To The Point

സീരിയലുകളിൽ കോവിലകവും കൊട്ടാരവും കുടുംബ മാഹാത്മ്യവും മാത്രം; സംവിധായകൻ ആർ ശരത്

അനുപ്രിയ രാജ്‌

കോവിലകവും കൊട്ടാരവും കുടുംബ മാഹാത്മ്യവും മാത്രമാണ് മിക്ക സീരിയലുകളിലും അവതരിപ്പിക്കുന്നതെന്ന് സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി ചെയർമാനും സംവിധായകനുമായ ആർ ശരത്. യഥാർത്ഥ പ്രശ്നങ്ങളിലേക്കൊന്നും കടക്കാതെ വീടകങ്ങളിൽ ഇരുന്ന് കരയുകയും കലഹിക്കുന്നവരുമായാണ് സ്ത്രീകളെ സീരിയലുകളിൽ ചിത്രീകരിച്ചിരിക്കുന്നത്. എല്ലാ മേഖലയിലും സ്ത്രീകൾ മുന്നേറുന്ന ഈ കാലഘട്ടത്തിൽ അമ്പത് വർഷം പഴക്കമുള്ള ചിന്തകളാണ് സീരിയലുകളിൽ അവതരിപ്പിക്കുന്നത്. ഇത്തരം തെറ്റായ പ്രവണതകളെ ചൂണ്ടിക്കാണിക്കുക മാത്രമാണ് ജൂറി ചെയ്തതെന്നും സീരിയലുകളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ആർ ശരത് ദ ക്യു സംഘടിപ്പിച്ച ടു ദി പോയിന്റ് എന്ന പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് പറഞ്ഞു.

ആർ ശരത് പറഞ്ഞത്

സമൂഹത്തിൽ പ്രശ്നങ്ങൾ നേരിടുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. പലരും ആരുടേയും തുണയില്ലാതെ ഒറ്റയ്ക്ക് കുട്ടികളെ പരിപാലിക്കുന്നവരാണ്. ഇപ്പോൾ ഒരുപാട് സ്ത്രീകൾ അതിജീവനത്തിലൂടെ ബോൾഡ് ആയി മുന്നോട്ട് വരുന്നുണ്ട്. എന്നാൽ അത്തരം കാര്യങ്ങളിലേക്കൊന്നും സീരിയലുകളുടെ പ്രമേയം കടക്കുന്നതേയില്ല. അതിജീവിക്കുവാനായി കഷ്ടപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഊർജ്ജം പകരുന്നതായിരിക്കണം സീരിയലുകളിലെ പ്രമേയങ്ങൾ. സംസ്ഥാന ടെലിവിഷൻ അവാർഡിനായി അയച്ച സീരിയലുകളെല്ലാം സ്ത്രീകളെയും കുട്ടികളെയും വളരെ മോശമായി ചിത്രീകരിക്കുന്നവയായിരുന്നു. ഒരു പ്രൊഡക്ഷൻ ഹൗസിന്റെ കീഴിലുള്ള രണ്ട് സീരിയലുകളുടെയും ക്ളൈമാക്സ് ഒരുപോലെയായിരുന്നു. ഒരു സീരിയലിന്റെ ക്ളൈമാക്സ് വീടിന്റെ അകത്താണെങ്കിൽ മറ്റേ സീരിയലിന്റെ ക്ളൈമാക്സ് പുറത്ത് വെച്ചായിരിക്കും. ഇത്തരം കാര്യങ്ങളെ കുറിച്ചൊന്നും പ്രേക്ഷകർക്ക് ധാരണയുണ്ടായിരിക്കില്ല. നമ്മൾ ഒരു വീട്ടിലെ ലിവിങ് റൂമിൽ എത്തുമ്പോൾ ഡയറക്റ്റ് ആയി പ്രേക്ഷകരുടെ മുന്നിലെത്തുന്ന വിനോദ പരിപാടിയാണ് സീരിയലുകൾ. സീരിയലുകൾക്ക് അതുകൊണ്ടു തന്നെ വലിയ പ്രാധാന്യമുണ്ട്. കോവിലകവും കൊട്ടാരവും കുടുംബ മാഹാത്മ്യവും മാത്രമാണ് മിക്ക സീരിയലുകളിലും അവതരിപ്പിക്കുന്നത്. പാവപ്പെട്ടവരുടെ ജീവിതമൊന്നും സീരിയലുകളിൽ കാണുന്നതേയില്ല.

സമൂഹത്തിന്റെ എല്ലാ മേഖലയും ഔന്നത്യത്തിൽ എത്തിക്കേണ്ടത് സർക്കാരിന്റെ കൂടി കടമയാണ്. സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്ന പ്രവണതയെ സമൂഹത്തിനും സർക്കാരിനും ഗൗരവത്തിൽ എടുക്കാതിരിക്കുവാൻ സാധിക്കില്ല. എല്ലാ മേഖലയിലും സ്ത്രീകൾ ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് അമ്പത് വർഷം പിന്നാക്കം നിൽക്കുന്ന ചിന്തകൾ സീരിയലുകളിൽ അവതരിപ്പിക്കുന്നത്. ഈ തെറ്റായ പ്രവണതയാണ് സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയത്തിന്റെ ഭാഗമായി ജൂറി ചൂണ്ടിക്കാണിച്ചത്. മറിച്ച് സീരിയലുകളെ അടച്ചാക്ഷേപിക്കണമെന്ന ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ല.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT