അന്ധരില്‍ തുടങ്ങി അന്തര്‍ദേശീയതയിലേക്ക് ഒരു നോവല്‍ എത്തുമ്പോള്‍, ടി.അരുണ്‍കുമാര്‍ എഴുതുന്നു
എസ്.ഹരീഷിന്റെ 'മീശ ' അതിന്റെ ഒറ്റയടിപ്പാതകളും ഇടവഴികളും പിന്നിട്ട് അതിവേഗപ്പാതയിലേക്ക് കയറിയിരിക്കുന്നു. ജെ.സി.ബി പുരസ്‌ക്കാരം ഈ നോവലിന് ദേശീയതലത്തില്‍ പൊടുന്നനെയും ആഗോളതലത്തില്‍ കാലക്രമേണയും അതര്‍ഹിക്കുന്ന വായനക്കാരെ സൃഷ്ടിച്ചു നല്‍കും എന്ന് നമുക്ക് പ്രത്യാശിക്കാം. എന്ത് തന്നെ ആയാലും ഖസാക്കിന്റെ ഇതിഹാസത്തിന് ശേഷം ഒരു നോവല്‍ തനതായ അതിന്റെ റിയലിസത്തെയും മാജിക്കല്‍ റിയലിസത്തെയും ഇഴപിരിക്കാനാവാത്ത വിധം ' ബ്‌ളന്‍ഡ് ' ചെയ്യുന്നത് മീശയില്‍ നമുക്ക് കാണാം. ഇതിഹാസം അതിന്റെ അവിശ്വസനീയമായ സൗന്ദര്യത്താലും ഭാഷാതീതമായതിനെയത്രയും ഭാഷയിലൂടെ പ്രകടിപ്പിച്ച മാന്ത്രികതയാലും വായനക്കാരനെ അതിശയിപ്പിച്ചപ്പോള്‍ മീശയിലെ ഭാഷ ഒരു കുട്ടനാടന്‍പാടം പോലെ നോക്കെത്താദൂരം പരന്നും, അതിന്റെ പ്രമേയം ഒരു സവിശേഷഭൂമികയിലെ സ്ഥല-കാല-ജീവസംബന്ധിയായതിനെയത്രയും മായാജാലം പോലെ ചേര്‍ത്തുതുന്നിയും പകല്‍വെളിച്ചം പോലെ പടരുന്ന രാഷ്ട്രീയവ്യക്തതയാലും നമ്മെ അത്ഭുതപ്പെടുത്തി. ജെ.സി.ബി പുരസ്‌ക്കാരത്തിന് ശേഷം ദേശീയമാധ്യമങ്ങളില്‍ വലിയ എഴുത്തുകള്‍ മീശയെപ്പറ്റി വന്നു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ തുടങ്ങി വോഗില്‍ വരെ മീശയും അതിന്റെ സൃഷ്ടാവും സ്ഥാനം പിടിച്ചു. അതിന്റെ തുടര്‍ച്ചയായി ഏറ്റവും അവസാനം വായിച്ച രണ്ട് പാന്‍-ഇന്ത്യന്‍ കുറിപ്പുകളെ പറ്റി ഇവിടെ പറയാമെന്ന് കരുതുന്നു. ഒന്ന് ഹിന്ദുവില്‍. അടുത്തത് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍.
ഹിന്ദു ദിനപ്പത്രത്തിന്റെ സണ്‍ഡേ മാഗസിനിലെ കുറിപ്പ് ' മാസ്റ്റര്‍ ഓഫ് ലാബ്രിന്ത് ' എന്ന തലക്കെട്ടിലാണ്. 'ഹരീഷിനെയും പെരുമാള്‍മുരുകനെയും അവരുടെ കൃതികള്‍ക്കെതിരായ വിദ്വേഷപ്രചരണം എങ്ങനെ മുഖ്യധാരയുടെ ശ്രദ്ധാകേന്ദ്രങ്ങളാക്കി ' എന്ന തലക്കെട്ടിലാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ലേഖനം. പല അടരുകളുള്ള, സ്ഥലത്തിന്റെയും വികാരങ്ങളുടെയും, സമൂഹബോധങ്ങളുടേയും, മാനവജീവിതവ്യവസ്ഥകളുടെയും, സസ്യ-ജന്തുജാലങ്ങളുടെയുമെല്ലാം കൂട്ടപ്പൊരിച്ചിലാണ് മീശ എന്നത് കൊണ്ട് തന്നെ ' മാസ്റ്റര്‍ ഓഫ് ലാബ്രിന്ത് ' എന്ന ഹിന്ദുവിന്റെ തലക്കെട്ട് സമുചിതമാണ് എന്നത് കൂടി പറയണം.ഹിന്ദുവിന്റെ തലക്കെട്ട് വേണമെങ്കില്‍ 'അഴിയാക്കുരുക്കുകളുടെ ആശാന്‍ ' എന്ന് വിവര്‍ത്തിക്കാമെന്ന് തോന്നുന്നു.
