നോട്ട് നിരോധനം പ്രമേയ ഭാഗമായി വരുന്ന ഇന്ത്യയിലെ തന്നെ ആദ്യ നോവലുകളിലൊന്നാണ് കെ ആർ മീരയുടെ ഘാതകൻ. എന്നാലത് കൊണ്ട് മാത്രമല്ല ഘാതകൻ ഉറപ്പായും വായിക്കേണ്ട കൃതിയാകുന്നത്.
കെ.ആര്‍ മീരയുടെ 'ഘാതകന്‍' എന്ന നോവലിനെക്കുറിച്ച് സനീഷ് ഇളയിടത്ത് എഴുതുന്നു
കെ ആര്‍ മീരയുടെ ഘാതകനിലെ സത്യപ്രിയ എന്ന നായികയെ പോലെ മറ്റൊരു കഥാപാത്രം മലയാള സാഹിത്യത്തില്‍ ഇല്ല. ബഷീറോ എംടിയോ ബാറ്റണ്‍ബോസോ അടക്കമുള്ളവര്‍ എഴുതിയവയിലൊന്നും അവരെപ്പോലൊരാള്‍ ഉണ്ടാകില്ല. എന്നാല്‍ അത് കൊണ്ട് മാത്രമല്ല, ഘാതകന്‍ വായിക്കേണ്ട ഗംഭീര നോവലാകുന്നത്.1. നമ്മളിപ്പോള്‍ ജീവിച്ചിരിക്കുന്ന ഈ കാലത്തെയാണ് കെ ആര്‍ മീര കഥയാക്കിയിരിക്കുന്നത്. 2. നമ്മളിപ്പോള്‍ ജീവിക്കുന്ന രാഷ്ട്രീയസാഹചര്യം അതില്‍ ആഴത്തിലും അലിഞ്ഞും കിടക്കുന്നുണ്ട്. 3. നമ്മളിപ്പോഴും കിടക്കുന്ന പുരുഷാധികാര രാഷ്ട്രീയത്തിന്റെ വിമര്‍ശവും ചിത്രീകരണവും ആയിട്ടും ആണ് നോവല്‍ നില്‍ക്കുന്നത്. ഇങ്ങനെ ഒന്നിലേറെ കാരണങ്ങള്‍ കൊണ്ടാണ് ഘാതകന്‍ മസ്റ്റ് റീഡ് ആണെന്ന് നിര്‍ദ്ദേശിക്കാന്‍ ഞാനെന്ന വായനക്കാരന് ധൈര്യം വരുന്നത്. ഇത് നിരൂപണമോ പഠനമോ അല്ല, വായനാക്കുറിപ്പ് മാത്രമാണ്. ആ ഗൗരവത്തില്‍ ബാക്കി വായിക്കുക.
കഥ
രാജ്യത്ത് പ്രധാനമന്ത്രി നോട്ട് നിരോധിച്ചതിന്റെ എട്ടാം ദിവസം സത്യപ്രിയ എന്ന നാല്‍പ്പത്തിനാല് കാരിയെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നു. ഭാഗ്യത്തിന് രക്ഷപ്പെട്ട സത്യപ്രിയ ആരാണിത് ചെയ്തത് എന്നും എന്തിനാണ് തന്നെ ആരോ കൊല്ലാന്‍ ശ്രമിക്കുന്നത് എന്നും കണ്ടെത്താനായി നടത്തുന്ന കുറ്റാന്വേഷണ യാത്രയാണ് ഘാതകനിലുള്ളത്. വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട്, ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് അവധിയെടുത്ത് അവര്‍ നാട്ടിലേക്ക് പോരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരാലോ കത്തിക്കുത്തേറ്റതിനെ തുടര്‍ന്ന് ശയ്യാവലംബിയായ അച്ഛന്‍ വീട്ടില്‍ വെച്ച് അവളോട് പറയുന്നു. നിന്നെയും അവര്‍ കൊല്ലും എന്ന്.ഇത് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛനും മരിക്കുന്നു. നിന്നെയും എന്ന് കേട്ടപാടെ സത്യപ്രിയയ്ക്ക് മനസ്സിലാകുന്നു,ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന (വാഹനാപകടത്തില്‍ എന്ന് മനസ്സിലാക്കിയിരുന്ന ) ചേച്ചി ശിവപ്രിയയുടെ മരണവും കൊലപാതകം ആയിരിക്കാമെന്ന്. അച്ഛനെ കുത്തിയതും, ചേച്ചിയെ കൊന്നതും , ഇപ്പോള്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതും ഒരേ ആളുകള്‍ തന്നെയാണോ, ആരാണ് അവര്‍. എന്താണ് അവര്‍ക്ക് കൊല്ലാനുള്ള കാരണം.670 പേജുകള്‍ നമ്മളെ ജിഞ്ജാസാലുക്കളാക്കി നടത്തുകയാണ് കെ ആര്‍ മീര.
