''ബ്രാഹ്മണ്യത്തിന്റെ വിവേകശൂന്യവും വിവേചചനപരവുമായ ആശയാടിത്തറകളെ ആക്രമിക്കുന്നതിനോടൊപ്പം തന്നെ അത് നമ്പൂതിരിമാരെ തന്നെ എങ്ങനെ ഒരു ജൈവികമായ സാമൂഹികബന്ധത്തിൽ നിന്നും മാറ്റിനിർത്തി അമാനവീകരിക്കുന്നുവെന്ന് ബോധ്യപ്പെടുത്താൻ ഇ.എം.എസ് ശ്രമിക്കുന്നുണ്ട്''
ഇ.എം.എസിന്റെ യോഗക്ഷേമസഭ പ്രസംഗത്തെക്കുറിച്ച് എസ്.എഫ്.ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ് നിധീഷ് നാരായണൻ എഴുതിയത്
എഴുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപാണ്, 1944ൽ, നമ്പൂതിരിമാരെ മുന്നിലിരുത്തി ആ സമുദായത്തിന്റെ അധീശത്വ ബോധത്തിന്റെ മുനയൊടിച്ച പ്രസംഗം ഇ.എം.എസ് നടത്തിയത്. ഓണല്ലൂരിൽ വച്ചുനടന്ന യോഗക്ഷേമ സഭയുടെ മുപ്പത്തിനാലാം വാർഷികയോഗത്തിലായിരുന്നു അത്. ലാഹോറിൽ വച്ച് നടക്കേണ്ടിയിരുന്ന ജാട്ട്-പഠ്- തോഠക് മണ്ടൽ സമ്മേളനവേദിയിലെ അദ്ധ്യക്ഷപ്രസംഗത്തിനായി അംബേദ്കർ ‘ജാതിയുടെ ഉൻമൂലനം’ എന്ന സാമാന്യം ദീർഘമായ കുറിപ്പ് തയ്യാറാക്കിയതിന്റെ എട്ടു വർഷങ്ങൾക്കിപ്പുറം. ഹിന്ദുത്വത്തിനെതിരെ അതിനിശിതമായ വിമർശനമുയർത്തിയ ഈ പ്രസംഗം പരിപാടിക്ക് മുൻപ് തന്നെ സംഘാടകർക്ക് അയച്ചുകൊടുത്തതോടെ അവർ പരിപാടി റദ്ദാക്കുകയും, തുടർന്ന് അംബേദ്കർ പ്രസ്തുത പ്രസംഗം പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ ഇ.എം.എസിന് പ്രസംഗം നടത്താനായി. വ്യത്യസ്തമായ പരിവർത്തനങ്ങൾക്കും തിരിച്ചറിവുകൾക്കും ശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായി മാറിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും അദ്ദേഹം. അംബേദ്കറിന്റെ പ്രസംഗം പോലെ തന്നെ താൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കാനുള്ള വ്യത്യസ്തമായ ഒരു വേദിയായാണ് ഇ.എം.എസ് യോഗക്ഷേമസഭയുടെ അദ്ധ്യക്ഷപദവിയെ കണ്ടത്. മറ്റാർക്കെങ്കിലുമെതിരെ ആരോപണശരമുന്നയിക്കുന്ന വാചാടോപ പ്രകടനങ്ങളിലൂടെ സദസ്സിനെ സുഖിപ്പിച്ച് അവരുടെ പ്രീതിക്ക് പാത്രമാകുന്നതിന് പകരം തങ്ങൾക്കകത്തേക്ക് നോക്കാൻ പ്രേരിപ്പിക്കാനും അതിലെ പുഴുക്കുത്തുകളെ വസ്തുനിഷ്ഠമായി ചൂണ്ടിക്കാട്ടാനും ധീരവും പ്രീണനരഹിതവുമായ ഒരു രാഷ്ട്രീയ മാനിഫെസ്റ്റോ മുന്നോട്ടുവെക്കാനുമാണ് രണ്ടുപേരും ഈ അവസരങ്ങളെ നോക്കിക്കണ്ടത് എന്ന് വ്യക്തമാണ്. ഏഴര പതിറ്റാണ്ടുകൾക്കപ്പുറത്ത് നമ്പൂതിരിമാരുടെ സമ്മേളനത്തിൽ വച്ച് ഇ.എം.എസ് ബ്രാഹ്മണ്യത്തിനെതിരെ നടത്തിയ ഈ പ്രസംഗം അതിന്റെ പശ്ചാത്തലത്തിൽ (context) നിന്നുകൊണ്ട് ആഴത്തിൽ പഠിക്കുന്നതിലും രേഖപ്പെടുത്തിവെക്കുന്നതിലും നമ്മുടെ രാഷ്ട്രമീമാംസ വിദ്യാർത്ഥികൾക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് വ്യക്തമാണ്.