രണ്ടോ മൂന്നോ ആഴ്ച മുമ്പ് ഹരീഷ് വിളിക്കുകയും ഞങ്ങള്‍ ദീര്‍ഘനേരം സംസാരിക്കുകയും ചെയ്തിരുന്നു. മീശയെ കടന്നാക്രമിക്കുക വഴി സംഘപരിവാരും ഹിന്ദുത്വവാദികളും ഹരീഷിനോട് ചെയ്തത് ശരിക്കും വലിയ 'സഹായ'മായിരുന്നെന്നും അത് അപകടരൂപത്തിലെത്തിയ അനുഗ്രഹമായിരുന്നെന്നും ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കി ഹരീഷും ചിരിക്കുകയുണ്ടായി. മൂന്ന് ലക്കം മാത്രം പ്രസിദ്ധീകരിച്ച ഒരു നോവലിനെ ഒരു പകല്‍ മാത്രം കൊണ്ട് ദേശീയ ശ്രദ്ധയിലെത്തിച്ചത് ചെറിയ കാര്യമല്ല. ഭാവിയില്‍ ഇന്ത്യന്‍ സാഹിത്യത്തിനുള്ള തങ്ങളുടെ സംഭാവനയായി അവര്‍ തന്നെ ഇക്കാര്യം ഏറ്റെടുക്കുമോ എന്ന് പോലും ഭയപ്പെടേണ്ടിയിരിക്കുന്നു. സ്വാഭാവികമായും ഏറ്റവും മികച്ചൊരു ആഖ്യാനമായ മീശയ്ക്ക് ആ ശ്രദ്ധ ഒരു അഡിഷണല്‍ ബോണസ്സ് ആയി മാറി. നോവലിന്റെ അസാധാരണമായ കലാമികവ് വായിച്ചവര്‍ക്കെല്ലാം അതിവേഗം ബോധ്യപ്പെട്ടു.
എക്‌സ്പ്രസ് ലേഖനത്തിന്റെ തുടക്കം ഒരു കേവലവിവര്‍ത്തനത്തില്‍ ഇങ്ങനെയാണ് : ഒരു ആഴ്ചപ്പതിപ്പില്‍ ഖണ്ഢശ: പ്രസിദ്ധീകരിച്ചു വന്നിരുന്ന മീശയെന്ന നോവല്‍ ആള്‍ക്കൂട്ടാക്രമണത്തെത്തുടര്‍ന്ന് പിന്‍വലിക്കാന്‍ നോവലിസ്റ്റ് എസ്. ഹരീഷ് നിര്‍ബന്ധിതമായ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ജയശ്രീകളത്തില്‍ ചെയ്ത അതിന്റെ ഇംഗ്ലീഷ് പരിഭാഷ മുസ്റ്റാഷ് ജെ.സി.ബി പുരസ്‌ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
അന്താരാഷ്ട്രശ്രദ്ധയിലേക്ക് തന്റെ പുസ്തകം വരുന്നതില്‍ ഹരീഷും സന്തോഷവാനാണ്. ഗാര്‍സിയ മാര്‍ക്കേസിന് മുകളില്‍ വര്‍ഗാസ് യോസയെ ആസ്വദിക്കുന്ന, സമഗ്രാധിപത്യ സ്വഭാവത്തിന്റെ പേരില്‍ ചെഗുവേരയെയും കാസ്‌ട്രോയെയും നിഷേധിക്കുന്ന, ലളിതമനസ്‌ക്കനായ ഈ എഴുത്തുകാരന്‍ കേരളത്തില്‍, കുട്ടനാടിന്റെ വടക്കുകിഴക്കേയതിരില്‍ കിടക്കുന്ന നീണ്ടൂരിലിരുന്ന് ലോകത്തെയെമ്പാടും നോക്കിക്കാണുകയാണ്, ഒപ്പം ഒരു അന്തര്‍ദേശീയ എഴുത്തുകാരനായി തന്നെ ഉയര്‍ത്തിയതില്‍ തീവ്രഹിന്ദുത്വവിഭാഗങ്ങള്‍ക്കുള്ള പങ്കിന്റെ വിരോധാഭാസത്തെ ഒരു ചിരിയോടെ നോക്കിക്കാണുകയും ചെയ്യുന്നു.
യക്ഷിക്കഥകള്‍, അറബിക്കഥകള്‍, കഥാസരിത്സാഗരം എന്നിവയിലൂടെ കടന്നുവന്ന കുട്ടിക്കാലത്തെ ഹരീഷ് ഓര്‍മിക്കുന്നുണ്ട്. ബോര്‍ഹസ്, മാര്‍ക്കേസ്, കോര്‍ത്തസാര്‍, റൂള്‍ഫോ എന്നിവരെ സമഗ്രമായി വായിച്ചിട്ടുണ്ടെങ്കിലും യോസ ആണ് തന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എന്നും ഹരീഷ് പറയുന്നു. ശരിയാണോ എന്നറിയില്ല, മുറകാമിയും ഹരീഷിന് പ്രിയപ്പെട്ട എഴുത്തുകാരനാണെന്നാണ് ഞാന്‍ കരുതുന്നത്.
ഹിന്ദുവിലേക്ക് വരുമ്പോള്‍ ഹ്രസ്വമെങ്കിലും സുന്ദരവും സമഗ്രവുമാണ് എസ്. ആനന്ദന്‍ എഴുതിയ ലേഖനം. ഹരീഷിന്റെതായ ചില നിരീക്ഷണങ്ങളെ ആനന്ദന്‍ അതില്‍ എടുത്തെഴുതുന്നുണ്ട്. അവയില്‍ രസകരങ്ങളായ ചിലതിവിടെ പരാമര്‍ശിക്കാമെന്ന് തോന്നുന്നു:
എഴുത്തില്‍ നമുക്കൊരു ബംഗാളിക്കടുവയെ മുക്കാലനായി കാണിക്കാമെന്നതല്ല വേണമെങ്കില്‍ അതിനെക്കൊണ്ട് സംസ്‌കൃതം പറയിപ്പിക്കാമെന്നത് പോലും അങ്ങേയറ്റം സ്വീകാര്യമാണ് എന്ന വാചകം പറഞ്ഞുകൊണ്ടാണ് ഹരീഷ് ആരംഭിക്കുന്നത്. നാടോടിക്കഥകളാണ് കഥപറച്ചിലിന്റെ ശുദ്ധരൂപമെന്ന ബോര്‍ഹസിയിന്‍ നിരീക്ഷണം 'മീശ'യില്‍ പ്രതിധ്വനിക്കുന്ന മുഴക്കമാണെന്ന് ആനന്ദന്‍ ആദ്യഖണ്ഡികയില്‍ തന്നെ നിരീക്ഷിക്കുന്നുമുണ്ട്.
യക്ഷിക്കഥകള്‍, അറബിക്കഥകള്‍, കഥാസരിത്സാഗരം എന്നിവയിലൂടെ കടന്നുവന്ന കുട്ടിക്കാലത്തെ ഹരീഷ് ഓര്‍മിക്കുന്നുണ്ട്. ബോര്‍ഹസ്, മാര്‍ക്കേസ്, കോര്‍ത്തസാര്‍, റൂള്‍ഫോ എന്നിവരെ സമഗ്രമായി വായിച്ചിട്ടുണ്ടെങ്കിലും യോസ ആണ് തന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എന്നും ഹരീഷ് പറയുന്നു. ശരിയാണോ എന്നറിയില്ല, മുറകാമിയും ഹരീഷിന് പ്രിയപ്പെട്ട എഴുത്തുകാരനാണെന്നാണ് ഞാന്‍ കരുതുന്നത്. കഥകളാല്‍ സമൃദ്ധമായ നീണ്ടൂരിന്റെ ഭൂമിക പോലും ഒരു ലാബ്രിന്ത് ആണ് എന്നും എഴുത്തുകാരന് അതിന് പുറത്തിറങ്ങാനാവില്ല എന്നും ആനന്ദന്‍ വ്യംഗിപ്പിക്കുന്നു.
' ഇതൊരു വിസ്മയഭൂമികയാണ് ' ഹരീഷും അത് ശരിവയ്ക്കുന്നു : ' ഉദാഹരണത്തിന് മണാര്‍ക്കാട് പള്ളിയിലെ മാതാവും അടുത്ത ക്ഷേത്രത്തിലെ ദേവിയും കൂടപ്പിറപ്പുകളാണെന്നും അവര്‍ രാത്രിയില്‍ രഹസ്യമായി കൂടിക്കാണാറുണ്ടെന്നും വിശ്വസിക്കുന്ന നാടാണിത്.'
സത്യത്തില്‍ ഒന്ന് രണ്ട് ചെറുകഥകള്‍ കൊണ്ടുതന്നെ സ്വയം അടയാളപ്പെടുത്താന്‍ ഹരീഷിന് കഴിഞ്ഞിരുന്നു. ആ കഥകള്‍ വായിച്ചതില്‍ പിന്നെ, ഒരു പത്രപ്രവര്‍ത്തകന്റെ സ്വാതന്ത്ര്യത്തില്‍ ഒരു സംഭാഷണം തരപ്പെടുത്തി. അത് സൗഹൃദമായി വളര്‍ന്നു. എറണാകുളത്തേക്ക് പോകും വഴി പലവട്ടം ആ നാട്ടിലേക്ക്, അതായത് കൈപ്പുഴയിലേക്കും നീണ്ടൂരിലേക്കും വണ്ടി തിരിച്ചു വിടാനായത് അങ്ങനെയാണ്.
