'ബഷീറിൻ്റെ മുറിയിൽ വാൻഗോഗ് ' എന്ന പേരിൽ മനോഹരമായ ഒരു കഥ എഴുതിയിട്ടുണ്ട്, പുനത്തിൽ കുഞ്ഞബ്ദുള്ള.'കലാകൗമുദി'യിൽ ആ കഥ വന്നു, വാൻഗോഗ് വരച്ച ചിത്രത്തോടെ! ഈ കഥ ഓർമ വരുന്നത്, മറ്റൊരു ആകസ്മികമായ സാഹിത്യ സന്ദർഭത്തിലാണ്. ബെന്യാമിൻ എന്ന മലയാളത്തിലെ ഏറ്റവും ജനപ്രിയനായ എഴുത്തുകാരൻ്റെ മുറിയിലേക്ക് ,' പരലോക "ത്തു നിന്ന് പുനത്തിൽ കുഞ്ഞബ്ദുള്ള കടന്നു വരുന്നത് ഭാവന ചെയ്യുകയാണ്. രണ്ടു കാലങ്ങളിൽ ,രണ്ടു എഴുത്തുകാർ മുഹമ്മദ് അസദിൻ്റെ 'റോഡ് ടു മക്ക, ' എന്ന ,വായനക്കാരുടെ ഹൃദയം കവർന്ന ഒരു യാത്രാവിവരണത്തിലെ സഞ്ചാരികളായി മാറുകയാണ്. രണ്ടു കാലങ്ങളിൽ ,രണ്ടു എഴുത്തുകാർ മുഹമ്മദ് അസദിൻ്റെ സഹയാത്രികരായി മാറുന്നു.
'റോഡ് ടു മക്കയിലെ ' ചില വരികളുടെ പദാനുപദ വിവർത്തനം ബെന്യാമിൻ്റെ 'ആടുജീവിത'ത്തിലുണ്ട് എന്ന് ,ഉദാഹരണ സഹിതം ബഹ്റൈനിൽ ജോലി ചെയ്യുന്ന ഷംസ് ബാലുശ്ശേരി വെളിപ്പെടുത്തുന്നു. മുന്നേ സാമൂഹ്യ മാധ്യമങ്ങളിലും സൗഹൃദങ്ങളിലും ചർച്ച ചെയ്യപ്പെട്ട ആ വിഷയം, ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബെന്യാമിൻ എടുത്ത ഇടതുപക്ഷ നിലപാടിൽ അസഹിഷ്ണുതയുള്ള ചിലർ വ്യാപകമായി പ്രചരിപ്പിച്ചു എന്നാണ് ഇടതു പക്ഷാനുഭാവികളായ ബെന്യാമിൻ ആരാധകർ പറയുന്നത്.ഷംസ് ബാലുശ്ശേരി ഒരു മുഖ്യധാരാ മാധ്യമത്തിലെ ഓൺലൈൻ അഭിമുഖത്തിൽ പറഞ്ഞത്, 'താനൊരു പാർട്ടി മെമ്പറാണ് ' എന്നാണ്. പാർട്ടി കുടുംബമാണ്, പാർട്ടി എംഎൽ എ ആയിരുന്ന പുരുഷൻ കടലുണ്ടിയുടെ ഫെയ്സ് ബുക്ക് അഡ്മിൻ കൂടിയാണ്.
ഷംസ് ബാലുശ്ശേരിയുടെ ഈ തുറന്നു പറച്ചിൽ വന്നാലെങ്കിലും ' സംഘി 'ചാപ്പ കുത്തലിൽ നിന്ന് ഇടതു പക്ഷാനുഭവികളായ ബെന്യാമിൻ ആരാധകർ പിൻവലിയുമെന്ന് പ്രതീക്ഷിക്കാം.ഷംസ് ബാലുശ്ശേരി പോലും ബെന്യാമിനെ 'മോഷ്ടാവ് 'എന്ന് വിളിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം .റോഡ് ടു മക്കയിലെ വരികൾ ഉപയോഗിച്ചതിന് 'കടപ്പാട് 'രേഖപ്പെടുത്തിയില്ല എന്നതാണ് ബെന്യാമിൻ്റെ ഭാഗത്തു നിന്നുള്ള വീഴ്ചയായി ചൂണ്ടിക്കാട്ടുന്നത്.
