ഒരു ക്യാബിനിൽ വെളിച്ചം പ്രകാശിക്കുകയും ആദ്യത്തെ ഗായകൻ തന്റെ പാട്ട് ആരംഭിക്കുകയും ചെയ്യുമ്പോൾ സംഗീത യാത്ര തുടങ്ങുന്നു. താമസിയാതെ മറ്റൊരു ക്യുബിക്കിളിൽ പ്രകാശിച്ചു തുടങ്ങുന്നു. അങ്ങനെ മറ്റൊന്ന്, പിന്നെ മറ്റൊന്ന്
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇറ്റ്‌ഫോക്ക് അരങ്ങേറുമ്പോൾ കാണികൾക്ക് മുന്നിലെത്തുന്നത് എന്തൊക്കെ. മുസ്തഫ ദേശമംഗലം എഴുതുന്നു
റോയിസ്റ്റൻ ആബേലിന്റെ സംവിധാനത്തിൽ പതിമൂന്നാമത് ഇറ്റ്ഫോക്കിലെത്തുന്ന 'മാംഗനിയാർ സെഡക്ഷൻ' വിസ്മയാവഹമായിരിക്കും. ലോകത്തെ പല രാജ്യങ്ങളിലുമായി യാത്ര ചെയ്താണ് ഈ അവതരണം ഈ വർഷത്തെ ഇറ്റ്ഫോക്കിലെത്തുന്നത്. ഒരു പക്ഷെ അടുത്ത കാലത്തായി ഇന്ത്യയിൽ നിന്നുള്ള ഒരു തീയറ്റർ മ്യൂസിക് പ്രൊഡക്ഷൻ ഇത്രയധികം രാജ്യങ്ങളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടാവില്ല.
പ്രേക്ഷകരെ സംഗീതത്തിലൂടെ ദൃശ്യപരമായി കൊണ്ടുപോകുന്ന പ്രകടനമാണ് മാംഗനിയാർ സെഡക്ഷൻ. രാജസ്ഥാനിലെ ജയ്‌സാൽമീർ, ബാർമർ, ജോധ്പൂർ എന്നീ ജില്ലകളിൽ സ്ഥിരതാമസമാക്കിയിട്ടുള്ള മുസ്ലിം വംശജരായ പരമ്പരാഗത സംഗീതജ്ഞരുടെ കൂട്ടമാണ് മാംഗനിയാർ. പരമ്പരാഗതമായി രാജാക്കന്മാർക്ക് വേണ്ടി സംഗീതം അവതരിപ്പിച്ചിരുന്ന മാംഗനിയാർമാർക്ക് കാലക്രമേണ രാജാക്കന്മാരിൽ നിന്നുള്ള സംഗീത പിന്തുണ ഇല്ലാതെയായി. പലപ്പോഴും ഈ സമൂഹം അനാഥമാക്കപ്പെട്ടു. നാടോടി സംഗീതജ്ഞരായി അറിയപ്പെടുന്നവരെങ്കിലും മാംഗനിയാരുടെ പരമ്പരാഗത സംഗീതം ശാസ്ത്രീയമാണ്. ശാസ്ത്രീയ സംഗീതവും നാടോടി പാരമ്പര്യവും ഒത്തുചേരുന്ന സവിശേഷ സംഗീത ശാഖയാണ് മാംഗനിയാരുടേത്. നിലവിലുള്ള മാംഗനിയാർ തലമുറയിൽ നിന്നുള്ള 43 സംഗീതജ്ഞർ ആണ് മാംഗനിയാർ സെഡക്ഷനിൽ അണിനിരക്കുന്നത്. ഇവർ 36 ജാലകങ്ങളുള്ള 'രത്നപ്പെട്ടികളിൽ ഒരേ സമയം പ്രത്യക്ഷപ്പെടുന്നു.