ഹരീഷ് 'മീശ' പിന്‍വലിച്ച സാഹചര്യം ഇപ്പോള്‍ കുറച്ചുകൂടി വസ്തുനിഷ്ഠമായി നോക്കിക്കാണാന്‍ കഴിയുമെന്ന് തോന്നുന്നു. പ്രത്യേകിച്ച് കേരളത്തിലെ ഒരു ശാസ്ത്രസ്ഥാപനത്തിന് ഒരു ഫാസിസ്റ്റ് സൈദ്ധാന്തികന്റെ പേരിടാന്‍ നീക്കം നടക്കുമ്പോള്‍. അതൊരു ഓര്‍മയെ സൃഷ്ടിക്കാനോ, ചില ഓര്‍മകളെ തിരുത്തുവാനോ ഉള്ള ശ്രമമാണ് എന്ന് നമ്മള്‍ മനസ്സിലാക്കുന്നുണ്ട്.
ഹരീഷ് പല പ്രകാശവിതാനങ്ങളിലെ പല ഇമേജുകളായി മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. കൈപ്പുഴ വില്ലേജോഫിസിലേക്ക് നട്ടുച്ചയ്ക്കൊരു സ്‌കൂട്ടി ഓടിച്ചു വരുന്ന ഹരീഷ്. നീണ്ടൂരിന്റെ അതിരുകെട്ടിയ മീന്‍കുളത്തിലൊരു ആമയെ പോലെ മുതുകുപൊന്തിച്ചു കിടന്ന ഷാപ്പില്‍ ആതിഥേയനായിരുന്ന് 'പോത്താണ് ബെസ്റ്റ് അത് കഴിച്ചാല്‍ മതി ' യെന്ന് മുന്നറിയിപ്പ് തരുന്ന ഹരീഷ്. ഇടുക്കിയില്‍ നൂല്‍പ്പുട്ട് പോലെ പെയ്യുന്ന മഴയും നോക്കിയിരുന്ന് പോത്തിറച്ചി വരട്ടുന്ന ഹരീഷ്. മുഹമ്മയില്‍, വേമ്പനാട്ട്്കായലിന്റെ ഓരത്തെ, ഒരു വീടിനുള്ളില്‍ നിലത്തൊരു തലയിണയും കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്ന ഹരീഷ്.
സംസാരിച്ചു ഫോമിലേക്ക് വന്നാല്‍ വിചിത്രസ്വഭാവികളായ മനുഷ്യരെപ്പറ്റിയുള്ള കഥകള്‍ നിര്‍ത്താതെ പറയുന്ന ഹരീഷ്. ഹരീഷ് പലപ്പോഴും സംസാരിക്കാത്ത ഒരേ ഒരു വിഷയം സ്വന്തം കഥകളായിരിക്കും.
കഥകള്‍ സ്വയം സംസാരിക്കേണ്ടതാണെന്ന് ഹരീഷ് വിശ്വസിക്കുന്നത് കൊണ്ടാവാം അത് സംഭവിക്കുന്നതും. മനുഷ്യന്റെ ചോരയിലും മാംസത്തിലും ഉരുവം കൊണ്ട ഒരോ സ്പെസിമനുകളാണ് ഹരീഷിന്റെ ഓരോ കഥകളും. ചിന്തയുടെയും ആസ്വാദനത്തിന്റെയും മൈക്രോസ്‌ക്കോപ്പിന് താഴെ അത് വച്ചു നോക്കൂ-മനുഷ്യരുടെ വിചിത്രലോകം കാണാം. മനുഷ്യന്‍ ലോകം മുഴുവനുമുണ്ട്. പക്ഷെ അവനെപ്പറ്റി എഴുതാന്‍ ലോകസഞ്ചാരി ആവേണ്ട കാര്യമില്ല. അതുകൊണ്ടാണ് കൊളറാകാലത്തെ പ്രണയം ലോകത്തിന്റെ മുഴുവന്‍ പ്രണയഗാഥയാവുന്നത്.
വെറും മൂന്നധ്യായം മാത്രം പ്രസിദ്ധീകരിക്കപ്പെട്ടതിന് ശേഷം മീശ പിന്‍വലിക്കപ്പെട്ട സാഹചര്യത്തെപ്പറ്റി ഇപ്പോള്‍ ഓര്‍ക്കുകയാണ്. എന്തെല്ലാം ആക്രോശങ്ങളായിരുന്നു ഒരു സംഭാഷണത്തെച്ചൊല്ലി ഉയര്‍ന്നത്. ആ നോവലിന്റെ രണ്ടാമധ്യായത്തിലെ ഒരു കഥാപാത്രസംഭാഷണത്തിന്റെ പേരില്‍ എഴുത്തുകാരനായ എസ്.ഹരീഷിനെ ആക്രമിച്ചവര്‍ക്കും ആക്രമിക്കുന്നവര്‍ക്കും ഇനിയും അത് ചെയ്യാനിടയുള്ളവര്‍ക്കും കലാവിമര്‍ശനവുമായി ഒരു ബന്ധവും ഉണ്ടാവാനിടയില്ല. ഉണ്ടാവാനിടയുള്ളത് വിവരക്കേടുമായി മാത്രമാണ്.
