വിമീഷ് മണിയൂർ അഭിമുഖം: മൗലികതയെക്കുറിച്ചാണെങ്കിൽ കവിതയും ഭാഷയും മനുഷ്യനും എല്ലാം കലർപ്പാണ്
തനിക്കുചുറ്റുമുള്ള ലോകത്തെ ’ബഷീറിയൻ പ്രപഞ്ചബോധ’ത്തോടെ ഉത്തരാധുനിക മലയാളകവിതയുടെ ക്യാൻവാസിലേക്ക് പകർത്തുകയാണ് യുവകവിയും സാഹിത്യ അക്കാദമി കനകശ്രീ അവാർഡ് ജേതാവുമായ വിമീഷ് മണിയൂർ. പരിചിതമായ ചുറ്റുപാടുകളിൽ നിന്നും എഴുത്തുസാമഗ്രികൾ കണ്ടെത്തുകയും അവയെ കാവ്യാനുഭവത്തിന്റെ പുത്തൻ അടരുകളിലേയ്ക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്ന വിമീഷ് മണിയൂരിന്റെ 'റേഷൻ കാർഡ്', ‘എന്റെ നാമത്തിൽ ദൈവം’, 'ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി', 'ആനയുടെ വളർത്തുമൃഗമാണ് പാപ്പാൻ' തുടങ്ങിയ കവിതാസമാഹാരങ്ങൾ സമകാലിക സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളെ വിമർശനാത്മകമായി നോക്കിക്കാണുന്നു. തന്റെ എഴുത്തുവഴികൾ വായനക്കാർക്ക് മുൻപിൽ തുറന്നുവെക്കുകയാണ് ശ്രീ. വിമീഷ് മണിയൂർ.
സാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്കാരം താങ്കൾക്ക് ലഭിച്ചല്ലോ; ഈ അവസരത്തിൽ എഴുത്തിലേക്ക് വന്ന സാഹചര്യത്തെക്കുറിച്ച് പറയാമോ?
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് എഴുത്ത് വരുന്നത്. അന്ന് നല്ലൊരു മലയാള അദ്ധ്യാപകന്റെ ക്ലാസിൽ നിന്നാണ് കവിതയോടുള്ള ഇഷ്ടം തുടങ്ങുന്നതും. ഒപ്പം ചെറുപ്പത്തിലേ പറിച്ചുനടപ്പെട്ടതിന്റെ വേദനയും. കോഴിക്കോട് ഗോവിന്ദപുരം എന്ന സ്ഥലത്തായിരുന്നു എൻറെ വീട്; ഓർമ്മയൊക്കെ തുടങ്ങുന്നത് അവിടെയാണ്. ഒരു സുപ്രഭാതത്തിൽ അവിടെനിന്ന് അമ്മവീടായ മണിയൂരിലേക്ക് പോകുന്നു. ഒരു വെക്കേഷന് വീട്ടിൽനിന്നു പോയ ഞാൻ പിന്നീട് ഗോവിന്ദപുരത്തേക്ക് തിരിച്ചുവന്നില്ല. ഓർമ്മകളും സുഹൃത്തുക്കളുമെല്ലാം അവിടെ കിടക്കുകയാണ്. ആ പറിച്ചുനടലിൽ നിന്നാണ് ഒരുപക്ഷേ ഒരു കൂട്ടത്തിൽ കൂടായ്മ ഉണ്ടായതും കവിതയെഴുത്തിലേക്ക് വന്നതും.
വളരെ ചെറുപ്പത്തിൽതന്നെ പൂന്താനം കവിതാസമ്മാനം നേടിയ എഴുത്തുകാരനാണ് താങ്കൾ. സാഹിത്യത്തെ ഗൗരവമായി കാണുന്നതും എഴുത്താണ് കർമ്മമണ്ഡലമെന്നു മനസ്സിലാവുന്നതും എപ്പോഴാണ്?
എസ്. എസ്. എൽ. സി. വരെ എഴുത്ത് ഒരു ഹോംവർക്ക്പോലെ നിരന്തരം ചെയ്തുകൊണ്ടിരുന്നു. പക്ഷേ, പഠിക്കുന്ന സമയമായതുകൊണ്ട് എഴുത്ത് വീട്ടിൽ കാണിക്കാൻ പറ്റില്ല. കുറച്ചൊക്കെ വായിക്കുന്ന ഏട്ടൻ ഉണ്ടായിരുന്നതായിരുന്നു ഏക ആശ്രയം. എഴുതുന്നത് ഏട്ടനെ കാണിക്കും, അദ്ദേഹത്തിന്റെ വായനയുടെ വെളിച്ചത്തിൽ അതിനെക്കുറിച്ചു പറഞ്ഞുതരും. ആ സമയത്തൊക്കെ എഴുതിയ കവിതകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. പത്താംക്ലാസ്സ് കഴിഞ്ഞ സമയത്താണ് പൂന്താനം കവിതാസമ്മാനം ലഭിക്കുന്നത്. ആ സമയത്തെ ഒരു സാഹിത്യക്യാമ്പോടുകൂടി എന്റെ പുറത്തിറങ്ങലിന്റെ കാലം തുടങ്ങി.
എഴുത്തിലൂടെ ആൾക്കാരുമായി നിരന്തരം ബന്ധപ്പെടുന്നു, കുറേ യാത്രചെയ്യുന്നു, ഒരുപാട് എഴുത്തുകാരെ പരിചയപ്പെടുന്നു, അതിനിടയിൽ ഒരു വർഷം അലഞ്ഞുതിരിഞ്ഞുനടക്കുന്നു. അന്ന് പ്ലസ്ടൂവിൽ കുരീപ്പുഴയുടെ കവിത ടീച്ചർ പഠിപ്പിക്കുമ്പോഴേക്കും അദ്ദേഹവുമായി നിരന്തരമായി എഴുത്തുസൗഹൃദം സ്ഥാപിച്ചിരുന്നു. അതുകൊണ്ടുതന്നെ ഞാൻ സാഹിത്യം പഠിച്ചത് ക്ലാസ്സ്മുറിക്ക് പുറത്താണ്; സാഹിത്യക്യാമ്പുകൾ, കവിതചൊല്ലൽ, യാത്രകൾ എന്നിവയിലൂടെയാണ്. ആറുമണിക്ക് ശേഷം പുറത്തിറങ്ങാൻ പേടിയുണ്ടായിരുന്ന കുട്ടിയെ ഏതു നട്ടപ്പാതിരക്കും പുറത്തിറങ്ങിനടക്കാൻ പ്രാപ്തനാക്കിയത് ഈയൊരു മാധ്യമമായിരുന്നു.
വായനാലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വിശദമാക്കാമോ?
ഞാൻ ഒരു സ്ലോ റീഡർ ആണ്. വായിച്ചുതുടങ്ങിക്കഴിഞ്ഞാൽ ഒറ്റയിരിപ്പിന് കുറേ വായിക്കും. പിന്നെ കുറേകാലം ആലോചനയുടെയും പൊരുന്നിയിരിപ്പിന്റെയും കാലമാണ്. ആദ്യമൊക്കെ ചെറിയ കഥകൾ വായിച്ചാണ് തുടങ്ങിയത്. പിന്നീട് കവിതകൾ വായിക്കാൻ തുടങ്ങി. അന്നെന്നെ ഏറ്റവുമധികം സ്വാധീനിച്ചത് ‘കണ്ടംബററി’ കവിതകളാണ്. അന്നത്തെ മാഗസിനുകളിൽ വരാറുള്ള കവിതകൾ വായിച്ചതാണ് എഴുത്തുജീവിതത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടം എന്ന് പറയാം. ആധുനികതയുടെ കാലത്തെ എഴുത്തിലാണ് ഞാൻ വായിച്ചുതുടങ്ങിയത്. വായിച്ച പലരും എന്നെ സ്വാധീനിച്ചിട്ടുണ്ട് . സ്വാധീനം ഉറുമ്പുകളെപ്പോലെയാണെന്ന് ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട്. രാവിലെ ഒരു ഉറുമ്പിന് പിന്നാലെ നടന്നു. ആ ഉറുമ്പ് പോകുന്നതിനിടയിൽ ഒരുപാട് പേരെ കെട്ടിപ്പിടിച്ച് വൈകുന്നേരം വരെ നടന്നു. ഞാൻ തുടക്കത്തിൽ കണ്ടുകൊണ്ടിരുന്ന ഉറുമ്പ് തന്നെയാണ് അത് എന്നാണ് ഞാൻ വിചാരിച്ചത്; പക്ഷേ ഉറുമ്പ് മാറിപ്പോയിരുന്നു. ഇതുപോലെയാണ് സ്വാധീനം; പോകുന്നത്, കാണുന്നത്, കേൾക്കുന്നത് എല്ലാം എന്റെ സ്വാധീനമാണ്. ഇതുമായി ബന്ധപ്പെട്ട് എഴുതിയ വരികളാണ് ; “മണമായിട്ടറിയേണ്ടയാതൊന്നും / സ്പർശമല്ലാതുള്ളത് മതിയെനിക്ക് / വന്നുനിൽക്കരുതെന്റെവഴിയിൽ ദയവായിട്ട് / നിങ്ങളെങ്ങാൻ എന്നെയങ് സ്വാധീനിച്ചാൽ .” ഒരുപക്ഷേ, വായനയിലും കൂടുതൽ ഇൻസ്പിരേഷൻ കിട്ടിയത് ഞാൻ കണ്ട ആൾക്കാരിൽ നിന്നാണ്. എനിക്ക് മുന്നിൽ കാണുന്ന ജീവിതവും അവസ്ഥകളുമാണ് എന്റെ പുസ്തകം. എന്നെ ആകർഷിച്ച ഒരുപാട് പുസ്തകങ്ങൾ ഉണ്ടെങ്കിലും എന്റെ കവിതകളും എഴുത്തും വന്നിട്ടുള്ളത് ആൾക്കാരുടെ വർത്തമാനങ്ങളിൽ നിന്നാണ്. ഞാൻ പൊതുവെ ആൾക്കൂട്ടത്തിൽ നിൽക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരാളാണ്. സാധാരണ ഗതിയിൽ പറഞ്ഞാൽ ഒരു കല്യാണത്തിന് പോകില്ല. ഞാൻ എവിടെ നിന്നാണ് എന്ന് ചോദിച്ചാൽ എനിക്ക് ചിലപ്പോൾ എന്റെ സഹോദരന്റെ പേര് പറയേണ്ടിവരും. അതുകൊണ്ടുതന്നെ ഞാൻ പുറത്തിറങ്ങി ഒരാളോട് സംസാരിച്ചാൽ അയാൾ പറയുന്നതെല്ലാം എനിക്ക് കവിതയാണ്. അതൊരു ഹാബിച്വലൈസേഷൻ അല്ലാത്തതുകൊണ്ടാണ്. കാരണം, നമ്മൾ എന്നും കേൾക്കുമ്പോൾ നമുക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പക്ഷേ, വല്ലപ്പോഴും ഒരാളെ കേട്ടുനോക്കൂ, അയാൾ പറയുന്നതെല്ലാം നമുക്ക് മറ്റൊരു രീതിയിൽ അനുഭവപ്പെടാൻ സാധിക്കും. അതുകൊണ്ടുതന്നെ എന്റെ എഴുത്ത് വായന പ്ലസ് കേൾവി ആണ്. ആൾക്കാർ പറയുന്നത് കണ്ണടയ്ക്കാതെ കേൾക്കാനുള്ള ഒരു ഊർജ്ജം എന്റെയുള്ളിലുണ്ട്. മൗലികതയെക്കുറിച്ചാണെങ്കിൽ കവിതയും ഭാഷയും മനുഷ്യനും എല്ലാം കലർപ്പാണ്. അത് എത്രത്തോളം എന്ന് അന്വേഷിക്കുന്നത് നല്ലതായിരിക്കും.
