കടലിന്റെ മണം, മനുഷ്യാന്തര്‍ഗതങ്ങളിലെ സമുദ്രഗന്ധം

കടലിന്റെ മണം, മനുഷ്യാന്തര്‍ഗതങ്ങളിലെ 
സമുദ്രഗന്ധം
Published on
Summary

പി.എഫ്.മാത്യൂസിന്റെ കടലിന്റെ മണം എന്ന നോവലിനെക്കുറിച്ച് എഴുത്തുകാരനും നിരൂപകനുമായ ജോണി. എം.എല്‍. എഴുതിയത്

മായ. പി എഫ് മാത്യൂസിന്റെ 'കടലിന്റെ മണം' എന്ന നോവലിലെ രണ്ടു നായികമാരിൽ ഒരാൾ. മറ്റെയാൾ സഫിയ. മായ എന്ന പേരിന് നോവലിന്റെ പേര് പോലെ തന്നെ അയഥാർത്ഥത്തിലേയ്ക്ക് നീളുന്ന ഒരു അർത്ഥമുണ്ട്. മായ എന്ന യുവതി യാഥാർത്ഥമാണെങ്കിലും അവളുടെ ചുറ്റും ചുരുൾ നിവരുന്ന ജീവിതത്തിന് ഒരു ഭ്രമാത്മകതയുണ്ട്. ആരുടെയോ മനസ്സിലെ ചില ഭാവനകൾ ജീവിക്കുവാൻ വിധിക്കപ്പെട്ടവരാണ് നാമോരുരുത്തരും എന്ന് വായനക്കാരെക്കൊണ്ട് ചിന്തിപ്പിക്കുന്നുണ്ട് കഥാഗതിയുടെ ഒടുവിലെത്തുമ്പോൾ ഇടപെടാൻ തയാറാകുന്ന നോവലിസ്റ്റ്.

സച്ചിദാനന്ദൻ എന്ന് പേരുള്ള അമ്പത്തിമൂന്ന് വയസ്സുകാരനായ, പൊതുമരാമത്ത് വകുപ്പിലെ ഒരു മുതിർന്ന ഗുമസ്തന് ഒരു ദിനം ഒരു ഫോൺ കോൾ ലഭിക്കുന്നു. ഒരു സ്ത്രീ ശബ്ദം. വഴിതെറ്റി വന്ന വിളിയെന്നു ചൊല്ലി അത് കട്ടാകുന്നു. സമൂഹത്തിന്റെ എല്ലാ നിയമങ്ങൾക്കും വിധേയനായി സ്വന്തം ജീവിതത്തിലെ അസംതൃപ്തികളെ കടിച്ചിറക്കി സ്വയം കയ്പായ ഒരുവന് ആ വഴിതെറ്റിവന്ന കോൾ ഒരു പിടിവള്ളിയാകുന്നു. മരിയ്ക്കും മുൻപ് അയാൾക്ക് പ്രണയം, കാമം, ആസക്തി എന്നിവയൊക്ക എന്തെന്നനുഭവിക്കാൻ മോഹം.

കടലിന്റെ മണം, മനുഷ്യാന്തര്‍ഗതങ്ങളിലെ 
സമുദ്രഗന്ധം
പി എഫ് മാത്യൂസ് അഭിമുഖം: മലയാളത്തിലെ നിരൂപകര്‍ മുഖ്യധാരയിലെ ലബ്ധപ്രതിഷ്ഠരെ കൊണ്ടാടുകയാണ് എന്നും ചെയ്തിട്ടുള്ളത്

സഫിയ ആണ് വിളിച്ചത്. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ഒരു മുപ്പത്തിയഞ്ചുകാരി. 'അമ്മ. ശാർങ്ഗരൻ എന്ന പിമ്പിന്റെ സഹായത്തോടെ ലൈംഗികതൊഴിൽ ചെയ്യുന്നവൾ. അവൾ ഉപഭോക്താക്കളെ പിടിക്കുന്നത് മനസ്സിൽത്തോന്നിയ ഒരു നമ്പർ ഡയൽ ചെയ്തു കൊണ്ടാണ്. യാദൃശ്ചികതകളാണ് അവളുടെ ജീവിതം. ഒരുപക്ഷെ എല്ലാവരുടെയും ജീവിതം. ഒന്നിന് പിറകെ ഒന്നായി വരുന്ന യാദൃശ്ചികതകൾ സച്ചിദാനന്ദൻ എന്ന പാവം മനുഷ്യനെ കൊലപാതകം പോലും ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്നു. തെരഞ്ഞെടുക്കാൻ വെച്ച കുറ്റകൃത്യങ്ങളിൽ അയാൾക്ക് അഭികാമ്യമെന്നു തോന്നുന്നത് കൊലപാതകമാണ്!