നോവല്‍ ഒരു വിസ്തൃതമായ പശ്ചാത്തലത്തതില്‍ പതിയെ തെളിഞ്ഞുവരുന്ന കലാശരീരമാണ്. കഥയ്ക്കുള്ളില്‍ നാടകീയതയും വൈകാരികസംഘര്‍ഷങ്ങളും ആശയവൈരുദ്ധ്യങ്ങളുമൊക്കെ സൃഷ്ടിക്കലാണ് പലതരം കഥാപാത്രങ്ങളുടെ അടിസ്ഥാന ചുമതല. അതുകൊണ്ടാണ് നന്‍മയെ പ്രകീര്‍ത്തിക്കുന്ന സോദ്ദേശസാഹിത്യത്തില്‍ പോലും കഥയെ നയിക്കാനുള്ള പ്രധാനകര്‍ത്തവ്യം തിന്‍മയെ പ്രതിനിധീകരിക്കുന്ന വില്ലന്‍മാരില്‍ അന്തര്‍ലീനമായിരിക്കുന്നത്. അതുകൊണ്ടാണ് കുട്ടിക്കഥകളില്‍ മുയലിനൊപ്പം കുറുക്കനും ഉണ്ടായിരിക്കുന്നത്. മുയല്‍ മാത്രമുള്ള കഥ കള്ളമായിരുന്നൂവെന്ന് പിന്നീട് കുട്ടി വളര്‍ന്നുവരുമ്പോള്‍ മനസ്സിലാക്കും.
സീതയെ അപഹരിച്ച രാവണനും, രജസ്വലയായ ദ്രൗപദിയുടെ മടിക്കുത്തഴിച്ച കൗരവപ്രമാണിമാരും ഇല്ലെങ്കില്‍ രാമായണവും മഹാഭാരതവും ഇല്ല എന്ന് കലയുമായി മല്‍പ്പിടുത്തത്തിനൊരുങ്ങുന്ന സാംസ്‌ക്കാരികാഭിമാനികള്‍ മനസ്സിലാക്കിയിരിക്കുന്നത് നല്ലതായിരിക്കുമെന്ന് നമുക്ക് ആശിക്കാമെന്നേയുള്ളൂ.
പക്ഷെ നമ്മള്‍ ശരിക്കും പറയേണ്ടിയിരുന്നത് ഈ സാങ്കേതികത്വത്തെപ്പറ്റിയല്ലായിരുന്നു. എല്ലാക്കാലത്തും കലയെ ഇത്തരത്തില്‍ ആക്രമിക്കുന്ന സമീപനം എല്ലാ ആള്‍ക്കൂട്ടശക്തികളും പുലര്‍ത്തിയിരുന്നു എന്നതാണ് വാസ്തവം. കുറച്ചുകാലം മുമ്പ് സാം മാത്യു എന്നൊരു ചെറുപ്പക്കാരന്‍ എഴുതിയ കവിതയെ-ബലാത്സംഗം ചെയ്തവനെ പ്രണയിച്ച പെണ്‍കുട്ടിയുടെ തീം- പുരോഗമനവാദികളും സ്ത്രീപക്ഷവാദികളും വളഞ്ഞിട്ടാക്രമിച്ചു. നോബല്‍ സമ്മാനം നേടിയ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എന്ന നോവലില്‍ മാര്‍ക്കേസ്, പ്രായപൂര്‍ത്തി ആവും മുമ്പ് തന്നെ ബലാത്സംഗം ചെയ്ത് കടന്നുകളഞ്ഞൊരുത്തനെ എപ്പഴോ പ്രണയിച്ച് കാത്തിരിക്കുന്ന ഒരു യുവതിയെ അവതരിപ്പിക്കുന്നുണ്ട്. ഇക്കാരണം കൊണ്ട് മാര്‍ക്കേസ് കേവലനായ ഒരു എഴുത്തുകാരനാവുമോ എന്നറിയില്ല. നബോക്കോവിന്റെ ലോലിത ക്ളാസിക് ആയാണ് വിലയിരുത്തപ്പെടുന്നത്. സാമൂഹികമായോ വൈകാരികമായോ നമുക്ക് അംഗീകരിക്കാന്‍ പറ്റുന്ന പ്രമേയമല്ല ലോലിതയുടേത്. മറ്റൊരു കഥാപാത്രത്തിന്റെ സംഭാഷണം ഉദ്ധരിച്ചതിനാണ് ജോസഫ് മാഷിന്റെ കൈവെട്ടിയത്.
