അജിത് ഗംഗാധരന്റെ 'ഒൺലി ജസ്റ്റിസ്' എന്ന നോവലിന് സുരേഷ് എം.ജി എഴുതിയ നിരൂപണം
കേരളത്തിലെ ഗ്രാമങ്ങളിലൊന്നിൽ ജനിച്ചുവളരുകയും തൊട്ടടുത്തുള്ള സ്കൂളിലും കോളേജിലും എല്ലാ രംഗങ്ങളിലും തീർത്തും ശരാശരിയിൽ താഴെമാത്രം നിലവാരമുള്ള വിദ്യാർത്ഥിയായിരിക്കുകയും ചെയ്ത എനിക്ക്, പിന്നീട് രണ്ടര പതിറ്റാണ്ടുകാലത്തെ അന്യസംസ്ഥാന വാസമൊക്കെയുണ്ടായെങ്കിലും അതിൽ എട്ടുവർഷത്തോളം ഇന്ത്യയിലെ തന്നെ മഹാനഗരികളിൽ ഒന്നിലായിരുന്നെങ്കിലും, അതിനു ശേഷം ലാവണം കണ്ടെത്തിയത് കേരളത്തിന്റെ സാമ്പത്തിക തലസ്ഥാന നഗരിയിലാണെങ്കിലും, ഇന്നും കുറ്റകൃത്യം എന്ന് പറഞ്ഞാൽ ഏറ്റവും കൂടുതൽ ചിന്തിക്കാനാകുന്നത് ഒരടിപിടി, അല്ലെങ്കിൽ മോഷണം, കൂടിവന്നാൽ ക്ഷിപ്രകോപത്താൽ സംഭവിക്കുന്ന ഒരു കൊലപാതകം എന്ന് മാത്രമാണ്. അതിലപ്പുറത്തേക്ക് മനുഷ്യനു ചിന്തിക്കാനാകുന്നുവെന്ന്, അടുത്തുള്ള വ്യക്തിയ്ക്ക് മാത്രമല്ല സമൂഹത്തിനു തന്നെ ദ്രോഹം ചെയ്യാൻ മനുഷ്യനാകുന്നു എന്ന്, അതും ബോധപൂർവ്വം ചെയ്യാനാകുന്നു എന്ന്, വായിക്കുകയോ വിവർത്തനം ചെയ്യുകയോ ചെയ്ത പല പുസ്തകങ്ങളും എന്നോട് പറയുകയുണ്ടായിട്ടുണ്ട്. ലോകവാർത്തകൾ ശ്രദ്ധിക്കുമ്പോഴും അറിയാറുണ്ട്. എന്നാൽ അതൊക്കെ പുസ്തകങ്ങളിലല്ലേ, മറ്റേതോ നാട്ടിലെ വാർത്തയല്ലേ എന്ന് മനസ്സ് ഒരാശ്വാസം കണ്ടെത്താൻ ശ്രമിക്കാറുമുണ്ട്. നാസി കൂട്ടക്കൊലകൾ മാത്രമല്ല, ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്നുവരുന്ന യുദ്ധങ്ങളും അടിച്ചമർത്തലും, പിറ്റിച്ചുപറിയും മയക്കുമരുന്ന് കച്ചവടങ്ങളും എന്തിന്, രണ്ട് ലോകമഹായുദ്ധങ്ങൾ വരെ ഇതിഹാസങ്ങളുടെ ഭാഗമായ വധങ്ങളും യുദ്ധങ്ങളും ചതികളും പോലെ വെറും കഥകളായിരുന്നു എന്ന് ചിന്തിക്കാൻ തന്നെയാണിഷ്ടം. അതെ, തല മണലിൽ പൂഴ്ത്തി ഞാൻ സുരക്ഷിതനാണെന്ന് ചിന്തിക്കാൻ. നിത്യജീവിതത്തിൽ ഇങ്ങനെയൊന്നും സംഭവിക്കുന്നുണ്ടാകില്ല എന്ന് ആശ്വസിക്കാൻ. പക്ഷേ, അത്തരം ആശ്വാസവചങ്ങൾക്ക് അർത്ഥമൊന്നുമില്ല എന്നറിയാം. കാരണം വായിച്ചത് അല്ലെങ്കിൽ വിവർത്തനം ചെയ്തത് പലതും ജീവിതകഥകളായിരുന്നു. അനുഭവങ്ങളായിരുന്നു.