ഒരു മാജിക് ബോക്സുമായി ഇതിനെ പ്രേക്ഷകർക്ക് കണക്കാക്കാം. 36 ചുവന്ന നിറമുള്ള ക്യുബിക്കിളുകളിൽ ഒന്നിന് മുകളിൽ മറ്റൊന്നായി നാല് വരികളായി ക്രമീകരിച്ചിരിക്കുന്നു. ഒരു ക്യാബിനിൽ വെളിച്ചം പ്രകാശിക്കുകയും ആദ്യത്തെ ഗായകൻ തന്റെ പാട്ട് ആരംഭിക്കുകയും ചെയ്യുമ്പോൾ സംഗീത യാത്ര തുടങ്ങുന്നു. താമസിയാതെ മറ്റൊരു ക്യുബിക്കിളിൽ പ്രകാശിച്ചു തുടങ്ങുന്നു. അങ്ങനെ മറ്റൊന്ന്, പിന്നെ മറ്റൊന്ന് എന്ന ക്രമത്തിൽ സംഗീതോപകരണങ്ങളുടെയും ശബ്ദത്തിന്റെയും നാടകീയവും വിസ്മയിപ്പിക്കുന്നതുമായ ഉയർച്ച സൃഷ്ടിക്കപ്പെടുന്നു. പതിയെതുടങ്ങുന്ന സംഗീതം പ്രേക്ഷകരുടെ അദ്‌ഭുതത്തിനൊപ്പം ക്രമേണയായി ഉയരുന്നു. പ്രേക്ഷകനെ ഉണർത്തുകയും കൂടെ സഞ്ചരിപ്പിക്കുകയും ചെയ്യുന്നു. മാംഗനിയാർ സമുദായത്തിലെ യുവാക്കളും സ്ത്രീകളും കുട്ടികളും പ്രായമായവരും ഓരോ പ്രേക്ഷകനെയും ഓരോരുത്തരുടേതുമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. തിയേറ്റന്റെ ആവശ്യകതയിലേക്ക് സംഗീതം എടുക്കുകയും ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പൊതു രീതിയെങ്കിൽ മാംഗനിയാർ സെഡക്ഷനിൽ സംവിധായകൻ റോയ്‌സ്റ്റൻ ഈ പ്രക്രിയയെ വിപരീതമാക്കുന്നു. സംഗീതത്തിൽ മാജിക് സൃഷ്ടിക്കാൻ തിയേറ്റർ സാധ്യത ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
നിർബ്ബന്ധിതതവും ശാന്തവുമായ അതേപോലെ ആകർഷകകവും ഉന്മേഷദായകമായതാണ് മാംഗനിയാർ സെഡക്ഷൻ എന്നാണ് ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിച്ചത്. സാൽസ്ബർഗ് വിയന്ന, ന്യൂ യോർക്ക്, സിംഗപ്പൂർ, വാഷിംഗ്ടൺ, പാരീസ്, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നെല്ലാം വലിയ സ്വീകാര്യതയാണ് മാംഗനിയാർ സെഡക്ഷന് ഇതുവരെ ലഭിച്ചത്.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയ സംവിധായകൻ റോയിസ്റ്റൻ ആബേൽ 2014 ൽ നടന്ന ആറാമത്തെ എഡിഷൻ ഇറ്റ്ഫോക്കിൽ മിഴാവുകൾ വെച്ചുള്ള ദി കിച്ചൻ എന്ന തീയറ്റർ നാടകം അവതരിപ്പിച്ചിട്ടുണ്ട്. അത് അന്ന് ഏറെ പ്രേക്ഷക പ്രശംസക്കർഹമായി.
കേരള സംഗീത നാടക അക്കാദമിക്കു വേണ്ടി സാംസ്കാരിക വകുപ്പു നടത്തുന്ന പതിമൂന്നാമത് ഇറ്റ്ഫോക്കിന്റെ സമാപന ദിവസമായ ഫെബ്രുവരി 14 നു രാത്രി 8. 45 ന് പവലിയൻ വേദിയിൽ കാണാം, കേൾക്കാം മാംഗനിയാർ സെഡക്ഷൻ.
മരുഭൂമിയുടെ ആഴങ്ങളും പരപ്പും നെടുവീർപ്പും ഗതകാല സംഗീതത്തിന്റെ താളലയത്തിൽ ആസ്വദിക്കാം. മാംഗനിയാർ സമൂഹത്തിന്റെ സംഗീത ലോകം മികച്ച ശബ്ദ ദൃശ്യ സമന്വയത്തോടെ മരുഭൂമിയിലെ നാടോടി സംഗീതജ്ഞർ എന്ന നിലയിൽ പ്രശസ്തരായ അവരുടെ പാട്ടുകൾ മരുഭൂമിയുടെ വാക്കാലുള്ള ചരിത്രത്തിന്റെ ഒരു രൂപമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതെങ്ങനെ എന്നും അറിയാം.