ലോകത്തെ പ്രസാധകരില്‍ ഒന്നാം സ്ഥാനത്തുള്ള പെന്‍ഗ്വിന്‍ പബ്ലിഷേഴ്സ് താങ്കളുടെ ആദം, അപ്പന്‍, രസവിദ്യയുടെ ചരിത്രം എന്നീ കഥാസമാഹാരങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ. മീശ, Moustache എന്ന പേരില്‍ വിഖ്യാത പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് നേരത്തേ പുറത്തിറക്കിയിട്ടുണ്ട്. ഇതാദ്യമായി മലയാളത്തിലെ ഒരു പുതുതലമുറ എഴുത്തുകാരന്റെ മുഴുവന്‍ പുസ്തകങ്ങളും ഇംഗ്ലീഷിലാവുകയാണ്. അത് താങ്കള്‍ക്കും, മലയാള സാഹിത്യത്തിനും വായനക്കാര്‍ക്കുമുള്ള അംഗീകാരം കൂടിയാണല്ലോ. ഈ അനുഭവത്തെ എങ്ങനെ കാണുന്നു ?
വലിയ സന്തോഷമുണ്ട്. മലയാളകഥകള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താറുണ്ട്. ചെറുകഥകള്‍ മുന്‍പും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മൂന്ന് സമാഹാരങ്ങള്‍ ഒന്നിച്ചെടുക്കാറില്ല. അങ്ങനെയാകുമ്പോള്‍ ഞാന്‍ എഴുതിയ ഏകദേശം എല്ലാ കഥകളും അതില്‍ വരുന്നുണ്ടെന്ന സന്തോഷവുമുണ്ട്. എന്നാല്‍ ചെറിയൊരു ആശങ്കയുമുണ്ട്. തികച്ചും പ്രാദേശികമായ അനുഭവ ലോകത്തുനിന്ന് എഴുതിയ കഥകളാണ്. ഇംഗ്ലീഷില്‍ വരുമ്പോള്‍ അതെങ്ങനെ വായിക്കപ്പെടുമെന്ന് അറിയില്ല.
മലയാളസാഹിത്യത്തില്‍ ലോകോത്തരമായ ആശയങ്ങള്‍ എഴുതപ്പെടുന്നുണ്ടെങ്കിലും ഭാഷയുടെ പരിമിതി മൂലം ആഗോളതലത്തില്‍ വേണ്ടത്ര ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയാറില്ലെന്ന് എഴുത്തുകാരും നിരൂപകരുമൊക്കെ ചൂണ്ടിക്കാട്ടാറുണ്ട്. കൂടുതല്‍ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ നമ്മുടെ സൃഷ്ടികള്‍ അത്തരമൊരു പ്രതിസന്ധി മറികടക്കുകയല്ലേ ?
തീര്‍ച്ചയായും. നേരത്തേ ഇന്ത്യന്‍ ഇംഗ്ലീഷ് കൃതികളാണ് കൂടുതല്‍ വായിക്കപ്പെട്ടുകൊണ്ടിരുന്നത്. ഇന്ത്യയിലെ എഴുത്തുകാര്‍ ഇംഗ്ലീഷില്‍ എഴുതുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രാദേശിക ഭാഷകളില്‍ നിന്നുള്ള കൃതികള്‍ കൂടുതലായി ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്. അതിനാല്‍ വ്യത്യസ്തമായ അനുഭവ ലോകം വായനക്കാര്‍ക്ക് ലഭിക്കും. കേരളത്തില്‍ നിന്ന് കെആര്‍ മീരയുടെയും ബെന്യാമിന്റെയുമൊക്കെ പുസ്തകങ്ങള്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഇതും. പ്രാദേശികമായ അനുഭവലോകം വായിക്കാന്‍ ഗ്ലോബലി ആളുകള്‍ കുറച്ചുകൂടി ഇഷ്ടപ്പെടുന്നുണ്ടെന്നാണ് തോന്നുന്നത്.
മുഴുവന്‍ പുസ്തകങ്ങളുടെയും ഇംഗ്ലീഷ് പരിഭാഷ സാധ്യമാകുന്നത് എഴുത്തുരീതിയില്‍ എന്തെങ്കിലും മാറ്റത്തിന് പ്രേരിപ്പിക്കുന്നുണ്ടോ ?
അങ്ങനെയില്ല. മലയാളിയെ മുന്നില്‍ കണ്ടാണ് എപ്പോഴും എഴുതുന്നത്. എങ്കിലേ എനിക്ക് എഴുതാന്‍ പറ്റുള്ളൂ. മലയാളി അനുഭവലോകമാണ് എന്റേത്. അതില്‍ നിന്നുകൊണ്ടാണ് എഴുതുന്നത്. എന്നാല്‍ അതില്‍ അവതരിപ്പിക്കുന്ന കാര്യങ്ങളിലൂടെ മൊത്തം മനുഷ്യരെയും അഭിസംബോധന ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഏത് ഭാഷയിലെഴുതിയ കൃതിയായാലും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ നാം ആസ്വദിച്ച് വായിക്കാറുണ്ടല്ലോ. അവര്‍ നമ്മെ മുന്നില്‍ കണ്ടായിരിക്കില്ലല്ലോ എഴുതുന്നത്. അവര്‍ ഉദ്ദേശിച്ച തലത്തിലായിരിക്കില്ല നമ്മള്‍ ആസ്വദിക്കുന്നതെന്ന വ്യത്യാസമുണ്ടാകാം. എന്നാലും ആ രീതിയാണ് എനിക്ക് പറ്റുന്നത്.
ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടേക്കാം എന്നതുകൊണ്ട് വിഷയസ്വീകരണത്തിലോ ആഖ്യാനത്തിലോ മാറ്റം വരുത്തേണ്ടതില്ലെന്ന് തന്നെയാണോ നിലപാട് ? ഇന്റര്‍നാഷണല്‍ വായനക്കാരനെ മുന്നില്‍ കാണേണ്ടതില്ല ?
എനിക്ക് അങ്ങനെ പറ്റില്ല. എഴുതി വരുമ്പോള്‍ അങ്ങനെയൊരു സാധനം ഉണ്ടായി വന്നാലെന്നേയുള്ളൂ. പിന്നെ അങ്ങനെയൊരു വായനക്കാരന്‍ ഉണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. മനുഷ്യര്‍ ആഗോള പൗരന്‍മാരായിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ ലോക്കലുമാണ്, അതേസമയം ഗ്ലോബലുമാണ്. നമ്മള്‍ ചൈനീസ് ഭക്ഷണം കഴിക്കുന്നു. നമ്മുടെ മീന്‍ കറിയും കഴിക്കുന്നു. അങ്ങനെ വരുമ്പോള്‍ നമ്മള്‍ പൂര്‍ണമായിട്ടും മലയാളിയാണെന്ന് ഇപ്പോള്‍ പറയാനാകില്ല. തമിഴന്‍ തമിഴന്‍ മാത്രമാണെന്ന് പറയാനാവില്ല. ഒരുപാട് പ്രവാസികള്‍ ഉള്ള ഒരു നാട്ടിലാണ് ഞാന്‍ ജീവിക്കുന്നത്. യുകെയില്‍ താമസിക്കുന്നവര്‍ അവിടെയുണ്ട്. അമേരിക്കയില്‍ കഴിയുന്നവരുണ്ട്. പിന്നെ മലയാളം വായനക്കാരില്‍ ഒരുവിധം ആളുകളൊക്കെ വിദേശസാഹിത്യം നന്നായി വായിക്കുന്നവരാണ്. മലയാളം നോവലുകള്‍ വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷ് നോവല്‍ വായിക്കുന്നവരുണ്ട്. അല്ലെങ്കില്‍ ഇംഗ്ലീഷില്‍ നിന്ന് പരിഭാഷപ്പെടുത്തിയ പുസ്തകങ്ങള്‍ വായിക്കുന്ന അനേകം പേരുണ്ട്. മലയാളം എഴുത്തുകള്‍ തന്നത്താനെ ഗ്ലോബല്‍ സ്വഭാവത്തിലേക്ക് വന്നോളും എന്നാണ് വിചാരിക്കുന്നത്. അതിനായി പ്രത്യേക അധ്വാനത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
ലോകത്തെ മുന്‍നിര പബ്ലിഷര്‍മാര്‍ പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്താന്‍ തെരഞ്ഞെടുക്കുന്നത് എഴുത്തിലെ ഒരു വഴിത്തിരിവായി കാണുന്നുണ്ടോ ?
അങ്ങനെ പറയാന്‍ പറ്റില്ല. എഴുത്തില്‍ നിലവിലുള്ളതില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഒരു അവബോധം സൃഷ്ടിക്കപ്പെടുമ്പോഴാണ് അതിനെ വഴിത്തിരിവായി പറയാനാവുക. കൂടുതല്‍ വായനക്കാരിലേക്ക് എത്തിപ്പെടുന്നതിന്റെ ചുവടായിട്ടാണ് ഇതിനെ കാണുന്നത്. നമ്മള്‍ എഴുതുന്നത് കൂടുതല്‍ പേര്‍ വായിക്കും എന്നുള്ളതാണ്.
മീശ ഹാര്‍പര്‍ കോളിന്‍സിലൂടെ Moustache ആയപ്പോഴുള്ള സ്വീകാര്യതയും അതിനോടുള്ള വായനക്കാരുടെയും നിരൂപകരുടെയും പ്രതികരണവും എത്തരത്തിലായിരുന്നു ?
