Videos

ആരാണ് റിയൽ ലൈഫിലെ അഡ്വക്കേറ്റ് ചന്ദ്രു?

ജി.ആര്‍ വെങ്കിടേശ്വരന്‍

'ജയ് ഭീം' എന്ന സിനിമ പ്രേക്ഷകശ്രദ്ധ നേടി മുന്നേറികൊണ്ടിരിക്കുകയാണ്. പേര് പോലെ തന്നെ സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം അതിന്റെ എല്ലാ അര്‍ത്ഥതലങ്ങളോടുകൂടിയും ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സെങ്കനിയ്ക്ക് നീതി വാങ്ങിക്കൊടുത്ത അഭിഭാഷകന്‍ ചന്ദ്രുവായി സൂര്യ ജയ് ഭീമിലെത്തുമ്പോള്‍ അതി നായകത്വങ്ങളില്ലാതെ ചന്ദ്രുവെന്ന അഭിഭാഷകന്‍ ഇപ്പോഴും ചെന്നൈയിലുണ്ട്.

ഒരു യാഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ടി.ജെ ജ്ഞാനവേല്‍ ജയ് ഭീം എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയിൽനിന്ന് കുറച്ച് മാറ്റങ്ങൾ വരുത്തിയാൽ യഥാർത്ഥ കഥയായി. സിനിമയിലെ സെൻകുനി യഥാർത്ഥ ജീവിതത്തിൽ പാർവതിയും, രാജകണ്ണിന്റെ മൃതദേഹം പോലീസുകാർ കൊണ്ടിരുന്നത് തിരുച്ചിറപള്ളിയിലും.

രാജകണ്ണിനെ കാണാതാവുന്നതോടുകൂടി ഒരു പൊതുപ്രവര്‍ത്തകന്റെ സഹായത്താല്‍ പാര്‍വതി ഹൈക്കോടതി അഭിഭാഷകനായ ചന്ദ്രുവിനെ സമീപിക്കുകയായിരുന്നു. അദ്ദേഹം ആ കേസ് ഏറ്റെടുത്ത് നടത്താന്‍ തീരുമാനിച്ചു. രാജാക്കണ്ണിന്റെ മരണം കസ്റ്റഡി കൊലപാതകമാണെന്ന് തെളിയുകയും പാര്‍വ്വതിയ്ക്ക് സാമ്പത്തിക സഹായവും വീടും നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. അന്ന് കേസ് വാദിച്ച ചന്ദ്രുവിന് 5000 രൂപ പൊലീസ് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ ചന്ദ്രു അത് നിഷേധിക്കുകയാണ് ഉണ്ടായത്. എങ്കിലും ഏഴ് വര്‍ഷത്തിന് ശേഷം ആ പണം കിട്ടിയപ്പോള്‍, അത് സത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് നല്‍കുകയായിരുന്നെന്ന് ചന്ദ്രു ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.

പ്രിവിലേജുകളുടെ പുറത്ത് അഭിരമിച്ചുജീവിച്ച ഒരു അഭിഭാഷകനോ ജഡ്ജോ ആയിരുന്നില്ല ചന്ദ്രു. ആക്ടിവിസത്തില്‍നിന്ന് അഭിഭാഷകനാകാന്‍ തുനിഞ്ഞത് തന്നെ യാദൃച്ഛികമായ, പെട്ടെന്നുണ്ടായ ഒരു പ്രേരണയാണെന്ന് അദ്ദേഹം തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജനസംഘടനകളിലൂടെയാണ് അദ്ദേഹം ആക്ടിവിസത്തിലേക്ക് കടക്കുന്നത്. ചെന്നൈ ലൊയോള കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് വിദ്യാര്‍ഥിപ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതിന് അദ്ദേഹം കോളേജില്‍ നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് ക്രിസ്ത്യന്‍ കോളജില്‍ നിന്നാണ് അദ്ദേഹം യു.ജി നേടിയെടുത്തത്. അതിനുശേഷം പാര്‍ട്ടിയുടെ മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായി അദ്ദേഹം മാറുകയായിരുന്നു.

