കാന്തമല അജ്ഞാതമായ അല്‍ഭുതങ്ങളുടെ ഒരു നിലവറയാണ്. സഹസ്രാബ്ദങ്ങളോളം നീണ്ടുനില്‍ക്കുന്ന ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും നീക്കിയിരിപ്പ്. ആ പേരില്‍ നിന്ന് ഒരു യാത്ര ആരംഭിക്കുകയാണ്, കാന്തമല തേടിയുള്ള യാത്ര. ഈജിപ്തിലെ പിരമിഡുകളില്‍ തുടങ്ങി ശബരിമലയുടെ അറിയപ്പെടാത്ത രഹസ്യമായ കാന്തമലയില്‍ അവസാനിക്കുന്ന ക്രൈംത്രില്ലര്‍ യാത്ര. കാന്തമലയുടെ ആകാംക്ഷാഭരിതമായ ആ കഥ പറയുകയാണ് എംസി വിഷ്ണു എഴുതിയ കാന്തമലയചരിതം രണ്ടാമധ്യായം, അറോലക്കാടിന്റെ രഹസ്യം എന്ന നോവല്‍. കാന്തമല ചരിതം അഖിനാതെന്റെ നിധി എന്ന നോവലിന്റെ രണ്ടാംഭാഗമാണ് അറോലക്കാടിന്റെ രഹസ്യം.
അക്ഷരാര്‍ത്ഥത്തില്‍ മൂവായിരം വര്‍ഷത്തോളം മുമ്പുള്ള സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും ഇഴചേര്‍ത്ത ഒരു ഭൂതലാകത്തിലേക്ക് വായനക്കാരനെ പിടിച്ചുകൊണ്ടുപോകാനുള്ള വൈദഗ്ദ്യമാണ് എഴുത്തുകാരന്‍ ഈ നോവലിലൂടെ പ്രകടിപ്പിക്കുന്നത്. കാന്തമലയിലെ അപൂര്‍വ്വ നിധിതേടി പോകുന്ന കൊള്ളസംഘത്തിന്റെ നിഗൂഢ കഥകള്‍ ആകാംക്ഷാഭരിതമായി മുന്നേറുന്നതിനിടെയാണ് ഒന്നാംഭാഗം അവസാനിപ്പിച്ചത്. ഒരു സമ്പൂര്‍ണ നോവലായി തന്നെ അഖിനാതെന്റെ ഡയറിയെ പരിഗണിക്കാമെങ്കില്‍ അറിയപ്പെടാത്തതും വായനക്കാരനില്‍ ആകാംക്ഷ ബാക്കിയാക്കിയതുമായ കണക്കറ്റ കഥാസൂചനകള്‍ അതിലുണ്ടായിരുന്നു. എന്നാല്‍ അതുപൂര്‍ത്തീകരിക്കാനും പുതിയൊരു അനുഭവം പ്രദാനംചെയ്യാനും ഉതകുന്ന വിധത്തിലാണ് രണ്ടാമധ്യായം 'അറോലക്കാടിന്റെ രഹസ്യം' വിഷ്ണു അവതരിപ്പിക്കുന്നത്. ഇവിടെയും വായനക്കാരന് അല്‍ഭുതങ്ങളുടെയും സംഭ്രമിപ്പിക്കുന്ന കഥകളുടെയും ആകാംക്ഷാഭരിതമായ തുടര്‍യാത്രകളുടെയും ഒരു പരമ്പര തന്നെ സൃഷ്ടിച്ച് മറ്റൊരു സന്ധിയില്‍ കൊണ്ട്് നിര്‍ത്തുകയാണ് വിഷ്ണുചെയ്യുന്നത്. അറോലക്കാട്ടില്‍ ബാക്കിയായ ആ സത്യങ്ങള്‍ മൂന്നാം ഭാഗത്തിലൂടെ വെളിപ്പെടുത്താനാണ് ഉദ്ദേശ്യം. അതേ സമയം ഒന്നും മൂന്നുംഭാഗങ്ങളുടെ സഹായമില്ലാതെ തന്നെ കാന്തമല ചരിതത്തിന്റെ മൂന്നാംഭാഗമായ അറോലക്കാടിന്റെ രഹസ്യം സ്വതന്ത്രമായ ഒരു ത്രില്ലറായി നിലനില്‍ക്കുകയും ചെയ്യും.
