ബല്‍രാജ് സാഹ്നി: സമാധാനത്തിന്റെ കാവലാൾപ്പട

ബല്‍രാജ് സാഹ്നി: സമാധാനത്തിന്റെ കാവലാൾപ്പട
Published on
Summary

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്ന വിഖ്യാത നാടക - ചലച്ചിത്രഅഭിനേതാവും എഴുത്തുകാരനുംായ ബല്‍ രാജ് സാഹ്നിയുടെ രാഷ്ട്രീയ സപര്യയെക്കുറിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ബൈജു ചന്ദ്രന്‍ എഴുതിയ ലേഖന പരമ്പര

"ഓരോ മുസ്ലീമും അയാളുടെ ഹിന്ദു അയൽക്കാരനെ രക്ഷിക്കുക, ഓരോ ഹിന്ദുവും അയാളുടെ മുസ്ലീം അയൽക്കാരനെയും."

ദുന്ദുഭി വാദകന്റെ ചിത്രത്തോടൊപ്പം ചുവന്ന ചായം കൊണ്ട് ഇങ്ങനെയൊരു വാചകം കൂടി ആ ബാനറിൽ എഴുതിച്ചേർത്തിരുന്നു.അതു വലിച്ചുകെട്ടിയ ഒരു കൂറ്റൻ ട്രക്കിന്റെ തുറന്നുവെച്ച പുറകുവശം ഒരു നാടക സ്റ്റേജ് ആയി രൂപാന്തരപ്പെട്ടിരിക്കുകയാണ്.സെറ്റും മൈക്കും കർട്ടനുമൊക്കെ സ്ഥാപിച്ചു കൊണ്ട് താൽക്കാലികമായി ഒരുക്കിയ ആ രം ഗവേദിയിൽ നാടകം മാത്രമല്ല,സംഘ നൃത്തവും കോറസും നാടോടി കലകളും എന്നുവേണ്ട ആവേശോജ്ജ്വലമായ പ്രസംഗങ്ങൾ വരെ അരങ്ങേറുന്നുണ്ട്.ഹിന്ദുവും മുസ്ലീമും സിക്കുകാരനും ആജന്മ വൈരാഗ്യത്തോടെ പരസ്പരം പട വെട്ടി വീഴുന്ന തെരുവുകളിലേക്കും ഇടവഴികളിലേക്കും നാൽക്കവലകളിലേക്കും ആ നാടകവണ്ടി സധൈര്യം കടന്നു ചെന്നു.സമാധാനത്തിന്റെ സന്ദേശവും പേറി സാധാരണ മനുഷ്യരുടെ അടുക്കലേക്ക് ചെന്നെത്തിയ ആ വാഹനത്തിന്റെ സാരഥികൾ ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷന്റെ പ്രവർത്തകരായിരുന്നു.

വർഗീയ സംഘർഷം കത്തിപ്പടർന്ന 1947.സമാധാനത്തിന്റെയും മതസൗഹാർദ്ദ ത്തിന്റെയും സന്ദേശവുമായി കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സഖാക്കൾ സംഘർഷ ഭൂമിയിൽ സജീവമായി രംഗത്തിറങ്ങി.ജനറൽ സെക്രട്ടറി പി സി ജോഷിക്ക് പാർട്ടി ഒരു റൗണ്ട് ട്രിപ്പ്‌ വിമാനടിക്കറ്റ് എടുത്തുകൊടുത്തു. ( തീവണ്ടിയുടെ മൂന്നാം ക്ലാസ്സ്‌ കമ്പാർട്ട്മെൻറ്റിലാണ് ജോഷി എപ്പോഴും സഞ്ചരിക്കാറുണ്ടായി രുന്നത്.ഒപ്പം യാത്ര ചെയ്യുന്നവരുമായി രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യാനും, പാർട്ടിപ്പത്രവും ലഘുലേഖകളുമൊക്കെ അവർക്ക് വിറ്റ് പണം സമാഹരിക്കാനും പാർട്ടിയുടെ നിലപാട് പറഞ്ഞു ബോദ്ധ്യപ്പെടുത്തി കഴിയുന്നിടത്തോളമാളുകളെ കമ്മ്യൂണിസ്റ്റാക്കാനും വേണ്ടിയാണ് ജോഷി ഈ അവസരം വിനിയോഗിച്ചിരുന്നത് )

