ഓവറാകുമ്പോള്‍ സംവിധായകന്‍ വാണിംഗ് തരും , ഡിയര്‍ വാപ്പി പ്രതീക്ഷ നല്‍കുന്ന ചിത്രം: ശ്രീരേഖ

ഓവറാകുമ്പോള്‍ സംവിധായകന്‍ വാണിംഗ് തരും , ഡിയര്‍ വാപ്പി പ്രതീക്ഷ നല്‍കുന്ന ചിത്രം: ശ്രീരേഖ
Published on

വെയില്‍ എന്ന ചിത്രത്തിലെ ഷെയിന്‍ നിഗത്തിന്റെ അമ്മ വേഷത്തിലൂടെ ശ്രദ്ധേയമായ താരമാണ് ശ്രീരേഖ. ചിത്രത്തില്‍ മികച്ച സഹനടിക്കുന്ന സംസ്ഥാന പുരസ്‌കാരം ശ്രീരേഖ നേടിയിരുന്നു. ശ്രീരേഖയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രമാണ് ഡിയര്‍ വാപ്പി. ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാല്‍, അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. തനിക്ക് വളരെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് ഡിയര്‍ വാപ്പിയെന്ന് ശ്രീരേഖ പറയുന്നു. പോസിറ്റീവ് റെസ്‌പോണ്‍സാണ് ഇതുവരെ പ്രൊമോഷനിലെല്ലാം ആളുകളില്‍ നിന്ന് ലഭിക്കുന്നത്. ഡിയര്‍ വാപ്പിയെക്കുറിച്ച് ശ്രീരേഖ 'ദ ക്യു'വിനോട്.

അനഘയും നിരഞ്ജും അനുഭവത്തില്‍ എന്നേക്കാള്‍ സീനിയറാണ്

സിനിമയില്‍ എനിക്ക് കൂടുതലും കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നത് ലാല്‍ സാര്‍, നിരഞ്ജ് മണിയന്‍പിള്ള രാജു, അനഘ നാരായണന്‍ തുടങ്ങിയവരുമായി ആയിരുന്നു. ശിവജി ഗുരുവായൂര്‍ സാറുമായും ഉണ്ടായിരുന്നു. സത്യത്തില്‍ നിരജ്ഞും അനഘയും പുതിയ തലമുറയില്‍പ്പെട്ട അഭിനേതാക്കള്‍ ആണ്. എങ്കിലും അഭിനയത്തിന്റെ കാര്യത്തില്‍ എന്നെക്കാള്‍ അനുഭവമുള്ള സീനിയര്‍ താരങ്ങളുമാണ്. അവരില്‍ നിന്നെല്ലാം ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ടായി. സ്‌ക്രീനിലേക്ക് പെട്ടെന്ന് കേറിയതിന്റെ അമ്പരപ്പിലാണ് ഞാന്‍ ഇപ്പോഴുമുള്ളത്. ഓരോ കാര്യങ്ങള്‍ പഠിക്കാനും മാത്രം ആളുകള്‍ അവിടെ ഉണ്ടായിരുന്നു. പലരും അഭിനയിക്കുന്നതും പല രീതിയിലുമാണല്ലോ. അതുകൊണ്ട് തന്നെ കാണുന്നവര്‍ക്ക് ഇത് എന്‍ജോയ് ചെയ്ത് കാണാന്‍ സാധിക്കും.

ഓവറാകുമ്പോള്‍ ഷാന്‍ വാണിംഗ് തരും

സംവിധായകന്‍ ഷാന്‍ തുളസീധരന്‍ ഒരിക്കല്‍ പോലും നമ്മളോട് എങ്ങനെ ചെയ്യണമെന്നതിനെക്കുറിച്ച് നിര്‍ബന്ധം പിടിച്ചിട്ടില്ല. ഷാന്‍ അഭിനേതാക്കള്‍ക്ക് പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കുന്നൊരാള്‍ കൂടിയാണ്. പിന്നെ നമ്മള്‍ അഭിനയിച്ച് ഒരുപാട് ഓവര്‍ ആകുന്ന ഘട്ടത്തില്‍ ഷാന്‍ ഒരു വാണിംഗ് തരും, ഓവര്‍ ആവുന്നു,അത് വേണ്ട എന്നെല്ലാം. ലാല്‍ സാര്‍ ആണെങ്കില്‍ നമുക്ക് ധാരാളം നിര്‍ദ്ദേശങ്ങള്‍ തരുമായിരുന്നു. അത്തരത്തില്‍ നല്ല രസമായിരുന്നു, നല്ല അന്തരീക്ഷമായിരുന്നു ഷൂട്ടിംഗ് സമയത്ത്.

