പൂഞ്ചിറയുടെ തട്ടകത്തിൽ നിന്ന് കഥയുടെ മാന്ത്രികപ്പട്ടങ്ങൾ: നിധീഷ് ജി അഭിമുഖം

നിധീഷ് ജി
നിധീഷ് ജി
Published on
Summary

അഞ്ചു കഥാസമാഹാരങ്ങൾ, ഒരു സിനിമ. കലാപൂർണ്ണതയ്ക്കു വേണ്ടിയുള്ള സമർപ്പണവും വ്യക്തവും ഉറച്ചതുമായ രാഷ്ട്രീയബോധ്യങ്ങളുമാണ് ഈ എഴുത്തുകാരന്റെ സവിശേഷത. നിയമപാലനത്തിന്റെ ഉത്തരവാദിത്തമുള്ള പോലീസ് ഓഫീസർ ആയിരിക്കെത്തന്നെ കഥാരംഗത്തും ഇലവീഴാപ്പൂഞ്ചിറ എന്ന ഒറ്റ സിനിമയിലൂടെ തിരക്കഥയിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച നിധീഷ് ജി. ഇതുവരെയുള്ള തന്റെ സർഗ്ഗാത്മകയാത്രയെപ്പറ്റി ജിഗീഷ് കുമാരനുമായി സംസാരിക്കുന്നു.

Q

ജീവിതയാത്രയിലെ ഏതു പോയിന്റിൽ വെച്ചാണ് എഴുത്ത് സ്വന്തം തട്ടകമാണെന്ന് തിരിച്ചറിഞ്ഞത്? അത് കഥ അല്ലെങ്കിൽ ഫിക്ഷൻ തന്നെയായിരുന്നോ? എഴുത്തിന്റെ തുടക്കവും ആദ്യകാലസ്വാധീനങ്ങളും ഏതു രീതിയിലായിരുന്നു?

A

ചെമ്മൺപൊടി പാറിച്ച്, നിർത്താതെ ബെല്ലടിച്ച് റോഡിലൂടെ വേഗത്തിൽ പായുന്ന സൈക്കിളോർമയാണ് എഴുത്തിന്റെ ആദ്യകാലം. അന്ന് കൂട്ടുകാരോടൊപ്പം കേളികൊട്ട് എന്നൊരു ലിറ്റിൽ മാഗസിൻ നടത്തുകയായിരുന്നു. വരിസംഖ്യയ്ക്കും പരസ്യങ്ങൾക്കുമായി ദേശം കടന്നും കിലോമീറ്ററുകളോളം സൈക്കിളുകൾ കിതച്ചു വിയർത്തു. എന്തിനുവേണ്ടിയെന്ന് തിട്ടപ്പെടുത്താനാവാത്ത സവിശേഷമായ ഒരു ഊർജ്ജം അക്കാലം ഞരമ്പുകളിലൂടെ ഓടിയിരുന്നു. പ്രസ്സിലെ കമ്പോസർ ചേട്ടനോടൊപ്പമിരുന്ന് അക്ഷരങ്ങൾ അടുക്കിവെക്കാൻ പഠിച്ചതോടെ എന്തും വഴങ്ങുമെന്നായി. ഒരിക്കൽ പേജ് തികയ്ക്കാൻ മാറ്റർ തികയാതെ വന്നപ്പോൾ ഒരു കഥയെഴുതി - ബച്ചൻലാലിന്റെ ഓർമയ്ക്ക്. ഒ വി വിജയനും എം.മുകുന്ദനും പത്മരാജനുമൊക്കെ വായനയിൽ കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത്, അവരുടെ സർവ്വസ്വാധീനവുമുള്ള കഥയായി അതിനെ ഓർക്കുന്നു. എഡിറ്റർ സ്വന്തം കഥ മാസികയിൽ അച്ചടിച്ചു വിടുന്നതിന്റെ ജാള്യതയോർത്ത് അന്ന് മറ്റൊരു പേരിലാണത് കൊടുത്തത്. അങ്ങനെ മൂന്ന് കഥകളും രണ്ട് കവിതകളും അതിൽ പല പേരുകളിലായി എഴുതി. പിന്നീട് ട്യൂട്ടോറിയൽ കോളേജ് അധ്യാപനവും ശേഷം മാർക്കറ്റിംഗ് ജോലികളുമായി അലഞ്ഞുതിരിഞ്ഞ കാലത്തെ അസ്ഥിരത എഴുത്തിനെ ആകമാനം അട്ടിമറിച്ചു. ഒരു പ്രണയത്തകർച്ചയോടെ ഡയറിയെഴുത്തും അട്ടത്ത് കയറി. പോലീസ് ട്രെയിനിംഗ് കാലത്ത്, ഇല്ലാത്ത ശക്തി കൊടുത്ത് കാലുകൾ ഉയർത്തിയടിച്ചപ്പോൾ പൊങ്ങിപ്പാറിയ ചെമ്മൺപൊടിയാൽ ഉള്ളിലെ അക്ഷരക്കൂട്ടം ഒന്നാകെ പറന്നുപോയി. പിന്നീട് ഒരു വാക്ക് പോലും എഴുതാനാകുമെന്ന് കരുതിയതല്ല. ട്രാൻസ്ഫറായി കോട്ടയത്ത് വന്നതോടെ, ട്രെയിൻ യാത്ര വായനയ്ക്കുള്ള ഇടവും നല്ല സൗഹൃദങ്ങളും തന്നു. സിനിമയെയും പുസ്തകങ്ങളെയും പ്രണയിച്ച പോലീസ് കൂട്ടുകാരുടെ ഒരു സംഘവും ആ സമയം രൂപപ്പെട്ടു. എഴുതണമെന്ന് വീണ്ടും തോന്നിയ നിമിഷത്തിൽ ബ്ലോഗാണ് ആദ്യം പ്രതലമാക്കിയത്. തുടർന്ന് വാരാദ്യമാധ്യമത്തിൽ ഹൈഡ്ര എന്ന കഥ പ്രസിദ്ധീകരിച്ചു. എന്നിട്ടും കഥയെഴുത്ത് എന്റെ തട്ടകമാണെന്ന് തോന്നിയിരുന്നില്ല. 2011-ൽ സമകാലിക മലയാളം വാരികയിൽ 'കെന്നൽകാമനകൾ' വന്നതോടെയാണ് അൽപമൊക്കെ ആത്മവിശ്വാസം വന്നത്.

Q

ഒരു കഥയിലേക്ക് ആദ്യമായി trigger ചെയ്യുന്നതെന്താണ്? ഒരാശയമാണോ അനുഭവമാണോ പറഞ്ഞുകേട്ട ഏതെങ്കിലുമൊരു സംഭവമാണോ? പിന്നീട് കഥ പൂർണ്ണതയിലെത്തുന്നതു വരെയുള്ള അതിന്റെ സഞ്ചാരം ഏതൊക്കെ വഴികളിലൂടെയാണ്?