ഹെഡ് ക്വാർട്ടേഴ്സ് പ്രവർത്തിക്കുന്ന ബോംബെ യിൽ നിന്ന് ഡെൽഹി, കൽക്കട്ട എന്നിവിടങ്ങളിലേക്കും സംഘർഷം വല്ലാതെ മൂർച്ഛിച്ച ലക്‌നോയിലേക്കും അമൃതസാറിലേക്കും ജോഷി നിരന്തരം യാത്ര ചെയ്തു.ദേശീയ നേതാക്കളെ നേരിട്ടുകണ്ട് സ്ഥിതിഗതികൾ ചർച്ച ചെയ്തു.ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പാർട്ടി കൈക്കൊണ്ടിരുന്ന നിലപാടുകളെ സംബന്ധിച്ചുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറ്റിവെച്ചു കൊണ്ട്,കലാപഭൂമിയിലെ കമ്മ്യുണിസ്റ്റ് സഖാക്കളുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളുടെ പേരിൽ മഹാത്മാ ഗാന്ധി ജോഷിയെ അഭിനന്ദിച്ചു നെഹ്‌റുവുമായുള്ള ചർച്ചകളിൽ ജോഷി ചൂണ്ടിക്കാണിച്ചത്,സർദാർ പട്ടേലിനും ഗോവിന്ദ് വല്ലഭ പാന്തിനും ആർ എസ് എസിനോടുള്ള ചായ്‌വിനെക്കുറിച്ചാണ്.നെഹ്‌റു വിന്റെ നിർദ്ദേശമനുസരിച്ച് ജോഷി തന്റെ ഒരു ബന്ധു കൂടിയായ പാന്തിനെ ചെന്നു കണ്ട് വർഗീയ കലാപം വളർത്തുന്നതിൽ ആർ എസ് എസ് വഹിക്കുന്ന പങ്കിനെ കുറിച്ച് തെളിവുസഹിതംബോദ്ധ്യപ്പെടുത്തി. പിന്നീടുള്ള ദിവസങ്ങളിൽ പാന്ത് വളരെ ശക്തമായി തന്നെ ആർ എസ് എസിനെതിരെ നിലപാട് കൈക്കൊള്ളുകയും ചെയ്തു.

പ്രേം ധവാന്റെ നേതൃത്വത്തിൽ ഇപ്റ്റ ഗായക സംഘം
പ്രേം ധവാന്റെ നേതൃത്വത്തിൽ ഇപ്റ്റ ഗായക സംഘം

