'വൺ ബൈ വൺ': പോസ്റ്റ് ട്രൂത്ത് ഡിറ്റക്ടീവ് നോവലിനൊരു മാതൃക

'വൺ ബൈ വൺ': പോസ്റ്റ് ട്രൂത്ത്  ഡിറ്റക്ടീവ് നോവലിനൊരു മാതൃക
Published on
Summary

"ഏതു മീനിനും ഒന്ന് പൊങ്ങിവന്ന് വെള്ളത്തിന്റെ മീതെ തലകാണിക്കാതെ എപ്പോഴും വെള്ളത്തിനടിയിൽ തന്നെ കിടക്കാൻ പറ്റില്ലെടോ...." തുടങ്ങിയ കൗതുകരമായ ഭാഷാഭാവനയും ദാർശനിക വർത്തമാനവും രാഷ്ട്രീയ സാമൂഹിക നിരീക്ഷണങ്ങളും കൊണ്ട് ഡിറ്റക്ടീവ് നോവൽ സാഹിത്യത്തെ ഗൗരവമേറിയ സാഹിത്യജനുസ്സായി തീർക്കുകയാണ് നോവലിസ്റ്റ് എന്ന് പറയേണ്ടി വരും.

നിയമലംഘകരെ ഗൂഢമാർഗങ്ങളിലൂടെ കണ്ടുപിടിക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരായ അപസർപ്പകരുടെ കൃത്യങ്ങളെ ആധാരമാക്കി ആവേശജനകമാംവിധം രചിക്കപ്പെടുന്ന കഥകളെയാണല്ലോ അപസർപ്പക കഥകൾ എന്ന് പറയുക. അന്വേഷിക്കപ്പെടുന്ന കുറ്റം ഒട്ടു മിക്കപ്പോഴും മോഷണം, അക്രമം, കവർച്ച, കൊലപാതകം തുടങ്ങിയ തിന്മകളായിരിക്കും. കൃത്യം സംഭവിച്ചുകഴിഞ്ഞതോടെ കഥ ആരംഭിക്കുന്നു. കുറ്റകൃത്യം ചെയ്തതാരെന്ന കാര്യവും സാഹചര്യങ്ങളും അജ്ഞാതമായിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഡിറ്റക്റ്റീവ് അഥവാ കുറ്റാന്വേഷകൻ രംഗപ്രവേശം ചെയ്യുന്നത്. വിദൂരമായ തെളിവുകൾപോലും അയാൾ ശേഖരിക്കുന്നു. അതിവിദഗ്ദ്ധമായ നിരീക്ഷണപാടവത്തോടെ, കുറ്റകൃത്യത്തെ സംബന്ധിക്കുന്ന പലതും അയാൾ ഊഹിച്ചെടുക്കുന്നു. അങ്ങനെ, ഇരുളിലാണ്ടുപോയ പല സംഭവങ്ങളും അനുക്രമമായി അയാൾ വെളിച്ചത്തുകൊണ്ടുവരുന്നു. ഇത്തരത്തിലാണ് അപസർപ്പകകഥകളിലെ ഇതിവൃത്തം നീങ്ങുന്നത്. ഒട്ടുമിക്ക സംഭവങ്ങളും നിഗൂഹനം ചെയ്തിരിക്കുന്നതുമൂലം, ഇത്തരം കഥകൾ വായനക്കാരിൽ അസാധാരണമായ ഉദ്വേഗം സൃഷ്ടിക്കും. അടുത്ത പടിയെന്ത്? എന്നറിയാനുള്ള വെമ്പലും ഉത്കണ്ഠയും അവരിൽ എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കും. സാധാരണക്കാരായ വായനക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള കഥാവിഭാഗമാണിത്.