ഇതേ, കടപ്പാടിൻ്റെ പ്രശ്നമാണ് ,പുനത്തിൽ കുഞ്ഞബ്ദുള്ളയേയും മലയാള സാഹിത്യ ചരിത്രത്തിൽ ഒരു 'മോഷ്ടാവായി ' അവതരിപ്പിക്കാനിടയായത്. 'കന്യാവനങ്ങൾ ' എന്ന നോവലിൽ 'ടാഗോറിൻ്റെ പ്രബന്ധങ്ങളി'ലെ 'സഞ്ചാരം' എന്ന ലേഖനത്തിലെ ഒട്ടേറെ വരികൾ എടുത്തു ചേർത്തിരുന്നു.മുഹമ്മദ് അസദിൻ്റെ 'മക്കയിലേക്കുള്ള പാത 'യിലെ വരികളും പദാനുപദം എടുത്തു ചേർത്തു.വടകരയിലെ രണ്ടു വായനക്കാർ കണ്ടു പിടിച്ച (വടകര പബ്ലിക് ലൈബ്രറിയിലെ സ്ഥിരം സന്ദർശകരായിരുന്നത്രെ ,ആ വായനക്കാർ) ആ 'രഹസ്യമായ കോപ്പിയടി ' അവർ ചില പത്രാധിപന്മാർക്ക് കത്തുകളായി എഴുതിയെങ്കിലും അവരത് പ്രസിദ്ധീകരിച്ചില്ല. പിന്നീട് ഒ കെ ജോണിയെ അവർ സമീപിക്കുകയും ടാഗോറിൻ്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങളും കന്യാവനങ്ങളും സൂക്ഷ്മമായി വായിച്ച്, ടാഗോറിൻ്റെ കൃതിയിൽ നിന്നുള്ള ഭാഗങ്ങളും 'കന്യാവനങ്ങളി'ലെ ടാഗോർ വരികൾക്ക് തുല്യമായ നോവൽ ഭാഗങ്ങളും ചേർത്തു വെച്ച്, ഒ.കെ.ജോണി ഒരു ലഘുലേഖ പുറത്തിറക്കി.' ടാഗോറിൻ്റെ ലേഖനം മലയാള നോവലായി മാറുന്ന അത്ഭുത വിദ്യ ' എന്ന ശീർഷകത്തോടെ പുറത്തിറങ്ങിയ ആ ലഘുലേഖയുടെ കാപ്ഷൻ ഇതായിരുന്നു: ടാഗോറിനെയും പുനത്തിൽ കുഞ്ഞബ്ദുദുള്ളയേയും മുൻ നിർത്തി ഒരു അന്വേഷണ റിപ്പോർട്ട് '. 'മോഡേൺ ബുക്സി',നു വേണ്ടി പി.യു.ജോയ് ആണ് ഈ ലഘുലേഖ പുറത്തിറക്കിയത്. " കന്യാവനങ്ങളേക്കാൾ ' വിറ്റു പോയ കൃതി എന്ന് ,പിൽക്കാലത്ത് ഒരു കുസൃതിച്ചിരിയോടെ ,പുനത്തിൽ ആ ലഘുലേഖയെപ്പറ്റി പറഞ്ഞു.
'കന്യാവനങ്ങൾ ' എന്ന മലയാളത്തിലെ ഏറ്റവും മനോഹരമായ ആ നോവൽ അതിൽ എടുത്തു ചേർത്ത വരികൾക്ക് കടപ്പാട് രേഖപ്പെടുത്താതിരുന്നതിനാൽ 'സംശയകരമായ സാഹചര്യത്തിൽ പിടിക്കപ്പെട്ട ഒരു കൃതിയായി " സാഹിത്യ ചരിത്രത്തിൽ ഇപ്പോഴും നിൽക്കുന്നു.ടാഗോറോടും മുഹമ്മദ് അസദിനോടും 'കലാകൗമുദി ' യിൽ ആ നോവൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിക്കുമ്പോൾ തന്നെ കടപ്പാട് രേഖപ്പെടുത്തിയിരുന്നെങ്കിൽ 'മോഷണം ' എന്ന ആരോപണത്തിൽ നിന്ന് രക്ഷപ്പെടുമായിരുന്നു. കടപ്പാട് രേഖപ്പെടുത്തുക എന്നത് പ്രാഥമികമായി പുലർത്തേണ്ടിയിരുന്ന മര്യാദയാണ്.