A

എങ്കിൽപ്പിന്നെ ഒരു കഥയെഴുതിക്കളയാം എന്നു കരുതി ഇതുവരെ ഒന്നുമെഴുതിയിട്ടില്ല. ഇങ്ങനെ ചോദ്യങ്ങൾക്ക് മറുപടിയെഴുതാൻ പോലും അനുകൂലമായ ഒരു സ്പേസ് അകംകൊണ്ട് ആവശ്യമായി വരാറുണ്ട്. സത്യത്തിൽ കഥാപാത്രങ്ങളാണ് ആദ്യം മനസ്സിൽ നിറയുക. ജോലിസ്ഥലത്ത്, യാത്രകളിൽ, ദേശത്ത് ഒക്കെയുള്ള മനുഷ്യരിൽ നിന്ന് അങ്ങനെയൊരാളെ വീണുകിട്ടും. സ്വഭാവത്തിലെ സഹജമായ പ്രത്യേകതകൾ, ഇടപെടലുകൾ. ചലനങ്ങൾ അങ്ങനെ പലതും ക്യൂരിയോസിറ്റി ഉണ്ടാക്കും. അതാണ് പിൻതുടരാൻ പ്രേരിപ്പിക്കുക. പിന്നെ നേരനുഭവങ്ങളോ കേട്ടറിഞ്ഞതോ ആയ കാര്യങ്ങൾ മുൻവിധികളില്ലാതെ അയാൾക്ക് ചുറ്റും വന്ന് നിറയാൻ തുടങ്ങും. ആദ്യന്തം കഥയുടെ ഒരു ഏകദേശഘടന മനസ്സിൽ രൂപപ്പെട്ടതിന് ശേഷമേ എഴുതാൻ തുടങ്ങാറുള്ളു. ചിലപ്പോൾ ഒരു ഖണ്ഡിക, അല്ലെങ്കിൽ ഒരു പേജ് പൂർത്തിയാകുമ്പോൾ മുതൽ മിനുക്കാൻ തുടങ്ങും. എഡിറ്റിംഗ് ആണ് പ്രധാനപ്പെട്ട പണി. അങ്ങനെയങ്ങനെ അവസാനമെത്താൻ മിക്കവാറും രണ്ട്-മൂന്ന് മാസങ്ങളൊക്കെ വേണ്ടി വരും. ഫൈനലായി എന്ന് തോന്നിയാലും ഏതെങ്കിലും വാരികക്ക് അയക്കാൻ വീണ്ടും സമയമെടുക്കും. ചിലപ്പോൾ മാത്രം ആരെയെങ്കിലും കാട്ടി അഭിപ്രായമാരായും. എന്നിട്ടും ഒരു മൊമെന്റിൽ ഇത് ഒകെ അല്ല എന്ന് തോന്നിയാൽ അയക്കാതെ മാറ്റിവെക്കും. അങ്ങനെയുള്ളവ കുറേയുണ്ട്.

Q

പുതിയ കഥാസമാഹാരമായ നാരങ്ങാച്ചായ സമർപ്പിച്ചിരിക്കുന്നത് ഇലവീഴാപ്പൂഞ്ചിറ എന്ന തട്ടകത്തിനാണ്. ആ സ്ഥലം എഴുത്തിനെ സവിശേഷമായി സ്വാധീനിച്ചിട്ടുണ്ടെന്നു തോന്നുന്നു. അക്കാര്യം ഒന്നു വിശദമാക്കാമോ?

A

പട്ടം പറത്തുന്ന മന്ത്രവാദി എന്ന കഥയ്ക്ക് ശേഷം എഴുത്തിൽ ചെറുതല്ലാത്ത ഒരിടവേള ഉണ്ടായി. പുതുമയുള്ളതായി ഒന്നും സംഭവിക്കുന്നില്ല. എഴുതാൻ പ്രകോപിപ്പിക്കുന്നതായി യാതൊന്നുമില്ല. എങ്കിൽപ്പിന്നെ അങ്ങനെ പോകട്ടെ എന്ന് കരുതിയിരിക്കുമ്പോൾ അടുത്ത സുഹൃത്തും ഇപ്പോൾ കേരള മുഖ്യമന്ത്രിയുടെ സുരക്ഷാവിഭാഗത്തിൽ ജോലി ചെയ്യുന്ന പോലീസുകാരനുമായ പ്രദീഷിന്റെ നാവിൽ നിന്ന് ഇലവീഴാപൂഞ്ചിറയെക്കുറിച്ചും അവിടുത്തെ വയർലെസ് സ്റ്റേഷനെക്കുറിച്ചും കേട്ടു. ഒരുമിച്ച് പോകാമെന്നൊക്കെ പദ്ധതിയിട്ടെങ്കിലും നടന്നില്ല. ഏകദേശം അതേസമയത്ത് തിരക്കഥാകൃത്തും സംവിധായകനുമായ ഷാഹി കബീർ അവിടെ ഡ്യൂട്ടിയിൽ കേറുകയും ഷാഹിയിൽ നിന്നു സ്ഥലത്തെക്കുറിച്ച് കൂടുതലറിയുകയും ചെയ്തതോടെ അവിടുത്തെ ജ്യോഗ്രഫിയോട് അറിയാതെ ഒരു പ്രേമം തോന്നി. പിന്നീട് മൂന്ന് വർഷം കൂടി കഴിഞ്ഞാണ് ഞാൻ അവിടെ ഡ്യൂട്ടിയിൽ കയറുന്നത്. ആദ്യം ബൈക്കിലാണ് പോയത്. കുത്തനെ ആറു കിലോമീറ്ററോളം പൊളിഞ്ഞിളകി കിടക്കുന്ന റോഡിലൂടെ പലവട്ടം വണ്ടി നിന്നും വീണും വിയർത്തും മുകളിലെത്തി. പാചകത്തിനായി കൊണ്ടുപോയ സാധനങ്ങളൊക്കെ വഴിയിൽ വീണു പോയി. ആകെ തകർന്ന്, അവശനായി മുകളിലെത്തിയപ്പോൾ ചിറ്റീന്തുകളിലൂടെ വീശിയടിച്ച തണുത്ത കാറ്റ് എല്ലാ പ്രയാസങ്ങളെയും ശമിപ്പിച്ചു. നിമിഷം കൊണ്ട് മാറിമറിയുന്ന കാലാവസ്ഥ ഒരത്ഭുതമായിരുന്നു. ജലദൗർലഭ്യം, ഇടിമിന്നൽ, പാറകളെ പറപ്പിക്കുന്ന കാറ്റ്, ശൈത്യം എന്നിങ്ങനെ പ്രതികൂല സാഹചര്യങ്ങളോട് വേഗം ഇണങ്ങിച്ചേർന്നു. ഒരു മായികവിദ്യയാലെന്നവണ്ണം എന്നെത്തേടി അക്ഷരങ്ങൾ മേഘങ്ങളിലൂടെ ഒഴുകിവന്നു. വർത്തമാനങ്ങളുമായി പുതിയ മനുഷ്യർ കുന്ന് കയറിയെത്തി. അവിടെയിരുന്നാണ് താമരമുക്ക്, ക്ലാപ്പന തുടങ്ങി നാരങ്ങാച്ചായയും പിന്നെ എലെഫന്റ് ഇൻ ദ റൂം വരെയുള്ള കഥകൾ എഴുതിയത്. ഇലവീഴാപൂഞ്ചിറ എന്ന കഥ എഴുതുമ്പോൾ അത് ഒരു തിരക്കഥയാക്കേണ്ടി വരുമെന്നോ സിനിമയായി പുതുവേഷമണിയുമെന്നോ ഒട്ടും വിചാരിച്ചിരുന്നില്ല. പൂഞ്ചിറ എന്ന തട്ടകം ജീവിതത്തിന് നവീനമായ ഒരു താളം കൊണ്ടുവന്നു. പണ്ടൊരിക്കൽ കണ്ട വലിയ ഒരു സ്വപ്നത്തിലേക്ക് കൈപിടിച്ച് നടത്തി. സത്യത്തിൽ ഇലവീഴാപൂഞ്ചിറ എനിക്ക് തൊഴിലിടമല്ല, വീടാണ്.

Q

അനക്കമറ്റു കിടക്കുന്ന ഒരാളുടെ മുഖത്തു നിന്ന് അയാളുടെ മനോനില വായിച്ചെടുക്കാൻ പറ്റുമോ എന്ന് എലിഫെന്റ് ഇൻ ദ റൂം എന്ന കഥയിലെ എസ്. ഐ. ബേബിക്കുട്ടൻ ആലോചിക്കുന്നുണ്ട്. ഇത് എഴുത്തുകാരന്റെ സമീപനത്തെക്കുറിച്ചുള്ള സൂചന കൂടിയാണ് എന്നു തോന്നുന്നു. എഴുത്തിനിടയിൽ അഥവാ ഒരു കഥയ്ക്കുള്ള തയ്യാറെടുപ്പിൽ പൊതുവിൽ അനുഭവിക്കുന്ന സംഘർഷങ്ങൾ അഥവാ വെല്ലുവിളികൾ ഏതു തരത്തിലുള്ളതാണ്?

A

ആനയെ കാണണമെന്ന മകന്റെ ആഗ്രഹപ്രകാരം ഒരിക്കൽ അടുത്തുള്ള അമ്പലപ്പറമ്പിൽ പോയി. അവിടെ അൽപം അകന്നുമാറി ഒരു തെങ്ങിൻചുവട്ടിൽ മ്ലാനവദനനായി പുക വലിച്ചുകൊണ്ടിരുന്ന ആനക്കാരനിൽ നിന്നാണ് ആ കഥയുടെ തുടക്കം. കോട്ടയം ഫോറൻസിക് ടീമിൽ ഡ്രൈവർ ഡ്യൂട്ടി ചെയ്തിരുന്ന രാജേഷ് എന്ന സുഹൃത്ത് പറഞ്ഞ, ഇടുക്കി ജില്ലയിൽ നടന്ന ഒരു സംഭവത്തെ ആ മനുഷ്യനിലേക്ക് ഞാൻ ചേർത്തു വെക്കുകയായിരുന്നു. ഗ്രേഡ് എസ് ഐ ബേബിക്കുട്ടൻ, നഴ്സ് അമ്പിളി സത്യൻ, പത്ത് ബി യിലെ മഞ്ജുറാണി എന്നിങ്ങനെ മൂന്നുപേരുടെ നരേഷനിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. അനക്കമറ്റു കിടക്കുന്ന ഒരാളുടെ മുഖത്ത് നിന്ന് മനസ്സ് വായിച്ചെടുക്കുന്ന ജാലവിദ്യയെക്കുറിച്ച് പറയുമ്പോൾ തന്നെ ആ മനുഷ്യന്റെ ഉൾനോവുകൾ കൂടി നമ്മിലേക്ക് ഇറങ്ങിവരും. അതിനൊപ്പമുള്ള യാത്ര വല്ലാത്ത സംഘർഷങ്ങളുണ്ടാക്കും. ബേബിക്കുട്ടനിൽ നിന്ന് അമ്പിളി സത്യനിലേക്കുള്ള ട്രാൻസിഷൻ എനിക്ക് എളുപ്പമായിരുന്നു. എന്നാൽ മഞ്ജുറാണി എന്നെ വല്ലാത്ത ഡാർക്കിലേക്ക് തള്ളിയിട്ടു. ആ പെയിൻ ഭീകരമായിരുന്നു. അവളുടെ മനസ്സ് കൃത്യമായി വായിക്കാൻ ശരിക്കും പ്രയാസപ്പെട്ടു. പലപ്പോഴും ഇതുണ്ടാവാറുണ്ട്. ഇറക്കിവിട്ടിട്ടും സരമയുടെ, സോജുവിന്റെ, മധുവിന്റെ, അയ്യത്തമ്മയുടെ, ലിൻഡയുടെ, നാണുവച്ചന്റെ, മഞ്ജുറാണിയുടെ അങ്ങനെ പലരുടെ പലതരം ട്രോമകൾ ഇപ്പോഴും ഉള്ളിലേക്ക് ഇരച്ചുകയറാറുണ്ട്. വ്യക്തിജീവിതത്തിൽ ആ മനുഷ്യരെ വീണ്ടും കണ്ടുമുട്ടേണ്ടി വരുന്ന സാഹചര്യമാണ് ഏറ്റവും പെയിൻഫുൾ.

നിധീഷ് ജി
നിധീഷ് ജി
Q

'പട്ടം പറത്തുന്ന മന്ത്രവാദി' ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം കഥയെന്നു പറയുകയുണ്ടായല്ലോ? അതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ?