എന്റെ ഭാഷ മലയാളമല്ല, മലയാളത്തിനുള്ളിലുള്ള ഒരു ഭാഷയാണ്. അത് ഒരു വ്യവഹാരമാണ്. കവിത എന്ന് പറയുന്നത് ഒരു ക്വാളിറ്റിയാണ്; ഭാഷ മുന്നോട്ടു വെക്കുന്ന ഒരു സൗന്ദര്യബോധം എന്ന് പറയാം. അത് വെറും ഭാഷയല്ല, ഭാഷയിലൂടെ പ്രകാശിപ്പിക്കുന്ന ഒരു കാര്യമാണ്. ഞാനും ആ ഭാഷ ഉപയോഗിക്കുന്നു. എന്നിട്ടും എന്നെ ജീവിക്കാൻ സഹായിച്ച ഒരു ഭാഷ എനിക്ക് ഉപയോഗിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്താ കാര്യം? ഞാൻ സ്കൂളിൽ പഠിച്ച ഭാഷ വെച്ചിട്ട് കവിത പറയുമ്പോൾ അത് വിവർത്തനം ചെയ്യുന്ന പോലെ ഇരിക്കും.
‘റേഷൻ കാർഡ്’ പുസ്തകരൂപത്തിൽ ആവുന്നത് എപ്പോഴാണ്?
ഇന്ന് ഫെയിസ്ബുക്കും മറ്റും ചെയ്യുന്നത് ലിറ്റിൽ മാഗസിനുകൾ ചെയ്തിരുന്ന ഒരു കാലത്തായിരുന്നു എന്റെ എഴുത്തിന്റെ വളർച്ച. അതിന്റെ ഒരു കുത്തൊഴുക്കുകാലത്ത് നിരന്തരമായി എഴുതിയാണ് ഞാൻ സ്വന്തം ഇടവഴികൾ കണ്ടുപിടിച്ചത്. അന്നത്തെ ലിറ്റിൽ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചുവന്നതിൽനിന്നും തെരഞ്ഞെടുത്ത കവിതകളാണ് ‘റേഷൻ കാർഡ്’ എന്ന സമാഹാരാമായി പിന്നീട് പ്രസിദ്ധീകരിച്ചത്. സ്വന്തം പുസ്തകം പൈസ കൊടുത്ത് അച്ചടിക്കരുതെന്ന് ആഗ്രഹമുള്ള ഒരാളാണ് ഞാൻ. പൈസ ഉള്ള ആർക്കും പുസ്തകം പ്രസിദ്ധീകരിക്കാവുന്ന ഒരു കാലമാണ്; അതുകൊണ്ടുതന്നെ എന്റെ കവിതകൾ മറ്റൊരാൾക്ക് ആവശ്യമുള്ള കാലത്ത് പ്രസിദ്ധീകരിച്ചിട്ടേ കാര്യമുള്ളൂ. അതിനൊരു അവസരം ഒത്തുവരികയും ചെയ്തു. വടകര വച്ച് ഒരു സാഹിത്യ മത്സരം ഉണ്ടായിരുന്നു. അതിൽ തിരഞ്ഞെടുക്കപ്പെടുന്നവരുടെ സമാഹാരം സൗജന്യമായി അച്ചടിച്ച് കൊടുക്കുമെന്ന് കേട്ട് ഞാൻ അയച്ചു കൊടുത്തു. അത് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അങ്ങനെയാണ് ‘റേഷൻ കാർഡി’ന്റെ ആദ്യ പതിപ്പ് വരുന്നത്. അങ്ങനെ സ്വന്തം പൈസമുടക്കാതെതന്നെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. സാഹിത്യ കൂട്ടായ്മകളിൽ എന്റെ പേര് വന്നുകൊണ്ടിരിക്കുന്ന സമയത്താണ് മദ്രാസ് കേരള സമാജം അവാർഡ് കിട്ടുന്നത്. അങ്ങോട്ട് പോകാനുള്ള ടിക്കറ്റൊക്കെ എടുത്തുതരുന്നത് ജയപ്രകാശ് കൂളൂർ എന്ന നാടകകൃത്താണ്. അന്ന് രണ്ടായിരത്തിഅഞ്ഞൂറു രൂപയോ മറ്റോ ആണ് സമ്മാനത്തുക. പക്ഷെ, എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് അന്ന് തിരിച്ചുപോന്നപ്പോൾ അവിടുത്തെ മലയാളികൾ സ്നേഹത്തോടെ പൈസ ചുരുട്ടി തന്നതാണ്.
എന്നോടുള്ള സ്നേഹത്തേക്കാളേറെ എഴുത്തിനോടുള്ള സ്നേഹമാണ് അവിടെ കണ്ടത്. അവാർഡ് കിട്ടിയതിലും വലിയ തുക എനിക്ക് അവിടെനിന്ന് കിട്ടി. ഞാൻ ആവശ്യപ്പെട്ടിട്ടല്ല. അവർ തന്ന പൈസ നോക്കിയപ്പോൾ അടുത്ത പതിപ്പിനുള്ള സംഖ്യയായി. അങ്ങനെ കവിത എനിക്ക് തന്ന പൈസകൊണ്ട് ‘റേഷൻ കാർഡി’ന്റെ രണ്ടാം പതിപ്പും പ്രസിദ്ധീകരിച്ചു.
‘ഒരു കുന്നും മൂന്നു കുട്ടികളും’ എന്ന നോവലിലൂടെ ബാലസാഹിത്യത്തിലും താങ്കൾ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കവിതയെഴുത്തിൽനിന്ന് കഥാസാഹിത്യത്തിലേക്കുള്ള കടന്നുവരവിനെ സ്വാധീനിച്ചതെന്താണ്?