താൻ ഉൾപ്പടെയുള്ളവർ ആദ്യകാലത്ത് പ്രവർത്തിച്ച യോഗക്ഷേമസഭയ്ക്ക് സംഭവിച്ച അധഃപതനത്തെയും അത്തരം ഒരു സംവിധാനത്തിന് കേരളത്തിലെ സാമൂഹികവിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ സാധിക്കില്ലെന്ന തിരിച്ചറിവും പങ്കുവെച്ചുകൊണ്ടാണ് ഇ.എം.എസ് പ്രസംഗം ആരംഭിക്കുന്നത്. ദേശീയ പ്രസ്ഥാനത്തിനൊപ്പം ജാതിമേധാവിത്വത്തിനെതിരായ സമരങ്ങൾ കൂടിയാണ് തന്നെ പൊതുപ്രവർത്തനത്തിലേക്ക് ആകർഷിക്കുന്നതെന്ന് ഇ.എം.എസ് പലവുരു ആവർത്തിച്ചിട്ടുള്ളതാണല്ലോ. താൻ ജനിച്ചുവളർന്ന സമുദായത്തിനകത്തെ തിന്മകളെ ചോദ്യം ചെയ്തും തന്റെ പരിസരത്തെ തെറ്റായ ആചാരങ്ങളെയും വിശ്വാസങ്ങളെയും തിരുത്താൻ ശ്രമിച്ചുമാണ് ഇ.എം.എസിന്റെ ഇടപെടലുകൾ ആരംഭിക്കുന്നത്. നമ്പൂതിരി സമുദായത്തിനകത്ത് നടക്കുന്ന കാര്യങ്ങൾ എത്ര പിന്തിരിപ്പനും ഒരു ആധുനിക സമൂഹത്തിന്റെ സത്തയ്ക്ക് വിരുദ്ധവുമാണ് എന്ന കാര്യം സമർഥിക്കാനാണ് ചെറുപ്പക്കാരനായ ഇ.എം.എസ് ശ്രമിച്ചത്. അതിനു ശേഷം കോൺഗ്രസും പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റും തുടർന്ന് കമ്യൂണിസ്റ്റും ആയി സ്വയം രൂപാന്തരപ്പെടുന്നത് വളരെ ജൈവികവും അതേസമയം നിരന്തരഗവേഷണപരവുമായ ഇടപെടലുകളിലൂടെയാണ്. നമ്പൂതിരിയോട് മനുഷ്യനാകാൻ നിർദ്ദേശിച്ച ഇ.എം.എസ്സിന് കമ്യൂണിസത്തിന്റെ ആശയാടിത്തറ മാത്രമല്ല സ്വന്തം അനുഭവങ്ങളും അതിന് പ്രേരണയായിട്ടുണ്ടെന്ന് തീർച്ച.
