ഒരു നർത്തകിയെ കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രം. മോഹിനിയാട്ടത്തിൽ തന്റേതായ ഇടം കണ്ടെത്തി, എഴുപത്തിയഞ്ചാം വയസ്സിലും ധ്യാനാത്മകമായി തന്റെ കലാസപര്യ തുടരുന്ന കലാമണ്ഡലം ക്ഷേമാവതിയുടെ നാട്യ ജീവിത യാത്രയുടെ വിഷ്വൽ ഡോക്യൂമെന്റഷൻ, അതാണ് "പത്മശ്രീ. ഗുരു കലാമണ്ഡലം ക്ഷേമാവതി. (Voyage of a Dancer)" എന്ന 53 മിനുട്ട് ദൈർഘ്യമുള്ള ചിത്രം. 1948 ൽ ജനിച്ച ക്ഷേമാവതി പതിനൊന്നാം വയസ്സിൽ കലാമണ്ഡലത്തിൽ പഠനത്തിനായി ചേർന്നു. ആദ്യ അഭിമുഖമായി കാളിയമർദ്ദനം നൃത്തം ചെയ്തത് ഒരാളുടെ മുൻപിലാണെന്നും അത് ആരാണെന്ന് അറിയില്ലായിരുന്നുവെന്നും പിന്നീടാണ് അത് മഹാകവി വള്ളത്തോൾ ആണെന്ന് മനസ്സിലായതെന്നും ഡോക്യൂമെന്ററിയിൽ ടീച്ചർ ഓർമ്മിക്കുന്നുണ്ട്. ടീച്ചർ ആദ്യ മോഹിനിയാട്ടച്ചുവടുകൾ വെക്കുന്നത് തോട്ടശ്ശേരി ചിന്നമ്മു അമ്മയുടെ ശിക്ഷണത്തിലായിരുന്നുവെങ്കിലും അന്നത് ശാസ്ത്രീയമായ പഠന പദ്ധതിയിൽ ഊന്നിയായിരുന്നില്ല. അക്കാലത്ത് കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് കൃത്യമായ സിലബസ് ഉണ്ടായിരുന്നുമില്ല.
കലാമണ്ഡലം സത്യഭാമ, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നീ ഗുരുക്കളുടെ വരവോടെ ഇതിന് കുറച്ചുകൂടെ പരിഷ്കൃതമായ മോഹിനിയാട്ട ചിട്ടകൾ കൈവന്നു. ഇരു ഗുരുക്കളുടെയും അശ്രാന്ത പരിശ്രമ ഫലമായി മോഹിനിയാട്ട നൃത്തത്തിന് ഒരു സിലബസ് തന്നെ രൂപം കൊണ്ടുവെന്നും ഗുരുക്കളെ കൃതജ്ഞതയോടെ സ്മരിച്ചു കൊണ്ട് ടീച്ചർ പറയുന്നുണ്ട്. അതിനെ വലിയ ഭാഗ്യമായി അവർ കാണുന്നു.
ഇന്ന് ഈ മേഖലയിൽ ശ്രദ്ധേയ സ്ഥാനം കൈവരിച്ച ക്ഷേമാവതി ടീച്ചർ വളരെ സത്യസന്ധവും നിഷ്കളങ്കവുമായാണ് ഡോക്യൂമെന്ററിയിൽ തന്റെ അനുഭവങ്ങൾ പങ്കിടുന്നത്. സ്വകാര്യമോ, കുടുംബപരമോ ആയ കാര്യങ്ങളെക്കാളേറെ അതിലേറെയും കലാകാരിയെന്ന തന്റെ യാത്രയുടെ ഓർമ്മകളാണ് ചികഞ്ഞെടുക്കുന്നത്. അതാവട്ടെ വളരെ തെളിമയോടെയാണ് പ്രേക്ഷന് നൽകുന്നത്.
പരമ്പരാഗതമായ ശാസ്ത്രീയ മോഹിയാട്ടം ശൈലി സ്വായത്തമാക്കിയ ടീച്ചർ അതിലുറച്ചു നിൽക്കുന്ന പലർക്കും അത്രവേഗം ദഹിക്കാത്ത വിധമുള്ള നവീനതകളും പരീക്ഷണങ്ങളും മോഹിനിയാട്ടത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചതിന്റെ ഉദാഹരണങ്ങൾ ചിത്രത്തിൽ വരുന്ന കലാനിരൂപകൻ വി കലാധരൻ, നാട്യ ശാസ്ത്ര പണ്ഡിതൻ ഡോ. സി പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിശകലം ചെയ്യുന്നുണ്ട്.
നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ മോഹിനിയാട്ടത്തിന് ടീച്ചർ അതിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നുകൊണ്ടുതന്നെ അനുയോജ്യമായ കാലാനുഗുണമാക്കലുകൾ നടത്തി. അതിലേക്ക് കവിതകളും ഗസലുകളും കൊണ്ടുവരാൻ ശ്രമിച്ചു. അതെല്ലാം പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. മോഹിനിയാട്ടത്തിലുള്ള ടീച്ചറുടെ നവീകരിക്കലുകളെ ആഴത്തിൽ മനസ്സിലാക്കിയ ഇങ്ങനെയുള്ളവർ മാത്രമേ ഡോക്യൂമെന്ററിയിൽ സംസാരിക്കുന്നുള്ളൂവെന്നതും അവർ തന്നെ, പറയുന്ന കാര്യങ്ങൾ ഒട്ടും കലർപ്പില്ലാതെ ആണെന്നതും ഡോക്യൂമെന്ററിയുടെ പ്രത്യേകതയാണ്. അല്ലെങ്കിൽ അതിന്റെ അവതരണത്തിൽ പുലർത്തിയ അതീവ ശ്രദ്ധയാണെന്ന് പറയാതിരിക്കാനാവില്ല. ആനുകാലിക വിഷയങ്ങളെ അധികരിച്ചുകൊണ്ട് ടീച്ചർ ചിട്ടപ്പെടുത്തിയ നിരവധി മോഹിനിയാട്ട രംഗാവിഷ്കാരങ്ങൾ രാജ്യത്തും പുറത്തുമായി ആസ്വാദകർക്ക് വേണ്ടി അവതരിപ്പിച്ച ടീച്ചർക്ക് നാട്ടിലും വിദേശത്തുമായി ആയിരിക്കക്കണക്കിനു ശിക്ഷ്യരുണ്ട്.
ടീച്ചറുടെ ആഴത്തിലുള്ള നാട്യഅന്വേഷങ്ങളെ ചിത്രത്തിൽ പരാമർശിക്കുന്നുണ്ട്. ഒരു നൃത്താവിഷ്കാരം പോലെ ഡോക്യുമെന്ററി അവതരിപ്പിക്കുമ്പോൾ ടീച്ചറുടെ സഹയാത്രികനായിരുന്ന ചലച്ചിത്രകാരൻ പവിത്രനെ കണ്ടുമുട്ടിയതും ഒരുമിച്ചുള്ള യാത്രകളും കലായാത്രയുടെ ഓർമ്മകളിൽ വന്നുപോകുന്നുവല്ലാതെ അതിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധയുടെ ദിശ മാറ്റുന്നില്ല എന്നത് അവതരണത്തിൽ പുലർത്തിയ സൂക്ഷ്മതയാണ്. പവിത്രന്റെ വിയോഗത്തെക്കുറിച്ചും തുടർന്നുള്ള ഒറ്റപ്പെടലും ഓർത്തെടുക്കാൻ ശ്രമിക്കുമ്പോഴുള്ള ടീച്ചറുടെ വിങ്ങൽ പ്രേക്ഷകനിലേക്കും എത്തും. ടീച്ചർ തന്നെ ആ വൈകാരികതയിൽ നിന്ന് തന്റെ കലാജീവിത യാത്രയിലേക്ക് സംഭാഷണം തിരിച്ചുപിടിക്കുന്നുണ്ട്. ചിത്രം അവരുടെ കലാ സപര്യയോടൊപ്പം തന്നെ സഞ്ചരിക്കുന്നു.
ചിത്രത്തിന്റെ വളരെ കുറച്ചു മാത്രം വരുന്ന ആഖ്യാന പാഠം ശ്രദ്ധേയമാണ്. പത്രപ്രവർത്തകൻ ശശികുമാറിന്റെ ഹ്രസ്വമായ വിവരണം മികച്ച രീതിയിൽ ചിത്രത്തിൽ സമന്വയിപ്പിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. കെ ജി ജയന്റെ സ്വഭാവികമായ ലൈറ്റുകൾ വെച്ചുള്ള ക്യാമറയും ഡോക്യൂമെന്ററിയുടെ ചാരുതയാണ്. ഫ്രെയിമുകൾ വിവരിക്കുന്ന കാര്യങ്ങൾക്ക് മിഴിവേകുന്നു.
പലവിധമായ പ്രതിസന്ധികളെയെല്ലാം ഓരോ ഘട്ടത്തിലും മറികടന്നു നടന്ന ധീരതയാണ്, അല്ലെങ്കിൽ ആത്മീയ യാത്രയാണ് ടീച്ചറുടേത്. അത് തന്റെ മേഖലയായ നൃത്തത്തിന് വേണ്ടിയായിരുന്നു എന്നതിൽ ടീച്ചർക്ക് ഇന്നും ഏറെ ചാരിതാർഥ്യമുണ്ട്. അതിൽ ടീച്ചർ ഏറെ അഭിമാനിക്കുന്നു.
