അജയ് പി മങ്ങാട്ട് അഭിമുഖം: വായനക്കാരുടെ ഇന്റിലിജൻസിൽ ഞാൻ വിശ്വസിക്കുന്നു

അജയ് പി മങ്ങാട്ട് അഭിമുഖം: വായനക്കാരുടെ ഇന്റിലിജൻസിൽ ഞാൻ വിശ്വസിക്കുന്നു

Published on
Q

എന്താണ് അജയിന്റെ എഴുത്തു രീതി? എല്ലാ ദിവസവും എഴുതാറുണ്ടോ, ഏതു സമയത്താണ് എഴുതാനിഷ്ടം? പ്രചോദനത്തിനു കാത്തുനിൽക്കാറുണ്ടോ?

A

ദിവസവും എഴുതുന്ന പതിവ് എനിക്കില്ല. പതിവായി വിചാരിക്കുന്നു. വിചാരത്തില്‍ ദിവസവും എഴുത്തു നടക്കുന്നു. അതിലപ്പുറം പോകാറില്ല. പല വാക്യങ്ങളായും സന്ദര്‍ഭങ്ങളായും ചില ഇമേജുകളായും ഞാന്‍ കൊണ്ടുനടക്കാറുള്ള കാര്യങ്ങള്‍ കുറേയുണ്ട്. അവയൊന്നും ഞാന്‍ എഴുതാറില്ല. ഒരു കവിതയോ കഥയോ നോവലോ വായിച്ചുകഴിഞ്ഞാല്‍ അതേപ്പറ്റി ചില കുറിപ്പുകള്‍ എഴുതിവയ്ക്കാറുണ്ട്‌. പക്ഷേ ചിലപ്പോള്‍ അവ വീണ്ടും വായിക്കുമ്പോള്‍ ചില ചലനങ്ങള്‍ ഉള്ളിലുണ്ടാകാറുണ്ട്. അപ്പോഴും എഴുത്തു ദിവസവും സംഭവിക്കില്ല.

രാവിലെയാണ് എഴുതുക. ഉച്ച വരെയുള്ള സമയം എനിക്ക് ഇഷ്ടമാണ്. ഒന്നുകില്‍ ആ സമയം ഞാന്‍ ഉറങ്ങും. അല്ലെങ്കില്‍ എഴുതുകയോ വായിക്കുകയോ ചെയ്യും. തുടര്‍ച്ചയായി എഴുതുക പ്രയാസകരമാണ്. എഴുതുമ്പോഴാണ് എനിക്ക് ഉറക്കം വരിക. വായിക്കുമ്പോള്‍ എനിക്ക് ഉറക്കം നഷ്ടപ്പെടുകയാണു പതിവ്.

എന്നെ സംബന്ധിച്ചിടത്തോളം പ്രത്യേക പ്രചോദനം ഒന്നുമില്ല. ചില സ്മരണകള്‍ ഒരു പ്രചോദനം പോലെ പ്രവര്‍ത്തിക്കാറുണ്ട്. പക്ഷേ അതു കാത്തുനിന്നാല്‍ വരുന്നതല്ല. ഒന്നിനുവേണ്ടിയും കാത്തുനില്‍ക്കരുത്. പ്രചോദനത്തേക്കാള്‍ പ്രിയപ്പെട്ട കാര്യം സമയവും സൗകര്യവും ഇരുന്നെഴുതാന്‍ കഴിയുന്ന ഒരു മുറിയുമാണ്. പുസ്തകങ്ങളും കടലാസുകളും ഒക്കെ നിവര്‍ത്തിവയ്ക്കാന്‍ കഴിയും വിധം വിശാലമായ, വൃത്തിയുള്ള മേശയും നടുവേദനയുണ്ടാക്കാത്ത കസേരയും ഒരു ലാപ് ടോപ്പും ഉണ്ടെങ്കില്‍ എഴുതാനാകും.

Q

എന്താണ് ആദ്യകാല എഴുത്തിനെപ്പറ്റിയുള്ള ഓർമ്മകൾ? അജയിന്റെ എഴുത്തിൽ, കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിൽ, എന്തൊക്കെ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?

A

പഠിക്കുന്ന കാലത്ത് ഞാന്‍ പതിവായി ദിവസവും എന്തെങ്കിലും , ഊഹിക്കാമല്ലോ, മിക്കവാറും കവിതകള്‍ എഴുതിയിരുന്നു. ധാരാളം കത്തുകളും. സാഹിത്യമല്‍സരങ്ങളില്‍ പതിവായി പങ്കെടുത്തു, അന്ന്‌ കഥയെഴുത്തും കവിതയെഴുത്തും അനായാസമായ പ്രവൃത്തിയായിരുന്നു. പഠനം കഴിഞ്ഞതോടെ അതു ഞാന്‍ നിര്‍ത്തി, പകരം ലേഖനം എഴുതാന്‍ തുടങ്ങി. അതോടെ ദിവസവും എഴുതുന്നതു നിലച്ചു.

ആദ്യമൊക്കെ ഞാന്‍ അക്കാദമികമായ ഒരു ഭാഷ ഉണ്ടാക്കാനാകാനാണു നോക്കിയത്. വളരെ ജടിലമായത്. പിന്നീട് അതില്‍ ഒരു കാര്യവുമില്ലെന്ന് എനിക്കു മനസിലായി. ഞാന്‍ രണ്ടുമൂന്നു കൊല്ലം ഒരു സാഹിത്യവും വായിക്കാതെ ചരിത്രവും മതവും സംസ്കാരവും മാത്രം വായിച്ചിട്ടുണ്ട്. മിഡില്‍ഈസ്റ്റ് പൊളിറ്റിക്സ്, ഇസ്‌ലാം, ക്രിസ്റ്റ്യാനിറ്റി അങ്ങനെ കുറേ വിഷയങ്ങള്‍. അതു കഴിഞ്ഞു ഞാന്‍ സാഹിത്യവായനയിലേക്കു മടങ്ങിവന്നശേഷം എനിക്കു തന്നെ മനസിലായി എനിക്കിനി എഴുതാന്‍ പ്രയാസമായിരിക്കുമെന്ന്. അതായത്, ജേണലിസവും കൂടെയുള്ള നോണ്‍ ഫിക്ഷന്‍ വായനയും കൂടി ചേര്‍ന്നതോടെ എനിക്ക് ശരിക്കും ഒരു ബ്ലോക് വന്നു. എന്റെ ഒരു ഏകാന്തത അതായത് നമ്മുടെ ഒരു സര്‍ക്കിളിനുള്ളില്‍ കുടുംബത്തിലായാലും കൂട്ടുകാരുടെയില്‍ ആയാലും ജോലിസ്ഥലത്തായാലും ഒരു മനുഷ്യനിലെ ശരിക്കുള്ള ഏകാന്തത എന്താണെന്ന് എനിക്ക് മനസിലായി. ഭാഷയാണ് അതു കൊണ്ടുവരുന്നത്. ഞാന്‍ ആ അനുഭവം വച്ചാണ് മറ്റൊരു രീതിയില്‍ എഴുതാന്‍ നോക്കിയത്. അങ്ങനെ ഞാനൊരു ഭാഷാശൈലി, എന്റേതായ ഒരു ശൈലി, ഉണ്ടാക്കിയെന്നാണു വിശ്വാസം. അതു പക്ഷേ വായനക്കാര്‍ക്കോ മറ്റ് എഴുത്തുകാര്‍ക്കോ പ്രസക്തമാകണമെന്നില്ല. ശ്രദ്ധിക്കണമെന്നില്ല. എനിക്കതു വലിയ സന്തോഷമാണു തന്നത്. ഞാന്‍ എഴുതുന്നതിലെ ഒരു വ്യത്യാസം, ഈ ശൈലി എന്നു പറയുന്നതു കൊണ്ടുവരുന്ന ആത്മവിശ്വാസം അപാരമാണ്. എന്റെ വായനയുടെ ഒരു ബൈ പ്രൊഡക്റ്റ് ആണ്‌ എന്റെ എഴുത്ത് എന്നു കരുതുന്ന ഒരു സ്നേഹിതന്‍ എനിക്കുണ്ട്. അതു കുറേ ശരിയാണ്. കാരണം ഞാന്‍ എഴുത്തിനെ വളരെ പേഴ്സനല്‍ ആയി സ്വീകരിച്ചിട്ടുള്ള ആളാണ്. അതായത് ഞാന്‍ വായിക്കുന്നു. ഞാന്‍ വായിച്ചത് ആലോചിക്കുന്നു. പിന്നീട് ഞാന്‍ എഴുതുന്നു. മടുക്കുമ്പോള്‍ ഞാന്‍ വീണ്ടും വായിക്കുന്നു. അതായത് എഴുത്ത് പെട്ടെന്നു ക്ഷീണിപ്പിക്കും. മടുപ്പു വരും. അപ്പോള്‍ നിങ്ങള്‍ എഴുത്തു നിര്‍ത്തിവയ്ക്കും. എന്തെങ്കിലും വായിക്കും. അപ്പോള്‍ സ്മരണകളില്‍ ഒരു സ്റ്റിമുലേഷന്‍ സംഭവിക്കും. അങ്ങനെ വീണ്ടുമെഴുതുന്നു. ഇതൊരു നോണ്‍ സ്റ്റോപ് പ്രൊസസാണ്.