നമ്പൂതിരി സ്ത്രീകളുടെ ദുരിതപൂർണമായ ജീവിതാന്തരീക്ഷത്തെക്കുറിച്ച് സൂചിപ്പിച്ചാണ് ഇ.എം.എസ് താൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളിലേക്ക് കടക്കുന്നത്. സാമർഥ്യക്കാരനായ ഒരു രാഷ്ട്രീയ പ്രവർത്തകന്റെ കൂർമ്മബുദ്ധി താൻ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹം തിരഞ്ഞെടുക്കുന്നുണ്ട്. കേവലം ഒരു പ്രസംഗം നടത്തി തിരികെ പോരുക എന്നതല്ല, തനിക്ക് ലഭ്യമായ സദസിനെ, അതെത്ര ദുഷ്കരമാണെങ്കിലും ചില കാര്യങ്ങൾ ബോധിപ്പിക്കുക എന്നതിന് തന്നെയായിരുന്നു അദ്ദേഹം ശ്രമിച്ചത്. നമ്പൂതിരി യുവതികളുടെ വിവാഹപ്രശ്നത്തെ അവതരിപ്പിച്ച രീതി നോക്കുക
“…അതുകൊണ്ട് ഇന്നു സമുദായത്തിന് നേരിടാനുള്ള പ്രശ്നങ്ങളിൽ വെച്ചേറ്റവും പ്രധാനമായത് പെൺകൊട കഴിയാൻ ഇന്നുള്ള വിഷമതകൾ എങ്ങനെ തീർക്കാമെന്നതാണ്. എന്റെ അഭിപ്രായത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കണ്ടുപിടിച്ചാൽ സമുദായത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി, കാരണം, വിദ്യാഭ്യാസപരമായും സാമ്പത്തികമായും ആചാരപരിഷ്കാരപരമായും മറ്റുമുള്ള മറ്റെല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയാത്തപക്ഷം വിവാഹപ്രശ്നത്തിനും പരിഹാരം കാണാൻ കഴിയില്ല”
നമ്പൂതിരി സമുദായം നേരിടുന്ന ഏറ്റവും അപകടകരമായ പ്രശ്നമായി ഇ.എം.എസ് കാണുന്നത് ‘തൊഴിൽ’ അഥവാ അദ്ധ്വാനത്തോട് സമുദായം സ്വീകരിച്ചിരിക്കുന്ന നിലപാടാണ്. നമ്പൂതിരിമാർ പണിയെടുത്ത് ജീവിക്കാൻ പഠിക്കണം എന്ന് അദ്ദേഹമുൾപ്പടെയുള്ളവർ മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു. ഉത്പാദനബന്ധങ്ങളെയും അദ്ധ്വാനിക്കുന്ന വർഗത്തെയും സമൂഹത്തിന്റെ നിലനില്പിന്റെയും മുന്നേറ്റത്തിന്റെയും ചാലകശക്തിയായി പഠിക്കുന്ന ഒരു മാർക്സിസ്റ്റിനെ സംബന്ധിച്ചിടത്തോളം ബ്രാഹ്മണ്യം എത്രമാത്രം വിമർശനവിധേയമായിരുന്നു എന്ന് മനസ്സിലാക്കാൻ ഈ ഒരു പ്രസംഗം മാത്രം മതിയാകും.
ബ്രാഹ്മണ്യത്തിന്റെ വിവേകശൂന്യവും വിവേചചനപരവുമായ ആശയാടിത്തറകളെ ആക്രമിക്കുന്നതിനോടൊപ്പം തന്നെ അത് നമ്പൂതിരിമാരെ തന്നെ എങ്ങനെ ഒരു ജൈവികമായ സാമൂഹികബന്ധത്തിൽ നിന്നും മാറ്റിനിർത്തി അമാനവീകരിക്കുന്നുവെന്ന് ബോധ്യപ്പെടുത്താൻ ഇ.എം.എസ് ശ്രമിക്കുന്നുണ്ട്. കൗമാരക്കാരനായ കാൾ മാർക്സ് സർവകലാശാല വിദ്യാഭ്യാസത്തിനു പുറപ്പെടുന്നതിന് ‘ജീവിതോപാധി തിരഞ്ഞെടുക്കുന്നതിനുള്ള കാരണങ്ങൾ’ എന്ന വിഷയത്തിൽ ഒരു ലേഖനം എഴുതുന്നുണ്ട്. അക്കാലം മാർക്സ് ആശയവാദത്തിന്റെ സ്വാധീനവലയത്തിലാണ്. പ്രസ്തുത ലേഖനത്തിൽ മാർക്സ് പറയുന്നത്, ഒരാൾ എത്ര വലിയ പണ്ഢിതനായാലും മഹാമുനിയായാലും അയാളുടെ ജീവിതം മൂല്യവത്താകുന്നത് അതെങ്ങനെ സാമൂഹികമായ മുന്നേറ്റത്തിന് സംഭാവന നൽകുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് എന്നാണ്. ഇതിനെ വർഗപരമായ വിശകലനത്തിലൂടെ അവതരിപ്പിക്കുന്ന ഇ.എം.എസിനെ കാണാം. തൊഴിലെടുക്കാതെ ജീവിക്കുന്നതിനെ അങ്ങേയറ്റം മ്ലേഛമായ കാര്യമായാണ് അദ്ദേഹം കാണുന്നത്. യാതൊരു പണിയുമെടുക്കാതെ ജീവിക്കാൻ ഒരാൾ നിർബന്ധിക്കപ്പെടുന്ന ഇടമാണ് നരകം എന്ന ബർണാഡ് ഷായുടെ വാചകത്തെ ഓർമിച്ച് നമ്പൂതിരിജീവിതത്തെ നരകതുല്യം എന്ന് ഇ.എം.എസ് രേഖപ്പെടുത്തുകയാണ്. തങ്ങളുടേത് സ്വർഗലോകമാണെന്ന നമ്പൂതിരിമാരുടെ മിഥ്യാബോധത്തെ ഇ.എം.എസ് പരിഹസിക്കുന്നു.
