മലയാളനോവലിന്റെ ആധുനികതാവാദപരമായ പരിണാമത്തെക്കുറിച്ചുളള പഠനത്തിന് കെ പി അപ്പൻ നല്കിയ തലക്കെട്ട് മലയാളനോവലിലെ രണ്ടാം പ്രതിസന്ധിയെന്നാണ്. കൊളോണിയലാധുനികത സൃഷ്ടിച്ച മലയാളനോവലിലെ ഭാവുകത്വവ്യതിയാനം ഉണ്ടാക്കിയ പ്രക്രിയ നവോത്ഥാനപ്രസ്ഥാനങ്ങളുടെ വളർച്ചയാണ്. ഇരുപതാംനൂറ്റാണ്ടിന്റെ മൂന്നാംദശകത്തിൽ തകഴിയുടെയും ബഷീറിന്റെയും തലമുറ സൃഷ്ടിച്ച ആ ഭാവുകത്വമായിരുന്നു മലയാളനോവലിലെ ആദ്യ വ്യതിയാനം. ഫ്യൂഡലിസത്തിന്റെ സമൂഹികതയിൽനിന്ന് നോവലിനെ സമൂഹത്തിലെ അടിത്തട്ടിലെ മനുഷ്യരുടെയും പണിയെടുക്കുന്നവരുടെയും ജീവിതപ്രതിസന്ധികളിലേക്ക് തുറന്നുവച്ചുകൊണ്ട് തൊഴിലാണ് മനുഷ്യരെ നിർവചിക്കുന്നതെന്ന തത്വം ഉറപ്പിച്ചുകൊണ്ട് രാഷ്ട്രീയദൈവം സാമൂഹികപ്രശ്നങ്ങൾ പരിഹരിക്കുമെന്ന രാഷ്ട്രീയവിശ്വാസം അവതരിപ്പിക്കുകയായിരുന്നു അവർ ചെയ്തതെന്ന് അപ്പൻ പറയുന്നു. ഈ രാഷ്ട്രീയദൈവത്തെയും അതിന്റെ തത്വചിന്തയെയും കൈയൊഴിഞ്ഞ് മനുഷ്യരുടെ ആന്തരികതയുടെ പുതിയ ഭാഷയെ കണ്ടെത്തി മനഷ്യരെക്കുറിച്ചുള്ള പുതിയ ക്രമം കണ്ടെത്താൻ ശ്രമിച്ചതാണ് അറുപതകളിൽ തുടങ്ങുന്ന നോവലിസ്റ്റുകളുടെ ദൌത്യമായി പ്രത്യക്ഷപ്പെട്ടത്. അതോടെ പഴയനോവൽ മരിക്കുകയും പുതിയ ദർശനമായി പുതിയ നോവൽ സാധ്യമാവുകയും ചെയ്തു. നോവലിലെ രണ്ടാംപ്രതിസന്ധിവരെയാണ് അപ്പൻ കണ്ടതെങ്കിൽ അതിനുശേഷമുള്ള വഴിത്തിരിവുകൾ മറ്റു നിരൂപകർ അടയാളപ്പെടുത്തുന്നുണ്ട്. ആധുനികതാവാദകാലത്തിനുശേഷമുള്ള മലയാളനോവലിനെ അടിയന്തരവാസ്ഥയും എൺപതുകളിൽ കേരളത്തിലുണ്ടായിട്ടുള്ള ഉപഭോഗകേന്ദ്രീകൃതമായ സാമൂഹികപരിവർത്തനങ്ങളും തൊണ്ണൂറുകളിലെ ആഗോളീകരണവും ഉത്തരാധുനികചിന്തകളും നിരന്തരം മാറ്റിപ്പണിയുന്നതായി പി .കെ. രാജശേഖരൻ നിരീക്ഷിക്കുന്നു. പുതിയകാലത്ത് രൂപംകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ പരിണാമങ്ങൾ നോവലിസ്റ്റിന്റെ ആയുധങ്ങളെ വെല്ലുവിളിക്കുന്നതായും നിലവിലെ എല്ലാ ആഖ്യാനമാതൃകകളും ഉപയോഗ്യശൂന്യമായിരിക്കുന്നതായും അദ്ദേഹം പറയുന്നു. ഇങ്ങനെ നോക്കിയാൽ 1850 കളിൽത്തുടങ്ങുന്ന മലയാളനോവലിന്റെ ചരിത്രത്തെയും ഭാവുകത്വ വ്യതിയാനങ്ങളെയും സാധ്യമാക്കുന്നത് കേരളസമൂഹത്തിലെ വ്യത്യസ്ത സാമൂഹികപരിവർത്തനങ്ങളാണെന്നു കാണാം. അഞ്ചുഘട്ടങ്ങളായി ഇവയെ കൃത്യമായി വ്യവച്ഛേദിക്കാൻ കഴിയും. കോളോണിയലിസമാണ് പത്തൊമ്പതാംനൂറ്റാണ്ടിലെ നോവലിന്റെ ഭാവുകത്വമായി ഫ്യൂഡൽസാമൂഹികതയെ വിച്ഛേദിക്കുന്നതെങ്കിൽ നവോത്ഥാനപ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷബോധ്യങ്ങളുടെയും വളർച്ചയാണ് 1940 കളിലെ നോവലിന്റെ രാഷ്ട്രീയമായി മാറുന്നത്. എഴുപതുകളിൽ ശക്തിപ്പെടുന്ന പ്രവാസവും അതിലൂടെ സംഭവിക്കുന്ന ഉപഭോഗവത്കരണവുമാണ് നഗരവത്കരണ ആഖ്യാനങ്ങളായി നോവലിനെ മാറ്റുന്നത്. അച്ചടിയിലും പുസ്തകപ്രസാധനത്തിലും ഇക്കാലത്ത് സാധ്യമാകുന്ന സാങ്കേതികവിദ്യയിലെ മാറ്റങ്ങൾക്കും പ്രവാസത്തിലൂടെ സംഭവിക്കുന്ന സാമ്പത്തികവർധന കാരണമായിട്ടുണ്ടെന്നു കാണാം. ഇതിന്റെ തുടർച്ചയിൽ സംഭവിക്കുന്ന ആഗോളീകരണവും കംപ്യൂട്ടർസാങ്കേതികവിദ്യയുടെ വരവുമാണ് തൊണ്ണൂറുകളിൽ ഉത്തരാധുനികതയുടെ വികാസമായി മാറുന്നത്. ആ വളർച്ച പുതിയൊരു ഘട്ടത്തിലക്കു കടക്കുന്നതാണ് ഇപ്പോൾ കാണുന്നത്. കേരളസമൂഹം വിജ്ഞാനസമൂഹമായി മാറുന്നതിന്റെ പരിസരം, അതിനെക്കുറിച്ചുള്ള സംവാദങ്ങൾ സാഹിത്യത്തിലേക്ക അരിച്ചു കയറുന്നതാണ് പുതുകാല നോവലുകളുടെ സാമൂഹികതയെന്നു പറയാം. ഉയർന്നതരത്തിലുള്ള ശാസ്ത്രാവബോധവും കംപ്യൂട്ടർ- ഡിജിറ്റൽ- ഇന്റർനെറ്റ് സാങ്കേതികവിദ്യയും സമൂഹത്തിലേക്കു തളഞ്ഞുകയറുകയും പരമ്പരാഗതസമൂഹഘടനയെ പൊളിച്ചെഴുതി സമൂഹത്തെ പരിവർത്തനവിധേയമാക്കുകയും ചെയ്യുകയെന്ന പ്രക്രിയയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്. കൊളോണിയലിസം വഴി ലഭ്യമായ ആധുനികവിദ്യാഭ്യാസം വ്യാപമാകുകയും വലിയതോതിലുള്ള ഉന്നതവിദ്യാഭ്യാസത്തിന്റെ വ്യാപനവും നടക്കുകയും ചെയ്തതോടെ സാധ്യമായ സാമൂഹികചലനാത്മകത സാങ്കേതികവിദ്യയുടെ ശക്തമാകലോടെ കേരളത്തെ ആഗോളീകരിക്കപ്പെട്ട സമൂഹമായി നിർമിച്ചെടുക്കുന്നുണ്ട്. കോവിഡിന്റെ വ്യാപനവും അടച്ചിടലും കേരളത്തിലെ ഇന്റർനെറ്റ്- സാങ്കേതികവിദ്യയുടെ തളഞ്ഞുകയറലിനെ ആഴത്തിൽ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ മാറ്റങ്ങൾ നോവലെന്ന കലയെ നിരന്തരം പുതുക്കിയെഴുതുകയും നല്ലസാഹിത്യം ജനപ്രിയസാഹിത്യം എന്നീ അതിർവരമ്പുകൾ മായിച്ചുകളയുകയും ചെയ്യുന്നു.
കുറ്റാന്വേഷണമെന്ന പാഠം
സമകാലിക മലയാളനോവലിൽ ശക്തമായിക്കൊണ്ടിരിക്കുന്ന ഡിറ്റക്ടീവ് നോവലുകളുടെ സാന്നിധ്യത്തെ കൂടുതൽ തീവ്രമായി അനുഭവപ്പെടുത്തുന്ന എഴുത്തുകാരനാണ് അൻവർ അബ്ദുള്ള. അദ്ദേഹത്തിന്റെ നോവലുകൾ പരമ്പരാഗത മലയാള കുറ്റാന്വേഷണ നോവലുകളുടെ ആഖ്യാനഘടനയെ കടന്നുപോകുന്നതായിക്കാണാം. കുറ്റകൃത്യം നടന്ന് പോലീസ് പ്രകടമായ തെളിവുകളെ ആധാരമാക്കി പ്രതികളെ പിടിച്ചശേഷം ഈ പ്രതികളല്ല കുറ്റം ചെയ്തെതെന്ന് സ്ഥാപിക്കുന്ന ആഖ്യാനമാണ് അബ്ദുള്ളയുടെ കുറ്റാന്വേഷണ നോവലുകളുടെ പ്രത്യേകതയെന്നു പറയുന്നത്. കുറ്റകൃത്യം നടന്നുകഴിഞ്ഞാൽ പൊലീസിനൊപ്പം കുറ്റാന്വേഷകനും കൂടിച്ചേർന്ന് അന്വേഷണം നടത്തി യഥാർത്ഥ പ്രതിയെ പിടിക്കുന്നതാണ് കോട്ടയം പുഷ്പനാഥിനെപ്പോലുള്ളവരുടെ രചനാലോകത്ത് കാണുന്നതെങ്കിൽ, അൻവർ അബ്ദുള്ളയുടെ ആഖ്യാനങ്ങൾ പുനരന്വേഷണത്തിന്റെ സങ്കീർണതയിലാണ് ശ്രദ്ധിക്കുന്നത്. അതുകൊണ്ടുതന്നെ അതുകൊണ്ടുതന്നെ കുറ്റത്തെ നേരിട്ടന്വേഷിക്കുന്ന കഥകളേക്കാൾ സങ്കീർണമായ പലമാനങ്ങളും ഉള്ളതാണ് അബ്ദുള്ളയുടെ രചനാലോകം എന്നുകാണാം. അദ്ദേഹത്തിന്റെ കമ്പാർട്ട്മെൻറ്, പ്രൈംവിറ്റ്നെസ് എന്നിവ ഉദാഹരണം. ആദ്യത്തെ അന്വേഷണത്തിൽ പ്രകടമായ തെളിവുകൾ പ്രതിയിലേക്ക് നീളുന്നുണ്ടെങ്കിലും രണ്ടാമത്തെ അന്വേഷണത്തിൽ അതിനെ അപ്രസക്തമാക്കുന്ന സൂക്ഷ്മമായ തെളിവുകളാണ് കുറ്റാന്വേഷകൻ കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ആഖ്യാനവും വായനയും സൂക്ഷ്മമാകുന്നു. ഈ സൂക്ഷ്മത കുറ്റാന്വേഷണത്തെ വായനപോലെ അർഥങ്ങൾ കണ്ടെത്തുന്ന പ്രക്രിയയാക്കി മാറ്റുന്നുണ്ട്. പുതിയകാലത്ത് വികസിച്ചുവന്ന കമ്പ്യൂട്ടർ, മൊബൈൽസാങ്കേതികവിദ്യകൾ പ്രധാനപ്പെട്ട ഉപാദാനങ്ങളായി ഉപയോഗിക്കുന്ന വിധത്തിലാണ് പുതിയ നോവലുകൾ കഥപറയുന്നത്. ഇത്തരം മാറ്റങ്ങളും ഇന്റർനെറ്റിന്റെ വ്യാപനവും കൂടിച്ചേർന്ന ലോക, കേരളസമൂഹത്തെ ഭാവനചെയ്യുന്ന പ്രക്രിയകൂടി ഇവ നിർവഹിക്കുന്നു. ടി ഡി രാമകൃഷ്ണന്റെ ഇട്ടിക്കോരയിലെ പുതുസമൂഹത്തിന്റെ തുടർച്ചയായി അടുത്തകാലത്ത് വന്ന നോവലുകൾ യഥാർഥസാഹിത്യത്തിന്റെയും ജനപ്രിയ/അപസർപ്പകസാഹിത്യത്തിന്റെയും അതിരുകൾ എടുത്തുകളയുകയും മലയാളനോവലിനെ കേരളത്തിൽ രൂപപ്പെടുന്ന വിജ്ഞാനസമൂഹത്തിന്റെ പരിസരങ്ങളിലേക്ക് വിവർത്തനചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നതായി പറയാം.
