മലബാറിന് യൂസഫലിയുടെ ഓണസമ്മാനം ; ലുലു മാൾ കോഴിക്കോട് തുറന്നു

മലബാറിന് യൂസഫലിയുടെ ഓണസമ്മാനം ; ലുലു മാൾ കോഴിക്കോട് തുറന്നു
Published on

ചൂരൽമല ഉരുൾപൊട്ടലിന്‍റെ നടുക്കത്തിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്ന മലബാറിന്‍റെ വാണിജ്യവികസനത്തിന് കരുത്തേകി പുതിയ ലുലു മാൾ മാങ്കാവിൽ തുറന്നു. ലോകോത്തര ഷോപ്പിങ്ങിന്‍റെ മുഖമായ ലുലു കോഴിക്കോടിന്‍റെ പ്രാദേശിക വികസനത്തിന് കൈത്താങ്ങായി അന്താരാഷ്ട്ര നിലവാരത്തിലാണ് മാൾ തുറന്നിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് മാൾ ഒരുങ്ങിയിരിക്കുന്നത്. കോഴിക്കോട് മേയർ ബീന ഫിലിപ്പ് മാളിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചു. മന്ത്രി പി.എ മുഹമ്മദ് റിയാസ് ചടങ്ങിൽ മുഖ്യാതിഥിയായി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി മുസാഫര്‍ അഹമ്മദ്, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ ഭാഗമായി.

മലബാറിന്‍റെ വാണിജ്യവികസന മുന്നേറ്റത്തിന് എം.എ യൂസഫലി നൽകുന്ന പിന്തുണയുടെ നേർസാക്ഷ്യമാണ് പുതിയ മാൾ എന്നും പ്രാദേശിക വികസനത്തിനൊപ്പം രണ്ടായിരത്തോളം കുടുംബങ്ങൾക്ക് കൂടിയാണ് പ്രതീക്ഷയുടെ വെളിച്ചമേകുന്നതെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മികച്ച ടൂറിസ്റ്റ് ഡെസിറ്റിനേഷൻ സാധ്യത കൂടിയാണ് ലുലു തുറന്നിരിക്കുന്നത്. ലുലുവിന് സമീപമുള്ള റോഡുകൾ ഉൾപ്പടെ നഗരത്തിലെ പന്ത്രണ്ട് റോഡുകൾക്ക് സിറ്റി ഇമ്പ്രൂവ്മെന്റ് പദ്ധതിയിലൂടെ 1300 കോടി രൂപ സർക്കാർ അനുവദിച്ചതായും മന്ത്രി കൂട്ടിചേർത്തു. കോഴിക്കോ‌ടിന്റെ വികസനപ്രവർത്തിന് കരുത്തേകുന്ന എം.എ യൂസഫലിയുടെ പ്രൊജക്ടുകൾക്ക് സർക്കാർ എല്ലാപിന്തുണയും നൽകുമെന്നും മന്ത്രി വ്യക്തമാക്കി. മതസൗഹാർദത്തിന്‍റെ ഈറ്റില്ലമായ മലബാറിലേക്ക് കൂടി ലുലുവിന്‍റെ സേവനം വിപുലീകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. മികച്ച നിലവാരത്തിലുള്ള ഹോട്ടൽ കോഴിക്കോട് യാഥാർത്ഥ്യമാക്കുമെന്ന് അദേഹം കൂട്ടിചേർത്തു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും മാതൃകയിൽ വലിയ പദ്ധതികൾ നടപ്പാക്കുമെന്നും മലബാറിന്റെ വികസനത്തിന് വേണ്ട എല്ലാ സഹായവും നൽകുമെന്നും യൂസഫലി ചൂണ്ടികാട്ടി. കൂടുതൽ ഐടി കമ്പനികൾ ഉൾപ്പടെ കോഴിക്കോട് എത്തുന്നതിന് ലുലുവിന്‍റെ ഇത്തരം പ്രൊജക്ടുകൾ വലിയ സഹായമാകുമെന്നും പുതിയതലമുറയുടെ ആവശ്യക്ത കൂടിയാണ് ലുലു മാൾ നിറവേറ്റുന്നതെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു.

എം.കെ രാഘവൻ എംപിക്ക് വേണ്ടി കെപിസിസി ജനറൽ സെക്രട്ടറി അഡ്വ കെ ജയന്ത് ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു. എംപിയുടെ ആശംസ സന്ദേശം കെ ജയന്ത് വേദിയിൽ വായിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി ആൻഡ് സിഇഒ അദീബ് അഹമ്മദ്, ഐടി സംരംഭകൻ ഷരൂൺ ഷംസുദ്ധീൻ ; ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ആൻഡ് സിഇഒ നിഷാദ് എം.എ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണൻ, ലുലു ഇന്ത്യ ഷോപ്പിങ്ങ് മാൾസ് ഡയറക്ടർ ഷിബു ഫിലിപ്പ്സ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. 800 കോടി രൂപയുടെ നിക്ഷേപപദ്ധതിയാണ് കോഴിക്കോട് യാഥാർത്ഥ്യമായിരിക്കുന്നത്. രണ്ടായിരം പേർക്കാണ് പുതിയ തൊഴിലവസരം ലഭിക്കുന്നത്. മാവൂർ റോഡിന് സമീപം മാങ്കാവിൽ മൂന്നര ലക്ഷം സ്ക്വയർഫീറ്റിലാണ് ലുലു മാൾ ഒരുങ്ങിയിരിക്കുന്നത്.

ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ഗെയിമിങ്ങ് കേന്ദ്രമായ ഫൺടൂറയും ലുലുവിൽ സജ്ജമാണ്. ഒന്നര ലക്ഷം സ്ക്വയർ ഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റ്, ലോകത്തെ വിവിധിയിടങ്ങളിൽ നിന്നുള്ള മികച്ച ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നു. വീട്ടുപകരണങ്ങളുടെയും ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്ടും ആകർഷകമായ ഫാഷൻ ശേഖരവുമായി ലുലു ഫാഷൻസ്റ്റോറും പുതുമയാർന്ന ഷോപ്പിങ്ങ് സമ്മാനിക്കും. ഇതിന് പുറമെ, പതിനായിരം സ്ക്വയർ ഫീറ്റിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള 'ഫൺടൂറ' വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ഗെയിമിങ് സോണാണ്. 500 ൽ അധികം പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനാകുന്ന സൗകര്യത്തിലാണ് ഫുഡ് കോർട്ട് സജ്ജമാക്കിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in