ഭൂമിയുടെ സുഹൃത്തുക്കൾ എന്നാണ് പൂവുലഗ് എന്നാൽ അർത്ഥം. ആംനസ്റ്റി ഇന്റർനാഷണലുമായി ബന്ധമുണ്ടായിരുന്ന ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥൻ നെടുഞ്ചെഴിയൻ ആണ് 1980 കളിൽ പൂവുലഗിൻ നൻപർഗൾ എന്ന സംഘടനയ്ക്ക് തുടക്കമിട്ടത്. തമിഴ് ഭാഷയിൽ സാഹിത്യത്തെ പിരിസ്ഥിതി വാദവുമായി ബന്ധപ്പെടുത്തിയായിരുന്നു ഇവരുടെ പ്രവർത്തനം. 2006 ൽ നെടുഞ്ചെഴിയന്റെ മരണത്തിന് ശേഷം ഇതിന്റെ പ്രവർത്തനങ്ങൾ നിന്ന് പോയെങ്കിലും 2008ൽ ഐടി എൻജിനിയറായിരുന്ന ജി. സുന്ദരരാജനും സിദ്ധ ചികിത്സാ ഡോക്ടർ ആയിരുന്ന ജി ശിവരാമനും ഉൾപ്പെടെയുള്ള ഒമ്പത് ചേർന്ന് സംഘടന പുനർജീവിപ്പിച്ചു. കൂടങ്കുളം ആണവ പദ്ധതിക്കെതിരെ പീപ്പിൾസ് മൂവ്‌മെന്റ് എഗൈൻസ്റ്റ് ന്യൂക്ലിയർ എനർജി സമരം ആരംഭിച്ചതോടെ പൂവുലഗിൻ നൻപർഗൾ അവർക്ക് നിയമസഹായവുമായി മുന്നോട്ട് വന്നു.
കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഒക്ടോബറിൽ സുപ്രധാന കർമ്മപദ്ധതി പ്രഖ്യാപിച്ചിരുന്നു. ക്ലൈമറ്റ് ചേഞ്ച് മിഷന്റെ ഭാഗമായി തമിഴ്നാട് ഗവേണിംഗ് കൗൺസിൽ ഓൺ ക്ലൈമറ്റ് ചേഞ്ച് എന്ന പേരിൽ 22 അംഗ കൗൺസിലും രൂപീകരിച്ചു. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് തമിഴ് നാട് സർക്കാരിന് നിർദേശങ്ങൾ നൽകാനാണ് ഈ സംവിധാനം. കൗൺസിലിലെ 22 അംഗങ്ങളിലൊരാൾ പൂവുലഗിൻ നൻപർഗൾ എന്ന സംഘടനയെ പ്രതിനിധീകരിക്കുന്ന ജി സുന്ദരരാജനാണ്. പരിസ്ഥിതിയെ പരിഗണിച്ചുള്ള വികസനമാണ് നാടിന് ആവശ്യമെന്ന വാദമുയർത്തുന്ന തമിഴ്നാട്ടിലെ പ്രധാന സംഘടനകളിലൊന്നാണ് പൂവുലഗിൻ നൻപർഗൾ.
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ദുരിതങ്ങൾ നേരിടുന്ന കേരളത്തിനും പൂവുലഗിൻ നൻപർഗളിൽ നിന്ന് പഠിക്കാനുണ്ട്. 2019 ലും 2019 ലും തുടർച്ചയായ വെള്ളപ്പൊക്കങ്ങളും വർഷാവർഷം ഏതെങ്കിലുമൊരു പ്രദേശത്തെ ദുരിതത്തിലാക്കുന്ന പ്രകൃതി ദുരന്തങ്ങളും സംസ്ഥാനം നേരിടുന്നുണ്ട്.
2022 അവസാനം പൂവുലഗിന്റെ അമരക്കാരിലൊരാളായ ജി സുന്ദരരാജൻ കേരളത്തിൽ വന്നിരുന്നു. സംസ്ഥാന എനർജി മാനേജ്‌മെന്റ് സെന്ററും സാമൂഹിക വെല്ലുവിളികൾക്ക് പരിഹാരം തേടുന്ന അസറും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പൂവുലഗിൻ നൻപർഗൾ കോർഡിനേറ്റർ ജി സുന്ദരരാജനുമായി അരുൺ ടി വിജയൻ സംസാരിച്ചത്
പൂവുലഗിൻ നൻപർകളെക്കുറിച്ച് വിശദീകരിക്കാമോ?
