കോർപറേറ്റ് അജണ്ടയിൽ ചിറകറ്റ് തൊഴിലാളി അവകാശങ്ങൾ

കോർപറേറ്റ് അജണ്ടയിൽ ചിറകറ്റ് തൊഴിലാളി അവകാശങ്ങൾ
Published on

സ്വതന്ത്ര ഭാരതത്തിൽ തൊഴിലാളി വർഗത്തിനുമേല്‍ പതിച്ച ഏറ്റവും വിനാശകാരിയായ ഇടിത്തീ ആയി മാറുകയാണ് കേന്ദ്ര സർക്കാർ പാർലമെൻറിൽ പാസാക്കിയെടുത്ത പുതിയ തൊഴിൽ നിയമസംഹിതകൾ. പതിറ്റാണ്ടുകളായി തൊഴിൽ, അവകാശ സംരക്ഷണം നൽകിയിരുന്ന നിയമത്തിെൻറ സുരക്ഷയിൽനിന്നു പിടിച്ചുമാറ്റി വർക്കിങ് ജേണലിസ്റ്റ് ആക്ട് റദ്ദാക്കുകയും ഒക്കുപ്പേഷനൽ സേഫ്റ്റി കോഡിലെ പരിമിത വകുപ്പുകളുടെ പരിധിയിലേക്കു ചുരുക്കുകയും ചെയ്തതോടെ മാധ്യമപ്രവർത്തകർ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിച്ച ഈ നിയമദുരന്തത്തിെൻറ കൊടിയ ഇരകളായി മാറാൻ പോവുകയാണ്. ഭേദഗതികൾക്കോ വിശദമായ ചർച്ചകൾക്കോ ഒരവസരവും കൊടുക്കാതെയാണ് ഭരണപക്ഷാനുകൂല തൊഴിലാളി സംഘടനയായ ബി.എം.എസിെൻറ പോലും കടുത്ത എതിർപ്പ് അവഗണിച്ചു കേന്ദ്രം ബിൽ പാർലമെൻറിൽ പാസാക്കിയെടുത്തത്. വർക്കിങ് ജേണലിസ്റ്റ് ആക്ടിെൻറയും ഭാഗമായ വേജ്ബോർഡ് സംവിധാനത്തിെൻറയും സംരക്ഷണയിൽ മാധ്യമപ്രവർത്തകർക്കു ലഭ്യമായിരുന്ന തൊഴിൽ, വേതന സുരക്ഷയും മെച്ചപ്പെട്ട സേവന വ്യവസ്ഥകളുമെല്ലാം ഒക്കുപ്പേഷനൽ സേഫ്റ്റി കോഡിൽ ലയിച്ച് ഇല്ലാതാവുകയാണ്.

