മീശ: കൃഷ്ണനെ തല്ലിയ കുചേലപക്ഷത്താണ് വായനക്കാർ

മീശ: കൃഷ്ണനെ തല്ലിയ കുചേലപക്ഷത്താണ് വായനക്കാർ
Published on
Summary

ക്ഷേത്രപ്രവേശം നിക്ഷേധിക്കപ്പെട്ടിരുന്നവരാണവർ. വിശപ്പകറ്റാൻ ചോറിനു പകരം പച്ചക്കായ കാർന്നു തിന്നേണ്ടി വന്നവർ. ഉദയം തൊട്ട് അസ്തമയം വരെ ചേറിൽ മുങ്ങിയിരുന്നവർ പണിയിടത്തിനപ്പുറം വേറെ ലോകമുണ്ടെന്നോ ജീവിതമുണ്ടെന്നോ തിരിച്ചറിയാതിരുന്നവർ. മീശ വായിക്കുമ്പോൾ ഈ ജീവിതങ്ങളാണ് വായനക്കാരെ വന്ന് തൊടുന്നത്. ജന്മിത്തത്തിനും മതവാഴ്ചയ്ക്കുമെതിരെ നിരന്തരം ശബ്ദിച്ച വയലാറിൻ്റെ പേരിലുള്ള പുരസ്കാരം തീർച്ചയായും ലഭിക്കേണ്ട കൃതിയാണ് മീശ. സാഹിത്യ ഗവേഷകൻ സ്റ്റാലിൻ കുന്നത്ത് എഴുതുന്നു.

'കുചേലൻ കുഞ്ഞനന്തൻനായർ' എന്ന വയലാർ കവിതയിൽ കൃഷ്ണവേഷം കെട്ടിയ ശങ്കുണ്ണിമേനോനെ ഓലക്കുടയുടെ തണ്ട് വലിച്ചൂരി നാലഞ്ചു തല്ലു തല്ലിയ കുചേല വേഷം കെട്ടിയ കുഞ്ഞനന്തൻ നായർ എന്ന കഥാപാത്രമുണ്ട്. ആദ്യം കൃഷ്ണനെത്തല്ലിയ കുചേലനെതിരെ തിരിയുന്ന കാണികൾ ഇതുവരെ കുഞ്ഞനന്തൻ നായർക്ക് കുചേല വേഷം കെട്ടിയതിന് പ്രതിഫലമായി ശങ്കുണ്ണി മേനോൻ കാൽക്കാശ് കൊടുത്തിട്ടില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നതോടെ ന്യായത്തിൻ്റെ പക്ഷത്തേക്ക് മാറുന്നു.

" കള്ളൻ കടന്നുവോ കൃഷ്ണൻ?... ഇല്ലെങ്കിലാ-

ചെള്ളയ്ക്കു രണ്ടു കൊടുത്തേനെ ഞങ്ങളും..." എന്നായി സത്യം തിരിച്ചറിഞ്ഞവരുടെ അഭിപ്രായം.

മീശ എന്ന നോവലിനെ സംബന്ധിച്ച് ഉയർന്നു വരുന്ന അനാവശ്യ വിവാദങ്ങൾ നോവൽ വായിച്ചു തീരുന്നതോടെ അവസാനിക്കും എന്നുറപ്പാണ്.വിവാദങ്ങളുടെ ഉച്ചഭാഷിണിയില്ലാതെ തന്നെ വായനക്കാരിൽ ആഴത്തിൽ വേരുപിടിക്കേണ്ടിയിരുന്ന നോവലാണ് എസ് ഹരീഷിന്റെ മീശ. സാഹിത്യ സംബന്ധിയായ ഗൗരവ ചർച്ചകൾക്കും വിശകലനങ്ങൾക്കും വിധേയമാകേണ്ടിയിരുന്ന ഈ നോവൽ വീണ്ടും കാമ്പില്ലാത്ത വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുകയാണ്. പ്രമേയം കൊണ്ടും ആഖ്യാനത്തിലെ പുതുവഴികളാലും അനുവാചകരുടേയും വിമർശകരുടേയും ആശീർവാദവും വിമർശനവും ഏറ്റുവാങ്ങി മലയാളസാഹിത്യത്തിൽ ഗൗരവമായൊരു ചർച്ചയ്ക്കുള്ള എല്ലാ സാധ്യതകളുമുൾക്കൊള്ളുന്ന സൃഷ്ടിയാണ് മീശ. ദൗർഭാഗ്യവശാൽ ഹിന്ദുത്വരാഷ്ട്രീയം മെനെഞ്ഞെടുത്ത വിവാദത്തിന്റെ ചെറിയ കള്ളിയിൽ മീശയെ സംബന്ധിക്കുന്ന ചർച്ചകൾ ഒതുങ്ങിപ്പോയോ എന്ന് നമ്മൾ ആലോചിക്കണം. പൊതുസമ്മതമായ മൂല്യബോധത്തിനും സങ്കുചിതസദാചാരസങ്കല്പങ്ങൾക്കും വഴങ്ങാത്ത സംഭാഷണങ്ങളും സന്ദർഭങ്ങളും നോവലിൽ ധാരാളമുണ്ട്.

എസ് ഹരീഷ്
എസ് ഹരീഷ്

എന്നാൽ സംഘപരിവാറിന് താൽപര്യമുള്ളതും സമൂഹത്തിൽ എളുപ്പത്തിൽ അപകടകരമായ വിഭജനമുണ്ടാക്കാൻ കഴിയുന്നതെന്ന് അവർക്ക് ഉത്തമബോധ്യമുള്ളതുമായ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു സംഭാഷണശകലം മാത്രമാണ് വിവാദമാക്കപ്പെട്ടത്. വിവാദങ്ങളുടെ കാമ്പില്ലായ്മയെപ്പറ്റി ഹരീഷ് തന്നെ ഒരഭിമുഖത്തിൽ പറയുന്നുമുണ്ട്. ആവർത്തിച്ചുള്ള വായനകളിലൂടെ ഗൗരവമായ ചർച്ചകളിലൂടെ കനമില്ലാത്ത വിവാദങ്ങളുടെ ഇത്തിരി വട്ടത്തിൽ നിന്നും സാഹിത്യസൃഷ്ടിയെ മോചിപ്പിക്കുകയാണ് വായനക്കാരുടെ കടമ. ഇന്ത്യൻ ഭാഷകളിലെ മികച്ച സൃഷ്ടികളുടെ കൂട്ടത്തിൽ നിന്നാണ് 2020 ലെ ജെ സി ബി സാഹിത്യ പുരസ്കാരം മീശയ്ക്ക് ലഭിച്ചത്. 2019 ലെ കേരളസാഹിത്യ അക്കാദമി പുരസ്കാരവും കൃതിയെ തേടിയെത്തിയതോടെ മലയാളസാഹിത്യചരിത്രത്തിലെ കാമ്പുള്ള ഒരേടായി മാറുകയാണ് മീശ. നാൽപ്പത്തിയാറാമത് വയലാർ പുരസ്കാരത്തിന് മീശ തിരഞ്ഞെടുക്കപ്പെട്ടതോടെ സംഘപരിവാർ ശക്തികൾ വിഷലിപ്തപ്രചാരണങ്ങളുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. വയലാർ അവാർഡിന് മീശ എന്ന നോവലിനും എസ് ഹരീഷിനും നൽകുന്നതിനെതിരെ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല നടത്തിയ പ്രസ്താവന കേരളത്തിൻ്റെ മതേതര മനസാക്ഷിയെ പരിക്കേൽപ്പിക്കാനുള്ള ശ്രമമാണ്. മീശയുടെ പുരസ്കാരലബ്ദി "പാൽപ്പായസം സെപ്റ്റിക് ടാങ്കിൽ വിളമ്പുന്നതിന് തുല്യം" എന്ന ശശികലയുടെ പ്രസ്താവന എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിനുനേരെയുള്ള മാലിന്യമെറിയൽ കൂടിയാണ്.