നൃത്തമേഖലയിൽ കേരളത്തിൽ നിന്നുള്ള പ്രഥമ പത്മശ്രീ ജേതാവാണ് കലാമണ്ഡലം ക്ഷേമാവതി ടീച്ചർ. അതുകൊണ്ടുതന്നെ "പത്മശ്രീ ഗുരു- കലാമണ്ഡലം ക്ഷേമാവതി" എന്ന ഡോക്യുമെന്ററി ചരിത്ര പ്രധാന്യമുള്ളതാണ് എന്ന് പറയാം. തന്റെ ജീവിത ദൗത്യം നൃത്തമാണ് എന്നും ഈ എഴുപത്തിയഞ്ചാം വയസ്സിലും അത് തന്റെ ജീവവായുവാണ് എന്നും അടയാളപ്പെടുന്ന കലാജീവിത യാത്ര ചിത്രത്തിൽ പ്രേക്ഷകന് കാണാം.
2011ലാണ് ടീച്ചർക്ക് പത്മശ്രീ പുരസ്കാരം ലഭിച്ചത്. കൂടാതെ ഭരതനാട്യത്തിന് കേരള സംഗീത നാടക അക്കാദമി അവാർഡ്, മോഹിനിയാട്ടത്തിന് കേരള കലാമണ്ഡലം അവാർഡ്, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്, ഹ്യൂമൺ റിസോഴ്‌സ് സീനിയർ ഫെലോഷിപ്പ്, കലാദർപ്പണയുടെ കലാശ്രീ അവാർഡ്, വനിതാരത്‌നം പുരസ്‌കാരം, നിശാഗന്ധി പുരസ്‌കാരം തുടങ്ങിയവ ടീച്ചറുടെ കലാസപര്യക്ക് ലഭിച്ച പ്രധാന ബഹുമതികളാണ്.
പവിത്രൻ കൂടെയില്ലെങ്കിലും ടീച്ചറുടെ വിശ്രമമില്ലാത്ത യാത്രക്ക് മക്കളായ ചലച്ചിത്ര നടി ഇവ പവിത്രനും, ലക്ഷ്മിയും ആയിരക്കണക്കിന് ശിക്ഷ്യരെപ്പോലെ പിന്തുണ നൽകി കൂടെത്തന്നെയുണ്ട്.
ടി. വി. ബാലകൃഷ്ണന്റെ സ്ക്രിപ്പ്റ്റും സി എസ് വെങ്കിടേശ്വരന്റെ വിവർത്തനവും ഹ്രസ്വവും ലളിതവുമാണ്. ജോയ് ചെറുവത്തൂരിന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന് നല്ല പിന്തുണ നൽകുന്നു. ബ്ലൂ ബേർഡ് ടാക്കീസിന്റെ ബാനറിൽ സാജ് വിശ്വനാഥൻ നിർമ്മിച്ച ഡോക്യുമെന്ററി സംവിധാനം ചെയ്ത ജയരാജ് പുതുമഠത്തിന്റെ ഇരുപത്തി രണ്ടാമത്തെ ഡോക്യൂമെന്ററി ചിത്രമാണിത്.
നൃത്തത്തിലെ അഭിനയത്തിനും അതിന്റെ പാരമ്പര്യ സമീപനത്തിനും പ്രാധാന്യം കൊടുക്കുന്നതിനൊപ്പം തന്നെ, മോഹിനിയാട്ടത്തിന്റെ അടിസ്ഥാനതത്വങ്ങൾ വക്രീകരിക്കാതെ തന്നെ ഗവേഷണങ്ങളും, പരീക്ഷണങ്ങളും അനിവാര്യമാണെന്ന് ക്ഷേമാവതി ടീച്ചർ വിശ്വസിക്കുന്നു. ഈ യാത്രയുടെ ഭാഗമായി ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളിലുള്ള നിരവധി പ്രതിഭകകളെ ആകർഷിക്കാൻ ടീച്ചർക്ക് സാധിച്ചിട്ടുണ്ട്. ചെറുശ്ശേരി, സുഗതകുമാരി തുടങ്ങിയവരുടെ കവിതകൾ, "കുചേലവൃത്തം", ചിന്താവിഷ്‌ടമായ സീത, ലീല തുടങ്ങിയ ക്ലാസിക്കുകൾ, ഗസലുകൾ തുടങ്ങിയയവയെല്ലാം ടീച്ചറുടെ നൃത്ത ദൃശ്യാവിഷ്‌കാരത്തിലേക്കു വരുന്നത് ഇടതടവില്ലാത്ത പരീക്ഷണങ്ങളുടെ ഫലമാണ്. അതുകൊണ്ട് തന്നെ ടീച്ചറുടെ കലാജീവിതത്തെക്കുറിച്ചുള്ള ഈ ഡോക്യുമെന്ററി ചിത്രവും ഏറെ പ്രസക്തമാണ്.