2020ൽ കേരളത്തിൽ എന്തൊക്കെ സംഭവിക്കും? കോവിഡ് അവസാനിക്കുമോ?

2020ൽ കേരളത്തിൽ എന്തൊക്കെ സംഭവിക്കും? കോവിഡ് അവസാനിക്കുമോ?
Published on
Summary

ലോകം കൊവിഡ് മഹാവ്യാധിയെ നേരിടുമ്പോള്‍ എല്ലാവരില്‍ നിന്നുമുയരുന്ന ചോദ്യം എന്ന് ഈ രോഗഭീതി ഒഴിയുമെന്നാണ്?. ഈ വിഷയത്തില്‍ വിശ്വപ്രഭ ഫേസ്ബുക്കില്‍ എഴുതിയ ദീര്‍ഘലേഖനം

2020-ൽ കേരളത്തിൽ എന്തൊക്കെ സംഭവിക്കും? കോവിഡ് മഹാമാരി അവസാനിക്കുമോ?

ഇല്ല.

കോവിഡ് മഹാമാരി അടുത്ത ആറുമാസത്തേക്കെങ്കിലും നമ്മുടെ മുഖ്യപ്രതിസന്ധിയായി തുടരും.

(നമ്മുടെ എന്നുവെച്ചാൽ നമ്മുടെ സംസ്ഥാനത്തിന്റെ മാത്രം കാര്യമാണ്‌ ഇവിടെ ഉടനീളം പരാമർശിക്കുന്നതു്. എങ്കിലും പലയിടത്തും ഇതേ കാര്യങ്ങൾ രാഷ്ട്രതലത്തിലേക്കോ ലോകതലത്തിലേക്കോ വ്യാപിപ്പിക്കാവുന്നതാണ്‌

കോവിഡ് നമ്മെ പൂർണ്ണമായും ഒഴിഞ്ഞുപോകണമെങ്കിൽ ലോകം മൊത്തമായോ ചുരുങ്ങിയ പക്ഷം ഇന്ത്യ മൊത്തമായോ ഒഴിഞ്ഞുപോകണം. ഇതുവരെയുള്ള അവസ്ഥ വെച്ചു് ഇതു സംഭാവ്യമല്ല. വിദേശത്തുനിന്നു വരുന്നവരേക്കാൾ കേരളത്തിനുള്ള ഭീഷണി മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ തന്നെയാണ്‌. അതിൽ തന്നെ, ഔദ്യോഗികസംവിധാനത്തിന്റെ കണ്ണുവെട്ടിച്ചു് ഇവിടെ എത്തിപ്പെടാവുന്ന വളരെ ചെറിയ ഒരു ശതമാനമാവും ഏറ്റവും വലിയ വെല്ലുവിളി.

ഒരു രോഗാണു പടരാനുള്ള സാദ്ധ്യത എന്ന നിലയിൽ, ഏറ്റവും ആദ്യം കേരളത്തിൽ കോവിഡ് അണു എത്തിപ്പെട്ട അതേ ദിവസത്തിന്റെ അതേ റിസ്ക് തന്നെയാണ് പുതുതായി ഒരു രോഗിയെയെങ്കിലും കണ്ടെത്തുന്ന ഓരോ പുതിയ ദിവസത്തിനും ഉള്ളതു്. അതായതു് ഇത്ര നാളും നാം പാലിച്ച മുൻകരുതലുകൾ അണുനിവാരണത്തിനെതിരെയുള്ള മൂല്യവർദ്ധിതമായ ഒരു സമ്പാദ്യമോ പരിചയസമ്പത്തോ അല്ല. ഏതു നിമിഷം നാം നമ്മുടെ മുൻകരുതലുകളിൽ അയവു വരുത്തുന്നുവോ ആ നിമിഷം നമ്മുടെ റിസ്ക് ആദ്യദിവസത്തിലേക്ക്‌ റീസെറ്റ് ചെയ്യപ്പെടും.

അങ്ങനെയാവാതിരിക്കാനുള്ള സാദ്ധ്യതകൾ:

1. വിജയകരവും സുരക്ഷിതവുമായ ഒരു വാക്സിൻ കണ്ടുപിടിക്കപ്പെടുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ പരമാവധി ആളുകൾക്ക്‌ ആ വാക്സിൻ ലഭിയ്ക്കുന്നു. വൈറസിന്റെ സംക്രമണനിരക്ക് അതിലോലമായി കുറയുന്നു.അഞ്ചാം പനി, ചിക്കൻ പോക്സ്, ചിക്കുൻ ഗുനിയ, ഡെങ്ങിപ്പനി തുടങ്ങിയവയെപ്പോലെ കോവിഡ് നമുക്കിടയിൽ ഒട്ടൊക്കെ നിയന്ത്രണവിധേയമായി തുടരുന്നു.

2. കോവിഡ് അണുവിന്റെ പ്രജനനത്തെ തടുക്കുന്ന ശക്തവും ഉറപ്പുള്ളതും താരതമ്യേന വിലകുറഞ്ഞതുമായ ഒരു ആന്റിവൈറൽ മരുന്നു് അല്ലെങ്കിൽ സഹായക ഔഷധം കണ്ടുപിടിക്കപ്പെടുന്നു.

