റോഡ്രിഗോ ഗാർസിയ എഴുതിയ എ ഫെയർവെൽ ടു ഗാബോ ആൻഡ് മെഴ്സിഡസിനെ കുറിച്ച് സനീഷ് ഇളയടത്ത് എഴുതുന്നു
അവനവന്റെ മരണത്തെയോര്‍ത്തുള്ള വലിയ ദേഷ്യം അതെക്കുറിച്ച് എഴുതാന്‍ തനിക്കാവില്ലല്ലോ എന്നതിനാലാണെന്ന് മാര്‍കേസ് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം നമ്മള്‍ മകനെഴുതിയ പുസ്തകത്തില്‍ വായിക്കുന്നു. നമ്മള്‍ വായനക്കാരുടെയും നഷ്ടമാണല്ലോ ആ അര്‍ഥത്തില്‍ അത്. ഓര്‍മ ഏറ്റവും വലിയ ടൂളായി ഉപയോഗിച്ച്, അംബരചുംബികളായ കഥകളുണ്ടാക്കിയ ഒരെഴുത്തുകാരന്‍ ഓര്‍മ്മ മുഴുവനായും നഷ്ടപ്പെട്ട്, മെഴുകുതിരി അണയും പോലെ മരിച്ച് പോകുന്നതിനെക്കുറിച്ച് മാര്‍കേസ് എഴുതിയിരുന്നെങ്കില്‍ നന്നായേനേ. പക്ഷെ, ചിലതൊക്കെ എത്ര വലിയ എഴുത്തുകാര്‍ക്കും അസാധ്യമായത് കൊണ്ട് അങ്ങനെയൊന്ന് സംഭവിക്കുകയില്ല. മറ്റാരെങ്കിലും വേണം മാര്‍കേസിന്റെ മരണത്തെകുറിച്ച് എഴുതാന്‍. അത് അദ്ദേഹത്തിന്റെ മകന്‍ ചെയ്തിരിക്കുന്നത് വലിയ വായനാനന്ദമുണ്ടാക്കും വിധം. മാര്‍കേസും നമ്മള്‍ വായനക്കാരും അര്‍ഹിക്കുന്ന ആദരവോടെ തന്നെ.
രണ്ട്
ഞാന്‍ മരിച്ചാല്‍ നിങ്ങളെന്ത് വേണമെങ്കിലും ചെയ്തോ എന്ന് തന്റെ മരണാനന്തര ജീവിതത്തിന് മേല്‍ മക്കള്‍ക്ക് അധികാരം കൊടുത്ത അച്ഛനായിരുന്നു ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്. ഈ പുസ്തകത്തിലൂടെ നമ്മളിക്കാര്യം അറിയുന്നു. തന്നെക്കുറിച്ച് മക്കള്‍ക്ക് എഴുതേണ്ടി വരും എന്ന് മുന്‍കൂട്ടിത്തന്നെ ചിന്തിച്ചിട്ടുണ്ടാകണമല്ലോ. മരിച്ചാലും വര്‍ഷം തോറും ഇരട്ടിയിരട്ടിയായി വില്‍ക്കപ്പെടാവുന്ന എഴുത്തച്ഛനാണ്. പണത്തിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യപ്പെടാവുന്ന മൂല്യമുള്ള ഓര്‍മ്മകളുടെ ശേഖരമുള്ള മകനുമാണ്. പക്ഷെ അയാള്‍ നല്ല അവധാനതയോടെ പെരുമാറി എന്ന ആദരവ് ഉണ്ടാകും പുസ്തകം വായിച്ച് തീരുമ്പോള്‍. ചെറിയ പുസ്തകമാണ്. തെരഞ്ഞെടുക്കേണ്ട ഓര്‍മകള്‍ ഏതൊക്കെ, അതെഴുതേണ്ട ഭാഷയില്‍ ഏത് ടോണ്‍, എന്നൊക്കെ നന്നായി ആലോചിച്ച് പിശുക്കി എഴുതിയ എഴുത്തുകാരനെ കാണാം ഇതില്‍. ഇതാകും വിഷയമെങ്കില്‍ നിലവാരത്തെക്കുറിച്ച് ഒരാലോചനയും നടത്താതെ എന്തെഴുതിയാലും വിറ്റ് പോകും എന്ന് തനിക്കറിയാമെന്ന് ഇതിലൊരിടത്ത് റോഡ്രിഗോ ഗാര്‍സിയ പറയുന്നുണ്ട്. പക്ഷെ അദ്ദേഹമതല്ല ചെയ്തിരിക്കുന്നത്. നൂറില്‍ താഴെ പേജുകളേ ഉള്ളൂ. വൈകാരികതയുടെ തള്ളിച്ചയോ, അദ്ദേഹത്തിന്റെ മകന്‍ എന്ന അസാധാരണതയിലെ അഹങ്കാരമോ, അമിതമായ അഭിമാനം പോലുമോ പ്രകടിപ്പിക്കുന്നില്ല. എന്നാല്‍ നിങ്ങളൊരു മാര്‍കേസിസ്റ്റാണ് എങ്കില്‍ ഇത് കൊണ്ട് നിങ്ങള്‍ നിറയും . ഓണത്തിന്റെ പിറ്റേന്ന് ,ഇന്ന്, അതിനാല്‍ നിറഞ്ഞിരിക്കുന്ന ഒരാളുടെ അനുഭവസാക്ഷ്യമാണ്. മാര്‍കേസ് അപാരമഹത്വമുള്ള സാഹിത്യമുണ്ടാക്കി, ഔചിത്യമുള്ള മക്കളെയും . ഈ ചെറിയ പുസ്തകം വായിച്ച് തീര്‍ത്ത് വെക്കുമ്പോള്‍ നമ്മളിങ്ങനെ ഓര്‍ക്കും.