മലയാളത്തിലെ ആദ്യ കഥ തന്നെ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നതായിരുന്നു. അതിവിരുതനായ ഒരു കള്ളന്റെ ജീവിതകഥയെ ആധാരമാക്കി വേങ്ങയിൽ കുഞ്ഞുരാമൻ നായനാർ 1065-ൽ പ്രസിദ്ധീകരിച്ച വാസനാവികൃതി എന്ന കഥയാണ് മലയാള ഭാഷയിൽ അറിയപ്പെട്ടിടത്തോളം ആദ്യം ഉണ്ടായ അപസർപ്പക കഥ. സർ ആർതർ കോനൻ ഡോയ്ലിന്റെ ഷെർലക് ഹോംസ് കഥകളിൽനിന്നാണ് നായനാർ തന്റെ പുതിയ കഥയ്ക്കുള്ള ആശയവും രചനാരീതിയും സ്വീകരിച്ചത്. വാസനാവികൃതിയെ പിന്തുടർന്ന് മേനോക്കിയെ കൊന്നതാര് എന്നൊരപസർപ്പകകഥകൂടി നായനാർ രചിച്ചു. അപസർപ്പക കഥകൾക്കു സാഹിത്യരംഗത്തു പിന്നീടുണ്ടായിട്ടുള്ള അയിത്തം ആദ്യകാല രചയിതാക്കളെ ഒട്ടുംതന്നെ ബാധിച്ചിരുന്നില്ല.

മലയാളകഥാനോവൽ പ്രസ്ഥാനങ്ങളിൽ ആരംഭകാലത്തു തന്നെ അപസർപ്പക കഥകളും സ്ഥാനം പിടിച്ചു. മലയാളത്തിലെ കഥാകാരന്മാരുടെ ആദ്യതലമുറയ്ക്കു മാർഗദർശകമായിരുന്നത് എഡ്ഗർ അലൻ പോയും, സർ ആർതർ കോനൻ ഡോയലും നഥാനിയേൽ ഹാത്തോണുമൊക്കെയായിരുന്നു. കടംകൊണ്ട ആശയങ്ങളെ കഴിയുന്നത്ര മലയാളീകരിച്ച് അവതരിപ്പിക്കാനാണ് ഈ തുടക്കക്കാരെല്ലാം ശ്രമിച്ചത്. വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ, ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ, എം.ആർ.കെ.സി., അമ്പാടി നാരായണപ്പൊതുവാൾ തുടങ്ങിയവർ രചിച്ച കഥകളിൽ ഏറ്റവും പ്രചാരം നേടിയതു് അപസർപ്പക കഥകളായിരുന്നു.

