വിഴിഞ്ഞം അദാനിയുടെ പദ്ധതിയല്ല. കേരള സർക്കാരിന്റെ പദ്ധതിയാണ്. അദാനി നിർമാണത്തിനും നിശ്ചിത കാലയളവിലെ നടത്തിപ്പിനും കരാർ എടുത്തിരിക്കുന്ന ആളാണ്. ആ കരാറിലെ പാകപിഴകൾക്ക് യുഡിഎഫും ഇന്ന് സമരം ചെയ്യുന്നവരിൽ ചിലരുമാണ് ഉത്തരവാദികൾ.
ഡോ.തോമസ് ഐസക്ക് എഴുതിയത്
കേരളത്തിലെ എല്ലാ രാഷ്‌ട്രീയ പാർടികൾ തമ്മിലും വിഴിഞ്ഞത് ഒരു കണ്ടെയിനർ തുറമുഖം വേണമെന്ന കാര്യത്തിൽ അഭിപ്രായ സമന്വയവും ഉണ്ട്. അന്തർദേശീയ കപ്പൽ ചാലോട് ഏറ്റവും അടുത്ത് കിടക്കുന്ന ഒരു തീര ആഴക്കടൽ തുറമുഖത്തിന്റെ സാധ്യതകളാണ് ഇത്തരമൊരു അഭിപ്രായ സമന്വയത്തിലേക്ക് എല്ലാവരെയും എത്തിച്ചത്.
എല്ലാവരും എന്ന് പറഞ്ഞാൽ പൂർണമായും ശരിയല്ല. ശ്രീ എ ജെ വിജയനെ പോലുള്ള ചില പരിസ്ഥിതി പ്രവർത്തകർ തുടക്കം മുതൽ ഇത്തരമൊരു വലിയ നിർമിതി വടക്കൻ തീരങ്ങളിൽ രൂക്ഷമായ തീരശോഷണം സൃഷ്ടിക്കുമെന്ന് വാദിച്ചിട്ടുണ്ട്. അതിൽ ശരിയുണ്ട് താനും. അതുകൊണ്ട് കേരള തീര പ്രദേശത്തിന്റെ പ്രത്യേകതകൾ വച്ച് കൊണ്ട് കടലിലെ നിർമാണ പ്രവർത്തികളിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. എന്നാൽ, അതോടൊപ്പം വിഴിഞ്ഞം തുറമുഖം പോലുള്ളവയുടെ വികസന നേട്ടങ്ങൾ കണക്കിലെടുക്കണം.
ഉമ്മൻചാണ്ടി സർക്കാർ അദാനിയുമായിട്ട് ഉണ്ടാക്കിയ കരാറിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. അന്ന് ഞാൻ എഴുതിയ ഒരു പോസ്റ്റ് ഈ സമരകാലത്തും ഏറെ പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്തായിരുന്നു വിമർശനം? ഉമ്മൻചാണ്ടിയുടെ കരാർ തികച്ചും ഏകപക്ഷികമായിരുന്നു. ചെറിയൊരു തുകയൊഴികെ ബാക്കി ചെലവെല്ലാം കേരള സർക്കാരിന്റെ ചുമലിലായിരിക്കുമ്പോൾ കരാർ കാലയളവിൽ നേട്ടം മുഴുവൻ നടത്തിപ്പുകാരായ അദാനി കമ്പനിയ്‌ക്ക് ലഭിക്കും. എന്നാൽ കരാർ യഥാർഥ്യമായി. കരാർ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് പറഞ്ഞ് ലത്തീൻ രൂപത നേതൃത്വം അക്കാലത്ത് സമരവും ചെയ്‌തു. തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് അധികാരത്തിൽ വന്നാൽ കരാർ പ്രകാരമുള്ള പദ്ധതി നടപ്പിലാക്കുന്നതിന് വിഘനം ഉണ്ടാക്കില്ലെന്ന് പരസ്യമായി ഉറപ്പും നൽകി.