ഭൂമിയുടെ സുഹൃത്തുക്കൾ എന്നാണ് പൂവുലഗിൻ നൻപർഗളുടെ അർത്ഥം. കഴിഞ്ഞ 35 വർഷമായി ഞങ്ങൾ തമിഴ്‌നാട്ടിലുണ്ട്. ബേസിക്കലി ഒരു വൊളന്ററി ഗ്രൂപ്പ് ആണ്. പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് വേണ്ടി ഒത്തുകൂടുകയും ഒരുമിച്ച് പ്രവർത്തിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്. പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കെതിരെ ഞങ്ങൾ പോരാടുന്നു. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. വീഡിയോകളും സോഷ്യൽ മീഡിയകൾ വഴിയും ഡോക്യുമെന്ററികളായും പരിസ്ഥിതി നേരിടുന്ന പ്രശ്‌നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി എന്ത് ചെയ്യാനാകുമെന്ന് നോക്കുന്നു. ഞങ്ങൾ പൂവുലഗ് എന്ന പേരിൽ ഒരു മാസികയും നടത്തുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ ഞങ്ങളുടെ പ്രവർത്തകരുടെ സാന്നിധ്യമുണ്ട്. അതുകൊണ്ടാണ് ഞങ്ങൾക്ക് ഇങ്ങനെ പ്രവർത്തിക്കാനാകുന്നത്. കൂടങ്കുളത്തെ ന്യൂക്ലിയർ പദ്ധതിക്കെതിരെ കേസ് നടത്തുന്നത് ഞങ്ങളാണ്. മീതെയ്ൻ ഹൈഡ്രോ കാർബണിനെതിരെ പോരാടുന്നുണ്ട്. വടചെന്നൈയിലെ കാട്ടുപ്പള്ളിയിൽ അദാനി നടത്തുന്ന തുറമുഖ വികസനത്തിനെതിരെയാണ് ഞങ്ങളുടെ മറ്റൊരു പോരാട്ടം. എട്ടുവരി പാതയ്‌ക്കെതിരെ പോരാട്ടം നടത്തുന്നുണ്ട്. സംസ്ഥാനത്ത് പരിസ്ഥിതിക്കെതിരായ എല്ലാ പ്രവർത്തനങ്ങളിലും ഞങ്ങളുടെ പോരാട്ടങ്ങളും ഉണ്ടാകാറുണ്ട്. നിയമ പോരാട്ടത്തിലാണ് കൂടുതലും ശ്രദ്ധിക്കുന്നത്.
കൂടങ്കുളം പദ്ധതിക്കെതിരായ സമരത്തിലൂടെയായിരുന്നല്ലോ പൂവുലഗിന്റെ തിരിച്ചുവരവ്. ആ സാഹചര്യം ഒന്ന് വിശദീകരിക്കാമോ?
കമ്മിറ്റികളൊക്കെ രൂപീകരിച്ച് ഒരു കോർ ഗ്രൂപ്പായാണ് ഞങ്ങൾ ആണവ പദ്ധതിക്കെതിരെ സമരം ചെയ്തത്. ഈ സമരത്തിലെ നിയമപരവും സാങ്കേതികപരവുമായ കാര്യങ്ങളാണ് ഞങ്ങൾ ശ്രദ്ധിച്ചത്. ഞങ്ങൾ മുന്നോട്ട് വയ്ക്കുന്ന പാരിസ്ഥിതിക രാഷ്ട്രീയത്തിനും മനുഷ്യാവകാശത്തിനും കൂടങ്കുളം പദ്ധതി എതിരാണെന്ന് കണ്ടാണ് അതിൽ ഇടപെട്ടത്. അതിന് മുമ്പും പല പ്രവർത്തനങ്ങളും നടത്തിയിരുന്നു. എന്നാൽ പൂവുലഗ് ഇടപെട്ട ആദ്യത്തെ വലിയ സമരം ഇതായിരുന്നുവെന്ന് മാത്രം.