ഖസാക്കിന്റെ ഇതിഹാസത്തിനും അടൂരിന്റെ മുഖാമുഖത്തിനും പ്രധാനകലാദോഷമായി ഇവിടുത്തെ പുരോഗമനവാദികള്‍ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് വിരുദ്ധത ആയിരുന്നു. ?ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന നോവലിനും അതിനെ ആധാരമാക്കിയ ക്രിസ്തുവിന്റെ ആറാംതിരുമുറിവ് എന്ന മലയാളനാടകത്തിനും ഉണ്ടായ വിധിയും ഓര്‍ത്തുനോക്കുക. സാത്താനിക് വഴ്സ്സ് എഴുതിയ ആളുടെ കാര്യം എന്തായി എന്ന് ഞാന്‍ പറയുന്നില്ല. കലയ്ക്കെതിരെ ഫത്വകള്‍ പുറപ്പെടുവിക്കാന്‍ ആരും മോശമായിരുന്നില്ല എന്നാണ് ഇതില്‍ നിന്നെല്ലാം നമുക്ക് മനസ്സിലാവേണ്ടത്. നിര്‍മാല്യം ഇന്നത്തെ കാലത്ത് സാധ്യമാവില്ലെന്ന് എം.ടി പറഞ്ഞത് നമ്മള്‍ ഓര്‍ക്കണം. ചുരുക്കത്തില്‍ ചട്ടപ്പടി ജീവിതത്തിന് വഴങ്ങിക്കൊടുക്കുന്നതല്ല എഴുത്തിന്റെയും എഴുത്തുകാരന്റെയും സഹജസ്വഭാവം എന്നെങ്കിലും നാം മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ തുരുമ്പിച്ച സ്‌കെയിലുകള്‍ കൊണ്ട് അതിനെ അളക്കാനൊരുങ്ങുകയുമരുത്. മീശ ഖണ്ഡശ്ശ പ്രസിദ്ധീകരണം തടയപ്പെട്ടെങ്കിലും അത് ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തി വിട്ടു എന്നത് വിസ്മരിക്കപ്പെടുന്നില്ല.
ഇങ്ങനെയൊക്കെ ആണെങ്കിലും ഹരീഷ് 'മീശ' പിന്‍വലിച്ച സാഹചര്യം ഇപ്പോള്‍ കുറച്ചുകൂടി വസ്തുനിഷ്ഠമായി നോക്കിക്കാണാന്‍ കഴിയുമെന്ന് തോന്നുന്നു. പ്രത്യേകിച്ച് കേരളത്തിലെ ഒരു ശാസ്ത്രസ്ഥാപനത്തിന് ഒരു ഫാസിസ്റ്റ് സൈദ്ധാന്തികന്റെ പേരിടാന്‍ നീക്കം നടക്കുമ്പോള്‍. അതൊരു ഓര്‍മയെ സൃഷ്ടിക്കാനോ, ചില ഓര്‍മകളെ തിരുത്തുവാനോ ഉള്ള ശ്രമമാണ് എന്ന് നമ്മള്‍ മനസ്സിലാക്കുന്നുണ്ട്. എഴുതപ്പെടുന്ന വാക്ക് കൊണ്ട് അത്തരം ചില പ്രയോജനങ്ങള്‍ ഒക്കെയുണ്ട്. ഭാഷ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പരമപ്രധാനമാണ്. കാരണം അതുപയോഗിക്കുന്നവന്റെ സംസ്‌ക്കാരവും ഔന്നത്യവും മാത്രമാണ് ഭാഷയ്ക്ക് സ്വയം ഉള്ളത്. അതൊരു നിര്‍ജ്ജീവവസ്തുവാണ്. ഭാഷ ശൂന്യമാണ്. അതിലേക്ക് ഊതിക്കയറ്റുന്നതെന്ത് എന്നതിനെ ആശ്രയിച്ചാണ് അതിന് വലുപ്പം സിദ്ധിക്കുന്നത്. അത് കൊണ്ട് ഭാഷയെ മനുഷ്യന് വേണ്ടി കൈകാര്യം ചെയ്തവരെയത്രയും മനുഷ്യവിരുദ്ധരായവര്‍ ഭയന്നിട്ടുണ്ട്, ആക്രമിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പ് , 2018 ജൂലായില്‍ സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്നത് ഹരീഷ് നോവല്‍ പിന്‍വലിക്കുന്നു എന്ന രീതിയിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത്. അതായത് നോവല്‍ പിന്‍വലിച്ചതിന്റെ ഉത്തരവാദിത്തം എഴുത്തുകാരനാണ്. അതിന്റെ ഗുണഭോക്താവ് എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ സംഘപരിവാര്‍, ഹിന്ദുമതമൗലികവാദികള്‍, വ്യാജസംസ്‌ക്കാരികവാദികള്‍ എന്നിവര്‍ക്കൊക്കെ പങ്കിട്ടെടുക്കാം. തങ്ങളുടെ ശക്തിക്ക് മുന്നില്‍ എഴുത്തുകാരന് കീഴടങ്ങേണ്ടി വന്നു എന്നവര്‍ പറയുമ്പോള്‍ രണ്ടാണ് കാര്യം. ഒന്ന്-ഞങ്ങളുടെ തിട്ടൂരങ്ങളെ അവഗണിച്ച് മുന്നോട്ട് പോകാമെന്ന് ആരും കരുതേണ്ടതില്ല. രണ്ട്- ഞങ്ങള്‍ പറയുന്നതിലും ചില ശരികള്‍ ഉണ്ട്. ഇന്നിപ്പോള്‍ പക്ഷെ, ആ സാഹചര്യങ്ങളെ സമഗ്രമായി നോക്കിക്കാണാനുള്ള അവസരം എല്ലാവര്‍ക്കുമുണ്ട്. ആരായിരുന്നു ഈ പ്രശ്‌നത്തില്‍ മുട്ടുമടക്കിയത് എന്ന് സാമാന്യബോധമുളള ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ, ഭീഷണമായ ആ സാഹചര്യം, മതമൗലികവാദികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കുന്ന ആ സാഹചര്യം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ല എന്നതിനുള്ള ഉദാഹരണങ്ങള്‍ പിന്നെയും കേരളം കാണുക തന്നെയുണ്ടായി. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.