ശരി, എന്നാലിതിനെ ഒരു കുറ്റാന്വേഷണ നോവലായി കണ്ടേക്കാം എന്നൊരു വായനക്കാരന്‍ വിചാരിക്കുകയാണെങ്കില്‍ അവള്‍ക്ക് അത് മാത്രമായി സാധ്യമല്ലാത്ത വിധത്തില്‍ അത്യധികം കനത്തില്‍ നോവലിസ്റ്റ് നോവലിനകത്ത് ഇതരസംഗതികളെ കൂടെ വിന്യസിച്ചിട്ടുണ്ട്. ആരാണ് കുറ്റവാളി / കള്‍ എന്ന് മനസ്സിലാക്കുമ്പോഴേക്ക് വായനക്കാരന്റെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയില്ല, മറ്റിടങ്ങളിലേക്ക് വളരുകയേ ഉള്ളൂ.
നായിക
നാല്‍പ്പത്തിനാലിലും അവിവാഹിത, നിറയെ പ്രണയബന്ധങ്ങളിലൂടെ പോയവള്‍, പ്രണയത്തിന് പുറത്തും ശാരീരിക ബന്ധങ്ങള്‍ ഉണ്ടായിട്ടുള്ളവള്‍, ഒറ്റ ദേശത്ത് മാത്രമായി ജീവിക്കാത്ത യാത്രിക, സാമ്പത്തിക സുരക്ഷ നല്ല തോതിലുള്ളവള്‍. ഇങ്ങനെ മലയാള നോവലില്‍ താരതമ്യങ്ങളില്ലാത്തൊരു നായികയാണ് മീരയുടെ സത്യപ്രിയ. മലയാളനോവല്‍ ചരിത്രത്തില്‍ ഇതൊരു മറിച്ചിടലാണ് എന്ന് വായനക്കാര്‍ക്ക് മനസ്സിലാകും. അവരുടെ വിശേഷണങ്ങളായി മുകളിലെഴുതിയ കാര്യങ്ങളെ പുരുഷനെന്ന് കണ്ട് വായിച്ച് നോക്കിയാല്‍ മലയാളത്തിലെ ആണ്‍നായകരുടെ വളരെ സാധാരണമായ ഗുണവിശേഷങ്ങളാണ് അവയെന്നും മനസ്സിലാകും. ഒ വി വിജയനോ ആനന്ദോ ബാറ്റണ്‍ബോസോ എഴുതിയ നോവലുകളില്‍ തുടങ്ങി ആറാം തമ്പുരാന്‍ പോലുള്ളവയിലെ സിനിമാ ആണുങ്ങളില്‍ വരെ എല്ലാവര്‍ക്കും പൊതുവായി കല്‍പ്പിക്കാവുന്ന വിശേഷ ഗുണങ്ങളാണ് അവ. എന്നാല്‍ ഈ സ്വഭാവ വിശേഷങ്ങള്‍ തികഞ്ഞൊരു പെണ്ണ് കേന്ദ്രപാത്രമായുള്ള കഥാപാത്രമുണ്ടോ. ഇതിലൊന്നോ രണ്ടോ വിശേഷങ്ങള്‍ ചേരുന്ന നായികമാര് കാണും , പക്ഷെ എല്ലാം തികഞ്ഞവളില്ല.
