ജെറ്റ് എയര്‍വേയ്‌സ് ഇനിയില്ല, അന്ത്യം കുറിച്ച് സുപ്രീം കോടതി വിധി; എന്താണ് ജെറ്റ് എയര്‍വേയ്‌സിന് സംഭവിച്ചത്?

ജെറ്റ് എയര്‍വേയ്‌സ് ഇനിയില്ല, അന്ത്യം കുറിച്ച് സുപ്രീം കോടതി വിധി; എന്താണ് ജെറ്റ് എയര്‍വേയ്‌സിന് സംഭവിച്ചത്?
Published on

വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും നിയമ നടപടികള്‍ക്കും ഒടുവില്‍ ജെറ്റ് എയര്‍വേയ്‌സ് പിരിച്ചുവിടാന്‍ സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് ലിക്വിഡേഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 142 അനുസരിച്ചാണ് നടപടി. കമ്പനിയുടെ ഉടമസ്ഥാവകാശം ജലാന്‍-കാര്‍ലോക്ക് കണ്‍സോര്‍ഷ്യത്തിന് ബാധ്യതകളൊന്നുമില്ലാതെ കൈമാറാനും റെസല്യൂഷന്‍ പ്ലാന്‍ അംഗീകരിക്കാനുമുള്ള നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ തീരുമാനം റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി നിര്‍ണ്ണായക തീരുമാനം എടുത്തത്. ക്രെഡിറ്റ് നല്‍കിയവര്‍ക്ക് പണം നല്‍കാതെയുള്ള പദ്ധതിക്കായിരുന്നു ട്രൈബ്യൂണല്‍ അംഗീകാരം നല്‍കിയത്.

supreme court 
supreme court google

നീതി വൈകുന്നുവെന്ന് ബോധ്യമാകുന്ന കേസുകളില്‍ ആര്‍ട്ടിക്കിള്‍ 142 അനുസരിച്ച് സമ്പൂര്‍ണ്ണ നീതി നടപ്പാക്കാനുള്ള ഉത്തരവിടാന്‍ സുപ്രീം കോടതിക്ക് അധികാരമുണ്ട്. റെസല്യൂഷന്‍ പാക്കേജ് നടപ്പാക്കുക ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പണം നല്‍കിയവര്‍ക്ക് അവസാന ആശ്രയമെന്ന നിലയിലായിരിക്കണം പാക്കേജ്. എന്നാല്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള പാക്കേജാണ് ഇതെന്ന് കോടതി പറഞ്ഞു. പണം വായ്പയായി നല്‍കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയവരുടെ ഹര്‍ജിയിലാണ് നടപടി. ജലാന്‍-കാര്‍ലോക്ക് കണ്‍സോര്‍ഷ്യത്തിന് കമ്പനിയുടെ ഉടമസ്ഥാവകാശം കൈമാറാമെന്ന ട്രൈബ്യൂണല്‍ തീരുമാനത്തിനെതിരെയാണ് ക്രെഡിറ്റര്‍മാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ജെറ്റ് എയര്‍വേയ്‌സ് ഇനിയില്ല, അന്ത്യം കുറിച്ച് സുപ്രീം കോടതി വിധി; എന്താണ് ജെറ്റ് എയര്‍വേയ്‌സിന് സംഭവിച്ചത്?
ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ ഇടക്കാല ജാമ്യം നീട്ടി നല്‍കി ബോംബെ ഹൈക്കോടതി