വികസനത്തിന് വേണ്ടി പരിസ്ഥിതിയെ നശിപ്പിക്കുന്ന കാര്യത്തിൽ കേരളവും തമിഴ്‌നാടും തമ്മിൽ കാര്യമായ വ്യത്യാസമുണ്ടായിരുന്നില്ല. അതിന്റെ ദുരിത ഫലങ്ങളും ഒരുമിച്ചാണ് അനുഭവിക്കുന്നത്. ഇതിനെതിരെ ഇരുസംസ്ഥാനങ്ങൾക്കും എന്താണ് ചെയ്യാനാകുക?
തമിഴ്‌നാട്ടിൽ പരിസ്ഥിതി നശീകരണത്തിന്റെ പ്രഭാവം വളരെ കൂടുതലാണ്. 2011 മുതൽ പല ചുഴലിക്കൊടുങ്കാറ്റുകളുടെയും രൂപത്തിൽ ഞങ്ങൾ അത് അഭിമുഖീകരിക്കുന്നുണ്ട്. നല്ലൊരു ഭൂമിശാസ്ത്ര ഘടനയുണ്ടായിട്ടും കേരളവും കഴിഞ്ഞ 5-6 വർഷമായി ചുഴലിക്കാറ്റുകളെ നേരിടുന്നു. അതിനാൽ തന്നെ പരിസ്ഥിതി നശീകരണത്തിനെതിരെ തമിഴ്‌നാടും കേരളവും ഒന്നിച്ച് പ്രവർത്തിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനകീയ മുന്നേറ്റങ്ങൾ ഒന്നിച്ച് നിന്ന് പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതികൾക്കെതിരെ ഒന്നിച്ച് നിൽക്കുകയാണ് വേണ്ടത്. ഇവിടെയിപ്പോൾ സിൽവർ ലൈനിന്റെയും ആതിരപ്പള്ളി ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെയുമൊക്കെ ചർച്ച സജീവമായിരിക്കുകയാണല്ലോ? ഈ പദ്ധതികളെല്ലാം പ്രകൃതിയെ തകർക്കുന്നവ കൂടിയാണ്. അതിനാലാണ് രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഇത്തരം പദ്ധതികൾക്കെതിരെ ഒത്തുചേർന്ന് പ്രവർത്തിക്കണമെന്ന് പറയുന്നത്.
വെള്ളപ്പൊക്കത്തിന് ശേഷം റീബിൽഡ് കേരള എന്ന സങ്കൽപ്പമാണ് ഇവിടെ മുന്നോട്ട് വച്ചിരിക്കുന്നത്. പരിസ്ഥിതിയെ കൂടി പരിഗണിച്ച് ഈ റീബിൽഡിംഗ് സാധ്യമാകുമോ?
റീബിൽഡ് എന്ന സങ്കൽപ്പം സർക്കാർ പറയുന്നത് പോലെയല്ല, അത് മറ്റൊരു വിധത്തിലാണ് മനസ്സിലാക്കേണ്ടത്. റീബിൽഡിംഗ് എന്നാൽ പ്രകൃതിയെയും പരിസ്ഥിതിയെയും ഉപദ്രവിക്കാതെയാകണം. അങ്ങനെ നമുക്കൊരു സ്വാഭാവിക സംവിധാനം രൂപീകരിക്കാനാകും. നനവുള്ള ഭൂമിയെ വീണ്ടെടുത്തും പല തരത്തിലുള്ള കൃഷി ഭൂമികൾ സംരക്ഷിച്ചും ഒക്കെയാണ് അത് സാധ്യമാകുന്നത്. ഇതെല്ലാം റീബിൽഡ് തന്നെയാണ്. അല്ലാതെ കുറെ റോഡുകളോ കെട്ടിടങ്ങളോ നിർമ്മിക്കുന്നതല്ല റീബിൽഡ് കൊണ്ടുദ്ദേശിക്കേണ്ടത്. സ്വാഭാവിക പാരിസ്ഥിതിക സംവിധാനം പുനർനിർമ്മിക്കേണ്ടത് വളരെ പ്രധാനമാണ്. ഇവിടെ പക്ഷെ ആലോചിച്ചിക്കുന്നതെല്ലാം കുറെ കോൺക്രീറ്റ് കെട്ടിടങ്ങളാണെന്ന് തോന്നുന്നു. കേരളത്തിൽ ഇപ്പോൾ താമരശേരി അതിരൂപതയുടെ നേതൃത്വത്തിൽ ബഫർ സോൺ വിഷയത്തിൽ പ്രതിഷേധം നടക്കുകയല്ലേ? വന്യജീവി സങ്കേതങ്ങളും കടുവ സങ്കേതങ്ങളും റിസർവ് വനങ്ങളുമെല്ലാം സംരക്ഷിക്കേണ്ടതാണെന്നാണ് എനിക്ക് തോന്നുന്നത്. ഒരു കിലോമീറ്ററെങ്കിലും ബഫർ സോൺ ആയാൽ കരിങ്കൽ ക്വാറികൾ അവിടങ്ങളിൽ പ്രവർത്തിക്കാതാകും. ക്വാറികൾ മാത്രമല്ല, മണ്ണെടുപ്പും നടക്കില്ലേ? അതുകൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കേരളവും മനസ്സിലാക്കണമെന്നാണ് എന്റെ അഭിപ്രായം. കാരണം ഇപ്പോൾ തന്നെ കേരളവും നിരവധി പ്രകൃതി ദുരന്തങ്ങൾ നേരിട്ട് കഴിഞ്ഞു. അതിനാൽ തന്നെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നിങ്ങളും വളരെ ഗൗരവത്തോടെ തന്നെ ചിന്തിക്കണം.
വികസന പ്രവർത്തനങ്ങളുടെ പേരിൽ നിന്ന് തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന ഇടുക്കി പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ നിന്നും മണ്ണും കല്ലും കൊണ്ടുവന്ന് കടലോരങ്ങളിലോ സമതലങ്ങളിലോ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. 2018 ലെ വെള്ളപ്പൊക്കവും 2020ലെ പെട്ടിമുടി ദുരന്തവും ഇവിടെ നടക്കുന്ന എല്ലാ പ്രകൃതി ദുരന്തങ്ങളും മനുഷ്യ നിർമ്മിതമാണെന്ന വാദമാണ് ഇതിനോടൊപ്പം ഉയരാറുള്ളത്. ?
മാധവ് ഗാഡ്ഗിൽ കമ്മിറ്റി പശ്ചിമഘട്ടത്തിലെ പല പ്രദേശങ്ങളും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് കസ്തൂരിരംഗൻ കമ്മിറ്റിയും ഗാഡ്ഗിൽ കമ്മിറ്റി പറഞ്ഞതിലും കൂടുതൽ സ്ഥലങ്ങൾ സംരക്ഷിക്കേണ്ടതാണെന്ന് ആവശ്യപ്പെട്ടു. അതിന് ശേഷവും കേരള സർക്കാർ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുകയും അവർ 120 പ്രദേശങ്ങളെ പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കേരള സർക്കാർ തുടർച്ചയായി രണ്ട് മണ്ണിടിച്ചിലുകളുണ്ടായ കൂട്ടിക്കൽ ഉൾപ്പെടെ നാല് ഗ്രാമങ്ങളെ കേരള സർക്കാർ അതിൽ നിന്ന് ഒഴിവാക്കി. ഒരു പ്രദേശത്ത് കല്ലുകളും മണ്ണുമെല്ലാം കൂടുതലുണ്ടെന്ന് കരുതി അതെല്ലാം മറ്റൊരു പ്രദേശത്ത് കൊണ്ടുപോയി ഇട്ടാൽ അത് മുഴുവൻ പാരിസ്ഥിതിക ഘടനയെയും തകരാറിലാക്കും. നമ്മുടെ റിസോഴ്‌സുകളായ കല്ലും മണ്ണും മണലുമെല്ലാം എല്ലായിടത്തും എല്ലാവർക്കും വേണം. പക്ഷെ നമ്മുടെ പരിസ്ഥിതിയെ കൂടി കണ്ടുകൊണ്ടാകണം അത് ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്നത്. എന്നാലേ നമുക്ക് നമ്മുടെ റിസോഴ്‌സുകളെ സംരക്ഷിക്കാനും ആകൂ. ഈ റിസോഴ്‌സുകളെ സംരക്ഷിക്കാതെ പരിസ്ഥിതിയെ രക്ഷിക്കാൻ നമുക്ക് ആകില്ല.
