സൗദി അറേബ്യയില്‍ ലുലു റീട്ടെയില്‍ ശൃംഖല വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി മക്കയിലും മദീനയിലും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. മക്കയില്‍ നടന്ന പുതിയ പദ്ധതികളുടെ കരാര്‍ ഒപ്പിടല്‍ ചടങ്ങിനു ശേഷം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണ് ഇക്കാര്യം അറിയിച്ചത്.ജബല്‍ ഒമര്‍ ഡവലപ്‌മെന്‍റ് കമ്പനി സി.ഇ.ഒ ഖാലിദ് അല്‍ അമൗദി, അല്‍ മനാഖ അര്‍ബന്‍ പ്രൊജക്ട് ഡവലപ്‌മെന്‍റ് കമ്പനി സിഇഒ എഞ്ചിനീയർ വലീദ് അഹമ്മദ് അൽ അഹ്മദി, ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് എന്നിവര്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നിര്‍ദിഷ്ട പദ്ധതികളുടെ സംയുക്ത കരാറില്‍ ഒപ്പുവച്ചു.
മക്ക ജബല്‍ ഒമറിലെ സൂഖുല്‍ ഖലീല്‍- 3 യിലാരംഭിക്കുന്ന സംരംഭം ജബല്‍ ഒമര്‍ ഡവലപ്‌മെന്‍റ് കമ്പനിയാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. മസ്ജിദുല്‍ ഹറമില്‍ നിന്ന് നടന്നെത്താവുന്ന അകലത്തിലാണ് ജബല്‍ ഒമര്‍പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഏഴു ഘട്ടങ്ങളിലായി പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്ന ഇവിടെ നക്ഷത്രഹോട്ടലുകളും മികച്ച അപാര്‍ട്ടുമെന്‍റുകളുമുണ്ടാകും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ഥാടകരുടെ സൗകര്യം ലക്ഷ്യമാക്കിയുള്ള വന്‍ പദ്ധതിയാണിത്. മദീനയിലാരംഭിക്കുന്ന രണ്ടാമത്തെ പുതിയ ലുലു സംരംഭത്തിന് അല്‍മനാഖ അര്‍ബന്‍ പ്രൊജക്ട് ഡവലപ്‌മെന്‍റ് കമ്പനിയാണ് നേതൃത്വം വഹിക്കുന്നത്. മദീനാ ലുലു 23,260 ചതുരശ്ര അടി വിസ്തൃതിയിലായിരിക്കും ഉയരുക.റീട്ടെയിൽ വ്യവസായത്തിൽ മുൻനിരയിലുള്ള ലുലുവിൻ്റെ സാന്നിധ്യം ഇരട്ട പ്രൊജക്ടുകളായ മക്ക, മദീന ഷോപ്പിംഗ് പദ്ധതികൾ വന്‍വിജയമായിരിക്കുമെന്ന് ജബല്‍ ഒമര്‍, അല്‍മനാഖ അര്‍ബന്‍ എന്നീ കമ്പനികള്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മക്കയിലും മദീനയിലും പുതുതായി വരുന്ന റീട്ടെയിൽ പദ്ധതികൾ തനിക്ക് അതിയായ ചാരിതാര്‍ഥ്യം പകരുന്നുവെന്ന് അഭിപ്രായപ്പെട്ട എം.എ യൂസഫലി, തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനേയും പൊതുവില്‍ സൗദി ഭരണകൂടത്തേയും തന്‍റെ അളവറ്റ സംതൃപ്തിയും കൃതജ്ഞതയും അറിയിച്ചു. 'മക്കയിലേയും മദീനയിലേയും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന തന്‍റെ ദീര്‍ഘകാലമോഹം പൂവണിഞ്ഞതില്‍ അതിയായി സന്തോഷിക്കുന്നു. സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുകയും അത്യുന്നത നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവങ്ങള്‍ ലോകത്തെമ്പാടു നിന്നും വിശുദ്ധനഗരങ്ങളിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും പകര്‍ന്നുനല്‍കുകയും ചെയ്യുകയെന്നതാണ് ലുലു ലക്ഷ്യമിടുന്നതെന്നും യൂസഫലി പറഞ്ഞു”. സൗദി അറേബ്യയിൽ 100 ഹൈപ്പർ മാർക്കറ്റുകൾ എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. നിക്ഷേപകരംഗത്തെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിലും സാമ്പത്തിക പുരോഗതി യാഥാര്‍ഥ്യമാക്കുന്നതിലും പ്രതിജ്ഞാബദ്ധതയോടെയുള്ള ദീര്‍ഘവീക്ഷണമാണ് ലുലു എക്കാലത്തും പുലര്‍ത്തിപ്പോരുന്നത്”, എം.എ യൂസഫലി വ്യക്തമാക്കി.
മക്ക സൂഖുൽ ഖലീലിലെ പദ്ധതിക്കു പുറമെ മക്ക കോമേഴ്സ്യൽ സെൻ്റർ ലുലു ഹൈപ്പർ മാർക്കറ്റ്, മദീന മസ്ജിദ് ഖുബ്ബ പദ്ധതിയുടെ ഭാഗമായുള്ള ഹൈപ്പർ മാർക്കറ്റും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് അറിയിച്ചു.ലുലു ഗ്രൂപ്പ് ജിദ്ദ റീജ്യനല്‍ ഡയരക്ടര്‍ റഫീഖ് മുഹമ്മദലി, മറ്റ് ലുലു സാരഥികള്‍ തുടങ്ങിയവരും കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു. സൗദിയിലെ വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകളിലായി 1,100 സൗദി വനിതകളുള്‍പ്പെടെ മൊത്തം 3,300 സൗദികളാണിപ്പോള്‍ ജോലി ചെയ്യുന്നത്. പുതിയ ഈ രണ്ട് പദ്ധതികള്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ മലയാളികൾ ഉൾപ്പെടെ ആയിരത്തിലധികം പേർക്ക് തൊഴിൽ നൽകുമെന്നും ലുലു മേധാവികള്‍ പറഞ്ഞു.