കോവിഡിന്റെ മരുന്ന് പല വിധത്തിലുള്ളതാവാം:

a. അണുവിന്റെ പ്രജനനം (പെറ്റുപെരുകൽ) ഇല്ലാതാക്കുന്നത്‌.(അണുബാധയുണ്ടാവുന്നു. പക്ഷേ അതുമൂലം ലക്ഷണങ്ങളോ പരിക്കുകളോ ഉണ്ടാവുന്നില്ല. ആശുപത്രി ചികിത്സ / തീവ്രപരിചരണം ആവശ്യമായി വരുന്നില്ല).

b. അണുവിന്റെ പകർച്ച ഇല്ലാതാക്കുന്നത്‌.(അണുബാധയുണ്ടാവുന്നു. പക്ഷേ പുതുതായുണ്ടാവുന്ന അണുക്കൾക്ക്‌ മറ്റുള്ളവരിലേക്ക്‌ പകരാൻ കഴിയുന്നില്ല. അഥവാ വീര്യം നിലനിർത്താൻ കഴിയുന്നില്ല).

c. അണുബാധയുണ്ടാവുന്നതിനുമുമ്പുതന്നെ ശരീരത്തിനെ ആ വെല്ലുവിളി അഭിമുഖീകരിക്കാൻ സഹായിക്കുന്ന പ്രതിരോധസ്വഭാവമുള്ള മരുന്നുകൾ

d. ശ്വാസകോശഅറകളിലും സൂക്ഷ്മരക്തലോമികകളിലും കോശതലത്തിൽ അണുബാധ മൂലം സംഭവിക്കുന്ന പരിക്കുകൾ / കേടുപാടുകൾ ഒട്ടും ഇല്ലാതാക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നത്‌. കുറേ ദിവസങ്ങൾ തീവ്രപരിചരണ-ചികിത്സയ്ക്കുശേഷം മരണത്തിന്‌ അടിപ്പെടാതെ രക്ഷപ്പെടാൻ സഹായിക്കുന്നത്‌

e. അണുബാധ മൂലം താളം തെറ്റുന്ന ശരീരത്തിലെ പ്രതിരോധവ്യവസ്ഥയെ ഷോക്കിൽ നിന്നു മോചിപ്പിച്ച് പഴയപടിയാക്കുന്നത്‌.

f. മുമ്പേ ആരോഗ്യപ്രശ്നങ്ങളുള്ള രോഗികളിൽ അവരുടെ മറ്റു പ്രധാന അവയവങ്ങളിൽ (ഹൃദയം, വൃക്ക, കരൾ, ഗ്രന്ഥികൾ, ശ്വാസകോശം തുടങ്ങിയവ) ഓക്സിജൻ ക്ഷാമം വർദ്ധിച്ചു് ആ അസുഖങ്ങൾ ഗുരുതരമാവാതിരിക്കാൻ സഹായിക്കുന്ന മരുന്നുകൾ

ഇവയിൽ ആദ്യത്തെ രണ്ടുമൂന്നിനങ്ങൾ അഥവാ ലഭ്യമായിരുന്നെങ്കിൽ പകർച്ചയുടെ തോത്‌ കാര്യമായി കുറയ്ക്കുവാൻ സഹായിക്കും. എന്നാൽ ഇത്തരമൊരു മരുന്ന്‌ ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഇതുവരെ പരിഗണിക്കപ്പെട്ട HCQ, Remdesivir, Dexamethasone തുടങ്ങിയ മരുന്നുകൾ ഇവയിൽ പെടുന്നതല്ല. അതായത്‌ അവ രോഗസംക്രമണസാദ്ധ്യതയെ കുറയ്ക്കുന്നില്ല.

അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ അത്തരമൊരു മരുന്ന്‌ കണ്ടുപിടിക്കപ്പെടുകയും കുറഞ്ഞ വിലയ്ക്കു് വ്യാപകമായി ലഭിക്കുകയും ചെയ്താൽ കേരളത്തിനെന്നല്ല ലോകത്തിനു മൊത്തം സമാശ്വസിക്കാം. പക്ഷേ അതിനുള്ള സാദ്ധ്യത ഇപ്പോഴും അതിപരിമിതമാണ്.

സംക്രമണത്തിനെതിരെ ചെയ്യുന്ന ഓരോ ചെറിയ പ്രവൃത്തിയും വലിയ തോതിൽ രോഗത്തിനെ തടഞ്ഞുനിർത്തും എന്നോർക്കണം

3. വൈറസിന്റെ സ്വഭാവം മാറുക. (mutate ചെയ്യപ്പെടുക)ഇതിനുള്ള സാദ്ധ്യതയും വളരെ കുറവാണ്. കാരണം, പലയിടങ്ങളിലായി വ്യാപിച്ചുകൊണ്ടിരിക്കുന്ന എല്ലാ വൈറസ് തരികളും ഒരേ ജനിതകഘടനയിലേക്ക്‌ പരിവർത്തനം ചെയ്യപ്പെടുക അസംഭാവ്യമാണ്. ഏതെങ്കിലും ഒരു ശാഖയിലെ വൈറസ് നിർവ്വീര്യമായാൽ തന്നെയും മറ്റു ശാഖകളിലുള്ള വൈറസ് താവഴികൾ നിലവിലുള്ള ഭീഷണിയ്ക്കു സമാനമായി തുടരുക തന്നെ ചെയ്യും.പക്ഷേ അത്യപൂർവ്വമായ ഒരു ലോട്ടറിയടിച്ചു എന്നു വരാം. ഒരു താവഴിയിലുള്ള വൈറസിന്‌ ഇപ്പോഴുള്ളതിനേക്കാൾ പകർച്ച നിരക്ക്‌ വളരെ കൂടുകയും അതേ സമയം അതിന്റെ പ്രഹരശേഷി വളരെ വളരെ കുറയുകയും ചെയ്യുക. മാത്രമല്ല, ആ വൈറസ് ഇനം ബാധിച്ചവർക്കെല്ലാം കുറേ മാസങ്ങളോളമെങ്കിലും എല്ലാ താവഴിയിലുമുള്ള കോവിഡ് വൈറസ് ഇനങ്ങൾക്കെതിരെയും പ്രതിരോധശേഷിയുണ്ടാവുക. ഇങ്ങനെ വന്നാൽ ഇപ്പോൾ നിലവിലുള്ള കോവിഡ് അണുക്കൾക്കു് പകരാൻ അവസരം കിട്ടുന്നതിനുമുമ്പേ ജനസംഖ്യയിൽ ഭൂരിപക്ഷത്തിലും താരതമ്യേന നിർദ്ദോഷമായ രീതിയിൽ ഹെർഡ് ഇമ്മ്യൂണിറ്റി (കൂട്ടായ പ്രതിരോധം) സംഭവിക്കുക.എന്നാൽ ഇത്രയും കാര്യങ്ങളെല്ലാം ഒരുമിച്ചു സംഭവിക്കുക എന്നത്‌ അത്യപൂർവ്വമായ ഒരു സാദ്ധ്യത മാത്രമാണു്. അതിനാൽ ആ വഴിയ്ക്കുള്ള പ്രതീക്ഷ അധികം വേണ്ട.