സമാന്തരമായി ഒഴുകുന്ന ഒരന്വേഷണം ഹാഷിമും മിഥുനും കൂടി നടത്തുകയായിരുന്നു, പുതിയ കാലത്ത്. കാന്തമല തേടിയുള്ള അന്വേഷണം. അവര്‍ക്ക് മുന്നിലാണ് ചിത്തിരയുടെ പ്രസവത്തിന്റെ കഥയില്‍ നിന്നാരംഭിക്കുന്ന മറ്റൊരുയുഗം തെളിഞ്ഞുവരുന്നത്.
നിഗൂഢതയുടെ ഉള്ളറകള്‍ തേടി
ചരിത്രവും പുരാണവും മിത്തും വിശ്വാസവും എല്ലാം ഇഴചേര്‍ത്ത് പുതിയൊരു ലോകം സൃഷ്ടിക്കുകയാണ് കാന്തമലചരിതം അറോലക്കാടിന്റെ രഹസ്യം. ഈജിപ്തിലെ പിരമിഡുകളുടെ നിഗൂഢതകളില്‍ നിന്നാരംഭിച്ച് ഇങ്ങ് കേരളത്തിലെ അറിയപ്പെടാത്ത കാന്തമലയെന്ന അജ്ഞാത ക്ഷേത്രകേന്ദ്രത്തിലേക്കാണ് എഴുത്തുകാരന്‍ നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നത്. ശബരിമലയിലെ പ്രതിഷ്ഠയായ ശാസ്താവിനെ കുറിച്ചുള്ള അന്വേഷണത്തില്‍ അഞ്ചുക്ഷേത്രങ്ങളുടെ കഥയാണ് പ്രശസ്തം. അയ്യപ്പന്റെ പല കാലഘട്ടങ്ങളെ സൂചിപ്പിക്കുന്നവ. അയ്യപ്പന്‍ ബാല്യകാലം ചെലവഴിച്ച കുളത്തൂപ്പുഴ, കൗമാരം ചെലവഴിച്ച ആര്യങ്കാവ്, ഗാര്‍ഹസ്ഥ്യം ചെലവഴിച്ച അച്ചന്‍ കോവില്‍. സന്യാസകാലംപൂര്‍ത്തീകരിച്ച ശബരിമല എന്നിവയാണ് നാല് ഇടങ്ങള്‍. ശബരിമല പില്‍ക്കാലത്ത് അയ്യപ്പന്റെ പ്രതിഷ്ഠാകേന്ദ്രങ്ങളില്‍ വിഖ്യാത സ്ഥാനം നേടി. എന്നാല്‍ അയ്യപ്പന്‍ വാനപ്രസ്ഥം ചെലവിട്ടതായി വിശ്വസിക്കപ്പെടുന്ന കാന്തമല ഇന്നും അജ്ഞാതമാണ്. കാന്തമലയെ കുറിച്ച് പലവിധ കഥകളാണുള്ളത്. കാന്തമലക്ഷേത്രം കെട്ടുകഥയാണെന്നും ഇന്നത്തെ പൊന്നമ്പലമേടിരിക്കുന്നിടത്തായിരുന്നു എന്നും തുടങ്ങി പല കഥകളുമുണ്ട്. എന്നാല്‍ കാന്തമലയില്‍ അജ്ഞാതമായി സ്ഥിതിചെയ്യുന്ന നിധി തേടി എത്തിയ നിഗൂഢ സംഘത്തിന്റെ കഥ പറഞ്ഞുകൊണ്ട് വായനക്കാരന് പുതിയൊരു അനുഭവം പ്രദാനം ചെയ്യുകയാണ് വിഷ്ണു എംസി എന്ന എഴുത്തുകാരന്‍ തന്റെ കാന്തമല പരമ്പര നോവല്‍ പരമ്പരകളിലൂടെ.