ജെറ്റ് എയര്‍വേയ്‌സിന്റെ വളര്‍ച്ച

ജെറ്റ് എയര്‍വേയ്‌സിന്റെ വളര്‍ച്ചയുടെയും തളര്‍ച്ചയുടെയും ചരിത്രം അതിന്റെ സ്ഥാപകനായ നരേഷ് ഗോയലിന്റേതു കൂടിയാണ്. ഒരിക്കല്‍ ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായിരുന്നു ജെറ്റ് എയര്‍വേയ്‌സ്. വ്യവസായിയായിരുന്ന നരേഷ് ഗോയല്‍ 1993ല്‍ നരസിംഹറാവു സര്‍ക്കാര്‍ നടപ്പാക്കിയ ഉദാരവല്‍ക്കരണ നയങ്ങളുടെ ചുവടു പിടിച്ച് ആരംഭിച്ച എയര്‍ലൈന്‍ കമ്പനിയാണ് ഇത്. 1993 മെയ് 5ന് കമ്പനി എയര്‍ ടാക്‌സി ഓപ്പറേറ്ററായി പ്രവര്‍ത്തനം ആരംഭിച്ചു. ആഭ്യന്തര സെക്ടറില്‍ സര്‍വീസുകള്‍ ആരംഭിച്ചുകൊണ്ട് 1995ല്‍ കമ്പനി പൂര്‍ണ്ണതോതിലുള്ള പ്രവര്‍ത്തനത്തിലേക്ക് എത്തി. 1996ല്‍ 375 ദശലക്ഷം ഡോളറിന് നാല് ബോയിംഗ് 737-400 വിമാനങ്ങളും ആറ് 737-800 വിമാനങ്ങളും കമ്പനി ഓര്‍ഡര്‍ ചെയ്തു. സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ 737-800 വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ആദ്യ കമ്പനിയായി ഇതോടെ ജെറ്റ് എയര്‍വേയ്‌സ് മാറി. പ്രവര്‍ത്തനം തുടങ്ങി തൊട്ടടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 24 ലക്ഷം യാത്രക്കാരുമായി ഇന്ത്യന്‍എയര്‍ലൈന്‍സിന് തൊട്ടുപിന്നില്‍ എത്താനും ജെറ്റിന് കഴിഞ്ഞു.

2004ല്‍ രാജ്യാന്തര സര്‍വീസുകളും ആരംഭിച്ചു. 2005ല്‍ ഓഹരി വിപണിയില്‍ ഇറങ്ങിയതോടെ നരേഷ് ഗോയലിനെ ഇന്ത്യയിലെ ശതകോടീശ്വരന്‍മാരില്‍ 16-ാമനായി ഫോര്‍ബ്‌സ് മാസിക പട്ടികയില്‍ പെടുത്തി. 1.9 ബില്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു അന്ന് അദ്ദേഹത്തിന്റെ ആസ്തി മൂല്യം. 2007ല്‍ എയര്‍ സഹാറ ഏറ്റെടുത്തുകൊണ്ട് കമ്പനി വളര്‍ച്ചയുടെ പാതയില്‍ പുതിയ നാഴികക്കല്ല് കടന്നു. ജെറ്റ് ലൈറ്റ് എന്ന പേരിലായിരുന്നു എയര്‍ സഹാറയുടെ പിന്നീടുള്ള ഓപ്പറേഷന്‍. ബഡ്ജറ്റ് എയര്‍ലൈനായായിരുന്നു പ്രവര്‍ത്തനം. 2008ല്‍ ഈ കമ്പനിയിലെ 1900 ജീവനക്കാരെ ജെറ്റ് എയര്‍വേയ്‌സ് പിരിച്ചുവിട്ടെങ്കിലും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഇവരെ പിന്നീട് തിരിച്ചെടുത്തു. 2008ല്‍ തന്നെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിക്കാന്‍ കമ്പനിക്കായി. ജീവനക്കാരെയും ഗ്രൗണ്ട് ഉപകരണങ്ങളും പങ്കുവെച്ചുകൊണ്ടുള്ള കരാറായിരുന്നു ഇത്. 2009ല്‍ ജെറ്റ് കണക്ട് എന്ന പേരില്‍ മറ്റൊരു ലോ കോസ്റ്റ് ബ്രാന്‍ഡും കമ്പനി ആരംഭിച്ചു. ദൈര്‍ഘ്യം കുറഞ്ഞ റൂട്ടുകളില്‍ വലിയ വിമാനങ്ങളില്‍ പരമാവധി യാത്രക്കാരുമായി സര്‍വീസ് നടത്താനുള്ള പദ്ധതിയായിരുന്നു ഇതിലൂടെ നടപ്പാക്കിയത്.