കോമയെന്ന സന്ദിഗ്ധാവസ്ഥ
അൻവർ അബ്ദുള്ളയുടെ കോമ, കോസി മർഡർ എന്നൊക്കെ വിളിക്കാവുന്ന കുറ്റാന്വേഷണ എഴുത്താണെന്നു പറയാം. ഒരു വീടിനുള്ളിൽ നടക്കുന്ന അധികം അക്രമവും ചോരച്ചൊരിച്ചലുമില്ലാത്ത കഥയാണിത്. പോൾ ഗ്രേഷ്യസ് എന്ന പ്രഗല്ഭ വക്കീലിന്റെ കൊലപാതകശ്രമമാണ് കഥാതന്തു. മാളവിക കേസിന്റെ വിധിക്കുശേഷം വീട്ടിലെത്തി വിശ്രമിച്ച പോൾ മുൻഭാര്യ രമയുമായി വീഡിയോ വിളിയിലേർപ്പെട്ടിരിക്കുമ്പോൾ വീട്ടിനുള്ളിലേക്കു പോവുകയും മരണാസന്നതയിലേക്ക് എത്തുകയും ചെയ്യുന്നു. സംശയം തോന്നിയതിനാൽ രമ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ ഓഫീസ് അസിസ്റ്റന്റു് വീട്ടിലെത്തി അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയും അദ്ദേഹം ജീവിതത്തിനും മരണത്തിനുമിടയിലെ കോമയിലെത്തുകയും ചെയ്യുന്നു. രമയുടെ പരാതിയിലൂടെ പോലീസ് അന്വേഷിക്കുകയും ആ സമയത്തെ സി സി ടി വി ദൃശ്യങ്ങളനുസരിച്ച് അദ്ദേഹത്തിന്റെ മകനായ രാഹുലാണ് കൊലപാതകശ്രമത്തിനു പിന്നിലെന്ന് അനുമാനിക്കുകയും അറസ്റ്റുചെയ്യുകയും ചെയ്യുന്നു. പോലീസ് അന്വേഷണത്തിൽ സംശയംതോന്നിയ രമയും സുഹൃത്തായ വിക്ടറും മറ്റൊരു ഡിറ്റക്ടീവ് അന്വേഷണത്തിന് ശ്രമിക്കുയും ജിബ്‌രീൽ സഹോദരന്മാർ കേസ് അന്വേഷിക്കുകയും ചെയ്യുന്നതാണ് ഇതിവൃത്തം. ഈ അന്വേഷണത്തിൽ പോലീസ് അന്വേഷണം തെറ്റായിരുന്നുവെന്നും പോൾ കോമയിലായത് കൊല്ലാനുള്ള ശ്രമത്തിനിടയിലാണെന്നു വ്യക്തമാവുകയും ചെയ്യുന്നു. പോൾ അപ്പോൾ കൈകാര്യംചെയ്തുകൊണ്ടിരുന്ന കേസുകളുടെ പിന്നാമ്പുറമാണ് കൊലപാതകശ്രമത്തിനു കാരണമെന്നു വ്യക്തമാകകയും ചെയ്യുന്നു. മാളവികകേസിന്റെ പിന്നിലുള്ള താത്പര്യമാണ് ഈ കൊലപാതകശ്രമമെന്ന് തെളിവുകളുടെ ബലത്തിൽ അലി ജിബ്‌രീൽ തെളിയിക്കുന്നു.
സിസിടിവിയും മൊബൈലും അടങ്ങിയ സാങ്കേതികവിദ്യകളുടെ ഇക്കാലത്ത് മറഞ്ഞിരുന്ന കൊലപാതകം ചെയ്യാനുള്ള ശ്രമം അതിലും സൂക്ഷ്മമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടവരുന്ന ആഖ്യാനം നോവലിൽ പറയുന്നപോലെ ചിലന്തിവല അഴിച്ചെടുക്കുന്നതുപോലെയാണ്. ഏതിരയെയും കുടുക്കാനുള്ള ചിലന്തിവല കെട്ടുന്നതും അഴിക്കുന്നതുമായ ബിംബം നോവലിലുപയോഗിച്ചിരിക്കുന്നത് പ്രധാനമാണ്. കാഴ്ചയിൽ പെട്ടെന്നു പിടിതരാത്ത ചിലന്തിവലപോലെ കാഴ്ചയിൽ വെളിപ്പെടാത്ത വിധം കൊലപാതകം ചെയ്യാനുളള ശ്രമവും അതഴിച്ചെടുക്കാനുള്ള ശ്രമവും ഇവടെ സൂചിതമായിരിക്കുന്നു. നാളിതുവരെയുള്ള കുറ്റാന്വേഷണനോവലുകളിൽനിന്ന് വ്യത്യസ്തമായി സാങ്കേതികവിദ്യയുടെ പുതിയരൂപത്തിലൂടെയാണ് ഡിറ്റക്ടീവ് ഇവിടെ ലോകത്തോട് തന്റെ കണ്ടെത്തൽ പറയുന്നതെന്നു ശ്രദ്ധിക്കണം. ലക്ഷക്കണക്കിന് വരിക്കാരുള്ള യൂടൂബ് ചാനലിലൂടെയാണ് ജിബ്രീലെന്ന ഇൻവെസ്റ്റിഗേറ്റർ താൻ കണ്ടെത്തുന്ന കാര്യങ്ങൾ ലോകത്തെ അറിയിക്കുന്നത്.
