എന്തുകൊണ്ടാണ് കേരളത്തിൽ മാത്രമായി കോവിഡിൽ ഇത്രയേറെ വർദ്ധനവ് രേഖപ്പെടുത്തുന്നത്?
ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തതിന് ശേഷം ഇന്ത്യയിലെമ്പാടും വ്യാപകമായ ഒരു സ്പ്രെഡ് ഉണ്ടായിട്ടുണ്ട്. ആ സ്പ്രെഡിൽ മറ്റ് സംസ്ഥാനങ്ങളിലെ 70 % ശതമാനം പേർക്ക് വരെ രോഗം വന്നുപോയി. ഇനിയാർക്കും രോഗം വരാനില്ലാത്ത അവസ്ഥയാണവിടെ. ഇത് സ്ഥിതീകരിക്കുന്ന സീറോ-പ്രിവലൻസ് സർവേ പുറത്തിറങ്ങിയിട്ടുണ്ട്. ഈ സർവേ പ്രകാരം കേരളത്തിൽ രോഗം വന്നുപോയവർ 42 ശതമാനമാണ്. അതായത്, ഈ ഡെൽറ്റാ വകഭേദഭീഷണിയിലും കേരളത്തിന് രോഗവ്യാപനം തടഞ്ഞുനിർത്താൻ പറ്റി. അപ്പോഴും ഇനിയും 58 ശതമാനത്തിന് രോഗം വരാമെന്ന ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് ഓർക്കണം. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ അതിവേഗം രോഗം പടരുകയും,കേരളത്തിൽ വളരെ മെല്ലെ രോഗവ്യാപനം ഉണ്ടാകുകയുമാണ് ചെയ്തത്.
രോഗവ്യാപനം പതുക്കെയായതുകൊണ്ട് നമുക്ക് തയ്യാറെടുപ്പുകൾ നടത്താൻ കുറെയധികം സമയംകിട്ടി എന്നുള്ളതോർക്കണം. നമുക്ക് വാക്സിനേഷനിൽ നല്ലോണം മുന്നേറാൻ സാധിച്ചു. ആശുപത്രികളിൽ ബെഡ് കിട്ടാതെയോ, ഓക്സിജൻ ലഭിക്കാതെയോ ഉള്ള മരണങ്ങൾ റിപ്പോർട് ചെയ്തില്ല. ഇത്തരത്തിൽ വലിയൊരു അച്ചീവ്മെന്റാണ് നമ്മൾ നേടിയത്. ഈ അച്ചീവ്മെന്റിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ വ്യാപനം എന്നതാണ് നാം മനസ്സിലാക്കേണ്ടത്.
കോവിഡ് രണ്ടാം തരംഗത്തിന്റെയിടയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്ന് സമൂഹത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വിമർശനമുണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങൾ കാരണമാണോ കോവിഡ് കൂടിയത്?
ലോക്ക്ഡൗൺ ഭാഗികമാക്കുകയാണെങ്കിൽ സ്വാഭാവികമായും തിരക്ക് കൂടും. അതിനെ അശാസ്ത്രീയമെന്ന് തന്നെ പറയാം. പക്ഷെ അതിനപ്പുറം എനിക്ക് തോന്നുന്നത്, കുറേക്കാലമായി അടഞ്ഞുകിടന്ന ശേഷം ആഘോഷങ്ങളെല്ലാം വന്നപ്പോൾ ജനങ്ങൾ വല്ലാതെ പുറത്തിറങ്ങിയത് ഒരു കാരണമാണ്. അശാസ്ത്രീയ നിയന്ത്രണങ്ങളെക്കാളും കൂടുതൽ അതുതന്നെയായിരിക്കും കാരണം.
ഇലക്ഷന്റെ സമയത്തെ തിരക്കുകളാണ് നമ്മുടെ സ്ഥിതി ആദ്യം വഷളാക്കിയത്. പിന്നെ കുറച്ചൊക്കെ നമ്മുടെ ജനങ്ങളുടെ ഭാഗത്തും തെറ്റുണ്ട്. ആഘോഷസമയത്തൊക്കെ ഇത്തിരി മിതത്വം നമുക്ക് പാലിക്കാമായിരുന്നു.