എന്നാലിത് ഹീറോയുടെ ജെന്‍ഡര്‍ മാറ്റി വിന്യസിച്ചിരിക്കുന്നു എന്ന ലളിതസംഗതിയായി മാത്രം കാണാവുന്നതല്ല താനും. അങ്ങനെയൊരു ലളിത ഫെമിനിസ്റ്റ് കൃതി രചിക്കലല്ല ഉദ്ദേശ്യമെന്ന് നോവലിസ്റ്റ് വായനക്കാരെ ബോധ്യപ്പെടുത്തും . സത്യത്തില്‍ വായനാ നേരത്ത് നമ്മളെ ഇത്തരം സൂക്ഷ്മരാഷ്ട്രീയ ആലോചനകളിലേക്കൊന്നും വീണ് പോകാതെ കൊണ്ട് പോകുന്നൊരു കുറ്റാന്വേഷണ കഥയുമാണല്ലോ. മേല്‍പ്പറഞ്ഞ മാതിരി പുരുഷഗുണങ്ങള്‍ മുഴുവന്‍ തികഞ്ഞ പാട്രിയാര്‍ക്കല്‍ ബിംബം നോവലില്‍ വേറെയുണ്ട്. സത്യപ്രിയയുടെ അച്ഛന്‍. അറുപതുകളിലെ സിനിമാ നിര്‍മ്മാതാവ്, പണം, ജാതി , അധികാരം എല്ലാം തികഞ്ഞ ഹീറോ. പക്ഷെ നോവലില്‍ അയാള്‍ വില്ലനാണ്. നമ്മള് കാണുമ്പോള്‍ അയാള് നടുവൊടിഞ്ഞ് കിടക്കുന്നൊരു ആറാം തമ്പുരാനാണ്. അയാളുടെ ആണത്ത പ്രകടനങ്ങളുടെ കാലം അവസാനിച്ച് കഴിഞ്ഞു. രാജ്യത്ത് പുതിയൊരു ആണത്ത രാഷ്ട്രീയം അധികാരത്തില്‍ വന്ന കാലത്താണ് നോവലിന്റെ തുടക്കം എന്ന് പറഞ്ഞല്ലോ. നമ്മുടെ ഈ കാലത്ത് തന്നെ. ഈ ഹിന്ദുത്വ രാഷ്ട്രീയസംഘം അവരുടെ സമഗ്രാധികാരപ്രകടനത്തിന്റെ സമ്പൂര്‍ണാരോഹണ അടയാളമായി നോട്ട് നിരോധനം നടപ്പാക്കുന്ന ദിവസങ്ങളില്‍ നിന്ന് കൊണ്ടാണ് കെ ആര്‍ മീര കഥയെ വിടുര്‍ത്തുന്നത്. അച്ഛന്‍ ആണായി വിരിഞ്ഞ് നടന്നിരുന്ന കാലത്തിന്റെ അളിഞ്ഞ സംഗതികളെ നോട്ട് നിരോധനം എന്ന ആണധികാരരാഷ്ട്രീയസംഘത്തിന്റെ മെഗാ ഓര്‍മ്മകള്‍ക്കിപ്പുറത്ത് വെച്ചാണ് , അവയെ പരസ്പരം ചേര്‍ത്ത് നിര്‍ത്തിയാണ് നോവല്‍ രാഷ്ട്രീയഗ്രന്ഥമാകുന്നത്. അച്ഛന്‍ മാത്രമല്ല, സ്വാമി മഹിപാല്‍ ഷാ ബാബ, പ്രഭുദേവ് മഹേശ്വരി എന്നിവരടക്കമുള്ള നോവലിലെ പിതൃരൂപങ്ങളെല്ലാം ഇങ്ങനൊരു രാഷ്ട്രീയത്തെ കാണിച്ച് തരുന്നതിനുള്ള ഉപകരണങ്ങളായി കൂടെയായി വിന്യസിക്കപ്പെട്ടിരിക്കുന്നു . ഇപ്പറഞ്ഞ ആണുങ്ങള്‍ക്കൊപ്പമെല്ലാം സത്യപ്രിയയ്ക്ക് ജീവിതമുണ്ട്. ഓരോ അധ്യായം കഴിയുമ്പോഴും കഴിഞ്ഞതിലേതിനെക്കാള്‍ വലുതായി വളരുന്ന സത്യപ്രിയയുടെ അമ്മയും ഈ ആണുങ്ങളുടെ ഓപ്പസിറ്റ് എന്ന നിലയ്ക്ക് ഘാതകനെ സ്ത്രീരാഷ്ട്രീയ സൃഷ്ടിയായി മാറ്റുന്നു.
കുറ്റാന്വേഷണം
അനുരൂപ് ഷെട്ടി എന്ന പൊലീസുദ്യോഗസ്ഥനാണ് ഘാതകനിലെ കുറ്റാന്വേഷകന്‍. ഫിക്ഷനിലെ എല്ലാ മികച്ച കുറ്റാന്വേഷകനെയും പോലെ അയാള്‍ എല്ലാ രഹസ്യങ്ങളും കണ്ടെത്തുന്നുണ്ട്. അതിനായി ശാരീരികമായി അധ്വാനിക്കുന്നു, ആക്രമിക്കപ്പെടുന്നു, അതിവിദൂരങ്ങളിലുള്ള സൂചനാലിങ്കുകളെ കൂട്ടിയിണക്കുന്നതില്‍ അയാള്‍ വിജയിക്കുന്നുമുണ്ട്. പക്ഷെ അയാളല്ല നോവലിലെ ഷെര്‍ലക് ഹോംസ്. അത് ഇര തന്നെയാണ്. സത്യപ്രിയ മറ്റെല്ലാ ആണുങ്ങളെയും പോലെ അനുരൂപ് ഷെട്ടിയെയും പകുതി മാത്രമേ വിശ്വസിക്കുന്നുള്ളൂ, അറിയാവുന്ന വിവരങ്ങളില്‍ ചെറിയ ശതമാനം പോലും അയാളുമായി പങ്ക് വെക്കുന്നുമില്ല.അലഞ്ഞും, അറിഞ്ഞും സ്വയം തന്നെ അന്വേഷണം നടത്തുകയാണ് അവള്‍. ഇങ്ങനെ ഇര തന്നെ കുറ്റാന്വേഷകയായത് കൊണ്ടാണ് മീരയുടെ നോവല്‍ സാദാ കുറ്റാന്വേഷണ നോവല്‍ ആകാതെ പോകുന്നത്. അവള്‍ക്ക് നേരത്തെ അറിയുന്ന സംഭവങ്ങള്‍ കൂടെ അവള്‍ അന്വേഷിച്ചറിഞ്ഞതിനോട് ചേര്‍ത്ത് വെക്കപ്പെടുന്നത് കൊണ്ടാണ് നമ്മളീ സംഭവങ്ങളെ സമഗ്രതയില്‍ മനസ്സിലാക്കുന്നത്.സംഭവങ്ങളെന്ന് വെച്ചാല്‍ ഇവരുടെയൊക്കെ കുടുംബ കഥകള്‍. അളിഞ്ഞ ആണധികാരത്തിന്റെയും, അധാര്‍മ്മികമായ ധനവിനിമയത്തിന്റെയും മനുഷ്യവിരുദ്ധമായ ജാത്യധികാരത്തിന്റെയും ഒക്കെ പതിറ്റാണ്ടുകള്‍ മുമ്പ് തൊട്ട് തുടങ്ങുന്ന കഥകള്‍. ഇവ ചേര്‍ന്നാണ് നമുക്ക് വേറെ ഒരിടത്ത് നിന്നും കിട്ടിയിട്ടില്ലാത്ത വായനാനുഭവമായി , സാദാ കുറ്റാന്വേഷണ നോവല്‍ മാത്രമല്ലാതായി ഘാതകന്‍ മാറുന്നത്.