വെയിലില്‍ നിന്ന് തന്നെയാണ് ഡിയര്‍ വാപ്പി കിട്ടിയത്

വെയില്‍ സിനിമ വഴി തന്നെയാണ് ഡിയര്‍ വാപ്പിയിലെത്തുന്നത്, ഷാന്‍ വെയില്‍ കണ്ടിട്ട് എന്നെ വിളിക്കുകയും രാധ എന്ന കഥാപാത്രത്തെ ഇഷ്ടമായി എന്നും പറഞ്ഞിരുന്നു. ഷാനിന്റെ അടുത്ത ചിത്രത്തില്‍ ഒരു വേഷമുണ്ട്, പക്ഷെ വെയിലിലെ കഥാപാത്രവുമായി യാതൊരുവിധ സാമ്യങ്ങളുമില്ലാത്ത ഒന്നാണ്. അത് ചേച്ചിക്ക് ചെയ്യാന്‍ സാധിക്കും എന്ന് വിശ്വാസമുണ്ടെന്ന് ഷാന്‍ പറഞ്ഞു. കഥയെഴുതിക്കഴിഞ്ഞു ഈ വേഷത്തിനായി മറ്റാരെയും അവര്‍ സമീപിച്ചിരുന്നില്ല. അങ്ങനെയാണ് എനിക്ക് ഡിയര്‍ വാപ്പിയുടെ കഥ ഒരു ഫുള്‍ സ്‌ക്രിപ്റ്റ് വായിക്കുന്ന പ്രതീതിയില്‍ പറഞ്ഞു തരുന്നത്. കേട്ടപാതി എനിക്കത് വളരെയധികം ഇഷ്ടമായി. എന്നോട് ഈ വേഷം ചെയ്യാമോ എന്ന് ചോദിക്കുകയും ഞാന്‍ മടിച്ചു നില്‍ക്കാതെ സമ്മതിക്കുകയും ചെയ്തു. പിന്നാലെ വേഗം തന്നെ ഷൂട്ടും ആരംഭിച്ചു.

രാധ ഉണ്ടാവാതിരിക്കുക എന്നതായിരുന്നു ചാലഞ്ച്

വെയിലിലെ രാധ ഒരുതരിപോലും ഉണ്ടാവാതിരിക്കുക എന്നതുതന്നെയായിരുന്നു പ്രധാന വെല്ലുവിളി. ഒരു തുടക്കക്കാരി എന്ന നിലയില്‍ ചെയ്തിട്ടുള്ള വേഷങ്ങളുടെ ചെറിയ സ്വാധീനം മുന്നോട്ടുള്ള കഥാപാത്രങ്ങളില്‍ ഉണ്ടാവുക സ്വാഭാവികമാണല്ലോ. കുറച്ചുകൂടി പരിചയസമ്പത്തുള്ള ഒരാള്‍ക്ക് അത്തരത്തിലൊരു അബദ്ധം പറ്റാതെ മാനേജ് ചെയ്തുപോകാന്‍ കഴിയും. പക്ഷെ എനിക്ക് ചില കാര്യങ്ങളൊക്കെ പറഞ്ഞു തന്നു തിരുത്തി പോകേണ്ടി വന്നിരുന്നു. അതായിരുന്നു പ്രധാന പ്രശ്നം. രാധയുടെ താരതമ്യം ചെയ്താല്‍ ഭൗതികപരമായി മറ്റൊരു റിസ്‌കുകളും എനിക്കുണ്ടായിരുന്നില്ല.