മൂന്ന്
നമ്മള്‍ മാര്‍കേസിന്റെ വായനക്കാരായത് കൊണ്ടാണ് അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകമാണ് എന്ന മട്ടില്‍ വായിക്കുന്നത്. പുസ്തകത്തില്‍ മെര്‍സിഡസ് ബാര്‍ച്ച എന്ന ഇവരുടെ അമ്മയെക്കുറിച്ചുമുളള ഓര്‍മ്മകളാണ്. നമുക്കവരെ അറിയാം. മാര്‍കേസിനോളം പ്രശസ്തയാണല്ലോ. മരണാസന്നനായ മാര്‍കേസിനെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റുമ്പോഴത്തെ ചെറിയൊരു സംഭവം റോഡ്രിഗോ വിവരിക്കുന്നു.ആംബുലന്‍സ് വരുമ്പോ വീട്ടിന് മുന്നില്‍ നിറയെ ആളുകള്‍ ഉണ്ട്.പൊലീസുകാര്‍, ജേണലിസ്റ്റുകള്‍, ക്യാമറകള്‍ ഒക്കെ. ടാബ്ലോയ്ഡ്സ് അല്ല, റിയല്‍ റെപ്യൂട്ടഡ് മാധ്യമങ്ങളുടെ ആളുകളാണ്.
അത്തരമൊരു സാഹചര്യത്തില്‍ സ്വാഭാവികമായുണ്ടാകുന്ന ഒച്ചപ്പാടും അവിടെയുണ്ട്. ആംബുലന്‍സിന് പിന്നിലെ കാറില്‍ നിന്ന് മെഴ്സിഡസ് ഇറങ്ങും. പെട്ടെന്നൊരു നിശബ്ദത. അത്തരമൊരു നിമിഷത്തില്‍, അങ്ങനെ ലോകത്തെ ആനന്ദിപ്പിച്ചൊരു മനുഷ്യന്റെ കൂട്ടാളിയോട് ലോകം എങ്ങനെ ആദരവ് പ്രകടിപ്പിക്കണോ അങ്ങനെ. ആ നിശബ്ദതതയിലൂടെ മെഴ്സിഡസ് വീട്ടിലേക്ക് കയറി എന്ന് റോഡ്രിഗോ എഴുതുന്നു. കൂടി നിന്നവര്‍ക്ക് നേരെ തിരിഞ്ഞ് ഒന്ന് ബോ ചെയ്ത്, പിന്നെ അവരുടെ കിടപ്പ് മുറിയില്‍ നടക്കുന്ന പോലത്തെ ചെറിയ നടപ്പ് കൊണ്ട് അവര്‍ ഗേറ്റിനപ്പുറത്തേക്ക് നടന്ന് കയറിയെന്ന്.