അസ്തമിക്കുന്ന വേജ്ബോർഡ്

ജനാധിപത്യത്തിെന്റ ജീവവായു ആയി മാധ്യമപ്രവര്‍ത്തനത്തെ കണക്കാക്കിയും ആത്യന്തികമായി അത് രാജ്യത്തിനുവേണ്ടി നടത്തുന്ന സാമൂഹിക പ്രവര്‍ത്തനത്തിെന്റ ഭാഗം തന്നെയാണ് എന്നു വിലയിരുത്തിയുമാണ് മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും സംരക്ഷിക്കുന്നതിന് പ്രത്യേക നിയമ നിര്‍മാണത്തിന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കേന്ദ്ര ഭരണകൂടം വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കിയത്. അതിന്റെ ഭാഗമായാണ് മാധ്യമ പ്രവര്‍ത്തകരുടെ സേവന വേതന വ്യവസ്ഥകള്‍ ചിട്ടപ്പെടുത്തുന്നതിന് കാലാകാലങ്ങളില്‍ വേജ് ബോര്‍ഡുകള്‍ രൂപം കൊണ്ടതും. നിര്‍ഭയമായും സ്വതന്ത്രമായും നടത്തേണ്ട തൊഴിലാണു മാധ്യമപ്രവര്‍ത്തനമെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ സുരക്ഷയും മെച്ചപ്പെട്ട വേതനവും ഉറപ്പ് വരുത്തേണ്ടത് ഭരണകൂടത്തിെന്റ ബാധ്യതയാണെന്നുമുള്ള ഒരു പൊതുബോധത്തിെന്റ സൃഷ്ടിയിലും ഈ നിയമനിര്‍മാണത്തിന് വളരെ വലിയ പങ്കുണ്ടായിരുന്നു. ആ പൊതുബോധത്തിെന്റ കടയ്ക്കല്‍ കൂടിയാണ് കേന്ദ്ര ഭരണകൂടം ഇപ്പോള്‍ കത്തിവെച്ചിരിക്കുന്നത്. പുതിയ തൊഴില്‍ സംഹിതയുടെ പിറവിയോടെ വേജ്‌ബോര്‍ഡ് ഇല്ലാതാവുകയാണ്. നിശ്ചിത സമയ നിയമനം, കരാര്‍ നിയമനം എന്നിവയൊക്കെയാവും ഇനി വേതന നിര്‍ണയത്തില്‍ അടിസ്ഥാനമാവുക. മാധ്യമ മേഖലയില്‍ മാത്രമല്ല, സവിശേഷ തൊഴില്‍ മേഖലകള്‍ക്കായി പ്രത്യേകമുണ്ടായിരുന്ന ഒട്ടേറെ മറ്റു നിയമങ്ങളും ഇല്ലാതാക്കിയതോടെ തൊഴിലാളി അവകാശങ്ങള്‍ ഏതാണ്ട് എല്ലാം തന്നെ ചിറകറ്റു വീണ നിലയിലാണ്.

തൊഴിലാളിയെ ജോലിക്ക് എടുക്കുന്നതിനും തോന്നുമ്പോള്‍ പിരിച്ചുവിടുന്നതിനും തൊഴിലുടമക്ക് വര്‍ധിച്ച സ്വാതന്ത്ര്യം നല്‍കുന്നു എന്നതാണ് തൊഴില്‍ സുരക്ഷ പാഴ്‌വാക്കാക്കി മാറ്റുകയും ഇന്ത്യന്‍ മുതലാളിത്തത്തിെന്റ ബിസിനസ് നേട്ടങ്ങള്‍ മാത്രം ലക്ഷ്യമിടുകയും ചെയ്യുന്ന ഈ നിയമനിര്‍മാണത്തിെന്റ കാതല്‍.

നാൽപത്തി നാലു കേന്ദ്ര നിയമങ്ങൾ എടുത്തുകളഞ്ഞ് സർക്കാർ പാർലമെൻറിൽ കൊണ്ടുവന്ന നാലു തൊഴിൽ ചട്ടങ്ങളിൽ വേതന ചട്ട ബിൽ കഴിഞ്ഞവർഷം തന്നെ പാസായിരുന്നു. പ്രതിപക്ഷ ആവശ്യത്തെ തുടർന്നു മറ്റു മൂന്നു ചട്ടങ്ങളും പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ പഠനത്തിന് വിടുകയായിരുന്നു. എന്നാൽ, കമ്മിറ്റിയുടെ പഠനം കഴിഞ്ഞപ്പോൾ തൊഴിലുടമക്ക് കൂടുതൽ ഇളവും ആശ്വാസവും ലഭ്യമാക്കുന്ന വിധം സർക്കാർ പുതുക്കികൊണ്ടുവന്ന വ്യവസായ ബന്ധ ചട്ടം,സാമൂഹിക സുരക്ഷ ചട്ടം, തൊഴിലിട സുരക്ഷ ചട്ടം എന്നീ തൊഴിൽ സംഹിതകളാണ് കാര്യമായ ചർച്ച പോലുമില്ലാതെ തിരക്കിട്ടു ചുട്ടെടുത്തത്.