മേതില്‍ രാധാകൃഷ്ണനെയും പട്ടത്തുവിള കരുണാകരനെയും വായിച്ചപ്പോള്‍ എനിക്ക് മനസിലായത്, അവര്‍ അപാരമായ ശക്തി പകരാന്‍ കഴിവുള്ളവരാണെന്നാണ്. വിജയനും ആനന്ദുമാണ് മറ്റു രണ്ടുപേര്‍. പക്ഷേ ഇതെല്ലാം സീസണൽ ആണ്‌. അതു കഴിയുമ്പോൾ പൊട്ടും പൊടിയും വാരിയെടുത്താണ്‌ എഴുതുക.

Q

ആരാണ് പ്രിയപ്പെട്ട എഴുത്തുകാരൻ, എന്തുകൊണ്ട്?

A

ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ മാത്രം പേരു മനസ്സില്‍ വരുന്നില്ല.

ഏറ്റവും ഇഷ്ടം ഉള്ളവരിലൊരാള്‍ ആനന്ദ് ആണ്. എന്റെയുള്ളില്‍ വലിയ പ്രകമ്പനങ്ങള്‍ ഉണ്ടാക്കിയ ഗദ്യമാണ്. ഉറൂബാണു മറ്റൊരാള്‍. സരളവും വികാരതീക്ഷ്ണവുമായ വാക്കുകളാണു ഞാന്‍ ഉറൂബില്‍ വായിച്ചത്. പരസ്പരം സാമ്യമില്ലാത്ത ഈ രണ്ട് നോവലിസ്റ്റുകളുടെയും ചില രചനകള്‍ എന്റെ ഗദ്യബോധത്തെ നന്നായി സ്വാധീനിച്ചു.

ഞാന്‍ സ്ഥിരമായി പോകാറുള്ള മറ്റ് രണ്ടു എഴുത്തുകാര്‍ ചെഖോവും ബല്‍സാഖുമാണ്. അവരുടെ കഥകളില്‍, യൗവനം ഉണ്ടാക്കുന്ന അമ്പരപ്പുകള്‍ എന്തെല്ലാമാണ്! അതിലെ കാലുഷ്യങ്ങള്‍ക്ക് എത്ര വിചിത്രമായ ഭാവഭേദങ്ങളും! അത് നിധി കിട്ടുന്ന സ്ഥലങ്ങളായിട്ടാണ് എനിക്ക് തോന്നുന്നത്, ഉദാഹരണത്തിന് ചെഖോവിന്റെ മൈ ലൈഫ്, ത്രീ ഇയേഴ്സ്. അല്ലെങ്കില്‍ ബല്‍സാഖിന്റെ കേണല്‍ ഷബേ, എ പാഷന്‍ ഇന്‍ ദ് ഡെസേര്‍ട്. നിങ്ങളുടെ ഗദ്യം ജീവനുള്ളതാണെങ്കില്‍ എത്രയെഴുതിയാലും അത് സ്ഥൂലമാകില്ലെന്ന് ബല്‍സാഖ് തെളിയിച്ചു. ഹൃദയത്തിലേക്കാണു നിങ്ങളുടെ നോട്ടമെങ്കില്‍ അമ്പരപ്പിക്കുന്ന ആവിഷ്കാരങ്ങള്‍ സംഭവിക്കുമെന്നു ചെഖോവും.

ആനന്ദില്‍ എഴുത്തുകാരന്റെ ഇന്റിലിജന്‍സ് ഭാവനയെ ജ്വലിപ്പിക്കുന്നു, മനുഷ്യാവസ്ഥയെ നിശിതമായി സമീപിക്കുന്നു, ചരിത്രത്തിനു മുന്നിലെ നിസ്സഹായത ആവര്‍ത്തിച്ചു കാണുന്നു. ഉറൂബില്‍ മനുഷ്യന്റെ ഇച്ഛാശക്തിയാണ് ഭാവനയുടെ ബലം. ചരിത്രമടക്കം തന്നേക്കാള്‍ കരുത്തേറിയ എല്ലാറ്റിനോടും ചെറുത്തുനില്‍ക്കാന്‍ കഥാപാത്രങ്ങളെ അത് സജ്ജരാക്കുന്നു.

Q

എങ്ങനെയാണ് നോൺ ഫിക്ഷൻ എഴുത്തിൽ പൊതുവെ എപ്പോഴും വ്യക്തിപരമായ എന്തെങ്കിലും ഒരു അംശം കൊണ്ടുവരാൻ കഴിയുന്നത് - ജോസഫിന്റെ കവിതയെപ്പറ്റി പറയുമ്പോൾ കുട്ടിക്കാലത്ത് ഉടുമ്പിനെ കണ്ട കാര്യം പറയുന്നത്, അല്ലെങ്കിൽ പുഴക്കരയിലെ ഏകാന്തത വിവരിക്കുമ്പോൾ നീഷേയുടെ മലഞ്ചെരുവിലെ ഒറ്റമരം കയറിവരുന്നത് - എങ്ങനെയാണത്?

A

എന്റെ എഴുത്ത് വളരെ പേഴ്സനല്‍ ആണെന്ന് പറഞ്ഞല്ലോ. അത് വ്യക്തിപരം എന്ന അര്‍ത്ഥത്തിലല്ല. അത് ബോര്‍ഗെസ് ചെയ്ത ഒരു രീതിയിലാണ് , ബഷീര്‍ ചെയ്‌തതുപോലെയല്ല. അതായത് ബോര്‍ഗെസ് എഴുത്ത് ശരിക്കും ഓട്ടോബയോഗ്രഫിക്കല്‍ ആണ് എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ ഓര്‍മയില്‍നിന്ന് പറയുകയാണ്, ഓട്ടോബയോഗ്രഫിക്കല്‍ എന്നുവച്ചാല്‍, ഒരാളുടെ ഏറ്റവും സ്വകാര്യമായ ആക്റ്റിവിറ്റി. അതിൽ കുറെ രഹസ്യമൊക്കെയുണ്ട്‌. എന്നിട്ടു നിങ്ങള്‍ ബോര്‍ഗെസിന്റെ കഥകള്‍ വായിച്ചുനോക്കൂ. അതില്‍ എന്തെങ്കിലും പേഴ്സനല്‍ ആയത് ഉണ്ടോ? ബഷീര്‍ വായിക്കുമ്പോള്‍ നാം ബഷീര്‍ എന്ന വ്യക്തിയെ കാണുന്നതുപോലെ, എഴുത്തുകാരന്‍ നായകനാകുന്നതുപോലെ ഒന്ന് അവിടെയുണ്ടോ? ഇല്ല. പകരം അവിടെ വളരെ ഇംപേഴ്സനലായ ഒരു ഗദ്യമാണുള്ളത്. പക്ഷേ, അത് താന്‍ വായിച്ച പുസ്തകങ്ങളുടെ ഓര്‍മയാണെന്നോ മറ്റോ ബോർഗെസ്‌ പറഞ്ഞിട്ടുണ്ട്. അതായത് നിങ്ങള്‍ ആയിരത്തൊന്നു രാവുകളെ വച്ച് ഒരു കഥയെഴുതുന്ന രീതി വളരെ പേഴസ്നല്‍ ആണ്. അതാണ് ഞാന്‍ പറഞ്ഞ ബോര്‍ഗെസിയൻ‌ രീതി.