സത്യം പറഞ്ഞാൽ എന്റെ മനസ്സിൽ കഥകളുണ്ട്, അത് പലപ്പോഴും കവിതകളായി മാറുന്നു എന്നേയുള്ളൂ. എന്റെ ആദ്യ കവിതാസമാഹാരമായ ‘റേഷൻ കാർഡി’ലുള്ള കവിതകളെല്ലാം കുട്ടികൾ ഉൾപ്പെടുന്ന ഒരു ചെറിയ ലോകമാണ് കാണിച്ചത്. അതുവെച്ച് എനിക്ക് എഴുതാൻ പറ്റും എന്നു പറഞ്ഞത് ഒരു പ്രസാധകരാണ്. അതായിരുന്നു ആ പുസ്തകത്തിന് പുറകിലുള്ള പ്രചോദനം. അന്ന് പി. ജി. ക്ക് പഠിക്കാൻ പണം ആവശ്യമുണ്ടായിരുന്നു. അപ്പോഴാണ് പ്രസാധകൻ പറയുന്നത് കുട്ടികളുടെ നോവൽ തന്നാൽ അതിലൂടെ പണം കണ്ടെത്താൻ സാധിക്കുമെന്ന്. അങ്ങനെ എഴുതിയതാണ് ‘ഒരു കുന്നും മൂന്നു കുട്ടികളും’. കവിതയല്ലാതെ ഒന്നും തന്നെ എഴുതില്ല എന്ന് വിചാരിച്ചതാണ്. പക്ഷേ, ഇതുവരെ പറയാത്ത ഒത്തിരി കാര്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. എനിക്ക് ‘റേഷൻ കാർഡി’ൽ പറയാൻ പറ്റാതെ പോയ കഥകളാണ് ‘ഒരു കുന്നും മൂന്നു കുട്ടികളും’. അതുകൊണ്ടുതന്നെ ‘റേഷൻ കാർഡി’ലെ ഭാഷ കുട്ടികഥകളിലും കാണാൻ പറ്റും. അതിൽ പറയുന്ന രണ്ടു കുട്ടികളും എന്റെ വീടിന്റെ അടുത്തു ജീവിച്ചിരിക്കുന്നവരാണ്. അത്തരത്തിൽ അനാഥത്വം നേരിട്ട കുട്ടികൾ എനിക്ക് ചുറ്റുമുണ്ടായിരുന്നു. അതിന്റെ തുടർച്ചയാണ് എന്റെ ‘ബൂതം’ എന്ന ചന്ദ്രികയിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുതിയ നോവൽ. ഇത്തരത്തിലുള്ള കുട്ടികളുടെ ലോകത്തിന്റെ ഒരു എക്സ്റ്റൻഷൻ തന്നെയാണ് ഞാൻ എഴുതിയ ‘പത്തു തലയുള്ള പെൺകുട്ടി’ എന്ന ആയിരത്തി അൻപത്തഞ്ച് അധ്യായങ്ങളുള്ള കുട്ടികളുടെ ഫാൻറസി നോവൽ. ലക്ഷദ്വീപിൽ നിന്ന് 365 ദിവസം തുടർച്ചയായി എഴുതിയ നോവലാണത്. ഒരു പെൺകുട്ടി നടത്തുന്ന അതിശയകരമായ യാത്രയാണ് പ്രമേയം. ഒറ്റ പുസ്തകമാണെങ്കിലും കുട്ടികൾക്ക് വായിക്കാൻ സൗകര്യത്തിന് പത്തു കഥയാക്കി മാറ്റിയിരിക്കുന്നു. ഒരുപക്ഷേ, മലയാളത്തിലെ തന്നെ ഏറ്റവും വലിയ നോവലായിരിക്കും ‘പത്തു തലയുള്ള പെൺകുട്ടി’.
അസാധാരണമായ ആഖ്യാനരീതിയാണ് ‘സാധാരണം’ എന്ന നോവലിനെ വ്യത്യസ്തമാക്കുന്നത്. നോവലിന്റെ ക്രാഫ്റ്റിനെക്കുറിച്ചു പറയാമോ?
‘സാധാരണം’ എന്ന നോവലിന്റെ പ്രമേയം കവിതയായിട്ടാണ് ആദ്യം എഴുതുന്നത്. ‘ആനയുടെ വളർത്തുമൃഗമാണ് പാപ്പാൻ’ എന്ന പുസ്തകത്തിൽ ‘ഉപകാരം’ എന്ന പേരിൽ അത് ചേർത്തിരുന്നു. കവിത ഇങ്ങനെയാണ്; “അയാൾക്ക് ഭ്രാന്ത് വരുന്നത് / ഞങ്ങൾക്ക് വലിയ ഉപകാരമാണ് / കാരണമൊന്നും കൂടാതെ കടം തരും/ അരിയും മറ്റ് സാധനങ്ങളുമായി / എപ്പോഴും കയറിവരും / ഏതു സങ്കടവും ഉള്ളലിഞ്ഞു കേൾക്കും / എപ്പോഴും കൂടെയുണ്ടാകും എന്ന് പറഞ്ഞ് / ആശ്വസിപ്പിക്കുകയും ചെയ്യും / അയാൾക്ക് ഭ്രാന്ത് വരാറുള്ളത്/ ഞങ്ങൾ നാട്ടുകാർക്ക് / വലിയ ഉപകാരമാണ്. ആ കവിത എഴുതിയിട്ട് എനിക്ക് മതിയായില്ല. കാരണം, അതിലുള്ള ഭീകരത ഫാസിസത്തെക്കാൾ ഭീകരമാണ്. ഒന്ന് ആലോചിച്ചുനോക്കൂ, ഒരു മനുഷ്യൻ നല്ല ബുദ്ധി വിചാരിച്ച് മറ്റൊരാളെ സഹായിച്ചാൽ അയാൾക്ക് എന്തോ പ്രശ്നമുണ്ട് മറ്റേ ആളെ സഹായിക്കാൻ എന്ന് മൂന്നാമതൊരാൾ വിചാരിക്കുന്നു. അങ്ങനെ മൂന്നാമതൊരാൾ പറയുന്ന ഒരു കാര്യമാണ് ഈ നോവൽ. അതിൽ മൂന്നാമത്തെ ആൾ മാത്രമേ സംസാരിക്കുന്നുള്ളൂ. മൂന്നാമതൊരാൾ സംസാരിക്കുകയാണെങ്കിൽ ലോകത്തിന്റെ കാര്യം വളരെ മോശമാണ്. ജീവിക്കാൻ കൊള്ളാത്ത സ്ഥലമാണ്. കാരണം, അവർക്ക് എന്തും പറയാം; പറയുന്നതിനെക്കുറിച്ച് അവർക്ക് ഒരു ധാരണയുമില്ല. ആ സംഭവം ഒരു നാട്ടുംപ്രദേശത്താണ് നടക്കുന്നത്, പിന്നീട് കലാപം പോലെ ആളി പടരുന്നു.