വർഷങ്ങൾക്കു ശേഷം പുനത്തിൽ 'പരലോകം' എന്ന നോവൽ എഴുതാൻ തീരുമാനിക്കുന്നു. പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് കണ്ണൂരിലേക്ക് ആ നോവലിൻ്റെ ചില അധ്യായങ്ങളും റഫറൻസുമായി പുനത്തിൽ വന്നു.പുനത്തിലിൻ്റെ തന്നെ ജീവിതവും അനുഭവങ്ങളും ഓർമകളുമാണ് ആ നോവൽ.വേണമെങ്കിൽ, നോവൽ രൂപത്തിൽ എഴുതപ്പെട്ട ആത്മകഥ എന്നു പറയാം. ആ നോവൽ മാതൃഭൂമിയിൽ പ്രസിദ്ധികരിക്കുമ്പോൾ തന്നെ കടപ്പാടുകളും റഫറൻസുകളും അടിക്കുറിപ്പായി ചേർത്തു. നോവൽ തൃശൂർ കറൻ്റ് ബുക്സ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചപ്പോൾ പിന്നീടും പുനത്തിൽ കണ്ണൂരക്ക് വന്നു, പ്രൂഫ് വായനക്ക് നേരിട്ട് ഏൽപിക്കാനായിരുന്നു, ആ വരവ്. Proof :Thaha Madayi എന്ന് ,ആദ്യ പതിപ്പിൻ്റെ ഇംപ്രിൻ്റിൽ ഇപ്പോഴും കാണാം.
'അതൊക്കെ വെക്കുന്നത് ബോറാണ് കുഞ്ഞിക്ക ".
'വേണ്ട, വേണ്ട, എല്ലാവർക്കും ക്രഡിറ്റ് നൽകണം. ഒരു കടപ്പാടും ഒഴിഞ്ഞു പോകരുത് ' -
'കന്യാവനങ്ങൾ' എന്ന നോവൽ പുനത്തിലിന് വലിയ പാഠമായിരുന്നു.
പ്രിയപ്പെട്ട ബെന്യാമിൻ, താങ്കൾ മലയാളികൾക്ക് എത്രയോ പ്രിയപ്പെട്ട എഴുത്തുകാരനാണ്. സത്യസന്ധമായ ബോധ്യങ്ങളിൽ ജീവിക്കുന്ന എഴുത്തുകാരനാണ്.' ആടു ജീവിതം' എന്ന നോവലിൽ മുഹമ്മദ് അസദിൻ്റെ 'റോഡ് ടു മെക്ക 'യിലെ ചില വരികൾ അതു പോലെ 'യാദൃച്ഛികമായി 'പോലും വന്നിട്ടുണ്ടെങ്കിൽ, അടുത്ത പതിപ്പിൽ നിന്ന് ആ വരികൾ നീക്കുക.
ഒരു ദിവസം പുനത്തിൽ പ്രശസ്തമായ 'കാസാബ്ലാങ്ക' യിലേക്ക് വിളിക്കുന്നു. മാതൃഭൂമി 'യാത്ര'ക്കു വേണ്ടി ലക്ഷദ്വീപ് യാത്ര നടത്തി തിരിച്ചെത്തി കുറേ ദിവസങ്ങൾ കഴിഞ്ഞാണ് ആ വിളി .വിളിച്ചതിൻ്റെ പിറ്റേന്നു തന്നെ 'കാസാ ബ്ലാങ്ക'യിൽ പോയി. ഉച്ച നേരത്താണ് എത്തിയത്. മുള്ളൻ മുളകിലിട്ട് കുറുക്കിയെടുത്ത കറിയും കട്ടി ത്തൈരും ചോറുമായി കാത്തിരിക്കുന്നു.
'ഞാൻ വരാൻ പറഞ്ഞത്, '
'കന്യാവനങ്ങൾ 'എന്ന നോവൽ അലമാരയിൽ നിന്ന് എടുത്തു കൊണ്ടു പറഞ്ഞു: ഇതിലെ ചില ഖണ്ഡികകൾ മാറ്റണം. ഞാൻ കപ്പൽ യാത്ര നടത്തി. പഴയ വരികൾ മാറ്റി പുതിയ വരികൾ എഴുതിയാൽ നന്നായിരിക്കില്ലേ?'
1964-ൽ കേന്ദ്ര സാഹിത്യ അക്കാദമി മലയാളത്തിൽ പ്രസിദ്ധീകരിച്ച ടാഗോറിൻ്റെ പ്രബന്ധങ്ങൾ ' (പരിഭാഷ: പി.കെ.ഗോവിന്ദപ്പിള്ള, പരിശോധന: വി.ഉണ്ണികൃഷ്ണൻ നായർ ) എന്ന പുസ്തകത്തിൽ നിന്ന് എടുത്തു ചേർത്ത വരികൾ നീക്കം ചെയ്യണമെന്നാഗ്രഹിച്ചു, പുനത്തിൽ. ലക്ഷദ്വീപിലേക്ക് നടത്തിയ കപ്പൽ യാത്രയ്ക്കു ശേഷം.ഏകദേശം 17 ചെറിയ ചെറിയ ഖണ്ഡികകളാണ് പുനത്തിൽ എടുത്തു ചേർത്തത്. കടപ്പാട് രേഖപ്പെടുത്തിയതോടെ ആ നോവലുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുമ്പേ വിരാമിട്ടതാണ്. 'കന്യാവനങ്ങൾ 'എന്ന നോവൽ ഏറെ മൗലികമാണെന്നും അതിൽ ടാഗോറിൻ്റെയും അസദിൻ്റെയും വരികൾ എടുത്തു ചേർത്തതിനുള്ള കടപ്പാട് നോവൽ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുമ്പോൾ തന്നെ വെക്കാമായിരുന്നു എന്നും പുനത്തിലിന് പല സന്ദർഭങ്ങളിലും തോന്നിയിരിക്കാം. ഒരു കടപ്പാടിൻ്റെ പ്രശ്നം, തൻ്റെ ഏറ്റവും പ്രിയപ്പെട്ട നോവലിൻ്റെ മൗലികതയെ സംബന്ധിക്കുന്ന ചർച്ചയായി വളർന്നതും, തൻ്റെ സാഹിത്യ ജീവിതത്തെ അൽപകാലത്തെക്കെങ്കിലും ആ വിവാദം കരിനിഴലിൽ നിർത്തിയതും പുനത്തിലിനെ ഏറെ വ്യസനിപ്പിച്ചിരുന്നു.
'കടപ്പാട്' കൊണ്ടു മാത്രം തീരുമായിരുന്ന പ്രശ്നം 'ഒരു സാഹിത്യ ചോരണ 'മായി ആ കാലത്തെ സാഹിത്യ ചരിത്രം രേഖപ്പെടുത്തി. അത് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഭാഗത്തു നിന്നു തന്നെയുണ്ടായ വീഴ്ചയായിരുന്നു. ആരെയും കുറ്റപ്പെടുത്തുക വയ്യ. എഴുത്തിലും ജീവിതത്തിലും മാന്ത്രികമായ ഭാവനയോടെ ജീവിച്ച പുനത്തിലിന് അങ്ങനെയൊരു വീഴ്ച സംഭവിക്കാൻ പാടില്ലായിരുന്നു.എടുത്തു ചേർത്ത ആ വരികൾ ഇല്ലായിരുന്നെങ്കിലും ,'കന്യാവനങ്ങൾ ' എന്ന നോവലിൻ്റെ ഉള്ളടക്കത്തിലെ പുതുമയക്ക് ഒന്നും സംഭവിക്കില്ലായിരുന്നു.'കന്യാവനങ്ങ' ളിൽ നിന്ന് ആ വരികളൊക്കെ എടുത്തു മാറ്റി, കപ്പൽ യാത്രയുടെ പശ്ചാത്തലത്തിൽ പുതിയ വരികൾ എഴുതാനുള്ള ആലോചന ,പുനത്തിലിൻ്റെ പല സർഗാത്മക വിചാരങ്ങൾ പോലെയും പൂർത്തിയായില്ല. പുനത്തിൽ ഓർമയെഴുത്തുകളുടെ ആനന്ദങ്ങളിലേക്ക് മാറുന്നതാണ് പിന്നെ കണ്ടത്. പിന്നെപ്പിന്നെ, മൗനം, ഏകാന്ത ജീവിതം.
പ്രിയപ്പെട്ട ബെന്യാമിൻ, താങ്കൾ മലയാളികൾക്ക് എത്രയോ പ്രിയപ്പെട്ട എഴുത്തുകാരനാണ്. സത്യസന്ധമായ ബോധ്യങ്ങളിൽ ജീവിക്കുന്ന എഴുത്തുകാരനാണ്.' ആടു ജീവിതം' എന്ന നോവലിൽ മുഹമ്മദ് അസദിൻ്റെ 'റോഡ് ടു മെക്ക 'യിലെ ചില വരികൾ അതു പോലെ 'യാദൃച്ഛികമായി 'പോലും വന്നിട്ടുണ്ടെങ്കിൽ, അടുത്ത പതിപ്പിൽ നിന്ന് ആ വരികൾ നീക്കുക. 'യാദൃച്ഛികമായി സംഭവിച്ച ആ സാമ്യ'ങ്ങൾ എടുത്തു കാട്ടിയ സുഹൃത്തുക്കൾക്ക് നന്ദി പറഞ്ഞു കൊണ്ട്, ഒട്ടും കാലുഷ്യമില്ലാതെ. ഇല്ലെങ്കിൽ കടപ്പാട് രേഖപ്പെടുത്തുക. മലയാളികളുടെ വായനയിൽ വ്യസനത്തിൻ്റെ ഏകാന്ത ദു:ഖങ്ങൾ അടയാളപ്പെടുത്തിയ ആ നോവൽ, ആ ചില വരികൾ ഉപേക്ഷിച്ചാലും അത്ഭുതകരമായ പാരായണ ക്ഷമതയോടെ നിലനിൽക്കും.