വീടുകളിൽ തന്നെ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഹൈ റിസ്ക്ക് വിഭാഗത്തിലുള്ളവരെയാണ്. രോഗ ബാധിച്ചയാൾ അവരുടെ അടുത്ത പോകില്ല എന്നുറപ്പിക്കണം. പണ്ടും വീടുകളിലെ വ്യാപനം അധികമായിരുന്നു. ഇപ്പോഴത്തെ ഡെൽറ്റാ വകഭേദം കുറച്ചുകൂടി കാര്യങ്ങൾ സങ്കീർണ്ണമാക്കി.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞത്, റിപ്പോർട്ട് ചെയ്യപ്പടുന്ന 35 % കേസുകളും വീടുകളിൽ നിന്നാണെന്നാണ്. ഈയൊരു സാഹചര്യത്തിൽ നമ്മുടെ ഹോം ക്വാറന്റൈൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടോ?
ഹോം ക്വാറന്റൈനിന് വേണ്ടത്ര സൗകര്യങ്ങളില്ലാത്തവർ സർക്കാർ ഒരുക്കിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് ആദ്യമേ പറഞ്ഞിട്ടുള്ളതാണ്. എങ്കിലും ഒരുപാട് ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് ആളുകൾ അങ്ങനെ ചെയ്തിരുന്നില്ല എന്നത് വസ്തുതയാണ്. ഈ ഡെൽറ്റ വൈറസ് വളരെ പെട്ടെന്ന് പകരുന്നതാണ്. അതുകൊണ്ടുതന്നെ വീടുകളിൽ വ്യാപനഭീഷണി നല്ലോണം നിലനിൽക്കുന്നുണ്ട്. ഒരാളെ കണ്ടുപിടിച്ച് ടെസ്റ്റ് ചെയ്യുമ്പോഴേക്കും അയാൾ കുറെയേറെ പേർക്ക് രോഗം നൽകിയിട്ടുണ്ടാകും. അതുകൊണ്ടുതന്നെ വീടുകളിലെ രോഗവ്യാപനം നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടേറിയ സംഗതിയാണെന് നാം മനസ്സിലാക്കണം.
വീടുകളിൽ തന്നെ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഹൈ റിസ്ക്ക് വിഭാഗത്തിലുള്ളവരെയാണ്. രോഗ ബാധിച്ചയാൾ അവരുടെ അടുത്ത പോകില്ല എന്നുറപ്പിക്കണം. പണ്ടും വീടുകളിലെ വ്യാപനം അധികമായിരുന്നു. ഇപ്പോഴത്തെ ഡെൽറ്റാ വകഭേദം കുറച്ചുകൂടി കാര്യങ്ങൾ സങ്കീർണ്ണമാക്കി.
ബ്രേക്ക്ത്രൂ ഇൻഫെക്ഷനുകൾ ഒരുപാട് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം 3 സ്തമനാമാണ് ഇവയുടെ നിരക്ക്. ഇത്തരം ഇൻഫെക്ഷനുകളെ സംബന്ധിച്ച് ഗുരുതരമായ ഒരു സാഹചര്യം നിലവിലുണ്ടോ?
ബ്രേക്ക്ത്രൂ ഇൻഫെക്ഷനുകൾ അത്ര സീരിയസ് ആയ ഒന്നല്ല. അവ കാര്യമായ അസുഖങ്ങളോ മറ്റുമൊന്നും ഉണ്ടാക്കുന്നില്ല. ലോകം മൊത്തമുള്ള അനുഭവങ്ങളാണവ. പക്ഷെ ബ്രേക്ത്രൂ ഇൻഫെക്ഷനുകൾ വന്നവരിൽനിന്നും മറ്റുള്ളവർക്ക് പകരാനുള്ള സാധ്യതയുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ ഒഴികെ, കോവിഡ് രോഗം ഗുരുതരമാകുന്ന സാഹചര്യങ്ങൾ കുറവാണ്.
എന്റെ അഭിപ്രായത്തിൽ കേരളം ഏറ്റവും പിന്നോക്കം പോയിട്ടുള്ളത് ഗവേഷണത്തിന്റെ കാര്യത്തിലാണ്. നമ്മൾപഠനങ്ങൾ നടത്തുന്നില്ല. വിദഗ്ധർ ഉണ്ടായിട്ടും ഡാറ്റ ലഭ്യമാകുന്നില്ല എന്നതാണ് കാരണം. കുറെ ബ്യൂറോക്രാറ്റുകൾ മാത്രം ഡാറ്റ കൈകാര്യം ചെയ്യുകയാണ്.
നമ്മൾ നല്ല ഒരു പ്രാദേശിക പഠനം ആവശ്യപ്പെടുന്നുണ്ടോ ഇപ്പോൾ? കാരണം, ബ്രേക്ത്രൂ ഇൻഫെക്ഷനുകൾ റിപ്പോർട് ചെയ്യുന്നുണ്ട്, ഡെൽറ്റയുടെ വ്യാപനസ്വഭാവം വർധിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ ഒരു പഠനം നടത്തേണ്ടത് അത്യാവശ്യമല്ലേ?