ഞാന്‍ വായിക്കുന്ന എല്ലാറ്റിലേക്കും എന്റെ ഒരു പേഴ്സനല്‍ സ്പേസ് കൊണ്ടുവരാന്‍ പറ്റുമോ എന്നു ഞാന്‍ നോക്കിയിട്ടുണ്ട്. കഴിഞ്ഞ 10–15 വര്‍ഷത്തിനിടെ ഞാന്‍ എഴുതിയിട്ടുള്ള എല്ലാ സാഹിത്യവിമര്‍ശനപരമായ ലേഖനങ്ങളിലും ഞാനതു പ്രയോഗിച്ചിട്ടുണ്ട്. അതേപ്പറ്റി പറഞ്ഞാല്‍, അത് എന്റെ ഒരു അനുഭൂതിയായിരുന്നു. ജോസഫിന്റെ കവിതയിലെ കാര്യം. അതിലെ ഉടുമ്പ്, അത് ആ കവിതയില്‍ തന്നെ ഉള്ളതാണ്. പക്ഷേ, ഞാന്‍ അത് എന്റെ അനുഭവത്തിലെ ഉടുമ്പിലേക്ക് അതിനെ ട്രാന്‍സ്ഫര്‍ ചെയ്തപ്പോഴാണ് ആ കവിതാപഠനം എഴുതാനുള്ള ഭാഷ വന്നത്. അത് ഓട്ടമാറ്റിക് ആയി സംഭവിക്കുന്നതാണ്. നോട് പ്ലാന്‍ഡ് എക്സാറ്റ്‌ലി. കവിക്ക് പക്ഷേ, അത് ഇഷ്ടപ്പെടണമെന്നില്ല. അയാള്‍ നോക്കുമ്പോള്‍, അയാള്‍ കൊണ്ടുവന്ന ഉടുമ്പിനേക്കാള്‍ ജീവനുള്ള ഒരു ഉടുമ്പ് അയാളുടെ കവിതയ്ക്കെഴുതിയ പഠനത്തില്‍ വന്നു എന്നു പോലും അയാള്‍ക്കു വിചാരിക്കാം. നീത്ഷെയുടെ കാര്യം പറഞ്ഞാല്‍, ഞാന്‍ കുറേ വര്‍ഷങ്ങളോളം നീത്ഷേ മാത്രമേ വായിച്ചിട്ടുള്ളു. ഒരുകാലത്ത് ഞാനെഴുതിയ എല്ലാറ്റിലും ഞാന്‍ നീത്ഷേയെ കൊണ്ടുവന്നിരുന്നു. ഒരു ഒന്നൊന്നര മണിക്കൂര്‍ ഞാന്‍ നീത്ഷേയെപ്പറ്റി ഒരു ടെക്സ്റ്റും കയ്യിലില്ലാതെ സംസാരിച്ചിട്ടുണ്ട്. അതൊരു പാഷനായിരുന്നു. പക്ഷേ, എന്റേത് അക്കാദമിക് ക്രിട്ടിസിസത്തിന്റെ രീതിയല്ല. ഞാന്‍ അക്കാദമിക് ആയി എഴുതാന്‍ ഇഷ്ടപ്പെടുന്ന ആളല്ല. അക്കാദമികസിദ്ധാന്തങ്ങള്‍ വച്ചുള്ള വിശകലന രീതി ഞാന്‍ എഴുത്തില്‍ ഉപയോഗിക്കുകയോ അതു വച്ചു പുസ്തകങ്ങള്‍ വായിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് സിദ്ധാന്തങ്ങള്‍ വഴങ്ങുകയില്ല. അതുകൊണ്ടാണ് മാര്‍ക്സിസം മുതല്‍ സൂഫിസം വരെ ഒരു സിദ്ധാന്തത്തിലും എനിക്കു രസം തോന്നാത്തത്.

Q

യാത്രകൾ, സ്ഥലങ്ങൾ എത്രത്തോളം എഴുത്തിനെ സ്വാധീനിയ്ക്കാറുണ്ട്? ഇവയുടെ വിശദാംശങ്ങൾ എഴുത്തിൽ എത്ര പ്രധാനമാണ്?

A

ഞാന്‍ വളരെ കുറച്ചു യാത്ര ചെയ്തിട്ടുള്ള ആളാണ്. എന്റെ ജീവിതത്തിലെ അധികം കാലവും ഒരു സ്ഥലത്ത് വളരെ ചെറിയ ഒരു ജ്യോഗ്രഫിക്കല്‍ സ്പേസിലാണു ഞാന്‍ സഞ്ചരിക്കുകയും ജീവിക്കുകയും ചെയ്തിട്ടുള്ളത്. പക്ഷേ തമിഴ്നാട്ടില്‍ ഞാന്‍ നടത്തിയിട്ടുള്ള പല യാത്രങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്റെ എഴുത്തിന് അത് ഇന്ധനമായിട്ടുണ്ട്. അതു പക്ഷേ സ്നേഹപ്രേരിതമായ അനുഭവങ്ങളുടെ കൂടി ഫലമാണ്. എന്റെ ഒരു ആഗ്രഹം തീരെ യാത്ര ചെയ്യാതെ ഏതെങ്കിലും സ്ഥലത്തു മാത്രം ഒരു പശുവിനെയോ നായയെപോലെ വീട്ടുമൃഗത്തെപ്പോലെ കഴിയാനാണ്. പക്ഷേ, ആ സ്ഥലം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കണം എന്നു മാത്രം.

Q

ആവർത്തിച്ചു വായിയ്ക്കുന്ന നോവലുകൾ, ചെറുകഥകൾ, എഴുത്തുകാർ - അങ്ങനെയെന്തെങ്കിലും? ഇത് അജയിന്റെ എഴുത്തിനെ എങ്ങനെയാണു സ്വാധീനിയ്ക്കുന്നത്?

A

ഞാന്‍ വായിച്ചു മറക്കുന്ന പല പുസ്തകങ്ങളിലേക്കും ഞാന്‍ വീണ്ടും മടങ്ങിപ്പോയിട്ടുണ്ട്. ഉറൂബ്, തകഴി, ബഷീര്‍, വിജയന്‍, ആനന്ദ്, പട്ടത്തുവിള, കുമാരനാശാന്‍, പി. , ബാലാമണിയമ്മ, അക്കിത്തം എന്നിങ്ങനെ കുറേപ്പേരെ ഞാന്‍ സ്ഥിരമായി വായിക്കാറുണ്ട്. വിക്ടര്‍ ലീനസും. കാഫ്ക, ബോര്‍ഗെസ്, റില്‍ക്കെ, പെസോവ, റൂമി, എമിലി ഡിക്കിന്‍സന്‍, ടോള്‍സ്റ്റോയി, ചെഖോവ്,സാരമാഗോ തുടങ്ങി ഏതാനും പേരെ ഇടയ്ക്കിടെ എടുത്തുവായിക്കാറുണ്ട്. ഈ എഴുത്തുകാരുടെ എണ്ണം പരമാവധി കുറച്ചുകൊണ്ടുവരാനാണു ഞാന്‍ നോക്കുന്നത്. ബല്‍സാക് ആണ് കൂടുതല്‍ വട്ടം വായിക്കാന്‍ ഇഷ്ടമുള്ള മറ്റൊരാള്‍, ബല്‍സാക് ഞാന്‍ വൈകിത്തുടങ്ങിയതാണ്. അങ്ങനെ ചിലതുണ്ട്. ഫ്ലോബേര്‍ ആണോ എന്നറിയില്ല പറഞ്ഞിട്ടുണ്ട് ഒരു ജന്മത്തില്‍ നിങ്ങള്‍ക്ക് ശരിക്കും വായിച്ച് ആസ്വദിക്കാന്‍ കഴിയുക നാലോ അഞ്ചോ എഴുത്തുകാരെ മാത്രമായിരിക്കും. അതിനുള്ള സമയമേ ഉള്ളൂ എന്ന്. സത്യത്തില്‍ ഇപ്പറഞ്ഞ എല്ലാവരുടെയും സ്വാധീനം കൊണ്ട് എഴുതാനാണ് എനിക്കാഗ്രഹം. ഞാന്‍ ആനന്ദിനെ അനുകരിച്ച് എഴുതിത്തുടങ്ങിയ ആളാണ്. ഒരു സ്വാധീനവും സ്ഥിരമല്ല. ഒരാള്‍ ഒരുപാടുപേരെ അനുകരിക്കണം. കുറേ അനുകരിക്കുമ്പോള്‍ അതില്‍നിന്ന് ഇതൊന്നുമല്ലാത്ത ഒരു സാധനം ഉണ്ടാകും. ഇതുവരെ ബയോളജിക്കല്‍ ആയ കാര്യമാണ്. കാരണം പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ മനുഷ്യപ്രവൃത്തി ഇമിറ്റേഷനാണ്. അതിലൊരു സംശയവുമില്ല. ഭാഷ അടക്കം എല്ലാ മനുഷ്യശേഷികളും നാം അനുകരിച്ചുണ്ടാക്കണതാണല്ലോ. ഗദ്യമെഴുതുമ്പോള്‍ ബോര്‍ഗെസിനെയും കൂന്ദേരയെയും അനുകരിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞിട്ടില്ല. വി.പി.ശിവകുമാറിന്റെ ഗദ്യം വളരെ ടെംപ്റ്റിങ് ആണ്. ദൈവത്തിന്റെ വികൃതികളിലെ മുകുന്ദന്‍, മധുരംഗായതിയിലെയും രാഷ്ട്രീയലേഖനങ്ങളിലെയും വിജയന്റെ ഗദ്യം, ബാലാമണിയമ്മയുടെ പദ്യം, മരുഭൂമികള്‍ ഉണ്ടാകുന്നത് എന്നതിലെ ആനന്ദ്. ഇതുപോലെ ഒരു 10 പേരെ സ്ഥിരമായി മനസില്‍ അനുകരിച്ചുകൊണ്ടിരുന്നാല്‍ ഒടുവില്‍ എന്തെങ്കിലും ഒരു ശൈലി ഉണ്ടായിവന്നേക്കാം. ഞാന്‍ ഒരു ഹൈപോതിസീസ് പറഞ്ഞതാണ്. എനിക്ക് അതില്‍ കാര്യമായി വിജയിക്കാന്‍ പറ്റിയിട്ടില്ല. പക്ഷേ!