അണ്ണാ സര്‍വകലാശാലയില്‍, ലാത്തി ചാര്‍ജ് മൂലം ഒരു വിദ്യാര്‍ത്ഥി മരിച്ച കേസില്‍, വിദ്യാര്‍ത്ഥികളുടെ പ്രതിനിധിയായി അന്വേഷണകമ്മീഷന് മുന്‍പില്‍ ഹാജരായതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. അന്വേഷണ കമ്മീഷനെ നയിച്ചിരുന്ന ജഡ്ജിന്റെ പ്രേരണയാണ് അദ്ദേഹത്തെ നിയമം പഠിക്കാന്‍ പ്രേരിപ്പിച്ചതുതന്നെ.

എന്നാല്‍, ലോ കോളേജില്‍, അദ്ദേഹം ഒരു ആക്ടിവിസ്റ്റ് ആണെന്നറിഞ്ഞതോടുകൂടി കോളേജ് ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കപ്പെട്ടു. പിന്നീട് മൂന്ന് ദിവസത്തെ നിരാഹാരമിരുന്ന ശേഷമാണ് അദ്ദേഹത്തിന് ഒരു മുറി വിട്ടുനല്‍കപ്പെട്ടതുതന്നെ.

ഒരു 5 സ്റ്റാര്‍ അഭിഭാഷകനാകാന്‍ ഒരിക്കലും താല്പര്യപ്പെടുന്നയാളല്ല താനെന്ന് തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ചന്ദ്രു. അദ്ദേഹത്തെ അനുഗമിക്കാന്‍ പോലീസുകാരുണ്ടായിരുന്നില്ല. ഹൈക്കോടതി ജഡ്ജിയായിരിക്കെ ഔദ്യോഗിക സുഖസൗകര്യങ്ങള്‍ പോലും അദ്ദേഹം ഉപയോഗിച്ചിരുന്നില്ല. 'മൈ ലോര്‍ഡ്' എന്ന് തന്നെ അഭിസംബോധന ചെയ്യാന്‍ അദ്ദേഹം അഭിഭാഷകരെ സമ്മതിച്ചിരുന്നില്ല. ഒരു ജഡ്ജിയുടെ സ്റ്റാറ്റസ് സിംബല്‍ തനിക്ക് ആവശ്യമില്ല എന്നദ്ദേഹം തുറന്നുപറഞ്ഞിട്ടുമുണ്ട്.

സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങള്‍ക്ക് വേണ്ടി എന്നും നിലകൊണ്ടയാളാണ് ജസ്റ്റിസ് ചന്ദ്രു. മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുള്ള കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അദ്ദേഹം ഒരു രൂപ പോലും വാങ്ങിയിരുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തമിഴ്നാട്ടിലെ സാമൂഹിക അന്തരീക്ഷത്തെ സ്വാധീനിച്ച ഒട്ടേറെ വിധികള്‍ ഇദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട വിധികളിലൊന്ന് ശ്മാശാനങ്ങള്‍ എല്ലാ ജാതിയില്‍പെട്ടവര്‍ക്കും ലഭ്യമാക്കണമെന്നും, താഴ്ന്നജാതിക്കാരെ സംസ്‌കരിക്കാന്‍ ശ്മശാനങ്ങള്‍ തയ്യാറാകണം എന്നുള്ളതുമായിരുന്നു. മറ്റൊരു സുപ്രധാന വിധിയുണ്ടാകുന്നത് സെപ്റ്റംബര്‍ 2008 ലാണ്. അമ്പലത്തില്‍ പൂജ ചെയ്യാന്‍ ഒരു സ്ത്രീയ്ക്ക് അനുവാദം പുറപ്പെടുവിച്ചുകൊണ്ടുള്ള വിധിയായിരുന്നു അത്. 'ക്ഷേത്രത്തിലെ പ്രതിഷ്ഠ തന്നെ ദേവിയായിരിക്കെ സ്ത്രീകള്‍ പൂജ ചെയ്താലെന്താണ് കുഴപ്പം' എന്ന ചോദ്യവും അദ്ദേഹം മുന്നോട്ടുവെക്കുകയുണ്ടായി.