ഹയർ ആൻഡ് ഫയർ

രാജ്യത്തെ എല്ലാ വിഭാഗം തൊഴിലാളികൾക്കും നിലവിൽ ലഭ്യമായിരുന്ന തൊഴിൽ-കൂലി സംരക്ഷണങ്ങൾ ഇല്ലാതാക്കുന്നതാണ് വേജ് കോഡ്. തൊഴിൽ നിയമങ്ങൾ തൊഴിലുടമയ്ക്ക് അനുകൂലമാക്കി മാറ്റുക എന്നതു മാത്രമാണു സർക്കാർ ഉദ്ദേശ്യം. ബിസിനസ് അനായാസമാക്കുകയാണ് (Ease of doing business)പുതിയ തൊഴിൽ നിയമ സംഹിതകളുടെ ലക്ഷ്യമെന്നു കേന്ദ്ര സർക്കാർ തന്നെ വിശദീകരിക്കുന്നുമുണ്ട്. എല്ലാ െതാഴിൽ മേഖലയിലും സ്ഥിരം തൊഴിലാളികൾ പതുക്കെ അപ്രത്യക്ഷമാവുന്ന വിധത്തിലാണ് പുതിയ തൊഴിൽ സംഹിതകളിലെ ചട്ടങ്ങൾ. തൊഴിലാളിയെ നിശ്ചിതകാലത്തേക്കു വാടകയ്ക്ക് എടുക്കാനും ഒരു നിയമ പരിരക്ഷയുമില്ലാതെ തോന്നുമ്പോള്‍ പിരിച്ചുവിടാനും ഉടമയ്ക്കു കഴിയും. പിരിച്ചുവിടപ്പെടുന്നവർക്ക് ഒരുവിധ സാമ്പത്തികാശ്വാസത്തിനും അർഹതയുമുണ്ടാവില്ല. എട്ടു മണിക്കൂർ ജോലി എന്ന അടിസ്ഥാന തത്ത്വം പോലും അട്ടിമറിക്കുന്നതാണ് ഈ കോഡിലെ വ്യവസ്ഥകൾ. തൊഴിൽനിയമങ്ങൾ കോർപേററ്റുകൾക്ക് അനുകൂലമാക്കുക എന്നതുമാത്രമാണ് പുതിയ നിയമനിർമാണത്തിെൻറ അജണ്ട എന്ന സംശയത്തിനു ബലം നൽകുന്നതാണ് ഇവയെല്ലാം.

സ്ഥാപനത്തെക്കുറിച്ചു പരാതി ഉണ്ടായാൽ അവിടെ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ലേബർ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിലവിൽ അധികാരമുണ്ട്. പുതിയ നിയമ പ്രകാരം ലേബർ ഇൻസ്പെക്ടർക്കു പകരം ഫെസിലിറ്റേറ്റർ എന്ന പേരിലുള്ള ഉദ്യോഗസ്ഥർക്കാണ് പരിശോധനാധികാരം. കമ്പനി പരിശോധിക്കാൻ എത്തുന്ന വിവരവും ഏതു കാര്യമാണ് പരിശോധിക്കുക എന്നും മാനേജ്മെൻറിനെ മുൻകുട്ടി അറിയിച്ചിരിക്കണമെന്നു കൂടി നിഷ്കർഷിച്ചിട്ടുണ്ട്.

സമരം ചെയ്യാനും അവകാശമില്ല

അവകാശങ്ങൾ പരിമിതമാക്കുന്നു എന്നതിൽ മാത്രമൊതുങ്ങുന്നില്ല പുതിയ നിയമ വ്യവസ്ഥകൾ. അവകാശനിഷേധത്തിനെതിരെ സമരം ചെയ്യാനുള്ള അവകാശം പോലും അതു ചോദ്യം ചെയ്യുന്നു. ഏതു വ്യവസായ സ്ഥാപനത്തിലും സമരം ചെയ്യാൻ തൊഴിലാളികൾക്കുള്ള അവകാശം ഇതോടെ പരിമിതമായിരിക്കുന്നു. സമരം ചെയ്യാൻ 14 ദിവസം മുമ്പ് നോട്ടീസ് നൽകണം. അനുബന്ധ വ്യവസ്ഥകൾ കൂടിയാകുേമ്പാൾ പണിമുടക്ക് നടത്താൻ തന്നെ കഴിയില്ല. അനുരഞ്ജന ചർച്ച നടന്ന് ഏഴു ദിവസം വരെ സമരം പാടില്ല. ഒരു ൈട്രബ്യൂണൽ നടപടി കഴിഞ്ഞ് 60 ദിവസ സാവകാശമില്ലാതെ സമരം ചെയ്യരുത്. സമരം മാത്രമല്ല, തൊഴിലുടമയുടെ ലോക്കൗട്ടും പാടില്ല. ഇങ്ങനെ പോകുന്നു വിലക്കുകൾ. പൊതുസേവന രംഗത്തെ സ്ഥാപനങ്ങളുടെ കാര്യത്തിൽ മാത്രമാണ് സമരത്തിന് ആറാഴ്ച മുമ്പ് നോട്ടീസ് നൽകണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നത്.