മാര്‍കേസിന്റെ മരണാനന്തര ചടങ്ങില്‍ രണ്ട് രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ പങ്കെടുത്തു. മെക്സിക്കോ, കൊളംബിയ. കൊളംബിയക്കാരന്‍ ഗാബോയുടെ മക്കളോടും വിധവയോടും എന്റെ ആദരവ് അര്‍പ്പിക്കുന്നു എന്ന് പ്രസംഗിച്ചു. മക്കള്‍ക്ക് അപ്പോഴേ അറിയാം, ആ വിധവ പ്രയോഗം അമ്മയ്ക്ക് രസിക്കില്ല എന്ന്. ആള് പിരിഞ്ഞപ്പോള്‍ അമ്മ മക്കളോട് പതിഞ്ഞതല്ലാത്ത സ്വരത്തില്‍ പറഞ്ഞു. ഞാന്‍ വിധവയൊന്നുമല്ല, ഞാനെന്താണോ അതാണ് ഞാന്‍.
ലോകസാഹിത്യം സൃഷ്ടിച്ച മാര്‍കേസിനൊപ്പം അങ്ങനെ വലിയ കാര്യങ്ങളൊന്നും ചെയ്തിട്ടില്ലാത്ത ഒരു സ്ത്രീയെക്കൂടെ ചേര്‍ത്ത് വെച്ചത് വായിക്കുകയാണ് നമ്മള്‍. പക്ഷെ നോക്കൂ, നമ്മളവര്‍ക്ക് മുന്നിലും നിശബ്ദതയില്‍ ബോ ചെയ്യും. അവ്വിധമാണ് മകനവരെ എഴുതിയിരിക്കുന്നത്.
അതാരാണ് അപ്പുറത്തെ മുറിയില്‍ വന്നവര്‍ എന്ന് അദ്ദേഹം ജോലിക്കാരനോട് ചോദിക്കുന്നു. താങ്കളുടെ മക്കളല്ലേ അത്. എന്ന് പറയുമ്പോള്‍ ഓഹ് റിയലി ദോസ് മെന്‍ , ദാറ്റ്സ് ഇന്‍ക്രെഡിബിള്‍ എന്ന് സന്തോഷം പ്രകടിപ്പിക്കുന്നത്. തല ഒരു കാലിപ്പാട്ട പോലെയായിപ്പോയി എന്ന് സ്വന്തം മറവി രോഗത്തെ പുറത്ത് വരാത്ത കരച്ചിലോടെ നിശബ്ദതയില്‍ സെക്രട്ടറിയോട് പറയുന്നത്.
നാല്
മെഴ്സിഡസിനെകുറിച്ചല്ല, മാര്‍കേസിനെകുറിച്ചാണ് പുസ്തകം. അയാളെ കുറിച്ച് ഇനിയുമെന്താണ് നമ്മളറിയാത്തതുള്ളത് എന്ന മടിയില്‍ വൈകിപ്പിച്ചതാണ് വായിക്കാന്‍. അങ്ങനെയല്ല,പുതിയതാണ്. നേരത്തെ പറഞ്ഞ മെഴുകുതിരിയുടെ ഉപമയിലെന്ന പോലെ ഉലഞ്ഞ്, ക്ഷീണിച്ച് ഓര്‍മ മരിച്ച് ഇല്ലാതാകുന്ന നേരത്തെ മാര്‍കേസിനെ നമ്മളീ പുസ്തകത്തിലേ കാണൂ. ദീര്‍ഘകാലം, മരിക്കും വരെ ഏറ്റവുമടുത്ത ആളായിരുന്ന ഭാര്യയെ മറന്ന ദിവസങ്ങളുണ്ട്. ആരാണ് ഈ സ്ത്രീ, വലിയ അധികാരമുള്ള ആളായി ഈ വീട്ടില്‍ പെരുമാറുന്ന ഈ ആള്‍. എന്ന് ചോദിക്കുന്ന വിധത്തില്‍ മറന്നത്. അതാരാണ് അപ്പുറത്തെ മുറിയില്‍ വന്നവര്‍ എന്ന് അദ്ദേഹം ജോലിക്കാരനോട് ചോദിക്കുന്നു. താങ്കളുടെ മക്കളല്ലേ അത്. എന്ന് പറയുമ്പോള്‍ ഓഹ് റിയലി ദോസ് മെന്‍ , ദാറ്റ്സ് ഇന്‍ക്രെഡിബിള്‍ എന്ന് സന്തോഷം പ്രകടിപ്പിക്കുന്നത്. തല ഒരു കാലിപ്പാട്ട പോലെയായിപ്പോയി എന്ന് സ്വന്തം മറവി രോഗത്തെ പുറത്ത് വരാത്ത കരച്ചിലോടെ നിശബ്ദതയില്‍ സെക്രട്ടറിയോട് പറയുന്നത്. എട്ട് വയസ്സ് വരെ മാത്രം ജീവിച്ച വീടാണ് എന്റെ വീട് എന്നും, അവിടത്തെ കേണല്‍ അപ്പൂപ്പനാണ് അച്ഛന്‍ എന്നും കുഴഞ്ഞ് തിരിഞ്ഞ ഓര്‍മകള്‍ മക്കളോട് പറയുന്നത്. ഇടം കണ്ണിന് പൂര്‍ണകാഴ്ചയില്ലാത്ത ആളായിരുന്നു മാര്‍കേസ് എന്നത്. വളരെ വൈകിയാണ്, വാര്‍ധക്യകാലത്താണ് അദ്ദേഹത്തിന്റെ മകന്‍ പോലും അക്കാര്യം അറിഞ്ഞത്. യാഥാര്‍ഥ്യമാണോ എന്ന് തോന്നലുണ്ടാക്കുന്ന ഈ സംഗതികള്‍ മാര്‍കേസ് തന്നെ എഴുതണമായിരുന്നു എന്ന് വിചാരിക്കും ചിലപ്പോള്‍. അത്തരം നിമിഷങ്ങളുണ്ട് പുസ്തകത്തില്‍.