പി. ജി. യുടെ ഡിസർട്ടേഷനും ഈ നോവലും ഒരുമിച്ചാണ് എഴുതുന്നത്. ഈ നോവൽ ക്രാഫ്റ്റിനുമേൽ നിൽക്കുന്ന ഒരു നോവലാണ്. അതിലെ അദ്ധ്യായങ്ങളുടെ തുടർച്ച വലിയൊരു പ്രശ്നമായതുകൊണ്ടുതന്നെ ഇരുന്ന് എഴുതിയിട്ടുള്ള നോവലാണിത്. ഇതിലെ പല കഥാപാത്രങ്ങളും മറ്റും പേരുകൾ മാറ്റി കഴിഞ്ഞാൽ എന്റെ വീടിനു ചുറ്റുമുള്ളവരാണ്. പലതിലും അവരുടെ വ്യക്തിപരമായ കഥകളുണ്ട്.
അവിശ്വാസം രോഗസമാനമായി പടർന്നുപിടിച്ച് നാശോന്മുഖമാകുന്ന ഗ്രാമപ്രദേശത്തിന്റെ ദുരന്തമാണല്ലോ ‘സാധാരണ’ത്തിന്റെ ഇതിവൃത്തം; ഈ നോവലിന്റെ ഡിസ്ടോപ്യൻ മാനങ്ങൾ എന്തെല്ലാമാണ്?
ഡിസ്ടോപ്യൻ എന്ന രീതിയിൽ വായിക്കാവുന്ന ഒരു നോവലാണ് ‘സാധാരണം’. ഒരു ഭീകരത കണ്ടിട്ടാണ് ഞാൻ ആ നോവൽ എഴുതുന്നത്. സമൂഹം നിലനിൽക്കുന്നത് ആരൊക്കെയോ എവിടെയൊക്കെയോ ചെയ്യുന്ന സഹായം കൊണ്ടും കൈകൊടുക്കൽ കൊണ്ടും ആണ്. പരസ്പരസഹായം ഇല്ലെങ്കിൽ സമൂഹം മുഴുവനും ഇല്ലാതാകും. നമ്മുടെ എല്ലാ സിസ്റ്റവും തകരും, കുടുംബബന്ധങ്ങൾപോലും തകരുകയും ആളുകൾ വിട്ടുപോവുകയും വലിയ തോതിലുള്ള പലായനം ഉണ്ടാവുകയും ചെയ്യും. ചിലപ്പോൾ രാജ്യങ്ങൾ പോലും ഇല്ലാതായിപ്പോകും. നോവലിൽ ആ ചെറിയ ഗ്രാമത്തിൽ ആർട്സ് ക്ലബ്, അമ്പല കമ്മിറ്റി, കടകൾ എന്നിവ ഇല്ലാതാകുകയും മനുഷ്യൻ ചെറുതായ സഹായങ്ങൾ കിട്ടാതെ മരിക്കുകയും ചെയ്യുന്നു. സഹായങ്ങൾ കൊടുക്കാതെ കൂടുതൽ കൂടുതൽ മൃഗമായി മാറുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുന്നു.
കവിതകളിലും പ്രത്യേകിച്ചു നോവലിലും ‘നാട്ടകത്തിന്റെ ഭാഷ’ തെളിഞ്ഞുകാണാം. കോഴിക്കോടൻ ഗ്രാമ്യഭാഷക്ക് എഴുത്തിലുള്ള പങ്കെന്താണ്?
ഞാൻ ജീവിക്കുന്ന ഭാഷയാണത്. ഞാൻ ആ ഭാഷയിലേക്ക് എത്തിപ്പെട്ടതാണെന്ന് പറയാം. കോഴിക്കോട്ടുനിന്ന് മണിയൂരിലേക്ക് ചെറിയ ദൂരമേയുള്ളൂ, എങ്കിലും അവിടെ എത്തുന്ന സമയത്ത് ഞാൻ ഏറ്റവും കൂടുതൽ കാളിയാക്കപ്പെട്ടത് എന്റെ ഭാഷയുടെ പേരിലാണ്. എന്റേത് കോഴിക്കോടിന്റെ ഗോവിന്ദപുരം തുടങ്ങിയ ടൗൺ പ്രദേശത്തെ ഭാഷയായിരുന്നു. പറയുമ്പോൾ കോഴിക്കോടിന്റെ ഭാഗമാണ് മണിയൂരും വടകരയുമൊക്കെ, എന്നിട്ടും എന്നെ കോഴിക്കോടുകാരൻ എന്നായിരുന്നു വിളിച്ചിരുന്നത്. പക്ഷേ, കുറേകാലം അവിടെ ജീവിച്ചപ്പോൾ അവിടുത്തെ ഭാഷയായി. എന്റെ ആദ്യ കവിതാസമാഹാരമായ ‘റേഷൻ കാർഡ്’ വായിച്ചാൽ ഇക്കാര്യം മനസിലാകും. ഒരുപക്ഷേ, ‘ഒരിടത്തു ഒരു പ്ലാവിൽ ഒരു മാങ്ങയുണ്ടായി’ എന്ന സമാഹാരത്തിൽ ആ ഭാഷ അത്രയ്ക്ക് വന്നിട്ടില്ല. നോവലിൽ ഇത് വന്നിട്ടുണ്ട്, കാരണം ആ നോവൽ നടക്കുന്നത് എന്റെ വീടിന്റെ മുറ്റത്താണ്. എന്റെ വീടൊഴിച് ചുറ്റുമുള്ള അഞ്ചാറു വീടുകൾ അതിൽ വരുന്നുണ്ട്. അതുകൊണ്ട് തന്നെ അവിടുത്തെ ഭാഷയാണ് ഉപയോഗിക്കുന്നത്.