പ്രാദേശിക പഠനം നടത്താനുള്ള ഒരുപാട് വിദഗ്ധരുള്ള നാടാണ് കേരളം. പക്ഷെ ഇവർക്കൊക്കെയുള്ള ഡാറ്റ സുതാര്യമായി ലഭിക്കുന്നില്ല. അവിടെയാണ് കേരളം പിന്നോട്ടുപോയിട്ടുള്ളത്. കേരളത്തിന്റെ മൊത്തം പെർഫോമൻസ് നോക്കിക്കഴിഞ്ഞാൽ യാതൊരു സംശയവുമില്ല, മികച്ച പെർഫോമൻസാണ്. എന്റെ അഭിപ്രായത്തിൽ കേരളം ഏറ്റവും പിന്നോക്കം പോയിട്ടുള്ളത് ഗവേഷണത്തിന്റെ കാര്യത്തിലാണ്. നമ്മൾപഠനങ്ങൾ നടത്തുന്നില്ല. വിദഗ്ധർ ഉണ്ടായിട്ടും ഡാറ്റ ലഭ്യമാകുന്നില്ല എന്നതാണ് കാരണം. കുറെ ബ്യൂറോക്രാറ്റുകൾ മാത്രം ഡാറ്റ കൈകാര്യം ചെയ്യുകയാണ്.ആരും അറിയാൻ പാടില്ലാത്ത കാര്യമെന്ന രീതിയിലാണ് അവരത് കയ്യടക്കിവെച്ചിരിക്കുന്നത്. ഇതാണ് പ്രശ്നം. ഈ ഡാറ്റ റിലീസ് ചെയ്‌താൽത്തന്നെ ഒരുപാട് പഠനങ്ങൾ കേരളത്തിലുണ്ടാകും. കഴിവുള്ളവരുണ്ട്. പക്ഷെ അവരെ പ്രോത്സാഹിപ്പിക്കണം, ഡാറ്റ നൽകണം. ഗവേഷണം നടത്തമായിരുന്ന പലതിലും നമ്മൾ ഗവേഷണം നടത്തിയില്ല എന്നത് നമ്മുടെ പോരായ്മ തന്നെയാണ്.
മൂന്നാം തരംഗത്തിന്റെ സൂചനകൾ നമുക്ക് കിട്ടിത്തുടങ്ങുമ്പോഴും ഇപ്പോഴും അസുഖബാധിതരാകാൻ സാധ്യതയുള്ള ഒരു വിഭാഗം നമ്മുടെ കുട്ടികളാണ്. പലയിടത്തും സ്‌കൂളുകൾ തുറന്നു. പക്ഷെ ഇനിയും വാക്സിൻ ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ, എത്രത്തോളം ഭീഷണിയാണ് നമ്മുടെ കുട്ടികൾക്ക് നിലനിൽക്കുന്നത്?
മൂന്നാം തരംഗത്തിൽ കുട്ടികൾക്ക് കൂടുതൽ ഭീഷണിയെന്നത് തെറ്റായ ഒരു ധാരണയാണ്. രണ്ടാം തരംഗത്തിലും മുതിർന്നവർ ഇൻഫെക്റ്റഡ് ആയപോലെ കുട്ടികൾ ബാധിക്കപ്പെട്ടിരുന്നു. പക്ഷെ ഗുരുതരമായ രോഗങ്ങളില്ല എന്നതുകൊണ്ടാണ് കുട്ടികൾക്ക് മാത്രമായി ഒരു വാക്സിൻ നമ്മൾ ഇറക്കാതിരുന്നത്. വളരെ കുറച്ചുപേരിൽ മാത്രം ഗുരുതരമാകുന്നുണ്ട്, പക്ഷെ അത് നമ്മൾ അപ്പപ്പോൾ കണ്ടുപിടിച്ച് വേണ്ട ശ്രദ്ധ കൊടുക്കുന്നുണ്ട്. അവരെ മാറ്റിനിർത്തിയാൽ ഗുരുതരമായ സാഹചര്യങ്ങളൊന്നും നമ്മുടെ കുട്ടികളിൽ ഇല്ല. അതുകൊണ്ടുതന്നെ മൂന്നാം തരംഗത്തിന്റെ മുൻനിർത്തി കുട്ടികളിൽ ഒരു ഭീതിയുടെ ആവശ്യമൊന്നുമില്ല. മുതിർന്നവരുടെ വാക്സിനേഷൻ തീരുന്നമുറയ്ക്ക് അവർക്കും വാക്സിൻ ലഭ്യമാകും.