കൊലപാതകശ്രമം എന്ന കുറ്റത്തെക്കുറിച്ച് മാത്രമല്ലല്ലോ അന്വേഷിക്കുമ്പോള്‍ അറിയുന്നത്. പ്രത്യക്ഷത്തില്‍ കാണാത്ത അനേക കുറ്റകൃത്യങ്ങള്‍ കൂടെ അന്വേഷണയാത്രക്കിടെ വെളിവാവുകയാണല്ലോ. കുറ്റകൃത്യമാണ് എന്ന് ,അത് നടക്കുന്ന കാലത്ത, മനുഷ്യര്‍- ചെയ്യുന്നവരും ഇരയായവരും- തിരിച്ചറിയുക പോലും ചെയ്യാത്തവയുമാണ് അവയില്‍ പലതും. ചെയ്യുന്നവര്‍ക്ക് ചെയ്യാനധികാരമുള്ളത് എന്ന നിലയ്ക്കാണ് അക്കാലങ്ങളില്‍ ആ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. നേര്‍ക്ക് നേര്‍ കാണാനാവാത്ത ഇത്തരം അനീതികളെ വലിച്ച് പുറത്തിടാനാകുന്നത് ഇര തന്നെ അന്വേഷകയായതിനാല്‍. അനുരൂപ് ഷെട്ടി ആണ് അന്വേഷകനെങ്കില്‍ ആരാണ് കൊതപാതകശ്രമത്തിന് പിന്നില്‍ എന്ന ചോദ്യത്തിനേ ഉത്തരം കിട്ടൂ. തലമുറകള്‍ക്കപ്പുറത്ത് നിന്ന് തുടങ്ങിയ അനീതിയുടെയും അതിക്രമങ്ങളുടെയും അതിന് അനുഗുണമായ വിധം പന്തലിച്ച് സമൂഹത്തില്‍ നിന്ന പ്രത്യയശാസ്ത്രപരിസരത്തെയും കുറിച്ച് വായനക്കാര്‍ ഒന്നും അറിയില്ല. മീര സത്യപ്രിയയെ നായികയും അന്വേഷകയും ആക്കുന്നു, നമുക്ക് മുന്നിലേക്ക് അറുപതുകള്‍ തൊട്ട് രണ്ടായിരത്തി ഇരുപത് വരെയുള്ള ദീര്‍ഘകാലത്തെ, കേരളവും കൗ ബെല്‍റ്റും ഒക്കെ ഉള്‍ക്കൊള്ളുന്ന വിശാല ക്യാന്‍വാസിലെ ദൈനം ദിന ജീവിതത്തിനകത്തെ പണവും അധികാരവും കേന്ദ്രമായ കുറ്റകൃത്യങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നിവര്‍ന്ന് വീഴുന്നു.
