ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സിനിമയിലെ സ്ത്രീ സുരക്ഷയെക്കാൾ ചർച്ച ചെയ്യപ്പെടുന്നത് സിനിമ മേഖലയിൽ ജോലിയെടുക്കുന്ന സ്ത്രീകളുടെ അന്തസ്സിനെക്കുറിച്ചാണ്. സ്ത്രീകളുടെ വസ്ത്രധാരണം അതിക്രമങ്ങൾക്ക് ഒരു കാരണമായി ഹേമ കമ്മറ്റി റിപ്പോർട്ടിൽ കമ്മറ്റി അംഗം ശാരദ ചൂണ്ടിക്കാണിക്കുന്നത് തന്നെ സോഷ്യൽ കണ്ടീഷനിങിന്റെ ഭാഗമാണ്. കേരളം ഉറ്റുനോക്കിയ ഒരു സർക്കാർ റിപ്പോർട്ടിൽ പോലും അതിക്രമങ്ങളെയും സ്ത്രീകളുടെ വസ്ത്രധാരണത്തെയും തമ്മിൽ ചേർത്ത് സംസാരിക്കാൻ നമുക്ക് സാധിക്കുന്നു എന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പോലും സ്ത്രീ സമത്വവും സുരക്ഷയും എവിടെ നിൽക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്.