കുറ്റാന്വേഷണം പൂർണമായും മനുഷ്യചിന്തയിൽനിന്നും സാങ്കേതികവിദ്യയിലേക്കു മാറിയിരിക്കുന്ന കാലത്തെയാണ് കോമ സാക്ഷ്യപ്പെടുത്തുന്നത്. അൻവറിന്റെ മറ്റു നോവലുകളിൽ കുറ്റാന്വേഷണം പൂർത്തിയാക്കി ശരിയായ പ്രതിയെ കണ്ടെത്തുന്നത് സംശയിക്കുന്ന എല്ലാവരെയും ഒരു ഹാളിലെത്തിച്ചുള്ള ചോദ്യംചെയ്യലിലാണെങ്കിൽ ഇവിടെയത് മാറുന്നു. കണ്ടെത്തുന്ന തെളിവുകൾ എഡിറ്റുചെയ്ത് പ്രദർശിപ്പിച്ച് തന്റെ നിരീക്ഷണങ്ങൾ കൂട്ടിച്ചേർത്ത് ചെയ്യുന്ന നീണ്ട വീഡിയോയിലൂടെയാണത് നിർവഹിക്കപ്പെടുന്നത്. ലോകത്തിന്റെ വിവിധഭാഗത്തുള്ള ലക്ഷക്കണക്കിന് പ്രേക്ഷകരത് തത്ക്ഷണം കാണുകയും കേസിന്റെ വിവരങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നു. ഇന്റർനെറ്റ് എന്നത് സാധാരണക്കാരുടെ ജീവിതത്തിലേക്കു തുളഞ്ഞുകയറുന്ന വർത്തമാനകാലത്തിന്റെ സാക്ഷ്യമാണ് ഇത് രേഖപ്പെടുത്തുന്നത്. ഡിജിറ്റൽസാങ്കേതികവിദ്യ മനുഷ്യസങ്കല്പത്തെത്തന്നെ മാറ്റിമറിക്കുന്ന, മാനവാനന്തരത രൂപപ്പെടുന്ന ഇക്കാലത്ത് കുറ്റാന്വേഷണംനടത്താനും അതു ലോകത്തോടു വിളിച്ചുപറയാനും വലിയ അധികാരങ്ങളൊന്നും വേണ്ടെന്നും മറിച്ച് പരമ്പരാഗതമായ പോലീസ്, കോടതി പോലുള്ളവയെത്തന്നെ സ്വാധീനിക്കുന്ന വിധത്തിൽ അവ നിർവഹിക്കാൻ പുതിയ സാങ്കേതികവിദ്യയിലൂടെ കഴിയുമെന്നും കോമ പറയുന്നു. പരമ്പരാഗത സാമൂഹികഘടനയെ നവസാങ്കേതികവിദ്യയുടെ ലോകം ആകമാനം പൊളിച്ചെഴുതുന്ന സന്ദർഭമാണിത്. മലയാളനോവൽ ഈ ഭാവുകത്വത്തിലൂടെയാണ് സഞ്ചരിക്കുന്നത്.
അബ്സേർഡിൽനിന്ന് അബ്സ്ട്രാക്ടിലേക്ക്
കേസ് ശക്തമായി തങ്ങളെ കെട്ടിവരിയുമെന്നായപ്പോൾ പോലീസല്ലാതെ മറ്റൊരു അന്വേഷണം വേണമെന്ന് രമയ്ക്കും വിക്ടറിനും തോന്നി. അവർ നാഷണൽഫ്ലാഗ് എന്ന ഇംഗ്ലീഷ് പത്രത്തിൽക്കണ്ട ചെറിയ വാർത്തയെ പിന്തുടർന്ന് ജിബ്രീലിന്റെ യൂടൂബ്ചാനലിലെ കേസുമായി ബന്ധപ്പെട്ട അവതരണം കാണുന്നു. അപ്പോൾ മുതൽ രമ ഇടയ്ക്കു പറയുന്ന കാര്യമാണ് ജിബ് രീൽ അബ്ഡേഡാണെന്ന്. അപ്പോൾ വിക്ടർ തിരുത്തുന്നുണ്ട് അല്ല അബ്സ്ട്രാക്ടാണെന്ന്. അന്വേഷകനായ ജിബ്രീലിന്റെ പെരുമാറ്റരീതികളും വീഡിയോ അവതരണവും അസംബന്ധമെന്നോ അരാജകമെന്നോ പറയാവുന്നതാണ്. അയാൾ എപ്പോഴും മദ്യത്തിൽ മുങ്ങിയാണ് ജീവിക്കുന്നത്. മദ്യലഹരിയിലുള്ള സ്വപ്നാടത്തിലെ വെളിപാടുകളാണ് അയാളുടെ ചിന്ത. അയാളുടെ ചാനലിന്റെ കാഴ്ചയിൽ കയറിവരുന്ന മൊണ്ടാഷുകൾ ഇത്തരത്തിൽ അവ്യക്തതയുടെ ആന്ദേളനങ്ങൾ ഉയർത്തുന്നവയാണെന്നും അവയ്ക്ക് കലയിലെ ആധുനികതാവാദത്തിന്റെ സങ്കീർണതകളുമായി ബന്ധമുണ്ടെന്നും ചിത്രകലപഠിച്ച വിക്ടർ പറയുന്നുണ്ട്. മലയാളകുറ്റാന്വേഷണനോവലുകളിലെ കുറ്റാന്വേഷകന്റെ സ്വത്വത്തെ ഈ നോവലിലെ അന്വേഷകന്റെ സ്വത്വവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. കോട്ടയം പുഷ്പനാഥാണ് നിരവധി നോവലുകളിലൂടെ ഏകശിലാസ്വഭാവത്തിലുള്ള കുറ്റാന്വേഷകനെ വാർത്തെടുത്തത്. ഈ കുറ്റാന്വേകർക്ക് സദാചാരപരമായും സ്വത്വപരമായും നിയന്ത്രണങ്ങളുണ്ടായിരുന്നു. ലൈംഗികതപോലുള്ള വിഷയങ്ങൾ വർജ്ജിച്ച കൃത്യമായ സദാചാരനിഷ്ഠപുലർത്തിയരുന്നവരാണിവരെന്നു കാണാം. മദ്യപിക്കുന്നവരാണെങ്കിലും അതവരുടെ പൌരുഷത്തെയും അന്വേഷണപരിവേഷത്തെയും പരിപാഷിപ്പിക്കുന്നതായിട്ടായിരിക്കും ചിത്രീകരിക്കുക. എന്നലിവിടെ അലിയുടെ സ്വത്വം അതിനു നേർവിരുദ്ധമാണ്. അയാളെപ്പോഴും മദ്യപിച്ച അവസ്ഥയിലായിരിക്കും. കേസന്വേഷണം നടത്തുമ്പോഴും ചോദ്യംചെയ്യൽ നടത്തുമ്പോഴും അയാൾ ഗ്ലാസുകൾ നിറച്ചുകൊണ്ടും കുടിച്ചുകൊണ്ടുമിരിക്കും. മദ്യപിക്കാൻവേണ്ടിയാണ് ജീവിക്കുന്നതെന്ന മട്ടിലാണയാളുടെ ജീവിതമെന്നു പറയാം. അലിയെ പരിചയപ്പെടുത്തുമ്പോൾ അബുവത് പറയുന്നുണ്ട്- നൂലുനൂലുപരുവത്തിലൽ അവൻ കുടിച്ചുകൊണ്ടിരിക്കുമെന്നും കുപ്പിയെടുത്തിട്ടുണ്ടേൽ അല്പം സൂക്ഷിക്കണമെന്നും. ദിവസംമുഴുവൻ ലഹരിയിലായിരിക്കുകയെന്ന സ്വഭാവം കുറ്റാന്വഷകന്റെ സാമ്പ്രദായികസ്വഭാവത്തെയാകെ പ്രശ്നവല്കരിക്കുന്ന ഒന്നാണ്. പോലീസ് സ്വഭാവംപോലെ കൃത്യമായ ചിട്ടയും അച്ചടക്കവും പുലർത്തി പൌരുഷവും ബുദ്ധിയും പ്രകടിപ്പിച്ച് ജീവിക്കുന്നതല്ല അയാളുടെ സ്വഭാവമെന്നു വ്യക്തം. അതുകൊണ്ടാണ് അരാജകത്വം എന്ന വാക്ക് കടന്നുവരുന്നത്.
അൻവർ അബ്ദുള്ളയുടെ പെരുമാൾ എന്ന കുറ്റാന്വേഷകന് വിരുദ്ധനാണ് അലി. അയാളുടെ യു ടൂബ് ചാനലിൽ അയാൾ പ്രത്യക്ഷപ്പെടുന്നതുപോലെ മൊണ്ടാഷുകളും വിചിത്രവേഷങ്ങളും അയാളുടെ അരാജകസ്വഭാവത്തെ അടയാളപ്പെടുത്തുന്നുവെന്നു പറയാം. പുതിയകാലത്ത് കുറ്റാന്വേഷകനെന്നു പറയുന്നത് പോലീസ് ജീവിതത്തിൽനിന്ന് വേറിട്ട സ്വത്വമാണെന്നും അയാൾക്ക് അന്വേഷണം നടത്താനും അതിന്റെ വാദമുഖങ്ങളവതരിപ്പിക്കാനും പുതിയ ഉപകരണങ്ങളുണ്ടെന്നും പറയുകയാണിവിടെ. ഇന്റർനെറ്റ് കാലത്ത് ഇത്തരം പ്രക്രിയകൾ ഡാറ്റകളുടെ സമർഥമായ ഉപയോഗവും വിശകലനവുമായി മാറുന്നതാണിവിടെ സൂചിതമാകുന്നത്. അലിയെന്ന കുറ്റാന്വേഷകൻ തന്റെ സ്വത്വം മറച്ചുവച്ചാണ് പ്രത്യക്ഷപ്പെടുന്നതെന്നും അയാളെ കോണ്ടാക്ടുചെയ്യാനുള്ള ഒരു വിവരവും അവിടെ നല്കുന്നില്ലെന്നുള്ളത് കുറ്റാന്വേഷകന്റെ ഡിജിറ്റൽകാലജീവിതമാണ് അയയാളപ്പെടുത്തുന്നത്. എന്നുമാത്രമല്ല അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു സ്ഥലത്തും അലി പോകുന്നില്ലെന്നും കാണാം. അബുവെത്തിക്കുന്ന വിവരങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന പ്രക്രിയമാത്രമാണ് അയാൾ ചെയ്യുന്നത്. കുറ്റാന്വേഷണനോവലുകളിലെ പ്രധാനപ്പെട്ട ഘടകം കുറ്റാന്വേഷകൻ കുറ്റംനടന്ന സ്ഥലങ്ങൾ സന്ദർശിച്ച് പഠിക്കുന്നതും അതുമായി ബന്ധപ്പെട്ട ആളുകളെ ചോദ്യംചെയ്യുന്നതുമായിരിക്കും. ഇവിടെ അതെല്ലാം ടെക്നോളജിയിൽ അധിഷ്ഠിതമായി മാറുകയും ചോദ്യംചെയ്യലുകൾ ഇന്റർനെറ്റിലൂടെയും വീഡിയോകോളിലൂടെയും നടത്തുന്നതാവുകയും ചെയ്യുന്നു. നാളിതുവരെയുള്ള കുറ്റാന്വേഷണനോവലുകളുടെ പാരമ്പര്യം ഇവിടെ റദ്ദാക്കപ്പെടുന്നതാണ് കോമ പറയുന്നു. മരണം നടക്കാത്ത കുറ്റകൃത്യത്തെ അരജാകവാദിയും മദ്യപനുമായ കുറ്റാന്വേഷകൻ വിചാരണചെയ്ത് കുറ്റവാളികളെ സമൂഹത്തിനു മുന്നിൽ തന്റെ യു ടൂബ് ചാനലിലൂടെ പുറത്തെത്തിക്കുന്നു. ആധുനികതയിലൂടെ സൃഷ്ടിക്കപ്പെട്ട ആണത്തവും സദാചാരനിഷ്ഠയുള്ളവനുമായ കുറ്റാന്വേഷകന്റെ അന്ത്യമാണ് കോമയുടെ രാഷ്ട്രീയത്തെ സവിശേഷമാക്കുന്നത്. ആധുനികതയുടെ സാമൂഹ്യക്രമത്തിന്റെ തകർച്ചയിലാണിത് സൃഷ്ടിക്കപ്പെടുന്നത്.
