സിലബസ് വിവാദവും അക്കാഡമിക് രംഗത്തെ സംഘപരിവാര്‍ ഇടപെടലും: അഭിമുഖം, സുനില്‍ പി. ഇളയിടം
കണ്ണൂര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട സിലബസ് വിവാദം വലിയ രീതിയില്‍ കേരളത്തില്‍ ചര്‍ച്ചയായിരുന്നു. ഈ പശ്ചാത്തലത്തില്‍ വിമര്‍ശനാത്മകമായ ഉള്ളടക്കങ്ങള്‍ എത്തിക്കേണ്ട രീതിയിലാണ് സിലബസ് രൂപീകരിക്കേണ്ടത് എന്നും കണ്ണൂര്‍ സര്‍വകലാശാലയിലേത് റീഡിംഗ് ലിസ്റ്റ് മാത്രമാണെന്നും അധ്യാപകനും ചിന്തകനുമായ സുനില്‍ പി. ഇളയിടം പറയുന്നു. ചരിത്രവും വിദ്യാഭ്യാസവും തുടങ്ങി സര്‍വ മേഖലകളും തിരുത്തുന്ന സാഹചര്യമാണ് ഉള്ളതെന്നും സുനില്‍ പി. ഇളയിടം അഭിമുഖത്തില്‍ പറയുന്നു.
സുനില്‍ പി. ഇളയിടത്തിന്റെ വാക്കുകള്‍
'ഒരു സിലബസ് രൂപപ്പെടുത്തുമ്പോള്‍ പാലിക്കേണ്ട ഒരുപാട് അനുപാതങ്ങളുണ്ട്. ഈ സിലബസ് തന്നെ ഇന്ത്യയുടെ ദേശീയതയുടെ സംവാദ ചരിത്രമാണ്. ദേശീയതയെക്കുറിച്ചുള്ള ഒരു സംവാദമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുമായി ബന്ധപ്പെട്ട യൂണിറ്റില്‍ 11 പാഠഭാഗങ്ങളുണ്ട്. അതില്‍ അഞ്ചെണ്ണവും സവര്‍ക്കറുടെയും ബല്‍രാജ് മധോകിന്റെയും ഗോള്‍വാള്‍ക്കറുടെയും ഒക്കെയാണ്. അത് വാസ്തവത്തില്‍ ഇന്ത്യയുടെ ചരിത്ര യാഥാര്‍ത്ഥ്യത്തോട് ഏതെങ്കിലും തരത്തില്‍ നീതി പുലര്‍ത്തുന്നില്ല. കാരണം ഇന്ത്യന്‍ ദേശീയ ചരിത്രത്തില്‍ അങ്ങനെയൊരു നിര്‍ണായക പ്രാധാന്യം ഹിന്ദുത്വ രാഷ്ട്രീയത്തിനില്ല.
മറുഭാഗത്ത് ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാര എന്ന് പറയാവുന്ന ഒന്നിന് രണ്ട് പാഠങ്ങളുടെ പ്രാതിനിധ്യമേയുള്ളു.
എത്രയോ വ്യത്യസ്ത ധാരകള്‍ ദേശീയ ചരിത്രത്തിലുണ്ട്. അതില്‍ സോഷ്യലിസ്റ്റുകളുണ്ട്, ഭഗത് സിംഗിനെ പോലുള്ള, മുഹമ്മദ് ഇക്ബാലിനെ പോലുള്ള ആളുകളുണ്ട്, കമ്യൂണിസ്റ്റുകളുണ്ട്. അതൊന്നുമല്ലാതെ, കോണ്‍ഗ്രസും ഗാന്ധി പ്രതിനിധീകരിച്ച കാഴ്ചപ്പാടും ഹിന്ദുത്വയും തമ്മിലുള്ള സംഘര്‍ഷമായി ദേശീയതയുടെ ചരിത്രത്തെ അവതരിപ്പിക്കുന്നത് അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അത് ചരിത്രപരമായി ശരിയല്ല. ഒരു അനുപാതവും അതിനകത്ത് ഇല്ല.
രജനി കോത്താരിയെയോ ആശിഷ് നന്ദിയെയോ, പാര്‍ഥ ചാറ്റര്‍ജിയെയോ പോലുള്ള ഒരുപാട് ചിന്തകന്മാര്‍ കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ ദേശീയതയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അതും അതില്‍ വരേണ്ടതാണ്. സവര്‍ക്കറെ പഠിപ്പിക്കാമോ ഇല്ലയോ എന്ന യെസ്/ നോ ചോദ്യമല്ല ഇത്'.