മീശയ്ക്ക് പുരസ്കാരം നൽകിയതോടെ വയലാർ അവാർഡിൻ്റെ 'പരിശുദ്ധി ' നഷ്ട്ടപ്പെട്ടു എന്ന സംഘപരിവാർ വിലാപം അങ്ങേയറ്റം പരിഹാസ്യമാണ്. കവിതകളിലൂടെയും അനശ്വരമായ ചലച്ചിത്ര ഗാനങ്ങളിലൂടെയും അനുവാചക ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട വയലാർ എല്ലാകാലത്തും ഉയർത്തിപ്പിടിച്ച മനുഷ്യപക്ഷ നിലപാടുകൾ കണ്ടില്ലെന്നു നടിക്കുന്നവർ എത്ര കണ്ണടച്ചാലും വയലാർ കൊളുത്തിയ ദീപം അണയുകയില്ല. സ്ഥാപനവൽക്കരിക്കപ്പെട്ട മതാധികാരത്തോട് നിരന്തരം കലഹിച്ചിരുന്ന വയലാറിനെ ചരിത്രം മറക്കുകയില്ല. കൊന്തയും പൂണുലും എന്ന കവിതയിൽ

"വരികയാണിന്നുമാ പ്രേതങ്ങൾ, റദ്ദായ

പുരുഷസൂക്തങ്ങളും പാടിപ്പാടി!

വരികയാണിന്നുമാ പ്രേതങ്ങൾ: നാടിനെ

വരിയുവാൻ കൊന്തകളാൽ പൂണൂനൂലാൽ!

ഒരു പൂണുലിനും കൊന്തയ്ക്കും പിന്നിലെ

മരണായുധപ്പുര ഞങ്ങൾ കണ്ടു!"

വയലാർ എഴുതുന്നതിങ്ങനെയാണ്. മനുഷ്യരുടെ അദ്ധ്വാനശക്തിയിലും ശാസ്ത്രത്തിലും വിശ്വസിക്കുന്ന കവി മനുഷ്യനെ ആയിരം വർഷം പുറകിലേക്കു നടത്തുന്നവരെ പറ്റിയാണിതെഴുതിയത്. സന്യാസി എന്ന മറ്റൊരു കവിതയിലെ വരികൾ

" ഭയപ്പെടുന്നു ഞാനീക്കാവി-

പ്പുതപ്പുകാരെക്കാണുമ്പോൾ!

ചരിത്രയാഥാർത്ഥ്യങ്ങളെയിട്ടവർ

ചതച്ചു ഞെക്കിക്കൊല്ലുന്നു!

പാണ്ഡവർക്കുവേണ്ടി യുദ്ധം ചെയ്യാനിറങ്ങിയ ഗീതാകർത്താവിൻ്റെ പേരിൽ കാവിയുടുത്തലറുന്ന പരാന്നഭോജികൾ പട്ടിണിക്കാരായ ലക്ഷക്കണക്കിന് മനുഷ്യരെ കാണുന്നില്ലെന്നാണ് സന്യാസി എന്ന കവിതയിൽ വയലാർ പറയുന്നത്. മതത്തിൻ്റെ അധികാരരൂപത്തോടും മതരാഷ്ട്രവാദത്തോടും നിരന്തരം കലഹിച്ച വയലാറിനെയാണ് നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. മീശയിലെ ഏതാനും വാചകങ്ങൾ മാത്രം അടർത്തിയെടുത്ത് കോലാഹലം സൃഷ്ടിക്കാനിറങ്ങിയ ഹിന്ദുത്വ ശക്തികൾ വയലാർ ആരാണെന്ന് മറന്നതല്ല ഇപ്പോൾ മീശ മാത്രമാണവരുടെ വിഷയം എന്നതാണ് കാര്യം. എസ്. ഹരീഷിൻ്റെ ആഗസ്റ്റ് 17 എന്ന പുതിയ നോവലിൽ ഹിന്ദുത്വ ശക്തികൾക്കെതിരായുള്ള പരിഹാസവും വിമർശനവും ആവോളമുണ്ട് സംഘപരിവാരത്തെ ആക്രമിച്ചു എന്ന് വിലപിച്ചാൽ പുറകിൽ ആളുകൂടില്ല എന്നവർക്ക് നന്നായറിയാം മീശ എന്ന നോവൽ കാണാൻ സാഹിത്യം കാണാൻ അവർക്ക് കഴിയുന്നില്ല ആളെക്കൂട്ടാൻ കഴിയും എന്നവർക്ക് തോന്നിയ ഏതാനും വരികൾ മാത്രമാണ് ഒരു നോവലിൻ്റെ കാമ്പ് എന്നവർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. മലയാളസാഹിത്യത്തിലെ കനപ്പെട്ട സൃഷ്ടിയായാണ് മീശ വായിക്കേണ്ടത്.

വാവച്ചനെ മനുഷ്യനാക്കിയ മീശ

സാധാരണമനുഷ്യർക്ക് മീശ വളർത്താൻ സാമൂഹികമായ വിലക്കുണ്ടായിരുന്ന കാലത്ത് പുലയക്രിസ്ത്യാനിയായ പവിയാന്റെ മകൻ വാവച്ചന് തികച്ചും അപ്രതീക്ഷിതമായി നാടകത്തിലഭിനയിക്കേണ്ടി വന്നു. നാടകത്തിലെ ആനക്കൊമ്പൻ എന്ന പേരായ പോലീസ് കഥാപാത്രത്തിനു വേണ്ടി വളർത്തിയ മീശ വാവച്ചന്റെ ജീവിതം മാറ്റിമറിക്കുന്നതാണ് നോവലിന്റെ ചുരുക്കം. നാടകം അരങ്ങൊഴിഞ്ഞിട്ടും നാടകത്തിലെ കൊമ്പൻ മീശക്കാരനായ കഥാപാത്രം വാവച്ചനെ വിട്ടിറങ്ങിയില്ല. കാണുന്ന മനുഷ്യരെല്ലാം അകറ്റി നിർത്തുകയും ആട്ടിപ്പായിക്കുകയും ചെയ്തിരുന്ന ചേറുപുരണ്ട അനേകം പേരിൽ ഒരാൾ മാത്രമായ വാവച്ചൻ മീശ വളർത്തിയ പോലീസുകാരനായി സ്റ്റേജിൽ എത്തുന്നതോടെ കാണികൾ ചിതറിയോടുന്നു, പ്രമാണികൾ പോലും പേടിച്ച് മൂത്രമൊഴിക്കുന്നു. നാടകത്തിന് തിരശീല വീണിട്ടും മീശ കണ്ട് ജനങ്ങൾ ഭയന്നു വിറയ്ക്കുമ്പോൾ താനൊരു അസാധാരണ മനുഷ്യനായതായി വാവച്ചൻ തിരിച്ചറിയുന്നു. മീശ കളയാൻ കൂട്ടാക്കാത്ത വാവച്ചനെ ഇല്ലാതാക്കാൻ വരുന്ന അക്രമാസക്തമായ ആൾക്കൂട്ടത്തിൽ നിന്നും പ്രാണരക്ഷാർത്ഥം രക്ഷപ്പെടുന്ന വാവച്ചന്റെ ജീവിതയാത്രയാണ് തുടർന്നുള്ള നോവൽ. ഫാന്റസിയുടെ ലോകത്തിലൂടെ മാജിക്കൽ റിയലിസത്തിന്റെ സമ്പന്നമായ ആഖ്യാനതന്ത്രങ്ങളിലൂടെയാണ് നോവൽ വളരുന്നത്. മിത്തിന്റെയും ഫോക് ലോറിന്റെയും സാധ്യതകൾ മീശയെന്ന നോവലിലും കഥാപാത്രസൃഷ്ടിയിലും നോവലിസ്റ്റ് സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ട്.