കുറ്റകൃത്യങ്ങൾക്ക് മനുഷ്യൻ ഉടലെടുത്തതിനോളം തന്നെ ചരിത്രപഴമയുണ്ടായിരിക്കണം. ഇന്നോ ഇന്നലെയോ, ഏതോ മനസ്സിൽ പൊട്ടിമുളച്ച ഒരു വികാരമാകില്ല കുറ്റവാസന എന്നത്. കാലം കടന്നുപോയപ്പോൾ, സാങ്കേതികവിദ്യ വളരുകയും വികസിക്കുകയും ചെയ്തപ്പോൾ കുറ്റകൃത്യങ്ങളുടെ, കുറ്റവാസനയുടെ, വികാസത്തിലും വ്യാപ്തിയിലും വ്യത്യാസം വന്നിട്ടുണ്ടാകും. അത്തരം മാനസികാവസ്ഥയിലുള്ളവർക്ക് പലതും ചെയ്യുക കൂടുതൽ എളുപ്പമായിട്ടുണ്ടാകും. ഒരൊറ്റ തരം കുറ്റകൃത്യത്തിലേപ്പെടുക എന്നതിനേക്കാൾ ലാഭവും സൗകര്യവും ഒന്നിനൊന്ന്. ബന്ധപ്പെട്ട് കിടക്കുന്നവയിലൊക്കെ കൈകടത്തുന്നതും അതിനെയെല്ലാം ഒരു ചങ്ങലക്കണ്ണിയായി നിലനിർത്തുന്നതുമാകും.
അത്തരത്തിലുള്ള (ഞെട്ടിപ്പിക്കുന്ന) ഒരു കുറ്റകൃത്യ ശൃംഖലയെക്കുറിച്ചാണ് അജിത് ഗംഗാധരൻ നമ്മോട് അദ്ദേഹത്തിന്റെ 'ഓൺലി ജസ്റ്റിസ്'എന്ന നോവലിൽ പറയുന്നത്. ഒരു ക്രിമിനൽ എന്നാൽ ഒരൊറ്റ തരം കുറ്റവാസന മാത്രമുള്ളവനല്ല, എന്തിലും ഏതിലും എന്തും ഏതും ചെയ്യാൻ മടിയില്ലാത്തവനാണ് എന്ന്. വിശ്വാസവഞ്ചന ഒരു പാപമാണെന്ന് അവർ വിശ്വസിക്കുന്നില്ല എന്ന്. ഈ കുറ്റകൃത്യങ്ങളെല്ലാം ഒന്നിനൊന്നോട് ബന്ധപ്പെട്ട് കിടക്കുന്നു എന്ന്. കുറ്റകൃത്യങ്ങൾ മാത്രമെന്തിന്, നാടിന്റെ നന്മയ്ക്കായി, ജനസേവനത്തിനായി എന്ന മട്ടിൽ ചെയ്യുന്ന പലതും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളെ മറച്ചുവയ്ക്കാനുള്ള ഉപാധികൾ മാത്രമാണെന്ന്.
