സര്‍ക്കാരായാലും വ്യക്തികളും സംഘടനകളുമായാലും- പ്ലീസ്, പകര്‍ത്താതിരിക്കാന്‍ ആവില്ലെങ്കില്‍ കൊടുക്കാതിരിക്കു. എക്കാലത്തേയ്ക്കുമുള്ള മുറിവ് നല്‍കിയിട്ട്, അത് ജീവകാരുണ്യമാണ് എന്നു പറയരുത്, കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ എഴുതുന്നു.
രണ്ടോര്‍മ്മകള്‍. ആദ്യത്തേത്, ഒരു പുസ്തകമാണ്. പെരിയാറിന്റെ കഥ എന്നാണ് പേര്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ശിശുദിനത്തിലെ പ്രസംഗ മത്സരത്തിന് കിട്ടിയത്. അതിന്റെ ഒന്നാം പേജില്‍ ബാലചന്ദ്രന്‍ സാറിന്റെ കൈപ്പടയില്‍, പ്രസംഗമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ഷൈന് സമ്മാനിക്കുന്നു എന്നെഴുതിയിരുന്നു. പിന്നീടുള്ള ഓരോ കാലത്തും ആ പേജെടുത്ത് വായിച്ച്, സ്വയം പുളകിതനാകുന്ന കുട്ടിയായിരുന്നു. പ്രസംഗിക്കാനുള്ള ധൈര്യം വല്ലാതെ തന്ന ആ ഒന്നാം പേജ്. പുസ്തകം ഇപ്പോഴും കയ്യിലുണ്ട്. എന്നെ 'ജനിപ്പിക്കുന്നതില്‍' സൃഷ്ടിക്കുന്നതില്‍ വല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട് ആ സമ്മാനം. പിന്നീട് കുഞ്ഞുങ്ങള്‍ക്ക് സമ്മാനം കൊടുക്കേണ്ടി വരുമ്പോഴെല്ലാം പുസ്തകം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാറുള്ളത് ആ ഓര്‍മ്മയില്‍ നിന്നാണ്. ഒന്നാം പേജില്‍ പേരൊക്കെ എഴുതി കൊടുക്കും.
രണ്ടാമത്തേത്, ഞാന്‍ ജനിച്ചത് ഒരു ഓലപ്പുരയിലായിരുന്നു. ചുറ്റുമേറെയും ഓല തന്നെ. രാത്രികാലങ്ങളില്‍ ചിലപ്പോള്‍ വലിയ കൂട്ട നിലവിളികള്‍ കേള്‍ക്കും. ഓടിപ്പുറത്തിറങ്ങി തീയും പുകയും എവിടെ നിന്നാണ് വരുന്നതെന്നു നോക്കും. ഏതെങ്കിലും ഓലപ്പുര കത്തിയതാകും. കയ്യില്‍ കിട്ടിയ കുടവും എടുത്ത് കുഞ്ഞും വലുതുമെല്ലാം ആ കത്തുന്ന പുരയ്ക്കടുത്തേയ്ക്ക് ഓടും. ആ കത്തിയൊടുങ്ങുന്നതില്‍ അതുവരെയുള്ള സകലതും ഉണ്ടാകും. കിടക്കപ്പായയും പുസ്തകങ്ങളും രേഖകളുമെല്ലാം. എത്രവെള്ളം കോരിയൊഴിച്ചിട്ടും കാര്യമൊന്നുമില്ല. കരിഞ്ഞമരും. പിറ്റേന്ന് നോക്കുമ്പോള്‍ കരിഞ്ഞു ചാമ്പലായ ആ പുരയില്‍ കരഞ്ഞു തളര്‍ന്ന മനുഷ്യരുണ്ടാകും. എല്ലാവരും കൂടി ഓലയും പത്തലുകളും സംഘടിപ്പിച്ച് താല്‍ക്കാലികമായി പുര കുത്തും. വീണ്ടും മറ്റൊരയലത്ത് മറ്റൊരു രാത്രിയില്‍ മണ്ണെണ്ണ വിളക്കില്‍ നിന്നോ... അടുപ്പില്‍ നിന്നോ തീയെത്തി സ്വപ്നത്തെ ചാമ്പലാക്കും.
ആ ഫോട്ടോ എടുക്കാന്‍ നിരന്നു നിന്നപ്പോള്‍ അനുഭവിച്ചത്ര ലജ്ജ, ജീവിതത്തില്‍ പിന്നെയൊരിക്കലും ഉണ്ടായിട്ടില്ല. ഉടുത്ത തുണി തൊലിയടക്കം ഉരിഞ്ഞു പോകുന്നതു പോലെ. അതെല്ലാവരും കാണുമോ എന്ന ഭയം. അയച്ചു കൊടുക്കാനാണ് എന്ന് സമാധാനിപ്പിച്ചിട്ടും മനസിലായത് ഭയമായി.