അഖിനാതെന്റെ നിധി എന്ന ആദ്യ അധ്യായത്തിലൂടെ കാന്തമലയിലെ നിധി തേടിയുള്ള യാത്ര ആരംഭിച്ചു. ഈജിപ്തിലെ ഫറവോമാരുടെ കഥയില്‍ നിന്നാരംഭിച്ച് ശബരിമലയിലേക്കും മലയരയരിലേക്കും കൊള്ള സംഘത്തിലേക്കും എത്തിയ കഥ കവര്‍ച്ചയ്ക്കായി ഇറങ്ങിപ്പുറപ്പെട്ട സംഘത്തിന്റെ നിര്‍ണായക സന്ധിയില്‍ വച്ച് അവസാനിച്ചു. എന്നാല്‍ കഥയവിടെ തീര്‍ന്നില്ല. രണ്ടാംഅധ്യായത്തില്‍ രഹസ്യങ്ങളുടെ പുതിയ കെട്ടഴിക്കുകയാണ് വിഷ്ണുഎംസി.
അക്ഷരാര്‍ത്ഥത്തില്‍ മൂവായിരം വര്‍ഷത്തോളം മുമ്പുള്ള സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും ഇഴചേര്‍ത്ത ഒരു ഭൂതലാകത്തിലേക്ക് വായനക്കാരനെ പിടിച്ചുകൊണ്ടുപോകാനുള്ള വൈദഗ്ദ്യമാണ് എഴുത്തുകാരന്‍ ഈ നോവലിലൂടെ പ്രകടിപ്പിക്കുന്നത്. കാന്തമലയിലെ അപൂര്‍വ്വ നിധിതേടി പോകുന്ന കൊള്ളസംഘത്തിന്റെ നിഗൂഢ കഥകള്‍ ആകാംക്ഷാഭരിതമായി മുന്നേറുന്നതിനിടെയാണ് ഒന്നാംഭാഗം അവസാനിപ്പിച്ചത്.
അറോലക്കാടിന്റെ രഹസ്യം
കാന്തമല തന്നെയാണ് രണ്ടാംഅധ്യായത്തിന്റെയും ലക്ഷ്യകേന്ദ്രം. എഡി 1611 ജനുവരി ഒമ്പതിനാണ് അറോലക്കാടിന്റെ രഹസ്യം ആരംഭിക്കുന്നത്. ക്യാപ്റ്റന്‍ ഹെന്‍ഡ്രിക് ബ്രൂവറുടെ നേതൃത്വത്തില്‍ കൊള്ളമുതലുകളുമായി ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ മൂന്ന്കപ്പലുകള്‍ ആഫ്രിക്കയിലെ മൊസാംബിക് തീരത്ത് നങ്കുരമിട്ട് കാത്തിരിപ്പ് ആരംഭിക്കുമ്പോള്‍ കഥ തുടങ്ങുകയാണ്. ആഞ്ഞടിക്കുന്ന കടല്‍ക്കാറ്റില്‍ നിന്ന് രക്ഷപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്താന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡംവഴി യാത്ര വഴി മാറ്റി വിടാനാരംഭിക്കുന്നതോടെ കഥാഗതിയും പുതിയ തലത്തിലേക്ക് കടക്കുന്നു.
കോര്‍കൈ തുറൈ
ഇതേ സമയത്താണ് കോര്‍കൈ തുറയുടെ കണ്‍കണ്ട ദൈവമായ ജാതവര്‍മന്‍ സുന്ദരപാണ്ഡ്യന്‍ സിംഹളദേശം കീഴടക്കി അളവറ്റ സ്വന്തം സമ്പാദ്യവുമായി മടങ്ങിവരുന്നത്. സുന്ദരപാണ്ഡ്യന്‍ കടല്‍യാത്രയ്ക്കിടെ സൈന്യാധിപന്‍ മഗിഴ് വരസനൊപ്പം മതിമറന്നാഘോഷിച്ചു. മഗിഴ് വരസനും കൂട്ടുകാരും സംഗീതവും നൃത്തവും കൊണ്ട് സുന്ദരപാണ്ഡ്യന്റെ നൗകയെ ആഘോഷമാക്കിയപ്പോള്‍ തക്കം പാര്‍ത്തിരുന്ന എതിരാളികള്‍ കടലില്‍ നിന്ന് ചാടിവീണു. വിജയിച്ച് മടങ്ങിയവനെ തകര്‍ത്തുകളയുന്ന ആക്രമണമായിരുന്നു. സ്വന്തം നാടിനെ കണ്ണീര്‍കളമാക്കി തിരിച്ചുപോകുന്ന സംഘത്തെ ആക്രമിക്കാനെത്തിയ മാര്‍ത്താണ്ഡന്റെ സംഘം സകല സൈനികരെയും കൊലപ്പെടുത്തി. ഒടുവില്‍ ബാക്കിയായ സുന്ദരപാണ്ഡ്യനെയും മഗിഴ് വരസനെയും കൂടി കൊലപ്പെടുത്താനുള്ള ആക്രമണത്തിനിടെ രക്ഷാദൂതനായി അവന്‍ അവതരിച്ചു. ആഴ് വര്‍ നമ്പി എന്ന മുക്കുവ സൈന്യാധിപന്റെ നേതൃത്വത്തിലുള്ള സുന്ദരപാണ്ഡ്യന്റെ രണ്ടാംപട. ഒടുവില്‍ നമ്പിയുടെ ദൗത്യം വിജയിച്ചു. സുന്ദരപാണ്ഡ്യനെയും മഗി ഴ് വരസനെയും രക്ഷിച്ച് നാട്ടിലെത്തി. മഗിഴ് വരസന്റെ മനസ്സില്‍ അങ്ങനെ ആഴ് വര്‍ നമ്പിയെന്ന മുക്കുവന്‍ ശത്രുവായി. ആ കഥ അവിടെ നിന്നാരംഭിക്കുന്നു. ചേരപാണ്ഡ്യ ചോളയുഗത്തിലെ ഒരു കഥ.
കാന്തമലയിലേക്ക്
സമാന്തരമായി ഒഴുകുന്ന ഒരന്വേഷണം ഹാഷിമും മിഥുനും കൂടി നടത്തുകയായിരുന്നു, പുതിയ കാലത്ത്. കാന്തമല തേടിയുള്ള അന്വേഷണം. അവര്‍ക്ക് മുന്നിലാണ് ചിത്തിരയുടെ പ്രസവത്തിന്റെ കഥയില്‍ നിന്നാരംഭിക്കുന്ന മറ്റൊരുയുഗം തെളിഞ്ഞുവരുന്നത്. അയ്യനായും അപ്പനായും നാടിനെ ദേവന്മാരുടെ അരാജകത്വത്തില്‍ നിന്ന് രക്ഷിക്കാന്‍ പിറവി കൊണ്ട സാക്ഷാല്‍ മണികണ്ടന്റെ ജിവിത കഥ. കാളിയന്‍ ആ കഥ പറയുന്നതോടെ മിഥുന്റെയും ഹാഷിമിന്റെയും മുന്നില്‍ മറ്റൊരു ലോകം തുറക്കുകയായിരുന്നു.
നിലയ്ക്കലെ വ്യാപാരം
മറവരുടെയും അരയരുടെയും യുദ്ധമാണ് നിലയ്ക്കലില്‍ നിരന്തരമായി ആവര്‍ത്തിച്ച ചരിത്രം. കൊള്ളയ്ക്കായും വെട്ടിപ്പിടിക്കലിനായും ഇറങ്ങിത്തിരിക്കുന്ന മറവസംഘങ്ങള്‍ക്ക് മുന്നില്‍ പലപ്പോഴും അരയര്‍ നിസ്സഹായരായി. എന്നാല്‍ പതിനെട്ട് മലകളുടെയും അധിപനായ സാക്ഷാല്‍ കരിമലയന്‍ കണ്ടന്‍ വാഴുന്ന ഇടം അങ്ങനെ വിട്ടുകൊടക്കാന്‍ അരയര്‍ തയാറായിരുന്നില്ല. അവര്‍ ജീവന്മരണപോരാട്ടങ്ങളിലേര്‍പ്പെട്ടു. അരയസൈന്യത്തിന്റെ നേതാവ് കുഞ്ഞമ്പുചേകോന്റെ പോരാട്ടവീര്യം കഥയില്‍ പല സന്ദര്‍ഭങ്ങളിലും പ്രഭാവത്തോടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. അക്കാലത്തെ യുദ്ധത്തിന്റെ തുടര്‍ച്ചയായി പരസ്പരമുള്ള വേട്ടയാടലിന്റെ രംഗങ്ങളുടെ വര്‍ണനകള്‍ യുദ്ധങ്ങളുടെ അസംബന്ധത ബോധ്യപ്പെടുത്തുന്നവയാണ്.