അജിത് ഗംഗാധരന്റെ ഈ നോവലിനെ ഞാൻ രണ്ടായി വിഭജിക്കട്ടെ. ഇതിലെ ആദ്യഭാഗത്ത് ബാല്യകൗമാരകാലങ്ങളിലെ അനുഭവങ്ങൾ എങ്ങനെ ഒരു മനുഷ്യനെ ബാധിക്കുന്നു, അയാളുടെ സ്വഭാവരൂപീകരണത്തെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ശക്തമായ ചില സൂചനകൾ നൽകിയിരിക്കുന്നു. ഒരു സ്കൂളാണിവിടെ പശ്ചാത്തലം. അവിടത്തെ വിദ്യാർത്ഥികളായിരുന്നവരാണ് പിന്നീട് കഥയിൽ മിക്കവാറും നിറഞ്ഞ് നിൽക്കുന്നത്. ഒരു വിഭാഗം നന്മയുടെ പക്ഷത്തേക്ക് നീങ്ങുമ്പോൾ മറുവിഭാഗം തിന്മയുടെ, കുറ്റകൃത്യങ്ങളുടെ, ലോകത്തിലേക്കെത്തുന്നു. അവരുടെ ജീവിതയാത്രയിൽ കണ്ടുമുട്ടുന്ന പലരും പിന്നെ ഇരുപക്ഷത്തും വരുന്നുണ്ട്. ചിലർ ഏത് പക്ഷം എന്ന് ആശങ്കപ്പെടുത്തുകയോ ആശയക്കുഴപ്പം സൃഷ്ടിക്കുകയോ ചെയ്യുന്നുണ്ട്. സങ്കീർണ്ണമായ കുറ്റകൃത്യലോകത്തിലെ ഓരോ ഇഴയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന്, കെട്ടുപിണഞ്ഞ് കിടക്കുന്ന അവയെ വേർതിരിച്ചെടുത്ത് കഥാകൃത്ത് നമുക്ക് കാണിച്ചുതരുന്നു.
മറ്റ് ക്രൈം നോവലുകളിൽ നിന്നിതിനെ വ്യത്യസ്തമാക്കുന്നതും ഈ കുട്ടികളുടെ മനോനിലയിലെ വളർച്ചയെ (അല്ലെങ്കിൽ അതിന്റെ വിപരീതത്തെ) എന്തൊക്കെ ബാധിച്ചു എന്ന വിവരണമാണ്. ഉദാഹരണത്തിനായി ഇതിൽ എന്നും നന്മയുടെ കൂടെ നിൽക്കാൻ ശ്രമിച്ച എബി എന്ന കഥാപാത്രത്തെയും മറുപക്ഷത്തുള്ള കാൾ റോഡ്രിഗ്രസിന്റേയും ബാല്യത്തിന്റെ പിന്നാമ്പുറങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. പ്രത്യേകിച്ചും കഥയിലെ നെഗറ്റീവ് കഥാപാത്രം എന്ന് വിളിക്കാവുന്ന കാൾ റോഡ്രിഗസിന്റെ. രാജ്യസുരക്ഷയെ മുൻനിർത്തിയുള്ള ചില പരീക്ഷണങ്ങളിലേർപ്പെട്ടിരിക്കുന്ന ദമ്പതികളുടെ മകനാണ് എബി. ആ പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നത് വരെ അവൻ തങ്ങൾക്കൊപ്പമുണ്ടാകുന്നത് ഒരു പക്ഷേ അവന്റെ ജീവനു ഹാനിവരുത്തും, തങ്ങൾ നടത്തുന്ന പരീക്ഷണങ്ങളെക്കുറിച്ച് അറിയാനും അത് ചോർത്തിയെടുക്കാനും ശ്രമിക്കുന്ന സംഘം അവന്റെ ജീവനു ഹാനിവരുത്തും എന്ന ചിന്ത മൂലം എബിയെ അവന്റെ മാതാപിതാക്കൾ അമേരിക്കയിലെ ഒരു സ്കൂളിൽ ചേർക്കുന്നു. അവിടെ, ഒറ്റപ്പെട്ട ജീവിതം, ബോഡിങ്ങ് ജീവിതം നയിക്കേണ്ടി വരുന്ന എബിയ്ക്ക് പക്ഷേ, തന്റെ ഒറ്റപ്പെടലിന്റെ കാരണം മനസിലാകുന്നില്ല. ആ നീറ്റൽ പിന്നെ മാതാപിതാക്കളോടുള്ള വെറുപ്പായി അവനിൽ രൂപാന്തരപ്പെടുന്നത് നമ്മൾ കാണുന്നു. തന്നെ അവർ വലിച്ചെറിഞ്ഞതാണെന്ന ഒരു ചിന്ത അവനിൽ രൂഢമൂലമാകുന്നത് നമ്മൾ കാണുന്നു. പക്ഷേ ആ ഒറ്റപ്പെടലിന്റെ സംഘർഷം അവനിൽ വളർത്തുന്നത് ഒരു കുറ്റകൃത്യവാസനയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക. കുറ്റകൃത്യങ്ങൾക്കെതിരായി നീങ്ങാനുള്ള ഒരു മനസ്സാണ് അതവനു നൽകുന്നത്. അത് ഒരു പക്ഷേ തന്നെപ്പോലെ ഒറ്റപ്പെട്ടവരെ, ഒറ്റപ്പെടുന്നവരെ ഓർത്തപ്പോൾ പൊട്ടിമുളച്ചതാകാം. കഥയിലുടനീളം അവൻ മാതാപിതാക്കളോടുള്ള നീരസത്തിൽ നിന്ന് മുക്തനാകുന്നില്ല എങ്കിലും അതിനേക്കാൾ ശക്തമായി കുറ്റവാളികളോടുള്ള, കുറ്റകൃത്യങ്ങളോടുള്ള വെറുപ്പ് അവനിൽ വളരുന്നു.