ബ്രാഹ്മണ്യത്തിന്റെ ശീലങ്ങളായ യാഥാസ്തിതികത്വത്തിനും വൈദികമേധാവിത്വത്തിനുമെതിരെ ഇ.എം.എസ് മൂർച്ചയുള്ള അമ്പുതിർക്കുന്നതായി കാണാം. എന്തെങ്കിലും പ്രത്യേക മേന്മ ഉള്ളവരാണ് തങ്ങൾ എന്ന ധാരണ പൊള്ളയാണെന്നും വ്യാജമായ ജാതിമേന്മ അനുസരിച്ച് പ്രത്യേകാവകാശങ്ങൾ തങ്ങൾക്കുണ്ടെന്നുള്ള ചിന്ത അവസാനിപ്പിക്കണമെന്നും അദ്ദേഹം ശക്തിയുക്തം ആവശ്യപ്പെടുന്നുണ്ട്. നമ്പൂതിരിമാരുടെ പ്രശ്നങ്ങൾ എന്നും അവയ്ക്കുള്ള കാരണങ്ങൾ എന്നും ഉള്ള വിധേന സമുദായനേതാക്കന്മാർ പറഞ്ഞ് പരത്തുന്ന കാര്യങ്ങളെ ഒന്നൊന്നായി തുറന്നുകാട്ടാൻ ഇ.എം.എസ് തനിക്ക് ലഭിച്ച അവസരത്തെ ഉപയോഗിക്കുന്നുണ്ട്. ഈഴവർ, കൃസ്ത്യാനികൾ, മുസ്ലീങ്ങൾ, ഹരിജനങ്ങൾ മുതലായവർക്ക് ഉദ്യോഗകാര്യങ്ങളിൽ പ്രത്യേക പരിഗണന ലഭിക്കണം എന്ന ആവശ്യത്തോട് പ്രകോപിതരാകേണ്ട കാര്യം നമ്പൂതിരി സമുദായത്തിനില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അവരുടെ സമുദായ സംഘടനകൾ ഉയർത്തുന്ന ഉദ്യോഗത്തിനു വേണ്ടിയുള്ള വാദം തികച്ചും ന്യായമാണെന്നും അത് യോഗക്ഷേമ സഭ പകർത്തുന്നത് തെറ്റാണെന്നും ഇ.എം.എസ് ചൂണ്ടിക്കാട്ടുന്നു. ജനസംഖ്യാതോതനുസരിച്ച് ഉദ്യോഗങ്ങൾ വീതിച്ചാൽ നമ്പൂതിരിമാർക്ക് ഇപ്പോഴുള്ളതിൽ കൂടുതലൊന്നും ലഭിക്കാനില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നുണ്ട്. സാമൂഹികമായി അയിത്തം അനുഭവിക്കുന്ന അതേ ജാതിക്കാർ തന്നെയാണ് ഗവണ്മെന്റുദ്യോഗങ്ങളുടെ കാര്യത്തിലും അയിത്തം അനുഭവിക്കുന്നതെന്നും ഈ അവശതയും അസമത്വവും തീർക്കുന്നതാണ് ശരിയായ ദേശീയത്വം എന്നും ഇ.എം.എസ് നമ്പൂതിരിമാരെ പഠിപ്പിക്കുന്നു. ജാതിയും വർഗവും എത്രമാത്രം പരസ്പരബന്ധിതമാണ് എന്നും സംവരണത്തിന്റെ സാമൂഹ്യലക്ഷ്യം എന്താണ് എന്നുമൊക്കെയുള്ള കാര്യത്തിൽ സ്വാതന്ത്ര്യത്തിനും വർഷങ്ങൾക്ക് മുൻപ് തന്നെ സുവ്യക്തമായ വീക്ഷണം ഇ.