മലയാള ഭാഷയിലെ പ്രാദേശിക വ്യതിയാനങ്ങൾ എഴുത്തിൽ പ്രതിഫലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയാമോ?
ഞാൻ സംസാരിക്കുന്ന ഭാഷയിൽ കവിതയുണ്ട്. അതുമായി ബന്ധപ്പെട്ട് രണ്ടുകാര്യങ്ങൾ പറയാം. ഒന്നാമതായി, ആൾക്കാർ സംസാരിക്കുന്ന ഭാഷയിൽനിന്ന് കവിത എടുക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. രണ്ടാമതായി, ആൾക്കാർ ഇതുവരെ ആഘോഷിക്കാതെ എൻട്രൻസ് കിട്ടാതിരുന്ന ഒരു ഭാഷ ഉപയോഗിക്കുക എന്നതാണ്. എന്റെ ഭാഷ മലയാളമല്ല, മലയാളത്തിനുള്ളിലുള്ള ഒരു ഭാഷയാണ്. അത് ഒരു വ്യവഹാരമാണ്. കവിത എന്ന് പറയുന്നത് ഒരു ക്വാളിറ്റിയാണ്; ഭാഷ മുന്നോട്ടു വെക്കുന്ന ഒരു സൗന്ദര്യബോധം എന്ന് പറയാം. അത് വെറും ഭാഷയല്ല, ഭാഷയിലൂടെ പ്രകാശിപ്പിക്കുന്ന ഒരു കാര്യമാണ്. ഞാനും ആ ഭാഷ ഉപയോഗിക്കുന്നു. എന്നിട്ടും എന്നെ ജീവിക്കാൻ സഹായിച്ച ഒരു ഭാഷ എനിക്ക് ഉപയോഗിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്താ കാര്യം? ഞാൻ സ്കൂളിൽ പഠിച്ച ഭാഷ വെച്ചിട്ട് കവിത പറയുമ്പോൾ അത് വിവർത്തനം ചെയ്യുന്ന പോലെ ഇരിക്കും.
പാരഡോക്സുകളുടെ ലോകം കവിതകളുടെ തലക്കെട്ടുമുതൽ പ്രകടമാണ്; കവിത ചമയ്ക്കുന്നതിൽ ഇത്തരം വിരോധാഭാസങ്ങൾ എത്രത്തോളം പ്രസക്തമാണ്?
എഴുത്തിന്റെ ഒരു ഘടകം പാരഡോക്സിൽ ഉണ്ട്. നേരെയുള്ള കാര്യം പറയേണ്ട, അത് കണ്ടാൽ മതി. പാരഡോക്സാണ് അപ്പൊൾ എഴുത്തുകാരൻ കണ്ടെത്തേണ്ടത്. നിലനിൽക്കുന്നതിൽ എവിടെയോ ട്വിസ്റ്റോ ടെർണോ കാണുന്നതാണ് നമ്മൾ പറയേണ്ടത്. ഉള്ളത് അത്പോലെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. ഇതൊരു അടിസ്ഥാനപരമായ ഘടകമായി തോന്നിയിട്ടുണ്ട്. എഴുതുമ്പോൾ എനിക്ക് ആദ്യം വരുന്നത് ‘ഒരിടത്ത് ഒരു പ്ലാവിൽ ഒരു മാങ്ങ ഉണ്ടായിരുന്നു’ തുടങ്ങിയ വരികളാണ്, ബാക്കി കഥ ഞാൻ ഉണ്ടാക്കുകയാണ് ചെയ്യാറ്. ‘ആനയുടെ വളർത്തുമൃഗമാണ് പാപ്പാൻ’എന്ന വരിയാണ് ആദ്യം വരുന്നത്, അതിൽ ഏറ്റവും കവിത പറയുന്ന വരിയും അതുതന്നെയാണ്. ബാക്കിയൊക്കെ അതിനു സപ്പോർട്ട് ചെയ്യുന്ന സാധനങ്ങൾ മാത്രം. ഒരുകാലത്ത് മുഴുവൻ വരികളും കവിത ആവണമായിരുന്നു. ഇപ്പോൾ വന്ന് വന്ന് കുറേ കാര്യങ്ങൾ പറഞ്ഞ് അവസാനം ഒന്നു മറിച്ചിട്ടുകഴിഞ്ഞാൽ കവിതയാകുന്ന കാലമാണ്. കുറെ കാലം കഴിയുമ്പോൾ അതും മാറും. അതാണ് പുതിയ രീതി.
വളരെ സ്വാഭാവികമായ കുറേ കാര്യങ്ങൾ പറയുന്നു അതിൽ ഏതോ വരി തലകുത്തി വെക്കുന്നു, അങ്ങനെ പറഞ്ഞ കാര്യങ്ങളെല്ലാം മാറിപ്പോകുന്നു. അതൊരു ടെക്നിക് ആയി വന്നു. അതിനെ കളിയാക്കുന്ന കവിതയാണ് ‘പൂഴിയരിക്കൽ’. അതുപോലെ, തലക്കെട്ടുകൾ എനിക്ക് വളരെ പ്രധാനമാണ്. ‘റേഷൻ കാർഡി’ന് എൻറെ മനസ്സിൽ ഉണ്ടായിരുന്നു പേര് ‘വെയിൽസ്റ്റേഷൻ’ എന്നായിരുന്നു. വെയിൽ വന്നു തങ്ങി നിൽക്കുന്ന സ്ഥലം ആയിരുന്നു എൻറെ മനസ്സിൽ. അത്തരത്തിലുള്ള പുതിയ വാക്കുകൾക്കും രൂപം നൽകാൻ പരഡോക്സ് സഹായിക്കുന്നു.
കവിതയെഴുത്തിനെക്കുറിച്ചുള്ള കവിതകൾ - മെറ്റാപോയെട്രി - എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ?