ഇപ്പോൾ പദ്ധതിയുടെ നല്ലൊരു പങ്ക് തീർന്ന്, അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ആദ്യ കപ്പൽ വിഴിഞ്ഞത് അടുപ്പിക്കാൻ കഴിയുമെന്ന സ്ഥിതിയായി. അപ്പോഴാണ് തിരുവനന്തപുരം ലത്തീൻ രൂപതയുടെ നേതൃത്വത്തിൽ സമരത്തിന് ഇറങ്ങുന്നത്. പലതും ന്യായമായ ആവശ്യങ്ങളാണ്. തീരശോഷണത്തെ പ്രതിരോധിക്കാനുള്ള നടപടികൾ മന്ദഗതിയിലാണ്. കടലാക്രമണത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഇഴഞ്ഞ് നീങ്ങുകയാണ്. അവർ ഉന്നയിച്ച ഇത്തരം എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. എന്നാൽ ഒരു ആവശ്യം അംഗീകരിക്കാൻ കഴിയുമായിരുന്നില്ല.
അവസാനഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പദ്ധതി നിർത്തി വച്ച് പാരസ്ഥിതിക ആഘാത പഠനം നടത്തണം. പഠനം നടത്താം. പക്ഷെ പദ്ധതി നിർത്തിവെക്കവാനാകില്ല. ആറായിരം കോടി രൂപ ഇതിനകം ചെലവഴിച്ച് പദ്ധതി പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്. പദ്ധതിയുടെ വരും വരായികയെക്കുറിച്ച് ആലോചിക്കേണ്ടിയിരുന്ന ഘട്ടത്തിൽ ഇന്നത്തെ സമരക്കാർ പദ്ധതി വേഗം നടപ്പാക്കാൻ സമരം ചെയ്‌തവരാണ്. ഇങ്ങനെ ആർക്കെങ്കിലും വിളി തോന്നുമ്പോൾ നിർത്തിവെക്കേണ്ടതാണോ വികസന പദ്ധതികൾ?
വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത മറ്റൊരു കാരണം കൂടിയുണ്ട്. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുമെന്നതിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ വലിയൊരു തലസ്ഥാന മേഖല വികസന പരിപാടിക്ക് (Capital City Region Development Program) രൂപം നൽകിയിട്ടുണ്ട്. ഏതാണ്ട് അറുപതിനായിരം കോടി രൂപ ചെലവ് വരും ഇതിന്. തുറമുഖങ്ങളുമായി ബന്ധപ്പെട്ട സാഗർമാല പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞത് നിന്ന് ആരംഭിച്ച് ഇന്നത്തെ എംസി റോഡിന്റെ കിഴക്കൻ മേഖലയിലൂടെ 70 ഓളം കിലോമീറ്റർ കടന്ന് ദേശീയപാതയിൽ വന്നു ചേരുന്ന നാലുവരി പാതയ്‌ക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി കഴിഞ്ഞു. ഇതൊക്കെ ദിവാസ്വപ്‌നമല്ലേ എന്ന് പറയുന്നവരുണ്ടാകും. ഒന്നോർക്കുക–- ദേശീയപാതയടക്കം എത്രയോ ദിവാസ്വപ്‌നങ്ങൾ യാഥാർഥ്യമായി കൊണ്ടിരിക്കുന്നു. അതുകൊണ്ട് വിഴിഞ്ഞം പദ്ധതി വേണമോ വേണ്ടയോ എന്നത് ഇന്നത്തെ സമരസമിതിക്കാർക്ക് തീരുമാനിക്കാകുന്ന കാര്യമല്ല.