ചാച്ചന്‍, പുസ്തകം വില്‍പ്പനയായിരുന്നു. പുള്ളി എഴുതിയ നാടകങ്ങള്‍ നടന്നു വില്‍ക്കുന്ന വരുമാനത്തിലാണ് ഞങ്ങളുടെ ജീവിതം. കത്തുന്ന പുര പേടിയായിരുന്നു. കത്താത്ത വീട് വേണമെന്ന് ഞാനാണ് കുഞ്ഞുന്നാളില്‍ ചാച്ചനോട് പറഞ്ഞതെന്നു കേട്ടിട്ടുണ്ട്. പനമ്പ് മറയും പലക വാതിലും വരെയുള്ള മോടികളേ ഞങ്ങളുടേതിനുള്ളു. എല്ലാരും കൂടി ഒന്നിച്ചാണ് കിടന്നുറങ്ങുന്നത്. ചാച്ചനാണെങ്കില്‍ എഴുതുക കൂടി ചെയ്യുന്ന ആളായതിനാല്‍ വീട്ടില്‍ കടലാസുകള്‍ ഏറെയുണ്ട്. വില്‍ക്കാനുള്ള പുസ്തകങ്ങളും. കത്താത്ത വീട് സ്വന്തമായി ഉണ്ടാക്കാനാവില്ലല്ലോ. പള്ളീ പോക്കുകാരായതിനാല്‍ അമ്മച്ചി വഴി വീടു കിട്ടി. ഒറ്റമുറി വീട്. അത് കെട്ടിപ്പൊക്കി വന്നപ്പോള്‍, അവസാന ഗഡു കിട്ടണമെങ്കില്‍ പണിതീരാത്ത വീടിനു മുന്നില്‍ നിന്ന് ഒരു പടമെടുക്കണമെന്ന് പള്ളിയില്‍ നിന്നു പറഞ്ഞു. നിര്‍ധനര്‍ക്കുള്ള വീടു പണിതു നല്‍കിയത് കര്‍ത്താവിനെ അറിയിക്കാനാകും ഫോട്ടോ എടുപ്പ്. ആ ഫോട്ടോ എടുക്കാന്‍ നിരന്നു നിന്നപ്പോള്‍ അനുഭവിച്ചത്ര ലജ്ജ, ജീവിതത്തില്‍ പിന്നെയൊരിക്കലും ഉണ്ടായിട്ടില്ല. ഉടുത്ത തുണി തൊലിയടക്കം ഉരിഞ്ഞു പോകുന്നതു പോലെ. അതെല്ലാവരും കാണുമോ എന്ന ഭയം. അയച്ചു കൊടുക്കാനാണ് എന്ന് സമാധാനിപ്പിച്ചിട്ടും മനസിലായത് ഭയമായി. അതോര്‍ക്കുമ്പോള്‍ കുട്ടിയനുഭവിച്ച ആത്മനിന്ദ ഇപ്പോഴും നെഞ്ചത്ത് ഏറ്റവും തണുപ്പുള്ള കല്ല്മഞ്ഞായി ഉരുകുന്നുണ്ട്.
അനിതീക്ക് എതിരെയുള്ള സമരമായി നല്‍കുന്ന സമ്മാനങ്ങള്‍ പതിയേണ്ടത് ആ കുഞ്ഞുങ്ങളുടെ മനസിലാണ്. അല്ലാതെ നമ്മുടെ മൊബൈല്‍ ക്യാമറകളിലല്ല.
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്, ദേവികയുടെ ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡറിനു ശേഷം പലരും സഹായ വിതരണം നടത്തുകയാണല്ലോ. നല്ലകാര്യമാണത്. പക്ഷെ, ആ ചിത്രം എടുത്തു പ്രചരിപ്പിക്കുന്നവര്‍ ആ കുഞ്ഞുങ്ങളെ മുറിവേല്‍പ്പിക്കുകയാണ് എന്നു ചിന്തിച്ചിട്ടുണ്ടോ. ഈ സമൂഹവും അധികാരവും സൃഷ്ടിച്ച അനീതിയുടെ ആ ചിത്രം നീതി വിതരണത്തിന്റേതാണ് എന്നു തെറ്റിദ്ധരിക്കുകയാണ്. സത്യത്തില്‍, ആ അനീതി കാണേണ്ടത് ക്യാമറ കണ്ണുകൊണ്ടല്ല. ഉള്‍ക്കണ്ണിനാലാണ്. സര്‍ക്കാരായാലും വ്യക്തികളും സംഘടനകളുമായാലും- പ്ലീസ്, പകര്‍ത്താതിരിക്കാന്‍ ആവില്ലെങ്കില്‍ കൊടുക്കാതിരിക്കു. എക്കാലത്തേയ്ക്കുമുള്ള മുറിവ് നല്‍കിയിട്ട്, അത് ജീവകാരുണ്യമാണ് എന്നു പറയരുത്.
പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ഇത്തരത്തിലുള്ള അനേകം വിതരണ ചിത്രങ്ങള്‍ മുന്നില്‍ വന്നിട്ടുണ്ട്. പൊതുവെ പത്രങ്ങളുടെ പോളിസി വിതരണം ചെയ്യുന്ന ചിത്രങ്ങള്‍ കൊടുക്കില്ലെന്നാണ്. എന്നാല്‍, പലപ്പോഴും പിടിപാടുള്ളവരുടെ ചിത്രങ്ങള്‍ അച്ചടിച്ചു വരും. സമ്പന്നതയും അധികാരവും വ്യക്തമാകുന്ന ശരീര ഭാഷയും വസ്ത്രധാരണവുമുള്ള ആളുകള്‍ ഇല്ലായ്മയുടെ ആള്‍രൂപങ്ങള്‍ക്ക് കാരുണ്യം വിതരണം ചെയ്യുന്ന ഫോട്ടോകളിലേയ്ക്ക് നോക്കു. അതില്‍ ഞെളിഞ്ഞു നില്‍ക്കുന്ന മാന്യന്മാര്‍ നടത്തുന്ന അവഹേളനത്തിന്റെ ആഴം ഒരു ജന്മത്തെ മുഴുവനായി അപമാനിക്കുന്നതാണ്. രാജഭരണം അവസാനിച്ചിട്ടും 'രാജാവിന്' ജനാധിപത്യ സര്‍ക്കാര്‍ 'കപ്പം' കൊടുക്കുന്നുണ്ട്. ആ കപ്പം വിതരണത്തിന്റെ ചിത്രങ്ങള്‍ അടിച്ചു വരാത്ത കാലത്തോളം പെന്‍ഷന്‍ വാങ്ങുന്ന വൃദ്ധയുടെ ഫോട്ടോ പ്രസിദ്ധീകരിക്കരുത്. ജനങ്ങളുടെ നികുതി പഴയ രാജാവിന്റെ വീട്ടുകാര്‍ക്ക് കൊടുക്കുന്നതും അതുവാങ്ങിയുള്ള ചിരിയും പകര്‍ത്താത്ത ക്യാമറകള്‍ ഇല്ലായ്മയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കരുത്. ആ ക്യാമറകള്‍ വാങ്ങി തല്ലിപ്പൊട്ടിച്ചു കളയേണ്ടി വരും.
വിതരണം ചെയ്യുന്ന ചിത്രം പ്രചരിപ്പിക്കുന്നവരുടെ ന്യായമാണ് അന്യായം- സന്ദേശമാണത്രേ. അങ്ങനെ കാരുണ്യം കാണിക്കാന്‍ മറ്റുള്ളവരേയും പ്രോത്സാഹിപ്പിക്കുകയാണത്രേ. ആ ചിത്രം എടുത്തു നല്‍കിയില്ലെങ്കില്‍ പത്രക്കാര്‍ വിശ്വസിക്കില്ലത്രേ. അതേ, പത്രത്തില്‍ അച്ചടിക്കാനായി തന്നെയാണ് ഈ വിതരണം. ഒരു കൈ ചെയ്യുന്നത് മറ്റേ കൈ പോലും അറിയരുതെന്ന് പഠിപ്പിച്ച പള്ളി, എന്റെ കുട്ടിക്കാലത്തിന്റെ തലകുനിപ്പിച്ചു. ആ കുനിഞ്ഞ തലയോടെ തന്നെ പറയട്ടെ- പ്ലീസ് ക്യാമറ പുറത്തെടുക്കല്ലേ.
ടിവിയോ, ഫോണോ കൊടുത്താല്‍ അവസാനിക്കുന്നതല്ല സാമൂഹികമായ അനീതി. അലിവ് സമ്മാനമായി മാറുമ്പോള്‍ ആ ചിത്രം പകര്‍ത്തേണ്ടത് ഒരു ക്യാമറയേയല്ല. വാങ്ങുന്നതിലൂടെ ആ കുഞ്ഞുങ്ങള്‍ നമുക്ക് ചെറിയൊരു 'സമാധാനം' നല്‍കുകയാണ്. ഇത്രയെങ്കിലും ചെയ്യാനായല്ലോ എന്ന സമാധാനം. തികച്ചും വ്യാജമായ സമാധാനമാണത് കൂട്ടരേ... ആത്യന്തികമായ പരിഹാരത്തിനുള്ള കാഹളത്തെ താല്‍ക്കാലികമായെങ്കിലും മുടക്കുകയുമാണ്. അലിവോടെ, അനിതീക്ക് എതിരെയുള്ള സമരമായി നല്‍കുന്ന സമ്മാനങ്ങള്‍ പതിയേണ്ടത് ആ കുഞ്ഞുങ്ങളുടെ മനസിലാണ്. അല്ലാതെ നമ്മുടെ മൊബൈല്‍ ക്യാമറകളിലല്ല.
എന്ന്,
അപമാനിതനായ പഴയ കുട്ടി.