ഇക്കാലത്തെ ഒരു മുന്‍ഗണന വര്‍ഗീയതയ്ക്കെതിരായ സമരത്തിന്: എം.സ്വരാജ് അഭിമുഖം

ഇപ്പോള്‍ കേരളീയ സമൂഹത്തില്‍ വന്നിട്ടുള്ള മാറ്റം നമ്മള്‍ നോക്കിയാലും, ഇന്ത്യയിലെ ഒരു പക്ഷെ മറ്റ് സമൂഹങ്ങള്‍ക്ക് അതേപോലെയെന്ന് പറയാനാകില്ലെങ്കിലും നമ്മുടെ സമൂഹത്തെയും വര്‍ഗീയ വല്‍ക്കരിക്കാനുള്ള കഠിന പരിശ്രമത്തിന് ചെറിയ ഫലങ്ങളൊക്കെ ഉണ്ടാകുന്നുണ്ടെന്നാണ് സൂക്ഷ്മമായി കേരളീയ സമൂഹത്തെ നോക്കിയാല്‍ നമുക്ക് മനസിലാക്കാന്‍ കഴിയുന്നത്. ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നതിന്റെ ഒരുപ്രത്യേകത കേരളത്തിലുണ്ട്, ഇടതുപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്ന കാര്യം തന്നെയാണ്. അത് യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുന്നു. അങ്ങനെയുള്ളപ്പോഴും രാജ്യത്താകെ നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യവും ആ രാഷ്ട്രീയ സാഹചര്യം കേരളത്തിന് ഊന്നല്‍ കൊടുത്ത് കൊണ്ട് നടപ്പാക്കുന്ന രാഷ്ട്രീയപദ്ധതികളും കണ്ടില്ലെന്ന് നടിക്കാനാകില്ല. മാത്രമല്ല വര്‍ഗീയതയ്ക്ക് എതിരായിട്ടുള്ള സമരം വര്‍ഗീയത ശക്തമാകുമ്പോഴാണ് കൂടുതല്‍ ഊര്‍ജ്ജസ്വലമായി നമ്മള്‍ ഏറ്റെടുക്കേണ്ടതുള്ളത്. അതിന് കുറുക്ക് വഴികള്‍ ഒന്നും ഇല്ല. മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് വര്‍ഗീയ നിലപാടുകളെ തുറന്ന് കാണിക്കുക ഒറ്റപ്പെടുത്തുക, പൊരുതുക എന്നത് മാത്രമേ നമ്മുടെ മുന്നില്‍ അതിന് മാര്‍ഗമായിട്ടുള്ളൂ.

ഏതെങ്കിലും സമയത്ത് ഇതിന് ഇടതുപക്ഷത്തിന്റെ ഭാഗത്ത് ഇളവ് വന്നുവെന്ന് കരുതുന്നില്ല, വിമര്‍ശനങ്ങള്‍ ഉണ്ടാകാം, അത് ഗൗരവമായി തന്നെ പരിശോധിക്കപ്പെടേണ്ടതാണ്. ഇക്കാലത്തെ ഒരു മുന്‍ഗണന വര്‍ഗീയതയ്ക്കെതിരായ സമരത്തിന് തന്നെയാണ്. അങ്ങനെ വരുമ്പോള്‍ കേരളീയ സമൂഹത്തെ അത് ഏത് തരത്തിലാണ് ബാധിച്ചിട്ടുള്ളതെന്ന് സൂക്ഷ്മമായി പരിശോധിക്കണം. അങ്ങനെ പരിശോധിക്കുമ്പോള്‍ നമ്മുടെ സമൂഹത്തില്‍ ഒരു വിഭാഗം ആളുകളുടെ മനസിലേക്ക് വര്‍ഗീയമായ ചിന്താഗതി കുത്തിവെക്കുന്നതില്‍, സമീപകാലത്ത് രാജ്യത്ത് നടന്ന സംഭവ വികാസങ്ങളും, വര്‍ഗീയവാദികള്‍ ഏറ്റെടുത്തിട്ടുള്ള പ്രചരണ പരിപാടികളും സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് തന്നെയാണ് തോന്നുന്നത്. അത്പക്ഷെ കേരളസമൂഹം ആ നിലയില്‍ പരിശോധിക്കുകയോ വിലയിരുത്തുകയോ തിരിച്ചറിയുകയോ ചെയ്തിട്ടുണ്ടാകണമെന്നില്ല. ഇപ്പോള്‍ അതിനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. അടിമുടി മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനും വര്‍ഗീയതയ്ക്കെതിരെ മുനചെത്തിയെടുത്ത മതനിരപേക്ഷ ചിന്താഗതിയുമായി അതിനെ പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന അടിയന്തിര ഉത്തരവാദിത്തവും ഇടതുപക്ഷത്തിനുണ്ട്. അതേറ്റെടുത്ത് പ്രായോഗിക പദ്ധതികളുമായി മുന്നോട്ട് പോകാനുള്ള ചര്‍ച്ചകള്‍ക്ക് ഇടതുപക്ഷമുന്നണിയില്‍ ഇടമുണ്ടാകും എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in