നോവലിസ്റ്റിന്റെ ഭാവനാസമ്പന്നമായ കഥ കേൾക്കാൻ കാതു കൂർപ്പിച്ചിരിക്കുന്ന കുട്ടി എല്ലാ വായനക്കാരുടേയും പ്രതിനിധിയാണ്. കുട്ടിയോടു പറയുന്ന ചില കാര്യങ്ങൾ മുഴുവൻ വായനക്കാരോടുമായാണ് ഹരീഷ് പറയുന്നത്.

കഥയിലെ ഭ്രാന്ത്

“നിങ്ങൾ പഞ്ചതന്ത്രം വായിക്കുമ്പോഴും പൊറ്റക്കാടിന്റെ നോവൽ വായിക്കുമ്പോഴും നിങ്ങളെ നയിക്കുന്നത് ഒരേ കൗതുകമാണ്. കഥയറിയാൻ മാത്രമുള്ള കൗതുകം. അതിനപ്പുറം വായനയിൽ നിന്ന് നമുക്ക് കിട്ടുന്നുണ്ട് എന്ന് നമ്മൾ ധരിക്കുന്ന രാഷ്ട്രീയം, തത്വചിന്ത, ആത്മീയത, ജീവിതാവബോധം മണ്ണാങ്കട്ടയൊക്കെ വെറുതെയാണ്”

(മീശ)

എഴുത്തുകാരൻ തന്റെ മകൻ പൊന്നുവിനോട് പറയുന്ന മീശയുടെ കഥയായാണ് നോവൽ അവതരിപ്പിച്ചിട്ടുള്ളത്. എന്നാലത് മീശയുടെ മാത്രം കഥയുമല്ല. മീശ എന്ന വാവച്ചന്റെ സഞ്ചാരവും മീശയെ തേടിയുള്ള മറ്റു മനുഷ്യരുടെ സഞ്ചാരവുമാണീ നോവൽ. ഒന്നിലധികം കഥകൾ ഇതിൽ വിളക്കിച്ചേർത്തിരിക്കുന്നു. ഒരോ അദ്ധ്യായങ്ങളും ഒരോ കഥാപാത്രങ്ങളുടെ കഥകളാണ്. ഒറ്റനോട്ടത്തിൽ വേറിട്ടു നിൽക്കുന്ന കഥകൾ മീശ എന്ന കേന്ദ്രകഥാപാത്രവുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഘടനയാണ് നോവലിനുള്ളത്. ഈ ഘടന വായനക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. കഥാപാത്രങ്ങൾ തമ്മിൽ പ്രത്യക്ഷബന്ധമില്ലാത്തതും സങ്കീർണ്ണമായ ആഖ്യാനവും അനുവാചകരെ കുഴക്കുന്നുണ്ട്. താൻ സ്വീകരിച്ചിരിക്കുന്ന കഥപറച്ചിൽരീതി ബോധപൂർവം തന്നെ തിരഞ്ഞെടുത്തതാണെന്ന് കഥയിലെ ഭ്രാന്ത് എന്ന രണ്ടാം അദ്ധ്യായത്തിൽ ഹരീഷ് വ്യക്തമാക്കുന്നുണ്ട്. നോവലിസ്റ്റിന്റെ ഭാവനാസമ്പന്നമായ കഥ കേൾക്കാൻ കാതു കൂർപ്പിച്ചിരിക്കുന്ന കുട്ടി എല്ലാ വായനക്കാരുടേയും പ്രതിനിധിയാണ്. കുട്ടിയോടു പറയുന്ന ചില കാര്യങ്ങൾ മുഴുവൻ വായനക്കാരോടുമായാണ് ഹരീഷ് പറയുന്നത്. താൻ പുതിയൊരു ആഖ്യാനരീതി പരിചയപ്പെടുത്തുന്നു എന്ന സൂചന നോവലിൽ പല സ്ഥലത്തുമുണ്ട്.

നാമിതു വരെ പിന്തുടർന്നിട്ടുള്ള യുക്തികൊണ്ട് ഈ നോവലിനെ സമീപിക്കരുതെന്ന് ഹരീഷ് ഒന്നിലധികം തവണ മുന്നറിയിപ്പ് തരുന്നുണ്ട്.

പല അദ്ധ്യായങ്ങളുടേയും തുടക്കത്തിലും അവസാനഭാഗത്തും കഥയെ സംബന്ധിക്കുന്ന ചോദ്യങ്ങളുമായി പൊന്നുവും ഉത്തരങ്ങളുമായി ഹരീഷും പ്രത്യക്ഷപ്പെടുന്നുണ്ട്. പല കഥകളെ കൂട്ടിയിണക്കുന്ന കണ്ണിയായും വായനക്കാരുടെ സംശയം തീർക്കുന്ന ചെറുകുറിപ്പുകളായും പൊന്നുവിനോടുള്ള സംഭാഷണങ്ങൾ വായനക്കാർക്കുള്ള വിശദീകരണക്കുറിപ്പുകളായി മാറുകയാണ്. താൻ തുറന്നിടുന്ന പുതിയ പാതയിൽ വായനക്കാർ വഴിതെറ്റാതിരിക്കാനുള്ള ദിശാസൂചികകളാണ് പല അദ്ധ്യായങ്ങളിലുമുള്ള പൊന്നു എന്ന കുട്ടിയുടെ ചോദ്യങ്ങളും അതിനുള്ള ഉത്തരവും. നാമിതു വരെ പിന്തുടർന്നിട്ടുള്ള യുക്തികൊണ്ട് ഈ നോവലിനെ സമീപിക്കരുതെന്ന് ഹരീഷ് ഒന്നിലധികം തവണ മുന്നറിയിപ്പ് തരുന്നുണ്ട്.

ഇംഗ്ലീഷ് പരിഭാഷ
ഇംഗ്ലീഷ് പരിഭാഷ
ഹരീഷ് പരിചയപ്പെടുത്തുന്ന പുതിയ രീതിയെ സ്വീകരിക്കുക തന്നെ വേണം എന്നതിൽ തർക്കമില്ല.സാഹിത്യ ലോകം ഹരീഷിനെ സ്വീകരിച്ചതിനു തെളിവാണ് അദ്ദേഹത്തെ തേടിവന്ന പുരസ്കാരങ്ങൾ.