നിഷ്കളങ്കതയുടെ പര്യായങ്ങൾ എന്നാണ് നമ്മൾ കുട്ടികളെ വിളിക്കുന്നതെങ്കിലും കുറ്റവാസനയുള്ള കൗമാരക്കാർ വളരെയധികമുണ്ടെന്ന് മനശാസ്ത്രജ്ഞർ പറയുന്നു. അങ്ങനെ കുറ്റകൃത്യങ്ങളിലേർപ്പെടുന്ന പല കൗമാരക്കാർക്കും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവും ബോധ്യവുമുണ്ടാകും. എന്നിട്ടും അവരെന്തുകൊണ്ടങ്ങനെ ഒരു ലോകത്തിലേക്കെത്തിപ്പെടുന്നു എന്ന ചോദ്യം അവശേഷിക്കുന്നു. കാരണങ്ങളിൽ ഒന്ന് ജീവശാസ്ത്രപരമാണെന്ന ഒരു അഭിപ്രായം പല സംഭവങ്ങളെക്കുറിച്ചും പഠിച്ച മനശാസ്ത്രജ്ഞർ നൽകിയിട്ടുണ്ട്. എന്നാൽ അതിലുപരി ഇതിനു കാരണം, അതായത് ജീവശാസ്ത്രപരം എന്നതിലുപരിയുള്ള കാരണം, കുട്ടികൾ വളർന്ന് വരുന്ന പശ്ചാത്തലവും രീതിയും അവരെ വളർത്തുന്നവരുടെ മാനസിക ഘടനയുമെല്ലാമാണെന്ന് തെളിവുസഹിതം പറയുന്ന മനശാസ്ത്ര ലേഖനങ്ങൾ നിങ്ങൾക്ക് അനവധി കാണാനാകും. അങ്ങനെ തെറ്റായ രീതിയിൽ വളർന്ന് വന്നവരിൽ തങ്ങൾക്ക് ഉതകുന്നതെന്ന മട്ടിലുള്ള ഒരു അവസരം ലഭിച്ചാൽ അയാളൊരു കൊടുംകുറ്റവാളിയോ കൊലപാതകിയോ ആയി മാറാനുള്ള സാധ്യത വളരെ അധികമാണെന്ന്. ഈ സാഹചര്യങ്ങളിലും പശ്ചാത്തലങ്ങളിലുമാണ് കാൾ റോഡ്രിഗസിന്റെ കാര്യത്തിൽ കഥാകൃത്ത് ഊന്നിയിരിക്കുന്നത്.
എബിയുടെ കാര്യത്തിൽ അറ്റൻഷൻ ഡെഫിസിറ്റ് ഡിസോർഡറായിരുന്നു എങ്കിൽ ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡറുള്ളവനാണ് കാൾ. “ഇതൊരു അസുഖമണെന്നതു പോലും എല്ലാവരും മറന്നു. ചുറ്റിലും കുറ്റപ്പെടുത്തലുകൾ, പരിഹാസം!” എന്നാണ് തന്റെ അനുഭവങ്ങളെക്കുറിച്ച് കാൾ പറയുന്നത്. നമ്മുടെ സമൂഹം ചില രോഗാവസ്ഥകളെ എത്ര മോശമായി ചിത്രീകരിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണിത്.
