ഞെട്ടിക്കുന്ന ഭീകരവാര്‍ത്തകളാണ് ഇറാനില്‍ നിന്ന് പുറത്തു വരുന്നത്. വിഖ്യാത ചലച്ചിത്രകാരനായ ജാഫര്‍ പനാഹിയെ വീണ്ടും ഇറാനിയന്‍ ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നു. 2011ല്‍ ജാഫര്‍ പനാഹിയെ അറസ്റ്റ് ചെയ്യുകയും തടവിലിടുകയും സിനിമാ സംവിധാനം തടയുകയും ചെയ്തിരുന്നു. ഒരു സമൂഹജീവി എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ എല്ലാ അവകാശങ്ങളും അന്ന് എടുത്തു കളഞ്ഞു. സിനിമയെടുക്കുന്നതിനു മാത്രമല്ല; തിരക്കഥകളെഴുതുക, അഭിമുഖങ്ങള്‍ നല്‍കുക, വിദേശയാത്രകള്‍ ചെയ്യുക എന്നീ കാര്യങ്ങള്‍ക്കൊന്നും അദ്ദേഹത്തിന് അവകാശമുണ്ടായിരുന്നില്ല. ഭരണകൂടത്തിനെതിരായ പ്രചാരണങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട കുറ്റം. ഇറാനിയന്‍ ഭരണ/മത നേതൃത്വത്തിന് കലയോട് അസഹിഷ്ണുതാപൂര്‍ണമായ സമീപനമാണുള്ളത് എന്ന ഖൊമേനിക്കാലത്തെ പഴയ ആരോപണത്തെ വീണ്ടും ശരി വെക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് ഈ കുടില സംഭവം തെളിയിക്കുന്നു. ലോക പ്രശസ്തി നേടിയെടുത്ത ഇറാനിയന്‍ സിനിമയുടെ ദുരന്തവും ഒരു പക്ഷെ അവസാനവും കുറിച്ചേക്കാവുന്ന ഒരു ഭരണകൂട ഭീകരപ്രവൃത്തിയായിട്ടാണ് സ്വതന്ത്ര-ജനാധിപത്യ ലോകം ഈ സംഭവത്തെ കണക്കാക്കുന്നത്.
മഹത്തായ ചരിത്രമുള്ളതും വിപുലമായ പ്രേക്ഷക ശൃംഖലയെ ഇന്നും നിലനിര്‍ത്തിപ്പോരുന്നതുമായ അഭിവൃദ്ധിയുള്ള ഒരു സിനിമയാണ് ഇറാനിയന്‍ സിനിമ അഥവാ പേര്‍സ്യന്‍ സിനിമ. സ്വയം പര്യാപ്തമായ രീതിയില്‍ സ്വന്തം രാജ്യത്തും അയല്‍ രാജ്യങ്ങളിലുമായി വാണിജ്യ വിജയങ്ങള്‍ നേടുന്നവയ്ക്കു പുറമെ ലോകവ്യാപകമായി മേളകളിലൂടെ അവാര്‍ഡുകളും പ്രശംസകളും ഏറ്റു വാങ്ങുന്ന സൌന്ദര്യാത്മക സൃഷ്ടികള്‍ വരെ അനവധി സിനിമകള്‍ വര്‍ഷം തോറും ഇറാനില്‍ നിന്ന് പുറത്തിറങ്ങിക്കൊണ്ടേ ഇരിക്കുന്നുണ്ട്. ലോകത്തെമ്പാടും ഇറാനിയന്‍ സിനിമകള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇറാനിയന്‍ ചലച്ചിത്ര മേളകള്‍ തന്നെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. 1990 കളോടെ ചൈനയെപ്പോലെ ചലച്ചിത്രക്കയറ്റുമതിയുടെ കാര്യത്തില്‍ ഇറാനും ശ്രദ്ധേയമായ പുരോഗതി നേടിക്കഴിഞ്ഞു. ചില നിരൂപകര്‍ ലോകത്തുള്ളതില്‍ വെച്ചേറ്റവും മികച്ച ദേശീയ സവിശേഷതകള്‍ നിലനിര്‍ത്തുന്ന കലാവ്യവസ്ഥകളിലൊന്നായി ഇറാനിയന്‍ സിനിമയെ പരിഗണിക്കുന്നുമുണ്ട്. മുന്‍ ദശകങ്ങളില്‍ സജീവമായിരുന്ന ഇറ്റാലിയന്‍ നിയോ റിയലിസം