പി എഫ് മാത്യൂസ് സഫിയയിലൂടെയും സച്ചിദാന്ദനിലൂടെയും ഇറങ്ങിച്ചെല്ലുന്നത് രണ്ടു പേരുടെയും അവരുമായി ബന്ധപ്പെട്ടു നിൽക്കുന്നവരുടെയും ജീവിതങ്ങളെ ചൂഴ്ന്നു നിൽക്കുന്ന യാദൃശ്ചികതകളിലേക്കാണ്. ശമ്പളത്തെ ആഹാരമാക്കി പരിവർത്തിപ്പിക്കുന്ന അമ്മയും ശമ്പളം കൊണ്ട് വരുന്ന അച്ഛനും ചേർന്നുണ്ടായ കുടുംബത്തിൽ രണ്ടു മാനസികാവസ്ഥകളിൽ വളരുന്ന മക്കളായ മായയും അജയനും അച്ഛൻ ആദ്യം ഒരു കൊലപാതകി ആയെന്നും തുടർന്ന് കൊലപാതകമല്ല വ്യഭിചാരമാണ് ചെയ്തത് എന്നറിയുമ്പോൾ രണ്ടു തരത്തിൽ പ്രതികരിക്കുന്നു എന്നത് സ്വാഭാവികം. എന്നാൽ അതൊക്കെയും അങ്ങനെ സംഭവിച്ചുവോ എന്നത് ഒടുക്കമൊടുക്കം വായനക്കാർക്ക് തന്നെ സംശയമാകുന്നു.

സിനിമാറ്റിക് നറേറ്റിവ് ശൈലിയിലാണ് പി എഫ് മാത്യൂസ് ആഖ്യാനത്തെ നിർവഹിക്കുന്നത്. കഥാപുരോഗതിയിൽ, ആദ്യം കണ്ട ഇടത്തിൽ ഔട്ട് ഓഫ് ഫോക്കസ് ആയിരുന്ന കഥാപാത്രങ്ങളെ ഫോക്കസിലേയ്ക്ക് കൊണ്ട് വന്ന് അവരുടെ കാഴ്ചപ്പാടിലൂടെ കഥയെ നയിക്കുന്നു.

കുടുംബം എന്ന വ്യവസ്ഥാപിത ഘടനയുടെ അസംബന്ധപൂർണ്ണവും മർദ്ദകവും പീഡനാത്മകവുമായ എല്ലാ വശങ്ങളെയും ഒരു ഡിസ്സെക്ഷൻ മേശയിൽ എന്നോണം വെട്ടിപ്പിളർന്നു ഇട്ടിരിക്കുകയാണ് പി എഫ് മാത്യൂസ് ഈ നോവലിൽ. ഇതിലെ സ്ത്രീകളെല്ലാം പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വായിൽത്തന്നെ സെൻസർ ചെയ്യുന്നവരാണ്. എന്നാൽ അവരുടെ ആത്മഗതങ്ങളിലൂടെ അവർ സമൂഹത്തെ നിർദ്ദയം വിചാരണ ചെയ്യുന്നു. തന്റെ പീഢകരിൽ പോലും പ്രണയ-കാമപൂർത്തി നേടുന്ന സഫിയ സ്ത്രീയുടെ ആവിഷ്കരിക്കപ്പെടാത്ത മനസ്സുകൾ തന്നെയാണ്. ആദ്യരാത്രിയിൽ വിവസ്ത്രയാക്കപ്പെട്ടതിനെ ഒരു ഛർദ്ദി കൊണ്ട് നേരിടുന്ന സുലേഖ ജീവിതത്തെ നിലവിളി കൊണ്ടും കണ്ണുനീർ കൊണ്ടും ഹിസ്റ്റീരിയ കൊണ്ടും നേരിടുന്ന ഒരുവളാണ്. മായയാകട്ടെ പ്രണയത്തെ നിരന്തരം നിഷേധിച്ചു കൊണ്ടേയിരിക്കുന്നു.