അലിയുടെ അന്വേഷണതത്വം ഒരുഭാഗത്ത് ഇങ്ങനെ വ്യക്തമാക്കപ്പെടുന്നുണ്ട്- പോലീസുകാരുടെ അറിവിലേക്കായി ഞാനാവർത്തിക്കട്ടെ, ചരിത്രം ഒരിക്കലും ഒരുനിമിഷത്തിൽ ആരംഭിക്കുകയോ ഒരു മുഹൂർത്തത്തിൽ പൊട്ടിവീഴുകയോ ചെയ്യുകയില്ല. ഒരുനിമിഷം, ഒരു മുഹൂർത്തം ഉണ്ടാവില്ലെന്നല്ല അതുപക്ഷേ വഴിത്തിരിവാകുകയേയുള്ളൂ, അതിനുമുന്നും പിന്നുമുണ്ടാകാതെ തരമില്ല (152). കേസിന്റെ പിന്നാമ്പുറത്തേക്കുള്ള സഞ്ചാരമാണ് അലിയുടെ അന്വേഷണം. ഒരുകുറ്റകൃത്യം ഒരു നിമിഷത്തെ പ്രേരണകൊണ്ട് നടക്കാമെങ്കിലും അതിന് അതിലേക്കു നയിക്കുന്ന ചില കണ്ണികളുണ്ടാകാമെന്നുള്ള ബോധ്യത്തിലാണ് ഇവിടെ അന്വേഷണം നടക്കുന്നത്. ഇവിടെപ്പറയുന്ന ഭൂതകാലം ചരിത്രബന്ധമാണ്. അഥവാ സാമൂഹികതയാണ്. സമൂഹിക- ചരിത്ര വ്യവസ്ഥയാണ് കുറ്റത്തെ സൃഷ്ടിക്കുന്നതെന്നണ് സൂചന. ലിംഗ- വർഗ്ഗ- ജാതിബന്ധങ്ങളും രാഷ്ട്രീയാധികാരവും കൂടിച്ചേരുന്ന ചിഹ്നവ്യവസ്ഥിതിയാണ് കുറ്റത്തിന്റെ പാഠങ്ങളെ നിർമിക്കുന്നത്. ആ ചിഹ്നവ്യവസ്ഥയെ ചിലന്തിവല പോലെ അഴിച്ചെടുക്കുകയാണ് അന്വേഷക(ന്റെ)യുടെ ജോലി. പഴയകാലകുറ്റാന്വേഷകന്റെ ധർമ്മത്തിൽനിന്നു വ്യത്യസ്തമായി കംപ്യൂട്ടറും മൊബൈലും അനേകം സോഫ്റ്റുവയറുകളും ഉപയോഗിച്ച് കൃത്യത്തെ വായിച്ച് അഴിച്ചെടുക്കുകയാണ് അയാൾ ചെയ്യുന്നത്. ഒരു സിനിമാ/സാഹിത്യപാഠംപോലെ കൃത്യത്തിന്റെ രേഖകൾ അയാളുടെ മുന്നിൽ ഡിജിറ്റൽപാഠമായി കിടക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലങ്ങളിലൊന്നും സഞ്ചരിക്കാത്ത ജിബ് രീൽ തനിക്കു കിട്ടുന്ന വിവരങ്ങളെല്ലാം കണ്ടും കേട്ടും അപഗ്രഥിക്കുകമാത്രമാണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കണം. കുറ്റത്തിന്റെ സാക്ഷികളായിരുന്നവരോട് ഫോണിലാണയാൾ ദീർഘമായി സംസാരിച്ച് മൊഴികൾ ശേഖരിക്കുന്നത്.
കാമറ നിറഞ്ഞ ലോകക്രമം
കോമയിൽ പോളിന്റെ കൊലപാതകിയായി പോലീസ് രാഹുലിനെ കാണുന്നത് സിസിടിവി ദശ്യങ്ങളിലെ തെളിവുകളിലൂടെയാണ്. പോൾ അപകടപ്പെടുന്നതിനു തൊട്ടുമുമ്പ് വീട്ടിലയാൾ എത്തുകയും ബെല്ലടിക്കുകയും ചെയ്യുന്നുണ്ട്. പോളിന്റെ വീടേതാണ്ട് കാമറകളാൽ നിരീക്ഷണത്തിലായിരുന്നുവെന്നാണ് കാണുന്നത്. അവിടെന്നല്ല നോവലിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ സ്ഥലങ്ങളും ഒരുതരത്തിൽ കാമറക്കണ്ണുകളുടെ വലയത്തിലായിരുന്നുവെന്നർഥം. ജിബ്‌രീൽ അന്വേഷണം നടത്തുമ്പോൾ സംശയിക്കപ്പെുടുന്ന ഓരോ വ്യക്തിയുടെയും ചലനങ്ങളെയും സാന്നിധ്യങ്ങളെയും കണ്ടെത്താൻ ഉപയോഗിക്കുന്നത് സിസിടിവി ദൃശ്യങ്ങളാണ്. എല്ലായിടത്തും കാമറകൾ നിൽക്കുന്ന ഇക്കാലത്ത് കാമറക്കണ്ണുകളെ വെട്ടിച്ച് എങ്ങനെ പോളിന്റെ വീട്ടിൽ കുറ്റവാളിയെത്തി എന്ന ചോദ്യത്തിന്റെ ഉത്തരത്തിൽ കാമറക്കണ്ണുകൾ സമൂഹത്തെ സൂക്ഷ്മനിരീക്ഷണം നടത്തുന്നതിനുള്ള ഉത്തരമാകുന്നു. കാമറകളെ വെട്ടിക്കാനുള്ള നീക്കമായിരുന്നു കൊലപാതകശ്രമത്തിന്റെ അടിത്തറയെന്നു പറയുന്നത്. കാമറയും ഇന്റർനെറ്റുമാണ് ഇപ്പോൾ ലോകത്തെ ചിലന്തിവലപോലെ കെട്ടിവരിയുന്നത്. എല്ലാ സിസിടിവികളും ഇന്റർനെറ്റിലൂടെ എവിടെയിരുന്നും വീക്ഷിക്കുകയും ശേഖരിച്ചുവയ്ക്കുകയും ചെയ്യാമെന്നിരിക്കെ സവിശേഷമായ നോട്ടത്തിന്റെ അധികാരരൂപമായി, ഒളിക്കാനിടമില്ലാത്തവീധം സമൂഹത്തെ നോക്കുന്ന ശക്തിയായി ഇതുമാറുന്നു. ഭരണകൂടവും പോലീസുമെല്ലാം പൌരരെ അവരുടെ സ്വകാര്യതയിലേക്കുവരെ നോക്കിക്കൊണ്ടിരിക്കുന്ന കാലമാണ് ഇതെന്നുള്ള വിമർശനങ്ങളും ശ്രദ്ധിക്കണം.