പോലെ സ്വന്തം സംസ്ക്കാരത്തെയും ഇതര സംസ്ക്കാരങ്ങളെയും ആഴത്തില്‍ സ്വാധീനിക്കാവുന്ന ഒരു ദിശാബോധം തന്നെ ഇറാനിയന്‍ സിനിമ രൂപീകരിച്ചതായിട്ടാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. വിഖ്യാത ജര്‍മന്‍ ചലച്ചിത്രകാരനായ വെര്‍ണര്‍ ഹെര്‍സോഗിനെപ്പോലുള്ളവര്‍ ലോകത്തെ ഏറ്റവും പ്രധാനമായ കലാസിനിമകളിലൊന്നായിട്ടാണ് ഇറാനിയന്‍ സിനിമയെ വിശേഷിപ്പിക്കുന്നത്. ഷാക്കെതിരെ 1979ല്‍ നടന്ന വിപ്ളവത്തോടെ പരിപൂര്‍ണമായി പരിവര്‍ത്തിതമായ ഇറാനിയന്‍ സാംസ്ക്കാരിക-രാഷ്ട്രീയ അവസ്ഥയുടെ സങ്കുലതകളും വൈവിധ്യങ്ങളും പ്രതിഫലിപ്പിക്കുന്ന ആധുനിക ഇറാനിയന്‍ സിനിമ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. സിനിമയുടെ ലോക ചരിത്രത്തില്‍ എക്കാലവും സ്ഥാനം പിടിക്കാവുന്ന നിരവധി സിനിമകളും മാസ്റര്‍മാരും ഇറാനില്‍ നിന്ന് ഇതിനെ തുടര്‍ന്ന് പുറത്തുവരുകയുണ്ടായി. വ്യത്യസ്തമായ ശൈലികള്‍, ഇതിവൃത്തങ്ങള്‍, സംവിധായകര്‍, ദേശ രാഷ്ട്ര സങ്കല്‍പത്തെക്കുറിച്ചുള്ള ആശയം, സാംസ്ക്കാരികമായി സവിശേഷമായ സന്ദര്‍ഭത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നിവയിലൂടെയാണ് ഇറാനിയന്‍ സിനിമ ആരാലും ശ്രദ്ധിക്കപ്പെടുന്നത്.
1960കളിലാണ് ഇറാനിയന്‍ നവതരംഗ സിനിമകളുടെ കാലം ആരംഭിക്കുന്നത്. രാഷ്ട്രീയവും തത്വശാസ്ത്രപരവുമായ അര്‍ത്ഥ തലങ്ങളുണ്ടായിരിക്കെ തന്നെ കാവ്യാത്മകമായ ഒരു ആഖ്യാന രീതി ഈ ചിത്രങ്ങളില്‍ കാണാം. ഇവയുടെ ശക്തമായ സ്വാധീനത്തെ തുടര്‍ന്ന് പുതിയ ഇറാനിയന്‍ സിനിമ എന്ന സംജ്ഞയും പ്രയോഗത്തില്‍ വന്നു. അബ്ബാസ് ഖൈരസ്തമി, ജാഫര്‍ പനാഹി, മാജിദ് മജീദി, ബഹ്റാം ബെയസായ്, ദറിയൂസ് മെഹ്റൂജി, മൊഹ്സെന്‍ മഖ്മല്‍ബഫ്, ഖോസ്റോ സിനായ്, സൊഹ്റാബ് ഷാഹിസ് സാലെസ്സ്, പര്‍വീസ് കിമിയാവി, അമീര്‍ നദേരി, അബോല്‍ ഫാസി ജലീലി എന്നീ പേരുകള്‍ ഇറാനിയന്‍ നവതരംഗസിനിമകളിലൂടെ ലോകപ്രശസ്തമായിത്തീര്‍ന്നു. ആ കാലഘട്ടത്തിലെ ബുദ്ധിജീവി മണ്ഡലത്തിലും രാഷ്ട്രീയ മണ്ഡലത്തിലുമുണ്ടായ രാസപരിണാമങ്ങളെ തുടര്‍ന്നാണ് ചൈതന്യവത്തായ ഒരു ചലച്ചിത്രാഖ്യാന രീതി ഇറാന്‍ സ്വായത്തമാക്കിയത്. പുതിയ ഇറാനിയന്‍ സിനിമയെ ഉത്തരാധുനിക കലയുടെ ഉദാഹരണങ്ങളായി കണക്കു കൂട്ടുന്ന നിരൂപകരുമുണ്ട്. ഇറ്റാലിയന്‍ നിയോ റിയലിസത്തോട് ഒരു ചാര്‍ച്ച ഇറാനിയന്‍ സിനിമക്കുണ്ടെന്ന നിരീക്ഷണം പ്രബലമാണെങ്കിലും ഇറാനിയന്‍ സിനിമയുടെ സ്വത്വം പ്രത്യേകം രൂപീകൃതമായിട്ടുണ്ടെന്നാണ് വിദഗ്ദ്ധമതം.