തൊഴിലാളിയെ ജോലിക്ക് എടുക്കുന്നതിനും തോന്നുമ്പോള്‍ പിരിച്ചുവിടുന്നതിനും തൊഴിലുടമക്ക് വർധിച്ച സ്വാതന്ത്ര്യമാണ് ചട്ടങ്ങൾ വഴി ലഭിക്കുക. 300ൽ താെഴ തൊഴിലാളികളുള്ള വ്യവസായ സ്ഥാപനം പൂട്ടാനും തൊഴിലാളികളെ പിരിച്ചു വിടാനും സര്‍ക്കാരിന്റെ പ്രത്യേകാനുമതി വേണ്ട. കഴിഞ്ഞ വർഷം സർക്കാർ നിർദേശിച്ചത് 100ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ എന്നായിരുന്നു. ബിൽ പുതുക്കിയപ്പോൾ നിലപാട് മാറ്റി. ഇതോടെ കൂടുതൽ സ്ഥാപനങ്ങൾക്ക് സ്വമേധയാ പിരിച്ചുവിടലിനും അടച്ചുപൂട്ടലിനും സ്വാതന്ത്ര്യമായി. വ്യവസായ ബന്ധ ചട്ടം 2020ലെ 77(1) വകുപ്പിലാണ് പിരിച്ചുവിടാൻ സർക്കാർ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നത്. തൊഴിലാളിയെ ജോലിക്ക് എടുക്കുന്നതിനും തോന്നുേമ്പാൾ പിരിച്ചുവിടുന്നതിനും തൊഴിലുടമക്ക് വർധിച്ച സ്വാതന്ത്ര്യമാണ് ചട്ടങ്ങൾ വഴി ലഭിക്കുക. 300ൽ താെഴ തൊഴിലാളികളുള്ള വ്യവസായ സ്ഥാപനം പൂട്ടാനും തൊഴിലാളികളെ പിരിച്ചു വിടാനും സർക്കാറിെൻറ പ്രത്യേകാനുമതി വേണ്ട.

നിശ്ചിതകാല തൊഴിൽ സമ്പ്രദായത്തിന് നിയമം വ്യവസ്ഥ ചെയ്യുന്നു. തൊഴിലുടമയും തൊഴിലാളിയുമായി നിശ്ചിതകാല കരാറിൽ ഏർപ്പെടാം. അതു പുതുക്കിയില്ലെങ്കിൽ, യഥാസമയം തൊഴിലാളി പിരിഞ്ഞു പോകണം. സ്ഥിര നിയമനം, താൽകാലിക നിയമനം എന്നിവയിൽനിന്ന് വ്യത്യസ്തമാണിത്. െതാഴിലാളി സംഘടനയുടെ ഇടപെടൽ പറ്റില്ല. ഒരേ വേതനമാകണമെന്നില്ല. പ്രോവിഡൻറ് ഫണ്ട്, ഇ.എസ്.െഎ അവകാശങ്ങൾ എന്നിവ പോലും നിശ്ചിതകാല കരാർ ജീവനക്കാർക്ക് ഉണ്ടാവില്ല. ഏതു സ്ഥാപനത്തിലെയും തൊഴിൽ ചർച്ചകൾ 51 ശതമാനമെങ്കിലും അംഗങ്ങളുള്ള യൂനിയനുമായിട്ടാവും. അത്തരമൊരു യൂനിയനില്ലെങ്കിൽ, 20 ശതമാനമെങ്കിലും തൊഴിലാളികൾ അംഗങ്ങളായ വിവിധ യൂനിയനുകളെ ഉള്‍പ്പെടുത്തി ചർച്ച സമിതി രൂപവത്കരിക്കുമെന്നതാണ് മറ്റൊരു വ്യവസ്ഥ.