എല്ലാത്തിലും കവിതയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം. പക്ഷേ, ഏതോ ഒരു സ്ഥലത്ത് നിന്നും നോക്കിയാൽ മാത്രമേ കവിതയായിട്ട് അതിനെ കാണാനാകൂ. ബാക്കിയൊന്നും അത്ര തന്നെ നമ്മളെ ആകർഷിക്കുകയും ഇല്ല. എല്ലാ പ്രോസസ്സിലും കവിതയുണ്ട്, ആ പ്രോസസ്സിനെ കവിതയാക്കുന്ന കവിതകളാണത്. ‘വായിക്കുന്നു’ എന്ന കവിത അതിന് ഉദാഹരണമാണ്. ചില നേരങ്ങളിൽ മറ്റുള്ളവർ നമ്മെ മനുഷ്യനല്ലാതെ വായിക്കും. നമ്മളെ ഒരു പോസ്റ്റായിട്ടു ആരോ കണ്ടിട്ടുണ്ട്, ബൊമ്മയാണെന്ന് ആളുകൾ വിചാരിച്ചിട്ടുണ്ട്. അങ്ങനെയുള്ള ആ നിമിഷങ്ങൾ വായിച്ചുനോക്കു. നമ്മൾ അവിടെനിന്നും പോന്നിട്ടുണ്ടെങ്കിലും അവരെ സംബന്ധിച്ച് നമ്മൾ പോസ്റ്തന്നെയാണ്. അത് മറ്റൊരു എക്സിസ്റ്റൻസും. അതുകൊണ്ടുതന്നെ കവിതയെഴുത്തിനെക്കുറിച്ചുള്ള കവിതകളിലെ വാക്കുകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പും, നമ്മളെ മറ്റൊരാൾ വായിക്കുന്നതും ഒരു രസകരമായ സംഭവമാണ്. കവിതതന്നെ ഒരു വായനയാണ്.
സാഹിത്യക്യാമ്പിലൂടെ വളർന്നുവന്ന ഒരു എഴുത്തുകാരൻ എന്ന നിലയിൽ നവമാധ്യമകാലത്തെ സാഹിത്യക്യാമ്പുകളെ എങ്ങിനെയാണ് നോക്കിക്കാണുന്നത്?
ഞാൻ എഴുത്തിലേക്ക് വരുന്നത് രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണ്. ആന്ന് ഇന്നത്തെപ്പോലെ സാമൂഹിക മാധ്യമങ്ങളൊന്നും അത്ര വ്യാപകമല്ല. ഓർക്കൂട്ട് ഒക്കെ പിച്ചവെച്ചു തുടങ്ങുന്നേയുള്ളു. പത്രാധിപരല്ലാതെ എഴുത്തുകാർക്ക് വേറെ വഴിയില്ല. അപ്പോൾ, ഒരാൾ എങ്ങനെ എഴുതണം എന്ത് എഴുതണം എന്നൊക്കെ അറിയാനുള്ള ഒരേ ഒരു മാധ്യമം സാഹിത്യക്യാമ്പുകളേയുള്ളൂ. പക്ഷെ, ഇപ്പൊ അതൊക്കെ മാറി. ഇന്ന് ഒരു സാഹിത്യ ക്യാമ്പിന്റെ ആവശ്യം ഇല്ല. കാരണം, ഒരു സാഹിത്യക്യാംപ് ചെയ്യുന്നത് ഫെയിസ്ബുക്കിന് ചെയ്യാനാകും. ഒരാൾ എന്തെങ്കിലും എഴുതി ഫെയിസ്ബുക്കിൽ ഇട്ടാൽ തോന്നുന്ന ആൾക്കാർക്ക് അതിനു മറുപടി പറയാം. പണ്ടാണെങ്കിൽ ഇങ്ങനെ ഒരു മറുപടി കിട്ടില്ല. എങ്ങാനും കിട്ടുന്ന ഒരാൾ അത് കൊള്ളില്ല എന്ന് പറഞ്ഞാൽ പിന്നെ ഒരു പത്തുവർഷത്തേക്ക് കൊടുത്തവർ എഴുതാത്ത രീതിയിലേക്ക് മാറും.
ഇന്ന് ഒരു നൂറാളുകൾ കമൻറ് ചെയ്യുമ്പോൾ ഒരു അൻപതെണ്ണം നല്ലതും അൻപതെണ്ണം മോശവും കിട്ടുമായിരിക്കും. ഒരു സാഹിത്യക്യാമ്പിന്റെ ധർമ്മം സമൂഹിക മാധ്യമങ്ങൾ നിർവഹിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. പക്ഷെ, കുറച്ചുകൂടി ആളുകളോട് നേരിട്ട് സംസാരിക്കാൻ ,ഒരാളുടെ അഭിപ്രായം വായിൽനിന്നു കേൾക്കാൻ സാഹിത്യക്യാമ്പുകളിലൂടെ സാധിക്കും. ആ ഒരു ഗുണം എന്നും സാഹിത്യക്യാമ്പുകൾക്ക് ഉണ്ട്.
“മരിച്ചു കഴിഞ്ഞാൽ കിട്ടാവുന്ന സ്വഭാവ സർട്ടിഫിക്കറ്റുമായി നേരത്തെ പോയി മരിക്കണ്ട” എന്ന് കവിതയിൽ പറയുന്നുണ്ട്. എഴുത്തുകാരന് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടോ?