നവതരംഗ സിനിമകള്‍ മാറ്റിയെഴുതിയ ചലച്ചിത്ര ഭാഷയെക്കുറിച്ച് റിയല്‍ ഫിക്ഷന്‍സ് എന്ന ലേഖനത്തില്‍ റോസ് ഈസ ഇപ്രകാരമെഴുതി. ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ളതും കഥാസിനിമയും ഡോക്കുമെന്ററിയും തമ്മിലുള്ളതുമായ അതിര്‍വരമ്പുകള്‍ മായ്ച്ചുകളഞ്ഞുകൊണ്ട് സാധാരണ മനുഷ്യരിലും ദൈനം ദിന ജീവിതത്തിലും കാവ്യാത്മക കാല്‍പനികത കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ് ഇറാനിയന്‍ സിനിമയുടെ വിജയം.ചലച്ചിത്രകാരന്മാരുടെ വൈയക്തികവും ദേശീയവുമായ സ്വത്വബോധത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ട ഈ പുതിയ മാനവികവും സൌന്ദര്യാത്മകവുമായ ചലച്ചിത്ര ഭാഷ ആഗോളീയതയുടെ ശാക്തേയതയെ മറികടന്നുകൊണ്ട് സ്വന്തം രാജ്യത്തു മാത്രമല്ല, ലോകവ്യാപകമായ പ്രേക്ഷക സമൂഹത്തിനോട് സര്‍ഗാത്മകമായി സംവദിക്കാന്‍ പ്രാപ്തി നേടിയിരിക്കുന്നു. ക്ളോസപ്പ് - ഇറാനിയന്‍ സിനിമ, പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചര്‍ എന്ന ഗ്രന്ഥത്തില്‍ കൊളമ്പിയ സര്‍വകലാശാലയിലെ ഇറാനിയന്‍ പഠനങ്ങള്‍ക്കുള്ള വിഭാഗത്തിലെ പ്രൊഫസറായ ഹമീദ് ദബാഷി പറയുന്നത് ആധുനിക ഇറാനിയന്‍ സിനിമയും ദേശീയ സിനിമ എന്ന പ്രതിഭാസവും സാംസ്ക്കാരിക ആധുനികതയുടെ രൂപമായി വിശദീകരിക്കപ്പെടേണ്ടതുണ്ടെന്നാണ്. അനാദിയായ മനുഷ്യനെക്കുറിച്ചുള്ള ഖുര്‍ ആന്‍ വ്യാഖ്യാനത്തിനു പകരം ചരിത്രപരമായ സ്ഥലകാലനിബന്ധനകളില്‍ കൃത്യമായി സ്ഥാനപ്പെടുത്താവുന്ന തരം ആധുനിക മനുഷ്യനെ ദൃശ്യവത്ക്കരിക്കുന്നു എന്ന ഒറ്റ കാര്യം തന്നെ ആധുനികതയോട് ഇറാനിയന്‍ സമൂഹത്തെ ബന്ധിപ്പിക്കുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറയുന്നു.
ഇറാനില്‍ സിനിമക്ക് ഇത്തരത്തില്‍ ആകര്‍ഷണീയമായ ഒട്ടനവധി അവസ്ഥകളുണ്ടെങ്കിലും വിപ്ളവത്തിനു മുമ്പും പിമ്പുമായി പല തരത്തില്‍ സജീവമായ സെന്‍സര്‍ഷിപ്പ് കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പിച്ച് ചലച്ചിത്രകാരന്മാരുടെ സ്വാതന്ത്ര്യത്തെ പ്രശ്നഭരിതമാക്കി. അതോടൊപ്പം, ഇറാനിയന്‍ സിനിമകളോട് ചില രാജ്യങ്ങളിലുള്ള വിദ്വേഷവും പഠനവിധേയമാക്കേണ്ടതുണ്ട്. പല ഇറാനിയന്‍ സിനിമകളും രാജ്യത്തിനകത്ത് പ്രദര്‍ശനം നിരോധിക്കപ്പെട്ടവയാണ്. ഇസ്ളാമിക വിപ്ളവത്തിനു ശേഷം സെന്‍സര്‍ഷിപ്പ് കൂടുതല്‍ ശക്തമായി. ജാഫര്‍ പനാഹിയുടെ എല്ലാ ചിത്രങ്ങളും രാജ്യത്തിനകത്ത് നിരോധിക്കപ്പെട്ടവയാണ്. വനിതകള്‍ ഫുട്ബാള്‍ കാണാന്‍ നടത്തുന്ന ശ്രമത്തെക്കുറിച്ചുള്ള ഓഫ്സൈഡ് (2006) എന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ഇറാനിയന്‍ അവസ്ഥയെ പ്രതിനിധീകരിക്കാന്‍ ഫുട്‌ബോള്‍ ഏറ്റവും യോജിച്ച ഒരു രൂപകമാണ്. അതെല്ലായിടത്തുമുണ്ട്. ആഹ്ലാദത്തിന്റെയും ബഹളത്തിന്റെയുമിടയില്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യതകളുണ്ട്; നിയമങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്യും. ആ യുവതികള്‍ വിപ്ലവകാരികളോ രാഷ്ട്രീയ വിമതരോ ബൗദ്ധിക കുഴപ്പക്കാരോ അല്ല; അവര്‍ ഫുട്‌ബോള്‍ ഭ്രാന്തികള്‍ മാത്രമാണ്. പങ്കാളിത്തത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ആഘോഷത്തിന്റെയും ബഹളത്തിന്റെയും സിനിമയാണ് ഓഫ്‌സൈഡ്.
എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ഇറാനിയന്‍ സിനിമ പൊതുജനസംസ്ക്കാരത്തില്‍ സൃഷ്ടിച്ച സ്വാധീനത്തിനു സമാനമായ ഒന്ന് അമ്പതുകള്‍ മുതല്‍ എഴുപതുകള്‍ വരെ ഇറാനിയന്‍ കവിത സൃഷ്ടിച്ച സ്വാധീനം മാത്രമേ ഉള്ളൂ എന്നാണ് ഹമീദ് ദബാഷി പറയുന്നത്. എന്നാല്‍ കവിതയേക്കാളേറെ, രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഇറാനിയന്‍ വംശജരെ ഒരേ സമയം അഭിസംബോധന ചെയ്തു എന്നതും അവരാല്‍ ആ ചിത്രങ്ങള്‍ സാമാന്യേന സ്വീകരിക്കപ്പെട്ടും എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അതുപോലെ തന്നെ പേര്‍സ്യന്‍ ഭാഷയോടുള്ള അപരിചിതത്വം കൊണ്ട് ലോകമെമ്പാടും വായിക്കപ്പെടാതിരുന്ന കവിതയില്‍ നിന്ന് വ്യത്യസ്തമായി ഇറാനിയന്‍ സിനിമ ലോകപ്രേക്ഷകസമൂഹം ആദരവോടെയും ആരാധനയോടെയും ഏറ്റുവാങ്ങി എന്നുള്ളതും എടുത്തു പറയേണ്ടതാണ്. സത്തയില്‍ വാചികമായ സാംസ്കാരിക അടിത്തറയുള്ള ഒരു സമൂഹം ദൃശ്യ സംസ്ക്കാരത്തിലേക്ക് പാകപ്പെടുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ കൂടിയായിരുന്നു ആ പതിറ്റാണ്ടുകളില്‍ കണ്ടത്. അങ്ങിനെ കഥകളിലൂടെയും കവിതകളിലൂടെയും ആവിഷ്കൃതമായിരുന്ന ഉത്ക്കണ്ഠകളും പ്രതീക്ഷകളും ആധുനികമായ ഒരു പൊതുസ്ഥലത്തെ രൂപീകരിച്ചെടുത്ത സിനിമയെന്ന മാധ്യമത്തിലൂടെ പ്രതിഫലിപ്പിക്കപ്പെട്ടു. പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം സിനിമക്കു പോകുക എന്നതു വിലക്കുകളെ ധിക്കരിക്കാനുള്ള നൈസര്‍ഗിക ചോദനയുടെ ഒരു ആവിഷ്ക്കാരം കൂടിയായിരുന്നു. ഷാ ഭരണകൂടം സിനിമയെ പ്രചാരണാവശ്യങ്ങള്‍ക്ക് ദുരുപയോഗപ്പെടുത്തിയിരുന്നു എന്നതുകൊണ്ട് ഇസ്ളാമിസ്റുകള്‍ സിനിമക്കെതിരായി അക്രമാസക്തമായ കലാപങ്ങള്‍ തന്നെ സംഘടിപ്പിച്ചിരുന്നു. നിരവധി സിനിമാശാലകള്‍ തീയിട്ടും ബോംബിട്ടും തകര്‍ത്തു. ഇക്കൂട്ടത്തില്‍ അബദാന്‍ നഗരത്തിലെ സിനിമാ റെക്സ് 1979ല്‍ അകത്തുള്ള പ്രേക്ഷകരെ പുറത്തുവിടാതെ തീയിട്ടതായിരുന്നു ഏറ്റവും ദാരുണമായ സംഭവം. നൂറുകണക്കിന് നിരപരാധികളാണ് സിനിമാ റെക്സില്‍ ചുട്ടു കൊല്ലപ്പെട്ടത്. ഇസ്ളാമിക വിപ്ളവത്തിനു ശേഷം പുതിയ ഭരണകൂടം അധികാരത്തില്‍ വന്നതോടെ പ്രതിപക്ഷാവിഷ്ക്കാരത്തിനുള്ള ഒരു സ്ഥലമായി സിനിമാശാലകള്‍ പരിണമിക്കുന്നതിന് ഇസ്ളാമിസ്റുകളുടെ ഈ മനോഭാവവും ഒരു കാരണമായിട്ടുണ്ട്. നിയമത്തെ ഉല്ലംഘിക്കാനുള്ള ഒരു നിമിത്തവും സ്ഥലവുമെന്ന അതിയാഥാര്‍ത്ഥ്യമായി സിനിമാതിയറ്ററുകള്‍ മാറി ത്തീര്‍ന്നു. ഇരുട്ടില്‍ കൈ കോര്‍ക്കാനും ചുംബിക്കാനും ദേശീയഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കാതിരിക്കാനും ഉള്ള നിഷേധത്തിന്റെ ആഘോഷസ്ഥലമായി സിനിമാശാലകള്‍ കൊണ്ടാടപ്പെട്ടു. അസാധാരണമായ ഒരു നൂതനത്വം, ആകര്‍ഷണം, നിരോധത്തെ മറികടക്കല്‍, അപ്രതീക്ഷിതത്വം എല്ലാം കൂടിച്ചേര്‍ന്നതായിരുന്നു സിനിമ.