A

ജനിക്കുമ്പോൾ തന്നെ ബുദ്ധി വികസിക്കാൻ ഇടമില്ലാത്ത മട്ടിൽ തലച്ചോർ വിന്യാസമുള്ള സോജുവിന്റെ സഹോദരനായ അബി, എന്റെ സ്വന്തമാണ്. എന്നോടൊപ്പം ജീവിച്ചിരുന്ന ഒരാൾ. അമ്മാവനായിരുന്നു - അജയൻ. ആറുപേരിൽ അമ്മയുടെ ഏറ്റവും ഇളയ സഹോദരൻ. ഒമ്പതര മണി മാത്രം കാട്ടിയിരുന്ന കൈയ്യിലെ അദൃശ്യമായ വാച്ചിൽ നോക്കി, എപ്പോഴും ചൂണ്ടുവിരൽ കൊണ്ട് കീഴ്ത്താടിയിൽ താളം പിടിച്ചിരിക്കും. സത്യത്തിൽ അമ്മാവനായിരുന്നില്ല, കളിക്കൂട്ടുകാരനായിരുന്നു. ചെക്കൻ എന്ന് എന്നെ വിളിച്ചു. ഡ്യൂട്ടി കഴിഞ്ഞ് വരാൻ വൈകുന്ന ദിവസങ്ങളിൽ ഇല്ലാത്ത വാച്ചിൽ നോക്കി ചെക്കൻ വന്നില്ലല്ലോ വന്നില്ലല്ലോ എന്ന് ആകാംക്ഷപ്പെടും. ഭൂമിയുടെ ഭ്രമണത്തെക്കുറിച്ചോ ഘടികാരസൂചികളുടെ ചലനത്തെക്കുറിച്ചോ യാതൊരു ഗ്രാഹ്യവുമില്ലാത്ത ഒരാൾ എങ്ങനെയാണ് എന്റെ സമയക്രമങ്ങളെ ഹൃദിസ്ഥമാക്കി വെച്ചിരിക്കുന്നതെന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. കുറേ ഇംഗ്ലീഷ്, ഹിന്ദി വാചകങ്ങളൊക്കെ ഞാൻ പഠിപ്പിച്ചു, പാട്ടുകളും. അകലെയകലെ നീലാകാശം, ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്നൊക്കെ നല്ല ഈണത്തിൽ പാടും. പാടിക്കഴിഞ്ഞ് ഊറിയൂറി ഒരു ചിരിയുണ്ട്. കുടുംബവീട്ടിൽ ഒറ്റയ്ക്കായപ്പോൾ ഞാൻ ഒപ്പം കൂട്ടി. എന്റെ മടിയിൽ കിടന്നാണ് കണ്ണടച്ചത്. അത്രമേൽ ഗാഢമായ ഒരാത്മബന്ധം പെട്ടെന്ന് ചരട് പൊട്ടി പറന്നുപോയപ്പോൾ അനുഭവിച്ച ഭീകരമായ ഒരു ശ്യൂന്യതയുണ്ട്. അബി എന്ന കഥാപാത്രത്തോടുള്ള ഡീപ്പായ അറ്റാച്ച്മെന്റ് കൊണ്ടാകാം പട്ടം പറത്തുന്ന മന്ത്രവാദി എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായത്.

Q

നാരങ്ങാച്ചായ എന്ന കഥ ഉള്ളടക്കത്തിലെ വ്യതിരിക്തത കൊണ്ടും ഗഹനത കൊണ്ടും വേറിട്ടു നിൽക്കുന്നു. ഭിന്നലൈംഗികതയുള്ളവരെ പ്രത്യേക പേരുകളാൽ അഭിസംബോധന ചെയ്യുന്നത് ശരിയല്ലെന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നുണ്ട്. ആ കഥയുടെ പശ്ചാത്തലത്തിൽ ഇതൊന്നു വ്യക്തമാക്കാമോ?

A

പലപേരുകളാൽ അഭിസംബോധന ചെയ്യപ്പെടുന്നതിനെക്കുറിച്ചല്ല, അരികുവത്കരണത്തെക്കുറിച്ചാണ് പറഞ്ഞത്. ഭിന്നലൈംഗികതയുള്ളവരെ മനുഷ്യരായി തന്നെ പരിഗണിക്കണമെന്ന് മാത്രമേ എഴുത്തുകാരൻ എന്ന നിലയിൽ പറഞ്ഞുള്ളു. ബാക്കിയുള്ളതൊക്കെ പല വായനകളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. സിനിമയെഴുത്തുമായി ബന്ധപ്പെട്ട് കൊച്ചിയിൽ തങ്ങിയ ചെറിയ കാലയളവിൽ കലൂർ സ്റ്റേഡിയത്തിൽ പ്രഭാതനടത്തം പതിവായിരുന്നു. അവിടെ വെച്ചാണ് ലിൻഡയെ കാണുന്നത്. എതിരെ വരുമ്പോൾ കാണുന്നു, മറയുന്നു എന്നതൊഴിച്ചാൽ ഞങ്ങൾ പരസ്പരം മിണ്ടിയിട്ടില്ല. യഥാർത്ഥ പേരെന്തെന്ന് പോലുമറിയില്ല. ലിൻഡയ്ക്ക് ചുറ്റുമായി പതിയെപ്പതിയെ ഒരു കഥ രൂപപ്പെട്ടു വന്നു. ലിൻഡയിലേക്കുള്ള മറ്റു മനുഷ്യരുടെ നോട്ടങ്ങളാണ് കൂടുതൽ കൗതുകമുണ്ടാക്കിയത്. ആ നോട്ടങ്ങൾ തന്നെയാണ് കഥയുടെ കണ്ടന്റ്. ആരും തന്നോടൊപ്പമില്ല എന്ന തോന്നൽ ഒരു സാധാരണക്കാരനെ എത്രമാത്രം ഇരുട്ടിലേക്ക് തള്ളിവിടും? അപ്പോൾ ഇത്തരത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ മനസ്സിലൂടെ എന്തൊക്കെ കടന്നുപോകാം? പുറമെ ചങ്കുറപ്പുണ്ടെന്ന് നടിക്കുമ്പോഴും ഏറെ ദുർബലമായ അകമാണ് ലിൻഡയ്ക്കുള്ളതെന്ന് ഫീൽ ചെയ്തിരുന്നു. ഭിന്നലൈംഗികതയുള്ള വ്യക്തികളെ ചുറ്റിപ്പറ്റി പലതും വായിച്ചിട്ടുണ്ട്. പൊതുസമൂഹത്തിൽ നിന്നു മാറ്റി നിർത്തപ്പെട്ടവരായി തന്നെയാണ് സാഹിത്യത്തിലും അവരെ അവതരിപ്പിക്കാറുള്ളതെന്ന് കണ്ടതിലുള്ള നിരാശയിലാണ് നാരങ്ങാച്ചായ എന്ന കഥയിൽ ലിൻഡയുടെയും ആഖ്യാതാവിന്റെയും ജെന്റർ വെളിവാക്കാതിരുന്നത്. അവരുടെ രാഷ്ട്രീയം ഉറക്കെ പറയുകയല്ല, സാധാരണ മനുഷ്യരായി പ്രസന്റ് ചെയ്യാൻ മാത്രമേ ശ്രമിച്ചിട്ടുള്ളു.

Q

കഥാപരിസരത്തിന്റെ വിശദാംശങ്ങളും കഥാപാത്രത്തിന്റെ മനസ്സിലൂടെയുള്ള സഞ്ചാരവുമാണ് താങ്കളുടെ മെയിൻ എന്ന് തോന്നാറുണ്ട്. എന്നാൽ, കഥകൾ ഒട്ടും പ്രകടനാത്മകമല്ലാത്ത, കൃത്യമായ രാഷ്ടീയവീക്ഷണം പുലർത്തുകയും ചെയ്യുന്നു. കഥയുടെ ടോട്ടൽ സമീപനം എന്തായിരിക്കണം എന്ന് മുൻകൂട്ടി ഒരു ധാരണയിലെത്താറുണ്ടോ?