4. നാം ഇതുവരെ തിരിച്ചറിയാത്ത ഒരു അജ്ഞാതഘടകം അതെന്താണെന്നു നമുക്കറിയുന്നതിനുമുമ്പുതന്നെ കൂടുതൽ പ്രസക്തമാവുകയും വൈറസിന്റെ വ്യാപനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുക. (ഉദാഃ പ്രത്യേക അന്തരീക്ഷഊഷ്മാവും ആർദ്രതയും, ഏതെങ്കിലും വിശേഷപ്പെട്ട മരുന്നോ ഭക്ഷ്യവസ്തുവോ, നാം മുമ്പുതന്നെ ആർജ്ജിച്ചിട്ടുള്ള ഏതെങ്കിലും പ്രതിരോധവിശേഷം).എന്നാൽ ഇതുവരെ അത്തരം ഘടകങ്ങൾ ഒന്നും തന്നെ തിരിച്ചറിയപ്പെടുകയോ അവ പുതുതായി ഉരുത്തിരിയാനുള്ള സാദ്ധ്യതകൾ തെളിയുകയോ ചെയ്തിട്ടില്ല.

5. വൈറസ് ആദ്യമായി ശരീരത്തിലേക്ക്‌ എത്തിപ്പെടുന്ന മാർഗ്ഗം (ഉദാഹരണം: വായിലൂടെയോ മൂക്കിലൂടെയോ രക്തത്തിലൂടെയോ) അതിന്റെ പ്രജനനനിരക്കിനെയോ വീര്യത്തെയോ പ്രതിരോധവികാസത്തെയോ സ്വാധീനിക്കുന്നതായി നാം തിരിച്ചറിയുക. തുടർന്ന്‌ തികച്ചും നൂതനമായ ഒരു നിവാരണരീതി കണ്ടുപിടിക്കപ്പെടുക.

ഉദാഹരണത്തിന്‌ മൂക്കിലൂടെ പകരുനതിനേക്കാൾ നിർദ്ദോഷമായാണ് വായിലൂടെ വൈറസ് എത്തിപ്പെടുന്നത്‌ എന്നു സങ്കൽപ്പിക്കുക. (വെറുതെ സങ്കൽപ്പിക്കാനേ പാടുള്ളൂ. ഞാൻ ഒരൊറ്റയാൾ ഒഴികെ ഇത്തരമൊരു നിഗമനം ഇതുവരെ ആരും എവിടെയും സങ്കൽപ്പിച്ചിട്ടുപോലുമില്ല. ആരും ശാസ്ത്രീയമായി ഉറപ്പാക്കിയിട്ടുമില്ല. പക്ഷേ, യുക്തിപരമായി ആലോചിച്ചാൽ ഇങ്ങനെയും ഒരു സാദ്ധ്യതയുണ്ടെന്നാണു് (എന്റെ മാത്രം പൊട്ടബുദ്ധിയിൽ) വരുന്ന തോന്നൽ.

അങ്ങനെയാണെങ്കിൽ, ഓറൽ പോളിയോ വാക്സിൻ പോലെ, വളരെ ലളിതവും വീര്യം കുറഞ്ഞതുമായ ഒരു ഇനൊക്യുലേഷൻ മെത്തേഡ് നാം വികസിപ്പിച്ചെടുത്തുവെന്നുവരാം. കോവിഡിനെ സംബന്ധിച്ചിടത്തോളം അത്തരമൊരു പ്രതിവിധി അഭൂതപൂർവ്വമായ വിധത്തിൽ ലളിതവും ശാശ്വതവുമായിരിക്കും.

എന്നാൽ, മുകളിലുള്ള ഒരു സാദ്ധ്യതയ്ക്കും ഇപ്പോൾ നാം പ്രതീക്ഷ നൽകിക്കൂടാ.

അതിനർത്ഥം കോവിഡ് അടുത്ത ഒരു വർഷത്തേയ്ക്കെങ്കിലും - തൽക്കാലം ആറുമാസത്തേക്കെങ്കിലും എന്നു പറയട്ടെ- നമ്മോടുകൂടിത്തന്നെ ഉണ്ടാവും.

അതുകൊണ്ട്‌ അടുത്ത ചോദ്യം, ഇപ്പോഴുള്ളതിനേക്കാൾ ഭീകരമാവുമോ അതോ ആശ്വാസകരമാവുമോ നമ്മുടെ സമീപകാല കോവിഡ് ഭാവി എന്നതാണ്.

നാം എങ്ങനെയാണ് ഈ വെല്ലുവിളിയോട്‌ ഏറ്റുമുട്ടാൻ പോകുന്നത്‌ എന്നതനുസരിച്ചിരിക്കും വലിയൊരു പരിധി വരെ ഇതിന്റെ ഉത്തരം.