“പൂർണ്ണമായും യുക്തിപൂർവ്വം ജീവിക്കുന്നവൻ എങ്ങനെയാണ് ഒരു കഥയും കവിതയും വായിക്കുക? ഒരു പെണ്ണിനു പുറകേ പ്രേമവും യാചിച്ച് ജീവിതകാലം മുഴുവൻ അലഞ്ഞു തിരിയാൻ അവനു കഴിയുമോ? ഈച്ചയും പൂച്ചയും കഞ്ഞി വെച്ച കഥ വായിച്ചാൽ ഈച്ചയ്ക്കും പൂച്ചയ്ക്കും തങ്ങളുടെ കൈകൾ കൊണ്ട് അരി കഴുകാൻ കഴിയില്ലെന്നും തീയുടെ ഉപഭോഗം അറിയില്ലെന്നും അവർ വാദിക്കില്ലേ ?”

(മീശ, പേജ് 77)

പുതിയ ആഖ്യാനം രൂപപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് പുതിയൊരു ഭാഷയും ഭാവുകത്വവുമായി നമുക്കിടയിലേക്ക് ധൈര്യമായി വരുന്ന ഒരെഴുത്തുകാരനെ നമ്മൾ തുറന്ന മനസ്സോടെ മുൻവിധികളില്ലാതെ സ്വീകരിക്കണം. നിലവിലുള്ള രൂപവും ഭാവവും കൊണ്ട് നമ്മുടെ മനസ്സിലുറച്ച ശീലങ്ങൾ കൊണ്ടും ഈ നോവലിനെ നമ്മൾ സമീപിക്കരുത് . പുതിയ ഭാവനയും ശൈലിയുമാണ് എല്ലാ കാലത്തും സാഹിത്യത്തിനെ നവീകരിക്കുന്നത്. മീശ നമ്മുടെ നോവൽസാഹിത്യത്തെ പുതുക്കാൻ ശ്രമിക്കുന്നുണ്ട്. സാഹിത്യത്തിൽ യുക്തിക്ക് സ്ഥാനമില്ലെന്ന് ഹരീഷ് ആവർത്തിച്ച് പറയുന്നത് അതേപടി ഉൾക്കൊള്ളാൻ പ്രയാസമാണ്. തുടർച്ച ഏതൊരു സാഹിത്യ രൂപത്തിലും ഒഴിവാക്കാനാവാത്ത ഒന്നാണ്. ഒരു സംഭവത്തിന്റെ, ഒരു സംഭാഷണത്തിന്റെ തുടർച്ച എന്നത് ഏത് സാഹിത്യരൂപത്തിലും പാലിക്കപ്പെടേണ്ട ഒരു യുക്തിയാണ്. ആ യുക്തി പാലിക്കാതെ ഒരു സാഹിത്യരൂപത്തിനും ആകർഷകമായി നില നിൽക്കാനാവില്ല എന്ന് ഹരീഷ് തന്നെ ആദ്യഭാഗത്ത് പറയുന്നുമുണ്ട്. മനുഷ്യജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ അസംഭവ്യം എന്നു തോന്നുന്ന കാര്യങ്ങൾ സാഹിത്യത്തിൽ സംഭവ്യവും സ്വീകാര്യവുമാണ് എന്നിരിക്കേ തന്നെ സാഹിത്യം പാലിക്കേണ്ട ചില യുക്തികളുണ്ട് . സംഭവങ്ങളുടെ തുടർച്ചയും ക്രമാനുഗതവളർച്ചയുമാണതിലൊന്ന്. ഹരീഷ് പരിചയപ്പെടുത്തുന്ന പുതിയ രീതിയെ സ്വീകരിക്കുക തന്നെ വേണം എന്നതിൽ തർക്കമില്ല.സാഹിത്യ ലോകം ഹരീഷിനെ സ്വീകരിച്ചതിനു തെളിവാണ് അദ്ദേഹത്തെ തേടിവന്ന പുരസ്കാരങ്ങൾ.

രാഷ്ട്രീയശരികൾ മാത്രം പറയാത്തതിനും യുക്തിരഹിതമായി പെരുമാറുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചതിലും വായനക്കാരോട് ക്ഷമ പറഞ്ഞു കൊണ്ട് നോവൽ തുടങ്ങുന്ന ഹരീഷിനേയും അദ്ദേഹത്തിന്റെ നോവലിനേയും ഉയർന്ന ജനാധിപത്യബോധത്തോടെയും സഹിഷ്ണുതയോടെയും നമുക്ക് സ്വീകരിക്കാം.

ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് പോലെ ഈ നോവലിൽ മൂക്കിനു പകരം വളരുന്നത് മീശയാണ് . ഒരദ്ധ്യായത്തിന്റെ പേര് തന്നെ വിശ്വവിഖ്യാതമായ മീശ എന്നാണ്. ഈ നോവൽ കോപ്പിയടിച്ചതാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ ഞാൻ രണ്ടു കൈയ്യുമുയർത്തി കീഴടങ്ങുമെന്ന് ഹരീഷ് ആമുഖത്തിൽ പറയുന്നത് ബഷീറിനേയും വിഖ്യാതമായ മൂക്കിനേയും പറ്റി ഓർത്തുകൊണ്ടാകണം. ജീവിതവും കഥയും അസംബന്ധങ്ങൾ പറയാനുള്ളതു കൂടിയാണ് എന്ന നിലപാടാണ് ഈ നോവലിന് ഹരീഷ് നൽകുന്ന ആമുഖ വാചകം എന്ന കാര്യം വായനയിലേക്ക് കടക്കുമ്പോൾ നാം ഓർത്തുവെക്കണം. സ്ത്രീവിരുദ്ധമായും മനുഷ്യ വിരുദ്ധമായും പെരുമാറുന്ന കഥാപാത്രങ്ങൾ അങ്ങനെയായത് അങ്ങനെയുള്ള മനുഷ്യരുണ്ടായതു കൊണ്ടാണ്. ഈ നോവലിൽ പറയുന്നതിനപ്പുറം തെറ്റായ കാര്യങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ മനുഷ്യർ. നോവലിലെ തെറ്റായ സംഭാഷണങ്ങൾ -തീർത്തും ജനാധിപത്യ വിരുദ്ധമായവ-കണ്ട് രോഷം കൊള്ളുന്നവർ ജീവിതത്തിൽ അതാവർത്തിക്കാതിരിക്കുകയാണ് വേണ്ടത്. നോവലിനു നേരെ കല്ലെറിയുന്നവരോട് നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയൂ എന്നാണ് ഹരീഷ് പറയുന്നത്. രാഷ്ട്രീയശരികൾ മാത്രം പറയാത്തതിനും യുക്തിരഹിതമായി പെരുമാറുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചതിലും വായനക്കാരോട് ക്ഷമ പറഞ്ഞു കൊണ്ട് നോവൽ തുടങ്ങുന്ന ഹരീഷിനേയും അദ്ദേഹത്തിന്റെ നോവലിനേയും ഉയർന്ന ജനാധിപത്യബോധത്തോടെയും സഹിഷ്ണുതയോടെയും നമുക്ക് സ്വീകരിക്കാം. സ്വതന്ത്രരാജ്യമായ നോവലുകളിൽ എഴുതിക്കഴിഞ്ഞാൽ എഴുത്തുകാരനു പോലും സ്ഥാനമില്ല എന്ന അഭിപ്രായം നമുക്ക് അംഗീകരിക്കാം. സങ്കീർണ്ണമായ ഈ വ്യവസ്ഥാപിതലോകത്ത് ഭാവനയിലെങ്കിലും സ്വതന്ത്രരാജ്യങ്ങളുയരട്ടെ. നമുക്കവയോട്,കഥയിലെ ഈ ഭ്രാന്തിനോട്- യോജിക്കുകയും വിയോജിക്കുകയും ചെയ്യാം. ഇതിന് നിലനിൽക്കാൻ അവകാശമില്ലെന്ന് പ്രഖ്യാപിക്കാൻ നമുക്കധികാരമില്ല എന്തുകൊണ്ടെന്നാൽ പവിയാനെപ്പോലെ, ചെല്ലയെപ്പോലെ, മീശയെപ്പോലെ നിസാരരായ മനുഷ്യരാണ് നമ്മളും.