Q

ഇഷ്ടമുള്ള മലയാളം നിരൂപകർ ആരൊക്കെയാണ്? ഇപ്പോഴുള്ള മലയാളം നിരൂപണത്തെ എങ്ങനെ കാണുന്നു? മാർക്കറ്റു താൽപ്പര്യങ്ങൾക്കു വേണ്ടി മാത്രമെഴുതുന്ന നിലയിൽ അത് അധഃപതിച്ചതായി തോന്നിയിട്ടുണ്ടോ? നിരൂപണത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടോ?

A

നിരൂപണം പൊതുവേ താങ്ക് ലെസ് ജോബാണ്. ക്രിറ്റിക്കൽ പ്രോസിനു നിരന്തരമായ ചില ശ്രമങ്ങളും വേണം. പക്ഷേ, എഴുത്തുകാരുടെ കൂട്ടത്തിലൊക്കെ കൂടി നിൽക്കാൻ പ്രയാസമാണ്. എനിക്ക് ഇതേ വരെ നിരൂപണം കൊണ്ട് ഒരെഴുത്തുകാരന്റെയും നല്ല സൗഹൃദം കിട്ടിയിട്ടില്ല. പലരും ഞാൻ ക്രിറ്റിക് ആണെന്നു പറയും. പക്ഷേ, നമ്മുടെ നിരൂപകരുടെ പേരുകൾ പറഞ്ഞാൽ അക്കൂട്ടത്തിൽ ഞാനുണ്ടാകില്ല. അങ്ങനെ വരണമെങ്കിൽ നിങ്ങൾ സ്വയം ആളെന്ന് കരുതി മറ്റുള്ളവർക്കുമേൽ ഇംപോസ് ചെയ്തുകൊണ്ടിരിക്കണം…പിന്നെ എഴുത്തുകാരനെ കുരിശേറ്റുന്ന ഒരു ശൈലി എനിക്കു വശമില്ല. ആരെയും കീറിമുറിക്കാന്‍ ഞാൻ പോയിട്ടില്ല. എന്റെ പണി അതല്ലെന്നാണു ഞാന്‍ നിരൂപണം എഴുതിയപ്പോഴൊക്കെ കരുതിയിട്ടുള്ളത്. എനിക്കിഷ്ടമില്ലാത്തവരെ ഞാന്‍ വിട്ടേക്കും. അവര്‍ക്ക് അവരുടെ വഴി എനിക്ക് എന്റെ വഴി.

നിരൂപകരില്‍ ഞാന്‍ എന്‍പി ശങ്കുണ്ണിനായരെയും കുട്ടികൃഷ്ണമാരാരെയും വലിയ ബഹുമാനത്തോടെയാണു കാണുന്നത്. രണ്ടുപേരും മുടിഞ്ഞ തലേക്കല്ലന്‍മാര്‍ ആയിരുന്നു. ശങ്കുണ്ണിനായര്‍ ശക്തമായഭാവന ഉപയോഗിച്ചാണു നിരൂപണമെഴുതിയത്. കൃതിയെ എഴുത്തുകാരനില്‍നിന്ന് തട്ടിപ്പറിച്ചു സ്വതന്ത്രമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കണ്ണീര്‍പ്പാടത്തിന് അദ്ദേഹമെഴുതിയ പഠനമാണ് എന്നും ഞാന്‍ ഓര്‍ക്കാറുള്ളത്. പി.കെ. ബാലകൃഷ്ണന്റെ ചില പഠനങ്ങള്‍ ശ്രദ്ധേയമാണ്. കെ.പി. അപ്പനേക്കാള്‍ മികച്ച നിരൂപകന്‍ വി. രാജാകൃഷ്ണനാണ്. പക്ഷേ പഠിക്കുന്ന കാലത്ത് ഞാനും അപ്പനു പിന്നാലെയായിരുന്നു.

അപ്പന്‍ ഭാഷ കൊണ്ടുള്ള കൗശലങ്ങളുടെ ആളായിരുന്നു. വായനക്കാരെ വിശേഷിച്ചും ചെറിയ വായനക്കാരെ വട്ടം ചുറ്റിക്കാന്‍ നല്ല കഴിവായിരുന്നു. രാജാകൃഷ്ണനു നല്ല സാഹിത്യബോധവും ദര്‍ശനവും ഉണ്ട്. അദ്ദേഹത്തിന്റെ ഭാഷ അപ്പന്റേതു പോലെ തൊങ്ങലു വച്ചതല്ലെന്നു മാത്രം. എന്നാല്‍ നിരൂപണത്തിന്റെ ശൈലി അദ്ദേഹത്തിനു നല്ലപോലെയുണ്ട്.

മാര്‍ക്കറ്റിങ്ങിനുവേണ്ടി എഴുതുന്നവര്‍ എഴുതട്ടെ, അല്ലെങ്കിൽ നാം എല്ലാ സാധനങ്ങളും വില കൊടുത്തുവാങ്ങുന്നു. അതിനിടയിൽ പുസ്തകവും. അപ്പോൾ അതു മാർക്കറ്റ് ചെയ്യണമെന്ന് ഒരാൾ കരുതും. പക്ഷേ, എനിക്ക് ഇപ്പോള്‍ അതിലൊന്നും താല്‍പര്യമില്ല. മരിച്ചുപോയ എഴുത്തുകാരാണ് എന്റെ സ്നേഹിതര്‍. അവരെ ഞാന്‍ പ്രീണിപ്പിക്കുന്നില്ല. അവര്‍ എന്നെയും. എന്റെ ഒരു മനോഭാവം ഈ രീതിയിലാണ്. ക്രിറ്റിക്കല്‍ പ്രോസ് എന്നതു വളരെ സീരിയസ് ആയ എഴുത്താണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ എഴുത്തുകാര്ക്കുപോലും അതറിയില്ല. സെയ്ബാള്‍ഡ്, കൂന്ദേര, ഗൊയ്ഥേ, ജി.കെ. ചെസ്റ്റര്‍ട്ടന്‍, കൂറ്റ്സീ, ഓർവെൽ തുടങ്ങിയ എത്രയോ പേര്‍ ഗംഭീര ക്രിട്ടിക്കല്‍ പ്രോസ് എഴുതിയിരിക്കുന്നു

Q

ബഷീറോ, വിജയനോ?

A

വിജയന്‍.

Q

മാർകേസോ, യോസയോ?

A

യോസ

Q

സെബാൾഡോ, വാൾസറോ?

A

വാല്‍സര്‍

Q

നോസ്ഗാർഡോ, ബൊലാഞ്ഞോയോ?

A

ബൊലാനോ

Q

എലീ വീസലോ, പ്രിമോ ലെവിയോ?

A

പ്രിമോ ലെവി തന്നെ.

Q

അജയിന്റെ കവിതയിലുള്ള കമ്പം എങ്ങനെയാണ് രൂപപ്പെടുന്നത്? ആവർത്തിച്ചു വായിയ്ക്കുന്ന കവികൾ ആരെല്ലാമാണ്?

A

ഞാൻ കവിയാകണം എന്ന് ആഗ്രഹിച്ചതാണ്. സ്വാഭാവികമായും 90കളിൽ പേരുകേട്ട എല്ലാവരെയും വായിച്ചു. കവിതയെഴുതാനുള്ള ആഗ്രഹം പോയശേഷമാണ് ഞാൻ കവിത ശീലമാക്കിയത്. മലയാളത്തിൽ ഞാൻ പതിവായി വായിക്കുന്നത്: കുമാരനാശാൻ, അക്കിത്തം, ബാലാമണി അമ്മ, വൈലോപ്പിള്ളി, വിജയലക്ഷ്മി. (മറ്റു പലരും ഉണ്ട്. എനിക്ക് ആദ്യം വന്ന പേരുകളാണ് പറഞ്ഞത്)

Q

വരികൾക്കിടയിലെ വായന എന്ന് കവിതയെ ഏതോ രസികൻ നിർവ്വചിച്ചിട്ടുണ്ട്, അജയിന്റെ വായനയിൽ അത് പ്രാധാനമാണോ? ബുദ്ധിപരമായി ഒന്നിനെ മനസ്സിലാക്കാൻ ശ്രമിയ്ക്കുകയും അതെ സമയം വൈകാരികമായി അതിനാൽ ബാധിയ്ക്കപ്പെടുകയും ചെയ്യുക എന്ന തരത്തിലെ അനുഭവങ്ങളുണ്ടോ?