A

വളർന്നുവരുന്ന സാഹചര്യത്തിൽ നിന്ന് ഒരാൾ തന്റെ കൃത്യമായ രാഷ്ട്രീയകാഴ്ചപ്പാടും സാമൂഹികാവബോധവും ആർജ്ജിക്കുമെന്ന് പറയേണ്ടതില്ലല്ലോ. പലരും അത് എക്സ്പ്രസ് ചെയ്യുന്നത് അവരവർക്ക് അഭികാമ്യമെന്ന് കരുതുന്ന ഒരു മീഡിയത്തിലൂടെയാവും. ചിലർ ഒന്നും മിണ്ടാതെ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ ഒഴുക്കിനൊപ്പമങ്ങ് പോകും. ചൂഷണങ്ങളെപ്പറ്റിയും നീതിനിഷേധങ്ങളെപ്പറ്റിയും ഉറക്കെപ്പറയാൻ പറ്റാത്ത ഒരിടത്തിൽ നിന്നുകൊണ്ട് അത് കമ്യൂണിക്കേറ്റ് ചെയ്യാൻ എനിക്ക് സാധ്യമായ മാർഗ്ഗമാണ് കഥയെഴുത്ത്. അത്ര ലൗഡ് അല്ലാതെ ഞാനത് വിനിമയം ചെയ്യാൻ ശ്രമിക്കാറുണ്ട്. കഥ മനസ്സിൽ രൂപപ്പെടുന്നത് തന്നെ വിഷ്വലുകളായാണ്. പകർത്തുമ്പോൾ അതിന്റെ ഡീറ്റെയ്ലുകളും വരും. കഥാപാത്രങ്ങളെ കെട്ടഴിച്ച് വിട്ടിട്ട് അവർക്ക് പിന്നാലെ യാത്ര ചെയ്യുന്നതാണ് എനിക്ക് കംഫർട്ടബിൾ ആയി തോന്നിയിട്ടുള്ളത്. അതുകൊണ്ടു തന്നെ പ്ലാനിംഗ് ഒക്കെ ഉണ്ടാവാറുണ്ടെങ്കിലും എഴുതിവരുമ്പോൾ അതുപോലെയൊന്നുമാവില്ല സംഭവിക്കുക.

Q

അരികുജീവിതങ്ങളുടെ ഭാഗത്തു നിന്നുള്ള തികച്ചും മാനവികമായ ഒരു വീക്ഷണം മിക്ക കഥകളിലും കാണാം. ഇതോടൊപ്പം, അജ്ഞേയമായ ഒരു ദുരന്തബോധവും വിഷാദവും കഥകളിൽ അന്തർധാരയായി കാണുന്നുമുണ്ട്. ഈ നിരീക്ഷണത്തിൽ എന്തെങ്കിലും വസ്തുതയുണ്ടോ?

A

അങ്ങനെ മുൻവിധിയോടെയല്ല എഴുത്തിനെ സമീപിച്ചിട്ടുള്ളത്. പാർശ്വജീവിതം, എലീറ്റ് ജീവിതം അങ്ങനെ ഏതെങ്കിലും ചട്ടക്കൂടിനുള്ളിൽ കഥയെ നിർത്താനും നോക്കിയിട്ടില്ല. പണ്ടു മുതലേ കാണുകയും ഇടപഴകുകയും ചെയ്ത മനുഷ്യർ, ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നവർ - അവരുടെ കഥകൾ പറയുന്നുവെന്നേ ഉള്ളു. ആ മനുഷ്യരിലേറെയും സാധാരണക്കാരായിരുന്നു. ദുരന്തങ്ങളിലൂടെ കടന്നുവന്നവരോ അതിൽ അടിപ്പെട്ടവരോ ആയിരുന്നു. സന്തോഷങ്ങളെക്കാളുപരി നോവുകളിലാണ് അവർ ജീവിച്ചിരുന്നത്. ജീവിതം തുടരുന്നതും.

Q

സിനിമയുടെ സ്വാധീനം താങ്കളുടെ കഥകളിലൊക്കെയും പ്രകടമാണ്. കഥാപരിസരത്തിന്റെ വിശദമായ വർണ്ണനകൾ കഥകളെ വായിക്കാവുന്ന സിനിമയാക്കി മാറ്റുന്നു. ജീവിതത്തിലും എഴുത്തിലും സിനിമ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

A

അച്ഛന് ഒരു പാർസൽ കമ്പനിയിലായിരുന്നു ജോലി. ഓഫീസും ഗോഡൗണും പ്രവർത്തിച്ചിരുന്ന വാടകവീടിന്റെ പിന്നാമ്പുറത്തുള്ള രണ്ട് മുറികളിലായി ഞങ്ങൾ താമസിച്ചു. പുറത്തിറങ്ങി നിന്നാൽ, തൊട്ടുചേർന്നുള്ള സിനിമാതിയേറ്ററിൽ നിന്നുള്ള സംഭാഷണം തെളിമയോടെ കേൾക്കാം. ആഴ്ചകളോളം കേട്ടുകേട്ട് ഓരോ സിനിമയുടെയും ഡയലോഗുകൾ മന:പാഠമാകും. കണ്ടു എന്ന വ്യാജേന സ്കൂളിൽ കൂട്ടുകാരോട് ഇത് വിളമ്പുന്നത് അന്നത്തെ ഒരു ഹോബിയായിരുന്നു. പിന്നീട് കാരണമില്ലാത്ത ചില കാരണങ്ങളാൽ അച്ഛനുമമ്മയും വേർപിരിഞ്ഞു. അക്കാലം ആഴ്ചയിലൊരിക്കൽ ഞാനും അനുജനും അച്ഛനെ കാണാൻ അമ്മവീട്ടിൽ നിന്നു ടൗണിലേക്ക് ബസ് കയറും. ഒരുമിച്ച് ഭക്ഷണം കഴിക്കും. ഒരു സിനിമ കാണും. അച്ഛനെ കാണുക എന്നതിലുപരി ആ സിനിമയിലായിരുന്നു എന്റെ കണ്ണ്. ആഴ്ചയിൽ ഒരു സിനിമ കാണുന്ന മറ്റൊരു കുട്ടിയും അന്ന് സ്കൂളിൽ ഉണ്ടായിരുന്നില്ല. പുസ്തകങ്ങളോട് പ്രേമം മൂത്ത സമയം കൂടിയായിരുന്നു അത്. വായിക്കുന്നതിലെല്ലാം വിഷ്വൽസ് കിട്ടുന്ന സംഗതി അങ്ങനെയാണ് വർക്ക് ആയി തുടങ്ങിയതെന്ന് തോന്നുന്നു. എഴുതാൻ തുടങ്ങിയപ്പോൾ കാഴ്ചകളെ വിശദമായി പകർത്തുന്ന പ്രവണതയും അങ്ങനെ വന്നതാവണം.