എം.എസ് ഉൾപ്പടെയുള്ള കമ്യൂണിസ്റ്റുകാർക്ക് ഉണ്ടായിരുന്നു എന്ന് തന്നെ വേണം കരുതാൻ. കൃഷിയും വ്യാപാരവും വ്യവസായവും വളർത്തുന്നതിന് കൃസ്ത്യൻ സഹോദരന്മാർ കഠിനാധ്വാനം ചെയ്യുന്നത് കണ്ടു പഠിക്കാൻ അദ്ദേഹം നമ്പൂതിരിമാരോട് ആവശ്യപ്പെടുന്നുണ്ട്. ഈഴവർ ഉൾപ്പെടെയുള്ള അവശ സമുദായങ്ങളുടെ പിന്നോക്കാവസ്ഥ മറികടക്കാനുള്ള ശ്രമങ്ങളോട് യോഗക്ഷേമ സഭ മുഖം തിരിക്കരുതെന്നും കർഷകരുടെ മര്യാദപ്പാട്ടം, സ്ഥിരാവകാശം മുതലായ ന്യായമായ അവകാശങ്ങൾ അനുവദിക്കാനുള്ള ദേശാഭിമാനം പ്രകടിപ്പിക്കണമെന്നുമാണ് ഇ.എം.എസ് ആവർത്തിക്കുന്നത്.
തൊണ്ണൂറുകളോട് ചേർന്ന് മലയാളത്തിൽ പുറത്തിറങ്ങിയ “ആര്യൻ” മുതലായ ചില സിനിമകൾ നമ്പൂതിരി കുടുംബത്തിന്റെ നിസ്സഹായതയെ കുറിച്ച് പരിതപിക്കുന്നതായി കാണാം. സമൂഹത്തെയാണ് അതിനവർ കുറ്റപ്പെടുത്തുന്നത്. തൊഴിൽരഹിതരായ ആഢ്യന്മാരായ നമ്പൂതിരിമാർക്ക് കൂലിപ്പണിക്ക് പോകാൻ പോലും പറ്റാത്ത ദുരവസ്ഥയെക്കുറിച്ചാണ് പരിതാപങ്ങൾ. “ചങ്ങമ്പുഴയുടെ വാഴക്കുലയൊക്കെ പഴയ തീം ആണെടോ. ഇപ്പോ നമ്പൂതിരിമാരുടെ കാര്യമൊക്കെ വല്യ കഷ്ടത്തിലാ” എന്ന് വിലപിക്കുന്ന കഥാനായകൻ പുനരവതരിപ്പിക്കുന്നത് ഇന്നാട്ടിലെ ജനങ്ങളുടെ ജീവിതം ആകെ മെച്ചപ്പെട്ടത് നമ്പൂതിരിമാരുടെ സ്വത്തുക്കൾ കവർന്നെടുത്തിട്ടാണെന്ന ദുഷ്ടബുദ്ധിയാണ്. വലിയ ഇല്ലത്തിനകത്തെ കൊടിയ പട്ടിണിയെ മറികടക്കാൻ വാഴക്കുല മോഷ്ടിക്കേണ്ടി വരുന്ന നമ്പൂതിരി യുവാവിനെ ഒരു സമുദായത്തിന്റെ മുഴുവൻ ഇന്നത്തെ അവസ്ഥ എന്ന നിലയിലാണ് കാണിക്കുന്നത്. ദാരിദ്ര്യം കയറി നശിച്ച ഇല്ലങ്ങളുടെ ദൈന്യാവസ്ഥ അവതരിപ്പിക്കുന്ന വേറെയും സിനിമകളും ചെറുകഥകളും ഉണ്ടായിട്ടുണ്ട്.