ലഹള ബാധിത പ്രദേശങ്ങളിൽ മുഴുവനും ചുറ്റി സഞ്ചരിച്ച്,നാടും വീടും ഉടുതുണി പോലും നഷ്ടപ്പെട്ട് അഭയം തേടിയെത്തിയവരെ രക്ഷിക്കാനും പുനരധി വസിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം ജോഷി പിഎച്ച് ക്യു വിൽ മടങ്ങിയെത്തി പോളിറ്റ് ബ്യൂറോ യിലെ മറ്റ് രണ്ടംഗങ്ങളായ ബി ടി രണദിവേയെയും ഡോ.ജി അധികാരിയെയും കാര്യങ്ങൾ ധരിപ്പിച്ചു.തുടർന്ന്,ബൽരാജ് സാഹ്നി ഓടിച്ച മോട്ടോർ സൈക്കിളിന്റെ പിറകിലിരുന്ന് പാരേലിൽ ഉള്ള ഗിർനി കാംഗർ യൂണിയന്റെ ഓഫീസിലേക്ക് ചെന്ന ജോഷി റെഡ് ഫ്ലാഗ് വാ ളണ്ടിയർ മാരോട്,ലഹള ബാധിത തൊഴിലാളി മേഖലകളിലേക്ക് ചെന്ന് സമാധാനപ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് ആരംഭിക്കാൻ ആവശ്യപ്പെട്ടു.പിന്നീട് ജോഷിയും ബൽരാജും പോയത് അന്ധേരി യിലെ ഇപ്റ്റ പ്രവർത്തകരുടെ ആസ്ഥാനത്തേക്കാണ്. സെൻട്രൽ സ്‌ക്വാഡിലെ അംഗങ്ങളോടും ബോംബെയിലെ ഇപ്റ്റ പ്രവർത്തകരോടും പാട്ടുകളും തെരുവ് നാടകങ്ങളും സ്കിറ്റുകളും ഏകാങ്കങ്ങളുമൊക്കെ തയ്യാറാക്കി ഉടനടി രം ഗത്തിറങ്ങാനായിരുന്നു ജോഷിയുടെ നിർദ്ദേശം.

ബൽരാജ് സാഹ്നിയുടെ നേതൃത്വത്തിൽ പ്രേം ധവാൻ, അമർ ഷെയ്ക്ക്, അണ്ണാ ഭാവു സാത്തെ തുടങ്ങിയവർ അപ്പോൾ തന്നെ സജീവമായി. പാട്ടുകൾക്ക് പിന്നാലെ പാട്ടുകൾ എഴുതി സംഗീതം പകർന്ന് പാടി പരിശീലിച്ചു. രാത്രി മുഴുവൻ ഉറക്കമിളച്ചിരുന്ന് ലഘു നാടകങ്ങളും സ്കിറ്റുകളും തയ്യാറാക്കി. ഒരു മണിക്കൂർ മാത്രം നീണ്ടുനിന്ന റീഹേഴ്‌സലിന് ശേഷം എല്ലാവരും തയ്യാറായി.മീറ്റിംഗുകൾ സംഘടിപ്പിക്കാനും ആർട്ടിസ്റ്റുകളെ അതാതി ടങ്ങളിൽ എത്തിക്കാനു മൊക്കെയായി, ബൽരാജിന്റെ ആവശ്യപ്രകാരം പാർട്ടി ഹെഡ് ക്വാർട്ടേഴ്സിൽ ആകെക്കൂടിയുണ്ടായിരുന്ന ഒരു വണ്ടി വിട്ടുകൊടുത്തിരുന്നു ആവശ്യത്തിന് അത് മതിയാകാത്തതുകൊണ്ട് ബൽരാജിന്റെ മോട്ടോർ സൈക്കിളും പട്ടണ ത്തിന്റെ തലങ്ങും വിലങ്ങുമായി ഓടിനടന്നു .വലിയ ട്രക്കുകൾ താൽക്കാലിക സ്റ്റേജുകളായി രൂപം കൊണ്ടു.ലഹള മൂർച്ഛിച്ച പ്രദേശങ്ങളിലെ പ്രധാനകേന്ദ്രങ്ങളിൽ നിറുത്തിയിട്ട ആ ട്രക്കുകളിലെ വേദിയിലാണ് കലാപരിപാടികൾ അവതരിപ്പിച്ചത്.