A

കവിതയിൽ എന്നല്ല ഒരു ആർട്ടിലും ഞാൻ വൈകാരികത ഒഴിവാക്കാൻ നോക്കാറില്ല. എനിക്ക് അളവില്ലാത്ത വൈകാരികത വേണം.   വായനയിൽ വൈകാരികമായ എന്റെ തന്മയീഭാവം സമ്പൂർണമാണ്. വായന കഴിയുമ്പോൾ, അല്ലെങ്കിൽ പിന്നീടാലോചിക്കുമ്പോൾ, അതിൽ, ആ കവിതയിൽ അത്ര രമിക്കാനുള്ള സ്റ്റഫില്ല എന്നു തോന്നുന്ന സന്ദർഭം വരാം. ഉദാഹരണത്തിന്, ചെറുപ്പത്തിൽ ഒഎൻവിയെയോ കടമ്മനിട്ടയെയോ വായിച്ചുരസിച്ചത് വർഷങ്ങൾക്കുശേഷം ക്രിട്ടിക്കലായി ഞാൻ നോക്കിയിട്ടുണ്ട്. അപ്പോഴും ഓർമ അങ്ങനെതന്നെ നിൽക്കും. കവിതയുടെ ഏറ്റവും നല്ല അനുഭവം അതുണ്ടാക്കുന്ന ഓർമ തന്നെയാണ്. ഒരു വിശ്വാസി അയാളുടെ ഏറ്റവും ഹീനമായ നിമിഷങ്ങളിൽ അതീവ വിശ്വാസിയാകുന്നതുപോലെ, നല്ല കാവ്യാസ്വാദനം നമ്മുടെ ജീവിതത്തിലെ ഏറ്റവും കാവ്യരഹിതമായ സന്ദർഭത്തിലാണു സംഭവിക്കുകയെന്നു ഞാൻ കരുതുന്നു.

Q

റിൽക്കെ, കാവഫി, ആശാൻ തുടങ്ങി പലരും കാലത്തെ അതിജീവിയ്ക്കുന്നതിന്റെ രഹസ്യം?

A

റിൽക്കെയുടെ പ്രത്യേകത, എനിക്കു തോന്നിയത്, അപാരമായ ധ്യാനമാണ്. അതിൽ അർത്ഥമഹിമകൾ ഉണ്ട്. ആത്മീയാനുഭവം   ഭാഷയിലെ ഉറവുകൾ ആണ്. അതിലൂടെ യൂറോപ്യൻ നാഗരികതയുടെയും യവന പൈതൃകത്തിന്റെയും സൗന്ദര്യസത്ത പകരുക കൂടി ചെയ്യുന്നു. ഒരിക്കൽ ഞാൻ റിൽക്കെയുടെ ഒരു കവിതയെപ്പറ്റി എന്റെ സ്നേഹിതനോടു സംസാരിക്കുകയായിരുന്നു. മൃതദേഹം കുളിപ്പിക്കുന്ന രംഗം വിവരിക്കുന്ന ചെറിയ കവിത. വരികൾ കൃത്യമായി ഓർത്തു പറയാതിരുന്നിട്ടും എന്റെ സ്നേഹിതന് കവിത വായിച്ചപോലെ ഒരു ഉലച്ചിൽ ഉണ്ടായി. ജർമൻ അറിയാത്ത നാം റിൽക്കെയുടെ പരിഭാഷയായ ഇംഗ്ലിഷിൽ കുത്തിക്കൊണ്ടിരിക്കും. കുറേ കുത്തിക്കുഴിക്കുമ്പോൾ ഉറവുകളുണ്ടാകും.

കവാഫി സരളം , പക്ഷേ, ശക്തമായ സ്നേഹമുണർത്തും. കവാഫിയുടെ കവിതകളിലെ ആൺപ്രേമങ്ങളെല്ലാം വിഖ്യാതമാണ്. അത് വെട്ടിത്തിളങ്ങുന്നു. അതിലെ മാനസികപ്രദേശങ്ങൾ തെളിച്ചമുള്ളതാണ്. ഒരു പുതിയ കവി കവാഫിയെ വായിച്ചാൽ ഞാൻ നാളെ മുതൽ അയാളെ പോലെ എഴുതും എന്നു തീരുമാനിക്കും. ആ വഴിയിലൂടെ പോയി വളരെ നല്ല കവിത എഴുതുകയും ചെയ്തേക്കാം.

കവിയുടെ ഭാഷയിലേക്ക് നാം നിരന്തരം സ‍ഞ്ചരിക്കുമ്പോഴാണ് അത് നമ്മുടെ വൈകാരികതയുടെ ചാലകമായി മാറുക. ഈ കണ്ടക്ടിവിറ്റി ഉണ്ടാകുമ്പോൾ റിൽക്കെക്ക് ഒപ്പം ആശാനും വായിക്കാം. അതു നല്ല രസമാണ്. ആശാനിലും റിൽക്കെയിലും ഭാഷ തന്നെയാണു പ്രധാനം. ആശാനിലെ നരേറ്റീവ് എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. വിവരണം, ആത്മഗതം, സംവാദം എന്നിവയെല്ലാം ഉൾച്ചുരുളുകളാൽ ദൃഢമായിരിക്കും.

Q

അനശ്വരം എന്ന് കരുതാവുന്ന ഒരു ആധുനിക കവിതയുടെയോ കവിയുടെയോ പേരുകൾ പറയാമോ?

A

ആശാൻ : ലീലാകാവ്യം

Q

“വൈ റീഡ് ക്ലാസ്സിൿസ്” എന്ന് കാൽവിനോയുടെ പുസ്തകമുണ്ടല്ലോ. എന്തിനാണ് നമ്മൾ ശരിയ്ക്കും ക്‌ളാസ്സിക്കുകൾ വായിയ്ക്കേണ്ടത്? ക്‌ളാസ്സിക് സാഹിത്യ വായന അജയിന് എത്ര കണ്ടു പ്രധാനമാണ്? എങ്ങനെയാണ് അജയിന്റെ ആ ശീലം ഉരുത്തിരിഞ്ഞുവന്നത്? കവിതയിലേയും ഫിക്ഷനിലെയും അത്തരം പുസ്തകങ്ങളെപ്പറ്റി പറയാമോ?

A

ക്ലാസിക്കിന് ഒരു വനത്തിന്റെ ലാൻഡ് സ്കേപാണ്. അല്ലാത്തതു നമ്മുടെ ബാൽക്കണിയിലെ പൂച്ചെടികളോ അടുക്കളമുറ്റമോ പോലെയിരിക്കും. വനം പോലെ നിഗൂഢമോ വിദൂരമോ അജ്ഞാതമോ ആയ ഒരുപാടുകാര്യങ്ങൾ ഭാഷ കൊണ്ടുവരുന്നതാണു നാം ക്ലാസിക്കിൽ കാണുന്നത്. ഡോൺ ക്വിക്‌സോട്ട് ഉദാഹരണം. എന്തിനാണ് ആ പുസ്തകത്തിനു പുതിയൊരു ഇംഗ്ലിഷ് പരിഭാഷ ചെയ്യാൻ എഡിത് ഗ്രോസ്‌മാനെ പ്രേരിപ്പിച്ചത്? അല്ലെങ്കിൽ ഒരു പ്രസാധകർ അതിനു മിനക്കെട്ടത്? വികാരപരമായും ധൈഷണികമായും ക്ലാസിക്കുകൾ കൊണ്ടുവരുന്ന ഊർജമാണ് എനിക്കു പ്രധാനം..   മോബിഡിക് ഈയിടെ വീണ്ടും വായിക്കുമ്പോൾ ഞാൻ ആ നോവൽ മുൻപ് ഒട്ടും വായിക്കാത്തതുപോലെയാണു തോന്നിയത്. അതായത് വായിച്ചുമറന്നതു വീണ്ടും വായിക്കുമ്പോൾ ആ മറവിയുടെ പശ്ചാത്തലം അപാര ആനന്ദം കൊണ്ടുവരും. എനിക്ക് ക്ലാസിക് ആയ രചനകൾ അതാണു തരുന്നത്. അതുണ്ടാക്കുന്ന ഭാഷാപരമായ ഊർജം ചെറുതല്ല. വേവലാതികളില്ലാതെ, ദിവസങ്ങളോ മാസങ്ങളോ ഒരു പുസ്തകം തന്നെ വായിക്കണമെന്ന് അപ്പോൾ തോന്നുന്നു. കിങ് ലീയർ, പഞ്ചതന്ത്രം, അറേബ്യൻ നൈറ്റ്സ്..

Q

അജയിന്റെ വായനയുടെ രാഷ്ട്രീയമെന്താണ് ?