അപ്പൻ തമ്പുരാൻ 1905ൽ പ്രസിദ്ധീകരിച്ച ഭാസ്കരമേനോൻ ആണു് മലയാളഭാഷയിൽ ആദ്യം പുറത്തുവന്ന അപസർപ്പക നോവൽ. ഭീതിയും ആകാംക്ഷയും ഇളക്കിവിടുന്ന ഭീകര സംഭവങ്ങൾ ആവോളം ഇടകലർത്തി ഒ.എം. ചെറിയാൻ രചിച്ച കാലന്റെ കൊലയറ (1928) മലയാളത്തിൽ ആദ്യകാലത്തുണ്ടായ അപസർപ്പകകഥകളിൽ ഏറ്റവും പ്രചാരം നേടിയ കൃതിയായി മാറി. കാരാട്ട് അച്യുതമേനോൻ രചിച്ചതും മലയാളത്തനിമ ഏറെ തുടിച്ചു നില്ക്കുന്നതുമായ വിരുതൻ ശങ്കു വളരെയേറെ പ്രചാരം നേടിയ മറ്റൊരു കൃതിയാണ്. അപസർപ്പക കഥകൾക്കുണ്ടായ അത്ഭുതാവഹമായ ജനപ്രീതി മലയാളത്തിൽ പിന്നീട് അവയുടെ പ്രവാഹം തന്നെയുണ്ടാക്കി. ഇംഗ്ലീഷിൽനിന്നും ബംഗാളിയിൽ നിന്നുമുള്ള വിവർത്തനങ്ങളും രൂപം മാറ്റിയുള്ള പരിവർത്തനങ്ങളുമുണ്ടായി. മലയാളിയുടെ സംസ്കാരമോ ജീവിതസംഘട്ടനങ്ങളോ അവയിൽ ഒട്ടും തന്നെ പ്രതിഫലിച്ചിരുന്നില്ല. സാഹസികതയിലും ഉദ്വേഗത്തിലും പരിണാമഗുപ്തിയിലും കണ്ണുവച്ച് വായനക്കാരുടെ കൌതുകത്തെ ആവോളം തൃപ്തിപ്പെടുത്തുന്ന വിധത്തിൽ രചിക്കപ്പെട്ടവയായിരുന്നു ഇവയെല്ലാം. എം.ആർ. നാരായണപിള്ള, ബി.ജി. കുറുപ്പ്, സി. മാധവൻപിള്ള, പി.എസ്. നായർ, എൻ.ബാപ്പുറാവു, ഇസഡ്.എം. പാറേട്ട് എന്നിവർ ശ്രദ്ധേയരായി മാറി. ആധുനിക കാലത്ത് കോട്ടയം പുഷ്പനാഥ്, തോമസ് ടി. അമ്പാട്ട്, വേളൂർ പി.കെ. രാമചന്ദ്രൻ, ബാറ്റൺ ബോസ്, ശ്യാംമോഹൻ, ഹമീദ് തുടങ്ങിയവർ അപസർപ്പക നോവൽ, കഥ രചനകളിലൂടെ ഏറെ ശ്രദ്ധേയരായവരാണ്.

ഈയടുത്തകാലത്ത് വിശേഷിച്ചും കൊറോണകാലം ആരംഭിച്ച ശേഷം ഡിറ്റക്ടീവ് അഥവാ അപസർപ്പക സാഹിത്യം വീണ്ടും അതിശക്തമായി തിരിച്ചുവരികയും വലിയൊരു വിഭാഗം വായനക്കാരെ അത് കയ്യിലെടുക്കുകയും ചെയ്തിരിക്കുന്നു. ഇടക്കാലത്ത് ജനപ്രിയ വാരികകളിൽ പ്രത്യക്ഷപ്പെട്ട രീതിയിലല്ലാതെയാണ് പുതിയ വരവ്. മുഖ്യധാരാസാഹിത്യത്തിൻറെ നിലവാരത്തിലേക്ക് ഉയരുവാനുള്ള അതിന്റെ ശ്രമവും പൂർണമായും നോവൽ സാഹിത്യ ജോണറിൽ പരിമിതിപ്പെട്ടുമാണ് അതിന്റെ വർത്തമാനകാല വളർച്ച സാധിച്ചു കൊണ്ടിരിക്കുന്നത്. മുഖ്യധാരാ സാഹിത്യലോകത്തിന് ഈ വിഭാഗത്തിനോട് ഇടക്കാലത്തുണ്ടായിരുന്ന അയിത്തം ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ടി. പി. രാജീവൻ എഴുതിയ പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന നോവൽ മാതൃഭൂമി വിളംബരം ചെയ്തത് ഡിറ്റക്ടീവ് നോവൽ എന്ന ടാഗ് ലൈനോട് കൂടിയായിരുന്നു.