രോഗം പോലും കുറ്റമായി കാണുന്ന അവസ്ഥയുണ്ട്. അതിന്നും നിലനിൽക്കുന്നുമുണ്ട്. ആ കുറ്റപ്പെടുത്തലുകൾ പലരിലും പലവിധത്തിലുള്ള ആഘാതങ്ങളാണ് സൃഷ്ടിക്കുക. എബി, തന്റെ മാനസിക പ്രശ്നങ്ങൾക്ക് സകാരാത്മക പോംവഴികൾ കണ്ടെത്തിയപ്പോൾ, കാളിന്റെ കാര്യത്തിൽ ആദ്യം തന്റെ പരിമിതികളെ മറികടക്കാനുള്ള ത്വരയായിട്ടാണത് വന്നത്. ഒരുപരിധി വരെ മറികടന്നപ്പോൾ തന്നെ വെല്ലാൻ ഈ ലോകത്തിൽ ആരുമില്ല എന്ന ചിന്തയും അതിനൊപ്പം തന്നെ വെല്ലാൻ ഈ ലോകത്തിൽ ആരുമുണ്ടാകരുത് എന്ന ചിന്തയും വളരുന്നു. കാൾ, കുറ്റകൃത്യങ്ങളുടെ ലോകത്തിലേക്ക് പ്രവേശിക്കുന്നതങ്ങനെയാണ്. തന്റെ സ്വന്തം സാഹോദരനായ ജോണിനു പോലും ആ രൂപാന്തരം വിശ്വസിക്കാനാകുന്നില്ല എന്നും നിങ്ങൾക്ക് കാണാനാകും.
എബിയുടെ സംഘവും കാളും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നതിനു മുമ്പ് എബിയുടെ കൂട്ടുകാരുമായി ജോൺ വഴക്കിടുന്നുണ്ട്. ആ വഴക്കിൽ, അഥവാ അതിനു ശേഷം, ജോണിനെ സഹായിക്കാനെത്തുന്നതാണ് കാൾ. പക്ഷേ ജോൺ പിന്നെ എബിയുടെ കൂട്ടുകാരുമൊത്ത് സമവായത്തിലായെങ്കിലും കാൾ അതിനു തയ്യാറാകുന്നില്ല. പരാജയപ്പെടാൻ ഒരുക്കമല്ല എന്ന മനസ്ഥിതി കാളിൽ അപ്പോഴേക്കും ശക്തമായിരുന്നു. എബിയും കൂട്ടുകാരുമാകട്ടെ പരാജയപ്പെടുത്താൻ തയ്യാറുമല്ലായിരുന്നു. എന്നാൽ കാൾ എബിയ്ക്ക് മുന്നിൽ, അല്ലെങ്കിൽ എബിയുടെ കൂട്ടുകാർക്ക് മുന്നിൽ ഒരിക്കലും വിജയിക്കുന്നുമില്ല. തുടർപരാജയങ്ങൾ കാളിന്റെ വാശിയും വൈരാഗ്യവും വർദ്ധിപ്പിക്കുകയല്ലാതെ അതിനൊരു ശമനമുണ്ടാകുന്നില്ല. അതാണ് കാളിനെ കുറ്റകൃത്യങ്ങളുടെ ലോകത്തെത്തിക്കുന്നതും അവിടത്തെ രാജകുമാരനാക്കുന്നതും.
പഠനകാലങ്ങളിൽ ഇങ്ങനെ കാളിന്റെ പ്രവർത്തികളെ അത്ര ഇഷ്ടത്തോടെയല്ല ജോൺ കണ്ടതെങ്കിലും പിന്നീട്, വിശാലമായ കുറ്റകൃത്യങ്ങളുടെ ലോകത്തിലെത്തുമ്പോൾ ഇതിൽ കാൾ ഏത്, ജോൺ എത്, എന്ന ശങ്ക ജനിക്കുമാറാണ് കഥ മുന്നോട്ട് പോകുന്നത്. ഇവർ കൈകോർത്ത് നടക്കുകയാണോ എന്ന ശങ്ക. പക്ഷേ ലോകസമക്ഷം ജോൺ അപ്പോഴും മാന്യതയുടെ മുഖാവരണം അഴിച്ചുവച്ചിരുന്നില്ല.