കുറ്റാന്വേഷകനും ഇത്തരത്തിലൊരു നോട്ടമാണ് നടത്തുന്നത്. സവിശേഷമായ അധികാരത്തോടെ അയാൾ സംശയിക്കുന്നവരെയെല്ലാം കാമറക്കാഴ്ചയിൽ നോക്കുന്നു. ഈ കഥയിൽ അന്വേഷകന് ശരിയായ പ്രതിയിലേക്ക് എത്തിച്ചേരാനുള്ള വഴിതറക്കുന്നതും പോളും രമയും തമ്മിൽ നടത്തിയ അവസാന വീഡിയോകോളിന്റെ കാമറക്കാഴ്ചയാണ്. ആ കാഴ്ചയെ പലവട്ടം കണ്ടാണ് പ്രതിയുടെ സാധ്യതകളെ ജിബ്‌രീൽ കണ്ടെത്തുന്നത്. കുറ്റകൃത്യത്തിൽ മറ്റൊരാളുടെ സാന്നിധ്യം അന്വേഷകൻ കണ്ടെത്തുന്നത് മൂന്നു തെളിവുകളിലൂടെയാണ്. വീഡിയോ കോളിനിടയിൽ അകത്തെമുറിയിലേക്ക് പോകുന്ന പോളിന്റെ കാലിലെ ചെരുപ്പ്, അകത്തെ മുറയിലെ തറയിൽ ഒഴുകുന്ന ചോരക്കിനിപ്പ്, പുസ്തക അലമാരയിലെ പുസ്തകങ്ങളുടെ അപ്രത്യക്ഷമാകൽ എന്നിവയാണവ. പോലീസ് പുറത്തെ സിസിടിവി ദൃശ്യങ്ങളെ പൂർണമായും വിശ്വസിച്ചപ്പോൾ ജിബ്രീലാകട്ടെ അതിനെ തള്ളിക്കളയുകയും അകത്തെ വീഡിയോ കോളിലെ സൂക്ഷ്മദൃശ്യങ്ങളിലേക്ക് ആണ്ടിറങ്ങുകയും ചെയ്തു. സിനിമയെയോ സാഹിത്യകൃതിയെയോ സൂക്ഷ്മമായി വായിച്ച് അർഥങ്ങൾ കണ്ടെത്തുന്നതുപോലെയുള്ള പ്രക്രിയയാണിവിടെ അന്വേഷകൻ നടത്തുന്നത്.
സോഫ്റ്റുവയറുകളുടെ മോണ്ടാഷ്
ചിലന്തിവല എന്ന രൂപകം നോവലിലാകെ ചിതറിക്കിടക്കുന്നതുകാണാം. 'പറഞ്ഞുവരുന്നത് ഇത്രമാത്രം, കെട്ടുന്നതുപോലെതന്നെ അഴിച്ചെടുക്കാൻ പറ്റുന്നതായിരിക്കണം വല. അത് എട്ടുകാലിയുടേതായാലും നിയമത്തിന്റേതായാലും. നീതിനിർവഹണത്തിൽ എട്ടുകാലി നമ്മുടെ പോലീസ് ഫോഴ്സിന് മാതൃകയാകേണ്ടതാണ്. കിട്ടുന്ന ഇരയെ തട്ടുന്ന കാര്യത്തിലല്ല, വലകെട്ടുകയും അഴിക്കുകയും ചെയ്യുന്ന കാര്യത്തിൽ' (2021, 92). കേസന്വേഷണം ഒരു തരത്തിൽ ചിലന്തിവലപോലെ അഴിച്ചെടുക്കുന്നതാകണം എന്നാണിവിടെ സൂചിപ്പിക്കുന്നത്. ചിലന്തിവല ലോകമാകെ വലകെട്ടിയിരിക്കുന്ന ഇന്റർനെറ്റ് സാങ്കേതികവിദ്യയെയും സിസിടിവി നോട്ടങ്ങളെയും സൂചിപ്പിക്കുന്നുണ്ട്. ഇവയെല്ലാം ബന്ധിപ്പിക്കുമ്പോൾ പരസ്പരം അറുത്തുമാറ്റാനാവാത്തവിധം കൂട്ടിയിണക്കപ്പെട്ട സമൂഹത്തെ കാണാനാകും. ഇങ്ങനുള്ള സമൂഹത്തിൽ സ്ഥലം, വേഗം എന്നിവയെക്കുറിച്ചുള്ള ആധുനികസങ്കല്പങ്ങളൊക്കെ ചിതറിക്കപ്പെടും. ഈ നോവൽ ഒരു പാൻ ഇന്ത്യാ സന്ദർഭവും പങ്കുവയ്ക്കുന്നുണ്ടെന്നു കാണാം. കൽക്കട്ടക്കാരനായ വിക്ടറും ബാംഗ്ലൂരിൽ താമസിക്കുന്ന രമയും മകനും ഇന്ത്യമുഴുവൻ പറന്ന് ജോലിചെയ്യുന്ന രാഹുലും കൊച്ചിയിൽ താമസിക്കുന്ന പോളും പരസ്പരം കൂട്ടിയിണക്കപ്പെടുന്നത് ചിലന്തിവലപോലെയുള്ള ആഗോളഗ്രാമത്തിന്റെ സങ്കല്പങ്ങളുടെ പുറത്താണ്. വീഡിയോ കോളിൽ കാണാതായ പോളിനെ തിരക്കി രമ രണ്ടരമണിക്കൂറിനുള്ളിൽ കൊച്ചിയിലെത്തുന്നു. രമയെ തിരക്കി വിക്ടർ അതിലും വേഗത്തിൽ കൊച്ചിയിലെത്തുന്നു. വിക്ടറിനെ പോളിന്റെ വീട്ടിലെത്തിക്കുന്നത് ഗൂഗിൾമാപ്പാണ്. അജ്ഞാതമായ ഏതുപ്രദേശവുമായി ബന്ധമുണ്ടാക്കാൻ ഇന്ന് മനുഷ്യരെ സാഹായിക്കുന്നത് ഗൂഗിൾമാപ്പെന്ന ഇന്റർനെറ്റ് വലയാണ്. ഇങ്ങനെ നോക്കുമ്പോൾ ഇന്റർനെറ്റും കുറച്ചു സോഫ്റ്റുവയറുകളാലും ബന്ധിതമായ കേരളത്തിന്റെ ചരിത്രത്തിന്റെ ഒരുഭാഗമാണിത്. ഈ കുറ്റത്തെയും അന്വേഷണത്തെയും സാധ്യമാക്കുന്നത് ഈ നെറ്റ് ലോകമാണ്. സോഫ്റ്റുവയറുകളുടെ നവലോകം കേരളനവോത്ഥാനം പോലുള്ള ആശയങ്ങളിലൂടെ രൂപപ്പെട്ട കേരളത്തെ ഇല്ലാതാക്കി മറ്റൊരു സമൂഹത്തെ നിർമിച്ചെടുക്കുന്നുണ്ട്.