ഡിറ്റക്ടീവ് നോവലിന്റെ വർത്തമാനകാല സാഹചര്യത്തിൽ വ്യത്യസ്തമായ പരിചരണം കൊണ്ടും ദാർശനികമാനം കൊണ്ടും അത്യുത്തമമായ ഭാഷാചാതുരി കൊണ്ടും കല്പനാവൈചിത്ര്യം കൊണ്ടും വേറിട്ടുനിൽക്കുന്നവയാണ് അൻവർ അബ്ദുള്ളയുടെ കുറ്റാന്വേഷണ നോവലുകൾ. താത്കാലികവായനയ്ക്കുതകും വിധമല്ലാതെ അതിനെ ഗൗരവത്തോടെ സമീപിക്കുകയും നല്ല സാഹിത്യത്തിൽ തന്നെ എഴുതാൻ ശ്രമിയ്ക്കുകയും ചെയ്യുന്ന ഈ നോവലിസ്റ്റ് അടുത്തകാലത്തെഴുതിയ ഈ ജോണറിൽ പെട്ട മൂന്നാലു നോവലുകൾ അതിനു തെളിവായി നിസ്സംശയം ഹാജരാക്കാൻ സാധിക്കും. അതിലൊന്ന് പ്രൈം വിറ്റ്നസ് ആണ്. പന്ത്രണ്ടു യുവാക്കള്‍ തിരുവനന്തപുരത്ത് കോവളത്തിനു പരിസരത്തെ ഒരു റിസോര്‍ട്ടില്‍ ഒന്നിച്ചു താമസിക്കാനിടവരുന്നു. അവര്‍ മദ്യപാനത്തിനുശേഷം, കോവളത്ത് രാത്രി ചെലവഴിക്കുന്നു. ഒരു ചെറിയ പ്രശ്‌നത്തില്‍പ്പെട്ട് അവിടെ സമയം ചെലവിട്ട ശേഷം, അവര്‍ തിരികെ റിസോര്‍ട്ടില്‍ എത്തുമ്പോള്‍ കൂട്ടത്തിലുള്ള അജിത്ത് ഇല്ല. തിരികെ കടപ്പുറത്തെത്തി അവര്‍ അവന്റെ മൃതദേഹം കണ്ടെത്തുന്നു. കേസ് അന്വേഷിക്കുന്ന ഡിറ്റക്ടീവ് പെരുമാള്‍ മരണപ്പെട്ട ഈ പന്ത്രണ്ടാമനു മാത്രമേ ഈ കൊലപാതകം ആര്‍ നടത്തി എന്നു പറയാനുകൂ എന്ന പരികല്പനയില്‍, ഈ പന്ത്രണ്ടാമന്റെ, അഥവാ, മരിച്ചവന്റെ സ്ഥാനത്ത് സ്വയം അവരോധിച്ച് സംഭവം പുനഃസൃഷ്ടിക്കുന്നു. അതിനുശേഷം, റിസോര്‍ട്ടില്‍ ഈ പതിനൊന്നുപേരെയും വിളിച്ചുകൂട്ടിയിരുത്തി, ഓരോരോ സംഭവനിമിഷങ്ങളും സൂക്ഷ്മതയോടെ വിശകലനം ചെയ്ത് കുറ്റവാളിയെ കണ്ടെത്തുന്നു. ഓരോരുത്തര്‍ക്കും അജിത്തിനെ കൊല്ലാനുള്ള കാരണങ്ങളുണ്ടെന്നതും അതിന്റെ വിശദാംശങ്ങളും പെരുമാള്‍ നിര്‍ധാരണം ചെയ്യുന്നുണ്ട്.

മറ്റൊരു നോവൽ ജയന്റെ മരണം അന്വേഷിച്ചു ചെല്ലുന്ന, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച, 1980 എന്ന നോവലാണ്. ഹെലികോപ്റ്ററില്‍ ഒരു സാഹസികരംഗം ചിത്രീകരിക്കുന്നതിനിനിടെ മരണപ്പെട്ട മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിന്റെ മരണത്തിലേക്ക് മുപ്പത്തിയെട്ടുവര്‍ഷങ്ങള്‍ക്കുശേഷം അന്വേഷണവുമായി എത്തുന്ന ശിവശങ്കർ പെരുമാളിന്റെ കഥയാണീ നോവൽ. കുറ്റാന്വേഷണ നോവലിന്റെ നിഗൂഢസൗന്ദര്യവും ഉദ്വേഗവും കാഴ്ചവെക്കുന്നുണ്ട് ഈ കൃതി.

