പൊളിറ്റിക്കലി കറക്ടാകണോ സിനിമ?

പൊളിറ്റിക്കലി കറക്ടാകണോ സിനിമ?
Published on
Summary

ഒരു ഫേസ്ബുക്ക് പോസ്റ്റും കുറെ സിനിമാ ചര്‍ച്ചകളും!!

“സിനിമ പൊളിറ്റിക്കലി കറക്റ്റ് ആകുന്നത് വളരെ നല്ലതാണ്,

സിനിമയും കൂടിയാകണം!”...

സുനില്‍. പി. ഇളയിടത്തിന്‍റെ ഈ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന്‍ നിരവധി ചര്‍ച്ചകളാണ് ഉരിത്തിരിഞ്ഞു വന്നത്. ഒരു വിഭാഗം സിനിമയെ സൗന്ദര്യശാസ്ത്രത്തിന്‍റെ വീക്ഷണകോണിലൂടെ മാത്രം സമീപിക്കുന്ന നിലപാടാണിതെന്നും, സിനിമയെ വിലയിരുത്തുന്നത്തില്‍ സൗന്ദര്യശാസ്ത്രപരമായ മാനദണ്ഡങ്ങളെക്കാള്‍ സാമൂഹിക-രാഷ്ട്രീയ പരിസരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നും വാദിച്ചു. മറ്റൊരു വിഭാഗം അദ്ദേഹത്തിന്‍റെ നിലപാടിനെ പൂര്‍ണമായും പിന്തുണച്ചു കൊണ്ട്, പോളിറ്റിക്കല്‍ കറക്ട്നെസ്സ്(പൊ.ക) യുടെ അതിപ്രസരം സിനിമയെന്ന മീഡിയത്തിന്‍റെ ജൈവിക സ്വഭാവത്തെ നശിപ്പിക്കുകയാണെന്നും പരിതപിച്ചു. ഒരു സിനിമ മികച്ച കലാസൃഷ്ടിയായി അംഗീകരിക്കപ്പെടണമെങ്കില്‍, അതിന്‍റെ രൂപഘടനയിലാണോ, ആശയ ഭൂമികയിലാണോ നിരൂപകര്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന ആശയക്കുഴപ്പം സമീപകാലത്തായി നിരവധി ചലച്ചിത്രസംബന്ധിയായ വ്യവഹാരങ്ങളില്‍ ഉയര്‍ന്നു വരുന്നതും കാണാം.

കല കലയ്ക്ക് വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ എന്ന സമസ്യയിലേക്ക് തന്നെയാണ് സുനിൽ ഇളയിടത്തിന്‍റെ പോസ്റ്റുമായി ബന്ധപ്പെട്ട ചർച്ചകളും ആത്യന്തികമായി ചെന്നെത്തുന്നത്.

കലയ്ക്ക്, പ്രത്യേകിച്ചും സിനിമയ്ക്ക് ചില സാമൂഹിക ഉത്തരവാദിത്തങ്ങളുണ്ടെന്നതില്‍ തര്‍ക്കമില്ല. ഒരു ബാംബൂ ബോയ്സോ, കിളിച്ചുണ്ടൻ മാമ്പഴമോ, ധ്രുവമോ, ഹിറ്റ്‌ലറോ ഇന്നത്തെക്കാലത്ത് ഏകപക്ഷീയമായി ആഘോഷിക്കപ്പെടുകയില്ല എന്നുറപ്പാണ്. സോഷ്യല്‍ മീഡിയയുടെ ഈ കാലത്ത്, വസ്തുനിഷ്ഠമായ വിശകല-വിമര്‍ശന വായനകള്‍ റിലീസിന്‍റെ അന്നു മുതല്‍ ഇത്തരം വിവേചനപരമായ സൃഷ്ടികളെ വിചാരണ ചെയ്യുമെന്നും ന്യായമായും കരുതാം.

മോദി ഭരിക്കുന്ന കാലത്ത്, സേവാഭാരതിയുടെ ആംബുലൻസ് വരുന്നത് bgm ഇട്ട് കാണിക്കുന്ന ഒരു സിനിമ നിശിതമായി തന്നെ വിമർശിക്കപ്പെടും പൂവള്ളി ഇന്ദുചൂഡന്മാരെ പൊളിച്ചടുക്കുന്ന റോസ്റ്റിങ് വീഡിയോകൾ വരും. സമൂഹത്തിലെ നീതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കുന്നവർ തങ്ങളുടെ സിനിമകളിൽ ലിംഗ, വംശ, ജാതി, മത, ഭാഷാ വിവേചനങ്ങളെ ആഘോഷിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യും.