വിമർശനത്തിലെ മാനസസഞ്ചാരത്തിന്റെ കാലമൊക്കെ കടന്നുപോയെന്ന് തോന്നുന്നു. വിമർശനസാഹിത്യം ഇപ്പോൾ നിലനിൽക്കുന്നതു തന്നെ വിൽപ്പനയിലല്ലേ? അതിനുള്ള പ്ലാറ്റ്ഫോമാണ് സോഷ്യൽ മീഡിയ നൽകുന്നത്. ചേരുവകൾ കൃത്യമായി ചേർന്നില്ലെങ്കിൽ ഒരു നിരൂപണവും വിറ്റുപോകില്ല.
നിധീഷ് ജി
നിധീഷ് ജി
Q

അഞ്ച് പുസ്തകമിറങ്ങി. ഇതുവരെ കഥയിലൂടെ നടത്തിയ സർഗ്ഗാത്മകസഞ്ചാരത്തെ എങ്ങനെ സ്വയം വിലയിരുത്തുന്നു? ആ വളർച്ചയുടെ പരിണാമദശകളിലേക്ക് ഒന്നു തിരിഞ്ഞു നോക്കാമോ?

A

ലിറ്റിൽ മാഗസിൻ, ബ്ലോഗെഴുത്ത്, ചെറുകഥ, സിനിമ. അധികമാർക്കും അറിയില്ലെങ്കിലും കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ അമ്പത് കഥകൾ, ഒരു തിരക്കഥ എന്നൊക്കെ ഓർക്കുമ്പോൾ ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്നൊരു അന്ധാളിപ്പാണ്. ഒരു മാർക്കറ്റിംഗ് കമ്പനിയുടെ ഏതെങ്കിലും ഉൽപ്പന്നവുമായി ഒരു ചന്തയിൽ, അല്ലെങ്കിൽ ബാരിക്കേഡിന് പിന്നിൽ ഷീൽഡും ലത്തിയുമായി സമരമുഖത്ത്, ഏതെങ്കിലും കൊലകേസ് പ്രതിയുമായി കോടതിയിൽ, തോക്കുമായി പാറാവിൽ, അങ്ങനെ മറ്റാരുടെയൊക്കെ ഉത്തരവുകൾക്കും നിർദ്ദേശങ്ങൾക്കുമനുസരിച്ച് ചലിച്ചുതീരേണ്ട നിസ്സാരമായ ഒരു ജീവിതത്തിൽ മനസ്സിനിഷ്ടമുള്ള, പ്രിയമുള്ള ചിലതൊക്കെ ഇതിനകം ചെയ്യാനായല്ലോ. ഈ കഥ ഒരു നല്ല ഒരു കഥയായി എഴുതണം എന്ന ചിന്തയോടെയാണ് ഓരോന്നും തുടങ്ങുക. ആ ശ്രമം തുടരുന്നു. പൂർത്തിയാക്കിയതിനേക്കാൾ എണ്ണത്തിൽ കൂടുതലുള്ളത് പകുതിയിൽ ഉപേക്ഷിച്ചവയാണ്. ആരോ പറഞ്ഞത് പോലെ അതും മഹത്തായ ഒരു സാഹിത്യപ്രവർത്തനമാണല്ലോ.

Q

കൃതിയോടൊപ്പം സഞ്ചരിച്ച് അതിനെ നിരുപാധികമായി വ്യാഖ്യാനിക്കുന്നതാണ് വിമർശനം എന്ന് ലീലാവതി ടീച്ചർ അടുത്തിടെ ഒരഭിമുഖത്തിൽ പറയുകയുണ്ടായി. മാനസസഞ്ചാരം എന്നതാണ് ടീച്ചർ ഉപയോഗിച്ച വാക്ക്. സോഷ്യൽ മീഡിയയൊക്കെ വന്ന ശേഷം, കുറ്റം കണ്ടുപിടിക്കുന്നതിലേക്ക് വിമർശനങ്ങൾ ചുരുങ്ങുന്നതായി തോന്നിയിട്ടുണ്ടോ? എന്താണ് അഭിപ്രായം?

A

വിമർശനത്തിലെ മാനസസഞ്ചാരത്തിന്റെ കാലമൊക്കെ കടന്നുപോയെന്ന് തോന്നുന്നു. വിമർശനസാഹിത്യം ഇപ്പോൾ നിലനിൽക്കുന്നതു തന്നെ വിൽപ്പനയിലല്ലേ? അതിനുള്ള പ്ലാറ്റ്ഫോമാണ് സോഷ്യൽ മീഡിയ നൽകുന്നത്. ചേരുവകൾ കൃത്യമായി ചേർന്നില്ലെങ്കിൽ ഒരു നിരൂപണവും വിറ്റുപോകില്ല. ചുരുക്കം ചിലർ മാത്രമാണ് അതിനെ സത്യസന്ധമായി സമീപിക്കുന്നതായി കണ്ടിട്ടുള്ളത്. കഥയാവട്ടെ, കവിതയാവട്ടെ, സിനിമയാവട്ടെ, വായനക്കാരന്റെ/പ്രേക്ഷകന്റെ മുന്നിലേക്ക് വെച്ച് കഴിഞ്ഞാൽ അത് അവരുടേതാണെന്ന് ഞാൻ വിശ്വസിക്കുന്നു. നല്ലതോ ചീത്തയോ ഏത് റിയാക്ഷനും എഴുത്തുകാരൻ കേൾക്കേണ്ടതുണ്ട് എന്നാണ് എന്റെയൊരു തോന്നൽ. സത്യത്തിൽ കഴമ്പില്ലാത്ത പുകഴ്ത്തിപ്പാടലിനേക്കാൾ നല്ല പരിപാടിയാണ് കുറ്റംകണ്ടുപിടിക്കൽ എന്നാണ് എന്റെയൊരിത്. എന്തൊക്കെ പറഞ്ഞാലും സത്യസന്ധമായ എഴുത്ത് എക്കാലവും നിലനിൽക്കും അല്ലാത്തവ പോകും.

രാഷ്ട്രീയശരിയുടെ പേരിൽ എഴുത്തുകാരൻ പുണ്യാളനാകാൻ ശ്രമിച്ചാൽ കഥ പരാജയപ്പെടും. ആസ്വാദകന് കലയുടെ/സാഹിത്യത്തിന്റെ ടോട്ടൽ ഔട്ട്പുട്ടിൽ നിന്നു ശരി തെറ്റുകൾ വേർതിരിച്ചെടുക്കാനുള്ള ഔചിത്യവും വിവേകവുമുണ്ടെന്ന് വിശ്വസിക്കുന്നു.
നിധീഷ് ജി
Q

ഇലവീഴാപ്പൂഞ്ചിറയാണ് കഥയെന്ന നിലയിൽ ആദ്യമായി മനസ്സിൽ ഉടക്കിയത്. അതിപ്പോൾ സിനിമയുമായി. കഥയ്ക്കും സിനിമയ്ക്കും ഇടയിലൂടെയുള്ള ആദ്യസഞ്ചാരം എങ്ങനെയായിരുന്നു? സിനിമയ്ക്കു വേണ്ടി സംവിധായകൻ വരുത്തിയ മാറ്റങ്ങളിൽ കഥാകൃത്തിന് പൂർണ്ണമായ തൃപ്തിയുണ്ടോ?