ഇപ്പോഴത്തെ അവസ്ഥയിൽ നമുക്കെന്തു പ്രവചിക്കാനാവും?

1. ലോകം മുഴുവൻ എല്ലാരും ആവുന്നത്ര ‍മുൻകരുതലുകൾ എടുക്കുന്നുണ്ടെന്ന്‌ സങ്കൽപ്പിക്കുക. എന്നിട്ടുപോലും വ്യാപനനിരക്കും (R0) മരണനിരക്കും ഇത്രയിത്രയാണ്. അത്‌ ഇതേ വിധത്തിൽ തുടരുകയാണെങ്കിൽ, വാക്സിനോ മരുന്നോ പോലെ മറ്റൊന്നും പ്രതിവിധിയാവുന്നില്ലെങ്കിൽ, ആത്യന്തികമായി ലോകജനസംഖ്യയിൽ ഭൂരിഭാഗത്തെയും വൈറസ് കടന്നുപോവുകതന്നെ ചെയ്യും. അതായത്‌ ഇപ്പോൾ ഉള്ള മരണനിരക്കിന്റെ ശതമാനം ആകെ ലോകജനസംഖ്യയുടെ ഗണ്യമായ ഒരു ശതമാനവുമായി (ഹെർഡ് ഇമ്മ്യൂണിറ്റി) ഗുണിച്ച സംഖ്യയോളം ആളുകൾ മരിച്ചുപോവും.

ഇതേ കാര്യം ഇന്ത്യയിലേക്കോ കേരളത്തിലേക്കോ ആരോപിക്കാം.

ഉദാഹരണത്തിന്‌, ഒരു ശരാശരി സമൂഹം ഹെർഡ് ഇമ്മ്യൂണിറ്റി പ്രാപിക്കാനുള്ള അന്തിമവ്യാപനനിരക്ക്‌ വെറും 60 ശതമാനമാണെന്നു കരുതുക. ഇതുവരെയുള്ള കണക്കനുസരിച്ച് രോഗം ബാധിച്ച് ഭേദമാവുകയോ മരിക്കുകയോ ചെയ്തവരിൽ ഇത്ര ശതമാനം പേർ മരണപ്പെട്ടുവെന്നും (Deaths/Resolved cases) കരുതുക. (ഇന്ത്യയിൽ ഇതിപ്പോൾ ദേശീയശരാശരി 5 ശതമാനവും കേരളത്തിൽ 1.12 ശതമാനവുമാണ്).

ഇത്‌ മൊത്തം ജനസംഖ്യയുടെ 60%ത്തിലേക്ക്‌ പെരുക്കിയെടുത്താൽ, ഇന്ത്യയിൽ 139 കോടി x 60/100 x 5/100 = 4 കോടി 14 ലക്ഷം എന്നും കേരളത്തിൽ 350 ലക്ഷം x 60/100 x 1.12/100 = 2,35,200 എന്നും രണ്ടു സംഖ്യകൾ ലഭിയ്ക്കും.

ഈ സംഖ്യകൾ അവിശ്വസനീയമായി തോന്നുന്നില്ലേ? പക്ഷേ ഇതിൽ ഏതു ഭാഗമാണ് നമുക്കു വിശ്വസിക്കാൻ പാടില്ലാത്തത്‌? ജനസംഖ്യ? ഹെർഡ് ഇമ്മ്യൂണിറ്റി? അന്തിമമരണനിരക്ക്‌?

പക്ഷേ,

ഇനി നമ്മെത്തന്നെ സമാധാനിപ്പിക്കാൻ ചില വഴികളുമുണ്ട്‌.

1. കോവിഡ് ഇല്ലാതെത്തന്നെ ഒരു വർഷം ഇന്ത്യയിൽ സ്വാഭാവികമായും ഏകദേശംരണ്ടു കോടി പേരും കേരളത്തിൽ അഞ്ചു ലക്ഷം പേരും മരിച്ചുപോകുമായിരുന്നു. (അത്രതന്നെ പുതിയ കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്യുമായിരുന്നു). അതിനാൽ ഈ സംഖ്യകൾ ഒറ്റ നോട്ടത്തിൽ കാണുമ്പോഴുള്ളത്ര ഭീകരമാണെന്നു പറയാൻ പറ്റില്ല.

2. ആകെ പരിശോധിച്ചു് ഫലം പോസിറ്റീവ് ആയ ആളുകളുടെ എണ്ണത്തിൽ മരിച്ചവരുടെ ശതമാനമാണ് മുകളിൽ. ഒരു പക്ഷേ അതിനേക്കാളുമൊക്കെയേറെ ആളുകൾ ഇപ്പോൾ തന്നെ നമുക്കിടയിൽ ഒരു ലക്ഷണം പോലുമില്ലാതെ കോവിഡ് ബാധിച്ച് ഭേദപ്പെട്ടവരുണ്ടെങ്കിലോ?അതേ സമയം ആശുപത്രിയിൽ ചേർക്കാതെ പുറത്തു വെച്ചുതന്നെ, തിരിച്ചറിയപ്പെടാതെയുണ്ടായ മരണങ്ങൾ പോലും നാം ശ്രദ്ധിക്കുന്നത്ര വലിയ തോതിൽ ഉണ്ടായിരുന്നില്ലെങ്കിലോ?(അഥവാ അത്തരം മരണങ്ങൾ വ്യാപകമായി നടന്നിരുന്നെങ്കിൽ നമ്മുടെ മാദ്ധ്യമങ്ങളെങ്കിലും തീർച്ചയായും ശ്രദ്ധിക്കുമായിരുന്നു).

