വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖത്തിന്റെ സാധ്യതകള്‍ കേരളത്തിന് പ്രയോജനപ്പെടുത്തുന്ന വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ് പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയെ വ്യാവസായിക സാമ്പത്തിക കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയാണ് ഇതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. കിഫ്ബി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് കൊല്ലം, തിരുവനന്തപുരം എന്നീ തെക്കന്‍ ജില്ലകളിലായി 1,456 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഗ്രോത്ത് ട്രയാംഗിള്‍, വളര്‍ച്ചാ നോഡുകള്‍, സബ് നോഡുകള്‍, ഇടനാഴികള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഒരു വ്യാവസായിക മേഖല സൃഷ്ടിക്കുക വഴി ഗതാഗത, ലോജിസ്റ്റിക്, വ്യവസായപാര്‍ക്കുകളുടെ ഒരു സംയോജനമാണ് ലക്ഷ്യം. പ്രധാന ഹൈവേകള്‍ക്കും റെയില്‍ ശൃംഖലകള്‍ക്കും സമീപം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആ പ്രദേശത്തിന്റെ പ്രത്യേകതകളെ അടിസ്ഥാനമാക്കി ആഗോളതലത്തില്‍ മത്സരിക്കാന്‍ കഴിയുന്ന ഒരു സ്മാര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന ക്ഷമമാകുന്നതോടുകൂടി നിരവധി അനുബന്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അതിലൂടെ മെച്ചപ്പെടുന്ന വ്യാപാര പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ജിഡിപി ഗണ്യമായി വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഗതാഗത ഇടനാഴികളുടെ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രധാന ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കുകയും, ചുറ്റുപാടുമുള്ള പ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മെച്ചപ്പെട്ട ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ഇടയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വളര്‍ച്ചാ ഇടനാഴിക്കുള്ളിലെ വിവിധ വികസന നോഡുകള്‍ ബന്ധിപ്പിക്കുന്നതിന് ഗതാഗത ഇടനാഴികള്‍ പ്രധാനമാണ്. പദ്ധതി പ്രദേശത്തിന് ഉള്ളില്‍ വരുന്ന തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡും, വിഴിഞ്ഞം- നാവായിക്കുളം ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോറും തലസ്ഥാന മേഖലയുടെ വികസനത്തിനു കൂടുതല്‍ കരുത്തേകും. തിരുവനന്തപുരത്തു വിഭാവനം ചെയ്തിട്ടുള്ള ഔട്ടര്‍ ഏരിയ ഗ്രോത്ത് കോറിഡോര്‍ കൂടെ ഈ പദ്ധതിയുടെ ഭാഗം ആകുന്നതിലൂടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.