അഞ്ച്
മക്കളെക്കുറിച്ചുമാണ് പുസ്തകം. മാര്‍കേസിന്റെ മക്കള്‍ ആയിരിക്കല്‍ എന്താണ് എന്നതിനെക്കുറിച്ച്. ചടങ്ങുകള്‍ക്ക് ശേഷം വിമാനയാത്രയില്‍ മിന്നല്‍ പോലെ ഒരു ചിന്ത വരികയാണ്. അച്ഛന്‍ ഈ ലോകത്ത് ഇപ്പോഴില്ല. ഗംഭീരമായി ജീവിച്ച ആ ജീവിതം തീര്‍ന്നു. ഇത്തരം സാഹചര്യങ്ങളില്‍ ദശലക്ഷക്കണക്കിന് മനുഷ്യര്‍ അനുഭവിച്ച് കടന്ന പുരാതനമായ സങ്കടം അയാള്‍ക്ക് വരും. തിരിഞ്ഞ് അടുത്ത സീറ്റിലെ സ്ത്രീയെ നോക്കുമ്പോള്‍ ഇതൊന്നുമറിയാതെ അവര്‍ വായിക്കുന്ന പുസ്തകം ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ ആണ് എന്ന് തിരിച്ചറിയുന്നത്. മരിച്ച് കിടക്കുന്ന അച്ഛന് അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വരുന്ന മനുഷ്യരുടെ മുഖങ്ങളിലേക്ക് നോക്കി, ഇവരില്‍ ആരായിരിക്കും അദ്ദേഹത്തിന്റെ സീക്രട്ട് ലൈഫിലെ മനുഷ്യര്‍ എന്ന് കൗതുകപ്പെട്ടത്. Everyone has three lives. The public,the private,and the secret എന്ന് അദ്ദേഹം പറഞ്ഞതിന്റെ ഓര്‍മ്മയിലാണ്. അമ്മയും അച്ഛനും അവരുടെ പത്തും പന്ത്രണ്ടും വയസ്സിലൊക്കെ എങ്ങനെയാകും ജീവിച്ചത് എന്ന് അവരോട് സംസാരിക്കാന്‍ ശ്രമിച്ചത്. വലിയ പ്രശസ്തിയുടെ ഭാരത്തില്‍ നിന്ന് മാറി സ്വന്തം ജീവിതമുണ്ടാക്കാന്‍ നടത്തിയ ശ്രമത്തെക്കുറിച്ചുള്ള ചെറിയ പരാമര്‍ശങ്ങള്‍ അവിടവിടെ.
മോര്‍ച്ചറിയില്‍ ആ മൃതദേഹം ദൂരെനിന്ന് കാണുമ്പോ മകനോര്‍ക്കും, പത്ത് മിനിട്ട് മുമ്പ് ജീവനോടെ കണ്ടതില്‍ നിന്ന് ഏറെയൊന്നും വ്യത്യാസമില്ല. പക്ഷെ അടുത്ത് വന്ന് നോക്കുമ്പോള്‍ അങ്ങനെയല്ല എന്നും. പരുക്കുകളൊന്നും ഇല്ലെങ്കിലും ഒരു ട്രക്കോ ട്രെയിനോ മിന്നലോ അടിച്ച് താഴെയിട്ടത് പോലെ തകര്‍ന്നിരിക്കുന്നു എന്നാണ് പിന്നത്തെ തോന്നല്‍.
