രാഹുലിനെ ജയിലിലടച്ചാലും മുഴക്കമുള്ള ശബ്ദത്തെ ജയിലിൽ അടയ്ക്കാനാവില്ല

രാഹുലിനെ ജയിലിലടച്ചാലും മുഴക്കമുള്ള ശബ്ദത്തെ ജയിലിൽ അടയ്ക്കാനാവില്ല
Published on
Summary

വ്യാഖ്യാനങ്ങൾ കൊണ്ട് കോടതിമുറികളെ ജയിക്കാൻ കഴിഞ്ഞേക്കും. ചരിത്രത്തെയും ജനങ്ങളെയും ജയിക്കാൻ ആ കുടില കൗശലങ്ങൾ മതിയാവില്ല. ഇന്ത്യയെ വഞ്ചിക്കുന്നവരുടെ പേരുകൾ ഇനിയും തെരുവിൽ മുഴങ്ങും. രാഹുലിനെ ജയിലിലടച്ചാലും മുഴക്കമുള്ള ശബ്ദത്തെ ജയിലിൽ അടയ്ക്കാനാവില്ല.

കലാപം വിതയ്ക്കുന്ന പ്രസംഗം നടത്തിയാണ് ബാബറി മസ്ജിദ് തകർക്കാൻ പാകത്തിൽ ജനക്കൂട്ടത്തെ ഒരുക്കിയെടുത്തത്. വംശഹത്യക്കും കൂട്ടബലാത്സംഗങ്ങൾക്കും ഗുജറാത്തിനെ പരുവപ്പെടുത്തിയത്. ഗാന്ധിജിയുടെ നെഞ്ചിലേക്ക് വീണ്ടും വീണ്ടും വെടിയുതിർക്കുന്ന നേതാക്കന്മാരും ഗോഡ്സെ വാഴ്ത്തുകാരും ഉണ്ടായത്. ദില്ലിയിൽ തീപ്പിടിപ്പിച്ചത്. ശബരിമലയിൽ കനലുകൂട്ടാൻ ശ്രമിച്ചത്.

ചരിത്രത്തെയും ചരിത്രനായകരെയും അവഹേളിക്കുന്ന ആഖ്യാനങ്ങൾ എത്രയോ വന്നു. സ്ഥലനാമങ്ങളും സ്മാരകങ്ങളും അവഹേളിക്കപ്പെട്ടു. ദളിതരുടെ രക്തവും മാനവും തെരുവിൽ ചിതറി. ശാസ്ത്രയുക്തികളെ ചാണകത്തിൽ മുക്കി വലിച്ചെറിഞ്ഞു. കോടികൾ മുടക്കി ജനാധിപത്യ നിശ്ചയങ്ങളെ അട്ടിമറിച്ചു. ആൾദൈവങ്ങളും കപടശാസ്ത്രങ്ങളും വാഴ്ത്തപ്പെട്ടു. കോടതികളെ കാൽക്കീഴിൽ ഞെരിച്ചമർത്താൻ ഭരണകൂടം ശ്രമിച്ചു. ന്യായാധിപരുടെ രക്തം ദുരൂഹമരണങ്ങൾ കണ്ടു നിലവിളിച്ചു. ഭീഷണികൾ മാത്രം മുഴങ്ങുന്ന ആകാശമാണ് ഇന്ത്യ. നുണകളിൽ കെട്ടിപ്പടുക്കാം ഒരു മതരാഷ്ട്രമെന്നത് സംഘപരിവാര - കോർപറേറ്റ് അവിഹിത അജണ്ട.

വിയോജിപ്പുകൾ നുള്ളി എറിയാൻ അധികാരത്തിന്റെ ഔദ്യോഗിക കാവൽസേന മാത്രമല്ല, സംഘപരിവാര കാവിസേനയുമുണ്ട്. എതിരാളികളെ ഇല്ലാതാക്കാൻ അവർ ഉണലു മാന്തി പുണ്ണാക്കും. ഉന്മൂലനയജ്ഞം നടത്തും. പ്രതിപക്ഷത്തെ ഭയമാണ് എല്ലാ ഫാഷിസ്റ്റുകൾക്കും. അധികാരത്തിന്റെ ബലത്തിൽ ഭീരുക്കൾ ഏതശ്ലീലത്തിലും പുളഞ്ഞുകളിക്കും. ധീരരെ അവർ അവഹേളിക്കും.

അതിനാൽ രാഹുൽ ഗാന്ധിയെ അവരുടെ വേട്ടനായ്ക്കൾക്കു വിട്ടു കൊടുക്കാൻ ജനാധിപത്യ ബോധമുള്ള സമൂഹം തയ്യാറാവില്ല. രാഹുൽ ഗാന്ധി ഇന്ത്യൻ വാസ്തവം നെഞ്ചുപൊള്ളി പറയുമ്പോൾ അത് അവഹേളനമായി തോന്നുന്നവർ ഇന്ത്യയെയല്ല സ്നേഹിക്കുന്നത്. യാഥാർത്ഥ്യത്തെയല്ല അഭിമുഖീകരിക്കുന്നത്. വ്യാഖ്യാനങ്ങൾ കൊണ്ട് കോടതിമുറികളെ ജയിക്കാൻ കഴിഞ്ഞേക്കും. ചരിത്രത്തെയും ജനങ്ങളെയും ജയിക്കാൻ ആ കുടില കൗശലങ്ങൾ മതിയാവില്ല. ഇന്ത്യയെ വഞ്ചിക്കുന്നവരുടെ പേരുകൾ ഇനിയും തെരുവിൽ മുഴങ്ങും. രാഹുലിനെ ജയിലിലടച്ചാലും മുഴക്കമുള്ള ശബ്ദത്തെ ജയിലിൽ അടയ്ക്കാനാവില്ല.

ഞാൻ കോൺഗ്രസ്സുകാരനല്ല. രാഹുൽ വേട്ടയാടപ്പെടുമ്പോൾ മൗനം പാലിക്കാൻ അതൊരു ന്യായവുമല്ല. ഫാഷിസം അതിന്റെ നീരാളിക്കൈകൾകൊണ്ട് സകല ജനാധിപത്യ തുറസ്സുകളെയും വരിഞ്ഞു മുറുക്കുമ്പോൾ പ്രതിപക്ഷത്തെ താരതമ്യേന നിസ്സാരമായ വിയോജിപ്പുകൾക്ക് എന്തു പ്രസക്തി? സത്യം വിളിച്ചു പറയുന്ന ധീരത നിരന്തരം വേട്ടയാടപ്പെടാം. അപ്പോൾ സത്യനിശ്ചയമുള്ളവർ അവരെ പിന്തുണയ്ക്കാതെ വയ്യ. പണ്ടുകോൺഗ്രസ്സ് എന്തായിരുന്നുവെന്ന എന്റെ അനുഭവങ്ങൾ ചർച്ച ചെയ്യേണ്ട സമയമല്ല ഇത്. ഇപ്പോൾ ഫാഷിസത്തിനെതിരെ ഉയർന്നു കേൾക്കുന്ന ശബ്ദത്തിനും പ്രതിരോധത്തിനും ബലമേകലാണ് എന്റെ ഉത്തരവാദിത്തമെന്ന് ഞാൻ തിരിച്ചറിയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in