അവസാനം കാന്തമല
ഒടുവില്‍ മാഫിയാ തലവനായ ദിമിത്രി ക്രാംനിക്കും ശ്രീജിത്തും കാന്തമലയിലെത്തുന്നതോടെ നോവല്‍ അടുത്ത വഴിത്തിരിവിലായി. അതേ സമയം ബിസി 1354ല്‍ ഈജിപ്തിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന ഈജിപ്ത് സാമ്രാജ്യത്തിലെ ഖാസുത് ഗ്രാമത്തില്‍ നടക്കുന്ന വേറൊരു പോരാട്ടത്തിന്റെ കഥകൂടി അനാവരണം ചെയ്യപ്പെടുന്നു. ഇങ്ങനെ ലോകത്തിന്റെ പലയിടങ്ങളില്‍ നടക്കുന്ന പല സംഭവങ്ങളിലൂടെ കാന്തമലയിലേക്ക് ആനയിക്കപ്പെടുന്ന വായനക്കാരന്റെ ആകാംക്ഷയാണ് യഥാര്‍ത്ഥത്തില്‍ കാന്തമ അറോലക്കാടിന്റെ രഹസ്യം എന്ന നോവല്‍.
ചരിത്രത്തിന്റെ മാത്രമല്ല, മിത്തുകളുടെയും വിശ്വാസങ്ങളുടെയും പുനര്‍വായനകള്‍ ഓരോഘട്ടത്തിലും നടത്തപ്പെടുന്നു എന്നതാണ് വിപുലമായ സംഭവവികാസങ്ങളിലൂടെ പുരോഗമിക്കുന്ന അറോലക്കാടിന്റെ രഹസ്യം എന്ന ഈ നോവലിന്റെ പ്രത്യേകത. യുദ്ധവര്‍ണനകളില്‍ അടിമമനുഷ്യരുടെ വേദനകള്‍ അടയാളപ്പെടുത്തുന്നുണ്ട്. അതേ സമയം ചരിത്രത്തില്‍ പെണ്ണ് എന്തായിരുന്നു എന്ന് അന്വേഷിക്കുന്നുണ്ട്, പഞ്ചമിയും ചിത്തിരയും നെഫ്രിതിതിയും മുത്ബീനത്തുമെല്ലാം പലതലത്തില്‍ തീവ്രാനുഭവങ്ങളിലൂടെ കടന്നുവന്ന സ്ത്രീകളുടെ മുഖങ്ങളാണ്. ആഴ് വാര്‍ നമ്പിമുതല്‍ കുഞ്ഞമ്പുചേകോനും മണികണ്ടനും വരെ അടിച്ചമര്‍ത്തപ്പെട്ട മനുഷ്യജന്മങ്ങളുടെ വീറുറ്റ മുഖങ്ങളാണ്.
ഒരു മൂന്നാംവായനക്ക് ആകാംക്ഷ ബാക്കിവച്ചാണ് കാന്തമല ചരിതം അവസാനിപ്പിക്കുന്നത്. ലോഗോസ് ബുക്‌സ് പ്രസിദ്ധീകരിച്ച കാന്തമല ചരിതത്തിന്റെ മൂന്നാംഭാഗം ഭാഗം ഉടന്‍ പുറത്തിറങ്ങുമെന്ന് നോവലിസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സില്‍ ജീവനക്കാരനായ വിഷ്ണു എംസിയിലെ വിജ്ഞാനദാഹിയുടെ വിപുലമായ ഗവേഷണ പാടവവും എഴുത്തുകാരന്റെ പ്രതിഭയും സംഗമിക്കുന്ന നോവല്‍ കൂടിയാണിത്. പുനര്‍വായനകളുടെ ഒരാഘോഷമാണ് കാന്തമലചരിതം രണ്ടാമധ്യായം അറോലക്കാടിന്റെ രഹസ്യം എന്ന നോവല്‍. അതുകൊണ്ട് തന്നെ സാഹിത്യതല്‍പ്പരര്‍ക്ക് മാത്രമല്ല, ചരിത്രത്തിലും നാടോടി വിജ്ഞാനീയത്തിലും താല്‍പര്യമുള്ളവരെ വരെ കാന്തമല ചരിതം രസിപ്പിക്കും.