പണം
സത്യപ്രിയയെക്കാള്‍ വലിയൊരു നായിക നോവലിലുണ്ടെങ്കില്‍ അത് പണമാണ്. നോട്ട് നിരോധനമാണല്ലോ കഥയിലെ കേന്ദ്രസ്ഥാനം. അവിടെ നിന്നങ്ങോട്ടുമിങ്ങോട്ടുമാണ് കഥ ചലിക്കുന്നത്. പണത്തിന്മേലുള്ള അധികാരമാണ് ശരിയായ അധികാരം എന്ന് നമ്മളറിയുന്ന ചരിത്രസന്ദര്‍ഭമാണല്ലോ നോട്ട് നിരോധനത്തിന്റേത് . പണത്തെപ്പോലും ഇല്ലാതാക്കാനും പുതുക്കാനും അധികാരം ഉള്ള ഒരു സംഘം വന്നിരിക്കുന്നു എന്ന് ജനത്തെ ബോധ്യപ്പെടുത്തല്‍ കൂടെയായിരുന്നു നോട്ട് നിരോധനത്തിന്റെ പ്രചോദനം എന്ന് നമുക്കിപ്പോള്‍ അറിയാമല്ലോ. വോട്ട് വാങ്ങി സമ്പൂര്‍ണമായി ഭരണത്തില്‍ വന്നതിന് ശേഷം രാജ്യത്തിന്റെ മുക്കിലൂം മൂലയിലും അധികാരമാറ്റത്തിന്റെ സന്ദേശമെത്തിക്കാനായി കൂടെയായിരുന്നു നോട്ട് നിരോധനം. ഇതാ ഈ രാജ്യത്തിന്റെ പണത്തിന് മേല്‍ സമ്പൂര്‍ണാധികാരി ഞങ്ങളാണ് എന്ന പ്രഖ്യാപനം. നോവലില്‍ ഉടനീളം നോട്ട് നിരോധ പരാമര്‍ശങ്ങളാണ്. ഇത്ര വേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പിക്കുന്നത്രയ്ക്ക. കഥയുടെ ഒഴുക്കില്‍ അനായാസമായി കിടന്നൊഴുകി പോകാന്‍ സമ്മതിക്കാത്ത വിധം അത് എല്ലായ്‌പോഴും കയറി വരുന്നു. മറക്കാന്‍ സമ്മതിക്കില്ല എന്ന നോവലിസ്റ്റിന്റെ ആ നിലപാട്, പണത്തെയും അധികാരത്തെയും കുറിച്ചുള്ളതായി അടിമുടി കിടക്കുന്നു. വേറിട്ട് നില്‍ക്കുന്ന പോലെയെന്ന് തോന്നിപ്പിച്ച്, എന്നാല്‍ കഥയില്‍ ലയിച്ച്.
അച്ഛന്‍ മേല്‍ജാതിയാണ്, പണമില്ല. അമ്മ കീഴ്ജാതിയാണ്, പണമുണ്ട്. ഇങ്ങനെ ആരംഭിച്ച ആ കുടുംബത്തില്‍ തന്റെ പാരമ്പര്യമായ മേല്‍ജാതിനിലക്കൊപ്പം ഭാര്യയില്‍ നിന്ന് കിട്ടിയ പണം കൊണ്ടുണ്ടായ ധനാധികാരം കൂടെ വെച്ച് അച്ഛന്‍ വിരാട്പിതൃരൂപമായി വളര്‍ന്ന് ചെയ്യുന്ന തോന്ന്യാസങ്ങളാണ് സത്യപ്രിയയുടെ കഥയെ ഇത്ര സംഘര്‍ഷമുള്ള സ്ഥലമാക്കുന്നത്. കുടുംബം ഉണ്ടാകുന്നതിനും മുമ്പും അയാള്‍ തോന്ന്യാസം ചെയ്തിട്ടുണ്ട്. അതും ജാത്യധികാരാഹന്ത കാരണമായത് തന്നെ. പിന്നെ അതോടൊപ്പം പണം കൂടെ ചേരുകയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ പണം ഉണ്ടാവുക എന്നത് ഒരു മേല്‍ജാതി കഴിവാണ് എന്നും, പണം കൂടെ ചേരുന്ന മേല്‍ജാതിക്ക് എന്ത് കുറ്റകൃത്യവും അതിസാധാരണമായത് എന്നും അന്വേഷണത്തിലൂടെ നമ്മളറിയുന്നു.