എബിയ്ക്കൊപ്പം നിൽക്കുന്ന നിക്കോളസ്, വിജിത, ദ്രുപഥ് തുടങ്ങിയ കഥാപാത്രങ്ങൾക്കും ഇതുപോലെ ഓരോ കഥകൾ പറയാനുണ്ട്. സ്വഭാവരൂപീകരണത്തിന്റെ കഥകൾ.
രണ്ടാം ഭാഗം ഇതിലെ പ്രധാന കഥ തന്നെയാണ്. കുറ്റകൃത്യങ്ങളുടെ ലോകം. ഈ ഭാഗം മിക്കവാറും നടക്കുന്നത് ദുബയ് നഗരത്തിലാണ്. പക്ഷേ അവിടെ നടക്കുന്ന സംഭവങ്ങളുടെ പിന്നാമ്പുറ കഥകൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നത്, കഥാകൃത്ത് അവസരോചിതമായി വിവരിക്കുന്നുണ്ട്. ഏതൊരു മലയാളി സാധാരണക്കാരേയും അമ്പരപ്പിക്കുന്നതാണാ ലോകം. അവിശ്വസനീയം എന്ന് വിശേഷിപ്പിക്കാവുന്നതുമാണ്. ആ ലോകത്തിൽ പലപ്പോഴും പലരും ആട്ടിൻതോലിട്ട ചെന്നായ്ക്കളാകുന്നു. രാജ്യാതിർത്തികൾക്ക് അർത്ഥമില്ലാതാകുന്നു. സാങ്കേതിക വിദ്യയുടെ വളർച്ച, എത്ര കണ്ട് മനുഷ്യന് ഉപകാരപ്രദമായിട്ടുണ്ടോ അത്ര തന്നെ മനുഷ്യനത് ദ്രോഹം ചെയ്യാനും ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് കഥാകൃത്ത് പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചു പോലും ചിലയിടങ്ങളിൽ വേവലാതിപ്പെടുന്നത് കാണാം. യന്ത്രങ്ങൾ ഇണചേർന്ന് യന്ത്രക്കുഞ്ഞുങ്ങളെ സൃഷ്ടിക്കുകയും ഈ ലോകം തന്നെ അത്തരം യന്ത്രങ്ങളുടെ കൈപ്പിടിയിലാകുകയും ചെയ്യുന്ന കാലം വിദൂരമല്ല എന്നും കഥാകൃത്ത് ആശങ്കപ്പെടുന്നുണ്ട്. ആത്മഹത്യ ചെയ്യാൻ സഹായിക്കുന്ന സംഘടനകളെക്കുറിച്ച് പറയുന്നുണ്ട്. അതുപോലും വ്യാപാരമാണെന്ന് അറിയിക്കുന്നുമുണ്ട്.
മയക്കുമരുന്ന്, കോർപറേറ്റ് നാടകങ്ങൾ, അധികാരം എന്നിവയേക്കാൾ ഭീകരമാണിന്ന് ലൈംഗിക വ്യാപാരം, പ്രത്യേകിച്ചും രതിചലച്ചിത്രങ്ങളുടെ വ്യാപാരം, അതിന്റെ ലോകം എന്ന് കഥയിൽ പലയിടത്തും സൂചനകൾ കാണാം. കുറ്റകൃത്യങ്ങളിൽ പലതും നടക്കുന്നത് ധർമ്മസ്ഥാപനങ്ങളുടെ മറപിടിച്ചാണെന്ന്, മനുഷ്യസേവനത്തിന്റെ മറപിടിച്ചാണെന്ന് കാണാം. കഥാകൃത്തിന്റെ വിശകലനങ്ങൾ സത്യമെങ്കിൽ, ലോക കുറ്റകൃത്യഭൂപടത്തിന്റെ നെറുകയിൽ, അതിന്റെ പിരമിഡിന്റെ മുകളറ്റത്ത് നിൽക്കുന്നത് രതിയുമായി