ചെറുമക്കുടിലുകളിൽ ദാരിദ്ര്യം സ്ഥിരവാസത്തിനുണ്ടായിരുന്നപ്പോൾ കക്കാൻ പോയ ചരിത്രമല്ല ‘അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റേത്’ എന്ന് പറഞ്ഞുവെക്കുന്ന കഥാപാത്രങ്ങൾക്ക് ഇവർ ഇടം കൊടുത്തതുമില്ല. അര നൂറ്റാണ്ട് മുൻപ് തന്നെ കമ്യൂണീസ്റ്റുകാർ പണിയെടുത്ത് ജീവിക്കാൻ പറഞ്ഞതിനെപ്പറ്റിയും മിണ്ടുന്നില്ല. ഇ.എം.എസ് പറയുന്നു, “ജാതികളും സമുദായങ്ങളുമില്ലാതായിത്തീരുന്ന ഒരു കേരളമായിരിക്കണം യോഗക്ഷേമ സഭയുടെ ലക്ഷ്യമെന്നല്ല ഞാൻ പറയുന്നത്. പിന്നെയോ? അങ്ങനെയുള്ള ഒരു ഐക്യകേരളം സൃഷ്ടിക്കുന്നതിനുള്ള ശക്തികൾ വളർന്നുവരുന്ന ഇന്നത്തെ സ്ഥിതിയിൽ അത്തരത്തിലുള്ള ഒരു ഭാവികേരളത്തിൽ ജീവിക്കാൻ നമ്പൂതിരിയെ പഠിപ്പിക്കുന്നതു യോഗക്ഷേമ സഭയുടെ കടമയാണെന്ന് മാത്രമാണ്…”
‘ഇന്ത്യയിലെ ജാതികൾ’ എന്ന പ്രബന്ധത്തിൽ ജാതി ഒറ്റപ്പെട്ട് നിലനിൽക്കുന്ന ഒന്നല്ലെന്നും ഒരു വ്യവസ്ഥ (system) ആണെന്നുമുള്ള നിരീക്ഷണം അംബേദ്കർ മുന്നോട്ടുവെക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചില പ്രത്യേക നിയന്ത്രണങ്ങളിലൂടെയും ആചാരങ്ങളിലൂടെയുമാണ് അവ അതിന്റെ നിലനില്പ് ഉറപ്പാക്കുന്നത് എന്ന് അദ്ദേഹം സ്ഥാപിക്കുന്നു. അതിൽ മുഖ്യമായ ഒന്ന് മിശ്രവിവാഹം അനുവദനീയമല്ലാതാക്കുക എന്നതാണ്. വിജാതീയ വിവാഹങ്ങൾ സാർവത്രികമായിരുന്ന ഗോത്രകാലത്തുനിന്നും ജാതിവ്യവസ്തയിലേക്ക് വരുമ്പോൾ സ്വജാതീയ വിവാഹങ്ങൾ നിർബന്ധമായതായി കാണാം.
ജാതി വ്യവസ്ഥയെ നിലനിർത്തുക എന്നാൽ പരസ്പരം ഇടകലരാൻ അനുവദിക്കാതെ ജാതികളെ നിലനിർത്തുക എന്നത് കൂടിയാണ്. അപ്പോൾ വിവാഹപ്രായം എത്തിയ ഒരാൾക്ക് മറ്റൊരാൾ എന്നതിൽ സ്ത്രീ-പുരുഷ അനുപാതം ഉറപ്പാക്കണം. വിധവകളും വിഭാര്യരും ഉണ്ടാകുമ്പോൾ ഉടലെടുക്കുന്ന ഈ അനുപാതപ്രശ്നത്തെ മറികടക്കാൻ കണ്ടെത്തിയ മാർഗങ്ങളാണ് സതി, നിർബന്ധിത വൈധവ്യം, ബാലികാ വിവാഹം എന്നിവ. ഇവ ഏറ്റവും ശക്തമായി നടപ്പിലാക്കുന്നത് ജാതിയുടെ ഏറ്റവും ഉയർന്ന ശ്രേണിയിലായിരിക്കും. അതായത് ബ്രാഹ്മണ സമുദായത്തിൽ. ജാതി വ്യവസ്ഥയ്ക്ക് പരിക്കേൽക്കാതിരിക്കാനുള്ള ഈ മൂന്ന് ദുരാചാരങ്ങളുടെയും ഇര സ്ത്രീകളാണ് എന്നതാണ് പ്രത്യേകത. ജാതിവ്യവസ്ഥ പുരുഷാധിപത്യമൂല്യങ്ങളുടേത് കൂടിയാണെന്ന് അംബേദ്കറും ഇഎംഎസും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ നമ്പൂതിരി ഇല്ലങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള സമരത്തെ ജാതിക്കെതിരായ സമരത്തോട് തന്നെ ചേർത്ത് വെക്കാൻ സാധിക്കേണ്ടതുണ്ടെന്ന് ഇ.