തീരദേശത്തോട് സർക്കാർ സ്വീകരിച്ചിരിക്കുന്ന സവിശേഷ പരിഗണന എങ്ങനെ തമസ്‌കരിക്കാൻ ഇവർക്ക് കഴിയുന്നു? 12ാം ധനക്കാര്യ കമീഷന് ശേഷം കടൽഭിത്തിക്ക് കേന്ദ്ര സർക്കാരിന്റെ ധനസഹായം ഉണ്ടായിട്ടില്ല. എന്നാൽ, കിഎഫ്‌ബിയിൽ നിന്ന് ഇതിനായി പണം അനുവദിച്ചു. ഏതായാലും ചെല്ലാന്നതുകാരുടെ പരാതി പരിഹരിച്ചുവല്ലോ. ഇതു പോലെ മറ്റു ഇടങ്ങളിലും നടപടിയെടുക്കാം. പുനർഗേഹം പദ്ധതി ഇന്ത്യയിൽ മറ്റേതെങ്കിലും സംസ്ഥാനത്തുണ്ടോ? തീരദേശത്തെ മുഴുവൻ സ്‌കൂളുകളും ആശുപത്രികളും നവീകരിച്ചു. ബാക്കിയുണ്ടെങ്കിൽ അത് കോവിഡ് മൂലം വന്ന കാലതാമസം മാത്രമാണ്.
കടൽ കോർപറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന കേന്ദ്ര സർക്കാരിൽ നിന്ന് വ്യത്യസ്ഥമായി കടലിൽ മത്സ്യബന്ധനത്തിന്റെ ഉടമസ്ഥാവകാശവും ആദ്യ വിൽപനാവകാശവും മത്സ്യ തൊഴിലാളികൾക്ക് എങ്ങനെ നൽകാമെന്ന് ആലോചിക്കുന്ന സർക്കാരാണ് കേരളത്തിലേത്. ഇത്രയും പറഞ്ഞത് വിഴിഞ്ഞം സമരത്തെ നിരാലബരരായ, അതിജീവനം സാധ്യമല്ലാത്തരുടെ സമരവും മറ്റുമായി ചിലർ ചിത്രീകരിക്കുന്നത് കണ്ടിട്ടാണ്. പാവപ്പെട്ടവരോട് ഒപ്പമാണ് ഈ കേരള സർക്കാർ. അതോടൊപ്പം ഈ പാവപ്പെട്ടവരുടെ മക്കളുടെ നാളത്തെ കേരളത്തിന്റെ താൽപര്യം കൂടി കണ്ട് കൊണ്ടാണ് സർക്കാർ നടപടി നിലപാട് എടുത്തിട്ടുള്ളത്.
വിഴിഞ്ഞം അദാനിയുടെ പദ്ധതിയല്ല. കേരള സർക്കാരിന്റെ പദ്ധതിയാണ്. അദാനി നിർമാണത്തിനും നിശ്ചിത കാലയളവിലെ നടത്തിപ്പിനും കരാർ എടുത്തിരിക്കുന്ന ആളാണ്. ആ കരാറിലെ പാകപിഴകൾക്ക് യുഡിഎഫും ഇന്ന് സമരം ചെയ്യുന്നവരിൽ ചിലരുമാണ് ഉത്തരവാദികൾ.
ഇന്ന് അക്രമാസക്ത സമരത്തിന് നേതൃത്വം നൽകുന്ന ക്രിസ്‌ത്യൻ പുരോഹിതർ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. മത്സ്യ തൊഴിലാളികളിൽ എല്ലാ മതസ്ഥരുമുണ്ട്. പദ്ധതിയുടെ വിശാല ഗുണഭോക്താകളുടെ കാര്യമെടുത്താൽ മറ്റു മതസ്ഥരായിരിക്കും ബഹുഭൂരിപക്ഷം. ഇത് കണക്കിലെടുക്കാതെ ഏകപക്ഷികമായി തങ്ങൾ പറയുന്നിടത് കാര്യങ്ങൾ നടക്കണം, അല്ലെങ്കിൽ അക്രമം ഉണ്ടാകും എന്നും മറ്റും ഭീഷണിപ്പെടുത്തുന്നതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾ ആലോചിച്ചിട്ടുണ്ടോ? ദുർവാശി വിവേകത്തിന് ഇനിയെങ്കിലും വഴി മാറുമെന്ന് പ്രതീക്ഷിക്കട്ടെ.