തിരിച്ചറിയപ്പെടുന്നു എന്നത് വലിയൊരു കാര്യമാണ്

നമ്മളെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി എന്നത് എന്നെ സംബന്ധിച്ച് വളരെ വലിയൊരു കാര്യമാണ്. ഒരു പുതിയ ആളെന്നതിലുപരി ഒരു റെസ്പെക്ട് കിട്ടിത്തുടങ്ങിയതായി എനിക്ക് മനസ്സിലായി. ഞാന്‍ വിവാഹം കഴിച്ചു വന്നത് തൃശൂരാണ്. ഇവിടെ നാട്ടിലെ ഓരോ പൊതുപരിപാടിക്കും അതിഥിയായി എന്നെ വിളിക്കുകയും അതിലെല്ലാം സന്തോഷത്തോടെ പങ്കെടുക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാണിപ്പോള്‍. പിന്നെ കുറച്ച് ഓഫറുകള്‍ വന്നിരുന്നു. ഞാന്‍ അതില്‍ എല്ലാം ഒന്നും കമ്മിറ്റ് ചെയ്തിരുന്നില്ല. സത്യത്തില്‍ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു ആ സമയത്ത്. ഞാന്‍ കുറച്ചൊന്നു സ്ലോ ഡൌണ്‍ ചെയ്തതിനു ശേഷം സ്വീകരിച്ച സിനിമയാണ് ഡിയര്‍ വാപ്പി. ഒരു ചേഞ്ച് ആവാമെന്ന് കരുതി മനപ്പൂര്‍വ്വമാണ് അങ്ങനെയൊരു തീരുമാനം എടുത്തത്.

സ്‌ക്രിപ്റ്റ് സെലക്ഷനിലേക്കൊന്നും എത്തിയിട്ടില്ല

ഞാനിപ്പോള്‍ ഒരു കാരക്ടര്‍ സെലക്ഷന്‍ എന്ന നിലയിലേക്ക് സത്യത്തില്‍ എത്തിയിട്ടില്ല. അതുപോലെ സ്‌ക്രിപ്റ്റ് കേട്ട് അത് ചെയ്യാന്‍ മാത്രം ഞാന്‍ വളര്‍ന്നു എന്നും എനിക്ക് തോന്നുന്നില്ല. ദൈവാനുഗ്രഹാം കൊണ്ട് ആളുകള്‍ എന്നെ വിളിക്കുന്നുണ്ട്, അതും നല്ല നല്ല റോളുകളിലേക്ക്. എന്തെങ്കിലും അഭിനയപ്രാധാന്യമുള്ള റോളുകളായിരിക്കും അതും. സിനിമ കണ്ടു കഴിയുന്ന ആളുകളുടെ മനസ്സില്‍ എന്നും ഓര്‍ത്തെടുക്കാന്‍ പാകത്തിലുള്ള കഥാപാത്രങ്ങള്‍ തേടി വരുന്നത് കൊണ്ട് തന്നെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ പ്രോസസ്സിലേക്ക് കടക്കേണ്ടി വന്നിട്ടില്ല.

ഇപ്പോഴും മിന്നുകെട്ടിലെ റോള്‍ ആളുകള്‍ക്ക് ഓര്‍മയുണ്ട്

ഞാന്‍ തീരെ ചെറുപ്പമായിരിക്കുമ്പോഴാണ് സീരിയലുകളില്‍ അഭിനയിക്കുന്നത്. അതുകൊണ്ടു തന്നെ അഭിനയം എന്നതിനെ സീരിയസ്സായി ഒരിക്കലും കണ്ടിരുന്നില്ല. അങ്ങനെ ആലോചിക്കാനുള്ള പ്രായമുണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ശരി. പക്ഷെ ഈ സീരിയലുകള്‍ക്ക് അന്നുണ്ടായിരുന്ന ജനപ്രീതി വളരെ വലുതായിരുന്നു. ആ സമയങ്ങളില്‍ സീരിയലുകള്‍ കാണുന്നവര്‍ക്കിടയില്‍ പ്രായലിംഗഭേദം ഇല്ലായിരുന്നു. കേവലം നാലുദിവസത്തെ ഷൂട്ടിനായാണ് മിന്നുകെട്ടിലേക്ക് ഞാന്‍ എത്തുന്നത്. പക്ഷെ നാല് വര്‍ഷത്തോളം അതില്‍ അഭിനയിച്ചു. ആളുകള്‍ ഇന്നും ആ വേഷം ഓര്‍ത്തിരിക്കുന്നുമുണ്ട്. അതിനു ശേഷം ഞാന്‍ പിന്നെ പഠനത്തില്‍ ശ്രദ്ധകൊടുത്തു.

