ്. ബാഹുവിനെ ദേവസേനയില്‍ നിന്ന് രക്ഷിക്കാന്‍ കട്ടപ്പ ബാഹുവിനെ കൊല്ലുന്നു. കണ്ട് കാണികളെല്ലാം കയ്യടിയാണ് വിജയ് യേശുദാസും ജഗദീഷും മറ്റും ചിരിച്ച് മറിയുകയാണ്. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ചാനലാണ് വംശീയതയെ ജാതീയതയെ ഇത്ര പരസ്യമായി ആഘോഷിച്ചതെന്ന് ചിന്തിക്കണം

സ്വാഭാവികമായല്ല ഈ ആക്ഷേപങ്ങളും തമാശകളും കൊലപാതകങ്ങളും ഒക്കെ കടന്നു വരുന്നത്. വലിയൊരു ചരിത്രം തന്നെ അതിനുണ്ട്. എത്ര പുരോഗതി നേടിയാലും മുതലാളിത്ത വലതുപക്ഷ രാഷ്ട്രീയ ബോധ്യങ്ങള്‍ ആന്തരികമായി പേറുന്ന ചില അധമമായ മൂല്യങ്ങളുണ്ട് അവ ഇടക്ക് ഇടക്ക് പുറത്തു വന്നുകൊണ്ടേയിരിക്കും.

അവസാനമായി ഇത്തരത്തിലൊന്ന് കണ്ടത് ഫ്ളവേഴ്സ് ടീവിയില്‍ ആണ്. അതില്‍ ആദിവാസി ജനതയെ ഒന്നടങ്കം ആക്ഷേപിക്കുന്ന നിലയിലേക്ക് വരെയെത്തി തമാശകള്‍. സ്റ്റാര്‍ മാജിക് എന്ന വിനോദ പരിപാടിയില്‍ അതില്‍ പങ്കെടുക്കുന്ന കറുത്ത ചുരുണ്ട മുടിയുള്ള മനുഷ്യനെ നീ ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ളവനാണ് എന്ന് ആദിവാസി വേഷധാരികള്‍ പറയുമ്പോള്‍ അയാള്‍ അപമാനിതനാവുകയും, മറ്റു അഭിനേതാക്കള്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുകയുമാണ്. എന്തുകൊണ്ടാവാം അയാള്‍ അപമാനിതനായത്? എന്തിനാണ് ആദിവാസിയാണ് എന്ന് പറയുമ്പോള്‍ ആളുകള്‍ ചിരിക്കുന്നത്?. നിങ്ങള്‍ ആദിവാസിയാണ് ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ളയാളാണ് എന്ന് പറഞ്ഞപ്പോള്‍ അപമാനം തോന്നിയ മനുഷ്യനെ കാണുമ്പോള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്, ഇന്നാട്ടിലെ തദ്ദേശീയ ജനത അപ്പോള്‍ എത്രമാത്രം അവഗണനയും അപമാനവും സഹിച്ചാകും മുന്നോട്ടു പോകുന്നത്. ടിക്റ്റോക് റോസ്റ്റിംഗ് നടത്തിയ അര്‍ജു(അര്‍ജുന്‍ സുന്ദരേശന്‍) അമ്പിളി എന്നൊരാളെ കളിയാക്കിയിരുന്നു. അതിന് ശേഷം അമ്പിളി നേരിട്ട അപമാനത്തിനു കയ്യും കണക്കുമില്ല. ഇന്നിപ്പോള്‍ അമ്പിളിയുടെ കരയുന്ന മുഖം വാട്‌സാപ്പ് സ്റ്റിക്കറില്‍ നന്നായി ഓടുന്നുണ്ട്. ടിക്റ്റോക് നിരോധിച്ചപ്പോള്‍ നിങ്ങള്‍ കണ്ടുകാണും, 'ഈ ദുരന്തങ്ങളെ ഇനി കാണണ്ടല്ലോ' എന്ന കാപ്ഷ്യനോടെ ചില വീഡിയോകള്‍ ഫേസ്ബുക്കില്‍ കറങ്ങി നടന്നത്. കറുത്ത, വണ്ണമുള്ള, പല്ലുന്തിയ ശരീരങ്ങള്‍ പ്രത്യേകിച്ച് സ്ത്രീകളുടെ വീഡിയോകള്‍ ആയിരുന്നു അത്. വിദ്യാസമ്പന്നരായ മലയാളി പൊതുബോധം ഛര്‍ദിച്ചു വെച്ച വര്‍ണ്ണ-വംശീയവെറികളുടെ നേര്‍പതിപ്പുകള്‍ ആയിരുന്നു അത്. എന്തുതന്നെ ആയാലും വെളുപ്പിന്റെ വര്‍ണരാജികള്‍ വിലസുന്ന സിനിമ-സീരിയല്‍ അഭിനയ ലോകത്തേക്ക് ചെന്നെത്താനാവാത്ത കറുത്ത മനുഷ്യരുടെ സമാന്തരലോകമായിരുന്നു ടിക് ടോക്ക്. എനിക്ക് മേക്കപ്പ് ചെയ്യാന്‍ താല്പര്യമില്ല എന്ന് നിമിഷ സജയന്‍ പറയുമ്പോള്‍ ആനി പറയുന്ന 'കുട്ടിക്ക് മേക്കപ്പ് ഇഷ്ടില്യ' എന്ന പ്രയോഗത്തിന് പി. കെ റോസി മുതലുള്ള ദളിതരും കറുത്തവരുമായ സ്ത്രീകളെ മലയാള സിനിമയുടെ പുറത്തു നിര്‍ത്തിയതിന്റെ/ വേലക്കാരിയും അടിച്ചുതളിക്കാരിയും മാത്രമാക്കിയതിന്റെ ചരിത്രമുണ്ട് എന്ന് നാം ഓര്‍ക്കണം. എന്നാല്‍ സീരിയല്‍ ഒണ്‍ലി ഹൈക്ലാസാണ്. അവിടെ വേലക്കാരി ആയിട്ട് പോലും ഒരു കറുത്ത സ്ത്രീ ഇല്ല എന്നതാണ് യാഥാര്‍ഥ്യം. ഫേസ്ആപ്പ് ഹിറ്റ് ആകാന്‍ കാരണം അതില്‍ ഫോട്ടോ ഇട്ട ആണുങ്ങള്‍ എല്ലാം സോ-കോള്‍ഡ് സൗന്ദര്യ സങ്കല്പമനുസരിച്ച് എക്‌സ്ട്രീം സുന്ദരികള്‍ ആയി മാറിയതും ഒപ്പം നന്നായി വെളുത്ത് ചുവന്നതുമാണ്. നേരെ മറിച്ചു ഫേസ്ആപ്പ് വഴി കിട്ടിയ ഫോട്ടോ മേല്പറഞ്ഞ സൗന്ദര്യത്തിന്റെ വിപരീതമായിരുന്നു എങ്കിലോ? 90% പേരും ഫോട്ടോ അപ്ലോഡ് ചെയ്യുമോ എന്നത് സംശയമാണ്. ഇവയെല്ലാം ആവര്‍ത്തിക്കേണ്ട പശ്ചാത്തലം അമേരിക്കയില്‍ ജോര്‍ജ് ഫ്‌ലോയിഡ് എന്ന ബ്ലാക് അമേരിക്കകാരനെ പോലീസ് നിഷ്ടൂരമായി കൊലപ്പെടുത്തിയ വാര്‍ത്ത ചര്‍ച്ചയായത് കൊണ്ടാണ്. വിനായകന്റെയും മധുവിന്റെയും മരണങ്ങള്‍ മുന്നിലുള്ളതിനാല്‍ നമുക്കതിനെ പെട്ടന്ന് റിലേറ്റ് ചെയ്യാനാകും. ഒരു പക്ഷെ ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണം നമ്മെ അസ്വസ്ഥമാക്കിയില്ലായിരുന്നെങ്കില്‍ ഇത്തരം ഹാസ്യപരിപാടികളിലെ വംശീയ വിഷങ്ങള്‍ ജനപ്രീയമായി തന്നെ തുടര്‍ന്നേനെ സ്വാഭാവികമായല്ല ഈ ആക്ഷേപങ്ങളും തമാശകളും കൊലപാതകങ്ങളും ഒക്കെ കടന്നു വരുന്നത്. വലിയൊരു ചരിത്രം തന്നെ അതിനുണ്ട്. എത്ര പുരോഗതി നേടിയാലും മുതലാളിത്ത വലതുപക്ഷ രാഷ്ട്രീയ ബോധ്യങ്ങള്‍ ആന്തരികമായി പേറുന്ന ചില അധമമായ മൂല്യങ്ങളുണ്ട് അവ ഇടക്ക് ഇടക്ക് പുറത്തു വന്നുകൊണ്ടേയിരിക്കും.