ഇക്കാര്യത്തില്‍ ധീരമായ സമീപനമാണ് ഡി.സി ബുക്‌സ് സ്വീകരിച്ചത് എന്ന് പറയാതെ വയ്യ. പിന്‍വലിക്കപ്പെട്ട നോവല്‍, വളരെ വേഗം പുസ്തകരൂപത്തില്‍ വായനക്കാരിലേക്കെത്തി. മീശ ആദ്യവായനയില്‍ തന്നെ അതിമനോഹരമായൊരാഖ്യാനമായി അനുഭവപ്പെടുകയാണുണ്ടായത്. മഴ നിറഞ്ഞുകിടക്കുന്ന കുട്ടനാടന്‍ പാടത്തിലൂടെ, അഴിമുഖത്തേക്ക് തുഴയുന്നതിന്റെ എല്ലാ വന്യതയും ഭീതിയും ആഹ്‌ളാദവുമെല്ലാം മീശ അനുഭവിപ്പിച്ചു.
ഭാഷ, ആഖ്യാനം, രൂപഘടന, കലാകൗശലം എന്നിവയിലൊക്കെ സാധാരണത്വവും ഉള്ളടക്കം, വിശദാംശങ്ങള്‍, പാത്രസൃഷ്ടി എന്നിവയിലൊക്കെ അസാധാരണത്വവും പുലര്‍ത്തുന്ന ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന നോവലാണ് മീശ എന്ന വിലയിരുത്തലിലേക്ക് തന്നെ ആദ്യവായന കൊണ്ടെത്തിച്ചു. സൂക്ഷ്മതലത്തില്‍ മാവോയിസ്റ്റ് എന്ന കഥയുടെ വേരുകളില്‍ നിന്നാണ് മീശ ഉയിര്‍ക്കുന്നതെന്നും ആദ്യവായനയില്‍ തോന്നിയിരുന്നു. കശാപ്പ് കത്തിയുടെ തിളക്കത്തില്‍ നിന്ന് കുതറിയോടിയ വെട്ടുപോത്ത് തന്നെയാണ് ക്ഷൗരക്കത്തിയില്‍ നിന്ന് കലഹിച്ചോടിയ മീശ വാവച്ചനും. എന്തിനെന്നറിയാതെ ഒരു നാട് മുഴുവനും അവര്‍ക്ക് പിന്നാലെയോടുമ്പോള്‍ രണ്ടിടത്തും കഥ സംഭവിക്കുന്നു. തുടര്‍ന്നുള്ള വായനകളില്‍ മീശ ഒരു ലാബ്രിന്തായി, രാവണന്‍കോട്ടയായി, പിടികിട്ടാപ്പെരുവഴികളായി നമ്മെ ബന്ധനസ്ഥരാക്കുന്നത് അറിഞ്ഞു.
എന്നാല്‍ നോവലിസ്റ്റുമായി സംസാരിച്ച ഒരു ഘട്ടത്തില്‍ അയാള്‍ ഇത്തിരി വിഷാദവാനായിരുന്നു. വിവാദം നോവലിന്റെ വായനയെ ഗതിതിരിച്ചു വിടുമോ എന്നായിരുന്നു അയാള്‍ ആശങ്കപ്പെട്ടിരുന്നത്. എന്നാല്‍ അതുണ്ടായില്ല. പുസ്തകം ഇംഗ്‌ളീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ജെ.സി.ബി പുരസ്‌ക്കാരം നേടി. മലയാളം പതിപ്പുകള്‍ നിരവധിയായി. മീശ അതിന്റെ വായനക്കാരെ വേട്ടയാടിപ്പിടിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലോ ഇന്ത്യയിലോ മാത്രമായല്ല ,ലോകമെമ്പാടുമായി. ആ പ്രയാണം അതിന്റെ ശുദ്ധരൂപത്തില്‍ വായനയുടെയും എഴുത്തിന്റെയും ഏറ്റവും സാര്‍ത്ഥകമായ അധ്യായങ്ങളിലൊന്നിനെ സൃഷ്ടിച്ചിരിക്കുന്നു.