അഭൂതപൂര്‍വ്വമായ കോര്‍ട്ട് റെക്കോര്‍ഡുകള്‍ക്ക് ഉടമകൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജോലി കാലയളവില്‍ 96000 ഓളം കേസുകളാണ് അദ്ദേഹം തീര്‍പ്പാക്കിയിട്ടുള്ളത്. മാറ്റ് ജഡ്ജുകളിലേക്ക് അതിന്റെ പകുതി പോലും തീര്‍പ്പാക്കാന്‍ സാധിക്കാതെ വരുമ്പഴാണ് അദ്ദേഹത്തിന്റെ ഈ ട്രാക്ക് റെക്കോര്‍ഡ്. കോടതി തുടങ്ങുന്നതിനും 15 മിനിറ്റ് മുന്‍പേ ചേമ്പറിലെത്തുകയും, കോടതി വിട്ടശേഷം ഒരു മണിക്കൂര്‍ കൂടി ഓഫീസില്‍ തുടരാറുകയും ഫയലുകള്‍ നോക്കുകയും ചെയ്യുന്ന വ്യക്തി കൂടിയായിരുന്നു അഡ്വ. ചന്ദ്രു.

വിരമിച്ച ശേഷവും വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചുപോരുന്നത്. വിരമിക്കുമ്പോള്‍ സ്വാഭാവികമായും ജഡ്ജിമാര്‍ക്ക് നല്‍കാറുള്ള ഫെയര്‍വെല്‍ പാര്‍ട്ടിയും മറ്റുമെല്ലാം വേണ്ട എന്നുവെച്ച അദ്ദേഹം, തന്റെ സ്വത്തുക്കളുടെ മുഴുവന്‍ വിവരങ്ങൾ കൈമാറിയും, ഔദ്യോഗിക ബഹുമതികളെല്ലാം തിരിച്ചുകൊടുത്തുമാണ് കോടതിവിട്ടത്.

അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ഉന്നമനവും സാമൂഹികനീതിയും മൂല്യങ്ങളാക്കിയ ജസ്റ്റിസ് ചന്ദ്രുവിന്റെ വിധിന്യായങ്ങളില്‍ എന്നും അംബേദ്കറിയന്‍ മൂല്യങ്ങള്‍ ഉയര്‍ന്നുനില്‍ക്കാറുണ്ട്. സെങ്കനിക്കും രാജാക്കണ്ണിനുമൊപ്പം ഇന്ത്യയിലെതന്നെ ഏറ്റവും പ്രബലരായ അഭിഭാഷകരില്‍ ഒരാളും, ഏറ്റവും നല്ല ജഡ്ജികളില്‍ ഒരാളുമായ ചന്ദ്രുവിന്റെ ജീവിതത്തിലൂടെ കൂടിയുമാണ് നാം ജയ് ഭീം സിനിമ കാണുമ്പോള്‍ കടന്നുപോകുക.

രാജ് ബി ഷെട്ടി ഇനി ത്രില്ലറിൽ, ഒപ്പം അപർണ്ണ ബാലമുരളിയും; രുധിരത്തിന്റെ ടീസർ പുറത്ത്

ആ ഹിറ്റ് ​പാട്ടിന്റെ ഹിന്ദി പതിപ്പ് ആദ്യം പാടിയത് ഞാനാണ്, പക്ഷേ പരാതി വന്നപ്പോൾ‌ മറ്റൊരാളെക്കൊണ്ട് മാറ്റി പാടിച്ചു: കെഎസ് ചിത്ര

’വല്ല്യേട്ടൻ’ സിനിമയിലെ അപൂർവ്വ ലൊക്കേഷൻ ചിത്രങ്ങൾ

പെര്‍ത്തില്‍ ആധികാരിക വിജയം, ന്യൂസിലന്‍ഡില്‍ നിന്നേറ്റ പരുക്കിന് കണക്ക് തീര്‍ത്തത് ഓസീസിനോട്; ഈ വിജയം ബുംറയുടേത്

ഇത് ഞാൻ പ്രതീക്ഷിച്ചതാണ്, മനുഷ്യരുടെ ചിന്താഗതിയുടെ പൈറസി നമ്മുടെ കയ്യിൽ അല്ല; ദിവ്യപ്രഭ അഭിമുഖം

SCROLL FOR NEXT