ലോകസിനിമയുടെ വൈവിധ്യങ്ങള്‍ കഴിഞ്ഞകാലത്ത് കാണുകയും ഗ്രഹിക്കുകയും അവയുടെ സ്വത്വ പ്രതിനിധാനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തതിന്റെ ഒരു മറുപടിയാണ് പില്‍ക്കാല ഇറാനിയന്‍ സിനിമ എന്നാണ് ഹമീദ് ദബാഷി നിര്‍വചിക്കുന്നത്. എന്താണോ തങ്ങള്‍ പണ്ട് കണ്ടത് അതിനെ തങ്ങളുടെ സാംസ്കാരിക വര്‍ണഛായയില്‍ മുക്കി ലോകത്തിനെ തിരിച്ചേല്‍പ്പിക്കുകയാണ് ഇറാന്‍ സിനിമ ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള സംഗീത സിനിമകള്‍, അമേരിക്കന്‍ വെസ്റേണ്‍ ഴാങ്റിലുള്ളവ, യൂറോപ്യന്‍ അവാങ് ഗാര്‍ദ്, സോവിയറ്റ് യൂണിയനില്‍ നിന്നു വന്ന സാമൂഹ്യ യഥാതഥ സിനിമകള്‍ എന്നിവയെല്ലാം കണ്ട് അപഗ്രഥിച്ചതിന്റെ ഒരു ഭൂതകാലത്തില്‍ നിന്നാണ് പുതിയ ഇറാനിയന്‍ സിനിമ ഉദയം കൊണ്ടത്. ഇസ്ളാമിക വിപ്ളവത്തിന്റെ മഹാഖ്യാനത്തിനുള്ളില്‍ മാത്രം ഇറാനിയന്‍ സംസ്ക്കാരത്തെ പരിമിതപ്പെടുത്തിയ പാശ്ചാത്യ വീക്ഷണത്തെ സിനിമകളിലൂടെ ആവിഷ്ക്കരിക്കുന്ന നൂതനവും വ്യത്യസ്തവുമായ ലാവണ്യം കൊണ്ട് അത്ഭുതപ്പെടുത്തുകയാണ് അത് ചെയ്തത്. ഒളിച്ചുവെക്കപ്പെട്ട ആഗ്രഹങ്ങളൊക്കെയും സിനിമകളിലൂടെ വെളിച്ചം കണ്ടു. രാഷ്ട്രീയവും മതാത്മകവുമായ സെന്‍സര്‍ഷിപ്പുകള്‍ക്കു ശേഷവും മാരിവില്ലിന്റെ സൌന്ദര്യം കൊണ്ട് മെനഞ്ഞ പകല്‍ക്കിനാവുകള്‍ ഇറാനിയന്‍ സിനിമക്ക് നെയ്തെടുക്കാനായി എന്നത് ശ്രദ്ധേയമാണ്.
