നൻപകൽ നേരത്ത് മയക്കത്തിന്റെ ആസ്വാദനം ഒരു കവിതയാകുമ്പോൾ
ഡോ.സംഗീത ചേനംപുല്ലിയെഴുതിയ കവിത
എൻ്റെ അച്ഛൻ തമിഴനായിരുന്നു
അല്ല മലയാളിയായിരുന്നു
മലയാളത്തിൻ്റെ ചോരയിൽ നിന്ന്
അയാൾ മുളച്ചു
തമിഴിൻ്റെ തണ്ണിയാൽ നനക്കപ്പെട്ടു
വേരുകൾ കൊണ്ട് പാണ്ടി നാട്ടിൻ്റെ
മണ്ണടരുകളെ കൂട്ടിപ്പിടിച്ചു
പറിച്ചെടുത്തപ്പോഴും
വേരുകളിൽ അത് പറ്റി നിന്നു.
പുറത്ത് തെരുവിൽ തമിഴും
അകത്ത് തമിഴും മലയാളവും കലർന്ന
കൂട്ടുമൊഴിയും പേശി
തമിഴർക്കിടക്ക് മലയാളത്താനായും
മലയാളികൾക്കിടക്ക്
പാണ്ടിയായും പകർന്നു
അയാളുടെ സിരകളിൽ
ഇളയരാജയും എസ്പിബിയുമോടി
എഴുപതുകളിലെ വസന്തത്തിൽ
അയാൾ രഘുവരനും
കമലഹാസനുമായിരുന്നിരിക്കും
ഞങ്ങൾക്കറിയില്ല
ഞങ്ങളയാളെ അറിഞ്ഞതുമില്ല
ഞങ്ങൾ മലയാളികൾ
ഓരോ ഭാവത്തിൻ്റെയുമതിര്
ഇത്ര ഇഞ്ചകലെയെന്ന് വരച്ചിട്ടവർ
അയാളുടെ സ്വാഭാവികതകൾ
ഞങ്ങൾക്ക് അപരിചിതങ്ങൾ
അയാളുടെ തമാശകൾ
ഞങ്ങൾ ഹീബ്രുവായിക്കേട്ടു
അയാളുടെ പേച്ചുകൾ ചിലത്
നമ്മുടെ കൊടിയ തെറികൾ
അയാൾ വട്ടത്തിൽ തുന്നിയ മുണ്ടുടുത്തു
ഞൊറിപോലെ മുന്നിലെടുത്തു കുത്തി
മുണ്ടുടുക്കാനുമറിയില്ലെന്ന്
അപ്പോൾ നമ്മൾ പരിഹസിച്ചു
അയാളുടെ വിശ്വസ്തൻ ഒരു എം എയ്റ്റി
(അതയാളെ ചതിച്ചു കേട്ടോ
അതിലായിരുന്നു അവസാന യാത്രയും)
നമുക്കത് വെറും പൊട്ടക്കുതിര
അതിനു പുറത്തേറി
നീണ്ടുനീണ്ട സഞ്ചാരങ്ങൾ
ഞങ്ങൾക്ക് തന്തൈമൊഴിയില്ല
ഞങ്ങളുടെ തായ്മൊഴി മലയാളം
നാട് മുണ്ടനാട്ടുകര
ഞങ്ങളുടെ വീട് ചേനംപുല്ലി
രക്ഷിതാവിന്റെ സ്ഥാനത്ത് അമ്മപ്പേര്
കലർപ്പില്ലാത്ത നാട്ടു കൂറ് ഞങ്ങൾക്ക്
അയാൾക്ക് നാടുകൾ പലത്
വല്ലപ്പോഴുമെത്തുന്ന അതിഥിയായി
തമിഴ് ഞങ്ങളിലേക്ക് വിരുന്നുവന്നു
'രാസാത്തി ഉന്നൈ കാണാത നെഞ്ചം '
പാടിക്കേട്ട് ഞങ്ങളുറങ്ങി
ഞങ്ങളൊരിക്കലും തമിഴരായില്ല
അയാൾ മലയാളിയും
കൌതുകം കുത്തിനിറച്ച
കുഞ്ഞിക്കണ്ണുകളും
ഉറക്കത്തിൽ തുറന്നുപോയ വായുമായി
ഞങ്ങൾ കോവൈ ബസിലേറി
ഉക്കടത്തിറങ്ങി
പാപ്പനായ്ക്കൻ പാളയത്തേക്ക്
കറുത്ത ഓട്ടോ പിടിച്ചു
വഴിയിൽ ഓട്ടോയിൽ
മറന്നുവെയ്ക്കപ്പെടുമെന്ന്
അമ്മയും ഞങ്ങളും എപ്പോഴും ഭയപ്പെട്ടു
അയാൾ ചിരിച്ചു
മുഴുമനുഷ്യനായി നൊന്തു
കരയേണ്ടപ്പോഴും
അല്ലാത്തപ്പോഴും കരഞ്ഞു
കലമ്പി, ചിലമ്പി
മനസു നിറച്ച് പാട്ടുകേട്ടു
മംഗ്ലീഷിൽ കത്തെഴുതി
ഭാഷ വേണ്ടാത്ത ഉമ്മകൾ തന്നു
അയാളെപ്പോഴും തോറ്റു
സ്നേഹത്താലും അല്ലാതെയും
ഒരു ജന്മത്തിൽ
എത്രയായിരം തവണ
അയാൾ ജെയിംസും സുന്ദരവുമായിരിക്കും
ഇരുവർക്കുമിടയിൽ
വിങ്ങിവിങ്ങിയുണർന്നിരിക്കും
അയാളുടെ ഇല്ലാത്ത തമിഴ് ഭാര്യക്ക്
പൂങ്കുഴലി എന്നാവണം പേര്
മകൾക്ക് മുത്തെന്നായിരിക്കില്ല, ഉറപ്പ്
കൾച്ചറൽ കോൺഫ്ലിക്റ്റ് എന്ന വാക്ക്
അന്നെനിക്കറിയില്ലായിരുന്നു
എന്റെയച്ഛൻ തമിഴനോ
മലയാളിയോ ആയിരുന്നില്ല
രണ്ടു ജീവിതങ്ങൾക്കിടയിൽ
കുടുങ്ങിയ അപരൻ
അപരിചിതൻ
ആ വാക്ക് ഇപ്പോഴെനിക്കറിയം
ആരും കുറ്റക്കാരല്ലാത്ത
അല്ലെങ്കിൽ
എല്ലാവരും കുറ്റക്കാരാകുന്ന
ആ നാടകത്തിൻ്റെ പേര്
ജീവിതം എന്നാണെന്നും
(കടപ്പാട് ലിജോ ജോസ് പെല്ലിശ്ശേരി/എസ് ഹരീഷ് ടീമിൻ്റെ സിനിമയ്ക്ക് )