ബോംബേപട്ടണത്തിൽ കലാപം അഴിഞ്ഞാടിയ തെരുവീഥികളിൽ ഇപ്റ്റ സംഘടിപ്പിച്ച മതസൗഹാർദ്ദ റാലിയുടെ മുൻ നിരയിൽ പൃഥ്വിരാജ് കപൂർ, കെ എ അബ്ബാസ് ,ബൽരാജ് സാഹ്നി തുടങ്ങി നിരവധി കലാകാരന്മാർ അണി നിരന്നു. വർഗീയ ഭ്രാന്തന്മാരുടെ കടുത്ത ഭീഷണിയെ ചങ്കൂറ്റത്തോടെ നേരിട്ടുകൊണ്ടാണ് അബ്ബാസ്സിന്റെ "മേം കോൻ ഹും?" എന്ന നാടകമുൾപ്പെടെ യുള്ള കലാപരിപാടികൾ ഇപ്റ്റയുടെ സ്ക്വാഡുകൾ അവതരിപ്പിച്ചത്.പ്രേം ധവാനും ശൈലേന്ദ്രയും എഴുതി അമർ ഷെയ്ക്ക്,അണ്ണാ ഭാവു സാത്തെ, ഗവാങ്കർ തുടങ്ങിയവർ പാടിയവതരിപ്പിച്ച പാട്ടുകൾ വികാരാവേശത്തോടെ ജനങ്ങൾ ഏറ്റുപാടുന്നത് സ്ഥിരം കാഴ്ചയായിരുന്നു. കലാപരിപാടികൾ അരങ്ങേറുന്ന വേളയിൽ, തെരുവിന്റെ ഇരുണ്ട മൂലകളിൽ നിന്ന് കല്ലേറ് ഉണ്ടാകുകയും അതിനെ പ്രതിരോധിച്ചുകൊണ്ട് സഖാക്കൾ രംഗത്തിറങ്ങുകയും ചെയ്യുന്ന സംഭവങ്ങൾ പലയിടങ്ങളിലുമുണ്ടായി.

ബൽരാജിന്റെ ഇളയ സഹോദരനും എഴുത്തുകാരനുമായ ഭീഷ്മ സാഹ്നിയും ഇപ്റ്റയ്ക്ക് വേണ്ടി നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു ണ്ടായിരുന്നു.പ്രശസ്ത ഉറുദു എഴുത്തുകാരി ഇസ്മത് ചുഗ്തായിയുടെ ''ധനി ബാങ്കേൻ''(പച്ച വളകൾ),കെ എ അബ്ബാസിന്റെ ''ഭൂത്‌ഗാഡി'' (പ്രേത തീവണ്ടി) എന്നീ നാടകങ്ങൾ,ഭീഷ്മ സാഹ്നി സംവിധാനം ചെയ്ത് അഹമ്മദാബാദിൽ നടന്ന മീറ്റിംഗിൽ അവതരിപ്പിച്ചു. ഭീഷ്മസാഹ്നിയുടെ ജീവിതപങ്കാളി ഷീല, പ്രേംധവാന്റെ സഹധർമ്മിണി നൂർ എന്നിവർക്ക് പുറമെ ബൽരാജ് സാഹ്നി, കമ്മ്യൂണിസ്റ്റ് കവിയും പാട്ടെഴുത്തുകാരനുമായ കൈഫി ആസ്മി ആയിടെ നിക്കാഹ് കഴിച്ച ഷൗക്കത്ത് ആസ്മി എന്നിവരും നാടകത്തിൽ വേഷമിട്ടു.