ആറ്
മരണത്തെക്കുറിച്ചുമാണ് പുസ്തകം. ഒട്ടും അസാധാരണമല്ലാത്ത, വളരെ ലളിതവുമായ, എന്നാല്‍ എത്രയ്ക്ക് സങ്കടകരവും അസാധാരണവുമായ അതേ സംഗതിയെക്കുറിച്ച്.ഉദാത്തരായ മനുഷ്യര്‍ക്കും മരണം ദീര്‍ഘമായ ഒരു പ്രോസസ്സാണെന്ന് നമുക്ക് മനസ്സിലാകും. സ്വിച്ചിട്ടാല്‍ ഓഫാകുന്ന പോലെയല്ല, മെഴുകുതിരി കെടും പോലെ. നിങ്ങളെന്തായിരുന്നോ അത് നിങ്ങള്‍ക്ക് തന്നെ അപരിചിതരാകുന്ന ഒരവസ്ഥയിലാകണം അതിന്റെ ആരംഭം. ഓര്‍മ പോകുന്ന തുടക്കകാലങ്ങളില്‍ മാര്‍കേസ് അദ്ദേഹത്തിന്റെ തന്നെ നോവലുകള്‍ വീണ്ടും വായിച്ച് അത്ഭുതപ്പെടുമായിരുന്നത്രേ. ഇതൊക്കെ എവിടെ നിന്നാണ് വന്നത്. കവറൊക്കെ കാണുമ്പോള്‍ പരിചയം തോന്നും, പക്ഷെ വായിച്ചാല്‍ എന്താണതെന്ന് മനസ്സിലാകില്ല. പുസ്തകം താഴെ വെക്കുമ്പോള്‍ സ്വന്തം ഫോട്ടോ അതിന്റെ കവറില്‍ കണ്ട് പിന്നെയുമെടുത്ത് വായിക്കാന്‍ ശ്രമിക്കും. മരണം അതിന്റെ പ്രഭാവം അത് വരുന്നതിന് വളരെ മുന്നേ മനുഷ്യനെ അറിയിക്കുന്നു. മോര്‍ച്ചറിയില്‍ ആ മൃതദേഹം ദൂരെനിന്ന് കാണുമ്പോ മകനോര്‍ക്കും, പത്ത് മിനിട്ട് മുമ്പ് ജീവനോടെ കണ്ടതില്‍ നിന്ന് ഏറെയൊന്നും വ്യത്യാസമില്ല. പക്ഷെ അടുത്ത് വന്ന് നോക്കുമ്പോള്‍ അങ്ങനെയല്ല എന്നും. പരുക്കുകളൊന്നും ഇല്ലെങ്കിലും ഒരു ട്രക്കോ ട്രെയിനോ മിന്നലോ അടിച്ച് താഴെയിട്ടത് പോലെ തകര്‍ന്നിരിക്കുന്നു എന്നാണ് പിന്നത്തെ തോന്നല്‍.a thing that caused no injuries other than knocking the life clean out of him
ഏഴ്
മരണത്തെക്കുറിച്ചുള്ള പുസ്തകമാണ് ഇത്. മെഴ്സിഡസ് മരിക്കുന്നത് 2020ലാണ്. എന്നാണ് ഈ കോവിഡ് കാലം കഴിയുക എന്ന് അവര്‍ ആവര്‍ത്തിച്ച് മക്കളോട് ചോദിച്ചിട്ടുണ്ടത്രേ. അത് എപ്പോഴാണ് കഴിഞ്ഞത് എന്ന് അവര്‍ ഇനി അറിയില്ല.അതിന് മുമ്പേ ജീവിതത്തിന്റെയും ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ശേഖരരൂപമായ ഓര്‍മ്മകളുടെയും വലിയ പകര്‍ത്തെഴുത്തുകാരന്റെ അടുത്തേക്ക് അവരും പോയി. മരണം എന്ന സംഗതി മുന്‍കാലങ്ങളെക്കാള്‍ സമീപസ്ഥമായി അനുഭവപ്പെടുന്ന ഈ മഹാമാരീദിവസങ്ങളില്‍ നമ്മള്‍ ഈ പുസ്തകം വായിക്കുന്നു. ജീവിതത്തെയും മരണത്തെയും കുറിച്ചും അതിനിടയിലെ നമ്മള്‍ മനുഷ്യരെകുറിച്ചുമുള്ള പുസ്തകമായി വായിക്കുന്നു.