തകര്‍ച്ച

21.2 ശതമാനം പാസഞ്ചര്‍ മാര്‍ക്കറ്റ് ഷെയറോടെ ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമയാന കമ്പനിയായി 2016ല്‍ ജെറ്റ് എയര്‍വേയ്‌സ് മാറിയിരുന്നു. ലോകമൊട്ടാകെയുള്ള 74 ഡെസ്റ്റിനേഷനുകളിലേക്ക് 300 ഫ്‌ളൈറ്റുകള്‍ ദിവസവും ഓപ്പറേറ്റ് ചെയ്യുന്ന കമ്പനിയായിരുന്നു ജെറ്റ്. പക്ഷേ, 2017 ആയപ്പോഴേക്കും കാര്യങ്ങള്‍ മാറിമറിഞ്ഞു. മാര്‍ക്കറ്റിലെ വൈരികളായ സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയും മത്സരത്തിന്റെ ഭാഗമായി ടിക്കറ്റ് നിരക്ക് കാര്യമായി കുറയ്ക്കാന്‍ ആരംഭിച്ചു. ഇതോടെ ജെറ്റ് എയര്‍വേയ്‌സിനും പിടിച്ചു നില്‍ക്കാനായി ടിക്കറ്റ് നിരക്ക് കുറയ്‌ക്കേണ്ടതായി വന്നു. വലിയ സാമ്പത്തിക നഷ്ടത്തിലേക്കാണ് ഇത് കമ്പനിയെ കൊണ്ടുചെന്നെത്തിച്ചത്. 2017ല്‍ ഇന്‍ഡിഗോ ജെറ്റ് എയര്‍വേയ്‌സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. തൊട്ടടുടത്ത വര്‍ഷങ്ങളിലും നഷ്ടം ആവര്‍ത്തിക്കുകയും 2019ല്‍ ജെറ്റ് എയര്‍വേയ്‌സ് പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തു. വിമാനങ്ങളെല്ലാം വിവിധ വിമാനത്താവളങ്ങളിലായി പാര്‍ക്ക് ചെയ്തു.

പാട്ടത്തിനെടുത്ത വിമാനങ്ങളുടെ പാട്ടത്തുക നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെത്തുടര്‍ന്നാണ് പല വിമാനങ്ങളും ഗ്രൗണ്ട് ചെയ്യേണ്ടി വന്നത്. പണം ലഭിക്കാതെ വന്നപ്പോള്‍ ജെറ്റ് എയര്‍വേയ്‌സിന് ഇന്ധനം നല്‍കേണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ തീരുമാനിച്ചതും സര്‍വീസ് നിര്‍ത്താന്‍ കാരണമായി. 400 കോടി രൂപയുടെ അടിയന്തര സഹായം വേണമെന്ന ആവശ്യം ബാങ്കുകള്‍ നിരസിച്ചതോടെ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും ഇല്ലാതായി. 2019 മാര്‍ച്ചില്‍ നരേഷ് ഗോയലിനും ഭാര്യ അനിത ഗോയലിനും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്തു പോകേണ്ടി വന്നു. 2019ല്‍ തന്നെ അയാറ്റ അംഗത്വത്തില്‍ നിന്ന് കമ്പനി പുറത്തായി. 1200 കോടി യുഎസ് ഡോളറിന് തുല്യമായ ബാധ്യതയുമായി ഇതോടെ കമ്പനി പാപ്പരായതായി പ്രഖ്യാപിക്കുന്നതിനായി ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചു.