A

സാഹിത്യത്തില്‍ വിവേചനത്തിന്റെ ഒരു ദര്‍ശനവും നിലനില്‍ക്കില്ല. അതുകൊണ്ടാണ് മറ്റെല്ലായിടത്തും തിരസ്കൃതനായ മനുഷ്യന് ആര്‍ട്ടും ലിറ്ററേച്ചറും മ്യൂസിക്കുമെല്ലാം ആത്മവിശ്വാസവും ആനന്ദവും നല്‍കുന്നത്. എല്ലാത്തരം വിഭാഗീയതകളെയും വിവേചനങ്ങളെയും തിരിച്ചറിയുന്ന, അതിനെ ചെറുക്കുന്ന രാഷ്ട്രീയബോധങ്ങളാണ് എന്റെ വായനയെ സ്വാധീനിക്കുന്ന ഭാവുകത്വം. എനിക്ക് ഒരു ക്രിറ്റിക്കല്‍ ഡെമോക്രാറ്റ് ആകാനാണ് ഇഷ്ടം. എന്നാല്‍ ഐ ആം എ ബന്‍ഡില്‍ ഓഫ് കോണ്‍ട്രഡിക്ഷന്‍സ് എന്ന് ഫ്ലോബേര്‍ പറഞ്ഞതുപോലെ, കടുത്ത വ്യക്തിവാദ നിലപാടുകളും ചിലപ്പോള്‍ ഞാന്‍ സ്വീകരിക്കാറുണ്ട്. ഞാന്‍ ഫിക്ഷന്‍ വായിച്ചിട്ടുള്ളതുപോലെ നോണ്‍ ഫിക്ഷനും വായിച്ചിട്ടുണ്ട്. രാഷ്ട്രീയരചനകളും അരാഷ്ട്രീയ രചനകളും വായിച്ചിട്ടുണ്ട്. എന്റെ വായനയുടെ സന്തോഷവും എഴുത്തുകാരന്റെ കാഴ്ചപ്പാടുകളും തമ്മില്‍ പൊരുത്തപ്പെടാതെ വരുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്. ഉദാഹരണം അമേരിക്കന്‍ എഴുത്തുകാരി ഫ്ലാനറി ഓ കോനര്‍, അവരുടെ കഥകളെല്ലാം എനിക്കു വലിയ ഇഷ്ടമാണ്. അവര്‍ ഉറച്ച കാത്തലിക് ആയിരുന്നു. തന്റെ മുഴുവന്‍ സാഹിത്യവും കാത്തലിക് ഡോഗ്മയുടെ ഉല്‍പന്നമാണെന്നു വരെ അവര്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, എനിക്ക് കത്തലിക് അല്ലെങ്കിലും അതിലൊക്കെ ഒരു കൗതുകമുണ്ട് ഐ ആം ഇന്റ്‍റസ്റ്റഡ് ഇന്‍ ഓള്‍ ഡോഗ്‌മാസ് പക്ഷേ നാം പറയുന്ന സാഹിത്യം എല്ലാ ഡോഗ്മയെയും ബ്രേക് ചെയ്യുന്നുവെന്നും നാം മനസിലാക്കണം.

Q

പരിഭാഷയിൽ താല്പര്യമുള്ളയാളാണല്ലോ. എങ്ങനെയാണ് അജയ് ആ ജോലി ചെയ്യാറ്? മലയാളത്തിലെയും മറ്റുഭാഷകളിലെയും മികച്ച പരിഭാഷകൾക്ക് ഉദാഹരണം പറയാമോ? എന്താണ് അജയിനെ പരിഭാഷയ്ക്കു പ്രേരിപ്പിയ്ക്കുന്ന ഘടകം?

A

പരിഭാഷ ചെയ്യുന്നതു നല്ലതാണെങ്കിലും എനിക്കതു മടുപ്പുള്ള പണിയാണ്. എഴുതുമ്പോഴുള്ള സ്വാതന്ത്ര്യക്കുറവാണു പ്രശ്നം.

എനിക്കു പരിഭാഷ ചെയ്യാനുള്ള ക്ഷമയോ താല്‍പര്യമോ യഥാര്‍ഥത്തിലില്ല. ചില സ്നേഹിതരുടെ നിര്‍ബന്ധം കൊണ്ടോ എന്തെങ്കിലും എഴുതാനുള്ള കൊതി കൊണ്ടോ ആണു ഞാന്‍ പരിഭാഷകള്‍ ചെയ്തിട്ടുള്ളത്. ബേസിക്കലി ഐ ആം നോട്ട് എ ട്രാന്‍സ്‌ലേറ്റര്‍.

ഏലി വീസലിന്റെ നൈറ്റ് ഞാന്‍ പരിഭാഷപ്പെടുത്തിയത് കവി അജീഷ് ദാസന്റെ പ്രേരണ കൊണ്ടാണ്. ചിന്ത പബ്ലീഷേഴ്സിലെ വി.കെ. ജോസഫ് അക്കാലത്ത് അതിനു വലിയ പ്രോല്‍സാഹനവും തന്നു. എനിക്ക് ഏലി വീസലിന്റെ പല കാഴ്ചപ്പാടുകളോടും യോജിപ്പില്ല. ‍പക്ഷേ ആ പുസ്തകം ഭയങ്കരമായിരുന്നു. ഞാന്‍ അക്കാലത്ത് ഈ ഹോളോകോസ്റ്റ് തലയില്‍ വച്ചു നടക്കുന്നതിനാല്‍ അത് പരിഭാഷപ്പെടുത്തിത്തുടങ്ങി.

ദെറീദയും ഗെയിൽ ഓംവെത്തും ഒക്കെ ഇങ്ങനെ ചെയ്തതാണ്.

Q

ഇരുപതോളം വർഷങ്ങളുടെ നോൺ ഫിക്ഷൻ എഴുത്തിനുശേഷം ഒരു നോവൽ -“സൂസന്നയുടെ ഗ്രന്ഥപ്പുര”. എന്താണ് ഇത്ര വൈകിയത്? എത്രകാലം ഈ നോവലിൽ ജോലിയെടുത്തു? ഫിക്ഷൻ എഴുത്തും, ലേഖനങ്ങൾ എഴുതുന്ന അതേ രീതിയിലാണോ ചെയ്യുന്നത്?

A

ഒന്നും എഴുതാനില്ലെന്ന തോന്നലില്‍നിന്നാണു ഞാന്‍ ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയത്. അത് ഏറിയപങ്കും ഒരുതരം മെഡിറ്റേഷന്‍സ് ആയിരുന്നു എനിക്ക്. ഞാന്‍   അതില്‍ ഉണ്ടാക്കിയ ആ ഭാഷ കൊണ്ടു ഫിക്ഷന്‍ എഴുതാന്‍ കഴിയുമോ എന്നു കുറേക്കാലമായി വിചാരിക്കുകയായിരുന്നു.. 2013 അവസാനം എനിക്ക് ഒരു രാത്രി ഒരു പാനിക് അറ്റാക്ക് ഉണ്ടാക്കി. ഞാന്‍ വീട്ടില്‍ തനിച്ചാണ്, രാത്രിയാണ്. ഞാന്‍ വിചാരിച്ചത് ഞാന്‍ മരിക്കാന്‍ പോകുന്നുവെന്നാണ്. പിറ്റേന്ന് ഒരു ഉച്ചമയക്കത്തില്‍ ഞാന്‍ കോതമംഗലം എംഎ കോളജ് ൈലബ്രറിയുടെ വരാന്തയില്‍ എന്റെ ഒരു കൂട്ടുകാരനൊപ്പം സംസാരിച്ചുനില്‍ക്കുന്നതായി സ്വപ്നം കണ്ടു. വളരെ പഴയ കാര്യങ്ങള്‍ സ്വപ്നം കാണുന്നതു നാം മരിക്കാന്‍ പോകുന്നതിന്റെ സൂചനയാണെന്ന് എനിക്കു തോന്നി. അതിന് അടുത്ത ദിവസമാണ് ഞാന്‍ ഒരു നോവല്‍ എന്ന രീതിയില്‍ ഒന്ന് പ്ലാന്‍ ചെയ്തു ചെയ്തു തുടങ്ങിയത്. സങ്കോചം കൊണ്ട് ഞാനീ കാര്യം ആരോടും ചര്‍ച്ച ചെയ്യാന്‍ നിന്നില്ല. ആ ദിവസങ്ങളില്‍ ഞാന്‍ വിക്ടര്‍ സെര്‍ജിന്റെ ഒരു നോവല്‍ വായിക്കുകയായിരുന്നു. ആ മനുഷ്യന്‍ കടുത്ത സ്റ്റാലിന്‍ വിരുദ്ധനും റവല്യൂഷനറിയും അനാര്‍ക്കിസ്റ്റുമായിരുന്നു. കാലു വെന്ത നായയെപ്പോലെ യൂറോപ്പ് മുഴുവന്‍ ചുറ്റിനടന്ന് രാഷ്ട്രീയവിമോചന ദര്‍ശനം എഴുതുകയും പ്രസംഗിക്കുകയും ചെയ്തു. ട്രോറ്റ്സ്കിയറ്റായിരുന്നു. ഒരു നോവലിസ്റ്റ് എന്ന നിലയില്‍ സെര്‍ജിന്റെ ഔട്ട്പുട്ട് അതിശയകരമായിരുന്നു. അയാള്‍ പാസ്റ്റര്‍നാക്കിനേക്കാള്‍, ആന്ദ്രേ പ്ലേറ്റനോവിനേക്കാള്‍ വലിയ റഷ്യന്‍ നോവലിസ്റ്റാണെന്ന് സെര്‍ജിന്റെ ദ് കെയ്സ് ഓഫ് കോംറേഡ് തുലയേവ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി. എന്റെ എഴുത്തിനെ അത് വളരെ മിസ്റ്റിരീയസ് ആയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്.