മാജിക്കൽറിയലിസവും ഫാന്റസിയും.

“ഒത്ത നടുവെത്തിയപ്പോൾ തെങ്ങിൻ തടി ഒടിയാനായി ഒന്നു ഞരങ്ങി... പവിയാൻ നെല്ല് പോകുമെന്നോർത്ത് അയ്യോ കൊട്ടി. ഒച്ച കേട്ടപ്പോൾ പണ്ട് താഴെത്തെക്കുഴിയുടെ കെട്ടിൽ താമസിച്ചിരുന്ന കങ്കാളിയുടെ മകൻ പവിയാനാണല്ലോ ഇതെന്ന് തെങ്ങ് ഓർത്തെടുത്തു. അത് നടുവ് നിവർത്തി ശ്വാസം ആഞ്ഞുവലിച്ച് ഒടിയാതെ നിന്നു”

(മീശ, പേജ്,111)

ഒരു തേങ്ങയ്ക്ക് ഓർമ്മയുണ്ടോ ഉണ്ടെങ്കിൽത്തന്നെ ആ ഓർമ്മ വർഷങ്ങൾക്കിപ്പുറം അതിൽ നിന്നും വളർന്ന തടിയിൽ നിലനിൽക്കുമോ? ഇഷ്ടമുള്ളപ്പോൾ ഒടിയാനും ഒടിയാതിരിക്കാനും തെങ്ങിൻ തടിയ്ക്കു കഴിയുമോ? തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും ഇടമില്ലാത്ത ഭാവനയുടെ മനോഹരമായ പ്രയോഗമാണ് മീശയിലുള്ളത്. മാജിക്കൽ റിയലിസത്തിന്റെ ധാരാളിത്തമുള്ള നോവലാണ് മീശ എന്ന് പറയാം. ഫാന്റസിയും മാജിക്കൽ റിയലിസവും ഇടകലർന്ന രൂപമാണ് മീശ എന്ന നോവലിനുള്ളത്. നമുക്ക് പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ പ്രപഞ്ചത്തിൽ ഒരിടത്തും യഥാർത്ഥത്തിൽ ഇല്ലാത്ത സ്ഥലവും സംഭവങ്ങളും ആവിഷ്കരിക്കുന്ന ഭാവനയാണ് ഫാന്റസിയുടെ കാതൽ. എന്നാൽ മാജിക്കൽ റിയലിസമാകട്ടെ യാഥാർത്ഥ്യവും ഭാവനയും ഒത്തുചേരുന്ന മനോഹരമായ അനുഭവം വായനക്കാർക്ക് നൽകുന്നു. നമുക്ക് പരിചിതമായ സംഭവ്യമായ കാര്യങ്ങളിൽ ഫാന്റസിയുടെ അസാധ്യഭാവന ചേരുമ്പോൾ മാജിക്കൽ റിയലിസം വായനക്കാരിൽ അനുഭൂതികൾ സൃഷ്ടിക്കുന്നു. മീനുകളുടെ നേതാവായ പാപ്പുവരാൽ,വയറ്റിൽ പത്ത് മുട്ടകളും പേറി നടക്കുന്ന അവസാനത്തെ മുതല, ചോവനെക്കൊന്ന ചെമ്പല്ലി, ഇങ്ങനെ മനുഷ്യനും മൃഗങ്ങളും തെങ്ങും പുഴയും ചേർന്ന് ഒരുമിച്ച് ജീവിക്കുന്ന ലോകം ഭാവനയിൽ തീർത്തിരിക്കുകയാണ് ഹരീഷ്.

മനുഷ്യരും മറ്റു ജീവജാലങ്ങളും തമ്മിൽ ബോധപൂർവമായോ അല്ലാതെയോ പരസ്പരം സഹകരിച്ചു ജീവിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. മനുഷ്യരുടെ ഭാഷയിൽ ഈ ജീവജാലങ്ങളും മനുഷ്യരും പരസ്പരം സംസാരിക്കുന്നു എന്നത് മനുഷ്യരുടെ പ്രിയപ്പെട്ടൊരു ഭാവനയാണ്. ഇങ്ങനെ മനുഷ്യർ ആഗ്രഹിക്കുന്ന പലതും മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട് മീശയിൽ. കുട്ടികൾക്ക് കളിക്കാനായി ഇനാംപേച്ചിയെ കുട്ടയിലെടുത്തിട്ട് മുന്നോട്ട് നടക്കുന്ന പവിയാനോട് ഈനാംപേച്ചി പറയുന്നത് “പവിയാ പയ്യെപ്പോ, പവിയാ പയ്യെപ്പോ” എന്നാണ് താൻ പെറുക്കിക്കൂട്ടുന്ന മാമ്പഴങ്ങൾ എന്നും എടുക്കുന്ന പവിയാനെ അതിന്നറിയാമെന്നും എന്നാലതിന് പവിയാനോട് വിരോധമൊന്നുമില്ലെന്നും പവിയാന് മനസ്സിലായി. ഇങ്ങനെ നമ്മുടെ സാമ്പ്രദായിക വായന ശീലങ്ങൾക്കപ്പുറത്തേക്ക് പോകുന്ന ആവിഷ്കാരമാണ് മീശയുടേത്. പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടും മുൻപേ ഏറെ വിവാദമായ മീശ സങ്കുചിത താൽപര്യമുള്ള ചിലർ സൃഷ്ടിച്ച പൊള്ളയായ വിവാദത്തിന്റെ വഴിയിലല്ല നോവൽ സഞ്ചരിക്കുന്നത് എന്ന് ആദ്യ വായനയിൽ തന്നെ ഏതൊരാൾക്കും മനസിലാകും. ആരാധകർ മധുരമിഠായി പോലെ ഈ നോവൽ ആഘോഷിക്കാത്തതിന്റെ മറ്റൊരു കാരണം ഹരീഷ് സ്വീകരിച്ചിരിക്കുന്ന രചനാതന്ത്രങ്ങളാണ്. മാജിക്കൽ റിയലിസത്തിന്റെ സങ്കീർണ്ണമായൊരു ലോകമാണ് മീശയിലുള്ളത്. ആടുജീവിതം വായിക്കുന്നതുപോലെ എളുപ്പമല്ല മീശ വായന. ആവർത്തിച്ചുള്ള വായനകളിലൂടെ മാത്രമേ മീശയെന്ന നോവലിന്റെ കാമ്പ് തൊടാൻ നമുക്കാവുകയുള്ളൂ. ആഘോഷിക്കപ്പെടുന്നത് മാത്രം പ്രിയപ്പെട്ടതും ഗുണമുള്ളതുമായി വിലയിരുത്തപ്പെടുന്ന നമ്മുടെ കാലത്ത് പലകാരണങ്ങളാൽ മീശ എന്ന നോവൽ ‘ആഘോഷിക്കപ്പെട്ടില്ല’. എത്ര നിശബ്ദമായാണ് മീശയ്ക്ക് ജെ സി ബി പുരസ്കാരം ലഭിച്ച വാർത്ത കടന്നു പോയത്. ഫാന്റസിയും മാജിക്കൽ റിയലിസവും ഇടകലർന്ന നിരവധി ഭാഗങ്ങൾ മീശയിലുണ്ട്. തന്നെ പിന്തുടരുന്നവരിൽ നിന്നും രക്ഷപ്പെട്ടോടുന്ന മീശ ഒരു കൂണിനു കീഴിൽ ഒളിക്കുന്നത് മനോഹരമായൊരു ഭാഗമാണ്.