2020ല്‍ പുതിയ പ്രതീക്ഷയായി ലണ്ടനിലെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ കാര്‍ലോക്കും യുഎഇ വ്യവസായി മുരാരി ലാല്‍ ജലാനും രംഗത്തെത്തുകയും 2022ല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനായി ഒരു പാക്കേജ് അവതരിപ്പിക്കുകയും ചെയ്തു. ഡൊമസ്റ്റിക് സെക്ടറില്‍ ആറു വിമാനങ്ങളുമായി ഫുള്‍ സര്‍വീസ് കമ്പനിയായി പുനരാരംഭിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഈ പാക്കേജിന് അംഗീകാരം നല്‍കിയിരുന്നു. 2022 മെയ് മാസത്തില്‍ എയര്‍ ഓപ്പറേറ്റേഴ്‌സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും ഉദ്ദേശിച്ചതുപോലെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഏറ്റെടുക്കാന്‍ എത്തിയവര്‍ക്കും സാധിച്ചില്ല. ഇതോടെയാണ് കമ്പനിക്ക് വായ്പ നല്‍കിയ ബാങ്കുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്‌. നാലു വര്‍ഷത്തിലേറെയായി വിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്യപ്പെട്ടതിനാല്‍ 2023 ഓഗസ്റ്റില്‍ കമ്പനിയുടെ അയാറ്റ കോഡും പിന്‍വലിക്കപ്പെട്ടു.

നരേഷ് ഗോയലിനെതിരായ കേസ്

കമ്പനി സ്ഥാപകനായ നരേഷ് ഗോയലിനെതിരെ സിബിഐ സാമ്പത്തിക തിരിമറിക്കേസ് എടുത്തിരുന്നു. കേസില്‍ അദ്ദേഹവും ഭാര്യ അനിത ഗോയലും അറസ്റ്റിലായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കാന്‍സര്‍ ബാധിതയായ അനിത റിമാന്‍ഡില്‍ ഇരിക്കെ മരിക്കുകയും കാന്‍സര്‍ ചികിത്സയ്ക്കായി നരേഷ് ഗോയലിന് കോടതി ജാമ്യം അനുവദിച്ചിരിക്കുകയുമാണ്. കാനറാ ബാങ്ക് നല്‍കിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജെറ്റ് എയര്‍വേയ്‌സിന് നല്‍കിയ 848.86 കോടി രൂപയുടെ വായ്പയില്‍ 538.62 കോടി രൂപ തിരിച്ചടച്ചില്ലെന്നുമായിരുന്നു പരാതി. 2011 ഏപ്രില്‍ മുതല്‍ 2019 ജൂണ്‍ വരെ പ്രൊഫഷണല്‍, കണ്‍സള്‍ട്ടന്‍സി ചെലവുകള്‍ക്കായി 1152.62 കോടി രൂപ കമ്പനി ചെലവഴിച്ചിട്ടുണ്ടെന്നും കമ്പനിയുടെ പ്രധാന ചുമതല വഹിച്ചിരുന്നവരുടെ പേരില്‍ 197.57 കോടി രൂപയുടെ സംശയകരമായ ഇടപാടുകള്‍ നടന്നതായും സിബിഐ കണ്ടെത്തി. പ്രൊഫഷണല്‍ കണ്‍സള്‍ട്ടന്‍സി ഫീസായി നല്‍കിയ 1152.62 കോടിയില്‍ 420.43 കോടി രൂപ അത്തരം കമ്പനികള്‍ക്കല്ല നല്‍കിയതെന്ന് ഇന്‍വോയ്‌സുകളിലെ സര്‍വീസ് ഡിസ്‌ക്രിപ്ഷനില്‍ നിന്ന് വ്യക്തമായിരുന്നു. ഗോയല്‍ കുടുംബത്തിന്റെ വ്യക്തിഗത ചെലവുകളും ജീവനക്കാരുടെ ശമ്പളവും ഫോണ്‍ ബില്ലുകളും വാഹനങ്ങളുടെ ചെലവുമെല്ലാം ജെറ്റ് എയര്‍വേയ്‌സായിരുന്നു നല്‍കിയിരുന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in