പണം 2
ഇതിനാല്‍, സത്യപ്രിയ എന്ന നായിക ഇതൊക്കെ കാണിച്ച് തരുന്ന പരിശുദ്ധയായ അന്വേഷകയാണ് എന്നാണോ വിചാരിക്കുന്നത്. എന്നാലങ്ങനെയല്ല.പണം മനുഷ്യരില്‍ ചെയ്യുന്നതെന്താണ് എന്ന് നോവല്‍ ഉദാഹരിക്കാനുപയോഗിക്കുന്ന മറ്റൊരാള്‍ മാത്രമാണ് നായികയും. അസാധ്യ തോന്ന്യാസിയായ അച്ഛനോട് അവസാനഭാഗത്ത് സത്യപ്രിയ അനുകമ്പ കാണിക്കുന്നിടത്താണ് ഈ വിച്ഛേദം വരിക. അനുകമ്പ മാത്രമല്ല സ്‌നേഹം പോലുമുണ്ട് നോവല്‍ തീരുമ്പോള്‍ അവള്‍ക്ക് അച്ഛനോട്. അതിനെന്താണ് കാരണം?. ഏറ്റവും നിന്ദ്യവും ക്രൂരവുമായ കുറ്റകൃത്യം പല തവണ ചെയ്‌തെന്ന് , ആവര്‍ത്തിച്ച് മനസ്സിലാക്കിയ ശേഷവും 'അച്ഛന്‍ പാവം' എന്ന മനോഭാവം സത്യപ്രിയയില്‍ നിന്നും അത് വഴി വായനക്കാരില്‍ നിന്നും കിട്ടാനെന്താണ് ?. ഇവിടെയാണ് പണം അതിന്റെ സര്‍വ്വപ്രതാപവും കാണിക്കുന്നത്. വിദൂര സ്വപ്‌നത്തില്‍ പോലുമില്ലാതിരുന്നത്ര വലിയ സമ്പത്ത് അച്ഛനില്‍ നിന്ന് തനിക്ക് മാത്രമായി ലഭിച്ചു എന്നറിയുന്നതോടെയാണ് സത്യപ്രിയ തരളിതയായി പോകുന്നത്. പണത്തിന്റെ ആ വമ്പന്‍ വരവ് അച്ഛന് മേല്‍ അന്നേരം വരെ നമ്മള്‍ വായനക്കാരും വെച്ചിരുന്ന രോഷത്തിന്റെ തീവ്രത കുറച്ച് കളയുന്നു. നോവലിന്റെ വായനയില്‍ നമ്മള്‍ അതേ വരെ വിട്ട് പോകാതെ
പിടിച്ചിരുന്ന രാഷ്ട്രീയശരിയുടെ ബലം അവിടെ വെച്ച് ലൂസാകുന്നു. സത്യപ്രിയ മാത്രമല്ല, നമ്മളും അച്ഛനോട് അനുതാപമുള്ളവരാകുന്നു. ഇവിടെയാണ് നോവല്‍ അതിന്റെ യഥാര്‍ഥ രൂപം കാട്ടുന്നത് എന്ന് ഞാന്‍ വിചാരിക്കുന്നു. കുറ്റം , അന്വേഷണം എന്ന രേഖയിലൂടെയുള്ള കഥ പറച്ചില്‍ ഇവിടെ വെച്ച് തീരുന്നു. സകലതിനെയും നമ്മളൊന്ന് കൂടെ വിശകലന വിധേയമാക്കുന്നു. അതിലളിതവും വളരെ സ്വാഭാവികവും ആയാണ് നോവല്‍ ഈ ട്വിസ്‌ററിലേക്ക് തിരിയുക. ഇത് ഇങ്ങനെ എല്ലാവരും വായിക്കുമോ എന്ന് എനിക്കറിയില്ല. വായനയ്ക്ക് ശേഷമുളള