എങ്കിൽ യഥാർത്ഥ മരണനിരക്ക്‌ മുകളിലേതിന്റെ വളരെ ചെറിയ ഒരംശമായിരിക്കും.

ന്യൂയോർക്ക്‌ പോലുള്ള ചില സമൂഹങ്ങളിൽ ആന്റിബൊഡി ടെസ്റ്റ് നടത്തി അവർ കണക്കാക്കുന്നത്‌ ആദ്യഘട്ട ടെസ്റ്റ് നടത്തി പോസിറ്റീവ് ആയതിന്റെ പത്തിരട്ടി ആളുകൾക്കെങ്കിലും ലക്ഷണമില്ലാത്ത സമൂഹവ്യാപനം നടന്നിരുന്നു എന്നാണ് (മേയ് 1, 2020). പരിശോധിക്കപ്പെടാതെ പോയവരിൽ മരണമടഞ്ഞവർ ഔദ്യോഗികക്കണക്കിൽ മരിച്ചവരുടെ അത്രതന്നെ വരുമെന്നും അവരുടെ കണക്കുകളിൽ പറയുന്നു.

അങ്ങനെത്തന്നെയാണു നമ്മുടെ നാട്ടിലും എന്ന്‌ ചുമ്മാ സങ്കൽപ്പിക്കുക. അതായത്‌ ഏകദേശം 40,000 പേർക്ക്‌ ഇതിനകം കോവിഡ് അണുബാധയുണ്ടായെന്നും പക്ഷേ അതിൽ 40 പേരേ മരണമടഞ്ഞിട്ടുള്ളൂ എന്നും കരുതുക. എങ്കിൽ അതു കുറേക്കൂടി നല്ല വാർത്തയല്ലേ?

350,00,000 x 60/100 x 1/1000 = 21,000 പേരാണ് ആ കണക്കിൽ കേരളത്തിൽ ആകെ മരിക്കുക. അതായത്‌ ഒരു ജില്ലയിൽ 1500 പേർ, ഒരു പഞ്ചായത്തിൽ 30 പേർ.ഒരു വർഷം ആകെ മരിക്കുന്ന ആളുകളുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോൾ അതൊരു വലിയ സംഖ്യയല്ല!

പക്ഷേ, ഇതൊക്കെ വെറും നമ്പറുകളല്ല. ഓരോരോ എണ്ണവും ഓരോരോ ജീവിതങ്ങളാണ്.അതുകൊണ്ട്‌ ഇത്രപോലും ക്രൂരമായിക്കൂടാ നമ്മുടെ കണക്കുകൂട്ടലുകൾ.അപ്പോൾ?

അങ്ങനെ നാം കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥയിലേക്ക്‌ തിരിഞ്ഞുനോക്കുന്നു.

മറ്റു നാടുകളിൽനിന്നും ഇത്രയധികം ജനങ്ങൾ കോവിഡ് ഭീതിക്കാലത്തു വന്നിട്ടുപോലും, ഇതുവരെ നമുക്കറിവുള്ള കണക്കുകൾ വെച്ച് നമുക്കിടയിൽ കോവിഡ് സംക്രമണം മിക്ക ഇതരസംസ്ഥാനങ്ങളേക്കാളും സാമാന്യം കുറഞ്ഞ നിലയിലാണ്.

ജനങ്ങളിൽ നല്ലൊരു പങ്കും സാമൂഹിക അകലമോ കൈകഴുകലോ ഒന്നും പാലിക്കുന്നില്ലെങ്കിൽ പോലും മറ്റു പല നാടുകളുമായി തട്ടിച്ചുനോക്കുമ്പോൾ നാം തീരെ മോശമൊന്നുമല്ല.

സംക്രമണത്തിനെതിരെ ചെയ്യുന്ന ഓരോ ചെറിയ പ്രവൃത്തിയും വലിയ തോതിൽ രോഗത്തിനെ തടഞ്ഞുനിർത്തും എന്നോർക്കണം. കൂടാതെ, ഇതുവരെയെങ്കിലും വളരെ പ്രശംസനീയമായ രീതിയിൽ തന്നെയാണ് അടി മുതൽ മുടി വരെയുള്ള നമ്മുടെ ഭരണസംവിധാനം കോവിഡ് പ്രതിരോധം തീർത്തിരിക്കുന്നത്‌. (അതിൽ ഭീകരവും ഒഴിവാക്കാനാവുന്നതുമായ ചില പാളിച്ചകളുമുണ്ടു്. പക്ഷേ, തൽക്കാലം അതിവിടെ പരാമർശിക്കുന്നില്ല). On Arrival screening, contact tracing, quarantining, isolated health follow-up, in hospital clinical care എന്നിവയെല്ലാം ഒരു വിധം നന്നായി നടക്കുന്നു, അതോടൊപ്പം തന്നെ ജനങ്ങളും കുറേയൊക്കെ ഇത്തരം കാര്യങ്ങളിൽ ബോധവാരായി തുടരുന്നു. എന്നീ ഘടകങ്ങളാണു് കേരളത്തെ വ്യത്യസ്തമാക്കുന്നത്‌. ഇക്കാര്യത്തിൽ കക്ഷിഭേദമന്യേ ചില രാഷ്ട്രീയനേതാക്കളെ മാറ്റിനിർത്തിയാൽ, ഓരോ കേരളാൾക്കും പ്രശംസയുടെ ഒരോഹരിയ്ക്കു് അർഹതയുണ്ട്‌.

ഇതിങ്ങനെത്തന്നെ തുടരുന്നു എന്നു കരുതുക. കൂടാതെ പ്രത്യേക മേഖലകളെ അടച്ചുനിർത്തിക്കൊണ്ടുള്ള പോക്കുവരത്തുനിയന്ത്രണം (zone-segregated containment) ഇപ്പോഴുള്ളതിനേക്കാൾ അതികർശനമായി കുറേയേറെ മാസങ്ങളോളം തുടരുന്നു എന്നും കരുതുക.

