പദ്മരാജന്‍ സാഹിത്യ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. പദ്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ നോവലുകള്‍ക്കുള്ള പ്രഥമ പുരസ്‌കാരം സമുദ്രശില രചിച്ച സുഭാഷ് ചന്ദ്രന് ലഭിക്കും. ഇരുപതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ആണ് പുരസ്‌കാരം. സാറാ ജോസഫ് എഴുതിയ 'നീ' മികച്ച ചെറുകഥയായി തെരഞ്ഞെടുക്കപ്പെട്ടു. പതിനയ്യായിരം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ആണ് പുരസ്‌കാരം. പ്രസന്നരാജന്‍ ചെയര്‍മാനും റോസ് മേരി, പ്രദീപ് പനങ്ങാട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്.
കുമ്പളങ്ങി നൈറ്റ്‌സ് സംവിധാനം ചെയ്ത മധു സി നാരായണന്‍ ആണ് മികച്ച സംവിധായകന്‍. ഇരുപത്തി അയ്യായിരം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും. മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം സംവിധായകന്‍ സജിന്‍ ബാബുവിന്. ബിരിയാണി എന്ന സിനിമയുടെ തിരക്കഥയ്ക്കാണ് അവാര്‍ഡ്. പതിനയ്യായിരം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും. പ്രത്യേക പരാമര്‍ശത്തിന് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് തെരഞ്ഞെടുക്കപ്പെട്ടു. ഉയരേ എന്ന ചിത്രത്തിനാണ്.
സംവിധായകന്‍ ശ്യാമപ്രസാദ് ചെയര്‍മാനും ജലജ, വിജയകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് സിനിമാ പുരസ്‌കാരം നിര്‍ണയിച്ചത്. മേയ് 23ന് പദ്മരാജന്റെ എഴുപത്തിയഞ്ചാം ജന്മവാര്‍ഷിക ദിനത്തില്‍ പുരസ്‌കാര ദാനം നടത്താനായിരുന്നു നേരത്തെ ആലോചിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി പ്രദീപ് പനങ്ങാട്.