എം.എസ് കരുതിയിരുന്നു. നമ്പൂതിരി സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിനും വിവാഹം സംബന്ധിച്ച തിരഞ്ഞെടുപ്പിനും പുനർവിവാഹത്തിനും മിശ്രവിവാഹത്തിനും ഉള്ള അവകാശത്തിനും സൗകര്യത്തിനും വേണ്ടി പ്രചാരവേല നടത്താനാണ് ഇ.എം.എസ് യോഗക്ഷേമ സഭയോട് ആവശ്യപ്പെടുന്നത്. ‘ജാതിയുടെ ഉന്മൂലനം’ എന്ന കൃതിയിലുൾപ്പടെ ജാതിയെ ഇല്ലാണ്ടാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തികളിൽ ഒന്നായി അംബേദ്കർ മുന്നോട്ട് വെക്കുന്നത് മിശ്രവിവാഹം സാർവത്രികമാക്കുക എന്നതാണ്. വർഗപരമായ യോജിച്ച സമരങ്ങൾക്കും ഉത്പാദനബന്ധങ്ങളിലെ റാഡിക്കലായ മാറ്റങ്ങൾക്കുമൊപ്പം ജാതിയ്കെതിരായ പോരാട്ടത്തിൽ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയെന്നത് സുപ്രധാന അജണ്ടയായി ഇ.എം.എസ് പിന്നീടും പലവുരു ആവർത്തിക്കുന്നുണ്ട്. നാട്ടുകാരുടെ ആത്മീയവും സാംസ്കാരികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നത് തങ്ങളാണെന്നും ആയതിനാൽ തങ്ങളുടെ ഭൗതികമായ ആവശ്യങ്ങൾ നിറവേറ്റി തരാനുള്ള കടമ മറ്റുള്ളവർക്കാണെന്നുമുള്ള അക്കാലത്തെ നമ്പൂതിരി സമുദായത്തിന്റെ മനോഭാവത്തെയും ഇ.എം.എസ് നിശിതമായി വിമർശിക്കുന്നുണ്ട്. യാതൊരു പണിയുമെടുക്കാത തിന്നുന്നത് അപമാനകരമാണെന്ന ബോധം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. പരിഷ്കൃത ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സൗജന്യങ്ങൾ അനുഭവിക്കില്ലെന്ന പ്രതിജ്ഞ ചെയ്യുവാൻ നമ്പൂതിരിമാരോട് ഇ.എം.എസ് പറയുന്നുണ്ട്. അവശവിഭാഗങ്ങളുടെ ആവശ്യങ്ങളെ എതിർക്കുന്നത് അവസാനിപ്പിക്കുന്നതിനോടൊപ്പം ക്ഷേത്രപ്രവേശനം ഉൾപ്പടെ സാധ്യമാക്കാനും അദ്ദേഹം നിർബന്ധിക്കുന്നു. ബ്രാഹ്മണ്യവും ജന്മിത്വവും എങ്ങനെയാണ് നമ്പൂതിരി സമുദായത്തെ തന്നെ പ്രാകൃതമായ ജീവിതത്തിൽ തളച്ചിടുന്നതെന്ന് വിശദീകരിക്കാൻ ഇ.എം.എസ് നിരന്തരം ശ്രമിക്കുന്നതായി കാണാം. പ്രസംഗത്തിൽ ഒരിടത്ത് അദ്ദേഹം പറയുന്നുണ്ട്,