Q

നോവലിൽ എത്രത്തോളം ആത്മകഥാംശമുണ്ട് എന്ന ക്ളീഷേ ചോദ്യം ചോദിയ്ക്കട്ടെ?

A

സൂസന്നയില്‍ എനിക്കറിയാവുന്ന ചില മനുഷ്യരെ കഥാപാത്രങ്ങളായിട്ടുണ്ട്. വെള്ളത്തൂവല്‍ ചന്ദ്രന്‍, നീലകണ്ഠന്‍ പരമാര.. ബാക്കിയെല്ലാം സാങ്കല്‍പികമാണ്. അതിലെ ചില സംഭവങ്ങള്‍ യഥാര്‍ഥത്തിലുണ്ടായതാണ്. സൂസന്നയ്ക്ക് ഒരു പ്രോട്ടോടൈപ് ഉണ്ട്. പക്ഷേ സൂസന്ന ഇന്‍ ദ് നോവല്‍ ഈസ് ടോട്ടലി ഫിക്ഷനല്‍. ഞാന്‍ ആദ്യം ഇത് വിക്ടര്‍ ലീനസിനെ കേന്ദ്ര കഥാപാത്രമാക്കി ആലോചിച്ചതാണ്. കുറേ എഴുതുകയും ചെയ്തു. പിന്നീട് ആ ഭാഗങ്ങള്‍ ഉപേക്ഷിച്ചു. ഇപ്പോൾ തോന്നുന്നത് അതു പല നോവലുകളുടെ എന്റെ ആശയങ്ങൾ വച്ചെഴുതിയ ഒറ്റ നോവലാണെന്നാണ്.

Q

ഫിക്ഷൻ -നോൺ ഫിക്ഷൻ വേർതിരിവ് ഈ നോവലിൽ വളരെ നേർത്തതാണ് എന്ന് വായനയിൽ അനുഭവപ്പെട്ടു. വായനക്കാരന്റെ പുസ്തകം എന്ന രീതിയിൽ തന്നെ വേണമെന്നത് ബോധപൂർവ്വമായ തീരുമാനമായിരുന്നോ?

A

ലേഖനമെഴുതുന്നത് ഒരു സിറ്റിങ്ങിലാണ്. വായനയ്ക്കിടയില്‍ തയാറാക്കുന്ന കുറേ നോട്സ് മാത്രം വച്ചുള്ള കളിയാണ്. അന്നേരം തോന്നുന്നത് എഴുതുക എന്ന രീതിയാണ്. ചിലപ്പോള്‍ അത് കോണ്‍ഫ്ലിക്റ്റിങ് ആകാം.

നോവലെഴുത്തില്‍ ഞാന്‍ ആ രീതി വിട്ടു. പകരം പൂര്‍ണമായും ഓര്‍മയെയും ഭാവനയെയും ആശ്രയിച്ച് പല ഘട്ടങ്ങളായി എഴുതി. അതങ്ങനെ നീണ്ടുപോയി. ഇപ്പോള്‍ ഒരു ഭാഗമെഴുതിയാല്‍ ബാക്കി രണ്ടു മാസം കഴിഞ്ഞാകും. അങ്ങനെ മൂന്നാലുവര്‍ഷം പോയി. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ അതെല്ലാമെടുത്ത് ഒരുമിച്ചൊരു ഘടനയിലാക്കി എഴുതാന്‍ തുടങ്ങി. ഡിസംബറോടെ അതു പൂര്‍ത്തിയാക്കി. എഴുത്തിലെ ശരിക്കുള്ള ആഹ്ലാദം എനിക്കുണ്ടായത് നോവലെഴുത്തിലാണ്. വായനക്കാരന്റെ പുസ്തകം എന്ന നിലയിൽ പ്ലാൻ ചെയ്തപ്പോഴാണ് ആ എഴുത്ത് ഫോ്ക്കസ്ഡായത്. അതോടെ മുൻപെഴുതിയ കുറേ താളുകൾ ഞാൻ ഒഴിവാക്കുകയും ചെയ്തു.

Q

നോവലിൽ ഉപയോഗിച്ച ഉദ്ധരണികളും, മറ്റു എഴുത്തുകാരുടെ പുസ്തകങ്ങളിൽ നിന്നുള്ള കുറിപ്പുകളും മറ്റും - അവയുടെ തിരഞ്ഞെടുപ്പ് എങ്ങനെയായിരുന്നു?

A

ഒരാള്‍ വായിക്കുന്നതെല്ലാം ആ വ്യക്തിയുടെ ജീവിതവര്‍ഷങ്ങളുമായി ചേര്‍ന്നുപോകുന്നതാണ്. വായിച്ച ഓരോ പുസ്തകവുമായും ബന്ധിപ്പിച്ച് ചില സംഭവങ്ങള്‍ ഓര്‍ത്തുവയ്ക്കാറുണ്ട്. സൂസന്നയില്‍ ഞാന്‍ ഈ പുസ്തകബന്ധം നിലനിര്‍ത്തിയാണു കഥ പറഞ്ഞത്. ചില സ്ഥലങ്ങളില്‍ ഫിക്ഷനല്‍ ആകരുത് എന്നു കരുതി ശരിക്കും ലേഖനം പോലെ തന്നെ ഫാക്ച്വല്‍ ആയി. വായനക്കാരന് അതു സുഖകരമായിത്തീരുമോ എന്നറിയില്ല.

Q

ഈ നോവലിന്റെ എഴുത്തിൽ സ്വാധീനം ചെലുത്തിയ എഴുത്തുകൾ, എഴുത്തുകാർ? എത്ര ഡ്രാഫ്റ്റുകൾക്കു ശേഷമാണ് ഈ നോവൽ ഇന്നത്തെ നിലയിലായത്?

A

മെമ്മറീസ് എബൗട് ബുക്ക്സ് എന്ന മട്ടില്‍, ഞാന്‍ എന്റെ തന്നെ വായനയുടെ ഒരു വംശാവലി ഉണ്ടാക്കിനോക്കി. അങ്ങനെ കുറേ നോട്സ് എടുത്തിരുന്നു. അത് നോവലില്‍ സഹായകമായിട്ടുണ്ട്. എഴുത്തിലെ സ്വാധീനം എനിക്ക് അറിയില്ല. പക്ഷേ റെയ്മണ്ട് കാര്‍വര്‍ നല്ല ആത്മീയ സ്വാധീനമായിരുന്നു.



വിക്ടർ ലീനസ് വരുന്ന രീതിയിൽ ഞാൻ ഒരു 50 പേജിലേറെ എഴുതിയിരുന്നു. അതു പിന്നീട് ഒഴിവാക്കി. സൂസന്നയും പരമാരയും ചേർന്നു വരുന്ന ആ രീതിയിൽ ആഖ്യാനം പ്ലാൻ ചെയ്തശേഷം എനിക്ക് തുടർച്ചയായ എഴുത്തു സാധിച്ചു. പിന്നീട് അവസാന ഘട്ട മാറ്റിയെഴുത്തിനിടെ വീണ്ടും കുറേ ഭാഗങ്ങൾ ഒഴിവാക്കി. ഉദാഹരണത്തിന് അമുദയുടെ ഡയറി എന്നൊരു ചാപ്റ്റർ, മതിയും അലിയും ഒരുമിച്ചു വരുന്ന രണ്ടു മൂന്നു രംഗങ്ങൾ… അങ്ങനെ.

Q

എന്താണ് ഈ നോവലിന്റെ രാഷ്ട്രീയം?

A

സൂസന്നയിലെ രാഷ്ട്രീയം വായനക്കാര്‍ കണ്ടുപിടിക്കുന്നതാണ് ഉചിതം.

Q

രാഷ്ട്രീയം ഒരു ഫിക്ഷൻ വർക്കിൽ എത്രത്തോളം പ്രധാനമാണ്? മലയാളത്തിലെ രാഷ്ട്രീയ നോവലുകളെ എങ്ങനെ വിലയിരുത്തുന്നു? എന്തുകൊണ്ടാണ് അവയിൽ മിയ്ക്കതും പരാജയങ്ങളായി തോന്നുന്നത്?