സ്വഭാവ സർട്ടിഫിക്കറ്റ് തന്നെ ഒരു മൊറാലിറ്റിയുടെ ഭാഗമാണ്; മറ്റൊരാൾ പറയുന്നതാണ്. എഴുത്തുകാരൻ ഒരു സാധാരണക്കാരനായ മനുഷ്യൻ ആണ്. ഒരാൾ കല്ലുവെട്ടുന്നതുപോലെ, വാർക്കപ്പണി ചെയ്യുന്ന പോലെ ഒരു പ്രൊഫഷനാണ് എഴുതുക എന്നത്. അത് പ്രൊഫഷണൽ അല്ലാതാവുന്നത് അത്ര വരുമാനം കിട്ടാത്തതുകൊണ്ട് മാത്രമാണ്. അല്ലെങ്കിൽ അത് ഓഫീസിൽ വച്ച് എഴുതുന്ന രീതിയിൽ ആയി മാറുമായിരുന്നു. എല്ലാ മനുഷ്യരുടേയും പ്രശ്നങ്ങൾ അയാൾക്കും ഉണ്ട്. അയാൾ പെർഫെക്റ്റ് ആയി ജീവിച്ചിട്ട് എഴുന്ന ആളൊന്നുമല്ല. എല്ലാ തോന്ന്യാസത്തിന്റെയും ഭാഗം അയാളിൽ ഉണ്ടാവും. തോന്ന്യാസം എന്ന് പറഞ്ഞാൽ വലിയ അർത്ഥത്തിലും എടുക്കാം ചെറിയ അർത്ഥത്തിലും എടുക്കാം. ചില കാലഘട്ടങ്ങളിൽ ഈ തോന്ന്യാസം എഴുത്തുകാരന്റെ മുദ്രയായൊക്കെ കാണപ്പെടും. എഴുത്തുകാരനെ ഇപ്പോഴും അങ്ങനെ കാണേണ്ട ആവശ്യമില്ല. നമ്മൾ ഒരു ഡോക്ടറെ കാണാൻ പോകുമ്പോൾ അയാൾ എന്തെങ്കിലും തോന്നിവാസം ചെയ്യുന്നുണ്ടോ എന്ന് ആലോചിച്ചിട്ടാണോ പോകുന്നത്. അയാൾ പണി വൃത്തിയായി എടുക്കുന്നുണ്ടോ എന്ന് നോക്കിയാൽ മതി. അതുകൊണ്ട് എഴുത്തുകാരന് സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
കഴിഞ്ഞ വർഷം കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ താങ്കളുടെ പുസ്തകവും ഇടംപിടിച്ചിരുന്നു. ഈ വർഷത്തെ കനകശ്രീ അവാർഡ് ലഭിക്കുകയും ചെയ്തു. എഴുത്തുവഴിയിൽ ലഭിക്കുന്ന അംഗീകാരങ്ങൾ പുതുവാതായനങ്ങൾ തുറക്കുന്നതായി തോന്നിയിട്ടുണ്ടോ?
അവാർഡുകൾ എല്ലാകാലത്തും എനിക്ക് വലിയ സാമ്പത്തിക സ്രോതസ്സായിരുന്നു; പ്രത്യേകിച്ച് പഠനകാലത്ത്. എല്ലാ വർഷവും എന്തെങ്കിലും സമ്മാനങ്ങൾ കിട്ടിയിരുന്നത് എന്നെ പഠിക്കാൻ സഹായിച്ചു. അവാർഡിലേക്കു വരുമ്പോൾ, പലരെയുംപോലെ നമ്മളും അതിന് അർഹരാണ്. കാരണം, എന്റെ എഴുത്തിന്റെ ഇരുപതുവർഷം തികയുകയാണ്. തീർച്ചയായും ഞാൻ ജോലിയെടുക്കുന്നുണ്ട്. അപ്പോൾ, സ്വാഭാവികമായും എനിക്ക് കിട്ടിയാൽ കുറ്റം പറയേണ്ടതില്ല. സാമ്പത്തികമായ ഗുണങ്ങൾപോലെതന്നെ അവാർഡ് കിട്ടുന്നതോടുകൂടി ആൾക്കാരുടെ ശ്രദ്ധയും നമുക്ക് കിട്ടും. നമ്മുടെ എഴുത്ത് വിസിബിൾ ആകും. ഒരുപാട് ആളുകൾ എഴുതുന്ന കാലത്ത് അതൊരു വലിയകാര്യമാണ്. നമ്മുക്ക് ചുറ്റും ഒരുപാട് നല്ല എഴുത്തുകാർ അംഗീകരിക്കപ്പെടാതെ പോവുന്നുണ്ട്, ആ ബോധ്യം എനിക്കുണ്ട്. എഴുത്തുകാർ വ്യക്തിപരമായി ആഘോഷിക്കപ്പെടരുത്, പുസ്തകങ്ങൾ വായിക്കപ്പെടണം. കവിതക്കാണ് അവാർഡ്. അവാർഡുകളല്ല കവിതയെ തീരുമാനിക്കേണ്ടത്. വലിയ അവാർഡുകൾ കിട്ടിയ എത്രയോപേരെ നമ്മൾ മറന്നിരിക്കുന്നു. കവിതകൊണ്ടും
എഴുത്തുകൊണ്ടും മാത്രമേ നിലനിൽപ്പുള്ളു.
പത്തു തലയുള്ള പെൺകുട്ടി’ എന്ന ബൃഹത് നോവൽ പ്രസിദ്ധീകരിക്കാൻ പദ്ധതിയുണ്ടെന്ന് പറഞ്ഞല്ലോ; എഴുത്തിലെ മറ്റു ചുവടുവെയ്പുകൾ പങ്കുവെക്കാമോ?
‘യേശുവും ക്രിസ്തുവും ഇരട്ടകളായിരുന്നു’ എന്ന പേരിൽ ഒരു പുതിയ കവിതാസമാഹാരത്തിന്റെ പണിപ്പുരയിലാണ്. അതേപേരിലുള്ള ഒരു കവിത ചന്ദ്രിക ആഴ്ചപ്പതിപ്പിൽ മുൻപേ പ്രസിദ്ധീകരിച്ചിരുന്നു. അത്തരത്തിലുള്ള തൊണ്ണൂറോളം കവിതകളുടെ സമാഹാരമാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ലൈംഗികത പ്രമേയമായിട്ടുള്ള രണ്ടു നോവലുകൾ വരാനുണ്ട്, ഒന്നിന്റെ പേര് ‘ശ്ലീലം’ മറ്റേത് ‘കാരണമാല’. ഒപ്പംതന്നെ തെരഞ്ഞെടുത്ത അമേരിക്കൻ കവിതകളുടെ വിവർത്തനം നടന്നുകൊണ്ടിരിക്കുന്നു.