“ബ്രാഹ്മണ്യം നശിപ്പിക്കാതെ ഈ സമുദായത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെങ്കിൽ, ബ്രാഹ്മണ്യം നശിപ്പിച്ചേ കഴിയൂ എന്നെനിക്ക് സിദ്ധാന്തമൊന്നുമില്ല. ഭർതൃമർദ്ദനമനുഭവിക്കുന്ന അന്തർജനങ്ങൾക്ക് വിവാഹമോചനത്തിനും പുനർവിവാഹത്തിനും സ്വാതന്ത്രം കിട്ടണം. വിവാഹമോചനമോ പുനർവിവാഹമോ വിധവാവിവാഹമോ നടത്തിയ സ്ത്രീകളെ കുഷ്ഠരോഗികളേക്കാളധികം വർജ്ജിക്കുന്ന സമ്പ്രദായം പോകണം. സ്ത്രീകൾ പുറത്തിറങ്ങി നടക്കുകയും പുരുഷന്മാരുമായി ധാരാളം അടുത്ത് പെരുമാറുകയും ചെയ്യുന്നതിനെതിരായി സമുദായത്തിന് ഇന്നുള്ള മനോഭാവം പോകണം. സ്ത്രീകളെ അകത്തിട്ടടച്ചിടുന്ന സമ്പ്രദായം മാറ്റി അവരെ ലോകജീവിതത്തിൽ തികച്ചും പങ്കുകൊള്ളിക്കണം. താണജാതിക്കാരായ സുഹൃത്തുക്കളോട് അടുത്ത് പെരുമാറാനും അവരെ സ്വഗൃഹത്തിൽ കയറ്റിയിരുത്തി ആതിഥ്യമര്യാദയനുസരിക്കാനുമുള്ള തടസ്സം നീങ്ങണം. അമ്പലങ്ങളിലും ഊട്ടുപുരകളിലും നടന്ന് ആരാന്റെ ചോറ് തിന്ന് നാൾ കഴിക്കുന്നതിലും ഭേദം കിഴിഞ്ഞ പണിയായ തോട്ടിപ്പണിയെങ്കിലും എടുത്ത് കാശുവാങ്ങി മാന്യമായി ജീവിക്കുകയാണെന്ന ബോധം സമുദായത്തിലെ സ്ത്രീപുരുഷന്മാർക്കുണ്ടാകണം. ഇതിലൊന്നെങ്കിലും ബ്രാഹ്മണ്യം നശിപ്പിക്കാതെ നേടാൻ സാധ്യമാകുമോ?”
തൊഴിലാളി വർഗത്തിന്റെ താല്പര്യങ്ങൾക്കനുകൂലമായി എല്ലാ വിഭാഗം ജനങ്ങളെയും സംഘടിപ്പിക്കുക എന്നതിന് ഇ.എം.എസ് ജീവിതാവസാനം വരെ മുഖ്യ പരിഗണന കൊടുത്തതായി കാണാം. തൊഴിൽ സേനയിൽ (labour force) പങ്കുചേരാൻ ആവശ്യപ്പെടുന്നതിലൂടെ തൊഴിലാളി വർഗത്തിന്റെ കൂടി ഭാഗമാകാനാണ് ഇ.എം.എസ് നമ്പൂതിരിമാരോട് ആവശ്യപ്പെടുന്നത്. തങ്ങളുടെ മേന്മയെക്കുറിച്ചുള്ള മിഥ്യാബോധം നമ്പൂതിരിമാർ ഉപേക്ഷിക്കാതെ അത് സാധ്യമല്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ബ്രാഹ്മണ്യത്തിനും ജാതി വ്യവസ്ഥയ്ക്കുമെതിരായ സമരങ്ങളെ ഇ.എം.എസ് വർഗസമരത്തിന്റെ അവിഭാജ്യഘടകമായി തന്നെ കണ്ടത്. ഇവ രണ്ടും രണ്ട് ധ്രുവങ്ങളിൽ ഉള്ളതല്ലെന്ന ഉറച്ച ബോധ്യം ഇ.എം.എസ് ആർജ്ജിച്ചെടുത്തിരുന്നു. അതിന്റെ ആദ്യകാല ഉദാഹരണങ്ങളിൽ ഒന്ന് തന്നെയാണ് നാൽപ്പത്തിനാലിലെ യോഗക്ഷേമ സഭ പ്രസംഗം.
(‘ബ്രാഹ്മണ്യത്തിനെതിരെ’ എന്ന തലക്കെട്ടിൽ ദേശാഭിമാനി വാരിക പ്രസിദ്ധീകരിച്ച ലേഖനം)