ടിക് ടോക് ബാന്‍ ചെയ്യുമ്പോഴേക്കും വെയില്‍ തുടങ്ങിയിരുന്നു

സുഹൃത്തുക്കള്‍ ടിക്ടോക് ചെയ്യുന്നത് കണ്ടിട്ടാണ് ഞാനും അത് തുടങ്ങുന്നത്. ധാരാളം കഴിവുള്ളവര്‍ക്ക് അതെല്ലാം പ്രകടിപ്പിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോം ആയിരുന്നല്ലോ ടിക്ടോക്. അങ്ങനെ കുറച്ച് വീഡിയോസ് ഞാനും ചെയ്തു കഴിഞ്ഞാണ് വളരെ യാദൃശ്ചികമായി വെയിലിലേക്ക് എന്നെ വിളിക്കുന്നത്. ടിക്ടോക് ബാന്‍ ചെയ്യുമ്പോഴേക്കും വെയിലിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. പിന്നീട് ഞങ്ങള്‍ അഭിനേതാക്കളോട് വീഡിയോ ചെയ്യുന്നത് കുറച്ചുനാളത്തേക്ക് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നെ ഷൂട്ടെല്ലാം കഴിഞ്ഞു വരുമ്പോള്‍ ടിക്ടോക് ഇല്ല. എങ്കിലും ആ ഒരു പ്ലാറ്റ്‌ഫോം മൂലം രക്ഷപെട്ട ഒരുപാട് പേരുണ്ടല്ലോ. കാലത്തിന്റെ മാറ്റവും അതുതന്നെയാണ്. നമ്മുടെ കഴിവുകള്‍ പുറത്തുകാണിക്കാന്‍ ഉള്ള അവസരങ്ങള്‍ ഇന്നുണ്ട്.

അബിയുടെ നായിക, ഷെയിന്റെ അമ്മ

മിന്നുകെട്ടില്‍ അബിക്കയുടെ ഭാര്യയായി വരുമ്പോള്‍ എന്റെ പ്രായം തീരെ കുറവാണ്. പക്ഷെ വെയിലില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ഷെയിന്‍ എന്നോട് ഇങ്ങോട്ട് ചോദിച്ചു 'എന്റെ വാപ്പിച്ചിയുടെ കൂടെ നായികയായി വന്ന ആളല്ലേ, വാപ്പിച്ചി വീട്ടില്‍ വന്നു പറയുമായിരുന്നു ഒരു സ്‌കൂള്‍ കുട്ടി ആണെന്റെ നായിക. അതുമാത്രമല്ല, ഞങ്ങളെല്ലാവരും മിന്നുകെട്ട് അന്ന് കാണുമായിരുന്നു ചേച്ചി' എന്നൊക്കെ. എനിക്ക് തോന്നുന്നു ഷെയിന്‍ അന്ന് തീരെ കുഞ്ഞാണ്. അന്നേ അവന്‍ ഞാന്‍ അഭിനയിച്ച ഭാഗങ്ങളെല്ലാം കണ്ടിട്ടുമുണ്ട്. അനശ്വരനായ അബിക്കയുടെ കൂടെ അഭിനയിച്ച് അധികം നാളാവുന്നതിനു മുന്നേ മകന്റെ കൂടെയും അഭിനയിക്കാന്‍ പറ്റിയത് ഭാഗ്യമായി കരുതുന്നു.

ഷെയിനും ഈ പറഞ്ഞപോലെ, സെറ്റില്‍ ഒഴിവു സമയങ്ങളില്‍ പോലും കഥാപാത്രത്തില്‍ നിന്ന് ഇറങ്ങിയതായി തോന്നിയിട്ടില്ല. കാരണം, എന്നെ ഇപ്പോഴും അമ്മ എന്ന് തന്നെയാണ് ഷെയിന്‍ വിളിച്ചിരുന്നത്. ആ ബന്ധം ഷൂട്ടിംഗ് സമയത്തും, ലൊക്കേഷനിലും ഒരുപോലെയായിരുന്നു. അഭിനയിക്കുമ്പോള്‍ ഓരോ തവണയും ഇമ്പ്രോവൈസേഷന്‍ കൊണ്ടുവരുന്ന നടന്‍ കൂടിയാണ് ഷെയിന്‍. അതുകൊണ്ട് എനിക്കും ഒരുപാട് കാര്യങ്ങള്‍ ഷെയിനില്‍ നിന്നും പഠിക്കാന്‍ കഴിഞ്ഞു.