“മീശ കൂണിനേക്കാൾ ചെറുതായി അതിനുകീഴെ കഷ്ടിച്ച് ഒതുങ്ങി കൂൺ ഒന്നു കൂടി വിടർന്നു... അങ്ങനെയൊരു കൂടപ്പിറപ്പിനെപ്പറ്റി വാവച്ചൻ കേട്ടിട്ടേയില്ല. പക്ഷേ അവളൊരു കൂണായി വിരിഞ്ഞ് അവന്റെ തലയ്ക്കുമുകളിൽ നിന്നു. മഴ മുഴുവൻ അവളേറ്റുവാങ്ങി”

(മീശ, പേജ് 136)

ഇതേ മാതൃകയിലാണ് മാജിക്കൽ റിയലിസം നോവലിൽ പ്രയോഗിച്ചിട്ടുള്ളത്. തന്നെ വേട്ടയാടാൻ വരുന്നവരിൽ നിന്നും രക്ഷപ്പെട്ടോടുന്ന മീശ യാഥാർത്ഥ്യമാണ്. പക്ഷേ കൂണിനു കീഴിൽ ഒതുങ്ങുന്ന മീശ മാജിക്കൽ റിയലിസത്തിലെ ഭ്രമകല്പനയാണ്.

“അതിലേ പവിയാൻ പുലയൻ ഒരു മുതലപ്പുറത്തിരുന്ന് വേഗത്തിൽ പോകുന്നു. ഒഴുക്കിൽ പെട്ട പോലെ നീന്തുന്ന അതിന്റെ പുറത്ത് അയാൾ അള്ളിപ്പിടിച്ചിരിക്കുന്നു”

(മീശ, പേജ്,117)

തുടലിമുള്ളുകൾക്കിടയിൽ നിന്നും രക്ഷിച്ച ഒരു മുതലയുടെ പുറത്തു കയറി അതിവേഗത്തിൽ പോകുന്ന പവിയാൻ എന്ന മനുഷ്യൻ മുതലപ്പുറത്തു പോകുന്ന കാഴ്ച പാതിരാത്രിയിൽ നടുക്കായലിൽ ഒറ്റപ്പെടുന്ന വള്ളക്കാരുടെ അനുഭവമാണ്. ഇങ്ങനെയുള്ള നിരവധി ഉദാഹരണങ്ങൾ ഈ നോവലിൽ നിന്നും കണ്ടെത്താനാകും. ഈ നോവലിന്റെ ഭാഷ മുഴുവനും ഫാന്റസിയുടേയും മാജിക്കൽ റിയലിസത്തിന്റെയും ഭാഷയാണ്. ഹരീഷ് സധൈര്യം മുന്നോട്ടു വെക്കുന്ന പുതിയ രൂപവും ഭാവവും തിരിച്ചറിയാനും വിമർശനബുദ്ധിയോടെ സ്വീകരിക്കാനും വായനക്കാർ തയ്യാറായാൽ മീശ നല്ലൊരു വായനാനുഭവമായിരിക്കും.

മീശയില്ലാത്ത മനുഷ്യരുടെ വീരഗാഥ

“രാവിലെ ഒന്നും തിന്നാൻ കിട്ടാറില്ലാത്തതുകൊണ്ട് അവൻ വിശപ്പിനെക്കുറിച്ച് ഇത്രനേരം ആലോചിച്ചിരുന്നില്ല. എങ്കിലും ആ ചെറിയ വാഴക്കുലയുണ്ടായിരുന്നെങ്കിൽ പച്ചയ്ക്ക് കാർന്നുതിന്നാമായിരുന്നെന്ന് തോന്നി”

(മീശ, പേജ് 19)

മേൽച്ചുണ്ടിൽ കിളിർക്കുന്ന രോമം ചിലർക്കുമാത്രം വളർത്താൻ കഴിയുകയും മറ്റു ചിലർക്ക് അത് വളർത്താൻ കഴിയാതിരിക്കുകയും ചെയ്യുന്ന സാമൂഹിക സാഹചര്യമാണ് മീശ എന്ന നോവൽ കാവ്യാത്മകമായി ചർച്ച ചെയ്യുന്നത്. മീശ വളർത്താൻ പോലും അവകാശമില്ലാത്ത മനുഷ്യരുടെ കൂടെയാണ് ഈ നോവൽ . മീശ വളർത്തിയ വാവച്ചൻ ഏറ്റവും വലിയ പ്രതിനായകനായിമാറി വേട്ടയാടപ്പെടുകയാണ്. വാവച്ചനടക്കമുള്ള പ്രതാപികളല്ലാത്ത മനുഷ്യരുടെ ജീവിതമാണ് ഈ നോവലിന്റെ കേന്ദ്രപ്രമേയം. ചെല്ലയും പവിയാനും അങ്ങനെ പേരറിയാത്ത അനേകം മനുഷ്യർ കായലിൽ നിന്നും ചെളികുത്തി നൂറ്റാണ്ടുകളിലെ വിശ്രമരഹിതമായ അദ്ധ്വാനം കൊണ്ട് ഉയർത്തിയെടുത്ത കൃഷിനിലങ്ങൾ. പാടവരമ്പത്ത് ചെളിയും തെങ്ങിൻ തടിയും കൊണ്ട് കെട്ടിയുണ്ടാക്കിയ ചെറിയ കൂരകൾ ഇന്നത്തെ കോട്ടയം ആലപ്പുഴ ജില്ലകളിലായി പരന്നു കിടക്കുന്ന വിശാലമായ കൃഷിനിലമാണ് ഈ നോവലിലെ സംഭവങ്ങൾ നടക്കുന്ന സ്ഥലം. സൂര്യനുദിക്കുന്നതു മുതൽ അസ്തമനം വരെ പാടത്തെ പണിയും തീറ്റ തേടിയുള്ള അലച്ചിലുമാണ് പാടത്തെ മനുഷ്യരുടെ ജീവിതം പാടത്തിനു പുറത്ത് അവർക്കൊരു ജീവിതമില്ല വഴിതെറ്റിക്കുന്നവർ എന്ന ഒന്നാം അധ്യായത്തിൽ തങ്ങളുടെ ജീവിതത്തിൽ നിന്നടർത്തിമാറ്റാൻ കഴിയാത്ത വിശാലമായ പാടത്ത് പവിയാനും വാവച്ചനും വഴിതെറ്റുന്നുണ്ട്.