പൂവുലഗിന്റെ ലക്ഷ്യങ്ങൾ നിങ്ങൾക്കെങ്ങനെയാണ് മുഖ്യമന്ത്രി സ്റ്റാലിനെ പറഞ്ഞ് ബോധിപ്പിക്കാൻ സാധിച്ചത്?
തെരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ ഒരു പരിസ്ഥിതി പ്രകടന പത്രിക പുറത്തിറങ്ങിയിരുന്നു. തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഞങ്ങൾ അതുമായി സമീപിക്കുകയും ചെയ്തു. ഞങ്ങൾ സ്റ്റാലിനെയും കാണുകയും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവയ്ക്കുകയും അതിനെതിരായ ഞങ്ങളുടെ ആവശ്യങ്ങൾ പറയുകയും ചെയ്തു. അദ്ദേഹം അത് അംഗീകരിക്കുകയും ഞങ്ങളുടെ പരിസ്ഥിതി മാനിഫെസ്റ്റോയിലെ ആവശ്യങ്ങൾ ഓരോന്നായി അദ്ദേഹം നടപ്പാക്കിക്കൊണ്ടിരിക്കുകയുമാണ്. ക്ലൈമറ്റ് മിഷൻ, തമിഴ്‌നാട് ഗ്രീൻ മിഷൻ, തമിഴ്‌നാട് വെറ്റ് ലാൻഡ് മിഷൻ എന്നിവ അവർ കൊണ്ടുവന്നു. എല്ലാത്തിലുമുപരി രാജ്യത്താദ്യമായി ഒരു സംസ്ഥാനത്ത് ക്ലൈമറ്റ് ഗവേണിംഗ് കൗൺസിൽ രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഈ കൗൺസിൽ പ്രവർത്തിക്കുന്നത്. ഞാനും ഈ ഗവേണിംഗ് കൗൺസിലിൽ ഒരു അംഗമാണ്. ഞങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ സത്വര നടപടികൾ കൈക്കൊള്ളാൻ സർക്കാരിനെ നിർബന്ധിക്കുകയാണ് ചെയ്യുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ കേരളത്തിൽ നിന്ന് ഭിന്നമായി എന്തൊക്കെയാണ് തമിഴ്‌നാട് ചെയ്യുന്നത്?
തമിഴ്‌നാട് ഗ്രീൻ ക്ലൈമറ്റ് കമ്പനിയുടെ പേരിലാണ് തമിഴ്നാട്ടിലെ പ്രവർത്തനങ്ങൾ. ഈ കമ്പനിക്ക് കീഴിൽ മൂന്ന് മിഷനുകളുണ്ട്. തമിഴ്‌നാട് ക്ലൈമറ്റ് മിഷൻ, തമിഴ്‌നാട് ഗ്രീൻ മിഷൻ, തമിഴ്‌നാട് വെറ്റ് ലാൻഡ് മിഷൻ എന്നിവയാണ് അവ. എല്ലാ സെക്ടറുകളിലും ഫണ്ടെത്തിക്കാൻ ഇത്തരമൊരു കമ്പനിയെന്നത് ഇന്ത്യയിലെ ആദ്യ സംരഭമാണ്. സിഎസ്ആർ ഫണ്ടുകളും ഇന്റർനാഷണൽ ഗ്രീൻ ഫണ്ടുകളും ഗ്രീൻ ക്ലൈമറ്റ് ഫണ്ടുകളുമൊക്കെയാണ് ഇതിനായി ഉപയോഗിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനാണ് ഈ ഫണ്ടുകളെല്ലാം ഉപയോഗിക്കുന്നത്. ഇതിനെല്ലാം നേരത്തെ പറഞ്ഞ ഗവേണിംഗ് കൗൺസിൽ മേൽനോട്ടം വഹിക്കുന്നു.
