ദുബായ് സമ്മർ സർപ്രൈസില്‍ ഇത് 'വാറ്റ് ഫ്രീ വീക്കെന്‍റ്'

ദുബായ് സമ്മർ സർപ്രൈസില്‍ ഇത് 'വാറ്റ് ഫ്രീ വീക്കെന്‍റ്'
Published on

ദുബായ് സമ്മ‍ർ സർപ്രൈസിന്‍റെ ഭാഗമായി എമിറേറ്റിലുടനീളമുളള വാണിജ്യ കേന്ദ്രങ്ങളില്‍ ഈ വാരാന്ത്യത്തില്‍ വാറ്റ് ഒഴിവാക്കിയുളള വില്‍പനമേള പുരോഗമിക്കുന്നു. ഏഴാം തിയതിയാരംഭിച്ച ആനുകൂല്യം 9 വരെ തുടരും. വാങ്ങുന്ന സാധനങ്ങള്‍ക്ക് 5 ശതമാനം വാറ്റ് ഈടാക്കില്ല. നിലവില്‍ വിവിധ വാണിജ്യ കേന്ദ്രങ്ങള്‍ നല്‍കുന്ന ഇളവുകള്‍ക്ക് പുറമേയാണിത്. 100 ലധികം വാണിജ്യ കേന്ദ്രങ്ങളിലെ ആഭരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, കുട്ടികള്‍ക്കുളള വിവിധ സാധനങ്ങള്‍,സൗന്ദര്യവർദ്ധക വസ്തുക്കളും, സ്പോർട്സ് ഇനങ്ങള്‍ എന്നിവയ്ക്കെല്ലാം ആനുകൂല്യം ബാധകമാകും.

ഈദ് അല്‍ അദ വാരാന്ത്യ അവധിദിനങ്ങളിലാണ് 26 മത് ദുബായ് സമ്മർ സർപ്രൈസ് ആരംഭിച്ചത്. ഡിഎസ്എസിന്‍റെ ഭാഗമായി ജൂലൈ 1 ന് കൊക്കോകോള അരീനയില്‍ കലാകാരന്മാരായ ഹുസൈൻ അൽ ജാസ്മിയും കാദിം അൽ സാഹിറുമെത്തിയ സംഗീത നിശയില്‍ നിരവധി പേരാണ് പങ്കുചേർന്നത്. സൗദി ഗായകനായ മുഹമ്മദ് അബ്ദോ ജൂലൈ രണ്ടിനും സംഗീത വിരുന്നൊരുക്കി.

കുട്ടികളുടെ ഇഷ്ട കഥാപാത്രമായ മോദേഷും ഡാനയും ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ വിനോദപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.ആഗസ്റ്റ് 27 വരെ കുട്ടികള്‍ക്ക് ഇവിടെയുളള വിനോദവിജ്ഞാനപരിപാടികളില്‍ പങ്കുചേരാം. വേനലവധിക്കാലവും ഈദ് അവധിയും ഒരുമിച്ചെത്തിയ ജൂണ്‍ അവസാന വാരത്തില്‍ വാണിജ്യകേന്ദ്രങ്ങള്‍ വിപണനമേളയും വിലക്കുറവ് ആനുകൂല്യങ്ങളും നല്‍കിയിരുന്നു.

സെപ്റ്റംബർ 3 വരെ നീണ്ടുനില്‍ക്കുന്ന ഡിഎസ്എസില്‍ വിവിധ ഹോട്ടലുകളും സജീവമായി പങ്കെടുക്കുന്നുണ്ട്. കുടുംബങ്ങളെ ആകർഷിക്കാന്‍ വിലക്കുറവും ഒപ്പം കുട്ടികള്‍ക്ക് സൗജന്യ താമസമുള്‍പ്പടെയുളള ആനുകൂല്യങ്ങളും മുന്നോട്ടുവയ്ക്കുന്നു. അഡ്രസ് സ്കൈ വ്യൂ, അഡ്രസ് ഫൗണ്ടൻ വ്യൂ, വിദാ ക്രീക്ക് ഹാർബർ, വിദ എമിറേറ്റ്‌സ് ഹിൽസ്, പാലസ് ഡൗൺടൗൺ, ഗോൾഡൻ സാൻഡ്‌സ് തുടങ്ങിയവ 25 ശതമാനം കിഴിവാണ് നല്‍കുന്നത്. പുൾമാൻ, സ്വിസ്സോട്ടെൽ, അപാർതോട്ടൽ, മെർക്യുർ, മോവൻപിക്ക്, ഐബിസ്, നോവോടെൽ എന്നിവിടങ്ങളിലെ അകോർ ലോയൽറ്റി അംഗങ്ങൾക്ക് ഓഗസ്റ്റ് 31-ന് മുമ്പ് നടത്തുന്ന ബുക്കിംഗുകൾക്ക് 10 ശതമാനം കിഴിവ് നല്‍കുന്നുണ്ട്. കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ യുഎഇ സന്ദർശിക്കുന്നുണ്ടെങ്കില്‍ ലെഗോലാന്‍റ് സൗജ്യന്യമായി തീം പാർക്ക് അല്ലെങ്കില്‍ വാട്ടർ പാർക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്നു. ദമ്പതികള്‍ക്കും കുടുംബങ്ങള്‍ക്കുമെല്ലാം വ്യത്യസ്തമായ വിലക്കിഴിവുകള്‍ നിരവധി ഹോട്ടലുകള്‍ നല്‍കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in