മീശയെത്തിരഞ്ഞിറങ്ങുന്ന ആൾക്കൂട്ടം ഇന്നുള്ള ആൾക്കൂട്ട അക്രമങ്ങളുടെ പഴയ പതിപ്പ് തന്നെയാണ്. സമൂഹത്തിൽ നിലനിൽക്കുന്ന ജീർണ്ണതകൾ സംരക്ഷിക്കാൻ തുനിഞ്ഞിറങ്ങുന്ന ആൾക്കൂട്ട സഞ്ചാരം കണ്ണിൽ കണ്ടതെല്ലാം ചുട്ടെരിക്കുകയും സീതയെ ആക്രമിക്കുകയും ചെയ്യുന്നു.

ദിക്കറിയാതെ രാത്രി മുഴുവൻ പകൽ വെട്ടം വീഴുന്നതും നോക്കി അലയേണ്ടിവരുന്ന മനുഷ്യർ ജനനം മുതൽ മരണം വരെ കൃഷിനിലത്ത് ഒടുങ്ങാത്ത വിശപ്പുമായി തളയ്ക്കപ്പെട്ടവരാണ്. ജീവിതത്തിൽ നിന്നും പുറത്തു കടക്കാൻ മരണമല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലാത്തവർ പേരും മേൽവിലാസവുമില്ലാത്തവർ അവരുടെ കഥയാണിത് . കഞ്ഞി ചോദിക്കുന്ന പ്രേതം എന്ന അധ്യായത്തിലുള്ളത് വിശപ്പിന്റെ വിവിധ തരത്തിലുള്ള അവസ്ഥകളെ പറ്റിയുള്ള വിവരണമാണ്. എത്ര കഴിച്ചാലും ആർത്തി തീരാത്തവരും ഒന്നും തിന്നാനില്ലാത്തവരും നോവലിലുണ്ട്. മീശയുടെ പ്രസിദ്ധമായ സഞ്ചാരത്തിനിടയിലും നാട്ടുകാരെ മുഴുവൻ ഭയചകിതനാക്കുന്ന മീശ വിശന്നുവലഞ്ഞ് കഞ്ഞി കട്ടുകുടിയ്ക്കുന്നുണ്ട്. പച്ച വാഴക്കുല കാർന്നു തിന്നാൻ മാത്രം വിശപ്പുള്ള പട്ടിണിക്കാരായ മനുഷ്യർ വസ്ത്രവും പാർപ്പിടവുമില്ലാത്ത ചേറുപുരണ്ട മനുഷ്യർ. അവർ വളരെ നിസാരമായി ജനിക്കുകയും അതിലും നിസാരമായി മരിക്കുകയും ചെയ്യുന്നു. സാമൂഹികമായ അടിച്ചമർത്തലിൽ ഞെരിഞ്ഞമരുന്ന ആ മനുഷ്യരെ അടയാളപ്പെടുത്തുകയാണ് ഹരീഷ്. ഈ ജീവിതത്തിൽ നിന്നും മോചനം തേടിയാണ് വാവച്ചൻ എന്ന മീശ തന്റെ പലായനം ആരംഭിക്കുന്നത്. പല തരത്തിലുള്ള യാത്രകൾ നോവലിൽ കാണാം നോവലിസ്റ്റ് തന്റെ മകൻ പൊന്നുവിനോടൊപ്പം അവധിക്കാലത്ത് നടത്തുന്ന യാത്രയാണ് തുടക്കത്തിൽ ഉള്ളത്. വിവിധ തരത്തിലുള്ള യാത്രകളുടെ ആവിഷ്കാരം കൂടിയാണീ നോവൽ. രാവിലെ ആലപ്പുഴയ്ക്കോ എറണാകുളത്തേക്കോ പോകുന്നവർ രാത്രിയ്ക്ക് മുൻപേ തിരിച്ചു വരുന്നതു കണ്ടാൽ തന്റെ തലമുറയിൽ പെട്ടവർക്ക് ഭ്രാന്ത് പിടിക്കും എന്ന് വാവച്ചൻ നോവലിസ്റ്റിനോട് പറയുന്ന സന്ദർഭം നോവലിലുണ്ട്. മോട്ടോർ ഘടിപ്പിച്ച വാഹനങ്ങളോ വീതി കൂടിയ റോഡുകളോ അനായാസമായ പൊതുഗതാഗതമോ ഇല്ലാതിരുന്ന കാലത്ത് നടന്ന സംഭവങ്ങളാണ് മീശയിലുള്ളത്. ഇന്നത്തെ രണ്ടോ മൂന്നോ ജില്ലകളടങ്ങുന്ന വലിയ ഭൂപ്രദേശം മുഴുവൻ പാടങ്ങളും അവയ്ക്കിടയിലെ തോടുകളും കായലുകളുമായിരുന്നു. വള്ളത്തിൽ കയറി ജലപാത വഴിയുള്ള സഞ്ചാരമാണ് നോവലിലെ കഥാപാത്രങ്ങൾക്ക് ഏറ്റവും പരിചിതമായ യാത്രാമാർഗം. കായലിൽ നിന്ന് തോടുകളിലേക്കും അവിടെ നിന്ന് പാടത്തേക്കും കയറി വരുന്ന ചെമ്പല്ലികളും വരാലുകളും മുതലയും സഞ്ചരിക്കുന്നത് അവരുടെ ജീവിതചക്രം പൂർത്തീകരിക്കാനാണ് . ദൂരെയേതോ ദേശത്തു നിന്നും പറന്നു വരുന്ന പേരറിയാക്കിളികളെ മീശ തന്റെ സഞ്ചാരത്തിനിടയ്ക്ക് കണ്ടുമുട്ടുന്നുണ്ട്.

വെള്ളത്തിലൂടെയും കരയിലൂടെയുമുള്ള യാത്രകളും സഞ്ചാരപാതകളുടേയും സഞ്ചാര ഉപാധികളുടേയും സാധ്യതകൾ നോവലിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. യാത്രയെന്നാൽ അത് വിനോദയാത്രയോ ദൈനംദിന ജീവിതത്തിലെ പതിവ് യാത്രകളോ മാത്രമല്ലെന്നാണ് ഹരീഷ് പറയുന്നത്.