ബന്ധപ്പെട്ട വ്യവസായങ്ങളാണ്. അതിനു മറവായി നിൽക്കുന്നത് ധർമ്മസ്ഥാപനങ്ങൾ എന്ന പേരിൽ പല (രതിവ്യവസായ സ്ഥാപനങ്ങളും) നടത്തുന്ന സംസ്ഥകളും. ഈ രതിവ്യവസായമെന്ന മഞ്ഞുപാളിയുടെ അറ്റത്താണ് നാം രതിജന്യ വീഡിയോ ക്ളിപ്പുകളെ കാണുന്നത്. “ഇവയൊന്നും ഞാൻ വിതരണം ചെയ്യാൻ പോകുന്നത് മുതിർന്നവരുടെ ഇടയിലല്ല. മറിച്ച് കൗമാരക്കാരാണെന്റെ ലക്ഷ്യം...ഫാന്റസികൾ നിറഞ്ഞ എന്റെ വീഡിയോകൾ, പതുക്കെ പതുക്കെ അവരിൽ സെക്ഷ്വൽ ഫാന്റസീസ് നിറയ്ക്കും. പിന്നീട് സെക്സ് ഡോൾസിന്റെ ബിസിനസ്...ഓൺലൈൻ മെംബർഷിപ്പുകൾ...പ്രഫഷണൽ സർവീസ് കൊടുക്കുന്ന ഏജൻസികൾ...” ഈ വ്യാപാരത്തിലിറങ്ങുന്നവരുടെ ആശയ ബുദ്ധിവൈഭവത്തെക്കുറിച്ച് ഒരു കഥാപാത്രം പറയുന്നതാണിത്. മയക്ക് മരുന്നും രത്നം മുതലായവയുടെ കള്ളക്കടത്തും ആയുധ കച്ചവടവും (“ഏതെങ്കിലുമൊരു ദിനം വരാൻ സാധ്യതയുള്ള അതിഥിയ്ക്കുവേണ്ടി ദിവസേന ഭക്ഷണം പാകം ചെയ്ത്, രാത്രിയിൽ ചവറ്റുകുട്ടയിൽ കളയുന്ന വീട്ടമ്മയെപ്പോലെ, എന്നെങ്കിലും ഉണ്ടായേക്കാവുന്ന യുദ്ധത്തിൽ ഉപയോഗിക്കാൻ വേണ്ടി ആയുധങ്ങൾ വാങ്ങിക്കൂട്ടുന്ന രാജ്യങ്ങൾ!” എന്നാണ് ആയുധക്കച്ചവടത്തിന്റെ വ്യാപാരതന്ത്രത്തെക്കുറിച്ച് കഥാകൃത്ത് പറയുന്നത്.) ഇതിന്റെ സഹായത്തിനായി നടത്തപ്പെടുന്നവയാണ്. സ്റ്റോക്കിങ്ങ് എന്ന് വിളിക്കപ്പെടുന്ന മാനസിക പീഡനവും കുറ്റവാളികൾ ആസ്വദിച്ച് ചെയ്യുന്ന മറ്റൊരു പ്രവൃത്തിയാണ്. എന്തിനധികം പറയുന്നു. വൈദ്യശാസ്ത്ര രംഗം പോലും ഇതിൽ നിന്ന് മുക്തമല്ലെന്ന് കഥാകൃത്ത് വിശദീകരിക്കുന്നു. “മരുന്നുൽപാദക ഭീമന്മാർ ലോകം മുഴുവൻ ഭീതി വിതറിക്കൊണ്ടാണ് ഓരോ മരുന്നും ഉൽപാദിപ്പിക്കുന്നത്; അതായത് ലാബിൽ നിന്ന് പുറത്തിറങ്ങുന്ന ഓരോ മരുന്നും ഭയം വിതറി ആവശ്യക്കാരെ ഉണ്ടാക്കിയതിനു ശേഷം മാത്രമണ് മാർക്കറ്റിലിറക്കുന്നത്” എന്ന് നോവലിൽ. ആ ലോകത്തിൽ മിത്രമേത് ശത്രുവേത് എന്ന് തിരിച്ചറിയുക എളുപ്പമല്ല എന്ന് മാത്രമല്ല ഏറെക്കുറെ അസാധ്യവുമാണ്. ആ സങ്കീർണ്ണതകളാണീ കഥയുടെ വൈഭവവും.