ആലോചനയിലേ ഇത് സമ്പൂര്‍ണമായി മനസ്സിലാകൂ. പണനിയന്ത്രണശേഷിയും അത് വഴിയുള്ള അധികാരവും സകല സംഗതികളെയും സഹനീയമാക്കും എന്ന ''ലളിത''മായ സന്ദേശത്തിലെത്തി നില്‍ക്കുന്നു നോവല്‍. വായന നിര്‍ത്തി നമ്മള് കണ്ണെടുത്ത് പുറത്തേക്ക് നോക്കുമ്പോള്‍ കുറേക്കൂടെ അനുഭാവവും സ്‌നേഹവും വാങ്ങി നോട്ട് നിരോധന സര്‍ക്കാര്‍ നമ്മെ തുടര്‍ന്ന് ഭരിക്കുന്നത് നമ്മള്‍ കാണുന്നു. അധികാരത്തിന്റെ പ്രയോഗം ഒരു വലിയ രാജ്യത്ത് സകല സംഗതികളെയും സഹനീയമായി മാറ്റിയതായി നമ്മള്‍ കാണുന്നുഹിംസ അവരുടെ ആയുധമല്ല, പൈതൃകമാണ് എന്ന അനുഭാവം കിട്ടുന്നത് കാണുന്നു.ശീലവും കാലവും അധികാര പിതൃരൂപങ്ങളോട് കൂടുതല്‍ സ്‌നേഹമുണ്ടാക്കുമെന്ന് നമ്മളറിയുന്നു.
''അച്ഛന്‍ അനുഭവിച്ചത് എന്തെന്ന് ഞാന്‍ മനസ്സിലാക്കിയില്ല. അച്ഛന്റെ മനസ്സ് എന്താണ് എന്നറിഞ്ഞില്ല. അച്ഛന്റെ ബാല്യം,അച്ഛന് കിട്ടിയതോ കിട്ടാതെ പോയതോ ആയ സ്‌നേഹം , അച്ഛന് നിഷേധിക്കപ്പെട്ട ആത്മാഭിമാനം, ആത്മവിശ്വാസം- ഒന്നും ഞാന്‍ അറിഞ്ഞില്ല. അച്ഛന്‍ ഇടുപ്പില്‍ തിരുകി നടന്ന ആ കത്തി - അത് അച്ഛന്റെ ആയുധമല്ല, പൈതൃകമാണ് എന്ന് തിരിച്ചറിഞ്ഞില്ല. നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, പ്രായം കൂടുന്തോറും മനുഷ്യര്‍ സ്വന്തം അച്ഛന് പുതിയ പുതിയ അടരുകള്‍ കണ്ടെത്തും. അവ ഉപയോഗിച്ച് സ്വന്തം അച്ഛനെ മഹത്വവല്‍ക്കരിക്കാനോ ന്യായീകരിക്കാനോ ശ്രമിക്കും.കാരണം അച്ഛനും അമ്മയെ പോലെ ഒരു ആശയമാണ്. പക്ഷെ ആ ആശയം സമൂഹത്തിന്റേതാണ്. ''
(പേജ് 668,669)
വായനക്കാരന്റെ തീര്‍പ്പ്
ഘാതകന്‍ മികച്ച നോവലാണ്. കെ ആര്‍ മീര മലയാളത്തിലിന്നേ വരെ ഉണ്ടായിട്ടുള്ളതില്‍ മികച്ച നോവലിസ്റ്റുകളിലൊരാളാണ്. അവരുടെ അധ്വാനശേഷി അപാരമായതാണ്. ഇത് വരെ വായിക്കാതിരുന്ന ആരാച്ചാര്‍ ഞാനിനിയും വൈകാതെ വായിക്കും.