ഇത് ഒരു കലാകാരിയെ/കലാകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും അനിവാര്യമായ ഉത്തരവാദിത്തമോ കടമയോ ആയി മാറുന്നുണ്ട്. സിനിമയെ സിനിമ മാത്രമായി കണ്ടാൽ സാംസ്കാരിക മൂലധനം കൈവശമുള്ളവർ സൃഷ്ടിക്കുന്ന കാഴ്ചകൾ മാത്രം വീണ്ടും കാണേണ്ടി വരും.ആ അധീശ പ്രത്യയശാസ്ത്രങ്ങൾ പല രൂപത്തിൽ വിനിമയം ചെയ്യപ്പെടുകയും, സിനിമ അത്രമേൽ സ്വാധീനിക്കുന്ന ഒരു മീഡിയമായതിനാൽ ഈ സമൂഹം വല്ലവിധേനയും നേടിയെടുത്ത പുരോഗമന മുന്നേറ്റങ്ങളെ അത് പിന്നോട്ടടിക്കുകയും ചെയ്യും.

സിനിമയ്ക്കു മാത്രം എന്തുകൊണ്ട് പൊളിറ്റക്കൽ കറക്റ്റ്നസ് നിര്‍ബന്ധമാവുന്നുവെന്ന ചോദ്യം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്. സിനിമ മാത്രമല്ല സാഹിത്യവും സംഗീതവും രാഷ്ട്രീയവുമെല്ലാം ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ട് എന്നതാണ് അതിനുള്ള ഉത്തരം. പക്ഷേ സിനിമയുടെ ഗ്ലാമർ പരിവേഷം അതിന് സോഷ്യൽ മീഡിയയിലുള്‍പ്പടെ കൂടുതൽ വിസിബിളിറ്റി നൽകുന്നു. എച്ചിക്കാനത്തിന്‍റെ 'ബിരിയാണി'യും എന്‍.എസ്. മാധവന്‍റെ 'ഹിഗ്വിറ്റ'യും കുമാരനാശാന്‍റെ "ക്രൂരമുഹമ്മദീയർ " എന്ന പ്രയോഗവുമൊക്കെ സാഹിത്യ സർക്കിളുകളിൽ വിമർശിക്കപ്പെട്ടതുമാണല്ലോ.

ലോക പ്രശസ്ത നോവലിസ്റ്റ് ജോസഫ് കോൺറാഡിനെ അദ്ദേഹത്തിന്‍റെ വിഖ്യാത നോവലുകളുടെ വെളിച്ചത്തിൽ ചിനുവ അച്ചിബെ വിളിച്ചത് റേസിസ്റ്റ് എന്നായിരുന്നു. സാഹിത്യത്തെ സാഹിത്യമായി മാത്രം കാണാനൊക്കില്ല തന്നെ.

സുനിൽ ഇളയിടത്തിന്‍റെ പോസ്റ്റിൽ പറയുന്നത് പൊളിറ്റിക്കൽ കറക്ട്നെസ് (പൊ.ക) ഉള്ളത് കൊണ്ട് മാത്രം ഒരു സിനിമ നല്ല സിനിമയാവില്ല എന്നാണ്. ആത്യന്തികമായി സിനിമ ഒരു കലാസൃഷ്ടിയാണ്. അത് സാങ്കേതിക നിലവാരം കൂടി ഡിമാന്‍ഡ് ചെയ്യുന്നുണ്ട്. ഏതൊരു കലാ സൃഷ്ടിയിലും കല തിരയുന്നത് അത്ര വലിയ പാതകമാണോ എന്നതാണ് ഇവിടുത്തെ മില്ല്യന്‍ ഡോളര്‍ ചോദ്യം. കലയും നിലപാടുകളും കൃത്യമായ അളവിൽ ചേരുന്നത് തന്നെയല്ലേ ആസ്വാദ്യകരം?

ഉദാഹരണത്തിന്, പുരോഗമന ആശയങ്ങൾ കുത്തി നിറച്ച 'ക ബോഡി സ്കേപ്‌സ്' എന്ന ചിത്രം വ്യക്തിപരമായി അസഹനീയമായ ഒരു കാഴ്ചാനുഭവമായിരുന്നു. ആ ചിത്രത്തിന്റെ നിലപാടുകളെ പൂർണമായും പിന്തുണച്ചു കൊണ്ടു തന്നെ കലാരൂപമെന്ന നിലയിൽ എന്നിലെ ആസ്വാദകനെ അത് തൃപ്തിപ്പെടുത്തിയില്ല എന്നു പറയുന്നതിൽ തെറ്റുണ്ടോ?

(അതേ സമയം, സാഹചര്യങ്ങളോട് പൊരുതി ഗൊറില്ല ഫിലിം മേക്കിങ് ചെയ്യുന്ന ഒരാളോട് തന്റെ സൃഷ്ടിയിൽ കലയെവിടെ എന്നു ചോദിക്കുന്നത് ക്രൂരമാണ്‌).