ചങ്ങനാശേരി സെന്റ് ബെര്‍ക്കുമാന്‍സ് കോളജിലെ സ്വീപ്പറായ മറിയാമ്മച്ചേട്ടത്തി പ്രശസ്തമാക്കിയ ചെങ്ങന്നൂരാടിയെന്ന നാടോടിക്കാവ്യക്കഥനത്തില്‍ നിന്നാണ് മീശയിലെ വാവച്ചന്റെ പ്രാഗ് രൂപം കണ്ട്കിട്ടിയതെന്നും ഹരീഷ് പറയുന്നു. അവിടെ സത്യത്തില്‍ മീശ വായിച്ചൊരാള്‍ എന്ന നിലയില്‍ ഞാന്‍ ഓര്‍ത്തത് മറ്റൊന്നാണ് :
മനുഷ്യന്‍ കഥയിലേക്കും കഥ മനുഷ്യനിലേക്കും നടത്തുന്ന സഞ്ചാരപഥങ്ങള്‍ എത്ര കണ്ട് വിസ്തൃതവും നിഗൂഢവുമാണെന്ന് മറിയാമ്മച്ചേട്ടത്തിയുടെ ഫോക്ക്‌ലോറിലൂടെ നാം അറിയേണ്ടതുണ്ട്. വാവച്ചന്‍ ആദ്യമൊരു കഥയിലേക്ക് കടന്ന് ചെല്ലുന്നു. അങ്ങനെ അയാള്‍ മറിയാമ്മച്ചേട്ടത്തിയുടെ നാവില്‍ ഇരുപ്പുറപ്പിക്കുന്നു. പിന്നെ അയാള്‍ മീശയെന്ന നോവലിലേക്ക് കൂടുമാറുന്നു. അതില്‍ ജീവിച്ചു കൊണ്ട് ലോകമാകെ റോന്തു ചുറ്റുന്നു. ശരിക്കും കുട്ടനാട് വിട്ട് ലോകത്തിന്റെ ഏതൊക്കെയോ മൂലയിലേക്ക് ഓടിയൊളിക്കാനോ പുതിയൊരു ജീവിതം കണ്ടെത്താനോ ശ്രമിച്ച വാവച്ചന്‍, പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു കഥയിലൂടെ അത് സാധ്യമാക്കുകയാണ്. ശരിക്കും വാവച്ചന്റെ മരണാനന്തരജീവിതത്തിന്റെ പറുദീസയായി മാറുകയാണ് മീശയെന്ന നോവല്‍.
തന്റെ മരണാനന്തരലോകസഞ്ചാരങ്ങള്‍ക്കായി വാവച്ചന്‍ കുട്ടനാട്ടുകാരനായ ഒരാളുടെ തന്നെ അക്ഷരങ്ങളെ ആവേശിക്കുകയായിരുന്നു എന്നോര്‍ക്കുമ്പോള്‍ ഹരീഷ് ഇപ്പോള്‍ നടുങ്ങാറുണ്ടോ എന്നാണ് ഞാനാലോചിക്കുന്നത്. നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ എഴുത്തിന്റെ ഈ അനുഭവവും ഒരൈതിഹ്യമാലയില്‍ ഇടംനേടുമായിരിക്കാം.
ആദവും മാവോയിസ്റ്റും ചപ്പാത്തിലെ കൊലപാതകവും മാന്ത്രികവാലും നിര്യാതരായിയും ഒക്കെ എഴുതിയ ഹരീഷിന്റെ ആദ്യനോവല്‍ -മീശ -മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ ആശംസിച്ചത് ' എഴുത്തും വായനയും ചര്‍ച്ചയുമെല്ലാം സൈബര്‍ ഇടത്തിലേക്ക് കൂടി പരാവര്‍ത്തനം ചെയ്യപ്പെട്ട പുതിയ കാലത്ത് ഹരീഷിന്റെ നോവല്‍ മലയാളനോവല്‍ സാഹിത്യത്തെ ഒന്നുകൂടി നെടുകെ പിളര്‍ത്തട്ടെ ' എന്നായിരുന്നു. ഇപ്പോള്‍ രണ്ട് വര്‍ഷത്തിന് ശേഷം ആ ആശംസയിലേക്ക് പിന്‍തിരിഞ്ഞുനോക്കുമ്പോള്‍ അത് സംഭവിക്കുന്നു എന്നതില്‍ നിറഞ്ഞ ആഹ്‌ളാദം മാത്രം.