സിനിമാറ്റിക് നറേറ്റിവ് ശൈലിയിലാണ് പി എഫ് മാത്യൂസ് ആഖ്യാനത്തെ നിർവഹിക്കുന്നത്. കഥാപുരോഗതിയിൽ, ആദ്യം കണ്ട ഇടത്തിൽ ഔട്ട് ഓഫ് ഫോക്കസ് ആയിരുന്ന കഥാപാത്രങ്ങളെ ഫോക്കസിലേയ്ക്ക് കൊണ്ട് വന്ന് അവരുടെ കാഴ്ചപ്പാടിലൂടെ കഥയെ നയിക്കുന്നു. യാദൃശ്ചികതകൾ ആണ് അവരെല്ലാം. അവരുടെ ഇടയിൽ ഈ യാദൃശ്ചികതകളെയെല്ലാം സൃഷ്‌ടിക്കുന്ന നോവലിസ്റ്റ് ഒരു കഥാപാത്രമായി പ്രവേശിക്കുന്നു. അതോടെ ഈ നോവൽ സാധ്യതകളുടെ ഒരു കൂമ്പാരം മാത്രമായി മാറുകയും ചെയ്യുന്നു. കഥാന്ത്യം വായനക്കാരന് ഏതു വഴിലൂടെ പോയാൽ യുക്തി സഹമാകുമോ ആ വഴിയിലൂടെ പോയാൽ തെരെഞ്ഞെടുക്കാമെന്നും ആകുന്നു. ആദ്യം സച്ചിദാനന്ദൻ പച്ച ബട്ടണിൽ ഞെക്കി ആ പരിചിതമല്ലാത്ത കോൾ സ്വീകരിച്ചിരുന്നെങ്കിൽ എന്താകുമായിരിക്കും സംഭവിക്കുക!

സൂക്ഷ്മമായ മാനസിക ലോകങ്ങൾ ഉള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ വളരെയധികം വിജയിച്ച ഒരു നോവലിസ്റ്റാണ് പി എഫ് മാത്യൂസ്. കറിയാ സാർ എന്ന അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് വേണ്ടി വിശ്വസ്തനായ ഒരു നായെപ്പോലെ പെരുമാറുന്ന സന്തോഷ് കുമാർ എന്ന പോലീസുകാരൻ, അവനെ വിശ്വസിച്ചു തന്റെ ജീവിതത്തിന്റെ അന്ത്യം പോലും പ്രവചിക്കുന്ന ചെല്ലമ്മച്ചേച്ചി എന്ന വിശുദ്ധയായ സ്ത്രീ അഥവാ കറിയാ സാറിന്റെ ഭാര്യ, സന്തോഷ് കുമാറിന്റെ നട്ടെല്ലില്ലായ്മയെ നിരന്തരം ചോദ്യം ചെയ്യുന്ന വിനയ, സ്വർഗാനുരാഗിയാ അഭിഭാഷക ലക്ഷ്മി മറിയ അങ്ങനെ കഥാപാത്രങ്ങളുടെ ഒരു സഞ്ചയം ഈ നോവലിനെ ഒരു കുറ്റാന്വേഷണ നോവൽ പോലെ വായിക്കാൻ പ്രേരിപ്പിക്കുന്നു.

നോവലിന്റെ ആദ്യത്തെ ഭാഗത്തിൽ സഫിയയുടെ കഥാപാത്രസൃഷ്ടി വായനക്കാരെ നിരന്തരം ഓർമ്മിപ്പിക്കുന്നത് പാവ്ലോ കൊയ്‌ലോയുടെ ഇലവൻ മിനിറ്റ്സ് എന്ന നോവലിലെ മരിയ എന്ന ലൈംഗികതൊഴിലാളിയെയാണ്. പീഡന രതിയും പാവനരതിയും ഒരേ ആത്മീയോന്മേഷം ആണ് സൃഷ്ടിക്കുന്നത് എന്ന് മരിയ തിരിച്ചറിയുന്നത് പോലെ തന്നെ സഫിയയും തിരിച്ചറിയുന്നുണ്ട്. നോവലിസ്റ്റിനെ തേടി കഥാപാത്രങ്ങൾ ഇറങ്ങുന്നത് പരിചിതം ആണെങ്കിലും കഥാപാത്രങ്ങളുടെ വിധിയെ, അവർ നേരിടുന്ന യാദൃച്ഛികതകളെ പിന്തുടർന്ന് പരിശോധിക്കാൻ നോവലിസ്റ്റ് ഇവിടെ ഒരു കഥാപാത്രമായിത്തന്നെ പ്രത്യക്ഷപ്പെടുന്നു.

ഡി.സി പുറത്തിറിക്കിയ നാല്പത്തിയേഴു പുസ്തകങ്ങളിൽ ഒന്നാണ് പി എഫ് മാത്യൂസിന്റെ 'കടലിന്റെ മണം' എന്ന നോവലും. ജാഗ്രതയാർന്ന വായന ആവശ്യപ്പെടുന്ന നോവലാണിത്. പക്ഷെ കടലിന്റെ മണം എന്ന നോവലിന്റെ തലക്കെട്ടും കടൽ ഇല്ലാത്ത ഒരു നഗരത്തിൽ നടക്കുന്ന കഥയും തമ്മിലുള്ള ഇഴപ്പൊരുത്തം ഭാവനയുടെ ഒരു വലിച്ചു നീട്ടലായി തോന്നി

Related Stories

No stories found.
logo
The Cue
www.thecue.in