ഇങ്ങനെ കുറ്റകൃത്യങ്ങളുടെ ഭീകരതകളിലേക്കും അവയുടെ ഭീകരവ്യാപ്തിയിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്നതിനിടയിൽ കഥാകൃത്ത്, ഇതൊന്നും വെറും ഭാവനാസൃഷ്ടികളല്ല എന്നതിനു വേണ്ട വിവരണങ്ങൾ നോവലിൽ ഉടനീളം നൽകിയിരിക്കുന്നു. ആധുനിക ലോകത്തിൽ സംഭവിച്ചതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ പലതും കഥയ്ക്കിടയിൽ വിളക്കിച്ചേർത്തിയിരിക്കുന്നു. അവയെ ഉദ്ധരിച്ചിരിക്കുന്നു. 2010-ലെ അറബ് സ്പ്രിങ്ങ് എന്ന വിപ്ളവം, വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന മനുഷ്യ അവയവങ്ങളുടെ മാർക്കറ്റ്, പോസിറ്റീവ്സ് ഡേറ്റിങ്ങ്.കോം എന്ന എച്ച് ഐവി ബാധിതർക്ക് കൂട്ടുകൂടാനുള്ള ഇടം, കൊളംബിയ ഡ്രഗ് ലോർഡ് പാബ്ളൊ എസ്കോബാർ 1993-ൽ കൊല്ലപ്പെട്ടതിനു പിന്നിലെ കഥ എന്നിങ്ങനെ പലതും ഇക്കൂട്ടത്തിൽ കാണാനാകും. അതിലുപരിയായി ഈ കുറ്റവാളി സംഘങ്ങളുടെ കാൽക്കീഴിലാണിന്ന് ലോകം എന്നും എടുത്ത് പറയുന്നു.
“ലോകം അവരുടെ കാൽക്കീഴിലാണ്. എല്ലാ സർക്കാരുകളിലും പ്രധാനപ്പെട്ട പൊസിഷനുകളിലെല്ലാം തന്നെ അവരുടെ ആളുകൾ...! അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് മാറിമറിയുന്നു പ്രധാനപ്പെട്ട പോളിസികൾപോലും... എല്ലാം അവരുടെ നിയന്ത്രണത്തിൽ മാത്രം നടക്കുന്നു; എന്നാൽ പ്രത്യക്ഷത്തിൽ ഒന്നും കാണുകയുമില്ല” എന്ന് നോവലിൽ ഒരിടത്ത് ഇതിനെ അടിവരയിട്ടിരിക്കുന്നു. അതായത്, നാളെ സാധാരണക്കാരന്റെ ജീവിതം നിയന്ത്രിക്കുന്നതുപോലെ ഇത്തരം സംഘങ്ങളായേക്കാം എന്ന്. എന്ത് ഭക്ഷിക്കണം, എന്തുടുക്കണം, എങ്ങനെ ജീവിക്കണം എന്നൊക്കെ ഈ കുറ്റവാളി സംഘങ്ങൾ തിട്ടൂരമിറക്കുന്ന കാലം വിദൂരത്തല്ല എന്ന്. വായനയുടെ ഒഴുക്കിനു തടസ്സം നിൽക്കാത്ത ഭാഷയും ഒരു ക്രൈം നോവൽ ആവശ്യപ്പെടുന്ന തരം ഉദ്വേഗം നിലനിർത്തിയുള്ള രചനാശൈലിയും പുസ്തകത്തെ ആകർഷകമാക്കുന്നു. “മികച്ച ക്രൈം നോവലുകൾ അതിലെ കഥാപാത്രങ്ങൾ രഹസ്യങ്ങളെങ്ങനെ കാത്ത് സൂക്ഷിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തുന്നു. എല്ലാവരും നുണപറയുമ്പോൾ അത് നിരുപദ്രവകരമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം, പക്ഷേ എല്ലാം ഒന്നിച്ച് ചേർത്താൽ വലിയൊരു അത്യാപത്ത് കാണാനാകും” എന്നൊരു ഉദ്ധരണി ക്രൈം നോവലുകളുടെ സൗന്ദര്യമെന്തന്നതിനെക്കുറിച്ച് കാണുകയുണ്ടായി. അത് കൃത്യമായി പാലിക്കുന്നു അജിത് ഗംഗാധരന്റെ, ഓൺലി ജസ്റ്റിസ്.