....കൈഫി ആസ്മിയോടൊപ്പം അന്ധേരിയിലെ കമ്മ്യൂണിൽ താമസമാരംഭിച്ച ഷൗക്കത്ത് "ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഭാര്യ വെറുതേയിരിക്കാൻ പാടില്ലെന്നും തന്നെക്കൊണ്ടാവുന്നതെന്നതെങ്കിലും ചെയ്യണ"മെന്നുമുള്ള പി സി ജോഷിയുടെ നിർദ്ദേശമനുസരിച്ചാണ് അഭിനയിക്കാൻ ഒരുങ്ങിയത് .'പച്ച വളകൾ' അവരുടെ ആദ്യത്തെ നാടകമായിരുന്നു.ഷൗക്കത്ത് അപ്പോൾ മൂത്തകുട്ടിയായ ബാബാ ആസ്മിയെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. അക്കാര്യമൊന്നുമറിയാതെ ബൽരാജ്, റിഹേഴ്‌സൽ വേളയിൽ നാടകം പരിശീലിക്കുന്നതിന്റെ ഭാഗമായി ഷൗക്കത്തിനെക്കൊണ്ട് സ്റ്റേജിന് ചുറ്റുമായി പലവട്ടം ഓടിപ്പിച്ചു.ഗർഭിണിയായ ഭാര്യ അങ്ങനെ ഓടുന്നതു കണ്ട് കുപിതനായ കൈഫി ബൽരാജിനോട് തട്ടിക്കയറി.നാടകം സംവിധാനം ചെയ്യുന്നത് ഭീഷ്മസാഹ്നിയാണെന്നിരിക്കെ ഇങ്ങനെയൊക്കെ ചെയ്യിക്കാൻ ബൽരാജിന് എന്തുകാര്യമെന്നായിരുന്നു കൈഫി ആസ്മിയുടെ ചോദ്യം.പക്ഷെ ആ കാ

ലഹങ്ങളൊന്നും അവരുടെ സൗഹൃദത്തെ ഒരുതരത്തിലും ബാധിച്ചിരുന്നില്ല....

കൈഫി അസ്മി ഷൗക്കത്ത് അസ്മി ദമ്പതികള്‍
കൈഫി അസ്മി ഷൗക്കത്ത് അസ്മി ദമ്പതികള്‍

വർഗീയ കലാപത്തിന്റെ വേലിയേറ്റത്തിൽ രാജ്യം ഇളകിമറിയുന്നതിന് തൊട്ടുമുൻപാണ്,ഐ. എൻ. എ ഭടന്മാരുടെ വിചാരണ ആരംഭിക്കാൻ വൈസ്രോയ് വേവൽ പ്രഭു തീരുമാനിക്കുന്നത്.ഐ എൻ എ തടവുകാരെ മോചിപ്പിക്കണമെന്നും യഥാർത്ഥ രാജ്യദ്രോഹികളായ ബ്രിട്ടീഷ് കാർ എത്രയും പെട്ടെന്ന് ഇന്ത്യ വിടണ മെന്നുമാവശ്യപ്പെട്ടു കൊണ്ട് വ്യാപകമായ പ്രക്ഷോഭങ്ങൾ അരങ്ങേറി.ആവേശകരമായ ക്‌ളൈമാക്സിലേക്ക് അടുത്തുകൊണ്ടിരുന്ന സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ അവസാന രംഗം പോലെ ഇന്ത്യൻ നാവിക സേനയിൽ നിന്ന് കലാപത്തിന്റെ മണിമുഴങ്ങുന്നത് അപ്പോഴാണ്.ലോക മഹായുദ്ധവും ബംഗാൾ ക്ഷാമവും ഉൾപ്പെടെ ഇന്ത്യയെ ദുരിതക്കടലിലാഴ്ത്തിയ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഇന്ത്യൻ സൈനികർ എത്രയോ കാലമായി അടക്കിവെച്ചിരുന്ന അമർഷവും രോഷവും പൊടുന്നനെ പൊട്ടിത്തെറിച്ചതാണ്,റോയൽ ഇന്ത്യൻ നേവിയ്ക്കുള്ളിലെ കലാപമായി പരിണമിച്ചത്. ബോംബെ നഗരമാകെ നാവിക കലാപത്തിന്റെ രംഗഭൂമിയായി മാറി.