പ്രതീക്ഷിക്കാത്ത തരത്തിലുള്ള മികച്ച പ്രതികരണമാണുണ്ടായത്. ജയശ്രീ കളത്തില്‍ വളരെ നന്നായി പരിഭാഷപ്പെടുത്തി. എന്‍ പ്രഭാകരന്‍ മാഷിന്റെ ഒരു മലയാളി ഭ്രാന്തന്റെ ഡയറിക്കുറിപ്പുകള്‍ എന്ന പുസതകം തര്‍ജ്ജമ ചെയ്തതിന് അവര്‍ക്ക് ഇക്കഴിഞ്ഞയിടെ ക്രോസ് വേഡ് പുരസ്‌കാരം ലഭിച്ചിരുന്നു. മലയാളത്തില്‍ ഉണ്ടായതിനേക്കാള്‍ ഇരട്ടി നിരൂപണങ്ങള്‍ ഇംഗ്ലീഷിലുണ്ടായി. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിരൂപണങ്ങള്‍ വന്നു. ദ ഷില്ലോങ് ടൈംസിലടക്കം റിവ്യൂ വന്നിരുന്നു. നിരവധി പേര്‍ വിളിച്ചു. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നുപോലും നല്ല അഭിപ്രായങ്ങളുണ്ടായി. കഴിഞ്ഞദിവസം ബിഹാറിലെ ഒരു കോളജ് അധ്യാപിക അതേക്കുറിച്ച് എഴുതിയിരുന്നു. ജയശ്രീ അത് പരിഭാഷപ്പെടുത്തുമ്പോള്‍ എനിക്കൊരാശങ്കയുണ്ടായിരുന്നു. തീര്‍ത്തും പ്രാദേശികമായ ഒരു പ്രമേയത്തെ അന്താരാഷ്ട്ര വായനക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്ന്. എന്നാല്‍ നല്ല പരിഭാഷയുണ്ടാവുകയും നല്ല രീതിയില്‍ സ്വീകരിക്കപ്പെടുകയും ചെയ്തു. വളരെ സന്തോഷകരമായ അനുഭവമായിരുന്നു അത്.
കൂടുതല്‍ കൃതികള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുന്നതിലൂടെ പുതിയ എഴുത്തുകാര്‍ക്ക് വലിയ സാധ്യതയല്ലേ തുറന്നുകിട്ടുന്നത് ?
ഇപ്പോഴുള്ള യുവ എഴുത്തുകാര്‍ക്കും ഇനി ഈ രംഗത്തേക്ക് കാല്‍വെപ്പ് നടത്തുന്നവര്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്നതാണിത്. മലയാളത്തില്‍ ഒരുപാട് ചെറുപ്പക്കാര്‍ ഉഗ്രനായിട്ട് എഴുതുന്നുണ്ട്. ചെറുകഥകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും നോവലിനാണ് പ്രാമുഖ്യം കിട്ടാറ്. ഇപ്പോഴത്തെ യുവ ചെറുകഥാകൃത്തുക്കളൊക്കെ വളരെ നന്നായി എഴുതുന്നുണ്ട്. മലയാളത്തിലെ മാസികകള്‍ മറിച്ചുനോക്കുമ്പോള്‍ ഓരോ ആഴ്ചയും മികച്ച കഥകള്‍ കാണാനാകും. മോശം കഥകള്‍ വളരെ അപൂര്‍വമാണ്. എല്ലാം ആവറേജ് കഥകളോ ആവറേജിന് മുകളില്‍ നില്‍ക്കുന്നവയോ ആണ്. വളരെ മികച്ച കഥകളും ഇടയ്ക്കുണ്ടാകാറുണ്ട്. നല്ല സാഹിത്യം ഉണ്ടാകുന്ന ഭാഷയുടെ ലക്ഷണമാണത്. വിവര്‍ത്തന രംഗത്തിന് അത് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്. അവര്‍ക്ക് മുന്നിലേക്ക് വലിയ വായനാലോകം തുറന്നുകിട്ടുകയാണ്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
എഴുത്തുകൊണ്ട് മാത്രം ജീവിക്കുക എന്നത് അപൂര്‍വം പേര്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്ന് പറയാറുണ്ട് ? പരിഭാഷയിലൂടെ വലിയ വായനാ സമൂഹത്തെ ലഭിക്കുമ്പോള്‍ എഴുത്തുകാരന്റെ ഉപജീവനത്തിന് അത് വലിയ സഹായകമാവുകയല്ലേ ?
എഴുത്തില്‍ നിന്നുള്ള പ്രതിഫലം കൊണ്ട് ജീവിക്കാനായാല്‍ അത് നല്ല മനസ്സമാധാനം നല്‍കുന്ന കാര്യമാണ്. സുരക്ഷിതത്വ ബോധമുണ്ടാകും. എഴുതാന്‍ കുറച്ചുകൂടി സമയം കിട്ടും. കലാകാരന്‍മാര്‍ പൊതുവെ ദരിദ്രരായിരിക്കണമെന്നതാണ് പരമ്പരാഗത ധാരണ. പക്ഷേ നമ്മളില്‍ എഴുതാനുള്ള അഭിനിവേശം ഉണ്ടെങ്കില്‍, അതുകൊണ്ട് ജീവിക്കാന്‍ പറ്റുമെങ്കില്‍ വളരെ നല്ല കാര്യമാണത്. അപ്പോള്‍ എഴുത്തിനെ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാകും. അതിനുവേണ്ടി മാത്രം സമയം ചെലവഴിക്കാനുമാകും.