അന്വേഷകനായ ജിബ്‌രീലിന്റെ മുറിയുടെ വിവരണം ഇങ്ങനെയാണ്-
അവന്റെ രഹസ്യമുറിയിൽ അവനു മുന്നിൽ കാമറകളും ട്രൈപ്പോഡും സർവ്വസജ്ജമായ ലാപ്ടോപ്പും അവുടെ സ്ഥാനങ്ങളിൽ മൂകമായിക്കിടന്നു (140). സാങ്കേതികവിദ്യയുടെ ലോകത്തിനകത്താണ് അയാളുടെ ശരീരം തൂങ്ങിക്കിടക്കുന്നത്. അയാളുടെ ചിന്തകളും നിരീക്ഷണങ്ങളും രൂപംകൊള്ളുന്നതും പൂർണമാകുന്നതും ലാപ്പിലും കാമറകളിലുമാണ്. ഇവയെ സാധ്യമാക്കുന്നത് ലോകമാകെ ചുറ്റിക്കിടക്കുന്ന ഇന്റർനെറ്റിന്റെ വലയും. നിരന്തരം മദ്യപിച്ചുകൊണ്ട് ലാപ്പിലൂടെ കേസുമായി ബന്ധപ്പെട്ടവ കണ്ടും കേട്ടും വിശകലനംചെയ്തും അയാൾ ജീവിക്കുന്നു. അബുവെത്തിക്കുന്ന വീഡിയോകൾ, ഫോട്ടോകൾ, എഴുത്തുകൾ,ശബ്ദഫയലുകൾ, എന്നിവയെ അലി വിശകലനം ചെയ്യുന്നത് ഈ സോഫ്റ്റുവയറുകളിലാണ്.
മൂന്നു വീഡിയോകളാണ് അയാൾ പോൾവധശ്രമത്തിന്റെ ശരിയായ കാരണം കണ്ടെത്തിയവതരിപ്പിക്കാൻ ചെയ്യുന്നത്. ആദ്യത്തേത് പ്രാഥമികനിരീക്ഷണങ്ങളായിരുന്നുവെങ്കിൽ രമയും വിക്ടറും ആവശ്യപ്പെട്ട പ്രകാരം കേസന്വേഷണം എടുത്തശേഷം നടത്തുന്ന അല്പം വിശദമായ വീഡിയോയാണ് രണ്ടാമത്തേത്. അതോടെ പോലീസിന്റെ ആ കേസിലുള്ള താത്പര്യം കുറയുകയും രാഹുലിന് ജാമ്യംകിട്ടുകയും ചെയ്യുന്നു. അതിനുശേഷമാണ് വീശദമായ അന്വേഷണം നടത്തി മൂന്നാമത്തെ വീഡിയോ ഇൻവെസ്റ്റിഗേറ്റർ ചെയ്യുന്നത്. അതിലൂടെയാണ് വിശദമായ ഡാറ്റകളും തെളിവുകളും കാണിച്ച് പോളിനെ എങ്ങനെ വധിക്കാൻശ്രമിച്ചുവെന്നും അതിന്റെ കാരണവും വിശദമാക്കപ്പെടുന്നത്. മദ്യപാനിയായ ഒരന്വേഷകൻ തന്റെ യൂടൂബ് ചാനലിലൂടെ നടത്തുന്ന വിവരണത്തെ പോലീസ് അംഗീകരിക്കുകയും അതിനനുസരിച്ച് പ്രതികളെ പിടിക്കുകയും ചെയ്യുന്നു. കുറ്റാന്വേഷണം നടത്തേണ്ട ഔദ്യോഗിക സർക്കാർസ്ഥാപനം റദ്ദാകുകയും ഇന്റർനെറ്റ്, ഡിജിറ്റൽസാങ്കേതികവിദ്യയിലൂടെ ഒരന്വേഷകന് 'യാഥാർഥ്യം' ലോകത്തെ അറിയിക്കാനാകുമെന്ന് തെളിയിക്കപ്പെടുകയും ചെയ്യുന്നു. ഡിജിറ്റൽലോകത്തിനകത്ത് മൊണ്ടാഷായി പ്രത്യക്ഷപ്പെടുന്ന പുതിയ മനുഷ്യസ്വത്വങ്ങളുടെ അരാജകത്വത്തിലേക്കാണ് സന്ദിഗ്ധതകളുടെ കോമ വിരൽചൂണ്ടുന്നത്. ആധുനിക കേരളീയമനുഷ്യർ എന്ന സങ്കല്പം കോമയിലായിരിക്കുന്നുവെന്നും ഡാറ്റകളായി മനുഷ്യർ വിവർത്തനംചെയ്യപ്പെടുന്ന മാനവാനന്തരകാലം കേരളത്തിലേക്ക് വന്നുവെന്നും പുതിയകാലത്തെ നോവൽ വിളിച്ചുപറയുന്നുവെന്നർഥം.
പുസ്തക സൂചി
അപ്പൻ കെ പി 1997 മാറുന്ന മലയാളനോവൽ, ഇംപ്രിന്റ് ബുക്സ്, കൊല്ലം
അൻവർ അബ്ദുള്ള 2021 കോമ, ഡി സി ബുക്സ്, കോട്ടയം
രാജശേഖരൻ പി കെ 2006 ഏകാന്തനഗരങ്ങൾ, ഡി സി ബുക്സ്, കോട്ടയം.