പ്രേംധവാന്‍
പ്രേംധവാന്‍
ബല്‍രാജ് സാഹ്നി: സമാധാനത്തിന്റെ കാവലാൾപ്പട
ഒരു ദുരന്തനാടകത്തിന്റെ തുടക്കം
ബല്‍രാജ് സാഹ്നി: സമാധാനത്തിന്റെ കാവലാൾപ്പട
ബല്‍രാജ് സാഹ്നി: പൊരുതുന്ന കലയുടെ വസന്തകാലം
ബല്‍രാജ് സാഹ്നി: സമാധാനത്തിന്റെ കാവലാൾപ്പട
ഒരു കമ്മ്യൂണിസ്റ്റ് സാഹോദര്യത്തിന്റെ ഓർമ്മയ്ക്ക്

പണ്ട് ബി ബി സി യിൽ ജോലിചെയ്യുന്ന സമയത്ത് ഉപയോഗിച്ചിരുന്ന യൂറോപ്യൻ വേഷങ്ങളൊക്കെ പൊടി തട്ടി പുറത്തെടുത്ത ബൽ രാജ് സാഹ്നി , ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു പ്രസ്സ് കാർഡ് എങ്ങനെയോ സംഘടിപ്പിച്ചു. മോട്ടോർ സൈക്കിളിലും ടാക്സിയിലുമൊക്കെയായി കലാപം നടക്കുന്ന സ്ഥലങ്ങളിലേക്ക് ചെന്ന് പ്രക്ഷോഭകരെ നേരിട്ടു കണ്ട് സ്ഥിതിഗതികൾ മനസിലാക്കിയശേഷം, പാർട്ടി ഹെഡ് ക്വാർട്ടേഴ്സിൽ വന്ന് റിപ്പോർട്ട് ചെയ്യുന്നത് പതിവായി.ഈ ഐതിഹാസിക പ്രക്ഷോഭത്തെ കുറിച്ച് ഒരു നാടകം അവതരിപ്പിക്കണമെന്ന നിർദ്ദേശം ബൽരാജ് മുന്നോട്ടു വെച്ചു. ജോഷിയും അതിനെ അനുകൂലിച്ചു.ഇപ്റ്റ സെൻട്രൽ സ്‌ക്വാഡിനെ കൊണ്ട് ഈ ആശയം അംഗീകരിപ്പിക്കാനും നാടകം ഗംഭീരമായി അവതരിപ്പിക്കാനുമൊക്കെ മുന്നിൽ നിന്നത് ബൽരാജായിരുന്നു.

ബ്രിട്ടീഷ് സർക്കാർ ഒടുവിൽ മുട്ടുകുത്തുന്നതിന്റെ ലക്ഷണമെന്നോണം ക്യാബിനറ്റ് മിഷന്റെ വരവായിരുന്നു അടുത്തത്.ക്യാബിനറ്റ് മിഷനെ ബ്രിട്ടീഷ് വാനരന്മാരുടെ മറ്റൊരു അടവായി കളിയാക്കിക്കൊണ്ട് പ്രേം ധവാൻ എഴുതിയ പാട്ട് വളരെപ്പെട്ടെന്നാണ് ജനങ്ങൾ ഏറ്റെടുത്ത് തെരുവുകൾ തോറും പാടിനടക്കാൻ തുടങ്ങിയത് .

അതിനുപിന്നാലെ എത്തിയ റെയിൽവേ പണിമുടക്കിനെ സംബന്ധിച്ച് പ്രേം ധവാനെഴുതിയ പാട്ടും ഗംഭീരൻ ഹിറ്റായി മാറി.തീവണ്ടിയുടെ ചക്രങ്ങളും കൂടി നിശ്ചലമായി കഴിഞ്ഞു,സാമ്രാജ്യത്വ ഭരണകൂടം ഇനിയെന്തു ചെയ്യും എന്ന ചോദ്യമാണ് ഈ പാട്ട് പാടിക്കൊണ്ട് ജനങ്ങൾ ഉറക്കെ ചോദിച്ചത്.