കാനില്‍ പാം ദ ഓറും വെനീസ് മേളയില്‍ ഗോള്‍ഡന്‍ ലയണും ബെര്‍ലിനില്‍ സില്‍വര്‍ ബിയറും അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയ ജാഫര്‍ പനാഹിയെ പ്പോലൊരു ചലച്ചിത്രകാരനെ തടവിലിട്ടത് ലോകമാനവികതയെ തന്നെ തടവിലിട്ടതിന് തുല്യമാണ്. കുട്ടിക്കാലത്തേ സാഹിത്യ-കലാ വാസനകള്‍ പ്രകടിപ്പിച്ചിരുന്ന പനാഹി പില്‍ക്കാലത്ത് ഫോട്ടോഗ്രാഫിയും ഡോക്കുമെന്ററികളും എടുത്തുകൊണ്ടാണ് ചലച്ചിത്രകലയിലേക്ക് ആകൃഷ്ടനാകുന്നത്. 1980-1988 കാലത്തെ ഇറാന്‍ ഇറാഖ് യുദ്ധകാലത്ത് സൈനിക സര്‍വ്വീസിലുണ്ടായിരുന്ന പനാഹി ആ യുദ്ധത്തെക്കുറിച്ച് ഒരു ഡോക്കുമെന്ററി തയ്യാറാക്കിയിട്ടുണ്ട്. അബ്ബാസ് ഖൈരസ്തമിയുടെ ത്രൂ ദ ഒലീവ് ട്രീസിന്റെ സഹസംവിധായകനായിരുന്നു പനാഹി.
1995ല്‍ സംവിധാനം ചെയ്ത വൈറ്റ് ബലൂണ്‍ കാനില്‍ പാം ദ ഓര്‍ നേടി. ഖൈരസ്തമിയാണ് തിരക്കഥ രചിച്ചത്. ഏഴു വയസ്സുകാരിയായ റസിയയും അവളുടെ അമ്മയും നവവത്സരപ്പിറവിയുടെ തലേന്ന് തെഹ്റാന്‍ നഗരത്തിലെ മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തുകയായിരുന്നു. അവള്‍ക്ക് ഇഷ്ടപ്പെട്ട സ്വര്‍ണമത്സ്യത്തെ അമ്മ വാങ്ങിച്ചുകൊടുക്കുന്നില്ല. പിന്നീട് പണം കിട്ടിയെങ്കിലും അതു വാങ്ങാനുള്ള നെട്ടോട്ടത്തിനിടയില്‍ പണം നഷ്ടപ്പെടുന്നു. അത് തിരഞ്ഞുള്ള ഓട്ടമായി പിന്നെ. സിനിമ അവസാനിക്കുമ്പോള്‍ പ്രധാന കഥാപാത്രങ്ങളില്‍ പലരും അപ്രസക്തരാവുന്നു. പകരം പുതിയ കഥാപാത്രങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടാണ് പനാഹി നമ്മെ അമ്പരപ്പിക്കുന്നത്. ഇസ്ളാമികഭരണകാലത്തെ സ്ത്രീ ജീവിതത്തെ സത്യസന്ധമായി ആവിഷ്ക്കരിക്കുന്ന ദ സര്‍ക്കിള്‍(2000) ആണ് പനാഹിയെ ലോകപ്രശസ്തനാക്കിയത്. അള്‍ട്രാസൌണ്ട് സ്കാനിംഗില്‍ കണ്ടത് ആണ്‍കുട്ടിയെ ആയിരുന്നുവെങ്കിലും സോള്‍മാസ് ഗോലാമി പ്രസവിക്കുന്നത് പെണ്‍കുട്ടിയെയാണ്. അവളുടെ അമ്മ തികച്ചും അസ്വസ്ഥയാകുന്നു. അവളെ ഭര്‍തൃഗൃഹക്കാര്‍ ഉപേക്ഷിച്ചേക്കുമോ എന്ന് ഭയന്ന്, മറ്റൊരു പെണ്‍കുട്ടിയെക്കൊണ്ട് ഭര്‍തൃസഹോദരന്മാരെ അമ്മാവാ എന്നു വിളിപ്പിക്കുകയാണ് അവര്‍. ഫോണ്‍ ബൂത്തിലുള്ളത് മൂന്നു പേരാണ്. അതില്‍ പാരിയുടെ കാര്യം കഷ്ടമാണ്. അവള്‍ ഗര്‍ഭിണിയാണ്; പക്ഷെ കുഞ്ഞിന്റെ അഛന്‍ വധിക്കപ്പെട്ടിരിക്കുന്നു. അവള്‍ക്ക് ഗര്‍ഭഛിദ്രം നടത്തണമെന്നുണ്ട്; പക്ഷെ അതിനുള്ള അപേക്ഷയില്‍ ഒപ്പിടാനുള്ള ആളാണ് മരണപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പല നിരാശാഭരിതരുടെ ദൂഷിത വൃത്തമായിട്ടാണ് സിനിമ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇറാനിലെ സ്ത്രീകള്‍ നേരിടുന്ന ദുരവസ്ഥകളാണ് ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതു തന്നെയാണ് യാഥാസ്ഥിതിക ഭരണകൂടത്തെ പ്രകോപനം കൊള്ളിക്കുന്നതും. ഒറ്റക്ക് യാത്ര ചെയ്യാനുള്ള സ്ത്രീകളുടെ ബുദ്ധിമുട്ട്, വസ്ത്ര ധാരണത്തിലെ നിബന്ധനകള്‍ എന്നിവ ഹൃദയസ്പര്‍ശകമായി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. തെഹ്റാന്‍ നഗരക്കാഴ്ചകളില്‍, ദുരന്തവും സന്തോഷവും സമാന്തരമായിരിക്കുന്നത് പനാഹി ചിത്രീകരിക്കുന്നത് ചലച്ചിത്രകലയുടെ ആഖ്യാനരീതിയെ സമ്പുഷ്ടമാക്കുന്ന തരത്തിലാണ്. ഒരു ഭാഗത്ത്, ഒരു പെണ്‍കുട്ടി ഉപേക്ഷിക്കപ്പെടുമ്പോള്‍ തൊട്ടടുത്ത് ഒരു വിവാഹപാര്‍ടിയുടെ ആരവങ്ങളാണ്. ദ സര്‍ക്കിളിന് വെനീസില്‍ ഗോള്‍ഡന്‍ ലയണും സാന്‍ സെബാസ്റ്യനില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്കാരവും ലഭിച്ചു. ഈ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുമ്പോള്‍ ന്യൂയോര്‍ക്കിലെ ജെ എഫ് കെ വിമാനത്താവളത്തില്‍ വെച്ച് പനാഹി തടഞ്ഞുവെക്കപ്പെടുകയുണ്ടായി. ഇറാനിലെ പൊതു ഫുട്ബാള്‍ സ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ആവേശകരമായ ഒരു കളി കാണാന്‍ വേഷപ്രഛന്നരായി ഗാലറിയില്‍ കടന്നിരിക്കുന്ന പെണ്‍കുട്ടികളുടെ കഥയായ ഓഫ്സൈഡ്(2006) ഇറാനില്‍ നിരോധിക്കപ്പെട്ടു; ബെര്‍ലിനില്‍ സില്‍വര്‍ ബെയര്‍ നേടി. ക്രിമ്സണ്‍ ഗോള്‍ഡാണ് ജാഫര്‍ പനാഹിയുടെ പ്രസിദ്ധമായ മറ്റൊരു സിനിമ.
2009 ജൂലായില്‍ പനാഹി അറസ്റ്റ് ചെയ്യപ്പെട്ടതായി ഒരു ഇറാനിയന്‍ ബ്ളോഗര്‍ പുറം ലോകത്തെ അറിയിച്ചിരുന്നു. ബെര്‍ലിന്‍ മേളയില്‍ അതിഥിയായി പങ്കെടുത്ത് ഇറാനിയന്‍ സിനിമയുടെ വര്‍ത്തമാനകാല പരിതസ്ഥിതിയെക്കുറിച്ച് പ്രഭാഷണം നടത്താനിരിക്കുകയായിരുന്നു പനാഹി. അത് നടന്നില്ല. പിന്നീട് 2010 മാര്‍ച്ചില്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ 48 മണിക്കൂര്‍ കഴിഞ്ഞാണ് വിട്ടയച്ചത്. ലോകത്തെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ അറസ്റിനെ അപലപിച്ചിരുന്നു. തന്റെയും സഹപ്രവര്‍ത്തകരുടെയും തടവിനെ പനാഹി വിശേഷിപ്പിക്കുന്നത്, കലയെയും കലാകാരന്മാരെയും റാഞ്ചാനുള്ള ഇറാനിയന്‍ ഭരണകൂടത്തിന്റെ ശ്രമം എന്നാണ്. ഇറാനില്‍ അധിനിവേശം നടത്താനും ജനങ്ങളെ ബന്ദിയാക്കാനുമുള്ള അമേരിക്കയടക്കമുള്ള ഏതെങ്കിലും വൈദേശിക ശക്തികളുടെ ശ്രമങ്ങള്‍ക്കും താന്‍ എതിരാണെന്ന് ജാഫര്‍ പനാഹി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. (ക്രിസ് വിസ്നീസ്ക്കി പനാഹിയുമായി നടത്തിയ അഭിമുഖം റിവേഴ്സ് ഷോട്ട് എന്ന വെബ്സൈറ്റില്‍ വായിക്കുക ). ഇറാനിലും പുറത്തും വേട്ടയാടപ്പെടുന്ന കലാകാരനായ ജാഫര്‍ പനാഹി സമകാലിക ലോകാവസ്ഥയുടെ കൃത്യമായ ഒരു നിദര്‍ശനം തന്നെയാണ്. ഇറാനകത്ത് യാഥാസ്ഥിതികത്വം ദൈനം ദിന ജീവിതത്തെ ദുസ്സഹവും പീഡാത്മകവുമാക്കുന്നു. ഈ യാഥാസ്ഥിതികത്വത്തിനെതിരായ പോരാട്ടത്തില്‍ അണി ചേര്‍ന്നാല്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെന്ന ഭാവേന അമേരിക്കന്‍ സാമ്രാജ്യത്വം നിങ്ങളെ ഒരു ഭാഗത്ത് പ്രയോജനപ്പെടുത്തുകയും മറു ഭാഗത്ത് പീഡിപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്നു തന്നെയാണ് ഈ ദുരന്തം തെളിയിക്കുന്നത്.