അൻവർ അബ്ദുള്ള ഏറ്റവും പുതിയതായി എഴുതിയ നോവലാണ് വൺ ബൈ വൺ. ഈ നോവൽ ഡിറ്റക്ടീവ് അബു, ഡിറ്റക്ടീവ് ജിബ്‌രീൽ എന്നീ ഇരട്ട സൂഫി മിസ്റ്റിക് അന്വേഷകരുടെ ഈ മേഖലയിലെ ഇടപെടൽ വരയ്ക്കുന്നു. ഇതൊരുപക്ഷേ, മലയാളത്തിൽ (ലോക മുഖ്യധാരാസാഹിത്യത്തിൽത്തന്നെ) ആദ്യത്തെ സൂഫി ഡിറ്റക്ടീവ് അന്വേഷകരുടെ കൂടി കഥയായിരിക്കാം. കഥകൾ കോർത്തുകോർത്ത് നീങ്ങുന്ന അന്വേഷണവും മുഖ്യധാരാ സാഹിത്യത്തെ വെല്ലുന്ന ഭാഷയും ഈ കൃതിയെ വ്യത്യസ്തമാക്കുന്നുണ്ട്. ' ഇരുട്ട്, പേടിച്ച് രണ്ടു വഴിക്ക് ഓടിമാറി. വെളിച്ചത്തിന്റെ തിരശ്ചീനഗോപുരത്തിന്റെ താരവീഥിയുടെ മുകളിൽ അതു നിന്നു കിതയ്ക്കുകയും തിരിച്ചുവരാൻ തക്കം പാർക്കുകയും ചെയ്തു." ഇത് പോലെയുള്ള മനോഹരമായ വാക്യങ്ങളെ കഥയുടെ ഒഴുക്ക് നഷ്ടപ്പെടുത്താതെ തന്നെ ഒരു കുറ്റാന്വേഷണ നോവലിൽ കാണുന്നത് ഈ സാഹിത്യശാഖയുടെ വളർച്ച തന്നെയാണെന്ന് അഭിമാനത്തോടെ പറയാം. അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പെരുമാൾ സീരീസിനു പുറമേ പിറവികൊണ്ട ഡിറ്റക്റ്റീവ് ജിബ്‌രീൽ സീരീസിലെ രണ്ടാമത്തെ പുസ്തകം ആണ് വൺ ബൈ വൺ (ആദ്യത്തേത് കോമ - 2021 ൽ പുറത്തിറങ്ങിയിരുന്നു). ജിബ്‌രീൽ അലി, ജിബ്‌രീൽ അബു എന്നീ ഇരട്ട സഹോദരന്മാർ. അവർ തമ്മിലുള്ള സാമ്യങ്ങൾ ഒരുപാടുണ്ട്, വ്യത്യാസങ്ങളും. അബു ഒരു പത്രത്തിൽ ആണ് വർക്ക് ചെയ്യുന്നത്. ഭൂരിഭാഗവും യാത്രകളും അന്വേഷണങ്ങളും നടത്തുന്നതും അബു ആയിരിയ്ക്കും. എന്നാൽ അലി പലപ്പോഴും മുറി വിട്ടിറങ്ങാറേയില്ല. സവിശേഷമായ വ്യക്തിത്വം എന്ന് വേണമെങ്കിൽ പറയാം. 'ഇൻവെസ്റ്റിഗേറ്റർ' എന്ന യൂ ട്യൂബ് ചാനൽ നടത്തുന്നുണ്ട്. ഇന്ത്യയിൽ നടക്കുന്ന ഒരു ക്രിക്കറ്റ് ടൂർണ്ണമെന്റ്നോട് അനുബന്ധമായി അബു ഒരു കോളമെഴുതുന്നുണ്ടായിരുന്നു. കളി നടക്കുന്ന സാഹചര്യങ്ങളും കളിക്കാരുടെ ശക്തിയും ദൗർബല്യവും മത്സര ചരിത്രവും പിച്ചിന്റെ സ്വഭാവവും കാലാവസ്ഥയും പോലും കണക്കിലെടുത്തു നടത്തുന്ന ഒരു പ്രവചന പരമ്പര തന്നെ. ആദ്യമത്സരം മുതൽ അബുവിന്റെ പ്രവചനം കൃത്യമായതോടെ ആ കോളം ഒരു തരംഗം സൃഷ്ടിയ്ക്കുന്നു. തുടർന്ന് ഓരോ മത്സരത്തിലും അബുവിന്റെ പ്രവചനങ്ങൾ ഏറെക്കൂറെ എല്ലാം തന്നെ അതേപടി ഫലിയ്ക്കുന്നുവെങ്കിലും ഫൈനലിൽ എല്ലാം തകിടം മറിയുന്നു. ടോസ് മുതൽ എല്ലാം തെറ്റുകയും മത്സര ഫലം തന്നെ തകിടം മറയുകയും ചെയ്യുന്നു. അതോടെ തീർത്തും നിരാശനായ അബു കുറച്ചു ദിവസത്തെ അവധിയെടുത്ത് തന്റെയും അലിയുടെയും ഫ്ലാറ്റിൽ (221 A/B) തിരിച്ചെത്തുന്നു. അബുവിന്റെ മടുപ്പ് മാറ്റാൻ ഉള്ള ഒരു മാർഗം അലി മുന്നോട്ട് വയ്ക്കുന്നു. അടുത്ത കാലത്ത് ഉണ്ടായ ചില പത്രവാർത്തകൾ എടുത്ത് കാണിച്ചു കൊണ്ട് അതിൽ ഇഷ്ടമുള്ള രണ്ടോ മൂന്നോ കേസുകളിൽ ആരെയും ബോധിപ്പിയ്ക്കാൻ അല്ലാതെ ഒരന്വേഷണം നടത്തുക. അബു അത് അംഗീകരിച്ചുകൊണ്ട് അതിൽ നിന്ന് മൂന്ന് കേസുകൾ തിരഞ്ഞെടുക്കുന്നു. "ഗവിയിലെ വനപാലകൻ മോഹനന്റെ തിരോധാനം", "പത്രപ്രവർത്തകൻ രാജാസാമിയുടെ ആത്മഹത്യ", "തിരുവല്ലയിലെ ഡൽഹി നിവാസി എൻജിനീയർ വിനോദിന്റെ കൊലപാതകം". ഈ മൂന്നു കേസുകളും വൺ ബൈ വൺ ആയി അന്വേഷിക്കാൻ അബു ഇറങ്ങുന്നു. എന്നാൽ അബുവിനെ മാത്രമല്ല, നമ്മൾ വായനക്കാരെയും കാത്തിരിക്കുന്നത്, അതിശയിപ്പിയ്ക്കുന്ന, എന്നാൽ ഇടയ്ക്കൊരു വേള കുഴപ്പിച്ചേക്കാവുന്ന സംഭവപരമ്പര ആയിരുന്നു. കഥയുടെ സസ്പെൻസ് നഷ്ടപ്പെടാതെ ഇരിയ്ക്കുവാൻ വിശദ വിവരങ്ങളിലേയ്ക്ക് കടക്കുന്നില്ല. എങ്കിലും കഥയുടെ ക്ലൈമാക്സിലേയ്ക്ക് എത്തുമ്പോഴാണ് ഈ ഓരോ കേസുകളുടെയും യഥാർത്ഥസ്വഭാവം നമുക്ക് പിടികിട്ടുകയുള്ളൂ. നാം പത്രങ്ങളിൽ കാണുന്ന നിസ്സാരമെന്ന് കരുതുന്ന ഓരോ വാർത്തകളുടെയും പുറകിൽ എത്രയോ വലിയ, ഭീകരമായ സാദ്ധ്യതകൾ ആണ് ഉള്ളത് എന്ന് വൺ ബൈ വൺ എന്ന ഈ കുറ്റാന്വേഷണ നോവലിലൂടെ എഴുത്തുകാരൻ നമുക്ക് കാണിച്ചു തരുന്നു. മൂന്ന് വ്യത്യസ്ത കേസുകളുടെ അന്വേഷണം നാലാമത് ഒരു കേസിന്റെ നിർദ്ധാരണത്തെ ഏത് വിധത്തിൽ സഹായിയ്ക്കുന്നു എന്നതും ഈ കേസ് തന്നെ എത്ര വലിയ, ലോകമൊട്ടാകെ പടർന്നു പന്തലിച്ചു നിൽക്കുന്ന കുറ്റകൃത്യ ശൃംഖലയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നതും വായനക്കാരെ ഞെട്ടിയ്ക്കും, ഇരുത്തിച്ചിന്തിപ്പിയ്ക്കും. അപ്പോൾ, വായനാപ്രേമികളെ... സമയം കളയാതെ വായന തുടങ്ങിക്കോളൂ... വൺ ബൈ വൺ ആയി. ഇതിലെ ഓരോ കേസുകളായി നമ്മൾ വായിച്ചെത്തുമ്പൊൾ ആ ഒരു ഇമ്മിണി വലിയ കേസിന്റെ പരിസമാപ്തിയിൽ ജിബ്‌രീൽ നമ്മളെ വഴി കാണിയ്ക്കും. വായനയുടെ വഴികളിലെ ഓരോ കേസുകളുടെയും അവസാനത്തെ വിട്ടു പോയ വിടവുകൾ തുന്നിച്ചേർത്ത് നമ്മുടെ മുന്നിൽ അവതരിപ്പിയ്ക്കും. അപ്പോൾ നമ്മളും മനസ്സിലാക്കും, അലി പറയും പോലെ ജിബ്‌രീൽ അബുവും ജിബ്‌രീൽ അലിയും രണ്ടല്ല എന്ന്... അബുവില്ലാതെ അലിയില്ല, അലിയില്ലാതെ അബുവും !