A

ഇലവീഴാപൂഞ്ചിറ എന്ന സിനിമയുടെ സംവിധായകൻ ഷാഹി കബീർ, എന്നോടൊപ്പം പോലീസ് ട്രെയിനിംഗ് പൂർത്തിയാക്കിയ അടുത്ത ചങ്ങാതിയാണ്. ബറ്റാലിയനിൽ ഡ്യൂട്ടി ചെയ്യുന്ന സമയം മുതൽ ഞങ്ങൾ സിനിമ സ്വപ്നം കണ്ടിട്ടുണ്ട്. സഹ തിരക്കഥാകൃത്തായ ഷാജി മാറാടും അന്നുമുതലേ ഒപ്പമുള്ളയാളാണ്. ജോസഫ്, നായാട്ട് എന്നീ ഷാഹി കബീർ സിനിമകളുടെ എഴുത്തുവേളകളായിരുന്നു ശരിക്കും പരിശീലനക്കളരി. ഒരു ചെറുകഥ എവിടെ നിൽക്കുന്നുവെന്നും തിരക്കഥയായി അതിനെ പുന:സൃഷ്ടിക്കുമ്പോൾ എന്തൊക്കെ കൂട്ടിച്ചേർക്കലുകൾ വേണമെന്നും എന്തൊക്കെ ഒഴിവാക്കണമെന്നും എപ്രകാരമാവണം അതിന്റെ ഘടനയെന്നും ബോധ്യപ്പെട്ട വർക്ക്ഷോപ്പുകളായിരുന്നു ആ രണ്ട് സിനിമകൾ. ഇലവീഴാപൂഞ്ചിറ എന്ന കഥയിൽ ഒരു സിനിമയുണ്ടെന്ന് ആദ്യം പറഞ്ഞത് ഷാഹിയാണ്. അങ്ങനെ പൂഞ്ചിറ വയർലെസ് സ്റ്റേഷനിൽ ഒരുമിച്ച് ഡ്യൂട്ടിയെടുത്തു കൊണ്ട് ഞാനും ഷാജി മാറാടും തിരക്കഥ പൂർത്തിയാക്കി. അവിടെ മുമ്പ് ജോലി ചെയ്തിരുന്ന ആളെന്ന നിലയിൽ ഷാഹി കബീറിന് ആ ജ്യോഗ്രഫിയും കഥയും ഹൃദിസ്ഥമായിരുന്നത് കൊണ്ട് എഴുത്തിന്റെ ഓരോ ഘട്ടത്തിലും പരസ്പരം കമ്യൂണിക്കേറ്റ് ചെയ്തു കൊണ്ട് ഒരു ഡയക്റ്റോറിയൽ വിഷനിൽ തന്നെയാണ് സ്ക്രിപ്റ്റ് എഴുതിയത്. അതുകൊണ്ടു തന്നെ കഥ തിരക്കഥയായപ്പോഴും തിരക്കഥ സിനിമയായപ്പോഴും പ്രതീക്ഷയ്ക്കപ്പുറമുള്ള റിസൾട്ടാണ് വന്നത്.

Q

മറ്റു മേഖലകളെ അപേക്ഷിച്ച് പോലീസിൽ ജോലി ചെയ്തുകൊണ്ട് സർഗ്ഗാത്മകസാഹിത്യമെഴുതുന്നവർ കുറവാണല്ലോ. ഇത് എന്തുകൊണ്ടായിരിക്കും? തൊഴിൽപരമായി ദിവസേന ലഭിക്കുന്ന അനുഭവങ്ങൾ ഏതെങ്കിലും തരത്തിൽ എഴുത്തിനെ ഗുണപരമായോ ദോഷകരമായോ സ്വാധീനിക്കുന്നുണ്ടോ?

A

കുറവായിരുന്നു. എന്നാൽ അടുത്തകാലത്തായി ഒരുപാടുപേർ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. പോലീസിൽ എഴുത്തിനോട് ആഭിമുഖ്യമുള്ള ധാരാളം പേരുണ്ടെങ്കിലും അമിതമായ ജോലിഭാരം സ്വന്തം കാഴ്ചകളെയും അനുഭവങ്ങളെയും പകർത്തിവെക്കാനുള്ള അവസരം കൊടുക്കാറില്ലെന്നുള്ളതാണ് സത്യം. വ്യക്തിപരമായി അടുപ്പമുള്ള ഏതെങ്കിലും പോലീസുകാരനോട് സാഹചര്യം ഒത്തുവരുമ്പോൾ ഒന്ന് സംസാരിച്ചു നോക്കൂ. ഓരോ മനസ്സും അനേകമനേകം കഥകളുടെ അക്ഷയഖനിയാണ്. കഥകളല്ല, ഉള്ള് മരവിപ്പിക്കുന്ന നേരനുഭവങ്ങൾ. പോലീസുകാർ കാണുന്നത്ര ജീവിതമൊന്നും മറ്റാരും കാണുന്നില്ലെന്നുള്ളതാണ് വാസ്തവം. കേൾക്കുന്നവർക്ക് അവ ഏതോ പാരലൽ വേൾഡിൽ നടക്കുന്ന കഥകൾ മാത്രമാണ്. എന്നാൽ മനുഷ്യൻ സഞ്ചരിക്കുന്ന വഴികൾ എത്ര വിചിത്രവും ഭീതിദവുമാണെന്ന് അനുഭവിച്ചവർക്കും ദൃക്സാക്ഷികൾക്കും മാത്രമേ അറിയൂ. ഗുണമോ ദോഷമോ, കണ്ടുംകേട്ടും അറിഞ്ഞ ആ മനുഷ്യരിൽ ചിലർ എന്റെ കഥകളിലുമുണ്ട്.

Q

കഥയിലെ പൊളിറ്റിക്കൽ ശരി ചർച്ചയാകുന്ന കാലമാണല്ലോ? ഈ കഥകളിലൊക്കെയും ശക്തമായ രാഷ്ട്രീയനിലപാടുകൾ അന്തർലീനവുമാണ്. കഥയിൽ പ്രകടമായി രാഷ്ട്രീയം കടന്നുവരുന്നതിനെപ്പറ്റി എന്താണഭിപ്രായം?