അമ്മ വേഷങ്ങളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമെന്ന് തോന്നുന്നില്ല

രണ്ടും അമ്മ വേഷങ്ങളാണെങ്കിലും രണ്ട് രീതിയില്‍ അവ വ്യത്യസ്തങ്ങളാണ്. അതിപ്പോള്‍ എല്ലാ അമ്മമാരും ഒരുപോലെ ആയിരിക്കില്ലല്ലോ. അതുകൊണ്ട് അങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടില്ല. പിന്നെ പ്രായത്തിനൊത്ത വേഷങ്ങള്‍ ചെയ്തുകൂടെ എന്ന പലരും എന്നോട് ചോദിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷെ അതിലെന്താ കാര്യമുള്ളത്. പ്രായത്തിനനുസരിച്ച വേഷങ്ങള്‍ എല്ലാവര്‍ക്കും ചെയ്തു ഫലിപ്പിക്കാന്‍ കഴിയും. പക്ഷെ കുറച്ച് റിസ്‌ക്കെടുത്ത് നമ്മളെക്കാള്‍ പ്രായമുള്ള ഒരു വേഷം ചെയ്യുന്നതല്ലേ ത്രില്‍. ഒരു അഭിനേതാവിനും അതായിരിക്കും കൂടുതല്‍ സംതൃപ്തി നല്‍കുന്നതും. മാത്രമല്ല, പുതിയതായി കുറെയേറെ കാര്യങ്ങള്‍ നമുക്ക് പഠിക്കാനും അതുവഴി കാരണമാകും.

'ദി മോര്‍ഗ്' ല്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ വേഷം

അപ്രതീക്ഷിതമായി സംഭവിച്ച ഒരു സിനിമയാണ് ദി മോര്‍ഗ്. ഭര്‍ത്താവ് സന്ദീപ് ശ്രീധരന്‍ ആയിരുന്നു അതിന്റെ കാര്യങ്ങള്‍ മുഴുവന്‍ നോക്കിയിരുന്നത്. ഞാന്‍ അദ്ദേഹത്തെ സഹായിക്കുക എന്ന റോള്‍ മാത്രമായിരുന്നു ചെയ്തത്. പ്രൊഡ്യൂസര്‍ എന്നത് ഭാരിച്ച ഒരു ഉത്തരവാദിത്തമാണല്ലോ. കാമറയ്ക്ക് പിന്നില്‍ നിന്ന് അങ്ങനെ സിനിമയെ നോക്കിക്കാണുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ഒരു സിനിമ എങ്ങനെ ഉണ്ടാവുന്നു എന്ന് ഞാനറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. പിന്നെ അഭിനയം തന്നെയാണ് എനിക്ക് കൂടുതല്‍ സാറ്റിസ്ഫാക്ഷന്‍ തരുന്നത്. പ്രൊഡ്യൂസര്‍ ആയി കൂടുതല്‍ ടെന്‍ഷനുകള്‍ എടുത്തുവെയ്ക്കാന്‍ എനിക്ക് താല്പര്യമില്ല.

വരാനിരിക്കുന്ന പ്രൊജെക്ടുകള്‍

ഡിയര്‍ വാപ്പിക്കു ശേഷം ഞാന്‍ ചെയ്തതില്‍ ഇനി വരാനിരിക്കുന്ന ചിത്രം ലുക്മാന്‍ അവറാന്‍ കേന്ദ്രകഥാപാത്രമാവുന്ന 'ഒരു ടര്‍ക്കിഷ് തര്‍ക്ക'മെന്ന സിനിമയാണ്. അത് ഏപ്രിലില്‍ റിലീസ് ആവാനിരിക്കുകയാണ്. മാര്‍ച്ചില്‍ ഷൂട്ട് ആരംഭിക്കുന്ന ഒരു തമിഴ് ചിത്രമാണ് പിന്നെയുള്ളത്. അങ്ങനെ വളരെ കുറച്ച് പ്രൊജെക്ടുകളാണ് നിലവില്‍ ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in