....പഞ്ചാബിലെ ഒരു ജയിലറുടെ പുത്രനായ പ്രേം ധവാൻ, അവിടെ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായി രുന്ന ഗദ്ദാർ ബാബമാരെ കണ്ടാണ് സ്വാതന്ത്ര്യസമരത്തിലേക്ക് ആകർഷിക്കപ്പെട്ടത്.പഞ്ചാബ് കിസാൻ സഭയുടെ കൾചറൽ സ്‌ക്വാഡിൽ ചേർന്ന ധവാന്റെ, നിമിഷങ്ങൾ കൊണ്ട് പാട്ടെഴുതാനും അപ്പോൾ തന്നെ കമ്പോസ് ചെയ്ത് ആലപിക്കാനുമുള്ള സിദ്ധി കണ്ട് ഇപ്റ്റയുടെ സെൻട്രൽ സ്‌ക്വാഡിലേക്ക് 'റിക്രൂട്ട്' ചെയ്യുകയായിരുന്നു.സമ്മേളനവേദികളിലും പ്രക്ഷോഭരംഗങ്ങളിലും മറ്റും പ്രേം ധവാന്റെ പാട്ട് ആരംഭിച്ചാലുടൻ തന്നെ ആളുകൾ ഒന്നടങ്കം എഴുന്നേറ്റു നിൽക്കുന്നത് പതിവ് കാഴ്ചയായിരുന്നു....

ഭീഷ്മ സാഹ്നി
ഭീഷ്മ സാഹ്നി

വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടതോടു കൂടി പാർട്ടി കേഡർ മാരുടെയും എഴുത്തുകാരും ആർട്ടിസ്റ്റുകളുമടങ്ങുന്ന സ്‌ക്വാഡുകളുടെയും പരിപൂർണ ശ്രദ്ധയും സമാധാനപ്രവർത്തനങ്ങളി ലായി. ബോംബെ പട്ടണത്തിൽ,മുസ്ലിംസമുദായത്തിൽ പെട്ടവർ തിങ്ങിപ്പാർക്കുന്ന പ്രദേശമായിരുന്നു മദൻ പുര. ആർ എസ് എസ് കാര്യമായ സ്വാധീനം ചെലുത്തിയിരുന്ന സർക്കാർ ജീവനക്കാർക്ക് ഭൂരിപക്ഷമുള്ള മറാത്തി ഹിന്ദുക്കളുടെ വാസസ്ഥലമായിരുന്നു ദാദറിന് സമീപത്തുള്ള പാരേൽ.ഹിന്ദു വർഗീയ ഭ്രാന്തന്മാർ അവരുടെ 'ഓപ്പറേഷൻ' ആസൂത്രണം ചെയ്യുന്ന കേന്ദ്രമായിരുന്നു ആ പ്രദേശം.മേൽപ്പറഞ്ഞ സ്ഥലങ്ങളെല്ലാം ഉൾക്കൊള്ളുന്നതാ യിരുന്നു ബോംബെയുടെ വ്യവസായ മേഖല.മതഭ്രാന്തന്മാരുടെ ആക്രമണത്തെ ശക്തമായി ചെറുത്തുനിന്നുകൊണ്ട്, തൊഴിലാളി കുടുംബങ്ങളുൾപ്പെടെയുള്ള ആ പ്രദേശങ്ങളിലെ സാധാരണജനങ്ങൾ ക്കാകെ സംരക്ഷണത്തിന്റെ കുട നിവർത്തിക്കൊടുത്ത് ഒപ്പം ചേർത്തുനിറുത്തിയത് കമ്മ്യുണിസ്റ്റ് പാർട്ടി യുടെയും ട്രേഡ് യൂണിയനുകളുടെയും സഖാക്കളായിരുന്നു.പി സി ജോഷിയുടെ ധീരവും അചഞ്ചലവുമായ നേതൃത്വത്തിൽ കമ്മ്യുണിസ്റ്റ് പാർട്ടിയും, ഇപ്റ്റയുടെയും പ്രോഗ്രസ്സീവ് റൈറ്റേഴ്സ് മൂവമെന്റിന്റെയും പ്രവർത്തകരും ഒത്തൊരുമിച്ച് പട്ടാളച്ചിട്ടയോടെ നടത്തിയ വർഗീയ വിരുദ്ധ പ്രവർത്തനങ്ങളിൽ രാജ്യ സ്നേഹികളും മതേതര വിശ്വാസികളുമായ ഒട്ടേറെ പ്പേർ അണിചേർന്നു.കലാപകലുഷിതമായ പ്രദേശങ്ങളിലേക്ക് ചെല്ലണമെന്നാവശ്യപ്പെട്ടുകൊണ്ട് അവിടെ നിന്നുള്ള പരിഭ്രാന്തരായ ജനങ്ങൾ പാർട്ടി ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.ജീവനും സ്വത്തും സകല സാമ്പാദ്യങ്ങളും നഷ്ടപ്പെട്ട ആ ഒരു ദശാസന്ധിയിൽ കമ്മ്യുണിസ്റ്റ് പാർട്ടി മാത്രമായിരുന്നു നിസ്സഹായരായ സാധാരണ മനുഷ്യരുടെ ആശ്രയവും അവലംബവും.

