200 വനിതാ സംരഭകരെ അണിനിരത്തി മെഗാ മേള കോഴിക്കോട്, വനിതാ വികസന കോർപ്പറേഷന്റെ 'എസ്കലേറ' നാളെ തുടങ്ങും

200 വനിതാ സംരഭകരെ അണിനിരത്തി മെഗാ മേള കോഴിക്കോട്, വനിതാ വികസന കോർപ്പറേഷന്റെ 'എസ്കലേറ' നാളെ തുടങ്ങും
Published on

സംസ്ഥാന വനിത വികസന കോർപ്പറേഷൻ കോഴിക്കോട് സംഘടിപ്പിക്കുന്ന വനിതാ സംരംഭകരുടെ മെഗാ മേള നാളെ തുടങ്ങും. 200 വനിതകളാണ് ആഗസ്റ്റ് 20- മുതൽ 26 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന 'എസ്കലേറ' മേളയിൽ പങ്കെടുക്കുന്നത്. മേളയുടെ ഭാഗമായി ഫുഡ് കോർട്ടും കലാസന്ധ്യയും ഉണ്ടാകും.

വനിതകൾക്ക് വേണ്ടി ഒരു പ്രൊജക്റ്റ് കൺസൾട്ടൻസി പദ്ധതി ഈ വർഷം കോർപ്പറേഷൻ പുതുതായി അവതരിപ്പിക്കുകയാണ്. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതകൾക്ക് അതിന്റെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും പ്രതിസന്ധി ഘട്ടങ്ങളിൽ കൈത്താങ്ങുകയുമാണ് ഈ ഏകജാലക സേവന സംവിധാനത്തിലൂടെ ചെയ്യുന്നത്. അതിന്റെ തുടക്കമെന്ന നിലയിലാണ് എസ്കലേറ എന്ന പേരിൽ വനിത സംരംഭക പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നത്.

ആഗസ്റ്റ് 21 ന് തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം . ബഹു. വനം പരിസ്ഥിതി മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ബഹു. ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കും.

സംരംഭകരുടെ തനത് ഉൽപന്നങ്ങളാണ് മേളയിലുള്ളത്. റെഡിമേയ്ഡ് കൈത്തറി വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കരകൗശല വസ്തുക്കൾ, കളിമൺ ഉൽപന്നങ്ങൾ, ശുദ്ധമായ തേൻ, സൗന്ദര്യവർദ്ധക വസ്തുക്കൾ, മറയൂർ ശർക്കര തുടങ്ങിയ ഉൽപന്നങ്ങൾ മേളയിലുണ്ടാകും.

മേളയുടെ ഭാഗമായി വൈകുന്നേരങ്ങളിൽ പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 20 ഞായറാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ മഴവിൽ മനോരമ സൂപ്പർ ഫോർ സീസൺ ടു ജേതാവും വിജയ് ടി വി സൂപ്പർ സിംഗർ സീസൺ നയൻ താരവുമായ അഭിജിത് അനിൽ കുമാറും മഴവിൽ മനോരമ സൂപ്പർ ഫോർ സീസൺ ടു താരമായ ജാൻവി ബൈജുവും നയിക്കുന്ന ധ്വനി സംഗീത രാവ് അരങ്ങേറും. ഓഗസ്റ്റ് 21 ന് വൈകിട്ട് 5.30 മുതൽ 9 വരെ തരംഗം എന്ന പേരിൽ വിമൻ സെൽ കോളജ് വിദ്യാർത്ഥിനികളുടെ കലാപരിപാടികളും ഐഡിയ സ്റ്റാർ സിംഗർ താരങ്ങളും പ്രമുഖ പിന്നണി ഗായകരുമായ സായി ബാലൻ, ദീപക് ജെ ആർ എന്നിവരുടെ ഗാനമേളയും അരങ്ങേറും. ഓഗസ്റ്റ് 22 ന് വൈകിട്ട് 6 മുതൽ 9 വരെ പ്രമുഖ ഗായിക ഇംതിയാസ് ബീഗത്തിന്റെ നേതൃത്വത്തിൽ മെഹ്ഫിൽ ഉണ്ടായിരിക്കും. ആഗസ്റ്റ് 23 ന് വൈകിട്ട് 6 മുതൽ 9 വരെ തുടിതാളം സംഘത്തിലെ ആദിവാസി കലാ പ്രവർത്തകർ അവതരിപിക്കുന്ന കലാ അരങ്ങ് എന്ന പരിപാടിയുണ്ടാകും. ഓഗസ്റ്റ് 24 ന് വൈകിട്ട് 6 മുതൽ 9 വരെ ഫോക് ലോർ അക്കാദമി അവതരിപ്പിക്കുന്ന പൂരക്കളി, ചരടു കുത്തി കോൽക്കളി എന്നിവയാണ് അരങ്ങിലെത്തുക. 25 ന് വൈകിട്ട് 5 മുതൽ കുടുംബശ്രീ റെസിഡൻഷ്യൽ കലാമേളയുണ്ടാകും. 26 ന് വൈകിട്ട് 5 മുതൽ ഫ്ലവേഴ്സ് ടി വി കോമഡി ഉത്സവ താരങ്ങൾ അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് ഷോയാണ് അരങ്ങിലെത്തുക. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ വിവിധ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിക്കുന്നുണ്ട്. മാലിന്യ സംസ്കരണ രംഗത്തെ തൊഴിൽ സാധ്യതകൾ, വനിതാ സംരംഭകത്വം, സ്ത്രീ സുരക്ഷയും ശാക്തീകരണവും , ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ വിഷയങ്ങളിലാണ് സെമിനാറുകൾ നടക്കുക.

സമാപന സമ്മേളനം ആഗസ്റ്റ് 26 ന് വൈകിട്ട് 5.30 ന് ബഹു. പൊതു മരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ബഹു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ അധ്യക്ഷനാകും.

Related Stories

No stories found.
logo
The Cue
www.thecue.in