എങ്കിൽ നമുക്ക്‌ രാജ്യത്തിന്റെയോ ലോകത്തിന്റെയോ മറ്റു ഭാഗങ്ങളിൽ സംഭവിക്കുന്ന അണുബാധാനിരക്കുകളെപ്പറ്റി പരിഭ്രമിക്കാതെത്തന്നെ കോവിഡിന്റെ ആക്രമണത്തിൽനിന്ന്‌ രക്ഷപ്പെടാം. കുറേയൊക്കെ പരിമിതികളോടെ നമ്മുടെ സാധാരണ ദൈനം‌ദിനവ്യവഹാരങ്ങൾ തുടരുകയും ചെയ്യാം.

ഓരോ മൈക്രോസോണിലും മാത്രമായി കോവിഡിനെ അടക്കിനിർത്താനായാൽ, മരണനിരക്ക്‌ പകുതിയോളമെങ്കിലുമാക്കി കുറയ്ക്കാം. അതായത്‌ ഒരു വർഷത്തിനുള്ളിൽ 10,000 പേർ കോവിഡ് മൂലം മരിക്കുന്നു എന്നു പ്രതീക്ഷിക്കാം.

സത്യമായും ഇത്‌ ഒട്ടും വലിയ ഒരു സംഖ്യയല്ല. പക്ഷേ, ഈ സംഖ്യയിൽ നമ്മുടെ ടോൾ പിടിച്ചുനിർത്താൻ നാം എല്ലാരും ഒരു പാട്‌ പ്രയത്നിക്കേണ്ടിവരും.

ടെസ്റ്റിങ്ങ് സാങ്കേതികമായി ചെലവേറിയ ഒന്നാണ്. അതിന്റെ രീതികളിൽ ഇനിയും ചെലവു ചുരുക്കാനുള്ള വഴികൾ ഉണ്ടോ എന്ന്‌ ആരാഞ്ഞുകൊണ്ടിരിക്കുക. എല്ലായ്പ്പോഴും RT-PCR ടെസ്റ്റ് വേണോ എന്നു പോലും ആലോചിക്കണം

കേരളം ഇനി എന്താണു ചെയ്യേണ്ടത്

1. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ആറു കാര്യങ്ങൾ (On Arrival screening, contact tracing, strict quarantining, health follow-up for isolated persons, in-hospital clinical care, strict and high resolution zone containment) ഇതുപോലെത്തന്നെ തുടരുക.

ഇത്‌ സംസ്ഥാനത്തിന്‌ സാമ്പത്തികമായി വലിയ ഭാരം ഉണ്ടാക്കുന്ന ഒരു യജ്ഞമാണ്. അതിനാൽ ഈ നടപടികൾ തുടരുമ്പോഴും എങ്ങനെയൊക്കെ ചെലവുകൾ കുറച്ചുകൊണ്ടുവരാമെന്ന്‌ തീവ്രമായി ചർച്ച ചെയ്യുകയും ആലോചിക്കുകയും വേണം.

2. ടെസ്റ്റിങ്ങ് സാങ്കേതികമായി ചെലവേറിയ ഒന്നാണ്. അതിന്റെ രീതികളിൽ ഇനിയും ചെലവു ചുരുക്കാനുള്ള വഴികൾ ഉണ്ടോ എന്ന്‌ ആരാഞ്ഞുകൊണ്ടിരിക്കുക. എല്ലായ്പ്പോഴും RT-PCR ടെസ്റ്റ് വേണോ എന്നു പോലും ആലോചിക്കണം.രണ്ടാഴ്ചത്തെ ഒരാ‍ാളുടെ ജീവിതച്ചെലവും രണ്ടു PCR ടെസ്റ്റിന്റെ ചെലവും തമ്മിൽ തരതമ്യം ചെയ്യുക.

3. ക്വാറന്റൈൻ / സോൺ നിബന്ധനകൾ തുടങ്ങിയവ അനുസരിക്കാത്തവർക്ക്‌ തികച്ചും കർശനമായി പിഴ ചുമത്തുക. അതോടൊപ്പം ട്രാഫിൿ നിയമലംഘനങ്ങൾക്കും തീർച്ചയായും വേണം.

ഈ പണം നമ്മുടെ സർക്കാരിന്‌ ഇപ്പോൾ ആവശ്യമുണ്ട്‌. കൂലിപ്പണിക്കാരായ മദ്യപന്മാരുടെ നിഷ്കളങ്കമായ ലഹരിദാഹത്തിനേയും സാധുജനത്തിന്റെ നിഷ്കളങ്കമായ ധനമോഹത്തെയും ചൂഷണം ചെയ്യുന്നതിനേക്കാൾ ബർക്കത്തുള്ള പണമാണ് ഇത്‌.

അനുസരണയില്ലാത്തവരോടു് ഇക്കാലത്തു് യാതൊരു ദയയും ആവശ്യമില്ല.

കയ്യിൽ നിന്നും കാര്യമായി പണം നഷ്ടപ്പെടുന്ന കാര്യമാണെന്നറിഞ്ഞാൽ ഒരുത്തനും ഇവിടെ നിയമലംഘനം നടത്തുകയില്ല. അതില്ലെങ്കിൽ ഒരുത്തനും തന്റെ ഒരു നിയമത്തിനോടും വിലയില്ലെടോ സർക്കാർപുല്ലേ!