ദീർഘകാലത്തെ സ്വപ്നങ്ങൾ സാക്ഷാത് ക്കരിച്ചുകൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യം യാഥാർഥ്യമാകുന്ന ദിനങ്ങൾ. 1947 ഓഗസ്റ്റ് 15 ലേക്കുള്ള പാർട്ടിയുടെ മാനിഫെസ്റ്റോ തയ്യാറാക്കാൻ നിയുക്തനായ ജോഷി എത്രയും വേഗം അതു പൂർത്തിയാക്കി.ദേശീയ സ്വാതന്ത്ര്യം ഒരു വലിയ ആഘോഷമായി കൊണ്ടാടാനുള്ള കമ്മ്യുണിസ്റ്റ് പാർട്ടി യുടെ നയം പാർട്ടി നേതൃത്വത്തിലെ മറ്റു സഖാക്കളെയും അണികളെയും ധരിപ്പിക്കാനും ആവശ്യമായ പ്രചാരം നൽകാനുമുള്ള ജോഷിയുടെ രാപകലുള്ള പ്രവർത്തനങ്ങളിൽ,സഹായിയും സാരഥിയുമായി ബൽ രാജ് സാഹ്നി സദാ ഒപ്പം തന്നെയുണ്ടായിരുന്നു.

ഉത്സവ സദൃശമായ ആഘോഷങ്ങളിലൂടെ രാജ്യമാകെ കടന്നുപോയ ആ ദിവസങ്ങളിൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരും ഉത്സാഹപ്രഹർഷത്തോടെ അതിൽ പങ്കുചേർന്നു.എന്നാൽ പാർട്ടിയുടെ ഒട്ടനവധി നേതാക്കളും പ്രവർത്തകരും അപ്പോഴും തടവറയ്ക്കുള്ളിൽ തന്നെയായിരുന്നു.മാത്രമല്ല, ഇന്ത്യക്ക് കൈവന്നത് യഥാർത്ഥ സ്വാതന്ത്ര്യമല്ലെന്നും സാമ്രാജ്യത്വം തങ്ങളുടെ കിങ്കരന്മാരുടെ കരങ്ങളിലേക്ക് അധികാരം കൈമാറുക മാത്രമാണ് സംഭവിച്ചതെന്നും പ്രഖ്യാപിച്ചു കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കുളളിലെ ഒരു വിഭാഗം അപ്പോഴേക്കും ശക്തിയോടെ രംഗത്തു വന്നുകഴിഞ്ഞിരുന്നു....

Related Stories

No stories found.
logo
The Cue
www.thecue.in