മീശയെത്തിരഞ്ഞിറങ്ങുന്ന ആൾക്കൂട്ടം ഇന്നുള്ള ആൾക്കൂട്ട അക്രമങ്ങളുടെ പഴയ പതിപ്പ് തന്നെയാണ്. സമൂഹത്തിൽ നിലനിൽക്കുന്ന ജീർണ്ണതകൾ സംരക്ഷിക്കാൻ തുനിഞ്ഞിറങ്ങുന്ന ആൾക്കൂട്ട സഞ്ചാരം കണ്ണിൽ കണ്ടതെല്ലാം ചുട്ടെരിക്കുകയും സീതയെ ആക്രമിക്കുകയും ചെയ്യുന്നു. ആൾക്കൂട്ടത്തിൽ ചേർന്നവർക്കു പോലും തങ്ങളെന്തു ചെയ്യുന്നു എന്തിനു ചെയ്യുന്നു എന്നറിയാത്ത കലാപകാലത്തെ മനുഷ്യരുടെ ഭ്രാന്തമായ യാത്രയാണത്. മീശയുടെ യാത്ര സീതയെത്തേടിയുള്ള ആകാംഷാഭരിതമായ യാത്ര മാത്രമല്ല. തീർച്ചയായും സീതയെത്തേടിയുള്ള യാത്ര നോവലിന് കാല്പനിക ഭാവനയുടെ സൗന്ദര്യം നൽകുന്നുണ്ട് എന്നാൽ അത് മാത്രമല്ല മീശയുടെയാത്ര സ്വാഭാവിക ജീവിതം തുടരാൻ കഴിയാതെ പല കാരണങ്ങളാൽ അതിർത്തി മുറിച്ചു കടന്നും നദികൾ നീന്തിയും പലായനം ചെയ്യുന്ന അഭയാർത്ഥികളായ മനുഷ്യരുടെ അരക്ഷിതമായ സഞ്ചാരം തന്നെയാണ് മീശ എന്ന വാവച്ചന്റെ സഞ്ചാരവും. മീശയിലെ യാത്രകളിൽ വേട്ടക്കാരന്റെ ഇരയ്ക്കു വേണ്ടിയുള്ള ഓട്ടവും അതിജീവനത്തിനായുള്ള ഇരയുടെ പരക്കം പാച്ചിലുമുണ്ട്. വെള്ളത്തിലൂടെയും കരയിലൂടെയുമുള്ള യാത്രകളും സഞ്ചാരപാതകളുടേയും സഞ്ചാര ഉപാധികളുടേയും സാധ്യതകൾ നോവലിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. യാത്രയെന്നാൽ അത് വിനോദയാത്രയോ ദൈനംദിന ജീവിതത്തിലെ പതിവ് യാത്രകളോ മാത്രമല്ലെന്നാണ് ഹരീഷ് പറയുന്നത്.

“അവിടെപ്പോയാൽ ജോലി കിട്ടും. പിന്നെ തീറ്റയ്ക്ക് മുട്ടില്ല. ഇവിടത്തെപ്പോലെ നെല്ലല്ല, ബ്രിട്ടീഷ് രൂപയാ അവിടെക്കൂലി”

( മീശ , പേജ്, 24)

ഭക്ഷണവും കൂലിയും തേടി പാടങ്ങൾ വിട്ട് മലയായ്ക്ക് പലായനം ചെയ്യുകയാണ് മീശ. ആരെയും കീഴ്പ്പെടുത്താനോ അധീശത്വം സ്ഥാപിക്കാനോ വേണ്ടിയുള്ള യാത്രയല്ല മീശയുടേത്. നാടകത്തിൽ മീശക്കാരനായ ഒരു പോലീസുകാരന്റെ വേഷം കെട്ടിയപ്പോഴാണ് താനുമൊരു മനുഷ്യനാണെന്ന തോന്നൽ വാവച്ചനുണ്ടായത്. അതു കൊണ്ടു തന്നെ ബലമായി തന്റെ മീശ വടിക്കാൻ വരുന്ന അധീശശക്തികൾക്ക് കീഴടങ്ങാൻ അയാൾക്കാവുന്നില്ല. അഭിമാനം സംരക്ഷിക്കാൻ പാടം വിട്ട് മലയായ്ക്ക് പലായനം ചെയ്യുകയാണ് ദുർബലനായ ആ മനുഷ്യൻ. ശത്രുക്കളുടെ സങ്കൽപത്തിലും നാട്ടിൽ പ്രചരിക്കുന്ന വാമൊഴികളിലും ശക്തനും ക്രൂരനുമാണ് മീശ. എന്നാൽ പലപ്പോഴും മറ്റു മനുഷ്യരെപ്പേടിച്ച് പകൽ മുഴുവൻ ഒളിച്ചിരിക്കേണ്ടി വരുന്ന വാവച്ചൻ യഥാർത്ഥത്തിൽ അരക്ഷിതനായ ജീവിയാണ്. നോവലിൽ രണ്ടു തരത്തിലുള്ള മീശയുണ്ട്. ഒന്ന് ശത്രുക്കളുടെ ഭാവനയിലൂടെ വളരുന്ന അമാനുഷികനായ മീശ. അയാളെ ശത്രുക്കൾ ഭയപ്പെടുകയും പീഡിതരായ മനുഷ്യർ ആശ്വാസത്തിനായി ആരാധിക്കുകയും ചെയ്യുന്നു. മറ്റൊന്ന് മീശയായി മാറിയ വാവച്ചൻ അഭിമുഖീകരിക്കേണ്ടി വരുന്ന സംഘർഷഭരിതമായ ജീവിതവും.

ദുർബല ജീവിയായ വാവച്ചനെ ക്രൂരനായി ചിത്രീകരിക്കുന്ന ആൾക്കൂട്ട യുക്തി തന്നെയാണ് സംഘപരിവാർ പ്രയോഗിക്കുന്നതും. മീശ എന്ന സാഹിത്യ സൃഷ്ടിയെപ്പറ്റി ഒന്നും പറയാതിരിക്കുകയും നോവലിലെ ചെറിയൊരു ഭാഗത്തേക്ക് കൃതിയെ ആകെ ചുരുക്കുകയും ചെയ്യുന്നു. വിവേചന ബോധമുള്ള വായനക്കാർ സംഘപരിവാർ പ്രചരണച്ചുഴിയിൽ വീഴുകയില്ല എന്നുറപ്പാണ്. പാടത്ത് പണിയെടുക്കുകയും വരമ്പത്ത് കിടന്നുറങ്ങുകയും പുഴുക്കളെപ്പോലെ മരിച്ചുവീഴുകയും ചെയ്ത ചരിത്രത്തിൽ മനുഷ്യരായിപ്പോലും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത മനുഷ്യരുടെ ജീവിത കഥയാണ് മീശ. ക്ഷേത്രപ്രവേശം നിക്ഷേധിക്കപ്പെട്ടിരുന്നവരാണവർ. വിശപ്പകറ്റാൻ ചോറിനു പകരം പച്ചക്കായ കാർന്നു തിന്നേണ്ടി വന്നവർ. ഉദയം തൊട്ട് അസ്തമയം വരെ ചേറിൽ മുങ്ങിയിരുന്നവർ പണിയിടത്തിനപ്പുറം വേറെ ലോകമുണ്ടെന്നോ ജീവിതമുണ്ടെന്നോ തിരിച്ചറിയാതിരുന്നവർ. മീശ വായിക്കുമ്പോൾ ഈ ജീവിതങ്ങളാണ് വായനക്കാരെ വന്ന് തൊടുന്നത്. ജന്മിത്തത്തിനും മതവാഴ്ചയ്ക്കുമെതിരെ നിരന്തരം ശബ്ദിച്ച വയലാറിൻ്റെ പേരിലുള്ള പുരസ്കാരം തീർച്ചയായും ലഭിക്കേണ്ട കൃതിയാണ് മീശ. വയലാറിനെയും ഹരീഷിനേയും വായിക്കുക എന്നത് നമ്മുടെ കടമയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in