നൂറു സിംഹാസനങ്ങള്‍ ഓര്‍പ്പിച്ചു പറഞ്ഞാല്‍, അയാള്‍ ഒരു കറുത്ത വര്‍ഗക്കാരനാണെന്ന-ദലിതനെന്ന-തൊഴിലാളിയെന്ന-ആദിവാസിയെന്ന ഒറ്റ കാരണത്താല്‍ അയാള്‍ കുറ്റക്കാരനും അനീതിക്കും ഇരയായി തീര്‍ന്നു. ചരിത്രപരമായ ആ അനീതിയെ ഇന്നും സാമാന്യവല്‍ക്കരിക്കുക എന്ന പാതകത്തെയാണ് മലയാളത്തിലെ മുന്‍നിര ചാനലുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നമ്മുടെ പൊതുബോധം തുല്യമാകാത്തിടത്തോളം കാലം ഈ വിവേചനങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. പ്രിയപ്പെട്ട മലയാളി കോമഡിക്കാരേ നിങ്ങള്‍ക്ക് നെല്‍സണ്‍ മണ്ടേല എന്ന് കേട്ടു കേള്‍വി എങ്കിലും ഉണ്ടോ? മലയാള പൊതുബോധത്തില്‍ നിങ്ങള്‍ ഉണ്ടാക്കി വെക്കുന്ന അഭിനവ അപ്പാര്‍ത്തീഡുകള്‍ ചരിത്രം ചവറ്റു കുട്ടയില്‍ എറിയുക തന്നെ ചെയ്യും.

'No one is born hating another perosn because of the color of his skin, or his background, or his religion. People must learn to hate, and if they can learn to hate, they can be taught to love, for love comes more naturally to the human heart than its opposite.' (Long Walks to Freedom, Nelosn Mandela).

പ്രിയ ഹാസ്യാവതാരകരേ,
നിങ്ങള്‍ക്ക് മണ്ടേലയെക്കുറിച്ച്
കേട്ടുകേള്‍വിയെങ്കിലുമുണ്ടോ?
'ആദിവാസിയെ കൈകൊട്ടി ചിരിക്കാനുള്ള കളിപ്പാവയാക്കുംമുമ്പ് ഗോത്രജീവിതം പഠിക്കണം', ഫ്‌ളവേഴ്‌സ് കോമഡി ഷോയിലെ വംശീയവിരുദ്ധതയില്‍ പ്രതിഷേധം

Related Stories

No stories found.
logo
The Cue
www.thecue.in