A

സാധാരണനിലയില്‍ നല്ല പുസ്തകങ്ങളെല്ലാം സൂക്ഷ്മതലത്തില്‍ സങ്കീര്‍ണമോ വൈരുദ്ധ്യമോ നിറഞ്ഞ രാഷ്ട്രീയം അടങ്ങിയതായിരിക്കും. മധുരം ഗായതി നല്ല ഉദാഹരണമാണ്. ആ നോവല്‍ വളരെ പ്രതിലോമപരമായും ഉപയോഗിക്കാമല്ലോ. വൈലോപ്പിള്ളിയുടെ കവിതകളിലേതുപോലെ മുദ്രാവാക്യസ്വഭാവമുള്ള രാഷ്ട്രീയം മലയാളസാഹിത്യത്തില്‍ വളരെയുണ്ട്. ഇപ്പോള്‍, എം സുകുമാരന്‍ കഥകള്‍ വായിക്കാന്‍ എനിക്കു താല്‍പര്യം തോന്നാറില്ല.

Q

നോവലിന്റെ മികച്ച വിജയം ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി എഴുത്തിൽ സൃഷ്ടിച്ചതായി തോന്നിട്ടുണ്ടോ? സീരിയസ് സാഹിത്യമെഴുതുന്ന ഒരാൾ എന്ന നിലയിൽ എങ്ങനെയാണ് എഴുത്തിന്റെ പോപ്പുലാരിറ്റിയെ നോക്കിക്കാണുന്നത്? ക്നോസ്ഗാർഡ്, ഫിറാന്തെ തുടങ്ങിയവരെക്കൂടി ഓർത്താണ് ചോദിയ്ക്കുന്നത്.

A

പോപുലാരിറ്റി കൊണ്ട് എഴുത്തിൽ എനിക്കു പ്രതിസന്ധിയില്ല. വിജയം ഞാൻ അർഹിക്കുന്നു എന്നു  ഞാൻ വിശ്വസിക്കുന്നു. അതിനാൽ അതെന്നെ അലട്ടേണ്ട ആവശ്യമില്ല. പകരം ഞാൻ അത് ആസ്വദിക്കുന്നു. എന്നാൽ എഴുത്തിലേക്കു വരുമ്പോൾ എനിക്ക് എന്നും നല്ല ടെൻഷൻ ഉണ്ട്. ഭാഷ മറന്നുപോകുമോ എന്ന പേടി പോലെ വളരെ അൺറീസണബിൾ ആയ ഒന്ന്. അതു പ്രതിസന്ധിയല്ല, എഴുത്തുമായി ബന്ധപ്പെട്ട ആത്മീയമായ കയോസാണ്. അതിനു വേറെയാരും ഉത്തരവാദിയല്ല.

ഞാൻ ഇതേവരെ വായനക്കാരെ ഓർത്തോ അവർക്ക് ഇഷ്ടമാകുമോ എന്നു വിചാരിച്ചോ ഒന്നും എഴുതിയിട്ടില്ല. പക്ഷേ വായനക്കാരുടെ ഇന്റിലിജൻസിൽ ഞാൻ വിശ്വസിക്കുന്നു. അതിനാൽ ബുദ്ധിശൂന്യമായ എന്തെങ്കിലും പ്രവൃത്തി എഴുത്തിൽ സംഭവിക്കണം എന്നു ഞാൻ ആഗ്രഹിക്കുന്നില്ല.

ക്നോസ്ഗാഡ്, ഫിറാന്റെ എന്നിവരെ പരാമർശിച്ചതുകൊണ്ട് ഒരു കാര്യം പറയാം. യൂറോപ്പിലും അമേരിക്കയിലുമുള്ള ഗൌരവക്കാരായ ചില വായനക്കാർക്കും പല നിരൂപകർക്കും ഈ രണ്ടുപേരെയും ഇഷ്ടമല്ല. പീറ്റർ ഹൻഡ്കെയെ ക്നോസ്ഗാഡിന് ഇഷ്ടമാണ്, പക്ഷേ ഹൻഡ്കെ ഒരു അഭിമുഖത്തിൽ പറഞ്ഞത്, ക്നോസ്ഗാഡിനെ വായിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു എന്നാണ്. കാരണം ക്നോഡ്ഗാഡിൽ ശ്വാസം കിട്ടുന്നില്ലത്രേ. ദെയർ വാസ് നോ എയർ…

എലീന ഫിറാന്റെയുടെ കാര്യത്തിലാണെങ്കിൽ, ആ കൃതികളിൽ അതിസാരമാണെന്നാണു ടിം പാർക്സിന്റെ വിമർശനം. വൃഥാസ്ഥൂലത, അമിത വിവരണം എന്നെല്ലാം കുറ്റങ്ങൾ. എന്നാൽ ഇരുവരെയും വിമർശനങ്ങൾ ബാധിച്ചതായി തോന്നുന്നില്ല. രണ്ടുപേരും തങ്ങളുടേതായ നിലയിൽ പോപുലാരിറ്റി ആസ്വദിക്കുന്നുമുണ്ട്. (എഡ്വേഡ് മൻജിനെപ്പറ്റി ക്നോസ്ഗാഡ് എഴുതിയ സോ മച്ച് ലോങിങ് ഇൻ സോ ലിറ്റിൽ എ സ്പെയ്സ് എന്ന പുസ്തകം അഭിലാഷ് വായിച്ചതാണല്ലോ. അതുപോലെ ബ്രില്യന്റ് ആയ വർക് സമീപകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല. ഫിറാന്റെയുടെ ദ് ലോസ്റ്റ് ഡോട്ടർ എന്നൊരു ചെറുനോവൽ ഉണ്ട്. അതേപോലൊന്ന് എഴുതാൻ എനിക്കും കൊതിയുണ്ട്)

Q

പുതിയ ലേഖനസമാഹാരമായ “പറവയുടെ സ്വാതന്ത്ര്യ”-ത്തെക്കുറിച്ചു പറയാമോ?ഏതൊക്കെയാണ് അജയ് അടുത്ത് വായിച്ചിഷ്ടപ്പെട്ട പുസ്തകങ്ങൾ? നോർഡിക് സാഹിത്യത്തിലെ വളർച്ചയെയും, ജർമൻ ക്‌ളാസിക്കുകളുടെ തിരിച്ചു വരവുമൊക്കെ അജയ് ശ്രദ്ധിയ്ക്കുന്നുണ്ടോ?

A

പറവയുടെ സ്വാതന്ത്ര്യം എന്റെ ആദ്യകാലത്തെയും സമീപകാലത്തെയും ലേഖനങ്ങളുടെ സമാഹാരമാണ്. രണ്ടുതരം ശൈലിയിലുള്ള ലേഖനങ്ങൾ അതിലുണ്ട്. പ്രധാനമായും ഗദ്യം എഴുതുന്നതിന്റെ ഹരത്തിൽനിന്ന് ഉണ്ടായവ ആണ് അതെല്ലാം. കൃത്യമായ ഒരു സാഹിത്യരൂപത്തിന് അകത്തുനിന്ന് എഴുതിയതല്ല.

കിട്ടുന്ന മുറയ്ക്കാണു വായന. ഏതെങ്കിലും ഓതറെ ഇഷ്ടമായാൽ പിന്നെ അയാളുടെ പിന്നാലെ പോകുന്നതാണു രീതി. അങ്ങനെ നോക്കുമ്പോൾ,ക്നോസ്ഗാഡിന്റെ നോവലിൽ പരാമർശിക്കപ്പെട്ടിട്ടുള്ള നോർവീജിയൻ എഴുത്തുകാരനായ ദാഗ് സോൾസ്റ്റാ ആണു ഞാൻ ഇപ്പോൾ  തേടിപ്പിടിച്ചു വായിച്ചുകൊണ്ടിരിക്കുന്ന ഒരാൾ. ജർമനിലെഴുതിയ   മായാ ഹാദർലാപിന്റെ ഏഞ്ചൽ ഓഫ് ഒബ്ളിവിയൻ ആണു  മറ്റൊരു  നല്ല പുസ്തകം. ലാറ്റിനമേരിക്കൻ ക്ളാസിക് ആയ ഹോസെ ഡോണോസോയുടെ ദ് ഒബ്സീൻ ബേഡ് ഓഫ് നൈറ്റ് ആണ്എന്റെ ഈ വർഷം ശുഭകരമായി തുടങ്ങിവച്ചത്.

Q

എസ് ജോസഫോ, ആറ്റൂരോ?

A

എസ് ജോസഫ് തന്നെ

Q

അനിതാ തമ്പിയോ, വിജയലക്ഷ്മിയോ?

A

വിജയലക്ഷ്മി

Q

ഉടനെയൊരു നോവൽ കൂടി എഴുതാൻ പദ്ധതിയുണ്ടോ?

A

ഉടനെയില്ല. പക്ഷേ എഴുതണം

logo
The Cue
www.thecue.in