* 2015ല്‍ അദ്ദേഹം പൂര്‍ത്തിയാക്കിയ ടാക്‌സി (ടാക്‌സി ടെഹറാന്‍ എന്നും പേരുണ്ട്/82 മിനുറ്റ്/പേര്‍സ്യന്‍) എന്ന ഡോക്യുഫിക്ഷന്‍; സിനിമയെ സംബന്ധിച്ചും തടവിനെ സംബന്ധിച്ചും സ്വാതന്ത്ര്യത്തെ സംബന്ധിച്ചും അധികാരത്തെ സംബന്ധിച്ചും തീര്‍ച്ചയായും സദാചാരത്തെയും ധാര്‍മികതയെയും സംബന്ധിച്ചും ആഴത്തിലുള്ള ആലോചനകളും വിചിന്തനങ്ങളും പങ്കു വെക്കുന്നതിലൂടെ മഹത്തായ ഒരു സിനിമയായി മാറി. അറുപത്തിയഞ്ചാമത് ബെര്‍ലിന്‍ അന്താരാഷ്ട്ര മേളയിലാണ് ചിത്രം ആദ്യമായി പൊതുപ്രദര്‍ശനം നടത്തിയത്. ബെര്‍ലിനിലെ പരമോന്നത പുരസ്‌കാരമായ ഗോള്‍ഡന്‍ ബെയര്‍ ടാക്‌സിക്കു ലഭിക്കുകയും ചെയ്തു. പനാഹിക്ക് യാത്രാനുമതി ലഭിക്കാത്തതിനാല്‍ ചിത്രത്തില്‍ അഭിനയിക്കുക കൂടി ചെയ്ത ഹന സയീദി എന്ന കൊച്ചുമിടുക്കിയായ പനാഹിയുടെ മരുമകളാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഹന ചിത്രത്തിലെ ഒരു നിര്‍ണായക വേഷത്തിലഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ജാഫര്‍ പനാഹി ഈ ചിത്രത്തിന്റെ സംവിധായകന്‍ മാത്രമല്ല, ചിത്രത്തിലുടനീളം ഓടിക്കൊണ്ടിരിക്കുന്ന ടാക്‌സി കാറിന്റെ ഡ്രൈവറായി അഭിനയിക്കുകയും ചെയ്തിരിക്കുന്നു. ഒളിപ്പിച്ചു വെച്ച മൂന്നു ക്യാമറകള്‍ ഉപയോഗിച്ച് ടാക്‌സിക്കുള്ളിലും പുറത്ത് തെരുവുകളിലുമായി നടക്കുന്ന വിവിധ സംഭവങ്ങള്‍ യാദൃഛികമെന്നോണം കോര്‍ത്തിണക്കി കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും; യുവാക്കളും കുട്ടികളും വൃദ്ധരും; പണക്കാരും പാവപ്പെവരും; യാഥാസ്ഥിതികവാദികളും ആധുനികതാവാദികളും; വ്യാജ സി ഡി വിപണനക്കാരനും, മനുഷ്യാവകാശ പ്രവര്‍ത്തകനും എല്ലാം യാത്രക്കാരായി കടന്നു വരികയും ഇറങ്ങിപ്പോവുകയും ചെയ്യുന്നതിനിടയിലുണ്ടാകുന്ന സംഭവങ്ങളും സംസാരങ്ങളുമാണ് സിനിമയിലുള്ളത്. അച്ചടക്കവും സ്വാതന്ത്ര്യവും ഭാവനയും അതിജീവനവും എല്ലാം കൂടിക്കുഴയുന്ന ഇത്തരമൊരു ശ്വാസ നിശ്വാസങ്ങളുടെ സെല്‍ഫിയിലൂടെ; ദുഷിച്ച സ്വേഛാധികാരത്തിനു തകര്‍ക്കാന്‍ കഴിയാത്ത പ്രതിഭയുടെ തെളിച്ചം കൊണ്ട്, ലോകം ജീവിക്കാന്‍ ഇനിയും കൊള്ളുതാണെന്ന സത്യം പനാഹി ഉറപ്പിച്ചെടുക്കുന്നു.