കേരളീയർ പൊതുവേ നല്ല ആളുകളാണ്. നിയമം ലംഘിക്കണം എന്ന വാശി അവർക്കില്ല. പക്ഷേ നിയമം ലംഘിച്ചാലും വല്യ കൊയപ്പല്യാന്നൊരു കാര്യം നമ്മുടെ നേതാക്കളും മേലാളന്മാരും തന്നെ അവരെ പറഞ്ഞുപഠിപ്പിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ തരം കിട്ടുന്നിടത്തൊക്കെ അവർ ഒരു എളുപ്പവഴി കണ്ടെത്തും. അതിനിന്റിടയ്ക്കു് നിയമങ്ങൾ ചുമ്മാ ചവിട്ടിക്കൂട്ടപ്പെടും.

ആ എളുപ്പവഴി ഇനി മേലിൽ നടപ്പില്ലാ എന്നു നമുക്കേവർക്കും ഉറക്കെ സ്വയം മനസ്സിലാക്കാൻ ഈ കോവിഡ് കാലം സഹായിക്കണം. ഒരു ക്രിമിനലൈസ്ഡ് സൊസൈറ്റിയിൽ നിന്നും സിവിലൈസ്ഡ് സൊസൈറ്റി ആയി മാറാൻ നാം ഇതൊരു അവസരമാക്കണം.

4. രോഗവ്യാപനവും മരണവും തടയുന്നതിൽ ഇതുകൂടാതെ, ഗവണ്മെന്റ് ചെയ്യേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്‌.

a. പരമാവധി സാമ്പത്തിക ഇടപാടുകൾ കോണ്ടാൿറ്റ്‌ലെസ്സ് ആക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക. അതിനു തക്ക വിധത്തിൽ ബാങ്കുകളേയും വ്യാപാരസ്ഥാപനങ്ങളേയും സജ്ജമാക്കുക. ജനങ്ങൾക്ക്‌ വേണ്ടത്ര ഉപദേശങ്ങൾ നൽകുക.ഇത്‌ എല്ലാ നിലയ്ക്കും പരമപ്രധാനമാണ്. ഏതെങ്കിലും ജീർണ്ണബുദ്ധികൾക്ക്‌ ഡിജിറ്റൽ അലർജി ഇനിയും ഉണ്ടെങ്കിൽ അവറ്റയെ വലിച്ചൂരിയെറിയാനുള്ള ധൈര്യം കാണിക്കണം. ഇല്ലെങ്കിൽ നാളത്തെ തലമുറ നിങ്ങളെയൊക്കെ കൂക്കിവിളിക്കും.

b. ഇപ്പോൾ നടന്നുവരുന്ന ഈ ഡാറ്റാപ്രഖ്യാപനനാടകം അവസാനിപ്പിക്കുക. ഇതൊരു തട്ടിപ്പാണെന്ന്‌ ഇപ്പോൾ എല്ലാവർക്കും അറിയാം. ഇങ്ങനെയല്ല വേണ്ടത്‌.

വ്യത്യസ്ത ഡാറ്റാ എലിമെന്റുകൾ പരസ്പരം കൂട്ടിക്കുഴയ്ക്കാതിരിക്കുക. You are not protecting any public or common private interest by doing this.

ഓരോരോ ജില്ലാ ഭരണകേന്ദ്രങ്ങളിൽ നിന്നും മറ്റു കേന്ദ്രങ്ങളിൽനിന്നും തെരഞ്ഞെടുത്ത മാദ്ധ്യമങ്ങൾക്കു മാത്രമായി ഡാറ്റ വിതരണം ചെയ്യുന്നുണ്ടെങ്കിൽ അതു നിർത്തുക. പകരം എല്ലാ ഡാറ്റയും ഒരൊറ്റ സ്രോതസ്സിൽ നിന്ന്‌ നിശ്ചിതമായി പട്ടികപ്പെടുത്തിയ വിധത്തിൽ, ശരിയായ granularityയിൽ ദിവസേന പ്രസിദ്ധപ്പെടുത്തുക. ചത്ത PDF ആയിട്ടല്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഡാഷ്‌ബോർഡിലെ വർണ്ണാലങ്കാരങ്ങളൊക്കെ കൊള്ളാം. പക്ഷേ അതല്ല, ജനക്കൂട്ടത്തിനിടയിൽ സ്വല്പം വിവരസാങ്കേതികബുദ്ധിയൊക്കെയുള്ള ആളുകൾക്കു വേണ്ടത്‌.

ശരിക്കും എങ്ങനെയാണ് കോവിഡ് ഡാറ്റ പരസ്യപ്പെടുത്തേണ്ടത്‌ എന്നതിന്‌ ഒരു schema (ഫോർമാറ്റ്) മൂന്നുമാസം മുമ്പു് മാർച്ച് 20-ന്‌ ഞാൻ തന്നെ ഓപ്പൺ ഡോക്യുമെന്റ് ആയി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതൊന്നു നോക്കിക്കണ്ടാൽ ഉപകാരം!

നിങ്ങളുടെ അരമനകളിലിരിക്കുന്ന പല പുംഗവന്മാരേക്കാൾ ഡാറ്റാ സാങ്കേതികവിദ്യയിലും മോഡേൺ പബ്ലിക്‌ ഹെൽത്ത് മാനേജ്‌മെന്റിലും കമ്യൂണിറ്റി മെഡിസിനിലും ക്ലിനിക്കൽ കെയറിലും ഇമ്മ്യൂണോളജിയിലും നൈപുണ്യവും വിവരവും പ്രവൃത്തിപരിചയവുമുള്ള ഒരു പാടു മലയാളി യുവപ്രതിഭകൾ ലോകത്തിന്റെ പല ഭഗത്തുമുണ്ട്‌. അവർക്കുകൂടി നമ്മുടെ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനാവണം. അതിനവർ സന്നദ്ധരുമാണ്.