ഏശാതെ പ്രതിരോധം

കരട് വ്യവസ്ഥകൾ പുറത്തുവന്നപ്പോൾ തന്നെ മാധ്യമ സമൂഹം ഒക്കുപ്പേഷനൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിങ് കണ്ടീഷൻസ് കോഡിനെതിരെ ശക്തമായ പ്രതിരോധം തീർത്തിരുന്നു. കേരള പത്രപ്രവർത്തക യുണിയനും ദൽഹി ജേണലിസ്റ്റ് യൂണിയനും സംയുക്തമായി കഴിഞ്ഞ വർഷം ദൽഹിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയും നവംബർ അഞ്ചിന് ചേർന്ന ലേബർ സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെ വിശദമായ വിയോജിപ്പ് രേഖാമൂലം സമർപ്പിക്കുകയും നവംബർ 27ന് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിലേക്ക് സംയുക്ത മാർച്ച് നടത്തുകയും ചെയ്തിരുന്നു. ഡി.യു.ജെ, എൻ.എ.ജെ എന്നീ സംഘടനകളുമായി ചേർന്നാണ് കെ.യു.ഡബ്ല്യു.ജെ മാർച്ച് നടത്തിയത്. ജനുവരി നാലിന് കെ.എൻ.ഇ.എഫുമായി ചേർന്നു സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ കേരളത്തിലെമ്പാടുംനിന്നുള്ള നൂറു കണക്കിന് മാധ്യമ പ്രവർത്തകർ ലേബർ കോഡിനെതിരെ പ്രതിഷേധം തീർക്കുകയുണ്ടായി. കൊച്ചിയിൽ തെളിവെടുപ്പിന് എത്തിയ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനൂം കേരളത്തിൽനിന്നുള്ള മുഴുവൻ എം.പിമാർക്കും കേന്ദ്ര നേതാക്കൾക്കും നിവേദനം നൽകുകയും ചെയ്തെങ്കിലും എല്ലാം ബധിര കർണങ്ങളിലാണ് പതിച്ചതെന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്.

അരക്ഷിതാവസ്ഥയുടെ ഭാവികാലം

ആശങ്കയുടെയും അരക്ഷിതാവസ്ഥയുടെയും ഭാവികാലമാണ് പുതിയ തൊഴിൽ സംഹിതകൾ മാധ്യമ മേഖലയിൽ കെട്ടിയിറക്കുന്നത്. വർക്കിങ് ജേണലിസ്റ്റ് ആക്ടിെൻറ പരിരക്ഷയിൽ ലഭ്യമായിരുന്ന സവിശേഷ പരിഗണനകൾ നഷ്ടമായിരിക്കുന്നു. മാന്യമായ വേതനഘടന നിശ്ചയിക്കുന്നതിനും കാലാകാലങ്ങളിൽ അർഹമായ വർധന നടപ്പാക്കുന്നതിനും ആശ്രയമായിരുന്ന വേജ്ബോർഡ് എന്ന ഉപാധി ഒരു പ്രതീക്ഷപോലുമല്ലാതായി മാറിയിരിക്കുന്നു. ഇൗ സാഹചര്യത്തിൽ ഡിജിറ്റൽ, ഇലക്ട്രോണിക് മീഡിയകളെക്കൂടി വർക്കിങ് ജേണലിസ്റ്റ് എന്നതിൽ ഉൾപ്പെടുത്തിയതുകൊണ്ടു മാത്രം എന്തു പ്രയോജനമാണുള്ളത്. നിയമത്തിെൻറ സംരക്ഷണത്തിൽനിന്ന് മാധ്യമപ്രവർത്തകർ അടക്കം സമസ്ത തൊഴിൽ വിഭാഗങ്ങളും പുറത്താകുേമ്പാൾ സംഘടിതമായ ചെറുത്തുനിൽപ്പും പ്രക്ഷോഭങ്ങളും കാമ്പയിനുകളും നിയമ പോരാട്ടങ്ങളും മാത്രമാണ് അനീതിയുടെ അതിക്രമത്തിൽനിന്നു കരകയറാൻ ശേഷിക്കുന്ന വഴി.

Related Stories

No stories found.
logo
The Cue
www.thecue.in