"ഏതു മീനിനും ഒന്ന് പൊങ്ങിവന്ന് വെള്ളത്തിന്റെ മീതെ തലകാണിക്കാതെ എപ്പോഴും വെള്ളത്തിനടിയിൽ തന്നെ കിടക്കാൻ പറ്റില്ലെടോ...." തുടങ്ങിയ കൗതുകരമായ ഭാഷാഭാവനയും ദാർശനിക വർത്തമാനവും രാഷ്ട്രീയ സാമൂഹിക നിരീക്ഷണങ്ങളും കൊണ്ട് ഡിറ്റക്ടീവ് നോവൽ സാഹിത്യത്തെ ഗൗരവമേറിയ സാഹിത്യജനുസ്സായി തീർക്കുകയാണ് നോവലിസ്റ്റ് എന്ന് പറയേണ്ടി വരും. സ്വസ്തികയും നവമുതലാളിത്തവും സത്യാനന്തരകാലവുമെല്ലാം ചർച്ച ചെയ്യപ്പെടുന്ന ഡിറ്റക്ടീവ് നോവൽ എന്നുകൂടി പറഞ്ഞാൽ ഗൗരവശാലികളായ വായനക്കാർക്ക് കാര്യം എളുപ്പം മനസ്സിലാവുമല്ലോ. ലോകമൊട്ടാകെ വളർന്നുവന്ന വലതുമൂല്യങ്ങളും സാസ്കാരിക ജീർണതകളും വലതിനേക്കാൾ ജീർണമായ ഇടതുരാഷ്ട്രീയവുമെല്ലാം വിചാരണക്കെടുക്കുന്ന രാഷ്ട്രീയ കുറ്റകൃത്യ നോവൽ എന്ന് കൂടി ഇതിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല തന്നെ.

Related Stories

No stories found.
logo
The Cue
www.thecue.in