കോർപ്പറേറ്റ് കമ്പനികളുടെ ഇടപെടലുകളിൽ ജനങ്ങളോ പരിസ്ഥിതിയോ ഒന്നും വിഷയമല്ല. കോർപ്പറേറ്റുകളുടെ ഇടപെടലുകൾ ഒഴിവാക്കി പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കാനാകും?
ചെറുകിട, ശരാശരി കമ്പനികൾ ഓ കെ ആണ്. എന്നാൽ വൻകിട കോർപ്പറേറ്റുകൾ വെല്ലുവിളിയാണ്. അവരാണ് ഇവിടെ പരിസ്ഥിതിക്ക് ഗുരുതരമായ പ്രശ്‌നമുണ്ടാക്കുന്നത്. അറിഞ്ഞുകൊണ്ട് കുറ്റം ചെയ്യുന്നവർ അത് പരിഹരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാകില്ല. അവർക്ക് അതിന്റെ ആവശ്യവുമില്ല. അതിനാൽ വൻകിട കോർപ്പറേറ്റുകൾക്ക് അവരുടെ കെട്ടിടങ്ങൾ ഉൾപ്പെടെ പ്രവർത്തന മാനദണ്ഡങ്ങൾ ശക്തമാക്കണം. അവർ ഉപയോഗിക്കുന്ന ഊർജ്ജം, പുറന്തള്ളുന്ന മാലിന്യം എന്നിവയിലും ഇത്തരം മാനദണ്ഡങ്ങൾ കടുപ്പിക്കണം. അതിലൂടെ രാഷ്ട്രീയത്തിന്റെ പ്രാഥമിക ലക്ഷ്യം പരിസ്ഥിതി സംരക്ഷണമാണെന്ന് അവരെ ബോധ്യപ്പെടുത്തണം.
രാഷ്ട്രീയക്കാർ പറയുന്നത് അവർ ജനങ്ങളുടെ ശബ്ദമാണെന്നാണ്. അതോടൊപ്പം അവർ വികസനത്തിന് പദ്ധതികൾ വേണമെന്നും വലിയ വലിയ സ്ഥാപനങ്ങൾ വേണമെന്നും അതാണ് ജനങ്ങൾക്ക് ആവശ്യമെന്നും പറയുന്നു. ജനങ്ങളിലും പകുതി പേർക്കെങ്കിലും ഈ വിഷയത്തിൽ സംശയങ്ങളുണ്ട്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെയെങ്ങനെയാണ് ബോധ്യപ്പെടുത്താനാകുക?
നിരവധി പ്രകൃതി ദുരന്തങ്ങൾ അനുഭവിച്ചതിനാൽ തന്നെ ജനങ്ങൾക്ക് ഇപ്പോൾ ഈ വിഷയത്തിൽ ഒരു വ്യക്തതയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സർക്കാരിന്റെ തെറ്റായ നയങ്ങൾ കൊണ്ടുണ്ടായ പരിസ്ഥിതി നശീകരണമാണ് ഇതിനെല്ലാം കാരണമെന്ന് അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ രൂപത്തിലും മണ്ണിടിച്ചിലുകളുടെ രൂപത്തിലും വെള്ളപ്പൊക്കത്തിന്റെ രൂപത്തിലും നേരിട്ട നാശനഷ്ടങ്ങൾ അവർക്ക് അത് മനസ്സിലാക്കി നൽകിയിട്ടുണ്ട്. ഏതൊരു വികസനത്തിലും പ്രാഥമികമായി വേണ്ടത് പരിസ്ഥിതി സംരക്ഷണമാണെന്ന് ജനങ്ങൾക്കിടയിൽ കാമ്പെയ്‌നുകൾ നടത്തണം. പരിസ്ഥിതി നശിപ്പിച്ചുകൊണ്ടുള്ള വികസനങ്ങളൊന്നും വികസനങ്ങളല്ലെന്നും മനസ്സിലാക്കിക്കണം. പരിസ്ഥിതിയില്ലാതെ ഒരു വികസനവും സാധ്യമല്ല. ഇക്കാര്യം ജനങ്ങളിൽ നിന്ന് ജനങ്ങളിലേക്ക് പ്രചരിച്ചാൽ കാര്യങ്ങളിൽ ഇനിയും മാറ്റമുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്.