A

ഉറക്കെയോ പതുക്കെയോ എങ്ങനെ വേണമെങ്കിലും കഥയിൽ രാഷ്ട്രീയം പറയാം, പറയാതിരിക്കാം. എന്നാൽ കഥയിലെന്നല്ല, ഒരു കലാരൂപങ്ങളിലും പൊളിറ്റിക്കൽ കറക്റ്റ്നെസ് ബോധപൂർവ്വം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നാണ് എന്റെ പക്ഷം. ചുരുക്കിപ്പറഞ്ഞാൽ ഫസ്റ്റ് പേഴ്സൺ നരേറ്റീവിൽ കൊലപാതകിയും സ്ത്രീലമ്പടനുമായ ഒരാളുടെ കഥ പറയുമ്പോൾ അയാളുടെ മാനസികവ്യാപാരങ്ങളെയും ചെയ്തികളെയും സംഭാഷണങ്ങളെയും സത്യസന്ധമായി രേഖപ്പെടുത്തണം. അവിടെ രാഷ്ട്രീയശരിയുടെ പേരിൽ എഴുത്തുകാരൻ പുണ്യാളനാകാൻ ശ്രമിച്ചാൽ കഥ പരാജയപ്പെടും. ആസ്വാദകന് കലയുടെ/സാഹിത്യത്തിന്റെ ടോട്ടൽ ഔട്ട്പുട്ടിൽ നിന്നു ശരി തെറ്റുകൾ വേർതിരിച്ചെടുക്കാനുള്ള ഔചിത്യവും വിവേകവുമുണ്ടെന്ന് വിശ്വസിക്കുന്നു.

Q

താമരമുക്ക് എന്ന പുസ്തകത്തിലെ എല്ലാ കഥകളും സ്ഥലനാമങ്ങളായാണല്ലോ സങ്കൽപ്പിച്ചിരിക്കുന്നത്? അതിന്റെ പശ്ചാത്തലം ഒന്നു വിവരിക്കാമോ?

A

ഓണാട്ടുകരയുടെ തെക്കേ അതിരായ കരുനാഗപ്പള്ളിയിലുള്ള ആദിനാട് എന്ന ഗ്രാമത്തിലാണ് ഞാൻ താമസിക്കുന്നത്. പൂർണ്ണമായും ഓണാട്ടുകരഭാഷാ ശൈലിയല്ല ഞങ്ങളുടേത്. അതിൽ വേണാട് ദേശത്തിൻ്റെ ചില പൊട്ടും പൊടിയും കലങ്ങിക്കിടപ്പുണ്ട്. സ്ഥലനാമങ്ങൾക്കും സവിശേഷതകളുണ്ട്. കാവും കുളവും ചന്തകളും മുക്കവലകളും ചേർന്നു വരുന്ന ഇടങ്ങളാണധികവും. അത്തരം പേരുകൾ ഉരുത്തിരിഞ്ഞ് വന്നതിൻ്റെ സൂചനകളും ഭാഷാശൈലിയും അവിടുത്തെ മനുഷ്യരുടെ ജീവിതവും രാഷ്ട്രീയവും കഥകളിലൂടെ പറയാൻ ആഗ്രഹിച്ചു. താമരമുക്ക് എൻ്റെ പരിസരമാണ്. അയ്യത്തമ്മ എനിക്ക് പ്രിയപ്പെട്ട ഒരാളും. പാടശേഖരങ്ങൾ ഉഴുതുമറിക്കാൻ തെക്കുദേശത്ത് നിന്നു കാളകളെ കൊണ്ടുവന്ന് കെട്ടിയ പനകൾ നിന്ന ഇടം കാളപ്പനയും പിന്നെ ക്ലാപ്പനയുമായി മാറി. കന്നുകളെ കടത്താനുപയോഗിച്ച പാലം കന്നേറ്റിപ്പാലമായി. ഒരു റേഡിയോ ക്ലബ്ബിൻ്റെ പേരാണ് പുള്ളിമാൻ ജംഗ്ഷന് കിട്ടിയത്. പഴയ ഒരു തറവാട് വക സ്ഥലത്തുള്ള ചന്തയാണ് അകത്തൂട്ട് ചന്ത. അങ്ങനെയങ്ങനെ ഞാൻ കണ്ട മനുഷ്യരെ പരിചിതമായ ഓരോരോ ഇടങ്ങളുമായി ചേർത്തുവെച്ച് കഥകൾ പറഞ്ഞുവെന്ന് മാത്രം.

Q

കഥയുടെ പൂർവപാരമ്പര്യത്തിലെയും സമകാലിക കഥയിലെയും ഇഷ്ടമാതൃകകൾ ആരൊക്കെയാണ്? എന്തുകൊണ്ട്?

A

അതൊരു പ്രയാസമുള്ള ചോദ്യമാണ്. വായിച്ചു തുടങ്ങി, പതിയെപ്പതിയെ വായനാലോകം വിശാലമായി വരുന്നതനുസരിച്ച് നമ്മുടെ ടേസ്റ്റുകളും മാറുമല്ലോ. എല്ലാ എഴുത്തുകളും ഇഷ്ടമാണ്. പഠിക്കുന്ന കാലത്ത് സ്വരുക്കൂട്ടിവെച്ച പണം കൊണ്ട് ആദ്യം വാങ്ങിയതും കൈമറിഞ്ഞു പോകാതെ സൂക്ഷിച്ചതുമായ അഞ്ച് പുസ്തകങ്ങളുണ്ട്. ഖസാക്കിന്റെ ഇതിഹാസം, മാക്സിം ഗോർക്കിയുടെ പരിശീലനം, ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മാനസാന്തരം, ഷെൽവിയുടെ നൊസ്റ്റാൾജിയ. അക്കാലം ആനന്ദിനെ, ബഷീറിനെ, മാധവിക്കുട്ടിയെ, യു.പി. ജയരാജിനെ, എൻ.എസ്. മാധവനെ, മേതിലിനെ, വിക്ടർ ലീനസിനെ ഒക്കെ ഭ്രാന്തോടെ കൂടെ കൂട്ടിയിട്ടുണ്ട്. തലമുറ വ്യത്യാസമില്ലാതെ എല്ലാ എഴുത്തുകളെയും താൽപര്യത്തോടെ, പുതുമയാടെ കാണുന്നു. ആവേശത്തോടെ വായിക്കുന്നു.

Q

പുതിയ പുസ്തകങ്ങൾ, പുതിയ സിനിമകൾ?

A

പൂർത്തിയാക്കിയ എല്ലാ കഥകളും പുസ്തകരൂപത്തിലെത്തി. അതിനാൽ ഉടനെ ഇനിയൊരു പുസ്തകമില്ല. ഇടയ്ക്ക് ഒരു നോവൽ എഴുതിത്തുടങ്ങിയെങ്കിലും കുറച്ചായപ്പോൾ നിന്നുപോയി. ഇപ്പോൾ ഡ്യൂട്ടിയിലാണ്. പ്രോജക്റ്റ് ഒന്നും ആയിട്ടില്ലെങ്കിലും കിട്ടുന്ന സമയത്ത് ഒരു തിരക്കഥ പതിയെപ്പതിയെ മെനഞ്ഞെടുക്കാൻ ശ്രമിക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in