അല്ലാതെ, സ്വന്തം കസേരയുടെ കാലുകൾ മറ്റാരെങ്കിലും കൊണ്ടുപോവുമോ എന്നു പേടിച്ചു് അതിൽ തന്നെ അള്ളിപ്പിടിച്ചു് വല്ലാതെ ആളുകളിക്കരുത്‌. കസേരയൊക്കെ നിങ്ങൾ തന്നെ കൈയിൽ വെച്ചോ. പക്ഷേ ഞങ്ങൾക്ക്‌ ഞങ്ങളുടെ അച്ഛനമ്മമാരെയും സഹോദരങ്ങളേയും കുട്ടികളേയും വേണം!

ആരും ഒന്നും മിണ്ടുന്നില്ലെങ്കിലും എല്ലാരും എല്ലാതും കണ്ടുകൊണ്ടിരിപ്പുണ്ട്‌. അതോർക്കണം!

c. മെഡിക്കൽ വിഷയങ്ങളിൽ:

i. പ്രമേഹരോഗികൾ, ഹൃദ്രോഗസാദ്ധ്യതയുള്ളവർ തുടങ്ങിയവർക്ക്‌ അതിദ്രുതപരിശോധനകൾ സാദ്ധ്യമാവുന്ന വിധത്തിൽ വ്യാപകമായി ചെലവുകുറഞ്ഞ ടെസ്റ്റ് ലാബുകളോ ഇൻസ്ട്രമെന്റുകളോ ലഭ്യമാക്കണം.

ഇതുവരെ കാര്യമായി വാർത്തകളൊന്നും വന്നിട്ടില്ലെങ്കിലും ഹൃദ്രോഗസാദ്ധ്യത ഇതുവരെ തിരിച്ചറിയാതിരുന്ന യുവാക്കളിൽ പോലും ഈയിടെ പെട്ടെന്നുള്ള ഹൃദയാഘാതവും മരണവും വർദ്ധിക്കുന്നുണ്ടോയെന്ന്‌ നാം പരിശോധിക്കണം. അത്തരം സൂചനകൾ കാണുന്നുണ്ട്‌. ഏതു ഗ്രാമപ്രദേശത്തായാലും ഹൃദയാഘാതമുണ്ടായാൽ എത്രയും പെട്ടെന്ന്‌ പ്രഥമശുശ്രൂഷയും പരിശോധനയും (24/7) നടത്താൻ സാധിക്കണം. ഇതു നടപ്പിലാക്കാൻ വഴികളുണ്ട്‌.

ii. PHCകളിലും മറ്റും ഏറ്റവും പ്രാഥമികമായ പരിശോധനകളിൽ Quantified symptom matrix assessment for SARI, extensive daily syndromic analysis എന്നിവ നിർബന്ധമാക്കണം.(ഇതിന്‌ പ്രത്യേക ഫോർമാറ്റ് ആവാം. WHO / ICMR തുടങ്ങിയവരുടെ പ്രോട്ടോക്കോളുകളെ ലംഘിക്കാതെത്തന്നെ അവയുടെ ഒരു സൂപ്പർ സെറ്റ് സാദ്ധ്യമാണ്. ഒരു മാതൃക താഴെ ലിങ്കിൽ കൊടുക്കുന്നു).

ഇവയുടെ ആകമാനമുള്ള ഡാറ്റ ഒരു സെൻട്രൽ ഡാറ്റാബേസിൽ ശേഖരിക്കാനും അവയിൽനിന്നും കമ്യൂണിറ്റി മെഡിസിൻ / ഇമ്മ്യൂണോളജി വിദഗ്ദ്ധരായ ഒരു സംഘത്തിന്‌ കോവിഡ് അടക്കമുള്ള എല്ലാ തരം സംക്രമണരോഗങ്ങളുടേയും predictive pro-active roadmap ഉണ്ടാക്കാനും കഴിയണം. ഇതിനുള്ള ഒരു SOPയും നിർദ്ദേശിക്കാനാവും.

അഥവാ ഇങ്ങനെയൊക്കെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ എങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കുന്നു എന്ന വിവരങ്ങൾ (ഡാറ്റയല്ല, മെത്തേഡോളജിയുടെ വിവരങ്ങൾ) അരമനരഹസ്യമാക്കി വെക്കാതെ തുറസ്സായി പ്രസിദ്ധീകരിക്കണം.

വിശ്വപ്രഭയുടെ ഫേസ്ബുക്കിലുള്ള ദീര്‍ഘ ലേഖനം. ഒറിജിനല്‍ പോസ്റ്റ് ഇവിടെ വായിക്കാം

2020ൽ കേരളത്തിൽ എന്തൊക്കെ സംഭവിക്കും? കോവിഡ് അവസാനിക്കുമോ?
അരുന്ധതി റോയ് അഭിമുഖം: ലോക് ഡൗൺ നയം മഹാപരാധം, രാഷ്ട്രമനസ്സിൽ പാവങ്ങളില്ല
2020ൽ കേരളത്തിൽ എന്തൊക്കെ സംഭവിക്കും? കോവിഡ് അവസാനിക്കുമോ?
ജനിതകമാറ്റമുണ്ടെങ്കില്‍ വിദേശ വാക്‌സിനുകള്‍ക്കായി കാത്തിരുന്നിട്ട് കാര്യമില്ല, ഇവിടെ വികസിപ്പിക്കണം: ഡോ. എം.വി പിള്ള
2020ൽ കേരളത്തിൽ എന്തൊക്കെ സംഭവിക്കും? കോവിഡ് അവസാനിക്കുമോ?
കൊറോണാനന്തര ലോകത്തെ ആരാണ് നിർമ്മിക്കേണ്ടത് ?

Related Stories

No stories found.
logo
The Cue
www.thecue.in