ഇതേ പോലെ കലയെ സാമൂഹിക ദൗത്യത്തിന്റെ മാപിനി കൊണ്ട് അളക്കുന്നവരുണ്ട്.. കലാപരമായി മികച്ചു നിൽക്കുന്ന, എന്നാൽ പ്രതിലോമകരമായ ആശയങ്ങളെ ഗ്ലോറിഫൈ ചെയ്യുന്ന ഒരു സിനിമയെ വിമർശിക്കാൻ ഈ കൂട്ടർക്കും സ്വാതന്ത്ര്യമുണ്ട്. Well made ആയ സിനിമകൾ തള്ളിക്കളയേണ്ട ആശയങ്ങളെ മുന്നോട്ടു വച്ചാൽ, കലാമികവ് അംഗീകരിച്ചു കൊണ്ടു തന്നെ അവയെ തുറന്നു കാട്ടുകയും വിമർശിക്കുകയും വേണം. ടെക്നിക്കലി ബ്രില്യൻറായ ഒരു സിനിമ മനുഷ്യവിരുദ്ധ നിലപാട് ഗ്ലോറിഫൈ ചെയ്താൽ അതിന്‍റെ സാങ്കേതിക മികവ് അംഗീകരിച്ചു കൊണ്ടു തന്നെ വേണം വിമർശിക്കാൻ. ഉദാ: മഹത്തായ ഗോഡ്ഫാദർ സീരിസിൽ സ്ത്രീകളുടെ screen space നാമമാത്രമാണ്. കുടുംബനാഥന്മാരുടെ സിനിമയായ ഗോഡ്ഫാദറിലെ ഒരു രംഗത്തിൽ അൽ പാച്ചിനോ ഭാര്യയെ അടിക്കുകയും(ഥപ്പട്!) സിനിമ അതിനെ സ്വാഭാവികമായി സ്വീകരിക്കുകയുമാണ്. ഒരു ഫെമിനിസ്റ്റിന് അത് വിമർശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. ആ വിമര്‍ശനം സിനിമയെ ക്ലാസ്സിക്കല്ലാതാക്കുന്നില്ല. സിനിമയുടെ positioning ആണവിടെ പ്രധാനം കലാപരമായി മികച്ച സിനിമകളെടുത്ത മണിരത്നത്തിന്റെ ബ്രാഹ്മണ സ്നേഹം വിമർശിക്കപ്പെടുന്നത് മറ്റൊരുദാഹരണമാണ്.

തന്‍റെ പോസ്റ്റ് ചര്‍ച്ചയായതിനെത്തുടര്‍ന്ന്‍ മറ്റൊരു പോസ്റ്റില്‍ താന്‍ ഉദ്ദേശിച്ചത് സ്വാതന്ത്ര്യസമരം എന്ന ആന്തോളജിയിലെ ‘അസംഘടിതര്‍’ എന്ന ചിത്രത്തെയല്ലെന്ന്‍ ഇളയിടം വ്യക്തമാക്കിയിരുന്നു. ഉദ്ദേശിച്ചത് ആ ചിത്രത്തെയാണെങ്കില്‍ പോലും, സൗന്ദര്യശാസ്ത്രത്തിന്‍റെ വീക്ഷണകോണിലൂടെയുള്ള നോട്ടത്തില്‍ ആ ചിത്രത്തിന് പരിമിതികളുണ്ട്. ആ ആന്തോളജിയിലെ മറ്റു ചിത്രങ്ങളെയപേക്ഷിച്ച് സാങ്കേതികപരമായി അല്‍പം പിന്നിലാണെങ്കിലും ഒരു ഡോക്യുഫിക്ഷന്‍ ശ്രമമെന്ന നിലയില്‍ പ്രോത്സാഹനമര്‍ഹിക്കുന്നുണ്ട്. മലയാള സിനിമ ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന ഒരു വിഷയത്തെ ശക്തമായി ഉന്നയിച്ചതും ശ്രദ്ധേയമാണ്.

കലയോ സമൂഹമോ എന്ന ചോദ്യമുയരുന്ന ഘട്ടത്തിലെല്ലാം എതെങ്കിലൊന്നു മാത്രമാണ് ശരിയെന്ന പിടിവാശിയാണ് നമ്മുടെ വിശകലനങ്ങളുടെ സാധ്യതകളെ ചുരുക്കുന്നത്. മാർക്കേസിനെയോ

ഹിച്കോക്കിനേയോ ആരും പൊ.ക ടെസ്റ്റ് നടത്തി തള്ളിക്കളഞ്ഞിട്ടില്ലല്ലോ. വിമർശനങ്ങൾ പോലും കലാപരമായ മേന്മകളെ അംഗീകരിച്ചു തന്നെയാണ് ഉണ്ടായിട്ടുള്ളത്.(ലോറ മൾവെയുടെ ഹിച്കോക്ക് വിമർശനം ഉദാഹരണമാണ്‌). സിനിമ മുദ്രാവാക്യം വിളിച്ചുള്ള പ്രകടനമല്ല. മുദ്രാവാക്യങ്ങളെ subtle and cinematic ആയി അവതരിപ്പിക്കാനാണ് നല്ല ഫിലിം മേക്കേഴ്‌സ് ശ്രമിക്കുക. കലയും സമൂഹവും തമ്മിൽ അവിടെ ഒരു ബാലൻസ് രൂപപ്പെട്ടു കൊള്ളും. അവ പരസ്പരപൂരകമായി അടയാളപ്പെടുകയും ചെയ്യും.

ചലച്ചിത്രനിരൂപകനും ഒറ്റപ്പാലം എന്‍എസ്എസ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറുമാണ് ലേഖകന്‍

Related Stories

No stories found.
logo
The Cue
www.thecue.in